മയിലാടുംകുന്ന് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-12: അന്ന മുട്ടത്ത്)
Image

മയിലാടുംകുന്ന് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-12: അന്ന മുട്ടത്ത്)

Published on 09 June, 2024
മയിലാടുംകുന്ന് (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-12: അന്ന മുട്ടത്ത്)

മനോഹരമായ ഒരു ഗ്രാമം. അവിടുത്തെ എപ്പോഴും സംഗീതാത്മകമായ ഒരു മരതകമണിമണ്ഡപമാണ് മയിലാടുംകുന്ന്. ആ കുന്നിന്‍മുകളില്‍ പണ്ട് മയിലുകള്‍ കുടിപാര്‍ത്തിരുന്നു എന്നാണ് ഐതിഹ്യം. അതുകൊണ്ടാവണം ആ കുന്നിന് മയിലാടുംകുന്ന് എന്ന പേരു സിദ്ധിച്ചത്. (മയിലാടുംകുന്ന് സിനിമ: പ്രേംനസീറും ജയഭാരതിയും നായികാനായകന്മാര്‍. കെ.എസ്. സേതുമാധവന്‍ സംവിധാനം).
അവിടെ കളിക്കൂട്ടുകാരായ ജോയിയും ലിസയും ബാല്യത്തിന്റെ കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളുമായി വളര്‍ന്നു വന്നു. നാട്ടിലെ മുതലാളിയുടെ മകനും ഭൃത്യന്റെ മകളും എന്നത് അവരുടെ സൗഹൃദത്തിന് വിലങ്ങുതടിയായില്ല.
ജോണിച്ചന്റെ ആദ്യഭാര്യ ദീനാമ്മയിലുള്ള മകനാണ് ജോയി. രണ്ടാം ഭാര്യ റോസമ്മയുമായുള്ള അയാളുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്. ചാണ്ടി, തൊമ്മന്‍ തുടങ്ങിയ തെമ്മാടികളുമായുള്ള കൂട്ടുകെട്ടില്‍പ്പെട്ട ജോണിച്ചന്‍ തന്റെ സ്വത്തെല്ലാം മദ്യപിച്ചു നശിപ്പിക്കുകയാണ്.
അങ്ങനെ മയിലാടുംകുന്നും അയാള്‍ വില്‍ക്കുന്നു. എങ്കിലും ലിസയുടെ അച്ഛന്‍ കുടികിടപ്പുകാരനായ ഔതയ്ക്ക് കുറെ സ്ഥലം ഇഷ്ടദാനമായി നല്‍കുന്നു.
പട്ടണത്തിലേക്കു താമസം മാറ്റാനാണ് ജോണിച്ചന്റെ ഉദ്ദേശ്യം. കൂടാതെ തൊമ്മനും ചാണ്ടിയുമായി ചേര്‍ന്ന് ഷെയറിന് ഒരു ബിസിനസ് തുടങ്ങണം.
ജോണിച്ചന്റെ വിശ്വസ്ത ആശ്രിതനായ ഔത ഒരു നിഴല്‍പോലെ മിക്കപ്പോഴും അയാളോടൊപ്പം ഉണ്ടാവും. മയിലാടുംകുന്ന് വിറ്റ് പണം കിട്ടിയ രാത്രിയില്‍ ജോണിച്ചന്റെ പണപ്പെട്ടി മോഷ്ടിക്കപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ അതു കാണാനിടയായ ഔത തസ്‌കരന്‍മാരുമായി ഏറ്റുമുട്ടി. ഔത ആ പണപ്പെട്ടി വീണ്ടെടുക്കുന്നു.
എന്നാല്‍ ചീത്ത കൂട്ടുകെട്ടിലും മദ്യപാനത്തിലും മുഴുകി നടക്കുന്ന ജോണിച്ചനെ ആ പണപ്പെട്ടി ഏല്പിച്ചാല്‍ അതു നശിപ്പിക്കുകയേ ഉള്ളൂ എന്നറിയാമായിരുന്ന ഔത അത് മയിലാടുംകുന്നിലെ ഒരു പാറയിടുക്കില്‍ ഒളിപ്പിച്ചു വച്ചു. ജോയി വളര്‍ന്നു വരുമ്പോള്‍ അവനെ ആ പണം ഏല്പിച്ചാല്‍ മതി.
