Image

കേരള കത്തോലിക്കാ സഭയുടെ ഒളിഞ്ഞിരിക്കുന്ന കാനോന്‍ നിയമങ്ങള്‍ (ജോസഫ്‌ പടന്നമാക്കല്‍)

Published on 10 June, 2014
കേരള കത്തോലിക്കാ സഭയുടെ ഒളിഞ്ഞിരിക്കുന്ന കാനോന്‍ നിയമങ്ങള്‍ (ജോസഫ്‌ പടന്നമാക്കല്‍)
Read also: വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തുന്നത് വചനാനുസൃതമോ?!

പ്രശസ്‌ത സിനിമാനടി അമലാപോളും തമിഴ്‌ സിനിമാ സംവിധായകന്‍ ശ്രീ വിജയിയും തമ്മിലുള്ള വിവാഹനിശ്ചയം പള്ളിയില്‍ നടത്തിയതിന്റെ പേരിലുള്ള പ്രതിഷേധവാര്‍ത്തകള്‍ സൈബര്‍പത്രങ്ങളിലും ഫേസ്‌ബുക്കിലും ബ്ലോഗുകളിലും നിറഞ്ഞിരിക്കുന്നതായി കാണാം. താരജോഡികളുടെ വിവാഹവാര്‍ത്തകള്‍ ചൂടുള്ള വാര്‍ത്തകളായി കൊട്ടിഘോഷിക്കുകയെന്നതും പത്രപ്രസാധകരെ സംബന്ധിച്ച്‌ രസകരവുമാണ്‌. അമലാ പോളിന്റെ മനസുചോദ്യം പള്ളിയില്‍ നടത്തിയെന്നുള്ളതാണ്‌ വിവാദ വിഷയമായിരിക്കുന്നത്‌. പണക്കാര്‍ക്ക്‌ ഒരു നിയമവും പാവങ്ങള്‍ക്ക്‌ മറ്റൊരു നിയമവുമെന്ന കുറ്റാരോപണമാണ്‌ മുഖ്യവിഷയം. സഭാമക്കളുടെ ആശങ്കയ്‌ക്ക്‌ പരിഹാരമായി സഭയുടെ തലപ്പത്തുനിന്നും നാളിതുവരെ യാതൊരുവിധ പ്രതികരണങ്ങളും കണ്ടില്ല. സഭയുടെ മൌനം അമലാ പോളിന്റെ പള്ളിയിലുള്ള വിവാഹനിശ്ചയം നീതികരിക്കുന്നതായും കണക്കാക്കാം. സഭാനിയമങ്ങളില്‍ അല്‌മെനികള്‍ സംശയത്തിന്റെ നിഴലില്‍ അജ്ഞരായി കഴിയണമെന്നും പുരോഹിതര്‍ കരുതുന്നു. കാനോന്‍നിയമം പഠിച്ച അവര്‍ക്ക്‌ സത്യം വെളിപ്പെടുത്താന്‍ തന്റേടം കണ്ടെന്നുമിരിക്കില്ല. അതുമൂലം വ്യത്യസ്‌തമായ നിയമങ്ങള്‍ സഭയ്‌ക്കുള്ളിലുണ്ടെന്ന തോന്നല്‍ സഭാമക്കളെ അസ്വസ്‌തരാക്കുകയും ചെയ്യും.

