2024 തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്കു കനത്ത തിരിച്ചടിയേറ്റുവെങ്കിലും അതിന്റെ മേലുള്ള പിടിവിടാൻ 85 വയസെത്തിയ മുൻ സ്‌പീക്കർ നാൻസി പെലോസി തയ്യാറില്ല. 2026 നവംബറിൽ കലിഫോർണിയയിൽ നിന്നു കോൺഗ്രസിലേക്കു വീണ്ടും മത്സരിക്കാൻ അവർ തയാറെടുക്കുകയാണ്. ഏതാണ്ട് $10 മില്യൺ പ്രചാരണത്തിനു കൈയിലുണ്ടെന്നും റിപ്പോർട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിൽ എത്തിയപ്പോൾ ജോ ബൈഡൻ പിന്മാറ്റം നടത്തിയതിനു പിന്നിൽ പെലോസിയാണ് പ്രധാനമായും പ്രവർത്തിച്ചതെന്നു ആരോപണം ഉയർന്നിരുന്നു. കമല ഹാരിസ് സ്ഥാനാർഥിയായ ശേഷം പെലോസി പ്രചാരണത്തിനു പിന്നിൽ സുപ്രധാന പങ്കു വഹിച്ചു. $1 ബില്യനാണ് പരാജയത്തിൽ കലാശിച്ച തിരഞ്ഞെടുപ്പിൽ ചെലവായത്.
പുതിയൊരു നേതൃത്വത്തിനു പാർട്ടി ഉറ്റുനോക്കുമ്പോഴാണ് പെലോസി വീണ്ടും സജീവമാകാൻ ശ്രമിക്കുന്നത്.
പെലോസിക്കു വേണമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ കഴിവുണ്ടെന്നു സാൻ ഫ്രാൻസിസ്‌കോ മുൻ മേയർ വില്ലി ബ്രൗൺ പറഞ്ഞു.
എന്നാൽ അവർ ആവശ്യത്തിലധികം ഇടപെടുന്നതിൽ ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്ക് അതൃപ്തി ഉണ്ടത്രേ. സ്വന്തമായി $250 മില്യൺ ആസ്തിയുള്ള പെലോസി 20 തവണ കോൺഗ്രസ് അംഗമായിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡെമോക്രാറ്റിക് പ്രൈമറിയിൽ പെലോസിയെ വെല്ലുവിളിക്കുന്ന സൈകത് ചക്രബർത്തി എന്ന 39കാരൻ പറയുന്നു: "ഡെമോക്രാറ്റിക് പാർട്ടി തൊഴിൽ ചെയ്തു ജീവിക്കുന്നവർക്കും ഇടത്തരക്കാർക്കും വേണ്ടി എല്ലാ ആയുധവും എടുത്തു പയറ്റേണ്ട പാർട്ടിയാണ്."
മാറ്റമൊന്നും ഉണ്ടാവില്ലെന്നു പെലോസി
2024 കഴിഞ്ഞു പാർട്ടിയിൽ മാറ്റം പ്രതീക്ഷിച്ചിരുന്നുവെന്നു അദ്ദേഹം പറയുന്നു. എന്നാൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നു പെലോസി 'ന്യൂ യോർക്ക് ടൈംസ്' പോഡ്‌കാസ്റ്റിൽ പറഞ്ഞു. "ഡെമോക്രറ്റുകൾ മാറ്റം കൊണ്ടുവരാൻ പാടില്ലെന്ന് അവർ നിഷ്കർഷിച്ചു. അതെനിക്കൊരു താക്കീതായി തോന്നി."
ഇടതുചായ്‌വുള്ള ചക്രബർത്തി സോഫ്ട്‍വെയർ എൻജിനീയറും രാഷ്ട്രീയ ഉപദേഷ്ടാവുമാണ്. ന്യൂ യോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലെക്‌സാൻഡ്രിയോ ഒക്കെഷ്യോ-കോർട്ടസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു.
സതേൺ കാലിഫോർണിയയിൽ മത്സരിക്കുന്ന ജെയ്‌ക് റാക്കോവ് (37) ചക്രബർത്തിയുടെ വാദങ്ങൾ അംഗീകരിക്കുന്നു. പാർട്ടി നേതൃത്വത്തെ വിമർശിക്കാൻ അദ്ദേഹത്തിന് മടിയുമില്ല. "ഡെമോക്രാറ്റിക് പാർട്ടിക്ക് പുതു നേതൃത്വം വേണം. നാൻസി പെലോസി ഏറെ നീണ്ട കാലം നയിച്ചു. അവർ മികച്ച കാര്യങ്ങൾ ചെയ്തു. പക്ഷെ ഇപ്പോൾ നമുക്കു കോൺഗ്രസിൽ പുതിയ ഊർജം ആവശ്യമാണ്."
കോൺഗ്രസിൽ 30 വർഷത്തോളം ഇരുന്ന ബ്രാഡ് ഷെർമാന്റെ സീറ്റാണ് റാക്കോവ് തേടുന്നത്. പി എ സി പണം പ്രചാരണത്തിനു സ്വീകരിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കോൺഗ്രസ് അംഗത്വം അഞ്ചു തവണയായി പരിമിതപ്പെടുത്തണം എന്നും അദ്ദേഹം പറയുന്നു.
കാലാവധി തികയും മുൻപ് കോൺഗ്രസ് അംഗത്വം രാജി വയ്ക്കാനും തുടർന്ന് സ്പെഷ്യൽ ഇലെക്ഷനിൽ മകൾ ക്രിസ്റ്റിൻ പെലോസിയെ കോൺഗ്രസിലേക്ക് അയക്കാനും പെലോസി ആലോചിക്കുന്നുണ്ടെന്നു റിപ്പോർട്ടുണ്ട്. 58 വയസുള്ള ക്രിസ്റ്റിൻ രാഷ്ട്രീയ തന്ത്രജ്ഞയും എഴുത്തുകാരിയുമാണ്.
Pelosi hangs on as Dems eye change