
ലിയോ ടോൾസ്‌റ്റോയിയുടെ How much money does a man need? എന്ന വിഖ്യാത കഥയുടെ മലയാള പരിഭാഷാശ്രമം. 1886 ൽ എഴുതിയ ചെറുകഥയാണ്.
07/09
പാഹം തൂവൽ കിടക്കയിൽ കിടന്നു, പക്ഷേ ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ ഭൂമിയെ കുറിച്ചു ചിന്തിച്ചുകൊണ്ടേയിരുന്നു. ' എത്രമാത്രം ഭൂഭാഗമാണ് എനിക്ക് അടയാളപ്പെടുത്താൻ കഴിയുക! എനിക്ക് ഒരു ദിവസം മുപ്പത്തിയഞ്ച് മൈൽ എളുപ്പത്തിൽ നടക്കാൻ കഴിയും. ഇപ്പോൾ ദിവസങ്ങൾ വളരെ നീണ്ടതാണ്, മുപ്പത്തിയഞ്ച് മൈൽ പ്രദക്ഷിണത്തിനുള്ളിൽ എത്രയധികം ഭൂമിയുണ്ടാകും! അത്ര ഗുണമില്ലാത്ത ഭൂമി ഞാൻ വിൽക്കും, അല്ലെങ്കിൽ അത് കർഷകർക്ക് വിട്ടുകൊടുക്കും, മികച്ചത് തിരഞ്ഞെടുത്ത് ഞാൻ കൃഷി ചെയ്യും. ഞാൻ രണ്ട് ജോഡി കാളകളെ വാങ്ങും, കൂടാതെ രണ്ട് തൊഴിലാളികളെ കൂടി കൂലിക്കും നിർത്തും. ഏകദേശം നൂറ്റമ്പത് ഏക്കർ ഉഴവുള്ള നിലമായിരിക്കും, ബാക്കിയുള്ളതിൽ ഞാൻ കന്നുകാലികളെ മേയ്ക്കും.
പാഹം രാത്രി മുഴുവൻ ഉണർന്നിരുന്നു, നേരം പുലരുന്നതിന് തൊട്ടുമുമ്പ് ഒന്നു മയങ്ങിയതേയുള്ളു. കണ്ണുകൾ അടഞ്ഞതും അയാൾ ഒരു സ്വപ്‌നത്തിലേക്കു വഴുതി വീണു. താൻ അതേ കൂടാരത്തിൽ കിടക്കുകയാണെന്ന് തോന്നി, പുറത്ത് ആരോ ചിരിക്കുന്നതു പോലൊരു ശബ്ദം കേട്ടു. അത് ആരായിരിക്കുമെന്ന് അയാൾ ചിന്തിച്ചു, എഴുന്നേറ്റു പുറത്തേക്ക് പോയി, ബഷ്‌കീർ തലവൻ കൂടാരത്തിനു മുന്നിൽ ഉരുണ്ടു ചിരിക്കുന്നത് അയാൾ കണ്ടു. തലവന്റെ അടുത്ത് ചെന്ന്, പാഹം ചോദിച്ചു: 'താങ്കൾ എന്തിനാണു ചിരിക്കുന്നത്?' പക്ഷേ, അപ്പോൾ നോക്കിയപ്പോൾ അത് മുഖ്യനല്ല, അടുത്തിടെ തന്റെ വീട്ടിൽ നിർത്തി ഭൂമിയുടെ കാര്യം പറഞ്ഞ ഇടപാടുകാരനാണെന്ന് അയാൾ കണ്ടു. 'നിങ്ങൾ വളരെക്കാലമായി ഇവിടെ ഉണ്ടായിരുന്നോ?' എന്നു പാഹം ചോദിക്കാൻ തുടങ്ങിയതും, അത് കച്ചവടക്കാരനല്ല, മറിച്ച് വോൾഗയിൽ നിന്ന് വളരെക്കാലം മുമ്പ് പാഹമിന്റെ പഴയ വീട്ടിലേക്ക് വന്ന കർഷകനാണെന്ന് അയാൾ മനസ്സിലാക്കി. പക്ഷേ അത് കർഷകനുമല്ല, പിശാച് തന്നെ, കുളമ്പുകളും കൊമ്പുകളുമുള്ള പിശാച്! അത് അവിടെ ഇരുന്നു ചിരിക്കുന്നു, അയാളുടെ മുമ്പിൽ നഗ്‌നപാദനായി നിലത്ത് സാഷ്ടാംഗം വീണു, പാന്റും ഷർട്ടും ധരിച്ച ഒരാൾ കിടക്കുന്നു. അവിടെ കിടക്കുന്നത് എങ്ങനെയുള്ള ആളാണെന്ന് കാണാൻ താൻ കൂടുതൽ ശ്രദ്ധയോടെ നോക്കണമെന്ന് പാഹം സ്വപ്നം കണ്ടു, ആ മനുഷ്യൻ മരിച്ചുകിടക്കയാണെന്നും അത് താൻ തന്നെയാണെന്നും കണ്ടു അയാൾ മയക്കം ഞെട്ടി ഉണർന്നു.
'ഒരാൾ എന്തൊക്കെയാണ് സ്വപ്നം കാണുന്നത്,' അയാൾ ചിന്തിച്ചു. ചുറ്റും നോക്കിയപ്പോൾ തുറന്ന വാതിലിലൂടെ നേരം പുലരുന്നത് അയാൾ കണ്ടു. 'അവരെ ഉണർത്താൻ സമയമായിരിക്കുന്നു,' പാഹം സ്വയം പറഞ്ഞു. നമുക്കു പുറപ്പെടാനുള്ള സമയമായിരിക്കുന്നു എന്ന് വണ്ടിയിൽ ഉറങ്ങുകയായിരുന്ന ആ മനുഷ്യനെ അയാൾ ഉണർത്തി, കുതിരക്കോപ്പു കെട്ടാൻ ആവശ്യപ്പെട്ടു. പിന്നെ ബഷ്‌ക്കീറുകളെ വിളിക്കാൻ പോയി. 'ഭൂമി അളക്കാനായി പുൽമേട്ടിലേക്കു പോകേണ്ട സമയമായിരിക്കുന്നു,' അയാൾ പറഞ്ഞു. ബഷ്‌കിറുകൾ എഴുന്നേറ്റു ഒത്തുകൂടി, തലവനും വന്നു. പിന്നെ അവർ വീണ്ടും കുമിസ് കുടിക്കാൻ തുടങ്ങി, പാഹമിന് ചായ കൊടുത്തു, പക്ഷേ അയാൾ കാത്തുനിന്നില്ല. 'നമുക്ക് പോകണമെങ്കിൽ പോകാം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,' അയാൾ പറഞ്ഞു.