ഒരാൾ ഏതു മതത്തിൽ വിശ്വസിച്ചാലും (മതഭ്രാന്തനല്ലെങ്കിൽ) സമൂഹത്തിൽ അന്യമതക്കാർ അനുഷ്ഠിക്കുന്ന മതപരമായ ചടങ്ങുകളെ മതേതരമായി കണ്ട് അവ സ്വീകരിക്കുന്നതിൽ അപാകതയില്ല. മതങ്ങൾ എപ്പോഴും ആത്മീയമായ ഉണർവ് മനുഷ്യരിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിൽ പുരോഹിതൻ ഇടപെടുന്നതും വെള്ളിക്കാശുകൾ കീശയിലാക്കുന്നതും അതിന്റെ ഒരു ഭാഗം മാത്രം. ഭൂരിപക്ഷം ജനങ്ങളും അതു അനുവദിച്ചുകൊടുക്കുന്നതുകൊണ്ട് മതങ്ങൾ വളരുകയും പിളരുകയും ചെയ്യുന്നു. കൃസ്തുമതത്തിലെ ഒരു വിഭാഗം ആചരിക്കുന്ന നാൽപ്പതു ദിവസത്തെ നോയമ്പുകാലം ആർക്കും നോൽക്കാവുന്നതാണ്. എന്തുകൊണ്ട് നാൽപ്പതു ദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു? ബാക്കിയുള്ള ദിവസങ്ങളിൽ അത് വേണ്ടെന്നു അർത്ഥതമാക്കുന്നില്ല.
ഓരോ മനുഷ്യരും ജീവിതത്തിലേക്കുള്ള പാഠങ്ങൾ പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നുമാണ്. മനുഷ്യർ സദ്ഗുണസമ്പന്നരാകുക എന്നാണു എല്ലാവരും ആഗ്രഹിക്കുന്നത്. അതിനു അവനെ സഹായിക്കുന്നത് വിദ്യാഭ്യാസവും വിവേകവുമാണ്. നല്ല ജീവിതം നയിക്കാൻ ആവശ്യമായ ചില ഗുണങ്ങളെപ്പറ്റി പ്ലേറ്റോ അഭിപ്രായപ്പെട്ടത് വിവേകം, ന്യായം, മിതഭോഗം, ( അതായത് അടക്കം, ആത്മസംയമനം) ധൈര്യം (അതായത് മനക്കരുത്ത്, സഹനശക്തി എന്നിവയാണ്. ഇവയെ മുഖ്യ ഗുണങ്ങൾ അല്ലെങ്കിൽ ധാർമ്മികമായ ഗുണങ്ങൾ (Cardinal Virtues) എന്ന് പറയുന്നു. അരിസ്റ്റോട്ടിൽ മറ്റു ചില ഗുണങ്ങളെപ്പറ്റിക്കൂടി പറയുന്നുണ്ട്. അവ മഹിമ, മഹാമനസ്കത, വാക്‌സാമർഥ്യം, ഇണക്കം, സത്യസന്ധത എന്നിവയാണ്. ഇങ്ങനെ നല്ല ഗുണങ്ങളുള്ള ഒരാളെ നല്ല സ്വഭാവമുള്ളയാൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നു. നല്ല സ്വഭാവമുള്ള (character) ജനങ്ങൾ അടങ്ങുന്ന സമൂഹം നന്മകളാൽ സമൃദ്ധമാകുന്നു. അതേസമയം ഏഴ് മാരകമായ പാപങ്ങളും മനുഷ്യർ ചെയ്യുന്നു. അവ കാമം, അസൂയ, അഹങ്കാരം, ആലസ്യം, ദുര , ക്രോധം, ലോഭം. ഇവയെ നിയന്ത്രിക്കണമെങ്കിൽ അച്ചടക്കമുള്ള സ്വഭാവം ഒരു വ്യക്തിക്കുണ്ടായിരിക്കണം.
യശ്ശശരീരനായ ഭാരതത്തിലെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം പറഞ്ഞത് ശ്രദ്ധിക്കുക. നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റാൻ കഴിയില്ല. പക്ഷെ നിങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയും. തീർച്ചയായും നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഭാവിയെയും മാറ്റും.
ഒരു പക്ഷെ നമ്മളിൽ പലരും സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ഗുരുക്കന്മാരിൽ നിന്നും കേട്ട ഈ ആദർശവചനങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. “ധനം നഷ്ടപ്പെട്ടാൽ ഒന്നും നഷ്ടപ്പെട്ടില്ല, ആരോഗ്യം നഷ്ടപ്പെട്ടാൽ കുറച്ച് എന്തോ നഷ്ടപ്പെട്ടു എന്നാൽ സ്വഭാവം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടു.” ഇതിൽ നിന്നും സൽസ്വഭാവത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.
ഒരു വ്യക്തിയുടെ ഗുണങ്ങളും ദോഷങ്ങളും അടങ്ങിയതാണ് അയാളുടെ സ്വഭാവം.
സ്വഭാവരൂപീകരണത്തിൽ മതങ്ങളുടെ പങ്കു വലുതാണ്. കൃസ്തുമതക്കാർ യേശുദേവനെ അവരുടെ രക്ഷകനായി കാണുന്നു. അദ്ദേഹത്തിന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്നു. ആ കൽപ്പനകൾ അനുസരിച്ച് ജീവിക്കുക എന്ന് പറഞ്ഞാൽ സദ്ഗുണങ്ങൾ ഉള്ളവരാകുക എന്നാണ്. ബൈബിളിൽ ദൈവത്തെ ഭയപ്പെടാനും, സ്നേഹിക്കാനും ആവർത്തിച്ച് പറയുന്നുണ്ട്. സാദൃശ്യവാക്യങ്ങൾ 22::6 ഇങ്ങനെ പറയുന്നു. 6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
മതസംഹിതകളും അനുഷ്ഠാനങ്ങളും മനുഷ്യരെ നന്മയിലേക്ക് നയിക്കാനുള്ള മാർഗ്ഗനിര്ദേശങ്ങൾ നൽകുന്നു. കൃസ്തുഭവനത്തിൽ ജനിച്ചതുകൊണ്ട് വെറുതെ കൃസ്താനിയായി ജീവിക്കുന്നതിനേക്കാൾ കൃസ്തുമതത്തെക്കുറിച്ച് പഠിച്ച് അതനുശാസിക്കുന്നവിധത്തിൽ ജീവിക്കുന്നത് തന്നെ മഹത്വരം. വൃതാനുഷ്ഠാനങ്ങൾ ഒരു വ്യക്തിയെ അച്ചടക്കം പഠിപ്പിക്കുന്നു ഈശ്വരവിശ്വാസം ഉറപ്പിക്കുന്നു. ഒരു വ്യക്തിയുടെ വളർച്ചയിൽ അയാളുടെ അദ്ധ്വാനം മാത്രമല്ല കാരണമാകുന്നത്. ദൈവത്തിന്റെ അദൃശ്യകരങ്ങൾ പ്രവർത്തിക്കണം. നെപ്പോളിയൻ ബോണപ്പാർട് ഇങ്ങനെ പറഞ്ഞിരിക്കുന്നു. അവസരങ്ങൾ ഇല്ലെങ്കിൽ കഴിവ് ഒന്നുമല്ല. (Ability is nothing without opportunity) ആരാണ് അവസരങ്ങൾ തരുന്നത്.? അതൊരു സമസ്യയാണ്.
ആരോഗ്യകരമായ കാര്യങ്ങൾക്ക് ഉപവസിക്കാം. എന്നാൽ അത് ദൈവീകമായ ഒരു അനുഷ്ഠാനമായി കാണുമ്പോൾ മനുഷ്യർ വിനയാന്വിതരാകുന്നു. അവന്റെ അഹങ്കാരം കുറയുന്നു. അവൻ ദൈവത്തോട് അടുക്കുന്നുവെന്ന പ്രതീതി ഉണ്ടാകുന്നു. നിങ്ങൾ കൂടുതൽ അച്ചടക്കമുള്ളവരാകുന്നു. ഹിന്ദുമതാചാരപ്രകാരം ഉപവാസം കൊണ്ട് മനസ്സും ശരീരവും ശുദ്ധമാക്കുന്നതിനോടൊപ്പം ഈശ്വരാനുഗ്രഹം നേടുക എന്നാണു. ശരീരത്തിന്റെ മോഹങ്ങളേ ആവശ്യങ്ങളെ ക്രമമാക്കി നിയന്ത്രിക്കുകയാണ് വൃതം കൊണ്ട് ഒരാൾ ആർജ്ജിക്കുന്നത്.
ഉപവാസം എന്ന വാക്ക് സംസ്കൃതമാണ്. ഉപ എന്നാൽ അരികെ, വാസം = താമസം. ഈശ്വരനരികിൽ താമസം എന്നാണു ഹിന്ദുക്കൾ ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപവാസം കൊണ്ട് മനസ്സിനെ ശാന്തവും പ്രസന്നവുമാക്കാമെന്നു അവർ വിശ്വസിക്കുന്നു. അന്നത്തെ (Food) ഹിന്ദുക്കൾ ബ്രഹ്മമായി കാണുന്നു. അന്നം പരബ്രഹ്മ സ്വരൂപം.പ്രശ്ന ഉപനിഷദ് അന്നത്തെ (Food) പ്രജാപതിയായും കാണുന്നു. കാരണം അന്നത്തിൽ നിന്ന് രേതസ്സ് ഉണ്ടാകുന്നു. ഭക്ഷണത്തെ അതിജീവനത്തിനായി മാത്രം ഉപയോഗിക്കുക , മതപരമായ നിലപാടോടെ വൃതം നോറ്റ് ആത്മനിയന്ത്രണം നേടുക എന്നൊക്കെ ഹിന്ദു വേദങ്ങളും അനുശാസിക്കുന്നുണ്ട്. എന്തായാലും ഉപവാസവും പ്രാർത്ഥനയും മനുഷ്യരെ ആത്മീയ തലത്തിലേക്ക് ഉയർത്താൻ പര്യാപ്തമാണ്. അവനിലെ തിന്മകളെ അകറ്റാൻ അതു സഹായിക്കുന്നു.
ശുഭം