ഇന്ന് ക്ലാസ്സ് കഴിഞ്ഞ് താഴേ ഇറങ്ങി വന്നപ്പോഴേക്കും അപ്പുവും അമ്മുവും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. കൈപിടിച്ചു വലിച്ച് എന്നെ സോഫയിൽ കൊണ്ടിരിത്തി. അമ്മു മടിയിൽ കയറിയിരുന്നു. അപ്പു എന്റെ കഴുത്തിൽ കൂടി കയ്യിട്ട് ആടിക്കൊണ്ടു പറഞ്ഞു, "അമ്മൂമ്മേ..., ഒരു കഥ പറഞ്ഞു തരൂ... പ്ലീസ്.
ദേ..., സുന്ദരിപ്പൂച്ചയുടേയും, മണിയനാനക്കുട്ടിയുടേയും കഥകളൊന്നും വേണ്ട, അതൊക്കെ കേട്ടു മടുത്തു. പുതിയൊരു കഥ വേണം.. മ്മൂമ്മേ".
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
"അയ്യോ.., ഇനി പ്പെന്താ പറയാ...., ന്റെ കയ്യിലെ സ്റ്റോക്കൊക്കെ
തീർന്നല്ലോ...!"
" അതു പറ്റില്ല.., പുതിയ കഥന്നെ വേണം, അമ്മൂമ്മ ഉണ്ടാക്കി പറഞ്ഞാൽ മതീന്നേയ്", അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
രണ്ടു പേരും വിടാനുള്ള ഭാവമില്ല.
കുറച്ചു നേരം ആലോചിച്ചിരുന്നിട്ട് ഞാൻ പറഞ്ഞു,
"ന്നാൽ കേട്ടോളിൻ, പുതിയ ഒരു നീണ്ടകഥ".
രണ്ടു പേരും ആകാംക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
അങ്ങിനെ പുതിയൊരു നീണ്ടകഥക്ക് തുടക്കമിട്ടു.
ഒരു കുട്ടീണ്ടാർന്നു....,
ഇടത്തരം കുടുംബത്തിൽ ജനിച്ചുവെങ്കിലും കുട്ടിക്കാലം മുതൽക്കേ സ്വന്തമായൊരു കാഴ്ചപ്പാടുള്ള, അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഒരു പത്തു വയസ്സുകാരി....., ആരാണെന്നറിയോ..., ദേവൂട്ടി.
വീട്ടുകാരും നാട്ടുകാരും ദേവൂട്ടിയെ പലപേരും വിളിച്ചിരുന്നു..., അമ്പൂട്ടി, മോളൂട്ടി, അമ്പി, ഉണ്ടപ്പക്കുടു എന്നിങ്ങനെ. ആരെന്ത് പേര് വിളിച്ചാലും ദേവൂട്ടിക്ക് യാതൊരു പ്രശ്നവുമില്ല, ചിരിച്ചു കൊണ്ട് പുള്ളി ഉടുപ്പുമിട്ട് അങ്ങിങ്ങായി ഓടി നടക്കും.
നിത്യേന രാവിലെ കയ്യിൽ കൈക്കോട്ടും പിടിച്ച്
പറമ്പ് മുഴുവനുംനനയ്ക്കും.അതാണ് ദേവൂട്ടി..!
നമുക്കാദ്യം ദേവൂട്ടീടെ വീട്ടിൽ പോയാലോ...?
വീടിന്റെ പടിക്കൽ നിന്നു നോക്കിയാൽ നേരെ കാണാം വേട്ടേക്കരൻ കാവ്. തറവാട്ടമ്പലമാണ്. അമ്പലത്തിന്റെ നട മറയാതെ തെക്കുവശത്ത് രണ്ടു നിലയുള്ള ഓടിട്ട വീട് കണ്ടോ...?
ഇനി നമുക്കകത്തേക്ക് കയറാം. ചെന്നു കയറുന്നത് നീണ്ടു കിടക്കുന്ന ഒരു ഇറയത്തേക്കാണ്. മരത്തിൽ നിർമ്മിച്ച ഉരുണ്ട തൂണുകളുള്ള തിണ്ണകൾ, അവിടെ ഓട്ടു കിണ്ടിയിൽ വെള്ളം വെച്ചിട്ടുണ്ട്., കാലു കഴുകി അകത്തേക്ക് കയറാം... ല്ലേ..? ഇറയത്തേക്ക് കയറിയാൽ വലതു വശത്ത് ഒരു ചാരുകസേര കണ്ടോ? അതിൽ കിടന്നാണ് ദേവൂട്ടീടെ അച്ഛൻ പേപ്പർ വായിക്കുന്നത്.
ഇടതു വശത്ത്, ഒരു പുസ്തകപ്പടിയിൽ മഹാഭാരതോം, രാമായണോം, ലളിത സഹസ്രനാമവും എല്ലാം അടുക്കിവെച്ചിരിക്കുന്നതു കണ്ടോ? അവിടെ ഇരുന്നു കൊണ്ടാണ് ദേവൂട്ടീടെ ചേച്ചമ്മനാമം ചൊല്ലുന്നത്.
ഇനി നമുക്ക് അകായിലേക്ക് കടക്കാം...,
അകായീന്ന് പടിഞ്ഞാട്ടുള്ള മുറി ചേച്ചമ്മയുടേതാ. കിഴക്കോട്ട് തിരിഞ്ഞാൽ അടുക്കളയും മേലടുക്കളയും. ദേവൂട്ടീടെ വീട്ടിലെ കിണർ വീടിന്റെ ഉള്ളിൽ തന്നെയാണ്. എന്ന് വെച്ചാൽ, അടുക്കളയിൽ നിന്ന് തന്നെ വെള്ളം കോരാം. അകായീന്ന് തെക്കോട്ട് കടന്നാൽ കോണിച്ചോട്. അവിടുന്ന് മുകളിലെ നിലയിലേക്ക് കയറാനായി മരം കൊണ്ടുള്ള കോണിപ്പടികൾ കണ്ടോ? കോണിച്ചോടിന്റെ പടിഞ്ഞാറുവശത്തുള്ള മുറി അച്ഛന്റേത്. കിഴക്കേവശത്തുള്ള മുറി പണ്ട് കലവറയായിരുന്നു. പല വലിപ്പത്തിലുള്ള മങ്ങലികളിൽ( വലിയ മൺപാത്രം) നിറയെ അരി, പല വലിപ്പത്തിലുള്ള ഭരണികളിൽ മാങ്ങ ഉപ്പിലിട്ട് വായ് കെട്ടിവെച്ചത്, കടുമാങ്ങ, പുളി ഉണക്കി സൂക്ഷിച്ചിരിക്കുന്നത് എന്നിവയെല്ലാം കാണാമായിരുന്നു. പിന്നീട് അത് കിടപ്പുമുറിയാക്കി.
ഇനി ദേവൂട്ടിയെക്കുറിച്ച് പറയാം.
ഇരു നിറം., എപ്പോഴും ചിരിച്ച മുഖo, തിളങ്ങുന്ന കണ്ണുകൾ, നെറ്റിയിലൊരു ചന്ദനക്കുറി, കുളി കഴിഞ്ഞ്, മുട്ടുവരെ എത്തുന്ന അഴിച്ചിട്ട മുടിയും, ഓടിനടന്ന് ആരെന്തു പറഞ്ഞാലുo ചെയ്ത് കൊടുക്കുന്ന പ്രകൃതം. വിറക് വെട്ടും, തേങ്ങ പൊളിക്കും.., അമ്മക്ക് വയ്യാത്ത ദിവസങ്ങളിൽപശുവിനെ കറക്കും.., ദേവൂട്ടിക്ക്റിയാത്ത പണികളൊന്നുമില്ല.
ദേവൂട്ടിക്ക് രണ്ടു ചേച്ചിമാർ, ഒരേട്ടൻ, ഒരനുജത്തി, പിന്നെ ഒരനുജനും ഉണ്ട്. ദേവൂട്ടിക്ക് അമ്മയേക്കാൾ കൂടുതൽ ഇഷ്ടം ചേച്ചമ്മയോടായിരുന്നു .
ചേച്ചമ്മയുടെ കൂടേയാണ് സ്കൂളിൽ പോകാറ്.
ഇസ്തിരിചെയത്, മുട്ടുവരെ എത്തുന്ന പച്ചപ്പാവാടയും വെള്ള ഷർട്ടും, രണ്ടു ഭാഗത്ത് മെടഞ്ഞിട്ട മുടിയുമായി സ്കൂളിൽ പോകുന്ന ദേവൂട്ടിയെ കണ്ടാൽ എല്ലാവരും ഒന്നു നോക്കിനിന്നു പോകും.
ചിലർ ചോദിക്കാറുണ്ട്, "മോളൂട്ടി ഏത് കോൺവെന്റിലാ പഠിക്കണേ..?".
അപ്പൊ ദേവൂട്ടി ചിരിച്ചു കൊണ്ട് പറയും.., "ഞാൻ കോൺവെന്റിലൊന്നൊല്ല പഠിക്കണേ.., ചേച്ചമ്മ ജോലി ചെയ്യണ എൽ പി സ്കൂളിലാ പഠിക്കണേ" ന്ന്.
പഠിത്തത്തിൽ മിടുക്കി, പിന്നെ ഡാൻസ്, പാട്ട്, കവിതാ പാരായണം, എന്ന് വേണ്ട എല്ലാത്തിലും ഒന്നാമൻ.
വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന ദേവൂട്ടിക്ക് അവളുടേതായ ഒരു കൊച്ചു ലോകമുണ്ട്. അവൾ പൂച്ചയോടും, പട്ടിയോടും കിളികളോടും സംസാരിക്കുമായിരുന്നു.
ഒരിക്കൽ ഒരു കാലൊടിഞ്ഞ കുഞ്ഞിക്കിളി മുറ്റത്ത് വന്നു വീണു. അതിനെ എടുത്ത്, കാലിൽ മരുന്നു കെട്ടിവെച്ച്, ഭക്ഷണോം വെള്ളവും കൊടുത്തു ശുശ്രൂഷിച്ചു. പറക്കാറായപ്പോൾ, "ഇനി നീ പറന്നു പൊയ്ക്കോ " ന്ന് പറഞ്ഞ് അതിനെ പറത്തി വിട്ടു.
വീട്ടിൽ ഒരു പട്ടി വരുവായിരുന്നു.., ഒറ്റക്കണ്ണുള്ള ലൂസി. ദേവൂട്ടി എന്നും അതിന് ഭക്ഷണം കൊടുക്കും, മുറ്റത്ത് വീട്ടുകാവലായ് അതവിടെ കിടക്കും.
ഒരു രാത്രി, കോരിച്ചൊരിയുന്ന മഴ..., വീടിനും ചുറ്റും ഓടിനടന്ന് ലൂസി കുരക്കുന്ന ശബ്ദം .
ദേവൂട്ടി അച്ഛനെ വിളിച്ചുണർത്തി....,
" അച്ഛാ... മ്മക്ക് പുറത്തൊന്നു പോയി നോക്കാ.., നമ്മുടെ ലൂസിയാ കരയണേ..., അതിന് കുട്ട്യോള് ഉണ്ടായാവോ...! എന്തിനാവോ പാവം കരേണത്".
അച്ഛനേം കൂട്ടി ,ലൈറ്റിട്ടു ദേവൂട്ടി ഉമ്മറത്തേക്ക് ചെന്നപ്പോൾ ലൂസി കരഞ്ഞുകൊണ്ട് വേട്ടേക്കരൻ കാവിന്റെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് ഓടിപ്പോയി.
കോരിച്ചൊരിയുന്ന മഴ!
ദേവൂട്ടിക്ക് ഒരു പിടിത്തോം കിട്ടിണില്യ. പിന്നേം ലൂസി അവിടെ വന്ന് അവരുടെ മുഖത്ത് നോക്കി കുരച്ചു, എന്നിട്ട് വീണ്ടും വാഴത്തോട്ടത്തിലേക്കോടി.
ദേവൂട്ടിയും അച്ഛനും കൂടി, ഒരു ടോർച്ചും മിന്നിച്ച് അവിടെ എത്തിയപ്പോൾ കണ്ടത്, ലൂസി പ്രസവിച്ച് അധികം നേരമായിട്ടില്ലാത്ത 3 പട്ടിക്കുട്ടികളേയാണ്. അത് കണ്ടപ്പോൾ കുട്ടിക്ക് സഹിച്ചില്ല, അവളാ പട്ടിക്കുട്ടികളെ വാരിയെടുത്തു, തൊഴുത്തിനോടു ചേർന്നുള്ള പുൽത്തൊട്ടിയിൽ ഒരു ചാക്കു വിരിച്ചു ആ കുട്ടികളെ അതിൽ കിടത്തി. ഹോ... ! ലൂസിയുടെ സന്തോഷo കാണേണ്ടതു തന്നേയായിരുന്നു. അതാ കൂട്ടികളെ നക്കിത്തുടക്കാൻ തുടങ്ങി.
"ന്റെ കുട്ടിക്ക് ഇപ്പൊ സമാധാനായില്ലേ.."
അച്ഛൻ ദേവൂട്ടിയെ കൂട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
"ഉം".
നിഷ്ക്കളങ്കമാർന്ന ആ ബാല്യത്തിന്റെ ചുരുളഴിച്ചപ്പോൾ ഏറെ ഓർമ്മകൾ മുന്നിലൂടെ മിന്നി മറഞ്ഞു.
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ പോലെ..!
" അമ്മൂമ്മേ.., ആ പട്ടിക്കുട്ടികൾ വലുതായപ്പോൾ ദേവൂട്ടി എന്ത് ചെയ്തു...?" അപ്പു ചോദിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "അവ മുറ്റത്തൊക്കെ ഓടി നടന്നൂ, ലൂസിയമ്മയുടെ കൂടെ അവരും അവിടുത്തെ ഭക്ഷണo കഴിച്ചു.., രാത്രി വീടിന് കാവലിരുന്നു. പക്ഷെ അവ വലുതായപ്പോൾ തെരുവുനായ്ക്കളുടെ കൂടെ കൂടി.......
"ഇനി മതി മക്കളെ .., ബാക്കി മറ്റൊരു ദിവസം പറഞ്ഞു തരാം, സമയം ഒരു പാടായി.. പോയിക്കിടന്നുറങ്ങാൻ നോക്കൂ.... good night ".
"അല്ല അമ്മൂമ്മേ....., ക്ക് ഒരു സംശയം...", അപ്പു.
" ഉം.., എന്താ?"
"ഏയ് ഒന്നൂല്യ".
"ന്നാൽ ശരി അമ്മൂമ്മേ...., good night to u too.... ഉമ്മ..".
അവർ 2 പേരുo
തിരിഞ്ഞു നടന്ന് മുറിയിലേക്ക് കയറുമ്പോൾ അപ്പൂസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു..,
"ദേവൂട്ട്യേ....., goodnt "!
ഞാൻ മനസ്സുതുറന്ന് അന്ന് പൊട്ടിച്ചിരിച്ചു.
ഓർമ്മകളടെ മണിച്ചെപ്പ് തുറന്നപ്പോൾ...., ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം അങ്ങിങ്ങായ് മിന്നി മറയുന്നുണ്ടായിരുന്നു.
വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള ദൂരം എറെ കുറഞ്ഞതു പോലെ. ചിരിച്ച മുഖവുമായി ഓടിനടക്കുന്ന ആ പത്ത് വയസ്സുകാരി എന്റെ മുന്നിൽ വന്നു നിന്ന് ചോദിച്ചു.., " അപ്പോൾ എന്നെ മറന്നിട്ടില്യ..... ല്ലേ?"
ഒരു ചെറുചിരിയോടെ,
കണ്ണുമടച്ച് ഞാനാ സോഫയിലോട്ട് ചാരിയിരുന്നു, മരിക്കാത്ത ഓർമ്മകളെ താലോലിച്ചുകൊണ്ട്....!
(തുടരും....)