ശ്രീ മതി അമലാ പോളും പ്രതിശ്രുത വരനായ വിജയിയും വിവാഹിതരാകുന്നത്‌ ക്ഷേത്രത്തിലാണ്‌. ആ സ്ഥിതിക്ക്‌ പള്ളിയില്‍നിന്നും അവര്‍ക്ക്‌ വിവാഹമെന്ന കൂദാശ ലഭിക്കുന്നില്ല. ഹിന്ദുവിനെ വിവാഹം ചെയ്യുന്ന അമലാ പോളിനെ പള്ളിയില്‍ അനുഗ്രഹിച്ചാല്‍ സഭാവിരുദ്ധമല്ല. മതം മാറി പിരിഞ്ഞു പോവുന്ന ഒരാള്‍ക്ക്‌ അത്‌ സഭ നല്‌കുന്ന അനുഗ്രഹാശംസകളാണ്‌. ഒരു പക്ഷെ കുടിലിലെ വിവാഹത്തിന്‌ പുരോഹിതര്‍ പ്രാധാന്യം കല്‌പ്പിച്ചില്ലെന്നു വരാം. പണവും പ്രതാപവും എന്തിനെയും വിലക്കെടുക്കാന്‍ കഴിയുമെന്ന ജനങ്ങളുടെ തെറ്റിധാരണകളിലും കുറ്റം കാണാന്‍ സാധിക്കുന്നില്ല. അവിടെ സഭയുടെ വശത്തും ന്യായികരണങ്ങളുണ്ട്‌. മാത്രവുമല്ല അെ്രെകസ്‌തവനായ ഒരാളെ അനുഗ്രഹീതമായ മിശ്രവിവാഹംവഴി ക്രിസ്‌തുമതത്തിലേക്ക്‌ ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെന്നും സഭ വിശ്വസിക്കുന്നു. പോരാഞ്ഞ്‌ വിവാഹിതരാകുന്നവര്‍ ലക്ഷക്കണക്കിന്‌ ആരാധകരുള്ള പ്രസിദ്ധരായവരുമാണ്‌. അമലാ പോളിന്റെ മനസുചോദ്യം സഭയുടെ നിയമങ്ങള്‍ക്കും എതിരല്ല. അവര്‍ കൂദാശകള്‍ സ്വീകരിക്കുന്നതായും വാര്‍ത്തകളില്‍ കണ്ടില്ല.

സീറോ മലബാര്‍ പരമാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ അലഞ്ചേരിയുടെ 2013 ഡിസംബറില്‍ ഇറക്കിയ ഇടയലേഖനത്തില്‍ കത്തോലിക്കര്‍ അന്യമതസ്‌തരെ വിവാഹം കഴിക്കുന്നത്‌ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കര്‍ അെ്രെകസ്‌തവരുമായി നടത്തുന്ന വിവാഹം കൂദാശയല്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിന്റെ ഈ അഭിപ്രായം ആഗോള കത്തോലിക്കാ കാഴ്‌ചപ്പാടുമായി യോജിക്കാന്‍ സാധിക്കുന്നില്ല. `ക്രിസ്‌തുവില്‍ വിശ്വസിച്ച്‌ മാമ്മൊദീസ്സാ സ്വീകരിക്കാത്ത വ്യക്തിയുമായുള്ള വിവാഹത്തില്‍ ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാനാവില്ല` യെന്ന്‌ പുറത്തിറക്കിയ ഇടയലേഖനത്തിലുണ്ട്‌. ഇത്‌ തികച്ചും കത്തോലിക്കാ സഭകളുടെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായ അഭിപ്രായമാണ്‌. സീറോ മലബാര്‍ പൌരസ്‌ത്യസഭയുടെ ഈ തീരുമാനം മിശ്രവിവാഹിതരായവരെ ചിന്താക്കുഴപ്പത്തിലുമാക്കും. യഹൂദരായിരുന്ന ക്രിസ്‌തുശിക്ഷ്യര്‍ വിവാഹം ചെയ്‌തിരുന്നതും യഹൂദ സ്‌ത്രീകളെയായിരിക്കണം. ക്രിസ്‌തുവുമായി ശിക്ഷ്യന്മാര്‍ ഐക്യപ്പെട്ട്‌ ഏകവിശ്വാസത്തില്‍ സ്വരൂമയോടെ കഴിഞ്ഞിരുന്നുവെന്ന തിരുവചനങ്ങള്‍ ഇടയലേഖനവുമായി പൊരുത്തപ്പെടുന്നുമില്ല.

പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കത്തോലിക്കര്‍ മറ്റു വിശ്വാസികളുമായി വിവാഹം ചെയ്യുന്നത്‌ അപൂര്‍വ്വമായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും ഇന്ന്‌ മിശ്രവിവാഹം സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. മാറുന്ന പരിതസ്ഥിതിയില്‍ സഭയുടെ നയങ്ങളിലും മാറ്റം കണ്ടുതുടങ്ങി. മിശ്രവിവാഹങ്ങള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ അള്‍ത്താരയുടെ മുമ്പില്‍ നടത്താതെ പള്ളിവക മറ്റു കെട്ടിടങ്ങളില്‍ സ്വകാര്യമായി നടത്താനും തുടങ്ങി. ആധുനികകാലത്ത്‌ അനേകര്‍ മതത്തിനുപരിയായി ചിന്തിച്ചുകൊണ്ട്‌ മറ്റു മതത്തിലുള്ളവരെ ജീവിത പങ്കാളികളായി കണ്ടെത്തുന്നു. ലോകത്തിലെ മിക്കരാജ്യങ്ങളിലും മിശ്രവിവാഹിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. അമേരിക്കയില്‍ നാല്‍പ്പതുശതമാനം ജനങ്ങളും മിശ്രവിവാഹിതരെന്നും കണക്കാക്കുന്നു. കത്തോലിക്കരായവര്‍ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയിന്ന്‌ അന്യമതത്തിലുള്ളവരായുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കാറുണ്ട്‌. ദൈവശാസ്‌ത്രജ്ഞന്‍ റോബര്‍ട്ട്‌ ഹേറ്റര്‍ എഴുതിയ പുസ്‌തകത്തില്‍ ഒരു കത്തോലിക്കന്‍ അകത്തൊലിക്കനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്‌`മിശ്രവിവാഹങ്ങളില്‍ നിഷേധപരമായ ന്യൂനതകളുണ്ടെങ്കിലും വിവാഹംവഴി മിശ്രവിവാഹിതരും പരിശുദ്ധാത്മവിനാല്‍ ഒന്നാകുന്നുവെന്നാണ്‌.`

അെ്രെകസ്‌തവരുമായുള്ള സഭയുടെ വിവാഹനിയമങ്ങള്‍ ദൈവ ശാസ്‌ത്രജ്ഞരുടെയിടയിലും വിഭിന്നതരങ്ങളിലാണ്‌ എഴുതിയിരിക്കുന്നത്‌. വിവാഹത്തെ രണ്ട്‌ ശ്രേണികളിലായി തിരിച്ചിരിക്കുന്നു. ആദ്യത്തേത്‌ സഭ വിവാഹത്തെ കൂദാശയായി കണക്കാക്കാതെ നിയമപരമായി സാധുകരിക്കുന്നു. രണ്ടാമത്തേത്‌ സഭയുടെ കൂദാശയുമായി കരുതുന്നു. ഇതില്‍ അമലാ പോളിന്റെ മനസമ്മതം ആദ്യത്തെ ശ്രേണിയില്‍ ഉള്‍പ്പെടുത്താം. വിവാഹിതര്‍ രണ്ടുപേരും മാമ്മോദീസാ മുങ്ങിയവരെങ്കില്‍ വിവാഹത്തെ കൂദാശയായി കരുതും. പങ്കാളി ഹിന്ദുവോ മുസ്ലിമോ, യഹൂദനോയെങ്കില്‍ വിവാഹം സഭയുടെ നിയമചട്ടകൂട്ടില്‍ സാധുവായി പരിഗണിക്കും. ക്രിസ്‌ത്യാനിയല്ലാത്ത പങ്കാളിക്ക്‌ ലഭിക്കുന്നത്‌ കൂദാശയല്ല. നിയമപരമായ വിവാഹത്തിനായി രൂപതാ ബിഷപ്പിന്റെ സമ്മതവും ആവശ്യമാണ്‌. മറ്റു പ്രതിബന്ധങ്ങള്‍ ഒന്നുമില്ലെങ്കില്‍ കത്തോലിക്കരും ഇതര ക്രിസ്‌ത്യാനികളും തമ്മിലുള്ള വിവാഹബന്ധം സഭയുടെ കൂദാശയായി പരിഗണിക്കും. ഹേറ്റര്‍ വിവരിക്കുന്നതുപോലെ `അവരുടെ വിവാഹത്തിന്റെ അടിത്തറ ക്രിസ്‌ത്യന്‍ വിശ്വാസത്തില്‍` നിന്നാണ്‌. ക്രിസ്‌ത്യന്‍ വിശ്വാസികളെങ്കിലും ചില തീവ്രക്രിസ്‌ത്യന്‍ വിഭാഗക്കാരുമായ വിവാഹബന്ധത്തില്‍ സഭ കൂടുതല്‍ കരുതലെടുക്കുന്നു. അത്തരക്കാരുമായുള്ള നിയമപരമായ വിവാഹത്തിന്‌ ബിഷപ്പിന്റെ അനുവാദം കിട്ടാനും പ്രയാസമാണ്‌. പൊതുവേ ഓര്‍ത്തോഡോക്‌സ്‌, യാക്കൊബാ, സി.എസ.ഐ.ക്കാരുമായുള്ള വിവാഹബന്ധത്തിന്‌ സഭയുടെ നിയമം അനുസരിച്ച്‌ തടസമില്ല. അെ്രെകസ്‌തവരുമായ വിവാഹം കൂദാശയായി അംഗീകരിച്ചില്ലെങ്കിലും നല്ല ജീവിതത്തില്‍ക്കൂടി ദൈവത്തിന്റെ സ്‌നേഹം പങ്കാളികള്‍ക്ക്‌ തുല്യമായി ലഭിക്കുന്നുമുണ്ട്‌.

കത്തോലിക്കസഭയില്‍ വിവാഹമെന്ന കൂദാശ പരിശുദ്ധമായി കരുതുന്നതുകൊണ്ട്‌ പങ്കാളി വ്യത്യസ്‌ത മതത്തില്‍ നിന്നുള്ളവരാണെങ്കിലും ഇടവകപള്ളികളില്‍ വിവാഹ കര്‍മ്മങ്ങള്‍ നടത്തുവാന്‍ സഭ താല്‌പര്യപ്പെടുന്നു. വിവാഹം മറ്റുള്ള സ്ഥലങ്ങളിലെങ്കില്‍ സ്ഥലത്തെ ബിഷപ്പിന്റെ അനുവാദം ആവശ്യമാണ്‌. അകത്തോലിക്കാ പള്ളികളിലും വിവാഹ കാര്‍മ്മികന്‍ അനുശാസിക്കുന്ന മറ്റുസ്ഥലങ്ങളിലും തക്കതായ കാരണമുണ്ടെങ്കില്‍ വിവാഹിതരാകുവാനുള്ള അനുവാദം കൊടുക്കാന്‍ രൂപതാബിഷപ്പിന്‌ അധികാരമുണ്ട്‌. അമേരിക്കന്‍ ബിഷപ്പ്‌ സംഘടനയുടെ തീരുമാനമനുസരിച്ച്‌ ബിഷപ്പിന്റെ അനുവാദം കൂടാതെയുള്ള (ഡിസ്‌പെന്‍സേഷന്‍) മിശ്രവിവാഹം നിയമാനുസൃതമായിരിക്കില്ല.

വിവാഹം ആശിര്‍വദിക്കുന്ന സമയം പങ്കാളിയ്‌ക്കുവേണ്ടി അകത്തോലിക്കാ പുരോഹിതനും കര്‍മ്മങ്ങളില്‍ പങ്കു ചേരാം. എന്നാല്‍ കാനോന്‍ നിയമപ്രകാരം കത്തോലിക്കാ പുരോഹിതനു മാത്രമേ കാര്‍മ്മികത്വം വഹിക്കാന്‍ സാധിക്കുള്ളൂ. അകത്തോലിക്കനായ സഹകാര്‍മ്മികന്‌ വിവാഹ ചടങ്ങിലെ പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ട്‌ അനുഗ്രഹ പ്രഭാഷണം നടത്താം. സാധാരണ മിശ്ര വിവാഹചടങ്ങുകളില്‍ അകത്തോലിക്കര്‍ പള്ളിയില്‍ സമ്മേളിക്കുന്നതുകൊണ്ട്‌ കുര്‍ബാന കൊടുക്കുന്നത്‌ ദിവ്യബലിക്കു ശേഷമായിരിക്കും. മിശ്രവിവാഹിതരുടെ വിവാഹ ചടങ്ങില്‍ കുര്‍ബാന പുരോഹിതന്‍ അര്‍പ്പിക്കണമെങ്കില്‍ ബിഷപ്പിന്റെ അനുവാദം കാലേകൂട്ടി മേടിച്ചിരിക്കണം. വിവാഹ ചടങ്ങില്‍ കത്തോലിക്കരല്ലാത്ത ജനം ദിവ്യകാരുണ്യം സ്വീകരിക്കാത്തതുകൊണ്ട്‌ കുര്‍ബാനയും അന്നേ ദിവസം പള്ളിയില്‍ സ്വാഗതാര്‍ഹമല്ല. അകത്തോലിക്കനായ പങ്കാളിക്ക്‌ ബിഷപ്പിന്റെ അനുവാദത്തോടെ മാത്രമേ കുര്‍ബാനയപ്പം സ്വീകരിക്കാന്‍ സാധിക്കുള്ളൂ.

