നടിയെ തട്ടിക്കൊണ്ടു പോയി എന്ന തുടക്കത്തിലുള്ള വാര്‍ത്ത ആരുടെ ഭാവനയില്‍ വിടര്ന്നതാണെന്ന് വ്യക്തമല്ല .പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ ക്രൂരമായ പീഡനത്തിനാണ് നടി വിധേയയായതെന്നു വ്യക്തമായി .കേരളത്തെ നടുക്കിയ ക്വട്ടെഷന്‍ ബലാല്‍സംഗകേസിന്റെ തുടക്കമായിരുന്നു അത് .
നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസിലെ അന്വേഷണം അതിന്റെ പിന്നില്‍ നേരിട്ട് പ്രവര്‍ത്തിച്ച പ്രതികളെ കണ്ടെത്തിയത് മൂലം വളരെ പെട്ടെന്ന് തീരാവുന്ന ഒന്നായിരുന്നു . നടിയുടെ കാര്‍ ഡ്രൈവ് ചെയ്ത മാര്‍ട്ടിന്‍, പള്‍സര്‍ സുനിയെപ്പറ്റി സൂചിപ്പിച്ചതോടെ എല്ലാം എളുപ്പമായി .എത്ര ഓടിയാലും പോലീസിന്റെകണ്‍വെട്ടത്തു തന്നെയായിരുന്നു സുനിയും കൂട്ടുകാരും. പക്ഷെ വലിയ ഒരു കടമ്പയുണ്ടായി. ബ്ലാക്ക് മെയിലിനു വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ വീണ്ടെടുക്കുക എന്നത് ഏറ്റവും പ്രധാനമായിരുന്നു. പാലാരിവട്ടത്തുള്ള കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബൗട്ടിക്കില്‍ ഇത് നല്‍കാനായി സുനി എത്തിയെന്ന് അവിടെ ജീവനക്കാരനായിരുന്ന സാഗര്‍ പോലീസിനു മൊഴി നല്‍കി.
പക്ഷെ വിചാരണയില്‍ സാക്ഷി കൂറ് മാറി .. സ്ഥിതി അനുകൂലമല്ലെന്ന് കരുതി ആ പ്രധാന തൊണ്ടി അഭിഭാഷകനായ പൌലോസിനെ ഏല്‍പ്പിച്ചു. അവിടെയാണ് ഈ കേസില്‍ വലിയ ട്വിസ്റ്റ് തുടങ്ങുന്നത് . ഒരു പ്രധാന കേസിലെ തെളിവ് ആകുമെന്ന് സുനിശ്ചയം പറയാവുന്ന പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ആ ദൃശ്യങ്ങളുടെ കോപ്പി എടുത്ത ശേഷം തിരികെ ലഭിക്കാത്ത വിധം നശിപ്പിക്കപ്പെട്ടുവെന്നു അഭിഭാഷകര്‍ മൊഴി നല്‍കി. അഭിഭാഷകര്‍ക്ക് എതിരെ പോലിസ് കേസ് എടുത്തെങ്കിലും അവരെ കോടതി കുറ്റവിമോചിതരാക്കി. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും പോലീസോ പ്രോസിക്യുഷനോ തയാര്‍ ആയില്ല. ഈ കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവ് അങ്ങനെ അപ്രത്യക്ഷമായി. ഇപ്പോള്‍ സെക്കണ്ടറി എവിഡൻസില്‍ ആണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്. ഈ കേസില്‍ ഈ തെളിവ് വീണ്ടുംവീണ്ടും പ്രധാന വിഷയമാകും. ഒരു പക്ഷെ കേള്‍ക്കാന്‍ കഴിയാത്ത ഓരോ ഭാഷ്യങ്ങള്‍ക്കും ഇത് വിധേയമാകും . അതിനു പിന്നില്‍ ആരുടെ ബ്രെയിന്‍ ആയിരുന്നു ?
