Image

പ്രക്ഷോഭങ്ങളും സമരവും നയിച്ച നേതാവ്; സംഭവബഹുലമായ ജീവിതത്തിനു വിരാമം

Published on 01 August, 2024
പ്രക്ഷോഭങ്ങളും സമരവും നയിച്ച നേതാവ്;  സംഭവബഹുലമായ  ജീവിതത്തിനു വിരാമം

(എൺപത്തഞ്ചാം പിറന്നാൾ പ്രമാണിച്ചു 2022 സെപ്റ്റംബറിൽ ഇ-മലയാളി പ്രസിദ്ധീകരിച്ചത്; അദ്ദേഹം എഴുതിയ ലേഖനങ്ങളും കാണാം)

REad magazine format: https://profiles.emalayalee.com/us-profiles/t-s-chacko/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=273242_T.S.%20Chacko.pdf

Read US Profiles: https://emalayalee.com/US-PROFILES

എൺപത്തേഴാം വയസിൽ വിടവാങ്ങുന്ന ഇരവിപേരൂർ തറുവേലിമണ്ണിൽ ടി.എസ്. ചാക്കോ, സഫലമായ ജീവിതത്തിന്റെ ഓർമ്മകൾ പകർന്നു നൽകിയാണ് വിടവാങ്ങുന്നത്. ഇന്ത്യയിൽ പ്രക്ഷോഭങ്ങളും സമരങ്ങളും നയിക്കുകയും നിരാഹാരം കിടക്കുകയും ചെയ്ത അദ്ദേഹം അമേരിക്കയിലെത്തിയ ശേഷവും സാമൂഹിക സേവനം തന്റെ ജീവിത ലക്ഷ്യമായി തുടർന്നു .

ഇന്ത്യയിൽ  ഫാർമസിസ്റ്റായിരുന്നു. പഠിച്ചത്  ആന്ധ്രായിൽ . കേരളത്തിൽ പലയിടത്തും ജോലി ചെയ്തു. ഫാർമസി  ക്ലാസും എടുത്തിരുന്നു. സർക്കാരിന് വേണ്ടി ആദ്യമായി ജോലി ചെയ്യുന്നത് ആലപ്പുഴ ജില്ലാ ആശുപത്രിയിലാണ്. മൂന്നുമാസങ്ങൾക്കുശേഷം വീടിനടുത്ത് തന്നെയുള്ള കല്ലൂപ്പാറയിലേക്ക് സ്ഥലംമാറ്റം കിട്ടി. ആശുപത്രി തുടങ്ങിയ സമയമാണ്, ആഴ്ചയിൽ രണ്ടുതവണയേ ഡോക്ടർ കാണൂ. ഞാനും രണ്ടുമൂന്ന് നഴ്‌സുമാരുമാണ് മരുന്ന് കൊടുത്തുകൊണ്ടിരുന്നത്. പിന്നീടാണ്  വണ്ടിപ്പെരിയാർ, ഏലപ്പാറ, പീരുമേട്  തുടങ്ങിയ ഇടങ്ങളിലുള്ള ട്രാവൻകൂർ ടീ എസ്റ്റേറ്റ് ലിമിറ്റഡ് കമ്പനിയിൽ അപ്പോത്തിക്കിരിയായി ജോലി കിട്ടുന്നത്. ബ്രിട്ടീഷുകാരാണ് അത് നടത്തിയിരുന്നത്. ഒരുലക്ഷത്തി അമ്പതിനായിരത്തോളം തൊഴിലാളികളും രണ്ടായിരം സ്റ്റാഫും ഉണ്ടായിരുന്നു. 18 വർഷം അവിടെ ജോലി ചെയ്തു. ദീർഘകാലം സ്റ്റാഫ് യൂണിയന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

അക്കാലത്തെ മറക്കാൻ കഴിയാത്ത ഓർമ്മ?

ശബരിമലയിലേക്ക് പോകുന്ന വഴിയിലാണ് എസ്റ്റേറ്റ്. പീരുമേട് അമ്പലത്തിൽ തൊഴുതിട്ടാണ് നാട്ടുരാജാക്കന്മാർ അയ്യപ്പനെക്കാണാൻ  പോകുന്നത്. അവർക്ക്  ബ്രിട്ടീഷുകാരുടെ വകയായൊരു സത്രം പണികഴിപ്പിച്ചിരുന്നു. ഇപ്പോഴും അതവിടെയുണ്ട്. കാട്ടാനയുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ ശല്യം ഉണ്ടാകാതിരിക്കാനുള്ള  സുരക്ഷാക്രമീകരണങ്ങളും ഉണ്ട്. ബ്രിട്ടീഷുകാർ എസ്റ്റേറ്റ് തൊഴിലാളികളോട് ഹീനമായാണ് പെരുമാറിയിരുന്നത്. സ്വതന്ത്ര ഭാരതമാണെന്ന് ഓർക്കണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, അറുപതുകളിൽ ബ്രിട്ടീഷുകാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അവരോട് കൂറുള്ള നാട്ടുരാജാക്കന്മാർ നൽകിയിരുന്നു. കോടതിയിൽ മജിസ്‌ട്രേറ്റിനു മുൻപിൽ അവർക്ക് നിൽക്കേണ്ടിയിരുന്നില്ല, കസേരയിട്ടിരിക്കാം. തോക്ക് കൈവശം വയ്ക്കാനും വേട്ടയാടാനുമുള്ള അനുവാദവും ഉണ്ടായിരുന്നു. സായിപ്പ് തേങ്ങ എടുത്ത് മാങ്ങ ആണെന്ന് പറഞ്ഞാൽ, തലകുലുക്കി സമ്മതിക്കേണ്ട ഗതികേടായിരുന്നു പാവം തൊഴിലാളികൾക്ക്. അതിന് ശിങ്കിടി പാടുന്ന ഒരുപാട് സ്റ്റാഫുണ്ടായിരുന്നു. പട്ടം താണുപിള്ളയുടെ കാലത്ത്, സ്വതന്ത്ര ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത്, സ്വന്തം അവകാശങ്ങൾക്കായി ശബ്ദം ഉയർത്തി തൊഴിലാളികൾ സമരം ചെയ്തപ്പോൾ അതിനെ ചെറുക്കാൻ സായിപ്പുമാർ നടത്തിയ വെടിവയ്പ്പ് ഞാൻ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സമയത്താണ്. പശുപാറ വെടിവയ്‌പ്പെന്ന ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ച വിരലിൽ എണ്ണാവുന്നത്ര പേരേ ഇന്ന് ജീവനോടെയുള്ളൂ. ഈ അനീതിക്കെതിരെ ഞാൻ ഏഴ് ദിവസം നിരാഹാരസമരം കിടന്നു. ഇന്നത്തെപ്പോലെ പല ആളുകൾ മാറിമാറി ഇരിക്കുക അല്ല. അഞ്ചാമത്തെ ദിവസം അറസ്റ്റ് ചെയ്ത് ഡോക്ടർമാർ വന്ന് പരിശോധിക്കുമ്പോൾ തളർന്ന് അവശനിലയിലായിരുന്നു ഞാൻ. അപ്പോഴും, മുന്നോട്ട് വച്ച ഡിമാൻഡ് അംഗീകരിക്കുംവരെ ജലപാനം നടത്താൻ തയ്യാറായില്ല. വേതനവ്യവസ്ഥകൾ പാലിക്കുക എന്നുള്ളതായിരുന്നു പ്രധാന ആവശ്യം. പിന്നെയും വർഷങ്ങൾക്ക് ശേഷം, ഇന്ദിരാ ഗാന്ധി തോട്ടങ്ങൾ നാഷണലൈസ് ചെയ്തതിനെത്തുടർന്ന്  ഗത്യന്തരമില്ലാതെയാണ്  സായിപ്പുമാർ ഒഴിഞ്ഞ് പോകാൻ തയ്യാറായത്.
വണ്ടിപ്പെരിയാർ കേരളത്തിലാണെങ്കിലും അവിടെ കൂടുതലും തമിഴരാണ്. തേക്കടി ഡാം പൊളിച്ചുപണിയാൻ തമിഴർ സമ്മതിക്കാതിരുന്നപ്പോൾ, അതിനെ എതിർത്ത് സമരം നടത്താൻ നേതൃത്വം വഹിച്ചതാണ് മറ്റൊരു പ്രധാന ഓർമ്മ.

അമേരിക്കൻ കുടിയേറ്റം?

ജ്യേഷ്ഠന്റെ ഭാര്യ അമേരിക്കയിൽ നഴ്‌സായിരുന്നു. അന്നൊക്കെ മൂന്ന് വർഷം  ജോലി ചെയ്‌താൽ അമേരിക്കൻ പൗരത്വം കിട്ടും. ജ്യേഷ്ഠൻ ഇവിടെ വന്ന് പൗരത്വം നേടിയ ശേഷം, ഞങ്ങൾ സഹോദരങ്ങൾക്ക്  ഓരോരുത്തർക്കായി വിസ തരപ്പെടുത്തി തന്നു. ഇന്ത്യയിൽ ഫാർമസിസ്റ്റ് ജോലി ചെയ്ത പ്രവൃത്തിപരിചയം വച്ച് 82 കാലഘട്ടത്തിൽ അമേരിക്കയിൽ ജോലി ലഭിക്കുമായിരുന്നില്ല. നഴ്സിംഗ് ഒഴികെ ഏതു തൊഴിലായാലും അവിടെ തന്നെ പഠിക്കണമെന്നായിരുന്നു നിയമം. കിട്ടുന്ന ജോലി ചെയ്യാൻ തയ്യാറായിരുന്നു. അങ്ങനെയൊരു കാർ കമ്പനിയിൽ മാനേജരായി. ഞാനിരുന്ന കമ്പനിയിൽ ഒരുപാട് മലയാളികൾക്ക് ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അമേരിക്കയിലെ ആദ്യകാല ഓർമ്മ?

ഇന്ത്യക്കാർ വിവേചനം നേരിട്ടിരുന്ന കാലത്താണ് എനിക്ക് പൗരത്വം ലഭിക്കുന്നത്. മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് നമ്മളിൽ പെട്ടവർ കടന്നുവരണമെന്നും ഇന്ത്യക്കാർ സംഘടിക്കണമെന്നും അന്നേ ഞാൻ പറയുമായിരുന്നു. നഴ്സിങ് പഠിക്കുന്നവർ മാത്രമല്ല, നിയമം പഠിക്കുന്നവരും നമുക്കിടയിൽ നിന്ന് ധാരാളം ഉണ്ടാകണം.
കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി എന്ന സംഘടന രൂപീകരിച്ചു. നമ്മുടെ സംസ്കാരവും ഭാഷയും മുറുകെപ്പിടിക്കുകയായിരുന്നു ലക്‌ഷ്യം. ഓണാഘോഷമൊക്കെ അടുത്ത തലമുറയ്ക്കും പകർന്നു കൊടുത്തു. മലയാള ഭാഷ പഠിപ്പിക്കുന്ന സ്‌കൂൾ തുടങ്ങി. കലയെയും പ്രോത്സാഹിപ്പിച്ചു. നൃത്ത പാഠശാലയ്ക്കും ആരംഭം കുറിച്ചു. ഞാനും വർഗീസ് പ്ലാമൂട്ടിലും ചേർന്ന് മലയാള നാട് എന്നൊരു പത്രവും തുടങ്ങി. ജോൺ എബ്രഹാം എന്ന തിരുവനന്തപുരംകാരനെ മേയർ സ്ഥാനത്ത് മത്സരിപ്പിച്ചതും ജയിക്കാൻ പിന്തുണച്ചതും നല്ലൊരു ഓർമ്മയാണ്.

ഇരട്ടപൗരത്വത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നല്ലോ?

യഹൂദന്മാർക്ക് മാത്രം ഇരട്ടപൗരത്വം നൽകുന്ന പ്രവണത അമേരിക്കയിൽ കണ്ടപ്പോഴാണ് നമ്മളിലേക്ക് ചിന്തിച്ചത്. അഞ്ച് വർഷം അമേരിക്കയിൽ കഴിയുന്ന ഏത് യഹൂദനും ഇരട്ടപൗരത്വം  ലഭിക്കും. അവർക്ക് ഇസ്രയേലിലും അമേരിക്കയിലും വോട്ട് ചെയ്യാം. ഈ അവകാശം ഇന്ത്യക്കാർക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നത് ശരിക്കും ചിന്തിക്കേണ്ട കാര്യമാണ്. ഇന്ത്യയെ സംബന്ധിച്ച് അമേരിക്കയിൽ മാത്രമല്ല, മലേഷ്യയിലും സിംഗപ്പൂരിലും എല്ലാം ധാരാളം പ്രവാസികളുണ്ട്. എല്ലാവരും തിരിച്ചുവന്നാൽ രാജ്യത്തിനത് താങ്ങാൻ കഴിയില്ലെന്നായിരുന്നു ഇതിനായി ഞാൻ സമീപിച്ചപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് ലഭിച്ച മറുപടി. പിന്മാറാതെ ഒരുപാട് വാതിലുകൾ മുട്ടി. കെ.ആർ. നാരായണൻ പ്രസിഡന്റായിരുന്ന സമയത്ത് ഇരട്ടപൗരത്വം കൊണ്ട് ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ ധരിപ്പിച്ചു.

ഫൊക്കാനയുമായും എഎപിഐ-യുമായുള്ള ബന്ധം?

നിരവധി മലയാളി സംഘടനകൾ അമേരിക്കയിൽ രൂപംകൊണ്ടതോടെ ഇവയെ ഒരുകുടക്കീഴിൽ കൊണ്ടുവരണമെന്ന ആലോചനയായി. സംഘടനകളുടെ സംഘടന എന്ന ആശയമാണ് ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക) യുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ഫൊക്കാനയ്ക്ക് വേണ്ടി ഇ.കെ.നായനാർ,  ഉമ്മൻ ചാണ്ടി,വി.എസ്.അച്യുതാനന്ദൻ, രമേശ് ചെന്നിത്തല,ശിവകുമാർ,സുഗതകുമാരി,മോഹൻലാൽ തുടങ്ങി പലരെയും അമേരിക്കയിൽ കൊണ്ടുവന്നത് ഞാനാണ്.
അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഫൊക്കാനയിൽ നിന്ന് ചിലർ പിണങ്ങി, ഫോമാ എന്ന സംഘടന തുടങ്ങിയപ്പോഴും ഞാൻ ഫൊക്കാനയിൽ തന്നെ തുടർന്നു. ഇരുകൂട്ടർക്കും എന്നോട് നീരസമില്ല. ചേർന്ന് പ്രവർത്തിക്കുന്നത് കാണാനാണ് ഇഷ്ടം. ഒന്നിച്ചുനിന്നാൽ അമേരിക്കൻ മലയാളികൾ വലിയൊരു ശക്തിയാണ്. ഭരണാധികാരികൾ ആദ്യകാലത്തൊന്നും നമ്മൾ ക്ഷണിച്ചാൽ പരിപാടികളിൽ പങ്കെടുക്കുമായിരുന്നില്ല. ഇപ്പോൾ മലയാളികൾ വിളിച്ചാൽ, ഗവർണർ അടക്കമുള്ളവർ പാഞ്ഞുവരും. നമ്മൾ ശക്തിപ്പെട്ടപ്പോൾ അവർക്കും നമ്മെ ചേർത്തുനിൽക്കുന്നത് ഗുണകരമാണെന്ന് ബോധ്യമുണ്ട്.  

ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡേർസ് (എഎപിഐ) മെയ് 25 ന് പതിവായി നടത്തുന്ന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പോയപ്പോൾ എനിക്ക് അവാർഡ് കിട്ടിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ നമ്മൾ പുലർത്തുന്ന ജാഗ്രതയ്ക്കായിരുന്നു അംഗീകാരം. നമ്മുടെ സംഘടനകൾ പകർന്നുകൊടുക്കുന്ന സംസ്കാരവും സ്വഭാവമൂല്യങ്ങളുമാണ് ഇതിന് കാരണമെന്നും അവർ വിലയിരുത്തി.

കുടുംബം?

കോട്ടയത്ത് ജസ്റ്റിസ് കെ.ടി.തോമസിന്റെ കുടുംബത്തിൽപ്പെട്ട ചേച്ചമ്മ ചാക്കോ  (ലീലാമ്മ) ആയ്രിരുന്നു ഭാര്യ.  അധ്യാപികയായിരുന്നു, കല്യാണത്തിന് ശേഷം ജോലിക്ക് പോയിരുന്നില്ല.  കാൻസർ ബാധിച്ച് 10  വർഷം മുൻപാണ് മരണപ്പെട്ടത്. മൂന്ന് മക്കളും കുടുംബസമേതം അമേരിക്കയിലാണ്.

മൂത്തമകൻ സക്കറിയ ജേക്കബ് കാലിഫോർണിയയിൽ യുദ്ധവിമാനത്തിന്റെ ക്വാളിറ്റി കണ്ട്രോൾ ഇൻസ്പെക്ടറാണ്. രണ്ടാമത്തെ മകൻ നൈനാൻ ജേക്കബ്  ന്യൂജേഴ്സിയിലാണ്. റെയിൽവേ ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് കൊടുക്കുന്ന ജോലിയാണ്. ഇളയയാൾ വർഗീസ് ജേക്കബ് ന്യൂയോർക്കിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലാണ്. നാലായിരം ബസുകളുടെ കാര്യം നോക്കുന്ന ചുമതലയാണ്.

വിശ്രമ ജീവിതത്തെപ്പറ്റി പറഞ്ഞത്

രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച്  'സമകാലിക സമസ്യകൾ' എന്ന പേരിലെഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാർ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചെഴുതിയ 'ചിരിയുടെ സ്നേഹതീരമാണ്' മറ്റൊന്ന്. മന്ത്രിമാരും  എംഎൽഎ മാരും ബിഷപ്പുമാരും അതിൽ ആശംസ എഴുതിയിട്ടുണ്ട്.

എന്റെ ജീവചരിത്രം എഴുതണമെന്ന് ക്രിസോസ്റ്റം തിരുമേനി മരിക്കും മുൻപ് നിർബന്ധിച്ചിരുന്നു. പകുതിയോളം എഴുതി. 'ഒരു സാധാരണക്കാരന്റെ ജീവചരിത്രം' എന്നാണ് പേര്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തുന്നുണ്ട്. ചിലപ്പോൾ ക്ഷീണം തോന്നുമെങ്കിലും, പുസ്തകം പൂർത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രായമായെന്ന് കരുതി വിശ്രമിക്കാൻ എനിക്ക് ഇഷ്ടമല്ല.

Join WhatsApp News
Thomas T Oommen 2024-08-01 21:56:08
Heartfelt condolences and prayers. Beloved Chackochayan was a very good leader and a blessing to our community. We will miss him. May his soul rest in peace.
Babu 2024-08-02 00:59:08
Heartfelt condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക