തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ മേഘ മധു എന്ന 24-കാരി ആത്മഹത്യ ചെയ്തതിനു പിന്നിലെ സാഹചര്യം നമ്മെ അമ്പരപ്പിക്കുന്നതും സമാനതകളില്ലാത്തതുമാണ്. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ടയേഡ് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏക മകള്‍ മേഘയെ മാര്‍ച്ച് 24-ാം തീയതി രാത്രിയാണ് പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയത്. മകള്‍ ജോലി കഴിഞ്ഞു നേരേ താമസസ്ഥലത്തേക്കാണ് പോകാറുള്ളത്. കഴിഞ്ഞ ദിവസവും അങ്ങനെയാണ് പറഞ്ഞത്. താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍വേ പാത ഇല്ലെന്ന് മധുസൂദനന്‍ പറയുന്നു.
ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് വ്യക്തമാക്കിയത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മേഘ ഈഞ്ചയ്ക്കല്‍ പരക്കുടിയിലുള്ള ഹോസ്റ്റലിലേയ്ക്ക് മടങ്ങും വഴിയാണ് സംഭവം. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ട്രാക്കിലൂടെ നടക്കുമ്പോള്‍ മേഘ സംസാരിച്ചത് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി അസിസ്റ്റന്റായ കാമുകന്‍ സുകാന്ത് സുരേഷുമായാണ്.
എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ നാല് കോളുകള്‍ നീണ്ടിട്ടുള്ളത്. മേഘ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി സുകാന്ത് എന്നും ഇയാള്‍ മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും പിതാവ് മധുസൂദനന്‍ പറയുന്നു. സുകാന്ത് പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് മേഘ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന നിഗമനത്തിലാണ് പോലീസ്. മേഘയുടെ മരണത്തിന് ശേഷം മുങ്ങിയ സുകാന്തിന്റെ ഫോണ്‍ ഓഫാണ്. സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്റെ രണ്ടാംദിവസമാണെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞു. മേഘയുടെ മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ അന്ന് തന്നെ ലുഹൃത്തുക്കള്‍ ചേര്‍ന്ന് സുകാന്തിനെ നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലെത്തിച്ചു. എന്നാല്‍ ആശ്വസിപ്പിക്കാന്‍ കൂടെനിന്ന സുഹൃത്തുക്കളെയടക്കം കബളിപ്പിച്ച് മാതാപിതാക്കള്‍ക്ക് ഒപ്പം സുകാന്ത് ഒളിവില്‍ പോയതെന്നാണ് വിവരം.
ഒളിവില്‍ കഴിഞ്ഞുകൊണ്ട് സുകാന്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന വിവരം അറിഞ്ഞതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. എടപ്പാള്‍ ശുകപുരത്തെ സുകാന്തിന്റെ വീട് പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂള്‍സ് കട നടത്തുകയാണ് പിതാവ്. അമ്മ റിട്ടയേര്‍ഡ് അദ്ധ്യാപികയാണ്. ഏകമകനാണ് സുകാന്ത്. മേഘയും ഏക മകളായിരുന്നു. മതപരമായ അന്ധവിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു. ഇവര്‍ അയല്‍പക്കത്തുള്ളവരുമായി യാതൊരു അടുപ്പവും കാട്ടിയിരുന്നില്ല.
എന്നാല്‍ കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫൊറന്‍സിക് സയന്‍സില്‍ ബിരുദധാരിയായ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐ.ബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നാട്ടിലെ കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുന്‍പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദം യാഥാര്‍ത്ഥ്യമാവുകയാണ്. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായും അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും മേഘയുടെ അമ്മ വെളിപ്പെടുത്തി.
മേഘയ്‌ക്കൊപ്പം രാജസ്ഥാനിലെ ജോധ്പൂരില്‍ ഐ.ബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്. ട്രെയിനിങ് സമയത്താണ് ഇരുവരും അടുക്കുന്നത്. മേഘയുടെ ശമ്പളം മുഴുവന്‍ എട്ടുമാസമായി സുകാന്ത് സുരേഷ് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛന്‍ മധുസൂദനന്റെ ആരോപണം. യു.പി.ഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാണ്.
നിരവധി തവണ സുകാന്ത് മേഘയില്‍ നിന്നും പണം വാങ്ങിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും ചെന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. പലപ്പോഴും മകളുടെ കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പൈസ ഇല്ലായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും മധുസൂദനന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ എറണാകുളം ടോള്‍ പ്ലാസയില്‍ നിന്ന് ഫാസ്ടാഗിലേക്ക് പണം പോയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മകള്‍ സുകാന്തുമായുള്ള ബന്ധം തങ്ങളോട് വെളിപ്പെടുത്തിയതെന്ന് പിതാവ് മധുസൂദനന്‍ പറയുന്നു. മകള്‍ക്ക് വേണ്ടി വാങ്ങിയ കാര്‍ അദ്ദേഹത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതുകൊണ്ടാണ് ടോള്‍ പ്ലാസയില്‍ നിന്നുള്ള സന്ദേശം അദ്ദേഹത്തിന്റെ ഫോണിലേക്ക് എത്തിയത്. മേഘ സുകാന്തിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞിരുന്നു.
എന്നാല്‍, കുടുംബാംഗങ്ങള്‍ നേരിട്ട് സുകാന്തിനെ കാണുന്നതോ വിളിക്കുന്നതോ മകള്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍, മേഘ പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ സുകാന്തിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയൂ എന്നും മധുസൂദനന്‍ കൂട്ടിച്ചേര്‍ത്തു. മകളുടെ ഇഷ്ടങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍, പിന്നീട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് മേഘയുടെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതുകൊണ്ടാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മധുസൂദനന്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നാണ് അനുമാനം. സുകാന്തിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്ന് മേഘ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു. സുകാന്ത് മേഘയെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
സഹപ്രവര്‍ത്തകനായ ഐ.ബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ മധുസൂദനന്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായി എന്നാണ് കുടുംബം ആരോപിക്കുന്നത്. ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.