Image

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

Published on 19 February, 2019
കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് മൊഴികൊടുത്തതിന് തടങ്കലിലാക്കി പീഡിപ്പിക്കുന്നെന്നും ജീവഭയമുണ്ടെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്. ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ രോഗിയായ മാതാവിനെ കാണുന്നതിന് തൊടുപുഴയിലെ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കണമെന്നും മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മഠം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി രാജാക്കാട് സ്വദേശിനി സിസ്റ്റര്‍ ലിസി കുര്യനാണ് മൂവാറ്റുപുഴ തൃക്ക ജ്യോതിര്‍ ഭവന്‍ അധികൃതര്‍ക്കെതിരെ പൊലീസിനും തുടര്‍ന്ന് കോടതിയിലും മൊഴി നല്‍കിയത്.

ബിഷപ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയെന്ന വിവരങ്ങള്‍ ഇരയായ കന്യാസ്ത്രീ ആദ്യം തുറന്നു പറഞ്ഞത് സിസ്റ്റര്‍ ലിസിയോടായിരുന്നു. ഇക്കാര്യം പോലീസ്‌
മൊഴിയെടുക്കുമ്ബോള്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണെന്നും രോഗിയായ മാതാവിനെ കാണാന്‍പോലും പുറത്തു പോകാന്‍ അനുവദിക്കാത്ത സാഹചര്യമാണ് മഠത്തിലുള്ളതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. ഏതാനും ആഴ്ച മുമ്ബ് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് മാതാവിനെ കാണാന്‍ തൊടുപുഴയ്ക്ക് പോകാന്‍ അനുവദിച്ചിരുന്നു. അപ്പോഴാണ് സഹോദരങ്ങളോട് താന്‍ തടങ്കലിലാണെന്നും മറ്റുള്ളവരുമായി ഇടപഴകാനോ പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നുമുളള കാര്യം പറഞ്ഞത്.

തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് അറിയിച്ച അവര്‍ ആയിരിക്കുന്ന സ്ഥലത്ത് സംരക്ഷണം നല്‍കാനാണ് കോടതി നിര്‍ദേശം. ഇന്ന് അമ്മയെ കാണാന്‍ തൊടുപുഴയില്‍ കൊണ്ടുപോയതിനു ശേഷം മൂവാറ്റുപുഴയിലെ മഠത്തിലേയ്ക്ക് തിരികെയെത്തിക്കും. വിജയവാഡയിലേയ്ക്ക് പോകാന്‍ തയാറല്ലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. സിസ്റ്റര്‍ ലിസിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്. സിസ്റ്റര്‍ ലിസിയെ വിജയവാഡയിലേയ്ക്ക് മാറ്റരുതെന്നും മഠം അധികൃതരോട് കോടതി നിര്‍ദേശിച്ചു.

തന്നെ വിജയവാഡയിലേയ്ക്ക് മാറ്റുന്നതിനാണ് മഠം അധികൃതര്‍ ശ്രമിക്കുന്നതെന്നും അവിടെ സുരക്ഷിതയായിരിക്കില്ലെന്നും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സിസ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ 13 പേജുള്ള രഹസ്യ മൊഴിയാണ് നല്‍കിയിട്ടുള്ളത്. ബിഷപ്പിനെതിരെ മൊഴി നല്‍കിയ ശേഷം ഒരുതവണ വിജയവാഡയിലേയ്ക്ക് കൊണ്ടുപോയിരുന്നതായി സിസ്റ്റര്‍ ലിസി പറയുന്നു. സഹോദരിയുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ജിമി കുര്യന്‍ ആദ്യം കോട്ടയം പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുക്കുകയും രാത്രിയില്‍ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക