Image

പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയുന്നത് ശക്തമാക്കും ; വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർധിപ്പിക്കാനൊരുങ്ങി സർക്കാർ

Published on 13 April, 2025
പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയുന്നത് ശക്തമാക്കും ; വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർധിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേരളം. മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലത്തുക വര്‍ധിപ്പിച്ച് പ്രതിരോധത്തിലെ ജന പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർദ്ധിപ്പിക്കാനാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നീക്കം. മാലിന്യം തള്ളുന്നവര്‍ക്കുള്ള പിഴ 50,000 ആയി ഉയര്‍ത്തുകയും വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികമായി 12,500 രൂപ നല്‍കുകയും ചെയ്യുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

കൊച്ചി കായലില്‍ വീട്ടില്‍ നിന്നുള്ള മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഗായകന്‍ എം ജി ശ്രീകുമാറിന് നേരത്തെ 25000 രൂപ പിഴയിട്ടിരുന്നു. മാലിന്യം തള്ളുന്ന വീഡിയോ പകര്‍ത്തി പങ്കുവച്ച യുവാവിന് പാരിതോഷികമായി 2500 രൂപയും നല്‍കി. ഈ സംഭവം വ്യാപകമായി ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് മാലിന്യ പ്രതിരോധത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ തുടങ്ങിയത്.

'മാലിന്യ മുക്ത നവ കേരളം' ക്യാംപയിനിന്റെ ഭാഗമായി 2026 മാര്‍ച്ച് 30-നകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. ഇതിനായി കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സും 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സും ഭേദഗതി ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പിഴ തുക പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഭേദഗതി പ്രകാരം, പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യം നിക്ഷേപിച്ചാല്‍ 5,000 രൂപ വരെ പിഴ ചുമത്താം, മാലിന്യ സംസ്‌കരണ നിയമങ്ങള്‍ ലംഘിച്ചാല്‍ പരമാവധി 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി തദ്ദേശ വകുപ്പ് അവതരിപ്പിച്ച 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കുള്ള പ്രതികരണങ്ങളും മികച്ചതാണെന്നും മന്ത്രി അറയിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 6,458 പരാതികള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 33,875 രൂപ പാരിതോഷികമായി നല്‍കി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ (1,088) ലഭിച്ചത്. എറണാകുളം (1,025), മലപ്പുറം (605), കൊല്ലം (588), കോഴിക്കോട് (579) എന്നീ ജില്ലകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഇതിന്റെ ഫോട്ടോ, വീഡിയോയും കുറ്റകൃത്യം നടന്ന സ്ഥലം, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാം.

Join WhatsApp News
Masapadi Mathu 2025-04-13 07:30:13
വലിയ സിനിമാതാരങ്ങളും അതുപോലെ വലിയ പുള്ളിക്കാരൻ മാലിന്യം കായലിൽ തള്ളിയാൽ, അത് മാങ്ങാണ്ടിയതാ എന്നും പറഞ്ഞ് രക്ഷപെടും. ചെറിയ ഒരു പിഴയും കൊടുക്കും. എന്നാൽ അതിനെല്ലാം മേലെയായി, മാലിന്യം തള്ളുന്നതിനെതിരെ പ്രസംഗിക്കാൻ ഉള്ള വലിയ അംബാസഡറായി അവിടെ നിയമിക്കുകയും ചെയ്യും. അങ്ങനെ അതുവഴി കൂടുതൽ വരുമാനം. കൂടുതൽ പബ്ലിസിറ്റി. കണ്ടില്ല ഒരു സിനിമ പാട്ടുകാരന് കിട്ടിയ പുതിയ പദവി. മറ്റൊരു സൂപ്പർ സിനിമാക്കാരന് പദവിയും കിട്ടിയതായി കണ്ടു. യൂണിഫോം ഇട്ട് ചൂരൽ മലയിലും പോയി കുറച്ചു വിലസി. എന്നാൽ ചൂരൽ മല പാവങ്ങൾക്ക് ഒരു പൈസ ഒട്ടും കൊടുത്തുമില്ല. അതുമാതിരി ഒരു പ്രധാനമന്ത്രിയും ചൂരൽ മലയിൽ പോയി പാവങ്ങളെ മുത്തമിട്ടു. അയാളും നയാ പൈസ ആ പാവങ്ങൾക്ക് കൊടുത്തില്ല. ഇതാണ് നീതി രഹിതമായ ഒരു ലോകം ഇന്ത്യൻ ലോകം. ഇങ്ങനെയുള്ളവരെ അമേരിക്കൻ മലയാളികൾ ദയവായി പൊക്കിക്കൊണ്ട് നടക്കരുത്. അവരൊക്കെ അമേരിക്കയിൽ എത്തുമ്പോൾ ചെറുതായി അക്രമ ആസക്തമല്ലാത്ത വിധത്തിൽ ഒന്ന് കൂവി വിടുന്നത് നല്ലതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക