അത് വല്ലാത്തൊരു രാത്രി തന്നെ ആയിരുന്നു. താന്നിമൂട്ടില്‍ കൊച്ചുവര്‍ക്കിയെന്ന മഹാകുബേരന്റെ ഗൃഹപ്രവേശച്ചടങ്ങു കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു സുഹൃത്തായ കറിയാച്ചനും ഭാര്യ പുഷ്പമ്മയും. കാനനതുല്യമായ പ്രദേശത്തുകൂടി കാറോടിച്ചുവരുമ്പോള്‍ ശക്തമായ കാറ്റും മഴയും വന്നു. ഒരു വന്‍വൃക്ഷം ഒടിഞ്ഞ് അവരുടെ കാറിന്റെ മുന്നിലേക്കു വീണു. കാട്ടുകള്ളന്മാര്‍ ഉള്ള സ്ഥലമാണ്. അകലെ നിന്നും ഒരു ആനയുടെ ചിന്നംവിളി. അവര്‍ ഭയന്നു വിറച്ചു. പെട്ടെന്ന് പിന്നില്‍ ഒരു മലയിടിഞ്ഞു വീണു. അതോടെ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ.
മാനം മുട്ടുന്ന മലനിരകളും നിബിഡവനങ്ങളും കാട്ടുചോലകളും കര്‍ക്കിടകക്കോളും എല്ലാമുള്ള ഹൈറേഞ്ചിലെ ആ ഇരുണ്ട പ്രദേശത്ത് സമ്പന്നനായ കറിയാച്ചനും ഭാര്യയും ഒറ്റപ്പെട്ടു. അല്പം കഴിഞ്ഞപ്പോള്‍ കാറിനടുത്തേക്ക് ആരൊക്കെയോ ഓടിവരുന്നതുകണ്ടപ്പോള്‍ തങ്ങള്‍ കാട്ടുകള്ളന്മാരുടെ പിടിയില്‍പെട്ടെന്നോര്‍ത്ത് അവര്‍ ഭയചകിതരായി.
പക്ഷേ, അവര്‍ കാട്ടുകള്ളന്മാര്‍ ആയിരുന്നില്ല. ആപത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാനെത്തിയ തദ്ദേശവാസികള്‍ ആയിരുന്നു. കറിയാച്ചനെയും പുഷ്പമ്മയെയും അവര്‍ സമീപത്തുള്ള ഐപ്പുചേട്ടന്റെ കുടിലില്‍ താമസിപ്പിച്ചു. പിന്നീട് 'ബ്രൂസ്‌ലി' എന്നറിയപ്പെടുന്ന അരോഗ്യദൃഢഗാത്രനായ പൈലി എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ രാത്രി തന്നെ അവര്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കിയ മരം മുറിച്ചു മാറ്റി വഴി സഞ്ചാരയോഗ്യമാക്കി.
കറിയാച്ചന്‍ അവരോടു നന്ദി പറഞ്ഞു. ഐപ്പുചേട്ടന്റെ മകള്‍ ജസീന്തയ്ക്ക് തന്റെ സ്ഥാപത്തില്‍ ഒരു ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ജസീന്തയുടെ അമ്മയ്ക്കും കാമുകനായ പൈലിക്കും അതിനോടു വലിയ താല്‍പര്യം ഇല്ലായിരുന്നു. നഗരത്തില്‍ എത്തിയാല്‍ പെണ്‍കുട്ടികള്‍ പിഴച്ചുപോകുമെന്നായിരുന്ന അവരുടെ ഭയപ്പാട്. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ജസീന്ത ഉറപ്പുകൊടുത്തു. കമ്പനിവക ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് അവള്‍ ജോലിക്കുപോയിത്തുടങ്ങി.
പക്ഷേ, നഗരത്തില്‍ സുന്ദരിയായ ജസീന്തയ്ക്കു ചുറ്റും കഴുകദൃഷ്ടികള്‍ ഏറെയുണ്ടായിരുന്നു. എം.ഡി.യുടെ പി.എ. ഒരിക്കല്‍ അവളെ സിനിമാ തീയേറ്ററില്‍ വച്ചു ശല്യപ്പെടുത്തി. ഓഫീസ് സൂപ്രണ്ടായ ഭാസ്‌കരമേനോന്റെ ശല്യം കമ്പനിക്കുള്ളില്‍ വച്ചു തന്നെ ആയിരുന്നു. ജോലി രാജിവച്ചാലോ എന്നുപോലും അവള്‍ ചിന്തിച്ചു.
കറിയാച്ചന്റെ മകന്‍ സതീശ് എന്ന കൊച്ചുമുതലാളി വിദേശത്തെ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് അവിടെ ചാര്‍ജെടുത്തു. ഓഫീസില്‍ ജസീന്തയെ കാണാനിടയായ സുമുഖനായ ആ ചെറുപ്പക്കാരന്‍ അവളില്‍ ആകൃഷ്ടനായി.
നഗരത്തിലെ ജീവിതത്തിനിടയില്‍ തന്നെ മറക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബ്രൂസ്‌ലി എന്ന പൈലിയുടെ കത്ത് അവള്‍ക്കു ലഭിച്ചു. അയല്‍ക്കാരിയായ റാണി എന്ന യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍കൂടി അവന്‍ എഴുതിയപ്പോള്‍ ജസീന്തയ്ക്ക് ഉടന്‍ നാട്ടില്‍ പോകണമെന്നും തോന്നി.
കൊച്ചുമുതലാളിയായ സതീശിനോടൊപ്പം സ്റ്റെയര്‍കേസ് കയറവേ ഒരിക്കല്‍ ജസീന്ത തെന്നിവീഴാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് സതീശ് അവളെ കയറിപ്പിടിച്ചതിനാല്‍ വീണില്ല. അവളുടെ മേനിയില്‍ ആ സ്പര്‍ശനവേളയില്‍ ഒരു വിദ്യുത്പ്രവാഹം ഉണ്ടായി.
തുടര്‍ന്നുള്ള ഞായറാഴ്ച വീട്ടില്‍ നടക്കുന്ന തന്റെ ജന്മദിനാഘോഷങ്ങളില്‍ സംബന്ധിക്കുവാന്‍ സതീശ് അവളെ ക്ഷണിക്കുന്നു.
ജസീന്ത അതില്‍ പങ്കെടുത്തു. ഒരു പ്രത്യേക സാഹചര്യത്തില്‍ അവളുടെ കന്യകാത്വം ജസീന്തയുടെ സമ്മതപ്രകാരം തന്നെ സതീഷ് കവര്‍ന്നെടുത്തു.
അടുത്ത ഞായറാഴ്ച അവളെ കാണുവാന്‍ പട്ടണത്തില്‍ വരുമെന്നറിയിച്ച് നാട്ടില്‍നിന്നും ബ്രൂസ്‌ലി പൈലിയുടെ കത്തുവന്നു. അതോടെ ജസീന്ത ധര്‍മ്മസങ്കടത്തിലായി. ഇപ്പോള്‍ പൈലിക്കും സതീശിനും അവളുടെ ഹൃദയത്തില്‍ ഒരുപോലെ ഇരിപ്പിടം ഉണ്ട്.
അതിനിടെ കമ്പനി ആവശ്യങ്ങള്‍ക്കുവേണ്ടി സതീശ് ബോംബേക്കു പോയി. ആ കാലഘട്ടത്തില്‍ പി.എ. ഗോമസില്‍ നിന്ന് വീണ്ടും അവള്‍ക്കു ശല്യം ഉണ്ടായി. അയാളെ ചെരിപ്പൂരി അടിക്കുമെന്നു വരെ അവള്‍ക്കു പറയേണ്ടിവന്നു.
ഒരു ദിവസം റോഡിലൂടെ നടന്നുപോയ അവളെ ഒരു സംഘം ബലാല്‍ക്കാരമായി കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ തക്കസമയത്ത് അവിടെ എത്തിച്ചേര്‍ന്ന പൈലി ജസീന്തയെ രക്ഷിച്ച് ഹോസ്റ്റലില്‍ എത്തിച്ചു. ആ കാറില്‍ ഉണ്ടായിരുന്ന ഒരു പണപ്പൊതിയും അവന്‍ കൈക്കലാക്കി.
ഇതിനിടെ അയല്‍ക്കാരിയായ റാണിയുടെ കത്ത് ജസീന്തയ്ക്കു ലഭിക്കുന്നു. താനും പൈലിയും ഭാര്യാഭര്‍ത്തക്കന്മാരെപ്പോലെയാണ് ജീവിക്കുന്നതെന്നും, അതിനാല്‍ പൈലി തന്നെ ഉടന്‍ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഒരു കത്ത് അയയ്ക്കണമെന്നുമായിരുന്നു അവളുടെ അഭ്യര്‍ത്ഥന.
താന്‍ മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്നും അതിനാല്‍ പൈലി റാണിയെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് ജസീന്ത കത്തയച്ചു. കാറില്‍ നിന്നും കിട്ടിയ പണം കൊണ്ട് ഒരു വീടു വയ്ക്കുവാനും നിര്‍ദ്ദേശിച്ചു.
ജസീന്ത വീണ്ടും സതീശിന്റെ ബംഗ്ലാവിലെത്തി. അവന്റെ മാതാപിതാക്കള്‍ വര്‍ക്കിച്ചന്‍ മുതലാളിയുടെ മകള്‍ ഉഷസിനെ അവന് വിവാഹമാലോചിക്കാന്‍ പോയിരിക്കുകയായിരുന്നു.
വിവരമറിഞ്ഞ ജസീന്ത ദുഃഖിതയായി. എന്നാല്‍ സതീശിനെയും ജസീന്തയെയും ആലിംഗനബദ്ധരായി ഉഷസ് കാണാനിടയായതോടെ അവരുടെ വിവാഹ തീരുമാനം ഉലഞ്ഞു.
ജസീന്തയ്ക്കു ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്നു. നഗരത്തിലെ വിവരങ്ങളറിഞ്ഞ കാമുകന്‍ പൈലിയും സ്വന്തം മാതാവുപോലും അവളെ തള്ളിപ്പറഞ്ഞു.
പൈലിയും സതീശും തന്നില്‍ നിന്ന് അകന്നു എന്നു ബോദ്ധ്യമായ ജസീന്ത ആത്മഹത്യക്കു ശ്രമിച്ചു. എന്നാല്‍ പൈലി അവളെ രക്ഷപ്പെടുത്തി.
ഉഷസിന്റെ പിതാവ് പൈലിയെയും ജസീന്തയെയും ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചത് സതീശിനും നീരസത്തിനു കാരണമായി.
ക്ലൈമാക്‌സില്‍ സംഘര്‍ഷഭരിതമായ ഒരുപിടി സംഭവങ്ങള്‍ക്കൊടുവില്‍ പൈലി റാണിയുടെയും, സതീശ് ജസീന്തയുടെയും കരം ഗ്രഹിക്കുകയായി.
ജസീന്തയുടെ മഹാഭാഗ്യത്തില്‍ പൈലി അതിയായി സന്തോഷിച്ചു.
നേരം എരിഞ്ഞടങ്ങാന്‍ തുടങ്ങുകയായിരുന്നു. അങ്ങു കാട്ടുമരങ്ങളുടെ ഇടയില്‍ക്കൂടി ഒഴുകിവന്ന സന്ധ്യയുടെ കനകരശ്മികള്‍ ജസീന്തയുടെ ശിരസില്‍ മന്ത്രകോടി പുതപ്പിച്ചു. അപ്പോള്‍ കാട്ടുപറവകള്‍ മംഗളഗാനം ആലപിക്കുകയും പുഴയിലെ കുഞ്ഞോളങ്ങള്‍ താളം പിടിക്കുകയും ചെയ്തു.
Read: https://emalayalee.com/writer/285