Image
Image

ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നില്ലെന്നു മെരിലാൻഡ് ജഡ്‌ജ്‌ (പിപിഎം)

Published on 12 April, 2025
ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നില്ലെന്നു മെരിലാൻഡ് ജഡ്‌ജ്‌ (പിപിഎം)

അധികൃതർ തെറ്റായി നാട് കടത്തി എന്നു സമ്മതിച്ച കിൽമാർ അബ്‌റീഗോ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ട്രംപ് ഭരണകൂടം വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്നു മെരിലാൻഡ്  ഫെഡറൽ ജഡ്‌ജ്‌ പോള സിനിസ് വെള്ളിയാഴ്ച്ച ചൂണ്ടിക്കാട്ടി.

വെനസ്വേലൻ കുറ്റവാളി സംഘങ്ങൾക്കൊപ്പം നാട് കടത്തപ്പെട്ട ഗാർഷ്യ എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലാണ് കഴിയുന്നത്.

ഗാർഷ്യയെ ഉടൻ തിരിച്ചു കൊണ്ടുവരണം എന്ന ജഡ്‌ജ്‌ സിനിസിന്റെ ഉത്തരവിനെതിരെ ഭരണകൂടം കൊടുത്ത അപ്പീൽ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് മെരിലാൻഡിൽ കോടതി കൂടിയത്. മെരിലാൻഡ് നിവാസിയായ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

"അബ്‌റീഗോ ഗാർഷ്യ എവിടെ, ആരുടെ അധികാര പരിധിയിലാണ്?" ജസ്റ്റിസ് ഡിപ്പാർട്മെന്റ് അഭിഭാഷകൻ ഡ്രൂ എൻസൈനോട് സിനിസ് ചോദിച്ചു. "ഞാൻ രാജ്യത്തിൻറെ രഹസ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ഗാർഷ്യ ഇവിടെ ഇല്ലെന്നു എനിക്കറിയാം. അയാളെ എൽ സാൽവഡോറിലേക്ക് അയക്കുന്നതിനെ കോടതി തടഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ചോദിക്കുന്നത് ലളിതമായ ചോദ്യമാണ്: അയാൾ എവിടെ?"

എൽ സാൽവദോറിൽ ഭീകരരെ അടയ്ക്കുന്ന സെക്കോട്ട് ജയിലിലാണ് ഗാർഷ്യ ഉള്ളതെന്നു ഗവൺമെന്റ് വിശ്വസിക്കുന്നു എന്നായിരുന്നു എൻസൈൻ നൽകിയ മറുപടി. മാർച്ച് 15 മുതൽ അയാൾ അവിടെയാണ്.

നടപടി വെളിപ്പെടുത്താൻ കഴിയില്ല

എന്നാൽ അയാളെ തിരിച്ചു കൊണ്ടുവരാൻ എന്തു നടപടി എടുത്തുവെന്നു വെളിപ്പെടുത്താൻ കഴിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

"ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നു," സിനിസ് പറഞ്ഞു. "അവർ എന്തെങ്കിലും നടപടി എടുത്തോ?"

അതേപ്പറ്റി തനിക്ക് അറിയില്ലെന്നാണ് എൻസൈൻ മറുപടി പറഞ്ഞത്. അപ്പോൾ ജഡ്‌ജ്‌ പറഞ്ഞു: "അതിന്റെ അർഥം അവർ ഒന്നും ചെയ്തില്ല എന്നാണ്. കോടതിയുടെ വ്യക്തമായ ഉത്തരവ് ഉണ്ടായിട്ടും അബ്‌റീഗോ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ഗവൺമെന്റ് യാതൊന്നും ചെയ്തില്ല."

ഗാർഷ്യയെ നാടുകടത്തിയത് തികച്ചും നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യക്തമായി പറഞ്ഞിരുന്നു.

ഏകോപനം വൈകുന്നുവെന്ന്

എന്താണ് ചെയ്യേണ്ടതെന്ന് ട്രംപ് ഭരണകൂടം സജീവമായി ആലോചിക്കുന്നുണ്ടെന്നു എൻസൈൻ മെരിലാൻഡ് കോടതിയിൽ പറഞ്ഞു. "മൂന്ന് ക്യാബിനറ്റ് ഏജൻസികൾ ഉൾപ്പെട്ട കേസായതു കൊണ്ട് ഒട്ടേറെ കാര്യങ്ങൾ ഏകോപിപ്പിക്കാനുണ്ട്."

ഗാർഷ്യയെ കുറിച്ച് വിവരം നൽകാൻ സിനിസ് രാവിലെ 9:30 വരെയും പിന്നീട് 11:30 വരെയും സമയം നൽകിയിരുന്നു. രണ്ടു സമയപരിധിയും കടന്നു പോയ ശേഷമാണു കോടതി കൂടിയത്. ആ സമയപരിധി അപ്രായോഗികമാണെന്നു ഡി ഓ ജെ കോടതിക്ക് എഴുതി. കാരണം ഗാർഷ്യ വിദേശ കസ്റ്റഡിയിലാണ്.

എൽ സാൽവദോറിലെ കുപ്രസിദ്ധ കുറ്റവാളി സംഘമായ എംഎസ്-13 അംഗമാണ് ഗാർഷ്യ എന്നായിരുന്നു അധികൃതർ ആരോപിച്ചത്. എന്നാൽ എംഎസ്-13 ഭീഷണിപ്പെടുത്തിയതു കൊണ്ട് നാടുവിട്ടോടി യുഎസിൽ അഭയം തേടിയതാണ് യുവാവെന്ന്‌ കുടുംബം പറയുന്നു.

എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപിനെ കാണുമ്പോൾ ഗാർഷ്യ ചർച്ചാ വിഷയമാകും എന്നു കരുതപ്പെടുന്നു.

Judge rips government attitude on Garcia 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക