ആവേശത്തിര ഉയര്‍ത്തി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഒന്നാമത് പഞ്ചഗുസ്തി മത്സരം 'മാഗ്' ആസ്ഥാനമായ സ്റ്റാഫോര്‍ഡ് കേരള ഹൗസില്‍ മാര്‍ച്ച് 29 ശനിയാഴ്ച അരങ്ങേറി. 45 ഓളം വരുന്ന കായികതാരങ്ങള്‍ നേര്‍ക്കുനേര്‍ മാറ്റുരച്ചു. വീറും വാശിയും ഏറിയ മത്സരം ആസ്വദിക്കാന്‍ ഹ്യൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും ഉള്ള നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ 9ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 9. 30ന് പ്രസിഡന്റ് ജോസ് കെ ജോണിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കൗണ്ടി ക്യാപ്റ്റന്‍ മനോജ് കുമാര്‍ പൂപ്പാറ മത്സരം ഔപചാരികമായ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ മത്സരമായിരുന്നു ആദ്യമായി അരങ്ങേറിയത്. കൗതുകവും ആവേശവും ഉയര്‍ത്തിയ മത്സരത്തില്‍ രഞ്ജു സതീഷ് ഒന്നാം സ്ഥാനവും ഡീന രാജേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റയാന്‍ വില്‍സണേ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡെയിന്‍ ജോസഫ് ഒന്നാം സ്ഥാനം നേടി.
175 പൗണ്ടിന് മുകളില്‍ ഭാരമുള്ളവരുടെ അവസാന മത്സരം പൊടി പാറി. പ്രദീപും ജിമ്മിയും ഏറ്റുമുട്ടിയപ്പോള്‍ കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പി. ജിമ്മിയെ ഒരു ഉജ്ജ്വല മത്സരത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി പ്രദീപ് കെ ഡേവിസ് ഒന്നാം സ്ഥാനം സ്വന്തം പേരില്‍ കുറിച്ചു.
മത്സരങ്ങള്‍ നാലുമണിവരെ നീണ്ടുനിന്നു. ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടത്തിനായി പ്രദീപും ജിമ്മിയും അനൂപും റോഷനും ഏറ്റുമുട്ടി. മത്സരാവേശത്തില്‍ കേരള ഹൗസ് പ്രകമ്പനം കൊണ്ടു. നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ പ്രദീപ് കെ ഡേവിസ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് കപ്പുയര്‍ത്തി.
തന്നെ ചലഞ്ച് ചെയ്ത് മുന്നോട്ട് വന്ന എമില്‍ സ്റ്റീഫനെയും ചാമ്പ്യന്‍ പ്രദീപ് പരാജയപ്പെടുത്തി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിജയികള്‍ പ്രസിഡന്റ് ജോസ് കെ ജോണ്‍, ട്രഷറര്‍ സുജിത്ത് ചാക്കോ, വൈസ് പ്രസിഡന്റ് മാത്യുസ് ചാണ്ടപ്പിള്ള, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ്, പി ആര്‍ ഒ ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രേഷ്മ വിനോദ് തുടങ്ങിയവരില്‍ നിന്ന് ട്രോഫികള്‍ ഏറ്റുവാങ്ങി.
ടിജു ചാക്കോയും ടോണിയും പരാതികള്‍ കൂടാതെ കളികള്‍ നിയന്ത്രിച്ചു.
ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് അംഗങ്ങളായ ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, ജോസഫ് കൂനാതന്‍, പ്രഭിത്മോന്‍ വെള്ളിയാന്‍, ബിജോയ് തോമസ്, അലക്‌സ് മാത്യു, റീനു വര്‍ഗീസ്, വിഗ്‌നേഷ് ശിവന്‍ തുടങ്ങി മത്സരത്തിന്റെ വിജയത്തിനായി 15 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ജിമ്മി കുന്നശ്ശേരി, അനില്‍ ആറന്മുള, ജോജി ജോസഫ്, എസ് കെ ചെറിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ് (മിക്കി) മത്സരത്തിന്റെ മുഖ്യ സംഘാടകനാ യി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഘടനാപാടവവും തീപാറും കമന്ററിയും എടുത്തുപറയേണ്ട മികവാണ്. സുജിത് ചാക്കോ നന്ദി രേഖപ്പെടുത്തി.
ക്രിക്കറ്റ്, സോക്കര്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങീ പത്തോളം കായിക മത്സരങ്ങള്‍ ഈ വര്‍ഷം സംഘടിപ്പിക്കുമെന്ന് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയിയും സെക്രട്ടറി രാജേഷ് വര്‍ഗീസും അറിയിച്ചു.
അപ്ന ബസാര്‍, ആര്‍ വി എസ് ഇന്‍ഷുറന്‍സ്, മാത്യൂസ് ചാണ്ടപിള്ള ടി ഡബ്ലിയു എഫ് ജി, അമല്‍ അലക്‌സാണ്ടര്‍ Prompt Realty, എന്നിവര്‍ പ്രായോജകര്‍ ആയിരുന്നു.
ദക്ഷിണ്‍, ആഷാ, ബീറ്റ്‌സ് എഫ് എം റേഡിയോ എന്നിവ ലൈവായി മത്സരം കാണിച്ചു. ചാനല്‍ 24 എന്ന വാര്‍ത്താ ചാനലിനോടും നന്ദി രേഖപ്പെടുത്തുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഫേസ്ബുക്, യൂട്യൂബ് മാധ്യമങ്ങളിലൂടെയും ആയിരങ്ങള്‍ തത്സമയം മത്സരം വീക്ഷിച്ചു.