വിവാഹിതര്‍ക്ക്‌ പിന്നീടുള്ള ജീവിതത്തിന്റെ വരും വരായ്‌കളെ ബോധ്യപ്പെടുത്താന്‍ രൂപതകള്‍ ക്ലാസ്സുകളും കൌണ്‌സിലും കൊടുക്കാറുണ്ട്‌. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ ഭാവി ജീവിതത്തെപ്പറ്റിയായിരിക്കും വധുവരന്മാരെ ബോധ്യപ്പെടുത്താറുള്ളത്‌. മിശ്രവിവാഹിതര്‍ തുടരുന്ന വിശ്വാസം ഏതെന്നും കത്തോലിക്കാ വിശ്വാസമോ, പങ്കാളിയുടെ വിശ്വാസമോ അതോ സങ്കരമായ വിശ്വാസമോ എന്നീ വിവരങ്ങളും സഭയുടെ ചോദ്യാവലിയില്‍ വ്യക്തമാക്കേണ്ടി വരും. കുഞ്ഞുങ്ങളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തുമെന്നും വ്യക്തമാക്കണം. വ്യത്യസ്‌ത സംസ്‌ക്കാരത്തോടുകൂടിയ അകത്തോലിക്കരായ ബന്ധുജനങ്ങളോട്‌ എങ്ങനെ പെരുമാറണമെന്നും വിഷയമാണ്‌. രണ്ടു മതക്കാര്‍ തമ്മില്‍ പരിശുദ്ധാരൂപിയില്‍ എങ്ങനെ ഐക്യം സ്ഥാപിക്കാമെന്നും വധുവരന്മാരെ കൌണ്‍സിലും ക്ലാസ്സുകളുംവഴി ബോധവാന്മാരാക്കും.

മിശ്രവിവാഹിതര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മക്കളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തുമെന്നുള്ളതാണ്‌. ഈ വെല്ലുവിളികള്‍ കാരണം കത്തോലിക്കാ വിശ്വാസത്തില്‍ തന്റെ എല്ലാവിധ കഴിവുകളുമുപയൊഗിച്ച്‌ മാമ്മോദീസാ നല്‌കി മക്കളെ വളര്‍ത്തിക്കൊള്ളാമെന്ന്‌ ഒരു വാഗ്‌ദാനപത്രത്തില്‍ ഒപ്പു വെയ്‌ക്കേണ്ടിവരും. 1983ലെ പുതുക്കിയ കാനോന്‍നിയമം ജനിക്കാന്‍ പോവുന്ന കുഞ്ഞുങ്ങളെ കത്തോലിക്കനായ പങ്കാളി കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും അനുശാസിയ്‌ക്കുന്നു.

