Image

ഓർമ്മകളിൽ നിന്നും പിൻതിരിയാനാകാത്തവർ (അംബിക മേനോൻ, മിന്നാമിന്നികൾ -3)

Published on 29 May, 2021
ഓർമ്മകളിൽ നിന്നും പിൻതിരിയാനാകാത്തവർ (അംബിക മേനോൻ, മിന്നാമിന്നികൾ -3)

എന്റെ വീടിന്റെ ടെറസ്സിൽ നിന്നും നോക്കിയാൽ അടുത്തടുത്തായി നാലഞ്ചു വീടുകൾ കാണാം. അവിടെ, മൂന്നു വയസ്സ് മുതൽ പത്തു വയസ്സു വരെ പ്രായമുള്ള കുട്ടികൾ ഉണ്ട്. നിത്യേന സ്കൂൾ വിട്ടു വന്നാലും,മുടക്ക് ദിവസങ്ങളിലും അവർ അവിടെ കളിക്കുന്നത് കാണാം.

ചിലപ്പോൾ  ക്ലാസ്സ് എടുക്കുന്നതിനിടക്ക് ഞാനവരുടെ കളികൾ നോക്കി നിൽക്കാറുണ്ട്.

ആ കുട്ടികളുടെ കൂട്ടത്തിനിടയിൽ ഒരു കുട്ടിയുണ്ട്..., വൈഗ. നല്ല മിടുക്കിക്കുട്ടി. പെട്ടെന്ന് ഇണങ്ങുകയും അതുപോലെത്തന്നെ പിണങ്ങുകയും ചെയ്യുന്ന പ്രകൃതം.

വൈഗ ഇരുനിറമാണെങ്കിലും കാണാൻ നല്ല ചന്തമുണ്ട്. ഇടക്ക് അവൾ, അവളുടെ വീട്ടിൽ നിന്നു കൊണ്ട് കൈ വീശിക്കാണിക്കും...
"ഹായ് ടീച്ചറമ്മൂമ്മേ..." ന്ന് പറയും. എപ്പോഴും ചിരിച്ച മുഖം! ആ കുട്ടിയെ കാണുമ്പോഴെല്ലാം ഞാൻ ദേവൂട്ടിയെ ഓർക്കാറുണ്ട്.

കുറച്ചു ദിവസമായി അപ്പുവും അമ്മവും ഇവിടെയില്ല, അവർ തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. ഇന്നെന്തോ, ദേവൂട്ടീടെ കഥകൾ മറ്റാരെങ്കിലുമായി പങ്കുവെക്കണമെന്നൊരാശ!

പേരക്കുട്ടികൾ അറിഞ്ഞാൽ എന്നോട് പിണങ്ങും. അത് സാരല്യ..., അവർക്ക് പിന്നീട് പറഞ്ഞു കൊടുക്കാം ല്ലേ..?

ഇന്ന് ദേവൂട്ടീടെ അച്ഛനമ്മമാരേയും, പിന്നെ ചേച്ചമ്മയേയും കുറിച്ച് പറയാം.
ഇവരുടെ തമ്മിൽത്തമ്മിലുള്ള ഒത്തൊരുമയും സ്നേഹവും ബഹുമാനവും ഒന്നു കാണേണ്ടതു തന്നെ..! അതാണാ വീടിന്റെ ബലം.

ചേച്ചമ്മ അവിവാഹിതയാണ്, അനുജത്തിയുടെ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു.

അമ്മയും ചേച്ചമ്മയും തമ്മിലുള്ള സ്നേഹം, ഇരുമെയ്യും ഒരു മനസ്സും പോലേയാണ്. നാഴികക്ക് നാല്പത് വട്ടം
"ഏട്ത്യേ" ന്നും "തങ്കേ" ന്നും ഉള്ള വിളി കേൾക്കാം.

അച്ഛൻ, തന്റെ സ്വത്തെല്ലാം സ്വന്തം മരുമക്കൾക്ക് എഴുതിക്കൊടുത്ത്, അമ്മയുടെ വീട്ടിൽ വന്ന് താമസമാക്കി.., എന്താണെന്നോ...?
ദേവൂട്ടീടെ അച്ഛനുമമ്മയും, ചേച്ചിമാരും എല്ലാവരും അച്ഛന്റെ നാട്ടിൽ പോയി താമസിച്ചാൽ ചേച്ചമ്മ ഒറ്റപ്പെട്ടു പോകില്ലേ...?

അമ്മയേയും, ചേച്ചമ്മയേയും നാട്ടുകാർക്കെല്ലാം വലിയ ഇഷ്ടായിരുന്നു. നാട്ടിലെ പല സ്ത്രീകളും അവരുടെ സങ്കടങ്ങളും പറഞ്ഞ് വീട്ടിൽ വരും. ഇവർ രണ്ടു പേരുടേയും സാന്ത്വനവും, നല്ല വാക്കുകളും കേട്ട്, സമാധാനത്തോടെ അവരെല്ലാം തിരിച്ചു പോകും.

വീട്ടിൽ ദിവസങ്ങളായി പട്ടിണിയാണെന്നും പറഞ്ഞ് വരുന്നവരും ഉണ്ട്.

ദേവൂട്ടീടെ വീട്ടിൽ സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നിട്ടും, വരുന്നവർക്കെല്ലാം വയറു നിറച്ചാഹാരവും, വസ്ത്രങ്ങളും കൊടുത്ത് സന്തോഷത്തോടെ അവരെ പറഞ്ഞു വിടും.

പണ്ട്, ദേവൂട്ടീടെ വീട്ടിൽ നെൽക്കൃഷിയുള്ള കാലത്ത്, എല്ലാ വ്യാഴാഴ്ചയും, അങ്ങ് ദൂരദേശത്തു നിന്നു പോലും ഭിക്ഷക്കാർ വരുമായിരുന്നു.
ചേച്ചമ്മ, അന്നേ ദിവസം, ഒരിടങ്ങഴിയിൽ അരിയും, മറ്റൊന്നിൽ നെല്ലും നിറച്ച്, ഉമ്മറത്തിണ്ണയിൽ വെച്ചിട്ടുണ്ടാകും, ഭിക്ഷക്കാർക്ക് കൊടുക്കാൻ.

"വെശക്കുണൂ തമ്പ്രാട്ടീ..., എന്തേലും കഴിക്കാൻ തരണേ" ന്ന് ചിലർ പറയും.
അവർക്കൊക്കെ വീട്ടിലുള്ളതനുസരിച്ച് കഞ്ഞിയോ, തലേ ദിവസത്തെ ചോറോ കൊടുക്കും.

എല്ലാ മലയാള മാസത്തിലേയും ആദ്യ വ്യാഴാഴ്ച, ദേവൂട്ടീടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്.

അന്ന് വീട്ടിൽ ഭിക്ഷക്കാർക്കും പാവപ്പെട്ടവർക്കും ഭക്ഷണം കൊടുക്കുന്ന ദിവസമാണ്. ഒരു സദ്യയുടെ അന്തരീക്ഷമായിരിക്കും മുറ്റത്ത്! മുറ്റത്ത് അടുപ്പു പൂട്ടി, വലിയൊരു ചെമ്പിൽ കഞ്ഞി തയ്യാറാക്കും, മറ്റൊരു പാത്രത്തിൽ മുതിരപ്പുഴക്കും..!

വരുന്നവരെല്ലാം കഞ്ഞി കുടിക്കാനായി, ചാണം മെഴുകി വൃത്തിയാക്കിയ മുറ്റത്ത് നിരന്നിരിക്കും. പാള കൊണ്ട് കുത്തിയുണ്ടാക്കിയ ഒരു പാത്രവും, പ്ലാവില കോട്ടിയതും അവരുടെ മുന്നിൽ വെക്കും. എല്ലാവർക്കും കഞ്ഞിയും മുതിരപ്പുഴുക്കും വിളമ്പും. കൂടാതെ അവർക്കെല്ലാം തല നിറച്ചെണ്ണ ഒഴിച്ചു കൊടുക്കും. ദേവൂട്ടിയും കഞ്ഞി വിളമ്പാൻ സഹായിക്കാറുണ്ട്.

വയറു നിറഞ്ഞ്, മനസ്സ് നിറഞ്ഞ്, അവർ തിരിച്ചു പോകുമ്പോൾ വീട്ടിലുള്ളവർക്കും സന്തോഷമാകും.

അതെല്ലാം ഒരു കാലം! ഇന്ന് പിച്ചക്കാർക്ക് പൈസ മാത്രം മതി. ഇന്നത്തെ പിച്ചക്കാരുടെ കയ്യിൽ ഡെബിറ്റ് കാർഡ് വരേ ഉണ്ടത്രേ..! കാലം പോയ പോക്കേയ്..!

ദേവൂട്ടീടെ മറ്റൊരു വിശേഷം അറിയണോ..?

ദേവൂട്ടീടെ അമ്മയും ചേച്ചമ്മയും പറയണകേട്ടിട്ടുണ്ട്, ദേവൂട്ടിക്ക് അഞ്ചു വയസ്സ് വരെ ചീത്ത കാലമായിരുന്നെന്ന്!

മാസത്തിൽ മിക്ക ദിവസവും ദേവൂട്ടിക്ക് കടുത്ത പനി വരും. പനി വന്നാൽ പിന്നെ  പേടിച്ച് നിലവിളിക്കാൻ തുടങ്ങും.

 തീപ്പൊള്ളുന്ന പനി..! ഉടനെ അമ്മ ദേവൂട്ടീടെ കാലുകൾ തണുത്ത വെള്ളത്തിലിറക്കി വെക്കും, നെറ്റിയിൽ നനച്ച തുണിയിടും.
ഇടക്കിടക്ക് ദേവൂട്ടിക്ക് ഫിറ്റ്സ് വരും, പിന്നെ ഭയപ്പെടുത്തുന്ന എന്തിനേയോ കണ്ട പോലെ പേടിച്ച് വിറക്കാൻ തുടങ്ങും. ചിലപ്പോൾ ശ്വാസം കിട്ടാതെ കണ്ണൊക്കെ മേലോട്ട് പോകും.

ഒരിക്കൽ എല്ലാരും പേടിച്ചു പോയീ ത്രേ!
ദേവൂട്ടീടെ ശ്വാസം നിലച്ച പോലെ..! വായിൽ നിന്നും നുരയും പതയും വരാൻ തുടങ്ങി..!

അമ്മ ദേവൂട്ട്യേ കോരിയെടുത്ത് ആസ്പത്രിലേക്കോടി..,
"ന്താ ന്റെ കുട്ടിക്ക് പറ്റ്യേ..! ഈശ്വരാ.., കാത്തോളണേ..", അമ്മ വാവിട്ട് കരയാൻ തുടങ്ങി.

എത്രയോ രാത്രികളിൽ വീട്ടിലുള്ളവരെല്ലാം ഉറക്കമൊഴിച്ചിരുന്ന് ദേവൂട്ടീടെ ജീവന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്നോ!

അഞ്ചു വയസ്സ് വരെ ഇടക്കെല്ലാം ഫിറ്റ്സ് വന്നിരുന്നു. മരുന്നൊന്നും ഫലിക്കാതായപ്പോൾ എല്ലാം ദൈവത്തിൽ സമർപ്പിച്ചു..! ദേവൂട്ടിയെ നഷ്ടപ്പെടുമോ എന്ന ചിന്ത വീട്ടിലെ എല്ലാവരേയും വേദനിപ്പിച്ചു.

എല്ലാ മാസത്തിലേയും ആദ്യ തിങ്കളാഴ്ച പാറമേക്കാവിലും വടക്കുന്നാഥനേയും കൊണ്ടു തൊഴുവിച്ചു. എല്ലാ മാസവും, അമ്പലത്തിൽ പോകുമ്പോൾ ദേവൂട്ടിയെ ഇടീക്കാനായി,  അമ്മ പുത്തൻകുഞ്ഞുടുപ്പുകൾ തുന്നിയുണ്ടാക്കി.

ഈശ്വരന്റെ കടാക്ഷമോ എന്തോ..., അഞ്ചു വയസ്സിന് ശേഷം ദേവൂട്ടീടെ അസുഖങ്ങളെല്ലാം കുറഞ്ഞ് ആരോഗ്യം വീണ്ടെടുത്തു.

ദേവൂട്ടീടെ അമ്മയുമച്ഛനും, ചേച്ചമ്മയും മരിച്ചതോടെ ആ വീട് ഉറങ്ങിയ പോലേയായി.

അച്ചൻ മരിച്ച് ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ മരണം...!

ഒരു ദിവസം വളപ്പിൽ എന്തോ പണിയെടുക്കുന്നിടത്ത് നിന്നും വന്ന് ചേച്ചമ്മയോട് പറഞ്ഞു,

"ഏട്ത്യേ.., ക്ക് തീരെ വയ്യ.., വല്ലാതെ വിയർക്കുന്നു.., ക്ക് ഒന്ന് കിടക്കണം".

ഉമ്മറത്ത് കിടന്നിരുന്ന അച്ഛന്റെ ചാരുകസേരയിൽ  കിടന്ന് അമ്മ മെല്ലെ ഒന്നു മയങ്ങി, അനുജൻ ഡോക്ടറെ വിളിക്കാനോടി.
ചേച്ചമ്മ വിശറിയെടുത്ത് വീശിക്കൊടുത്തു.

" ന്റെ കുട്ടിക്ക് ഒന്നൂല്യ .., ഒക്കെ വേഗം ഭേദാകും" ന്ന് പറഞ്ഞ്, .ചേച്ചമ്മ അമ്മയുടെ നെഞ്ചും കയ്യുമൊക്കെ തലോടിക്കൊണ്ടിരുന്നു.

പക്ഷെ... പിന്നെ അമ്മ കണ്ണുതുറന്നില്ല..., ഡോക്ടർ എത്തുമ്പോഴേക്കും അമ്മ യാത്രയായിക്കഴിഞ്ഞിരുന്നു..!

ചേച്ചമ്മയുടെ ഒരു യോഗം...., അനുജത്തിയെ സമാധാനത്തോടെ യാത്രയാക്കി. എങ്കിലും ചേച്ചമ്മക്ക് എന്നും സങ്കടമായിരുന്നു.

" അവളെന്നെ ഇട്ടേച്ച് പോയില്ലേ....!

നിങ്ങൾ മക്കളെല്ലാവരും അമ്മയുടെ വെലിയിടാനായി എത്തിച്ചേർന്നില്ലേ...! ഞാൻ മരിച്ചാൽ നിങ്ങളിതു പോലെ ഒക്കെ ചെയ്യുമോ..."? ആ ചിന്ത ചേച്ചമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ഒരു നിയോഗം പോലെ..., പതിനാറ് വർഷങ്ങൾക്ക് ശേഷം, അമ്മ മരിച്ച അതേ നാളിൽ തന്നെ ചേച്ചമ്മയും യാത്രയായി....!

ഇപ്പോൾ അവർക്കെല്ലാം വേണ്ടി, ദേവൂട്ടിയും അനിയനും ബാക്കിയുള്ളവരും എല്ലാ കൊല്ലവും ശ്രാദ്ധമൂട്ടുന്നു.

അവരുടെ മൂന്നു പേരുടേയും മരണശേഷം, ദേവൂട്ടീടെ തറവാട് ഉറങ്ങിയപോലേയായി.

സഹോദരി -സഹോദരന്മാരെല്ലാം വെവ്വേറെ വീട് വെച്ചു താമസമാക്കി.

പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന ആ രണ്ടുനില വീട് പൊളിച്ച്, ആധുനിക സൗകര്യങ്ങളോടുകൂടിയ ബംഗ്ലാവുകൾ അവിടെ ഉയർന്നു വന്നു.

എല്ലാവരേയും ചേർത്തുനിർത്തിയിരുന്ന കണ്ണികളെല്ലാം അറ്റുപോയ പോലെ!

സഹോദരി -സഹോദരന്മാർ തമ്മിൽ അതിയായ അടുപ്പമൊക്കെ ഉണ്ടെങ്കിലും അച്ഛനമ്മയുടേയും ചേച്ചമ്മയുടേയും അഭാവം അവരിൽ ഒരു അകലം സൃഷ്ടിച്ചപോലെ.... .

"എന്താ നിർത്തിക്കളഞ്ഞേ... ബാക്കി കൂടി പറയൂ......",

 ദേവൂട്ടീടെ സ്വരം കേൾക്കുന്ന പോലെ!

"ഇനിയിന്ന് വയ്യാ ന്റെ ദേവൂട്ട്യേ..., ബാക്കി മറ്റൊരു ദിവസം പറയാം".

ഞാൻ മുന്നിലെ മുറിയിൽ വെച്ചിട്ടുള്ള ചേച്ചമ്മയുടേയും അച്ഛനമ്മമാരുടേയും ഫോട്ടോ എടുത്ത് മെല്ലെ തടവിക്കൊണ്ടിരുന്നു..., എന്നിട്ട് ആ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചു.
എത്ര വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..., ഇന്നും പഴയകാലസ്മരണകൾ അതേപടി മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു.

ഞാനിന്ന്  ഈ വീട്ടിൽ തനിച്ചാണ്. മറ്റുള്ളവർക്കെല്ലാം അവരവരുടേതായ താവളങ്ങൾ ഉണ്ട്. പക്ഷെ എനിക്കീ വീട് വിട്ട് എങ്ങും പോകാൻ തോന്നുന്നില്ല. ഓരോ മുറിയിലെ ഓരോ വസ്തുവും എനിക്ക് പ്രിയപ്പെട്ടതാണ്.

ചില സമയങ്ങളിൽ ഈ ഏകാന്തത ശ്വാസം മുട്ടിക്കുമെങ്കിലും, ചിലപ്പോൾ തനിച്ചിരിക്കാനും ഒരു സുഖമാ..!

ഞാനും എന്റെ പുസ്തകങ്ങളും പിന്നെയീ ദേവൂട്ടീടെ ഓർമ്മകളും!

രാത്രി ഏറെയായിരിക്കുന്നു.

എത്ര ശ്രമിച്ചിട്ടും  ദേവൂട്ടീടെ ഓർമ്മകളിൽ നിന്നും പിൻതിരിയാനാകുന്നില്ല..!

(തുടരും....)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക