ഏറെ കാലമായി അക്ഷമയോടെ കാത്തിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ ഉണ്ടാവും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്തതിനാല്‍ സമ്പൂര്‍ണമായ ഉടച്ചുവാര്‍ക്കലാവും നടക്കുക. എ.ഐ.സി.സിയുടെ വിശാല സമ്മേളനത്തിനുശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. താന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറില്ല എന്ന പിടിവാശി കെ സുധാകരന്‍ ഉപേക്ഷിച്ചു. അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ വര്‍ക്കിങ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കാന്‍ ധാരണയായതോടെയാണ് സുധാകരന്‍ വഴങ്ങിയത്. തന്നെ അപമാനിച്ച് പുറത്താക്കരുതെന്നായിരുന്നു സുധാകരന്റെ ഏക ഡിമാന്‍ഡ്. അതുകൊണ്ടാണ് കാര്യപ്പെട്ട ഒരു സ്ഥാനം സുധാകരന് നല്‍കുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് പത്തനംതിട്ട ലോക്‌സഭാംഗമായ ആന്റോ ആന്റണിയെയും അങ്കമാലി എം.എല്‍.എ റോജി എം ജോണിനെയുമാണ്. കത്തോലിക്കാ സഭയുടെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ആന്റോ ആന്റണി ഉറപ്പാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ ബി.ജെ.പിയിലേയ്ക്ക് ചായുന്നതിനാല്‍ അവരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളെന്ന നിലയിലാണ് ആന്റോയുടെ സാധ്യത വര്‍ധിക്കുന്നത്. അതേസമയം യുവത്വമാണ് മാനദണ്ഡമെങ്കില്‍ റോജിക്കാവും നറുക്കുവീഴുക. എം.പിമാരായ ബെന്നി ബഹനാന്റെയും അടൂര്‍ പ്രകാശിന്റെയും പേരുകള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകളില്‍ നേരത്തെ കേട്ടിരുന്നു.
എന്നാല്‍ ഒരു ബാര്‍ മുതലാളിയെ പരിഗണിക്കേണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അതാണ് അടൂര്‍ പ്രകാശ് ഇപ്പോള്‍ കളത്തിലില്ലാതെ പോയത്. ബെന്നി ബഹനാനെ പാര്‍ട്ടി പൂര്‍ണമായി പിന്തുണച്ചെങ്കിലും യാക്കോബായ സഭയുടെ മാത്രം പ്രതിനിധായായ അദ്ദേഹത്തെ കത്തോലിക്കാ ബിഷപ്പുമാര്‍ പിന്തുണയ്ക്കാത്തതാണ് അത്ര ജനകീയനല്ലാത്ത ബെന്നി ബഹനാനെ ഒഴിവാക്കാന്‍ കാരണം. ഏതായാലും റോജിയേക്കാള്‍ സീനിയറും വലിയ വിവാദങ്ങളിലൊന്നും പെടാത്ത ആളുമായ അന്റോ ആന്റണി തന്നെയാവും പുതിയ കെ.പി.സി.സി പ്രസിഡന്റ് എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയ്ക്ക് കെ.പി.സി.സിയില്‍ മതിയായ പരിഗണന കിട്ടുന്നില്ലെന്നുള്ള പരാതി ആന്റോയിലൂടെ പരിഹരിക്കാനാവുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു.
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയുടെ അടുത്ത ആളെന്ന നിലയില്‍ അദ്ദേഹം ആന്റോയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. 67 വയസുള്ള ആന്റോയ്ക്ക് കോണ്‍ഗ്രസില്‍ ആരും സമ്മതിക്കുന്ന പ്രവര്‍ത്തന പാരമ്പര്യമുണ്ട്. എന്നാല്‍ പത്തുപേര്‍ക്ക് നൂറ് അഭിപ്രായമുള്ള കോണ്‍ഗ്രസിനെ ഒറ്റെക്കെട്ടായി കൊണ്ടുപോകാനുള്ള ശേഷിയും ശേമുഷിയും അന്റോയ്ക്കുണ്ടോ എന്നാണ് കണ്ടറിയേണ്ടത്. വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ സജീവമായ പ്രവര്‍ത്തനം നടത്തിയ ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
കെ.എസ്.യുവിന്റെ താലൂക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ-വൈസ് പ്രസിഡന്റ്, ജില്ലാ-ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ആന്റോ ആന്റണി ബാലജനസംഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആന്റോ യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. കോട്ടയം ഡി.സി.സിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് കെ.പി.സി.സി അംഗമായ ആന്റോ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമാണ്. നിലവില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ആണ്.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ അനന്തഗോപനെ പരാജയപ്പെടുത്തി പത്തനംതിട്ടയില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ കോണ്‍ഗ്രസ് വിമതന്‍ പീലിപ്പോസ് തോമസിനെയും 2019-ല്‍ സി.പി.എം എം.എല്‍.എയായ വീണാ ജോര്‍ജ്ജിനെയും പരാജയപ്പെടുത്തി വീണ്ടും പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കെ.പി.സി.സി പുനസംഘടനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ നേതാക്കളുടെ പ്രവര്‍ത്തനം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലും ആന്റോയുടെ പേരുണ്ട്. പ്രധാന ചുമതലകള്‍ വഹിക്കുന്ന നേതാക്കളുടെ കരുത്ത്, പരിമിതി, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, പ്രവര്‍ത്തനമികവ് എന്നിവ പരിശോധിച്ചുള്ള റിപ്പോര്‍ട്ടാണ് കനുഗോലു ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പുനസംഘടന സംബന്ധിച്ച് കേരളത്തിലെ നേതാക്കളില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി അഭിപ്രായ ശേഖരരണം നടത്തി മടങ്ങിയിരുന്നു.
ആന്റോയ്ക്കുള്ള സ്വീകാര്യത പോലെ തന്നെ നല്ലൊരു ശതമാനം അദ്ദേഹത്തെ എതിര്‍ക്കുന്നുമുണ്ട്. ഹൈക്കമാന്‍ഡിലെ ഉന്നതരില്‍ സാവാധീനം ചെലുത്തിയാണ് ആന്റോ കെ.പി.സി.സി പ്രസിഡന്റിന്റെ പട്ടികയില്‍ ഒന്നാം പേരുകാരനായി കയറിക്കൂടിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നവരുണ്ട്. ഡി.സി.സികള്‍ ഉടന്‍ പുനസംഘടിപ്പിക്കുമൊന്നാണ് സഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ കെ.പി.സി.സിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിണറായി വിജയന്റെ മൂന്നാം വരവിന് തടയിടാന്‍ കരുത്തുള്ള നേതൃത്വം വരണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശിക്കുന്നത്.