അതിനിടയില്‍ പണം മോഷ്ടിച്ച ചാണ്ടി പെട്ടി തേടി വന്നു. പാറക്കെട്ടില്‍ വച്ച് അവര്‍ ഇരുവരും കൂടി നടത്തിയ സംഘട്ടനത്തിനിടയില്‍ ചാണ്ടി കൊക്കയിലേക്കു വീണു മരിച്ചു.
നിരപരാധിയായ ഔത മോഷണ കൊതപാതകകുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടു. 12 വര്‍ഷക്കാലത്തെ തടവുശിക്ഷ.
മയിലാടുംകുന്നിനോടു യാത്ര പറഞ്ഞ് ജോണിച്ചനും മകന്‍ ജോയിയുമൊക്കെ പോയി. കളിക്കൂട്ടുകാരന്റെ വേര്‍പാട് ലിസയെയും നൊമ്പരപ്പെടുത്തി.
പകരം പ്രഭു കുര്യച്ചനും കുടുംബവും അവിടെ താമസിക്കാന്‍ എത്തി.
വര്‍ഷങ്ങള്‍ കടന്നുപോയി. ലിസ ഇന്നൊരു യുവസുന്ദരിയാണ്. അവളുടെ മനസ്സില്‍ ഇന്നും ജോയിയുടെ രൂപം നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ ബാല്യത്തിലെ വേര്‍പിരിയലിനുശേഷം അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല.
കുര്യച്ചന്റെ മകന്‍ രായപ്പന്‍ സുഭഗനായ യുവാവാണ്. അവന്‍ ലിസയെ തന്റെ പ്രണയം അറിയിക്കുന്നു. പക്ഷേ ഇന്നും തന്റെ മനസ്സില്‍ ജോയിയേ ഉള്ളൂ എന്ന സത്യം അവള്‍ തുറന്നു പറയുന്നു.
യുവാവായ ജോയി ഇന്ന് കോളജിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ്. അച്ഛന്‍ മരിച്ചുപോവുകയും രണ്ടാനമ്മ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തതോടെ അമ്മാവനോടൊപ്പമാണ് അവന്റെ താമസം.
നഗരത്തില്‍വച്ച് ജോയിയെ യാദൃച്ഛികമായി പരിചയപ്പെട്ട രായപ്പന്‍ ലിസയെക്കുറിച്ച് അവന് തെറ്റായ വിവരങ്ങള്‍ നല്‍കി. കൂടാതെ സ്‌നേഹഭാവത്തില്‍ കടല്‍പാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി കടലില്‍ തള്ളിയിടുകയും ചെയ്തു.
കടല്‍ത്തീരത്ത് കുളിച്ചുകൊണ്ടിരുന്ന ജോയി അപ്രത്യക്ഷനായതായും  മരിച്ചതായും നാട്ടില്‍ വാര്‍ത്ത പ്രചരിച്ചു. അതറിഞ്ഞ് ലിസ ഒത്തിരി കരഞ്ഞു.
അതോടൊപ്പം രായപ്പന്‍ അവളുടെ മനസ്സില്‍ ഇടം നേടാനുള്ള ശ്രമം തുടരുകയാണ്.
അതിനിടയില്‍ ജയിലില്‍ കഴിയുന്ന ഔതയ്ക്ക് രോഗം മൂര്‍ച്ഛിച്ചതായുള്ള അറിയിപ്പു ലഭിച്ചു. കൊച്ചുമറിയയ്ക്ക് സുഖമില്ലായിരുന്നതിനാല്‍ രായപ്പനെ കൂട്ടിയാണ് ലിസയെ ജയിയിലേക്കയച്ചത്. അവസാന നിമിഷം പാപ്പി എന്ന പയ്യന്‍ കൂടെക്കൂടിയത് രായപ്പന് ഒട്ടും ഇഷ്ടമായില്ല.
ജയിലില്‍ വച്ച് ഔത മരിച്ചു. മരിക്കുന്നതിനു മുമ്പ് മയിലാടുംകുന്നിലെ പാറയിടുക്കില്‍ സൂക്ഷിച്ചിരിക്കുന്ന പണപ്പെട്ടിയെക്കുറിച്ചുള്ള വിവരം അയാള്‍ ലിസയോടു പറഞ്ഞു. പക്ഷേ അതു കൂടെയുണ്ടായിരുന്ന രായപ്പനും കേട്ടോയെന്നു സംശയം.
രായപ്പന്‍ ലിസയെ കൊലപ്പെടുത്താന്‍ വേണ്ടി വാടകഗുണ്ടകളെ ഏര്‍പ്പെടുത്തി. ഗുണ്ടകള്‍ അവളെ റെയില്‍പാളത്തില്‍ കൊണ്ടുപോയി കിടത്തി.
പണ്ട് രായപ്പന്‍ കടലില്‍ തള്ളിയിട്ട ജോയിയെ മുക്കുവര്‍ രക്ഷപ്പെടുത്തിയിരുന്നു. അര്‍ദ്ധരാത്രിയില്‍ റോഡില്‍ ഒറ്റപ്പെട്ടുപോയ പാപ്പിയെ രക്ഷപ്പെടുത്തിയത് ജോയിയാണ്. അവനില്‍നിന്ന് വിവരങ്ങള്‍ അറിഞ്ഞ ജോയി മയിലാടുംകുന്നില്‍ എത്തി.
ജോയി എത്തിയ വിവരമറിഞ്ഞ് രായപ്പന്‍ മുങ്ങി. ജോയി ലിസയെ തേടി പുറപ്പെട്ടു.
റെയില്‍പ്പാളത്തില്‍നിന്ന് വലക്കാരന്‍ അന്തോണി അവളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് അന്തോനിക്ക് അവളെ വിവാഹം കഴിക്കാനായി പ്ലാന്‍. വിവാഹത്തലേന്ന് അന്തോണിയുടെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട് ലിസ മയിലാടുംകുന്നില്‍ എത്തി.
ജോയിയും ലിസയും.... അവര്‍ മയിലാടുംകുന്നില്‍ വച്ച് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി. ഇരുഹൃദയങ്ങളും വികാരതരളിതമായി.
പക്ഷേ ഔത ജോയിക്കുവേണ്ടി പാറയിടുക്കി സൂക്ഷിച്ചിരുന്ന പണപ്പെട്ടി അതിനകം തന്നെ രായപ്പന്‍ കരസ്ഥമാക്കിയിരുന്നു. അവന്‍ അതുമായി സ്ഥലംവിട്ടിരിക്കുന്നു.
ജോയി രായപ്പനെ തേടി പുറപ്പെട്ടു. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. രായപ്പന്‍ പണമത്രയും ധൂര്‍ത്തടിച്ചു ചെലവഴിച്ചിരുന്നു. അതിനുപകരം അവന്‍ മയിലാടുംകുന്ന് ജോയിയുടെ പേരില്‍ എഴുതി നല്‍കി. പിന്നെ തന്റെ പ്രിയപ്പെട്ട ലിസായെയും അവന്‍ സ്വന്തമാക്കി.
മയിലാടുംകുന്നിന്റെ ഉച്ചിയില്‍ നിന്നും അവര്‍ കൈക്കു കൈ പിടിച്ചുകൊണ്ട് സോല്ലാസം താഴോട്ടിറങ്ങി.
കൊച്ചുന്നാളിലത്തെകൂട്ട്.
ജോയിയും ലിസായും
ലിസായുടെ കൈകളിലെ കുപ്പിവളകള്‍ കിലുങ്ങി. മാനത്തെ നീലിമയില്‍ നക്ഷത്രങ്ങള്‍ തിളങ്ങി.


Read: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക