MediaAppUSA

പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു (ലേഖനം) - സുനില്‍ എം.എസ്‌

സുനില്‍ എം.എസ്‌ Published on 02 June, 2015
 പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു (ലേഖനം) - സുനില്‍ എം.എസ്‌
പാരീസ് പ്രണയനഗരമായി ലോകമെമ്പാടും അറിയപ്പെടുന്നു. പ്രണയമിഥുനങ്ങള്‍ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി പാരീസിലെ ചില പാലങ്ങളുടെ കൈവരികളില്‍ തങ്ങളുടെ പ്രണയികളുടെ പേരുകള്‍ വരഞ്ഞ താഴുകളിട്ടു പൂട്ടിയ ശേഷം അവയുടെ താക്കോലുകള്‍ പ്രണയം ശാശ്വതമായിരിയ്ക്കാന്‍ വേണ്ടി പുഴയിലെറിഞ്ഞു കളയുന്നു.

പ്രണയമിഥുനങ്ങളുടെ ഇടയില്‍ ഇതൊരു പതിവായിട്ട് ഒന്നരപ്പതിറ്റാണ്ടോളമായി. പാരീസിലെ പ്രാദേശികജനത മാത്രമല്ല, പാരീസില്‍ അനുദിനം ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ പോലും ഈ പതിവില്‍ ആവേശത്തോടെ പങ്കു ചേരുന്നു. തങ്ങള്‍ പൂട്ടിയിട്ട താഴുകള്‍ പാലങ്ങളില്‍ തുടരുവോളം, തങ്ങളുടെ പ്രണയവും ഭദ്രമായിരിയ്ക്കുമെന്നു പ്രണയമിഥുനങ്ങള്‍ വിശ്വസിയ്ക്കുന്നു.

പക്ഷേ, ഈ പ്രണയാ!ധിക്യം പല പാലങ്ങളുടേയും നിലനില്‍പ്പു പോലും അപകടത്തിലാക്കിയിരിയ്ക്കുന്നു. പാരീസിലെ പോണ്‍ഡിസാര്‍ നടപ്പാലത്തില്‍ മാത്രമായി ഒരു ദശലക്ഷത്തിലേറെയുണ്ടത്രെ, ഇത്തരം പ്രണയത്താഴുകള്‍. താഴുകളില്‍ നിന്നുള്ള ഘര്‍ഷണമേറ്റ് പാലങ്ങളില്‍ പോറലുകള്‍ വീഴുകയും ആ പോറലുകള്‍ തുരുമ്പിനും ബലക്ഷയത്തിനും കാരണമാകുകയും ചെയ്തിരിയ്ക്കുന്നു. പോണ്‍ഡിസാര്‍ പാലത്തിലെ ദശലക്ഷം താഴുകളുടെ ഭാരവും ഭീമം: 45 ടണ്‍! ചില പാലങ്ങള്‍ പുരാതനമായവയാണ്. താഴുകളുടെ ബാഹുല്യം ഇത്തരം പുരാതനമായ പാലങ്ങളുടെ അഴകിനേയും പരിരക്ഷയേയും പ്രതികൂലമായി ബാധിച്ചിരിയ്ക്കുന്നു.

പ്രണയത്തിന്റെ പ്രതീകമായി പാലങ്ങളിന്മേല്‍ താഴുകളിട്ടു പൂട്ടുന്ന പതിവ് ഉപേക്ഷിയ്ക്കണമെന്നു പാരീസ് നഗരസഭ ജനതയോട് പല തവണ ആഹ്വാനം ചെയ്തിട്ടുള്ളതാണെങ്കിലും താഴുകളുടെ എണ്ണം കൂടിവരികയല്ലാതെ, ഒരിയ്ക്കലും കുറഞ്ഞിട്ടില്ല. ഗത്യന്തരമില്ലാതെ നഗരസഭ ദശലക്ഷത്തോളം വരുന്ന താഴുകള്‍ പാലത്തില്‍ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനം വൈമനസ്യത്തോടെയായിരുന്നിരിയ്ക്കണം, എടുത്തിരുന്നു. ആ തീരുമാനം തിങ്കളാഴ്ച നടപ്പില്‍ വരുത്താന്‍ തുടങ്ങി. 'മധുരിച്ചിട്ടു തുപ്പാനും വയ്യ, കയ്ച്ചിട്ടിറക്കാനും വയ്യ' എന്ന സ്ഥിതി: പ്രണയത്തിന്റെ പ്രതീകങ്ങളെ തള്ളാനും വയ്യ, എന്നാല്‍ പാലങ്ങളെയോര്‍ത്തു കൊള്ളാനും വയ്യ.

താഴുകളുടെ നീക്കം ചെയ്യല്‍ പ്രണയമിഥുനങ്ങളെ ഭീതിയിലാഴ്ത്തിയിരിയ്ക്കുന്നു. താഴുകള്‍ എക്കാലവും സുരക്ഷിതമായിരിയ്ക്കുമെന്നും, അവ സുരക്ഷിതമായിരിയ്ക്കുന്നിടത്തോളം കാലം, തങ്ങളുടെ പ്രണയവും സുരക്ഷിതമായിരിയ്ക്കുമെന്നുമാണ് അവര്‍ വിശ്വസിച്ചിരുന്നത്. തങ്ങള്‍ പൂട്ടിയ താഴുകള്‍ പൊളിയാനിടയായാല്‍ അതു തങ്ങളുടെ പ്രണയത്തിന്റെ ഭദ്രതയേയും ബാധിയ്ക്കുമെന്ന് അവര്‍ ഭയക്കുന്നു. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സെയ്ന്‍ നദിയ്ക്കു കുറുകെയുള്ള ചരിത്രപ്രസിദ്ധമായ  പോണ്‍ഡിസാര്‍ നടപ്പാലത്തിന്മേലുണ്ടായിരുന്ന താഴുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം തിങ്കളാഴ്ച ആരംഭിച്ചു. യന്ത്രങ്ങളുപയോഗിച്ച് താഴുകള്‍ അറുത്തെടുക്കുമ്പോള്‍ നിരവധിപ്പേര്‍ അകലെ, മ്ലാനതയോടെ നോക്കിനിന്നു.

താഴുകളുടെ ഭാരം മൂലം കഴിഞ്ഞ വര്‍ഷം മോണ്‍ഡിസാര്‍ നടപ്പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. അതോടെ പാലത്തിലുള്ള തിരക്കിന്മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. താഴുകളുടെ വരവു തടയാന്‍ വേണ്ടി പാലത്തിന്റെ കൈവരികളില്‍ സ്ഫടികമതിലുകള്‍ ഘടിപ്പിച്ചു നോക്കി. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക്കു കൊണ്ടുള്ള കൈവരികളുയര്‍ത്തി. ഇതൊന്നും പ്രണയമിഥുനങ്ങളുടെ ആവേശം കെടുത്തിയില്ല. അവര്‍ താഴുകളിട്ടു പൂട്ടുന്ന പതിവ് പാരീസിലെ മറ്റു പാലങ്ങളിലേയ്ക്കും ലോകത്തുള്ള മറ്റു നഗരങ്ങളിലേയ്ക്കും ഇതു വ്യാപിച്ചു.

ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ള്‍ലിന്‍ ബ്രിഡ്ജിലും ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തിലെ ഓഹാന്‍സെലേണ്‍സ് പാലത്തിലും ആസ്‌ട്രേലിയയിലെ ഹ്യൂം തടാകത്തിനരികിലെ ഇരുമ്പു വേലിയിലും കാനഡയിലെ വാങ്കൂവര്‍ ഐലന്റിലെ വൈല്‍ഡ് പസിഫിക് ട്രെയിലിലും ഇറ്റലിയിലെ പോണ്ടെ വെച്ചിയോ പാലത്തിലും അയര്‍ലന്റിലെ ഹാപ്പെനി പാലത്തിലും പ്രണയപ്പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അള്‍ജിയേഴ്‌സിലും ലാസ് വേഗസിലും ക്യാന്‍ബറയിലും മെല്‍ബണിലും അറ്റ്‌ലാന്റയിലുമെല്ലാം ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇടയ്ക്കിടെ നിര്‍ദ്ദയം നീക്കം ചെയ്യപ്പെട്ടിട്ടുമുണ്ട്.

അനശ്വരപ്രണയത്തിന്റെ പ്രതീകമായി പാലത്തിന്മേല്‍ താഴിട്ടു പൂട്ടി താക്കോല്‍ പുഴയിലെറിഞ്ഞുകളയുന്ന പതിവു തുടങ്ങിയത് നൂറു കൊല്ലം മുമ്പ്, ഒന്നാം ലോകമഹായുദ്ധകാലത്ത് സെര്‍ബിയയിലായിരുന്നു. നാദ എന്നൊരു സ്‌കൂളദ്ധ്യാപികയും റെല്ല എന്നൊരു പട്ടാള ഓഫീസറും പ്രണയത്തിലായി. അവര്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ റെല്ലയ്ക്ക് ഗ്രീസില്‍ നടന്ന യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നു. യുദ്ധത്തില്‍ സെര്‍ബിയന്‍ സൈന്യം പരാജയപ്പെട്ടു. കോര്‍ഫു എന്ന പ്രദേശത്തുവച്ച് അന്നാട്ടുകാരിയായ ഒരു വനിതയുമായി റെല്ല പ്രണയത്തിലായി. റെല്ലയും നാദയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നു. ആ തകര്‍ച്ച നാദയുടെ അന്ത്യത്തിലവസാനിച്ചു.

വൂറന്യക്ക ബനയിലെ യുവതികള്‍ തങ്ങളുടെ പ്രണയബന്ധങ്ങള്‍ ഭദ്രമായിരിയ്ക്കാന്‍ വേണ്ടി, നാദയും റെല്ലയും പതിവായി സമ്മേളിച്ചിരുന്ന മോസ്റ്റ് ല്യൂബവി നടപ്പാലത്തിന്റെ ഇരുമ്പുകൈവരികളില്‍ താഴുകളിട്ടുപൂട്ടി, അവയില്‍ തങ്ങളുടെ പ്രണയികളുടെ പേരുകള്‍ വരഞ്ഞ ശേഷം താക്കോലുകള്‍ പുഴയിലെറിഞ്ഞു കളയാന്‍ തുടങ്ങി. കാലം ചെന്നപ്പോള്‍ ഈ പതിവിനൊരു വിരാമമുണ്ടായെങ്കിലും, ഡേസങ്ക മാക്‌സിമോവിച്ച് എന്ന സെര്‍ബിയന്‍ കവി 'പ്രണയത്തിനായുള്ളൊരു പ്രാര്‍ത്ഥന' എന്ന കവിതയെഴുതിയതോടെ ആ പതിവു പുനര്‍ജനിയ്ക്കുകയും പൂര്‍വ്വാധികം പ്രചാരം നേടുകയും ചെയ്തു. സെര്‍ബിയയില്‍ വൈറ്റ് ബ്രിഡ്ജ് എന്നൊരു പാലം നിര്‍മ്മിയ്ക്കപ്പെടുകയും അത് 'പ്രണയപ്പാലം' എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്തു.

'പത്തു ലക്ഷം താഴുകള്‍ ഞങ്ങള്‍ നീക്കം ചെയ്യും. നാല്പത്തഞ്ചു ടണ്‍!' പാരീസ് നഗരസഭയുടെ അധികാരികളിലൊരാളായ ബ്രൂണോ ജുലിയാര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'പാരീസ് നഗരം പ്രണയനഗരമായിത്തന്നെ തുടരണം. മിഥുനങ്ങള്‍ അവരുടെ പ്രണയം പ്രഖ്യാപിയ്ക്കണം, വിവാഹാഭ്യര്‍ത്ഥന നടത്തണം, അത് പോണ്‍ഡിസാര്‍ പാലത്തിന്മേലാകുകയുമാകാം. പക്ഷേ, അത് താഴിട്ടുപൂട്ടിക്കൊണ്ടാകരുത്.' ജുലിയാര്‍ഡ് പറഞ്ഞു.

മോണ്‍ഡിസാര്‍ പാലത്തിനു ചുറ്റും പോലീസ് കാവല്‍ നില്‍ക്കുന്നു. താഴുകള്‍ നീക്കം ചെയ്യല്‍ നടക്കുന്ന പാലത്തിലേയ്ക്ക് പ്രവേശനം അനുവദിയ്ക്കുന്നില്ല. ജനം ചുറ്റും തിങ്ങിക്കൂടിയിരിയ്ക്കുന്നു. അവരില്‍ പലരുടേയും പ്രണയത്താഴുകള്‍ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കൂട്ടത്തിലുണ്ടാകാം. തങ്ങളുടെ താഴുകളുടെ അവസാനക്കാഴ്ചയ്ക്കു വേണ്ടിയായിരിയ്ക്കണം അവര്‍ തിങ്ങിക്കൂടിയിരിയ്ക്കുന്നത്. തങ്ങളുടെ പ്രണയത്തിന്റെ പ്രതീകങ്ങളായ താഴുകളെ കേവലമാലിന്യമെന്ന പോലെ, മാലിന്യം നീക്കം ചെയ്യാനുപയോഗിയ്ക്കാറുള്ള ലോറികളില്‍ കയറ്റിക്കൊണ്ടു പോകുന്ന കാഴ്ച അവരില്‍ പലര്‍ക്കും ഹൃദയഭേദകമായിരുന്നിരിയ്ക്കണം.

പ്രണയത്താഴുകളുടെ ആധിക്യം പാലങ്ങളുടെ സുരക്ഷിതത്വത്തിനൊരു വെല്ലുവിളിയായിപ്പരിണമിയ്ക്കുന്നുണ്ടെങ്കിലും, അവ നീക്കം ചെയ്യുന്നത് പലര്‍ക്കും ഹൃദയഭേദകമായൊരു കാഴ്ചയായിരിയ്ക്കണം. ആ താഴുകളില്‍ അവരുടെ ഹൃദയത്തിന്റെ അംശമാണല്ലോ ഉള്ളത്.

വിവാഹമോചനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ സമൂഹത്തിന്റേയും സാമൂഹ്യബോധത്തിന്റേയും അടിത്തറ തന്നെ ഇളകിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് ശാശ്വതപ്രണയങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയാണു വേണ്ടിയിരുന്നത്. പ്രണയത്താഴുകള്‍ പാലങ്ങളെ അപകടത്തിലാക്കുന്നുണ്ടെങ്കില്‍, നഗരത്തിലെ മറ്റെവിടെയെങ്കിലും – പാര്‍ക്കുകളിലോ മറ്റനുയോജ്യമായ സ്ഥലങ്ങളിലോ – ഇതിനായി കൈവരികള്‍ സ്ഥാപിയ്ക്കുകയും, പാലങ്ങളില്‍ നിന്നു നീക്കം ചെയ്യുന്ന പ്രണയത്താഴുകള്‍ ആ കൈവരികളിലേയ്ക്കു മാറ്റിസ്ഥാപിയ്ക്കുകയോ ചെയ്യുകയായിരുന്നു ഉത്തമം. അവ നശിപ്പിയ്ക്കുന്നത് കഠോരമാകും.

 പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു (ലേഖനം) - സുനില്‍ എം.എസ്‌ പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു (ലേഖനം) - സുനില്‍ എം.എസ്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക