വൈറ്റ് ഹൗസിൽ നിന്നു രഹസ്യ സ്വഭാവമുള്ള രേഖകൾ അനധികൃതമായി എടുത്തുകൊണ്ടു പോയെന്ന കേസിൽ തന്റെ മേൽ കുറ്റം ചുമത്തിയെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
കുറ്റാരോപിതനായാൽ പ്രോസിക്യൂഷന് അദ്ദേഹത്തിനെതിരെ നടപടികൾ ആരംഭിക്കാം.
"എന്റെ മേൽ കുറ്റം ചുമത്തിയെന്നു എന്റെ അഭിഭാഷകരെ അഴിമതി നിറഞ്ഞ ബൈഡൻ ഭരണകൂടം അറിയിച്ചു," ട്രംപ് തന്റെ ട്രൂത് സോഷ്യൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. "മയാമിയിലെ ഫെഡറൽ കോടതിയിൽ ചൊവാഴ്ച മൂന്നു മണിക്ക് ഹാജരാവാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"മുൻ യുഎസ് പ്രസിഡന്റിന് ഇങ്ങിനെ സംഭവിക്കുമെന്നു ഞാനൊരിക്കലും കരുതിയില്ല."
മറ്റൊരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു: "ഞാനൊരു നിരപരാധിയാണ്!ബൈഡൻ ഭരണകൂടം അടിമുടി അഴിമതിയിലാണ്. എക്കാലത്തെയും വലിയ രാഷ്ട്രീയ വേട്ടയാണിത്."
മാർച്ചിൽ ട്രംപിനെ സ്റ്റോർമി ഡാനിയൽസ് കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹം അന്നു ന്യൂ യോർക്ക് കോടതിയിൽ ഹാജരായി.
വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യ രേഖകൾ കഴിഞ്ഞ ഓഗസ്റ്റിൽ എഫ് ബി ഐ ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ നിന്നു കണ്ടെടുത്തിരുന്നു. ഏഴു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നാണ് എ ബി സി ന്യൂസിന്റെ റിപ്പോർട്ട്. എൻ ബി സി ന്യൂസും വാർത്ത സ്ഥിരീകരിച്ചു.
ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, പ്രതിരോധ രഹസ്യങ്ങൾ ഉൾപ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഫ്ലോറിഡ വസതിയിൽ കണ്ടെടുത്തുവെന്നു കുറ്റപത്രത്തിലുണ്ട്. ചാര നിയമത്തിന്റെ ലംഘനമാണിത്. നീതി നടപ്പാക്കുന്നതിനു തടസം സൃഷ്ടിച്ചു എന്ന കുറ്റവുമുണ്ട്.
സ്റ്റോർമി ഡാനിയൽസ് എന്ന നീലച്ചിത്ര നടിയുടെ മൗനം വാങ്ങാൻ പണം കൊടുത്തുവെന്നും ആ പണമിടപാട് മറച്ചു വയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നും ന്യൂ യോർക്കിലെ കേസിൽ ആരോപിച്ചിരുന്നു. 34 കുറ്റാരോപണങ്ങളാണ് മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് കൊണ്ടുവന്നത്.
ചൊവാഴ്ച മയാമി കോടതിയിൽ ട്രംപ് എത്തുമെന്നു സുരക്ഷാ വിഭാഗങ്ങൾക്കു വിവരം ലഭിച്ചിട്ടില്ലെന്നു പറയുന്നു. സുരക്ഷ ഒരുക്കുന്നത് അവരുടെ തലവേദനയാകും.
കേസിന്റെ ആവശ്യത്തിനു പണം പിരിക്കാനുള്ള ശ്രമങ്ങൾ ട്രംപ് ആരംഭിച്ചു. "ബൈഡൻ നിയമിച്ച സ്‌പെഷ്യൽ കൗൺസൽ എന്റെ മേൽ മറ്റൊരു കേസ് കൂടി കെട്ടിവച്ചു. എനിക്കു രഹസ്യ സ്വഭാവം നീക്കാൻ കഴിയുന്ന രേഖകളാണ് അവർ അതിനു കരുവാക്കുന്നത്," അദ്ദേഹം ഇ-മെയിലിൽ പറഞ്ഞു.
എഫ് ബി ഐ യെയും ഡി ഒ ജെയെയും അടച്ചാക്ഷേപിക്കുന്ന നാലു മിനിട്ടുള്ള വിഡിയോയും ട്രംപ് ഇറക്കി. തിരഞ്ഞെടുപ്പിൽ ഇടപെടാനാണ് അവർ ശ്രമിക്കുന്നതെന്നു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേസ് അന്വേഷണം തുടങ്ങിയ എഫ് ബി ഐ ഓഗസ്റ്റിൽ ഫ്ലോറിഡയിൽ നിന്നു നൂറിലേറെ രഹസ്യ രേഖകളാണ് കണ്ടെടുത്തത്. അവ അടങ്ങുന്ന 15 പെട്ടികൾ എഫ് ബി ഐ നിയമം അനുസരിച്ചു നാഷണൽ ആർകൈവ്സിനു കൈമാറി.
പിന്നീട് ട്രംപിന്റെ അഭിഭാഷകർ നേരിട്ട് 38 രേഖകൾ കൂടി കൈമാറ്റം ചെയ്തു.
Trump says he's been charged in documents case