കത്തോലിക്കനല്ലാത്ത വിവാഹം ചെയ്യുന്ന പങ്കാളി തനിക്ക്‌ ജനിക്കാന്‍ പോകുന്ന മക്കളെ കത്തോലിക്കരായി വളര്‍ത്താമെന്നുള്ള വാഗ്‌ദാനങ്ങള്‍ നല്‌കേണ്ടതില്ല. പക്ഷെ ഇരുകൂട്ടരും ഇങ്ങനെയൊരു കരാറില്‍ ഒപ്പിട്ടുവെന്നും അറിഞ്ഞിരിക്കണം. അതുമൂലം അകത്തോലിക്കരായ ബന്ധുജനങ്ങളുടെ മൌനസമ്മതവും വ്യക്തമാക്കുന്നു. അകത്തൊലിക്കനായ വിവാഹപങ്കാളി മക്കളെ കത്തോലിക്കാന്തരീക്ഷത്തില്‍ വളര്‍ത്തില്ലായെന്നു കട്ടായം പറഞ്ഞാലും വിവാഹത്തിന്‌ തടസം വരില്ല. കത്തോലിക്കനായ വരന്‍ അല്ലെങ്കില്‍ വധു സമ്മതപത്രം ഒപ്പിടുന്ന പക്ഷം വിവാഹം നടത്തി കൊടുക്കുവാനും കാനോന്‍നിയമം അനുവദിക്കുന്നുണ്ട്‌. പിന്നീടുള്ള കാലങ്ങളില്‍ മക്കള്‍ വ്യത്യസ്‌ത മതത്തില്‍ വളര്‍ന്നാലും കാനോന്‍ നിയമം അനുസരിച്ച്‌ അവരുടെ വിവാഹം സാധു തന്നെയാണ്‌. കത്തോലിക്കാവിശ്വാസവും പാരമ്പര്യവും മക്കളെ പ്രായപൂര്‍ത്തിയാകുംവരെ പഠിപ്പിക്കാന്‍ കത്തോലിക്കാപങ്കാളി കടപ്പെട്ടുമിരിക്കും.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പൊതുവെയും ഇറ്റലിയില്‍ പ്രത്യേകിച്ചും കത്തോലിക്കരും മുസ്ലിമുകളുമായുള്ള വിവാഹം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. മുസ്ലിമുകളും കത്തോലിക്കരുമായുള്ള വിവാഹത്തിലും വെല്ലുവിളികളുണ്ട്‌. മുസ്ലിമുകള്‍ സാധാരണ ക്രിസ്‌ത്യാനിയേയോ യഹൂദരായവരെയോ വിവാഹം കഴിക്കാന്‍ താല്‌പ്പര്യപ്പെടുന്നു. മതങ്ങള്‍ തമ്മിലുള്ള സാമ്യതയാണ്‌ കാരണം. വാസ്‌തവത്തില്‍ പ്രവാചകനായ മുഹമ്മദിന്റെ ഭാര്യയും ക്രിസ്‌ത്യാനിയായിരുന്നു. മുസ്ലിം സ്‌ത്രീകള്‍ക്ക്‌ വിവാഹിതനാകുന്നയാള്‍ മതം മാറാതെ മറ്റുള്ള മതങ്ങളില്‍നിന്നും വിവാഹം കഴിക്കാന്‍ അനുവാദമില്ല. മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ മുസ്ലിമുകളുടെ മതനിയമവും കത്തോലിക്കാ നിയമവും ഒന്നുതന്നെയാണ്‌. കത്തോലിക്കരും മുസ്ലിമുകളുമായി വിവാഹത്തിന്റെ പ്രതിബന്ധവും മക്കളുടെ മതപ്രശ്‌നം തന്നെ. രണ്ടുമതങ്ങളും ജനിക്കാന്‍ പോകുന്ന മക്കളെ തങ്ങളുടെ മതത്തില്‍ വളര്‍ത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അത്തരം വിവാഹങ്ങളും സഭ വിട്ടുവീഴ്‌ച നല്‌കി അംഗീകരിക്കാറുണ്ട്‌. പരസ്‌പരം വിശ്വാസത്തോടെയുള്ള അവരുടെ ജീവിതത്തിലും ദൈവത്തിന്റെ സ്‌നേഹം പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. മറ്റുള്ള മതങ്ങളില്‍ കുടുംബജീവിതം നയിക്കാന്‍ മിശ്രവിവാഹത്തിലെ ദമ്പതികളെ പള്ളികളില്‍ അനുഗ്രഹിക്കാറുണ്ട്‌. കാനോന്‍ നിയമമനുസരിച്ച്‌ അത്‌ അനുവദനീയവുമാണ്‌.

ഒരുവന്‌ യഹൂദനായോ ക്രിസ്‌ത്യാനിയായോ അല്ലെങ്കില്‍ ക്രിസ്‌ത്യാനിയായോ ഹിന്ദുവായൊ ഒരേസമയം രണ്ടുമതങ്ങളിലും വിശ്വാസിയാകാന്‍ സാധിക്കില്ല. മിശ്രവിവാഹിതരായ ദമ്പതികള്‍ മറ്റു മതങ്ങളുടെ പാരമ്പര്യങ്ങളെയും സത്യങ്ങളെയും വിലമതിക്കാന്‍ കഴിവുള്ളവരായിരിക്കണം. അവരുടെ കുടുംബജീവിതത്തില്‍ ഒരിക്കലും മതമൊരു പ്രശ്‌നമാകരുത്‌. ഇങ്ങനെയെല്ലാമുള്ള തത്ത്വങ്ങളായി ജീവിച്ചാലും സ്വന്തം വിശ്വാസത്തെപ്പറ്റി ബോധവാന്മാരാകുന്നത്‌ അവര്‍ മക്കളുമായി ജീവിക്കാന്‍ തുടങ്ങുന്ന കാലങ്ങളിലായിരിക്കും.

യഹൂദരും കത്തോലിക്കരുമായുള്ള വിവാഹം കൂടുതല്‍ പ്രശ്‌നസങ്കീര്‍ണ്ണമായി കാണുന്നു. യഹൂദ യാഥാസ്‌തിതിക നിയമങ്ങളെക്കാള്‍ കത്തോലിക്കാ നിയമങ്ങളാണ്‌ ഉദാരമായി കാണുന്നത്‌. കത്തോലിക്കാ പുരോഹിതര്‍ നിയമങ്ങള്‍ മറച്ചു വെയ്‌ക്കുമെങ്കിലും വിവാഹത്തില്‍ ഒരു പുരോഹിതന്റെ മാദ്ധ്യസ്ഥം ആവശ്യമില്ല. വിവാഹം അനുഗ്രഹിക്കാന്‍ പുരോഹിതന്‍ കാര്‍മ്മികനാകണമെന്നുമില്ല. കാര്‍മ്മികര്‍ വിവാഹിതരാകുന്ന വരനും വധുവുമെന്നാണ്‌ വെപ്പ്‌. കോടതിയിലെ വിവാഹമാണെങ്കിലും നിയമാനുസൃതമായി സാധുവാക്കാന്‍ സഭയുടെ നിയമങ്ങള്‍ക്ക്‌ സാധിക്കും. യഹൂദവിശ്വാസം അതിന്‌ സമ്മതിക്കില്ല. അവരുടെ റാബിതന്നെ വിവാഹം കഴിപ്പിക്കണം. വിവാഹത്തിന്റെ കാര്‍മ്മികന്‍ റാബിയാണെങ്കില്‍ തന്നെയും സഭ അവരുടെ കത്തോലിക്കാ വിശ്വാസിയുമായ വിവാഹത്തേയും അനുഗ്രഹിക്കാറുണ്ട്‌. വിവാഹം സഭയുടെ നിയമങ്ങളില്‍ ഉള്‍പ്പെടുത്താറുമുണ്ട്‌. മക്കളെ വളര്‍ത്തുന്ന പ്രശ്‌നത്തിന്റെ പേരില്‍ പലപ്പോഴും കത്തോലിക്കാസഭ യഹൂദരും മുസ്ലിമുകളുമായുള്ള വിവാഹം പ്രോത്സാഹിപ്പിക്കാറില്ല.

വിവാഹമോചനവും പുനര്‍വിവാഹവും സഭ നിരുത്സാഹപ്പെടുത്തുന്നു. ദൈവം ബന്ധിച്ചത്‌ മനുഷ്യനൊരിക്കലും വേര്‍പെടുത്തരുതെന്നുള്ള വൈവാഹിക നിയമങ്ങളെ സഭ ഉയര്‍ത്തിപ്പിടിക്കുന്നു. പുനര്‍വിവാഹം അനുവദിച്ചു കൊടുക്കുകയില്ലാത്ത സ്ഥിതിക്കു പുനര്‍ വിവാഹത്തിലുണ്ടാകുന്ന മക്കളുടെ കാര്യം എന്തെന്ന്‌ സഭ ഗൌനിച്ചിട്ടുണ്ടോ? കത്തോലിക്കാ ജീവിതരീതികളില്‍നിന്നും മാറിനില്‌ക്കുന്ന പുനര്‍വിവാഹത്തിലെ കുട്ടികള്‍ സഭയില്‍നിന്നും അകന്നുപോവുന്ന വസ്‌തുതയും എന്തുകൊണ്ടു ഗൌനിക്കുന്നില്ല? അവര്‍ക്കുമുമ്പില്‍ സഭ ഒരു അടഞ്ഞ അധ്യായമാവുകയാണ്‌.