കേസില്‍ നേരിട്ട് ഉള്‍പെട്ട അഞ്ചു പേരും അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. അവസാനം പള്‍സര്‍ സുനി ഒഴികെയുള്ളവര്‍ സുപ്രീ കോടതിയില്‍ നിന്ന് ജാമ്യം നേടി. സുനിയുടെ ജാമ്യാപേക്ഷയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്
ദിലീപ് കേസില്‍ പെടുന്നു
“...,പെട്ട് പോയി “എന്ന് പള്‍സര്‍ സുനി മറ്റൊരാളോട് ഫോണില്‍ കുമ്പസാരം നടത്തിയെങ്കിലും മറ്റാരെങ്കിലും ഇതില്‍ ഉള്‍പെട്ടിട്ടുണ്ട് എന്ന് വ്യക്തമായ സൂചന തുടക്കത്തില്‍ ഇല്ലായിരുന്നു. അദൃശ്യമായ ചില ഇടപെടലുകള്‍ സംശയം സൃഷ്ടിച്ചുവെങ്കിലും. ഇതിനിടെ അറുപതു ദിവസം തികയും മുന്‍പേ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ മറ്റു പ്രതികളെ കേസില്‍ ചേര്‍ക്കാനുള്ള സാധ്യതയും മങ്ങി. ഒരു പ്രമുഖ നടന്റെ പേര് ഈ കേസില്‍ കേട്ട് വരുമ്പോഴായിരുന്നു അന്വേഷണത്തിനു വഴി അടച്ചു കൊണ്ടു കുറ്റ പത്രം സമര്‍പ്പിച്ചത്. ഇക്കാലത്ത്, അന്നത്തെ പോലിസ് മേധാവി ലോകനാഥ് ബെഹ്റ നിരവധി തവണ ദിലീപ് എന്ന നടനുമായി ബന്ധപ്പെട്ടതിനു തെളിവുകള്‍ ഉണ്ടെന്നു ജനനീതി എന്ന മനുഷ്യാവകാശ പ്രവര്‍ത്തക സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആ ബന്ധം വഴി അന്വേഷണം ദിലീപ് വഴിതിരിച്ചു വിട്ടു എന്നാണു ആരോപണം .
നടിയെ ആക്രമിച്ചതിനു പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ടെന്നു തുടക്കത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ദിലീപിന്‍റെ മുന്‍ഭാര്യ പ്രമുഖ നടി മഞ്ജൂ വാരിയര്‍ തന്നെ കേസിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന ഉണ്ടെന്നു കുറ്റപ്പെടുത്തി. അസ്വാരസ്യം നിറഞ്ഞ ദാമ്പത്യത്തിലൂടെ കടന്നു പോയിരുന്ന നടിയുടെ സുഹൃത്തായിരുന്നു ഇരയാക്കപ്പെട്ട നടി. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെപറ്റി സൂചന നല്‍കിയതു ഇരയാക്കപ്പെട്ട യുവതി ആയിരുന്നു എന്നാണു സൂചന. പക്ഷെ വിവാഹ ജീവിതത്തില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം തിരിച്ചറിയാന്‍ മൂന്നാം കണ്ണ് ഒന്ന് വേണ്ടല്ലോ! മാത്രമല്ല കരക്കമ്പികള്‍എന്നും സത്യമായി ഭവിക്കാറുള്ള സിനിമ മേഖലയില്‍ താന്‍ ഒരു അഗ്നിപര്‍വതത്തില്‍ ചവിട്ടി നില്‍ക്കുകയാണെന്ന് മനസ്സിലാക്കാന്‍ അധിക നേരം വേണ്ട . ദിലീപ് ആണ് പ്രതി എങ്കില്‍ അത് എന്ത് കൊണ്ടാണെന്ന് നന്നായി അറിയുമായിരുന്ന വ്യക്തി മഞ്ജു തന്നെയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇരുവരും വിവാഹ മോചിതരായിരുന്നു. ദിലീപ് പിന്നിട് കാവ്യ മാധവനെ വിവാഹം കഴിച്ചു .
തുടക്കത്തില്‍ ആക്രമണത്തിന്റെ പിന്നില്‍ മറ്റു ബാഹ്യശക്തികള്‍ ആരും ഇല്ലെന്നും ഒരു ഗൂഡാലോചനയും ഇല്ലെന്നും ആയിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. തടവിലെ ജീവിതവും പ്രതീക്ഷിച്ച പോലെ ബാഹ്യ സഹായം ലഭിക്കാത്തതും പള്‍സര്‍ സുനിയെയും സംഘാംഗങ്ങളെയും അസ്വസ്ഥരാക്കി. പള്‍സര്‍ സുനിയുടെ ഉറപ്പില്‍ ക്വട്ടെഷന്‍ ബലാല്‍സംഗത്തിനു സഹായിച്ചവരാണ് മറ്റു നാല് പേര്‍. ആ നിസ്സഹായാവസ്ഥയില്‍ തങ്ങളെ ദൌത്യത്തിന് നിയോഗിച്ച ആളുമായി ബന്ധപ്പെടാനും പണം ഉറപ്പാക്കാനും പള്‍സര്‍ സുനി ശ്രമിച്ചു . ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെടാനും സഹതടവുകാരനായ വിഷ്ണു വഴി ദിലീപിന് ഒരു കത്ത് എത്തിച്ചു കൊടുക്കാനും ശ്രമം ഉണ്ടായി .
ഒരു കത്തിന്റെ രൂപത്തില്‍ ആണ് പള്‍സര്‍ സുനിയുടെ രണ്ടാമത്തെ ബോംബ് വരുന്നത്. ജയിലില്‍ നിന്നയച്ച ആ കത്ത് പോലിസ് കണ്ടെടുത്തു. ദിലീപിന് വേണ്ടി ചെയ്ത കൃത്യമായിരുന്നു അതെന്നും അതില്‍ പങ്കെടുത്തവരെ സഹായിക്കണം എന്നും കത്ത് ഓര്‍മ്മിപ്പിക്കുന്നു. ഒന്നരക്കോടി രൂപയുടെ കരാര്‍ ക്വട്ടെഷന് പിന്നില്‍ ഉണ്ടെന്ന കാര്യവും.
തനിക്കെതിരെ പള്‍സര്‍ സുനി വ്യാജ പരാമര്‍ശം നടത്തുകയാണെന്ന് പറഞ്ഞു ദിലീപ് പോലീസില്‍ പരാതി നല്‍കി. പള്‍സര്‍ സുനിയേ തനിക്ക് അറിയുകയേ ഇല്ല എന്നായിരുന്നു ദിലീപിന്റെ ഭാഷ്യം. പക്ഷെ നടന്‍ മുകേഷിന്റെ ഡ്രൈവര്‍ എന്ന നിലയില്‍ ദിലീപിന് സുനിയേ അറിയാമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൌണ്ട് തോമ എന്ന ദിലീപ് ചിത്രത്തില്‍ ഗുണ്ട എന്ന പേരില്‍ സുനിക്ക് പണം നല്‍കിയ രേഖകളും പിന്നിട് പുറത്തു വന്നു. എന്തായാലും നീണ്ട ചോദ്യം ചെയ്യലിന് ശേഷം കേസില്‍ എട്ടാം പ്രതിയായി ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു .
അറസ്റ്റിലായ നടനു ജാമ്യം നിഷേധിക്കപ്പെട്ടു. പിന്നിട് ലക്ഷ്യയില്‍ മൊബൈല്‍ എത്തിച്ചു എന്ന് മൊഴി കൊടുത്ത സാഗര്‍ വിന്‍സെന്റ് മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദിലീപിന് ജാമ്യം കിട്ടുന്നത്. ജയിലില്‍ കിടന്ന 85 ദിവസങ്ങളില്‍ എണ്‍പതോളം പ്രമുഖര്‍ തന്നെ അദ്ദേഹത്തെ കാണാന്‍ എത്തി. സിനിമയില്‍ ഇരക്കൊപ്പം നില്‍ക്കേണ്ട സംഘടനകളും താരങ്ങളും നടനൊപ്പം നിന്നു . അന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച സുഹൃത്തുക്കളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറും ഉണ്ടായിരുന്നു . ദിലീപ് നായകനായി പിക്ക് പോക്കറ്റ് എന്ന സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം .
നാളെ:
കോടതിയില്‍ അപൂര്‍വ്വ സംഭവങ്ങള്‍
read part 1 ക്വട്ടേഷന്‍ പീഡനം: അഞ്ചു വർഷത്തെ നീതിനിഷേധത്തിന്റെ നാൾവഴി-1 (പി.എസ്. ജോസഫ്)