ഒരുസ്‌ത്രീയെ അവരുടെ ഭര്‍ത്താവ്‌ തന്റേതല്ലാത്തകാരണം കൊണ്ട്‌ ഉപേക്ഷിച്ചുവെന്നിരിക്കട്ടെ. മൂന്നുമക്കളുമായി കഴിയുന്ന അവര്‍, സ്വന്തം നിലനില്‌പ്പിനുവേണ്ടി വീണ്ടും ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു. അയാള്‍, അവരെയും മൂന്നു മക്കളെയും സ്‌നേഹിച്ചു പരിപാലിക്കുന്നു. രണ്ടാംവിവാഹം വിജയകരമായിട്ടു സന്തുഷ്ടകുടുംബമായി കഴിയുന്നു. ഈ കുടുംബത്തോടു വിവേചനം കാണിക്കുന്നുവെങ്കില്‍, വീണ്ടും വിവാഹം കഴിച്ച ഈ സ്‌ത്രീയും മക്കളും ഒരുപോലെ സഭയെ വെറുക്കുകയില്ലേ? മാതാപിതാക്കള്‍ സഭക്കു വെളിയിലാവുമ്പോള്‍ ഭാവിതലമുറകളായ ഈ കുഞ്ഞുങ്ങളും സഭയ്‌ക്കു നഷ്ടപ്പെടുകയും ചെയ്യും. വിവാഹ മോചനംനേടിയ ദമ്പതികള്‌ക്കു കുര്‌ബാന സ്വീകരിക്കുവാനും സാധിക്കുകയില്ല. കൊലപാതകം ചെയ്‌തവനും വ്യഭിചാരിക്കും സ്ഥിരംമോഷ്ടാവിനും കൂദാശകളെ നിഷേധിച്ചിട്ടുമില്ല. എങ്ങനെ ഈ കൊടുംപാപങ്ങള്‍കൊണ്ടു കഠിനഹൃദയരായിരിക്കുന്നവര്‌ക്കു കൂദാശകളാല്‍, പരിശുദ്ധാത്മാവിന്റെ ശക്തി ആവഹിക്കുന്നതെന്നു മനസ്സിലാകുന്നില്ല. കത്തോലിക്കാ പള്ളിയില്‍ സഭയുടെ നിയമപ്രകാരം വിവാഹിതരാകാതെ ഇതരസമുദാത്തില്‍ വിവാഹിതരായി ജീവിച്ചശേഷം വിവാഹമോചനം നേടിയവരെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതില്‍ സഭയ്‌ക്ക്‌ പ്രശ്‌നമില്ല. സഭയുടെ അനുവാദം കൂടാതെയുള്ള അവരുടെ ആദ്യവിവാഹം അസാധുവായിരിക്കും.

ഇതര മതക്കാരുമായുള്ള വിവാഹത്തില്‍ അകത്തോലിക്കനായ പങ്കാളിയേ സഭയുടെ ദൌത്യങ്ങള്‍ പഠിപ്പിക്കാനുള്ള ബാധ്യത കത്തോലിക്കാ പങ്കാളിക്കുണ്ട്‌. `അവിശ്വാസിയായ ഭര്‍ത്താവ്‌ ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭര്‍ത്താവ്‌ മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു`വെന്ന്‌ തിരുവചനം പറയുന്നു. ഈ വിശുദ്ധീകരണംമൂലം െ്രെകസ്‌തവ വിശ്വാസത്തിലേക്ക്‌ സ്വന്തം മനസാലെ അെ്രെകസ്‌തവര്‍ വന്നുചേരണമെന്നും സഭ കാംക്ഷിക്കുന്നു.

മിശ്രവിവാഹത്തിലുണ്ടാകുന്ന മക്കള്‍ സഭയോട്‌ ദുര്‍ബലവിശ്വാസം പുലര്‍ത്തുന്നതും സാധാരണമാണ്‌. മത ബോധാവല്‍ക്കരണത്തില്‍ അവരില്‍ ചിന്താകുഴപ്പങ്ങളും അനുഭവപ്പെടുന്നു. സഭ, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സഭയ്‌ക്ക്‌ വെളിയില്‍ വിവാഹം ചെയ്യാന്‍ അനുവാദം കൊടുക്കാറുണ്ട്‌. രണ്ടുപേരും പരസ്‌പര ധാരണയോടെ ഒരേ വിശ്വാസം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഉണ്ടാകുന്ന മക്കളില്‍ ചിന്താക്കുഴപ്പത്തിന്‌ കാരണമാവില്ലെന്നും പ്രായോഗികമായി ചിന്തിക്കുന്നവര്‍ വെളിപ്പെടുത്തുന്നു.
കേരള കത്തോലിക്കാ സഭയുടെ ഒളിഞ്ഞിരിക്കുന്ന കാനോന്‍ നിയമങ്ങള്‍ (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക