MediaAppUSA

ഓഹരിക്കച്ചവടത്തില്‍ നിന്നുള്ള ലാഭം കൂട്ടാം, നഷ്ടം കുറയ്‌ക്കാം (ലേഖനം: രചന: സുനില്‍ എം എസ്‌)

Published on 14 September, 2015
ഓഹരിക്കച്ചവടത്തില്‍ നിന്നുള്ള ലാഭം കൂട്ടാം, നഷ്ടം കുറയ്‌ക്കാം (ലേഖനം: രചന: സുനില്‍ എം എസ്‌)
നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോള്‍ മാത്രം വായിക്കുക.

'പുകവലി ആരോഗ്യത്തിനു ഹാനികരം' എന്ന മുന്നറിയിപ്പിനോടു സാദൃശ്യമുള്ള, 'സൂക്ഷിച്ചില്ലെങ്കില്‍ ഓഹരിക്കച്ചവടം സമ്പത്തിനു ഹാനികരമാകാം' എന്നൊരു മുന്നറിയിപ്പോടെ വേണം ഓഹരിക്കമ്പോളത്തെ സമീപിയ്‌ക്കാന്‍. എങ്കിലും പുകവലിയും ഓഹരിക്കച്ചവടവും തമ്മില്‍ കാതലായൊരു വ്യത്യാസമുണ്ട്‌: പുകവലികൊണ്ടു ദോഷം മാത്രമേയുണ്ടാകൂ; ഓഹരിക്കച്ചവടം കൊണ്ടു ദോഷത്തേക്കാളേറെ ഗുണമുണ്ടാകാം.

ഓഹരിക്കച്ചവടം കൊണ്ടു ഗുണമുണ്ടാകുന്നില്ലെങ്കില്‍ മണിക്കൂറില്‍ മൂവായിരം കോടി രൂപയ്‌ക്കുള്ള കച്ചവടം ഇന്ത്യയിലെ ഓഹരിക്കമ്പോളത്തില്‍ നടക്കുമായിരുന്നില്ല. കഴിഞ്ഞ നവമ്പറില്‍ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിന്റെ മൂലധനമൂല്യം നൂറു ലക്ഷം കോടി (ഒരു കോടിക്കോടി) രൂപ സ്‌പര്‍ശിച്ചു. ഇന്ത്യയിലെ അപ്പോഴത്തെ ആകെ ബാങ്കുനിക്ഷേപമാകട്ടെ എഴുപത്തൊമ്പതു ലക്ഷം കോടി (ജൂണ്‍ 2014) മാത്രമായിരുന്നു. ബാങ്കുകളില്‍ നിക്ഷേപിച്ചതിനേക്കാളേറെ പണം ജനം ഓഹരികളില്‍ നിക്ഷേപിച്ചിരിയ്‌ക്കുന്നു. ഒരു കാര്യം ഉറപ്പ്‌: ബാങ്കുനിക്ഷേപത്തിനു കിട്ടുന്ന പലിശയേക്കാളേറെ ലാഭം ഓഹരിനിക്ഷേപത്തില്‍ നിന്നു കിട്ടുന്നുണ്ടാകണം.

ഡിവിഡന്റിനെപ്പറ്റിയല്ല വിവക്ഷ. കാരണമുണ്ട്‌. ഒന്നാംകിട ഓഹരികളിലൊന്നായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ കാര്യം ഉദാഹരണമായെടുക്കാം. റിലയന്‍സ്‌ ഈയിടെ 100 ശതമാനം ഡിവിഡന്റു നല്‍കി. നൂറു ശതമാനമോ! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. ചെറിയൊരു കുഴപ്പമുണ്ടിവിടെ: ഓഹരിയുടെ മുഖവിലയിന്മേലായിരിയ്‌ക്കും ഡിവിഡന്റു പ്രഖ്യാപിയ്‌ക്കുന്നത്‌. മുഖവിലയെന്നാല്‍ ഫേസ്‌ വാല്യു. റിലയന്‍സിന്റെ ഫേസ്‌ വാല്യു പത്തു രൂപ. പത്തുരൂപയുടെ നൂറു ശതമാനമെന്നാല്‍ പത്തു രൂപ തന്നെ. പത്തു രൂപയുടെ ഡിവിഡന്റു കിട്ടണമെങ്കില്‍ റിലയന്‍സിന്റെ ഓഹരി കൈവശമുണ്ടാകണം. കൈവശമില്ലെങ്കില്‍ ഓഹരിക്കമ്പോളത്തില്‍ നിന്നു വാങ്ങണം. ഇതെഴുതുന്ന സമയം റിലയന്‍സിന്റെ ഒരോഹരി കമ്പോളത്തില്‍ നിന്നു വാങ്ങണമെങ്കില്‍ 870.50 രൂപ കൊടുക്കണം. 870.50 രൂപ മുടക്കി ഒരോഹരി വാങ്ങിയാല്‍ കിട്ടാന്‍ പോകുന്നതു 10 രൂപയുടെ ഡിവിഡന്റ്‌. ഇത്‌ 870.50 രൂപയുടെ 1.15 ശതമാനം മാത്രമേ ആകുന്നുള്ളു. റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതിനു പകരം, 870.50 രൂപ ഏതെങ്കിലുമൊരു ബാങ്കില്‍ ഒരു വര്‍ഷത്തേയ്‌ക്കുള്ള ഫിക്‌സഡ്‌ ഡെപ്പസിറ്റായി നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം തികയുമ്പോള്‍ 67.45 രൂപ പലിശ കിട്ടും: 8 ശതമാനം നിരക്കില്‍. ഇത്‌ ഒരു ബാങ്കിന്റെ നിരക്ക്‌. ഇതിലുമുയര്‍ന്ന നിരക്ക്‌ മറ്റു പല ബാങ്കുകളിലുമുണ്ടെന്നു വരാം. ഓഹരിക്കമ്പോളത്തില്‍ നിന്നു മാര്‍ക്കറ്റു വിലയ്‌ക്ക്‌ ഓഹരികള്‍ വാങ്ങുന്നതു താരതമ്യേന തുച്ഛമായ ഡിവിഡന്റിനു വേണ്ടിയല്ല. ഓഹരിവില ഉയരുമെന്നും, ആ ഉയര്‍ച്ച വലിയൊരു ലാഭത്തിലേയ്‌ക്കു നയിയ്‌ക്കുമെന്നുമുള്ള പ്രതീക്ഷയാണു ഓഹരിക്കമ്പോളത്തില്‍ നിന്നുള്ള ഭൂരിഭാഗം വാങ്ങലുകളുടേയും പിന്നിലുള്ള പ്രേരകം.

ഓഹരിക്കമ്പോളത്തില്‍ നഷ്ടമുണ്ടാകുന്നതു സാധാരണയാണ്‌. അതൊഴിവാക്കുക അസാദ്ധ്യം. ചെറുകിട നിക്ഷേപകര്‍ക്കു മാത്രമല്ല, വന്‍കിട നിക്ഷേപകര്‍ക്കും നഷ്ടമുണ്ടാകാറുണ്ട്‌. ഓഹരിക്കമ്പോളത്തിലുണ്ടായ നഷ്ടം മൂലം തകര്‍ന്നു പോയ ലീമാന്‍ ബ്രദേഴ്‌സ്‌ അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കായിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മെറില്‍ ലിഞ്ചിനെ ബാങ്ക്‌ ഓഫ്‌ അമേരിക്ക വിലയ്‌ക്കു വാങ്ങാന്‍ തയ്യാറായതുകൊണ്ടു മാത്രം മെറില്‍ ലിഞ്ചു രക്ഷപ്പെട്ടു. ഇത്ര വലിയ സ്ഥാപനങ്ങള്‍ പോലും ഓഹരിക്കമ്പോളത്തിലെ നഷ്ടം മൂലം തകരാമെന്നിരിയ്‌ക്കെ, ചെറുകിട നിക്ഷേപകരുടെ കാര്യം പറയാനുണ്ടോ!

ദാ, ഇതൊന്നു ശ്രദ്ധിച്ചു കേട്ടോളൂ: ഓഹരിക്കമ്പോളത്തില്‍ നഷ്ടമുണ്ടാകുന്നത്‌ ഒഴിവാക്കാനാവില്ലെങ്കിലും, നഷ്ടത്തിനൊരു പരിധി നിശ്ചയിയ്‌ക്കാനാകും. മൂലധനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിലേറെ നഷ്ടമുണ്ടാകാത്ത തരത്തില്‍ ഇടപാടു നടത്താനാകും. ഇതു താരതമ്യേന എളുപ്പവുമാണ്‌.

നഷ്ടത്തിനൊരു നിശ്ചിതപരിധി നിശ്ചയിയ്‌ക്കുകയാണ്‌ ആദ്യ പടി. ഓഹരി വാങ്ങാന്‍ വേണ്ടി നാം നീക്കിവയ്‌ക്കുന്ന തുക നമ്മുടെ മൂലധനമാണ്‌. ആ മൂലധനത്തിന്റെ എത്ര ശതമാനം നഷ്ടം വരെ സഹിയ്‌ക്കാന്‍ നാം തയ്യാറാണ്‌ എന്ന ചോദ്യത്തിനുത്തരം ആദ്യം തന്നെ തീരുമാനിയ്‌ക്കണമെന്നര്‍ത്ഥം. ഇരുനൂറു രൂപ വിലയുള്ള ഒരോഹരി വാങ്ങാന്‍ വേണ്ടി ഇരുനൂറു രൂപ നാം നീക്കിവച്ചിരിയ്‌ക്കുന്നെന്നു കരുതുക. ഈ മൂലധനത്തിന്റെ എത്ര ശതമാനം വരെ നഷ്ടപ്പെടാന്‍ നാം തയ്യാറാണ്‌? ഒരൊറ്റയിടപാടില്‍ത്തന്നെ അമ്പതു ശതമാനം നഷ്ടം വരെ സഹിയ്‌ക്കാന്‍ നാം തയ്യാറാണെന്നിരിയ്‌ക്കട്ടെ. ഓരോ ഓഹരിയിടപാടിലും ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. ഒന്നിലേറെ ഇടപാടുകളില്‍ തുടര്‍ച്ചയായി ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. രണ്ടിടപാടുകളില്‍ തുടര്‍ച്ചയായി അമ്പതു ശതമാനം വീതം നഷ്ടമുണ്ടായാല്‍, ആ ഓഹരിയ്‌ക്കു വേണ്ടി നാം നീക്കിവച്ചിരുന്ന മൂലധനം മുഴുവന്‍ അതോടെ ഇല്ലാതാ!കും. ഓരോ ഇടപാടിലും ഇത്ര വലിയ നഷ്ടം സഹിച്ചുകൊണ്ടു ഓഹരിക്കമ്പോളത്തില്‍ മുന്നോട്ടു പോകാനാവില്ല. തുടര്‍ച്ചയായി ഏതാനും ഇടപാടുകളില്‍ നഷ്ടമുണ്ടായാല്‍പ്പോലും മുന്നോട്ടു പോകാന്‍ വേണ്ട മൂലധനം നമ്മുടെ പക്കലവശേഷിയ്‌ക്കണം. ഓരോ ഇടപാടിലും അഞ്ചു ശതമാനം നഷ്ടം വരെ സഹിയ്‌ക്കാന്‍ നാം തയ്യാറാണെന്നു തത്‌കാലത്തേയ്‌ക്കു കരുതുക. ഈ നിരക്കില്‍, ഇരുപതിടപാടുകള്‍ തുടര്‍ച്ചയായി നഷ്ടത്തിലവസാനിച്ചെങ്കില്‍ മാത്രമേ, നമ്മുടെ മൂലധനം തീരുകയുള്ളു. ഒരുദാഹരണമെന്ന നിലയ്‌ക്ക്‌ അഞ്ചു ശതമാനത്തെ ഉയര്‍ത്തിക്കാട്ടിയെന്നേയുള്ളു. അഞ്ചിനു പകരം ഒരു ശതമാനം മുതല്‍ പത്തു ശതമാനം വരെയുള്ള ഏതു ശതമാനവുമാകാം. പത്തിനു മുകളിലേയ്‌ക്കു പോകാതിരിയ്‌ക്കുന്നതാവും നന്ന്‌.

ഓരോ ഇടപാടിലുമുണ്ടായേയ്‌ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്നു തത്‌കാലം തീരുമാനിയ്‌ക്കാം. അതെങ്ങനെ പ്രവൃത്തിയില്‍ വരുത്താമെന്നു നോക്കാം. മുന്നൂറും നാനൂറുമൊക്കെയായി വില ഉയരുമെന്ന പ്രതീക്ഷയോടെ നാം 200 രൂപയ്‌ക്കു വാങ്ങിയ ഓഹരി, ഉയരുന്നതിനു പകരം ഏതാനും ദിവസം കൊണ്ട്‌ 100ലേയ്‌ക്കു തകരുന്നെന്നു കരുതുക. 200 രൂപയ്‌ക്കു വാങ്ങിയ ഓഹരി 100ലേയ്‌ക്കിറങ്ങിയാല്‍ നമ്മുടെ മൂലധനവിലയില്‍ 50 ശതമാനം ഇടിവുണ്ടാകുന്നു. 200 രൂപയ്‌ക്കു വാങ്ങിയ ഓഹരി ഒടുവില്‍ 100 രൂപയ്‌ക്കു വില്‍ക്കുന്നെങ്കില്‍ 50 ശതമാനം നഷ്ടം നാം സഹിയ്‌ക്കേണ്ടി വരുന്നു. എന്നാല്‍, ഓരോ ഇടപാടിലുമുണ്ടായേയ്‌ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തില്‍ കൂടാനനുവദിയ്‌ക്കില്ലെന്ന തീരുമാനം നിമിഷങ്ങള്‍ക്കു മുമ്പു നാമെടുത്തിരുന്നു. ഇതനുസരിച്ച്‌, ഓഹരിവില 200ല്‍ നിന്ന്‌ 190ലേയ്‌ക്കു താഴ്‌ന്നുകഴിഞ്ഞയുടനെ, നാമതു വിറ്റൊഴിയണം. 200ന്റെ അഞ്ചു ശതമാനമാണു പത്തു രൂപയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 200 രൂപയ്‌ക്കു വാങ്ങി 190 രൂപയ്‌ക്കു വിറ്റപ്പോള്‍ നമ്മുടെ നഷ്ടം അഞ്ചു ശതമാനം. തുടര്‍ന്ന്‌ ആ ഓഹരി 100ലേയ്‌ക്കു തകരുന്നെങ്കിലും, നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കാന്‍ നമുക്കായി.

200 രൂപയ്‌ക്കു വാങ്ങുന്ന ഓഹരി 100രൂപയിലേയ്‌ക്ക്‌ എപ്പോഴും താഴ്‌ന്നുകൊള്ളണമെന്നില്ല. താഴ്‌ന്നാലും ശരി, താഴ്‌ന്നില്ലെങ്കിലും ശരി, നഷ്ടസാദ്ധ്യതയ്‌ക്കൊരു പരിധി നിശ്ചയിച്ചേ തീരൂ. ആ പരിധി താത്‌കാലികമായെങ്കിലും നിശ്ചയിച്ചു കഴിഞ്ഞ നിലയ്‌ക്ക്‌, ഇനി, ലാഭമെങ്ങനെ നേടാമെന്നു നോക്കാം. 200 രൂപയ്‌ക്കു നാം ആ ഓഹരി വാങ്ങിയ ഉടനെ, തകര്‍ച്ച തുടങ്ങും മുമ്പ്‌ അത്‌ 202ലേയ്‌ക്കു കയറിയിരുന്നെന്നു കരുതുക. അതിനു ശേഷമാണു 100ലേയ്‌ക്കുള്ള അതിന്റെ തകര്‍ച്ച തുടങ്ങിയതെന്നു കരുതുക. ഓഹരിക്കമ്പോളഭാഷയില്‍ 202ല്‍ ഒരു 'ടോപ്പ്‌' അല്ലെങ്കില്‍ 'ഹൈ' ഉണ്ടാക്കി എന്നാണിതിനു പറയുക. വില 200ല്‍ നിന്ന്‌ 202ലേയ്‌ക്കു കയറിയതുകൊണ്ട്‌ 202ന്റെ അഞ്ചു ശതമാനമാണ്‌ ഇനി കണക്കാക്കേണ്ടത്‌. 202ന്റെ അഞ്ചു ശതമാനം = 10.10 രൂപ. 202 മൈനസ്‌ 10.10 = 191.90 രൂപ. നാമിനി വില്‍ക്കേണ്ടത്‌ 191.90 രൂപയ്‌ക്കാണ്‌. വിലയിറങ്ങുന്നതിനിടയില്‍ 191.90ലേയ്‌ക്കെത്തിയ ഉടനെ നാമതു വിറ്റൊഴിയണം. നമ്മുടെ നഷ്ടം = 200191.90 = 8.10 രൂപ. 100ലേയ്‌ക്കു തകരുന്നതിനു മുമ്പ്‌ ഓഹരിവില 202ലേയ്‌ക്കുയര്‍ന്നിരുന്നതുകൊണ്ട്‌, നമ്മുടെ നഷ്ടം 4.05 ശതമാനമായിക്കുറഞ്ഞു. അതായത്‌, 8.10 X 100 / 200 = 4.05%.

വാങ്ങിയ വിലയില്‍ നിന്ന്‌ അഞ്ചു ശതമാനം ഇറങ്ങിയപ്പോഴല്ല, അതിനു ശേഷം രൂപംകൊണ്ട ടോപ്പില്‍ നിന്ന്‌ അല്ലെങ്കില്‍ ഹൈയില്‍ നിന്ന്‌ അഞ്ചു ശതമാനം ഇറങ്ങിയപ്പോഴാണു നാം വിറ്റത്‌. ഓഹരിവില രണ്ടു രൂപ കയറിയപ്പോള്‍, നാം അതുകൂടി കണക്കിലെടുത്ത്‌, നമ്മുടെ നഷ്ടം കുറച്ചു. 190നു വില്‍ക്കുമായിരുന്നതു നാം 191.90നു വിറ്റു. പത്തു രൂപ നഷ്ടമുണ്ടാകുമായിരുന്നിടത്തു നഷ്ടം 8.10 രൂപ മാത്രമായി. പ്രധാനപ്പെട്ടൊരു കാര്യം ഇതില്‍ നിന്നു വ്യക്തമാകുന്നു: ഓഹരിവില ഉയരുന്നതിനനുസരിച്ച്‌, നാം വില്‍ക്കേണ്ട വിലയും ഉയരണം. 200നു മുകളിലേയ്‌ക്കുയരാതിരുന്നപ്പോള്‍, 190നു വില്‍ക്കാന്‍ നാം തയ്യാറായിരുന്നു. വില 202ലേയ്‌ക്കുയര്‍ന്നപ്പോള്‍, നാം 191.90നു വില്‍ക്കാന്‍ തയ്യാറായി. നമ്മുടെ നഷ്ടസാദ്ധ്യത അങ്ങനെ കുറഞ്ഞു.

ഭാവന അല്‌പം വര്‍ണ്ണശബളമാക്കാം. 200 രൂപയ്‌ക്കു നാം ഓഹരി വാങ്ങിയ ഉടനെ, അത്‌ 300ലേയ്‌ക്കുയരുന്നെന്നും അതിനു ശേഷമാണത്‌ 100ലേയ്‌ക്കു തകരുന്നതെന്നും കരുതുക. ഇവിടെ 300ലാണ്‌ ടോപ്പ്‌ അല്ലെങ്കില്‍ ഹൈ ഉണ്ടായിരിയ്‌ക്കുന്നത്‌. 300ന്റെ അഞ്ചു ശതമാനം 15 രൂപ. നാം വില്‍ക്കേണ്ട വില ഇങ്ങനെ കണക്കാക്കാം: 30015 = 285. വില 300ല്‍ നിന്ന്‌ 285ലേയ്‌ക്കിറങ്ങുമ്പോള്‍ നാമതു വിറ്റൊഴിയണം. വാങ്ങിയ വില 200 രൂപ, വിറ്റ വില 285 രൂപ. ലാഭം 285200 = 85 രൂപ. വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഡീലറുടെ ബ്രോക്കറേജ്‌ കൊടുക്കേണ്ടി വരും. ഇത്‌ ആകെ ഒരു ശതമാനത്തിലൊതുങ്ങുമെന്നതിനാല്‍, കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി തത്‌കാലം നമുക്കതു വിടുക.

നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്ന തീരുമാനത്തോടെയാണ്‌ നാം ഓഹരി വാങ്ങാനിറങ്ങിയതും 200 രൂപയ്‌ക്ക്‌ ഓഹരി വാങ്ങിയതും. മൂന്നു വ്യത്യസ്‌ത സന്ദര്‍ഭങ്ങള്‍ നാം സങ്കല്‌പിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതെന്തെന്നു നാം കണ്ടു. വാങ്ങലിനു ശേഷം വില ഒട്ടുമുയരുന്നില്ല, നേരേ മറിച്ച്‌ ഇടിയുകയാണു ചെയ്യുന്നതെങ്കില്‍, വാങ്ങിയവിലയുടെ അഞ്ചു ശതമാനം ഇടിഞ്ഞു കഴിയുമ്പോളുടന്‍ വില്‍ക്കുക. വാങ്ങലിനു ശേഷം വില ഉയരുന്നുണ്ടെങ്കില്‍, ആ ഉയര്‍ച്ചയിലെത്തിയ ഏറ്റവുമുയര്‍ന്ന തലത്തില്‍ നിന്ന്‌ അഥവാ ടോപ്പില്‍ നിന്ന്‌ അഥവാ ഹൈയില്‍ നിന്ന്‌ അഞ്ചു ശതമാനം താഴുമ്പോഴാണു വില്‍ക്കേണ്ടത്‌. ഇവിടെ രണ്ടു കാര്യങ്ങള്‍ വ്യക്തമാകും.

(1) വാങ്ങലിനു ശേഷം ഓഹരിവില എത്രയൊക്കെത്തകര്‍ന്നാലും, അതിന്മേലുള്ള നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുങ്ങും. അതായത്‌, നമ്മുടെ പരമാവധി നഷ്ടം വാങ്ങിയ വിലയുടെ അഞ്ചു ശതമാനം. അഞ്ചു ശതമാനമെന്നതു നമ്മുടെ തീരുമാനമാണ്‌.

(2) നമ്മുടെ പരമാവധി ലാഭമെത്ര? വിലയുടെ ഉയര്‍ച്ചയ്‌ക്കനുസൃതമായിരിയ്‌ക്കും, നമ്മുടെ ലാഭം. വിലയിലെ ഉയര്‍ച്ചയാണു ലാഭത്തിന്റെ പരിധി നിശ്ചയിയ്‌ക്കുന്നത്‌. വാങ്ങിയ ഉടനെ ഓഹരിവില നൂറോ ഇരുന്നൂറോ ശതമാനം തുടര്‍ച്ചയായി ഉയരുന്നെങ്കില്‍ നമ്മുടെ ലാഭസാദ്ധ്യതയും അതോടൊപ്പം ഉയരും.

ചുരുക്കിപ്പറഞ്ഞാല്‍, നാം നഷ്ടത്തിനു പരിധി വയ്‌ക്കുന്നു, ലാഭത്തിനു പരിധി വയ്‌ക്കുന്നില്ല. ഇതേപ്പറ്റി ഇംഗ്ലീഷിലിങ്ങനെ പറയാം: `ലിമിറ്റഡ്‌ ലോസ്സസ്‌, അണ്‍ലിമിറ്റഡ്‌ പ്രോഫിറ്റ്‌സ്‌`.

അഞ്ചു ശതമാനമെന്ന്‌ ഒരുദാഹരണം മാത്രമെന്നു പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്‌. അത്‌ എത്ര ശതമാനം വേണമെങ്കിലുമാകാം. ഒരു ശതമാനം മുതല്‍ പത്തു ശതമാനം വരെ. ഒരിടപാടിലെ മൂലധനനഷ്ടം പത്തു ശതമാനത്തിലേറെയാകുന്നതു നന്നല്ല. എന്നാല്‍, ഒരു ശതമാനം മാത്രമായാല്‍ അതിനൊരു കുഴപ്പമുണ്ടാകാം. ഒരു ശതമാനം വിലയിടിയല്‍ ഇടയ്‌ക്കിടെ നടന്നേയ്‌ക്കാം. ഓരോ ഒരു ശതമാനം ഇടിയലിനും ഒരു ശതമാനം വീതം മൂലധനനഷ്ടമുണ്ടാകും. ഒരിടപാടിലെ നഷ്ടസാദ്ധ്യത കേവലം ഒരു ശതമാനം മാത്രമായിരിയ്‌ക്കുമെങ്കിലും, തുടരെത്തുടരെ നഷ്ടങ്ങളുണ്ടാകുമ്പോള്‍, ആകെ നഷ്ടം താരതമ്യേന കൂടുതലാകാനിടയുണ്ട്‌. നഷ്ടസാദ്ധ്യതയ്‌ക്കു എത്ര ശതമാനമാണു പരിധിയായി നിശ്ചയിയ്‌ക്കേണ്ടതെന്നു തീരുമാനിയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഓഹരിക്കച്ചവടത്തിനായി നാം തെരഞ്ഞെടുത്തിരിയ്‌ക്കുന്ന പത്തോഹരികളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ വിലചലനം പരിശോധിച്ച്‌, വ്യത്യസ്‌ത നഷ്ടപരിധിശതമാനങ്ങളുപയോഗിച്ചിരുന്നെങ്കില്‍ അവയില്‍ നിന്നു കിട്ടുമായിരുന്ന ലാഭങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യലാണ്‌. ഏതു ശതമാനമാണോ ഏറ്റവുമധികം ലാഭം ഏറ്റവുമധികം ഓഹരികളില്‍ നിന്നു തരുമായിരുന്നത്‌, അതിനെ ഭാവിയിലേയ്‌ക്കായി തെരഞ്ഞെടുക്കുക. പത്തു വര്‍ഷത്തെ വിലചലനം നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഒരു മുന്നറിയിപ്പ്‌: ഭൂതകാലവിലചലനവും അതില്‍ നിന്നുണ്ടാകുമായിരുന്ന ലാഭനഷ്ടങ്ങളും അതേപടി ഭാവിയിലുമുണ്ടാകുമെന്നതിന്‌ യാതൊരുറപ്പുമില്ല. എന്നിരുന്നാലും ഭാവിയിലേയ്‌ക്കുള്ള നയരൂപീകരണം ഭൂതകാലചലനത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്‌ക്കണം.

ഇതുവരെപ്പറഞ്ഞതെല്ലാം വില്‌പനയെപ്പറ്റിയായിരുന്നു. വാങ്ങിക്കഴിഞ്ഞ ഓഹരി എപ്പോള്‍ വില്‍ക്കണമെന്ന ചോദ്യത്തിനുത്തരം മുകളിലുണ്ട്‌. വാങ്ങിയ വിലയില്‍ നിന്നോ, വാങ്ങിയ ശേഷം വില സ്‌പര്‍ശിച്ച ഏറ്റവുമുയര്‍ന്ന തലത്തില്‍ (ടോപ്പ്‌ അല്ലെങ്കില്‍ ഹൈ) നിന്നോ ഒരു നിശ്ചിത ശതമാനം (ഉദാഹരണത്തിന്‌ അഞ്ചു ശതമാനം) ഇറങ്ങുമ്പോള്‍ വില്‍ക്കുക: ഇതാണു മുകളിലടങ്ങിയിരിയ്‌ക്കുന്ന നിര്‍ദ്ദേശം. വാങ്ങിക്കഴിഞ്ഞ ഓഹരി വില്‍ക്കേണ്ടതെപ്പോഴാണെന്നു വ്യക്തമായെങ്കിലും, ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു നാം പറഞ്ഞില്ല. വാങ്ങലിനെപ്പറ്റിപ്പറയാമിനി.

ഒരോഹരി വാങ്ങിയ ശേഷം അതിന്റെ വിലചലനം സശ്രദ്ധം നിരീക്ഷിയ്‌ക്കേണ്ടതുണ്ടെന്നു മുകളില്‍ നിന്നു വ്യക്തമാണ്‌. നഷ്ടം നാം തീരുമാനിച്ച പരിധിയ്‌ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട്‌ ഓഹരി വിറ്റൊഴിയാന്‍ അത്‌ അത്യന്താപേക്ഷിതമാണ്‌. ഇത്തരത്തിലുള്ള നിരീക്ഷണം വാങ്ങലിനു മുമ്പും ആവശ്യമാണ്‌. ഓഹരിവില സദാ ഉയരുകയും താഴുകയും ചെയ്‌തു കൊണ്ടിരിയ്‌ക്കുന്നു. ഉയര്‍ന്ന ശേഷം താഴുമ്പോള്‍ ടോപ്പ്‌ അല്ലെങ്കില്‍ ഹൈ രൂപപ്പെടുന്നെന്നു മുകളില്‍പ്പറഞ്ഞിട്ടുണ്ട്‌. വില താഴ്‌ന്ന ശേഷം ഉയരുമ്പോള്‍ ബോട്ടം അല്ലെങ്കില്‍ ലോ രൂപപ്പെടുന്നു. വില ഈയിടെ സ്‌പര്‍ശിച്ച ഏറ്റവും താഴ്‌ന്ന തലത്തിനാണു ബോട്ടം അഥവാ ലോ എന്നു പറയുന്നത്‌. അവസാനം രൂപപ്പെട്ട ടോപ്പില്‍ നിന്ന്‌ അഥവാ ഹൈയില്‍ നിന്ന്‌ അതിന്റെയൊരു നിശ്ചിതശതമാനം ഇടിഞ്ഞുകഴിയുമ്പോഴാണു വില്‍ക്കേണ്ടതെന്നു മുകളിലുണ്ട്‌. ഇങ്ങനെ വില്‌പനയെ ടോപ്പുമായി ബന്ധപ്പെടുത്തിയിരിയ്‌ക്കുന്നതു പോലെ, നമുക്കു വാങ്ങലിനെ ബോട്ടവുമായി ബന്ധപ്പെടുത്താം. ഒരു ബോട്ടത്തില്‍ നിന്ന്‌ ഒരു നിശ്ചിതശതമാനം ഉയര്‍ന്നു കഴിയുമ്പോളാണു വാങ്ങേണ്ടത്‌. എത്ര ശതമാനം ഉയര്‍ന്നു കഴിയുമ്പോള്‍ എന്ന ചോദ്യമുയരുന്നു. ടോപ്പില്‍ നിന്ന്‌ എത്ര ശതമാനം താഴുമ്പോള്‍ വില്‍ക്കാന്‍ നാം തീരുമാനിച്ചിരിയ്‌ക്കുന്നുവോ, അതേ ശതമാനം തന്നെ വാങ്ങലിന്റെ കാര്യത്തിലും സ്വീകരിയ്‌ക്കാം. ടോപ്പില്‍ നിന്ന്‌ അഞ്ചു ശതമാനം താഴുമ്പോളാണു നാം വില്‌പന നടത്തുന്നതെങ്കില്‍, ബോട്ടത്തില്‍ നിന്ന്‌ അഞ്ചു ശതമാനം തന്നെ ഉയരുമ്പോള്‍ നാം വാങ്ങുകയും വേണം. വില്‌പനയ്‌ക്കു സ്വീകരിച്ചിരിയ്‌ക്കുന്ന മാനദണ്ഡം പത്തു ശതമാനമാണെങ്കില്‍, വാങ്ങലിനും നാം പത്തു ശതമാനം തന്നെ സ്വീകരിയ്‌ക്കണം. വാങ്ങിക്കഴിഞ്ഞ ഓഹരിയുടെ നഷ്ടപരിധിയും ഇതേ ശതമാനം തന്നെയായിരിയ്‌ക്കണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു വ്യക്തമായിക്കാണുമെന്നു കരുതുന്നു. ഒന്നു കൂടിപ്പറയാം. താഴേയ്‌ക്കിറങ്ങിക്കൊണ്ടിരിയ്‌ക്കുന്ന വില ഒരു തലത്തിലെത്തിയ ശേഷം ഉയരാന്‍ തുടങ്ങുന്നു. ആ തലത്തിന്‌ ബോട്ടം അല്ലെങ്കില്‍ ലോ എന്നു പറയുന്നു. ബോട്ടത്തില്‍ നിന്ന്‌ നാം മുന്‍കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം ഉയര്‍ച്ച വിലയില്‍ വന്നുകഴിഞ്ഞയുടനെ ഓഹരി വാങ്ങുക. വാങ്ങിയ വിലയില്‍ നിന്നോ, വാങ്ങിയ ശേഷം രൂപപ്പെട്ടിരിയ്‌ക്കുന്ന ടോപ്പില്‍ നിന്നോ നാം മുന്‍കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം താഴ്‌ന്നു കഴിഞ്ഞയുടനെ ഓഹരി വില്‍ക്കുക. ഇത്തരത്തിലുള്ള വാങ്ങലും വില്‍ക്കലും ആവര്‍ത്തിയ്‌ക്കുക.

ഏറ്റവുമധികം കച്ചവടം നടക്കുന്നത്‌ നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലാണ്‌. 1696 ഓഹരികള്‍ അവിടെ ലിസ്റ്റു ചെയ്‌തിട്ടുണ്ട്‌. മുംബൈ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ അയ്യായിരത്തിലേറെ ഓഹരികള്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവയിലേത്‌ ഓഹരിയാണു നാം വാങ്ങുക?

ഈ ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത്‌, ഇടയ്‌ക്കിടെ സ്‌ക്രിപ്പ്‌, ഷെയര്‍ എന്നീ പദങ്ങളും ഉപയോഗിയ്‌ക്കാനുദ്ദേശിയ്‌ക്കുന്നു. ഇവയെന്തെന്നു ചുരുക്കിപ്പറയാം. ടാറ്റാ സ്റ്റീല്‍ എന്ന സ്‌ക്രിപ്പിന്റെ (കമ്പനിയുടെ) 5909535 ഷെയറുകള്‍ (ഓഹരികള്‍) ഈയടുത്തൊരു ദിവസം നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ കച്ചവടം ചെയ്യപ്പെട്ടു; സ്‌റ്റേറ്റ്‌ ബാങ്ക്‌ എന്ന സ്‌ക്രിപ്പിന്റെ (കമ്പനിയുടെ) 13650937 ഷെയറുകള്‍ (ഓഹരികള്‍) ഈയടുത്തൊരു ദിവസം കച്ചവടം ചെയ്യപ്പെട്ടു. ഈ വാചകങ്ങളില്‍ നിന്ന്‌ സ്‌ക്രിപ്പെന്ത്‌, ഷെയറെന്ത്‌ എന്നു മനസ്സിലായിക്കാണുമല്ലോ.

അങ്ങേയറ്റം പത്തു സ്‌ക്രിപ്പുകള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ. അതായത്‌, പത്തു കമ്പനികളുടെ ഓഹരികള്‍ മാത്രമേ കൈകാര്യം ചെയ്യാവൂയെന്നര്‍ത്ഥം. അവയേവ? നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റേതായി ഏതാനും സൂചികകളുണ്ട്‌: അതായത്‌ ഇന്‍ഡക്‌സുകള്‍. `നിഫ്‌റ്റി`യാണ്‌ അവയിലേറ്റവും പ്രധാനം. അമ്പതു സ്‌ക്രിപ്പുകളാണ്‌ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ടിരിയ്‌ക്കുന്നത്‌. നിഫ്‌റ്റിയിലുള്‍പ്പെട്ട, കഴിഞ്ഞ മാസം ഏറ്റവുമധികം കച്ചവടം (ടേണ്‍ ഓവര്‍) ചെയ്യപ്പെട്ട പത്തു സ്‌ക്രിപ്പുകളെടുക്കുക. ഇവ വ്യത്യസ്‌തമേഖലകളില്‍ നിന്നുള്ളവയുമായിരിയ്‌ക്കണം. ഉദാഹരണത്തിന്‌, ബാങ്കിങ്ങ്‌, വാഹനനിര്‍മ്മാണം, വിവരസാങ്കേതികസേവനം, പാര്‍പ്പിടനിര്‍മ്മാണം, ഉരുക്കുല്‌പാദനം, സിമന്റുല്‌പാദനം, പെട്രോളിയമുല്‌പാദനം, പശ്ചാത്തലവികസനം, ഊര്‍ജ്ജം അങ്ങനെയങ്ങനെ. ഇവയെല്ലാം ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ, അവയന്തിമമല്ല. നിക്ഷേപം മുഴുവനും ഒരൊറ്റ മേഖലയില്‍ത്തന്നെയാകരുതെന്നു ചുരുക്കം.

ഓഹരിക്കച്ചവടത്തിനായി തെരഞ്ഞെടുക്കുന്ന ഓഹരികള്‍ `ബൈ ടുഡെ, സെല്‍ ടുമോറൊ` (ബി റ്റി എസ്‌ റ്റി) എന്ന വിഭാഗത്തില്‍പ്പെടുന്നതായിരിയ്‌ക്കണം. ഈ ലേഖനത്തില്‍ വിവരിച്ചിട്ടുള്ള കച്ചവടരീതിയനുസരിച്ച്‌, ഇന്നു വാങ്ങുന്ന ഓഹരികള്‍ ചിലപ്പോള്‍ നാളെത്തന്നെ വില്‍ക്കേണ്ടതായി വന്നേയ്‌ക്കാം. ബീ റ്റി എസ്‌ റ്റി വിഭാഗത്തില്‍പ്പെടുന്ന ഓഹരികളില്‍ ഇതു സാദ്ധ്യമാണ്‌.

ദുഷ്‌കരമായൊരു കാര്യമാണ്‌ ഇനിച്ചെയ്യാനുള്ളത്‌. കച്ചവടത്തിനായി നാം തെരഞ്ഞെടുത്ത സ്‌ക്രിപ്പുകളുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ വിലചലനം നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ നിന്നു കോപ്പിപേസ്റ്റു ചെയ്‌തെടുക്കുക. നഷ്ടപരിധിയായി നിശ്ചയിയ്‌ക്കാന്‍ നാമുദ്ദേശിയ്‌ക്കുന്ന വിവിധ ശതമാനങ്ങളുപയോഗിച്ച്‌ ഈ ഓഹരികളില്‍ നാം കഴിഞ്ഞ പത്തു വര്‍ഷം കച്ചവടം ചെയ്‌തിരുന്നെങ്കില്‍ നമുക്കെത്ര ലാഭമോ നഷ്ടമോ ഉണ്ടാകുമായിരുന്നെന്നു നിര്‍ണ്ണയിയ്‌ക്കുക. കമ്പ്യൂട്ടറുപയോഗിയ്‌ക്കാതെ, ഈ കണക്കുകള്‍ ചെയ്യുക അസാദ്ധ്യം. ഈ നിര്‍ണ്ണയത്തിന്റെ കണക്കുകളെല്ലാം ഭദ്രമായി സൂക്ഷിയ്‌ക്കുക. പത്തു സ്‌ക്രിപ്പുകളില്‍ നിന്ന്‌ പത്തുവര്‍ഷം കൊണ്ടുണ്ടാകുമായിരുന്ന ഈ ലാഭം ബാങ്കുപലിശയേക്കാള്‍ക്കൂടുതലാണെങ്കില്‍ മാത്രം ഓഹരിക്കച്ചവടത്തിനിറങ്ങുക. ബാങ്കുപലിശയേക്കാള്‍ക്കുറഞ്ഞ ലാഭമാണുണ്ടാകുമായിരുന്നതെങ്കില്‍ ഓഹരിക്കച്ചവടത്തിനിറങ്ങരുത്‌, പകരം, ഓഹരികളില്‍ നിക്ഷേപിയ്‌ക്കാനായി നീക്കിവച്ച തുക ബാങ്കില്‍ നിക്ഷേപിയ്‌ക്കുക.

നാമിതുവരെ ചെയ്‌തു കഴിഞ്ഞ കാര്യങ്ങളെന്തെല്ലാമെന്നു നോക്കാം. (1) നഷ്ടപരിധിയായി ഒരു നിശ്ചിതശതമാനം തീരുമാനിച്ചു. (2) വില ബോട്ടത്തില്‍ നിന്ന്‌ ഒരു നിശ്ചിതശതമാനം ഉയര്‍ന്നയുടനെ ഓഹരി വാങ്ങാന്‍ നിശ്ചയിച്ചു. (3) വാങ്ങിക്കഴിയുമ്പോള്‍, വാങ്ങിയവിലയില്‍ നിന്നോ, അതിനുശേഷം രൂപപ്പെട്ട ടോപ്പില്‍ നിന്നോ ഒരു നിശ്ചിതശതമാനം താഴ്‌ന്നയുടനെ ഓഹരി വിറ്റൊഴിയാനും തീരുമാനിച്ചു. (4) നിഫ്‌റ്റിയിലുള്‍പ്പെട്ട, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏറ്റവുമധികം കച്ചവടം (ടേണോവര്‍) നടന്ന, വിവിധമേഖലകളില്‍ നിന്നുള്ള പത്തു സ്‌ക്രിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. (5) അവയില്‍, മുന്‍പറഞ്ഞ രീതിയില്‍ കച്ചവടം നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട്‌ ബാങ്കുപലിശയേക്കാള്‍ കൂടുതല്‍ ലാഭം കിട്ടുമായിരുന്നോ എന്നു പരിശോധിയ്‌ക്കാനും തീരുമാനിച്ചു.

ഇനി വീണ്ടും വാങ്ങലിനെപ്പറ്റിപ്പറയാം. 100 രൂപ വിലയുള്ള ഒരോഹരി അഞ്ചുശതമാനം ഉയര്‍ന്ന്‌, 105ലെത്തുമ്പോള്‍ വാങ്ങാന്‍ നാം തീരുമാനിച്ചിരിയ്‌ക്കുന്നെന്നു കരുതുക. വില 105ലെത്തിയ ശേഷം വാങ്ങാനുള്ള ഓര്‍ഡര്‍ കൊടുക്കാമെന്നു കരുതരുത്‌. 105നു വാങ്ങാനുള്ള ഓര്‍ഡര്‍ ഇപ്പോള്‍ത്തന്നെ കൊടുക്കേണ്ടിയിരിയ്‌ക്കുന്നു. ക്യാഷ്‌, ഇന്‍ട്രാഡേ എന്നിങ്ങനെ രണ്ടു തരം ഓര്‍ഡറുകളുണ്ട്‌. മൂലധനത്തില്‍ക്കവിയാത്ത വാങ്ങലുകളും കൈവശമുള്ള ഓഹരികളുടെ മാത്രം വില്‍ക്കലുകളുമാണ്‌ ക്യാഷ്‌ വിഭാഗത്തില്‍ അനുവദനീയമായിട്ടുള്ളത്‌. മൂലധനത്തിന്റെ പല മടങ്ങു വാങ്ങലും (ഓഹരി കൈവശമില്ലാതെ തന്നെ) വില്‍ക്കലും നടത്താവുന്ന വിഭാഗമാണ്‌ ഇന്‍ട്രാഡേ. ഇന്‍ട്രാഡേ ഇടപാടുകള്‍ക്ക്‌ ഊഹക്കച്ചവടം അഥവാ സ്‌പെക്യുലേഷന്‍ എന്നും പറയാറുണ്ട്‌. കൈയിലില്ലാത്ത പണം കൊണ്ടുള്ള വാങ്ങലും കൈവശമില്ലാത്ത ഓഹരികള്‍ വില്‍ക്കലുമായതുകൊണ്ട്‌ ഇതിനെ ഓവര്‍ ട്രേഡിംഗ്‌ അഥവാ അമിതവ്യാപാരം എന്നും പറയുന്നു. ഈ ലേഖനത്തിലെ നിര്‍ദ്ദേശങ്ങളെല്ലാം ക്യാഷ്‌ വിഭാഗത്തിലുള്ള ഇടപാടുകള്‍ക്കു മാത്രമുദ്ദേശിച്ചുള്ളതാണ്‌, ഇന്‍ട്രാഡേയെ സംബന്ധിച്ചുള്ളതല്ല. ഇന്‍ട്രാഡേ വിഭാഗത്തിലെ ഇടപാടുകള്‍ ഈ ലേഖനം ശുപാര്‍ശ ചെയ്യുന്നില്ല.

ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ഓര്‍ഡറുകളെപ്പറ്റി പൊതുവായൊരു കാര്യം കൂടിപ്പറഞ്ഞോട്ടെ. ഓഹരിക്കമ്പോളത്തില്‍ നമ്മുടെ ഓര്‍ഡറുകള്‍ അനുസരിയ്‌ക്കപ്പെടുന്നതു പോലെ, ജീവിതത്തിന്റെ മറ്റൊരു മേഖലയിലും, സ്വന്തം വീട്ടില്‍പ്പോലും, നമ്മുടെ ഓര്‍ഡറുകള്‍ അനുസരിയ്‌ക്കപ്പെടുന്നില്ല. ഓര്‍ഡര്‍ ഓഹരിക്കമ്പോളത്തില്‍ നാം കൊടുക്കുന്ന നിമിഷങ്ങള്‍ക്കകം അനുസരിയ്‌ക്കപ്പെട്ടിരിയ്‌ക്കും. അതുകൊണ്ട്‌, ആലോചിച്ച ശേഷം, അതീവ ശ്രദ്ധയോടെ വേണം ഓര്‍ഡറുകള്‍ നല്‍കാന്‍. ഓര്‍ഡറുകള്‍ വ്യക്തവുമായിരിയ്‌ക്കണം. കമ്പ്യൂട്ടറുപയോഗിച്ചു സ്വയം ട്രേഡിംഗ്‌ നടത്തുകയാണെങ്കിലും, ഓഹരിക്കമ്പോളത്തില്‍ അശ്രദ്ധ തീരെപ്പാടില്ല.

100 രൂപ വിലയുള്ള ഓഹരി 105ലേയ്‌ക്കുയരുമ്പോള്‍ വാങ്ങല്‍ നടക്കാനുള്ള `ബൈ` ഓര്‍ഡറിനെപ്പറ്റിയാണിനിപ്പറയുന്നത്‌. മൂന്നു തരം ബൈ ഓര്‍ഡറുകളുണ്ട്‌. അവയെപ്പറ്റി ചുരുക്കിപ്പറയാം:

(1) മാര്‍ക്കറ്റ്‌ ബൈ ഓര്‍ഡര്‍. എന്തു വിലയ്‌ക്കു വാങ്ങാനുദ്ദേശിയ്‌ക്കുന്നെന്നു മാര്‍ക്കറ്റ്‌ബൈ ഓര്‍ഡറില്‍ കാണിയ്‌ക്കേണ്ടതില്ല. മാര്‍ക്കറ്റില്‍ നിലവിലുള്ള വിലയെത്ര തന്നെയായാലും ആ വിലയ്‌ക്കു വാങ്ങാന്‍ തയ്യാര്‍ എന്നാണു മാര്‍ക്കറ്റ്‌ ബൈ ഓര്‍ഡറിലൂടെ നാം നല്‍കുന്ന നിര്‍ദ്ദേശം. മാര്‍ക്കറ്റ്‌ ബൈ ഓര്‍ഡറിട്ടാല്‍, ഏതു വിലയ്‌ക്കാണു വാങ്ങല്‍ നടക്കുകയെന്ന അനിശ്ചിതത്വമുള്ളതു കൊണ്ട്‌, അത്തരം ഓര്‍ഡര്‍ ഉപയോഗിയ്‌ക്കാതിരിയ്‌ക്കുക.

(2) ലിമിറ്റ്‌ ബൈ ഓര്‍ഡര്‍. ഇത്തരം ബൈ ഓര്‍ഡറുകളില്‍ നാമൊരു വില കാണിയ്‌ക്കുന്നു. ഈ വിലയ്‌ക്കാണു ലിമിറ്റെന്നു പറയുന്നത്‌. ആ വിലയ്‌ക്കോ അതില്‍ക്കുറഞ്ഞ വിലയ്‌ക്കോ ആണു വാങ്ങല്‍ നടക്കുക. വില നൂറില്‍ നില്‍ക്കെ, നൂറ്റഞ്ചു രൂപയ്‌ക്കുള്ള ലിമിറ്റ്‌ ബൈ ഓര്‍ഡറിട്ടാല്‍, ആ ഓര്‍ഡറിടുന്ന സമയം നിലവിലുള്ള വിലയ്‌ക്കു വാങ്ങല്‍ നടക്കുന്നു: നൂറു രൂപയാണു നിലവിലുള്ള വിലയെങ്കില്‍ നൂറു രൂപയ്‌ക്കു വാങ്ങല്‍ നടക്കും. ഈ ലേഖനത്തില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടസമ്പ്രദായത്തില്‍ ലിമിറ്റ്‌ ബൈ ഓര്‍ഡറിനു പ്രസക്തിയില്ല.

(3) സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡര്‍. ഈ ലേഖനത്തില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടരീതിയിലുപയോഗിയ്‌ക്കേണ്ട ഓര്‍ഡറുകളെല്ലാം സ്‌റ്റോപ്പ്‌ ലോസ്സ്‌ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡറില്‍ രണ്ടു നിരക്കുകള്‍ കാണിയ്‌ക്കേണ്ടി വരും. അവയിലൊന്നിനു ട്രിഗര്‍ െ്രെപസ്‌ എന്നും മറ്റേതിനു ലിമിറ്റ്‌ െ്രെപസ്‌ എന്നും പറയുന്നു. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിയ്‌ക്കാം. നിലവിലുള്ള വില നൂറു രൂപയെന്നു കരുതുക. വില നൂറ്റഞ്ചിലേയ്‌ക്കുയര്‍ന്നാല്‍ വാങ്ങണം എന്നാണു നമ്മുടെ തീരുമാനം. 105 രൂപയ്‌ക്കാണു സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡറിലെ ട്രിഗര്‍ െ്രെപസിടേണ്ടത്‌. ലിമിറ്റ്‌ െ്രെപസ്‌ ട്രിഗര്‍ െ്രെപസിലും താഴെയാകാന്‍ പാടില്ല; ട്രിഗര്‍ െ്രെപസിനു തുല്യമാകാം, അതിനു മുകളിലുമാകാം. ലിമിറ്റ്‌ െ്രെപസ്‌ 106 എന്നു തീരുമാനിയ്‌ക്കുക. 106 എന്ന്‌ ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. നൂറ്റേഴോ, നൂറ്റെട്ടോ അവയ്‌ക്കു മുകളിലുള്ള നിരക്കുകളോ ആകാം. അന്നത്തെ `സീലിങ്ങി`നു മുകളിലാകരുതെന്നേയുള്ളു. സീലിങ്ങ്‌ എന്തെന്നു ഈ ലേഖനത്തില്‍ത്തന്നെ മറ്റൊരിടത്തു വിവരിയ്‌ക്കുന്നുണ്ട്‌.

വില്‌പനയുടെ കാര്യത്തിലും ക്യാഷ്‌ സ്‌റ്റോപ്പ്‌ ലോസ്സ്‌ ഓര്‍ഡറുകളാണിടേണ്ടത്‌: സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറുകള്‍. ഓഹരിവില 200ല്‍ നില്‍ക്കെ, വില 190ലേയ്‌ക്കിറങ്ങുകയാണെങ്കില്‍ ഉടന്‍ വില്‍പ്പന നടക്കുന്ന തരത്തിലിടേണ്ട ഓര്‍ഡര്‍ ക്യാഷ്‌ സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറാണ്‌. വില 200ലായിരിയ്‌ക്കുമ്പോള്‍ത്തന്നെ സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിടുക. വില 190ലേയ്‌ക്കിറങ്ങിയ ശേഷം സെല്‍ ഓര്‍ഡറിടാമെന്നു കരുതി ഓര്‍ഡറിടാതിരിയ്‌ക്കരുത്‌. സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിലും ലിമിറ്റ്‌ െ്രെപസും ട്രിഗര്‍ െ്രെപസുമുണ്ട്‌. സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിലെ ലിമിറ്റ്‌ െ്രെപസ്‌ ട്രിഗര്‍ െ്രെപസിനു തുല്യമോ അതിനേക്കാള്‍ താഴെയോ ആയിരിയ്‌ക്കണം, മുകളിലായിരിയ്‌ക്കാന്‍ പാടില്ല. ട്രിഗര്‍ െ്രെപസ്‌ 190 രൂപ, ലിമിറ്റ്‌ െ്രെപസ്‌ 188 രൂപ എന്നിങ്ങനെ കൊടുക്കുക.

സ്‌റ്റോപ്പ്‌ ലോസ്സ്‌ ഓര്‍ഡറുകളിലെ ലിമിറ്റ്‌ െ്രെപസും ട്രിഗര്‍ െ്രെപസും തുല്യമായാല്‍ ഓര്‍ഡര്‍ നടന്നില്ലെന്നു വരാം. അവ തമ്മിലുള്ള വിടവു കൂടുന്തോറും ഓര്‍ഡര്‍ നടക്കാനുള്ള സാദ്ധ്യതയും കൂടും. ട്രിഗര്‍ െ്രെപസുമുതല്‍ ലിമിറ്റ്‌ െ്രെപസു വരെയുള്ള നിരക്കുകളിലേതില്‍ വേണമെങ്കിലും കച്ചവടം നടന്നെന്നു വരാം. ഉദാഹരണത്തിന്‌, ട്രിഗര്‍ െ്രെപസ്‌ നൂറ്റഞ്ചും, ലിമിറ്റ്‌ െ്രെപസ്‌ നൂറ്റിപ്പത്തും കൊടുത്തുകൊണ്ടുള്ളൊരു സ്‌റ്റോപ്പ്‌ ലോസ്‌ ബൈ ഓര്‍ഡര്‍ നടക്കുമ്പോള്‍ നൂറ്റിപ്പത്തിനു വരെ വാങ്ങല്‍ നടന്നെന്നു വരാം. നൂറ്റഞ്ചിനു വാങ്ങേണ്ടിടത്ത്‌ നൂറ്റിപ്പത്തിനു വാങ്ങല്‍ നടക്കുമ്പോള്‍ അതു പിന്നീടുണ്ടായേയ്‌ക്കാവുന്ന ലാഭത്തില്‍ കുറവു വരുത്തും. ഇവിടെ ഒരു കാര്യം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്‌: വാങ്ങല്‍ യഥാര്‍ത്ഥത്തില്‍ നടന്നത്‌ ഏതു വിലയ്‌ക്കാണോ, ആ വിലയുടെ നഷ്ടപരിധിശതമാനമാണു കണക്കാക്കേണ്ടത്‌. 110നാണു വാങ്ങല്‍ നടക്കുന്നതെങ്കില്‍, അഞ്ചു ശതമാനമാണു നഷ്ടപരിധിശതമാനമായി നാം തീരുമാനിച്ചിരിയ്‌ക്കുന്നതെങ്കില്‍, വില 104.50 ആയിരിയ്‌ക്കണം നാം നിശ്ചയിയ്‌ക്കുന്ന ഏറ്റവും താഴ്‌ന്ന വില്‌പനവില. അതായത്‌, 110 ത 5% = 5.50; 1105.50=104.50. വില്‌പനയുടെ കാര്യത്തിലും സമാനമായ പ്രശ്‌നമുണ്ടാകാം: 190രൂപ ട്രിഗര്‍ െ്രെപസും 180 രൂപ ലിമിറ്റ്‌ െ്രെപസുമായി കൊടുത്തിരിയ്‌ക്കുന്നൊരു സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡര്‍ ചിലപ്പോള്‍ നടക്കുന്നത്‌ 180 രൂപയ്‌ക്കാ!കാം. 190നു വില്‍ക്കേണ്ടിടത്ത്‌ വില്‌പന നടക്കുന്നതു 180നാണെങ്കില്‍ അതു നമ്മുടെ ലാഭം കുറയ്‌ക്കുകയും ചിലപ്പോഴെങ്കിലും നഷ്ടം കൂട്ടുകയും ചെയ്യും. അതുകൊണ്ട്‌, സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡറുകളിലും സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറുകളിലും ട്രിഗര്‍ െ്രെപസും ലിമിറ്റ്‌ െ്രെപസും തമ്മിലുള്ള അകലം അധികമായിപ്പോകാതെ നോക്കണം. അകലം തീരെക്കുറഞ്ഞു പോയാല്‍ ഓര്‍ഡര്‍ നടക്കാതെ വന്നെന്നും വരാം. ശ്രദ്ധിയ്‌ക്കേണ്ടൊരു വിഷയമാണിത്‌.

പ്രധാനപ്പെട്ട രണ്ടു നിര്‍ദ്ദേശങ്ങളിതാ: (1) വില താഴുന്നതിനനുസരിച്ച്‌ സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡറിലെ ട്രിഗര്‍ െ്രെപസും ലിമിറ്റ്‌ െ്രെപസും താഴ്‌ത്തിക്കൊണ്ടിരിയ്‌ക്കണം. (2) വില ഉയരുന്നതിനനുസരിച്ച്‌, സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിലെ ട്രിഗര്‍ െ്രെപസും ലിമിറ്റ്‌ െ്രെപസും ഉയര്‍ത്തിക്കൊണ്ടിരിയ്‌ക്കണം.

ഈ നിര്‍ദ്ദേശങ്ങളിലടങ്ങിയിരിയ്‌ക്കുന്ന രണ്ടു പൊതുതത്വങ്ങളിവയാണ്‌: (1) ഏതെങ്കിലും ഓഹരി കൈവശമുള്ളപ്പോഴൊക്കെ, നഷ്ടസാദ്ധ്യത പരിമിതപ്പെടുന്നൊരു സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡര്‍ നിലവിലുണ്ടാകണം. വിലത്തകര്‍ച്ചയുണ്ടാകുന്നെങ്കില്‍, സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡര്‍ നടക്കണം, അതിലൂടെ നഷ്ടം നിയന്ത്രിയ്‌ക്കപ്പെടണം. ഓഹരി കൈവശമുണ്ട്‌, പക്ഷേ അതിനെ സംരക്ഷിയ്‌ക്കുന്നൊരു സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡര്‍ നിലവിലില്ല: ഇത്തരമൊരവസ്ഥ ഒരിയ്‌ക്കലുമുണ്ടാകരുത്‌. (2) ഏതെങ്കിലുമൊരോഹരി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍, അതിനായുള്ള സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡര്‍ സദാ നിലവിലുണ്ടാകണം. വില പെട്ടെന്നു കുതിച്ചുയര്‍ന്നു പോയാല്‍ വാങ്ങല്‍ നടക്കണം. ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നു, പക്ഷേ, അതിനുള്ള സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡര്‍ നിലവിലില്ല: ഇത്തരമൊരവസ്ഥയുണ്ടാകാന്‍ പാടില്ല.

ആകെ പത്തു സ്‌ക്രിപ്പുകള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്‌. തുടക്കത്തില്‍ ഏതാനും സ്‌ക്രിപ്പുകളില്‍ത്തുടങ്ങി, ഒരു വര്‍ഷത്തെ ഫലം പ്രോത്സാഹജനകമാണെങ്കില്‍, സ്‌ക്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും നന്ന്‌. കേവലം ഒരു സ്‌ക്രിപ്പു മാത്രം കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം. ചുരുങ്ങിയത്‌ മൂന്നു സ്‌ക്രിപ്പുകളെങ്കിലും കൈകാര്യം ചെയ്യണം. പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍: (1) എത്ര സ്‌ക്രിപ്പുകളാണോ കൈകാര്യം ചെയ്യാനുദ്ദേശിയ്‌ക്കുന്നത്‌, ആകെ മൂലധനത്തെ അത്രയും സ്‌ക്രിപ്പുകള്‍ക്കായി, തുല്യമായി വീതിയ്‌ക്കണം. (2) ഒരു സ്‌ക്രിപ്പു വാങ്ങുമ്പോള്‍, അതിനായി നീക്കിവച്ചിരിയ്‌ക്കുന്ന മൂലധനം കൊണ്ട്‌ അതിന്റെ എത്ര ഷെയറുകള്‍ പരമാവധി വാങ്ങാമോ, അത്രയും ഷെയറുകള്‍ വാങ്ങുക. കുറവു വന്നു കൂടാ. (3) ഒരു സ്‌ക്രിപ്പു വില്‍ക്കുന്ന സമയത്ത്‌, കൈവശം അതിന്റെ എത്ര ഷെയറുകളുണ്ടോ അവ മുഴുവനും വില്‍ക്കുക. ഒരു ഷെയര്‍ പോലും ബാക്കിവയ്‌ക്കരുതെന്നര്‍ത്ഥം. ഒരു സ്‌ക്രിപ്പില്‍ നിന്നു കിട്ടിയ ലാഭമുള്‍പ്പെടെയുള്ള, വര്‍ദ്ധിച്ച മൂലധനമുപയോഗിച്ചു വേണം, അതിന്റെ തുടര്‍ന്നുള്ള വാങ്ങല്‍ നടത്താന്‍. ഒരു സ്‌ക്രിപ്പില്‍ നിന്നു നഷ്ടമുണ്ടാകുമ്പോള്‍, നഷ്ടം കിഴിച്ച ശേഷമുള്ള മൂലധനമുപയോഗിച്ചു മാത്രമേ അടുത്ത വാങ്ങല്‍ നടത്താവൂ. ലാഭം മൂലം മൂലധനം വര്‍ദ്ധിയ്‌ക്കുമ്പോള്‍ ഷെയറുകളുടെ എണ്ണം കൂടുകയും, നഷ്ടം മൂലം മൂലധനം കുറയുമ്പോള്‍ ഷെയറുകളുടെ എണ്ണം കുറയുകയും ചെയ്യും. വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകമാണിത്‌. ഇതില്‍ യാതൊരു പിഴവും വരുത്താന്‍ പാടില്ല.

വെല്ലുവിളികളുണ്ടാകും, തീര്‍ച്ച. അവയിലൊന്നു പറയാം: ഓഹരിവില 105ലേയ്‌ക്കുയരുമ്പോള്‍ വാങ്ങേണ്ടതാണെന്നു കരുതുക. രാവിലേതന്നെ കച്ചവടം ആരംഭിയ്‌ക്കുന്നത്‌ 110ലാകാം. വില വളരെയധികം കയറിപ്പോയിരിയ്‌ക്കുന്നതുകൊണ്ട്‌ ഇനിയതു വാങ്ങേണ്ടെന്നു തീരുമാനിയ്‌ക്കുകയല്ല വേണ്ടത്‌. 112നു വാങ്ങാനുള്ളൊരു സ്‌റ്റോപ്പ്‌ ലോസ്സ്‌ ബൈ ഓര്‍ഡറിടുക. വിലയുയര്‍ന്ന്‌, വാങ്ങല്‍ 112നു നടക്കുന്നെങ്കില്‍ നടക്കട്ടെ. വില താഴുന്നെങ്കില്‍ അതിനനുസരിച്ചു ട്രിഗര്‍ലിമിറ്റ്‌ െ്രെപസുകള്‍ താഴ്‌ത്തിക്കൊണ്ടിരിയ്‌ക്കുക. വാങ്ങല്‍ നടന്നയുടനെ, നിശ്ചിതശതമാനത്തിനു (നഷ്ടപരിധിശതമാനം) താഴെയുള്ള സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിടുക.

വില്‌പന സമയത്തും സമാനമായ പ്രശ്‌നമുണ്ടായെന്നു വരാം. വില 190ലേയ്‌ക്കിറങ്ങിയ ഉടനെ ഓഹരി വില്‍ക്കണമെന്നു തീരുമാനിച്ചിട്ടുണ്ടാകും നാം. പക്ഷേ, രാവിലേ കച്ചവടം തുടങ്ങുന്നതു തന്നെ 180ലായിരിയ്‌ക്കാം. 180നു വില്‍ക്കരുത്‌. പകരം 178ന്‌ സ്‌റ്റോപ്പ്‌ ലോസ്സ്‌ സെല്‍ ഓര്‍ഡറിടുക. വില താഴ്‌ന്ന്‌ 178ല്‍ വില്‌പന നടക്കുന്നെങ്കില്‍ നടക്കട്ടെ. ആ നഷ്ടം സഹിയ്‌ക്കാതെ നിവൃത്തിയില്ല. വില ഉയരുന്നെങ്കില്‍, ഓര്‍ഡറിലെ നിരക്കുകളും ഉയര്‍ത്തിക്കൊടുക്കുക. ഇത്തരം പ്രതികൂലസ്ഥിതികളെ നാം പ്രതീക്ഷിയ്‌ക്കുക തന്നെ വേണം.

നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ സര്‍ക്യൂട്ട്‌ ബ്രേക്കറുകളുണ്ട്‌. ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനുമുണ്ടവ. നിഫ്‌റ്റിയോ ബോംബേ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ പ്രധാന സൂചികയായ സെന്‍സെക്‌സോ പത്തു ശതമാനം ഇടിഞ്ഞുകൊണ്ടാണു കമ്പോളം രാവിലേ തന്നെ തുറക്കുന്നതെന്നു കരുതുക. ഉടന്‍ കച്ചവടം നില്‍ക്കും. കുറേ സമയം കഴിഞ്ഞേ കച്ചവടം പുനരാരംഭിയ്‌ക്കൂ. പതിനഞ്ചു ശതമാനമാണിടിവെങ്കില്‍ അന്നത്തെ കച്ചവടം അതോടെ അവസാനിച്ചെന്നും വരാം. ഇടിവ്‌ ഇരുപതു ശതമാനമാണെങ്കിലും സ്ഥിതിയതു തന്നെ. ഇതു തന്നെ പത്ത്‌/പതിനഞ്ച്‌/ഇരുപതു ശതമാനം ഉയരുമ്പോഴും സംഭവിയ്‌ക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍ തീരുമാനമനുസരിച്ചുള്ള വാങ്ങല്‍വില്‍ക്കലുകള്‍ സാദ്ധ്യമല്ലാതെ വരും. നഷ്ടമുണ്ടായെന്നു വരാം.

ഈ ലേഖനത്തില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടരീതിയുടെ ഗുണമെന്തെന്നു നോക്കാം. നഷ്ടപരിധി അഞ്ചു ശതമാനമായി നാം നിശ്ചയിച്ചിരിയ്‌ക്കുന്നെന്നു കരുതുക. അവസാനം രൂപപ്പെട്ട ബോട്ടത്തില്‍ നിന്നു വില അഞ്ചു ശതമാനം ഉയരുമ്പോഴേയ്‌ക്കു നാം ഓഹരി വാങ്ങിയിരിയ്‌ക്കും. അവസാനം രൂപപ്പെട്ട ടോപ്പില്‍ നിന്ന്‌ അഞ്ചു ശതമാനം താഴുമ്പോഴേയ്‌ക്കു നാം ഓഹരി വിറ്റിരിയ്‌ക്കും. ഓഹരിവിലയില്‍ വന്‍ തോതിലുള്ള ഉയര്‍ച്ചയുണ്ടായിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ നമ്മുടെ പക്കല്‍ ആ ഓഹരി നിശ്ചയമായുമുണ്ടായിരിയ്‌ക്കും. നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില കുതിച്ചുകയറിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ അതു നമ്മുടെ പക്കലില്ലാത്ത അവസ്ഥയുണ്ടാവില്ല. മറുവശത്ത്‌, നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില തകര്‍ന്നു കൊണ്ടിരിയ്‌ക്കുമ്പോള്‍ അതു നമ്മുടെ കൈവശമുണ്ടായിരിയ്‌ക്കുകയുമില്ല. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ `റാലി` (ഉയര്‍ച്ച)യുടെ ഗുണം നമുക്കു കിട്ടുകയും `ക്രാഷ്‌` (തകര്‍ച്ച) നമുക്കധികം ദോഷം ചെയ്യാതിരിയ്‌ക്കുകയും ചെയ്യും. ഗുണം മെച്ചം, നഷ്ടം തുച്ഛം.

റിലയന്‍സ്‌ ക്യാപ്പിറ്റല്‍ എന്നൊരു സ്‌ക്രിപ്പുണ്ട്‌. 2005 ജനുവരി 24ന്‌ അതിന്റെ വില 130.05 രൂപയിലേയ്‌ക്കു താഴ്‌ന്നിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം, 2008 ജനുവരി ഒമ്പതാം തീയതി, അത്‌ 2897.80 രൂപയിലെത്തി. 130.05ല്‍ നിന്ന്‌ 2897.80ലേയ്‌ക്കുള്ള ഉയര്‍ച്ച 2128 ശതമാനം! തുടര്‍ന്നതു തകര്‍ന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍, 2012 ജനുവരി 2ന്‌, അതിന്റെ വില വെറും 226.05 രൂപയായിരുന്നു: 2897.80ല്‍ നിന്നുള്ള ഇടിവ്‌ 92.35 ശതമാനം! ഇത്തരം വന്‍ തോതിലുള്ള ഉയര്‍ച്ചകളും താഴ്‌ചകളും ഈ ലേഖനത്തില്‍ വിവരിച്ചിരിയ്‌ക്കുന്ന ഓഹരിക്കച്ചവടരീതിയ്‌ക്കു ഗുണകരമാണ്‌. നഷ്ടപരിധിയായി അഞ്ചു ശതമാനം തെരഞ്ഞെടുത്തുകൊണ്ട്‌ ഈ കച്ചവടരീതി പ്രയോഗിച്ചിരുന്നെങ്കില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടു റിലയന്‍സ്‌ ക്യാപ്പിറ്റലില്‍ നിന്നുണ്ടാക്കാമായിരുന്ന ലാഭവും വളര്‍ച്ചയും ഈയിടെ ഞാന്‍ കണക്കുകൂട്ടിയെടുത്തു. ദിവസേനയുണ്ടായ യഥാര്‍ത്ഥവിലചലനം അറിയാനാകാത്തതുകൊണ്ട്‌, ക്ലോസിംഗ്‌ നിരക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു, ആ കണക്കുകൂട്ടല്‍. ആ കണക്കുകൂട്ടലില്‍ നിന്നു തെളിഞ്ഞ ലാഭശതമാനം അവിശ്വസനീയമാം വിധം ഉയര്‍ന്നതായിരുന്നു. ഈ ലേഖനത്തിന്റെ പിന്നിലെ പ്രേരകവും അതു തന്നെ. കണക്കുകൂട്ടലില്‍ തെറ്റുപറ്റിയിട്ടുണ്ടാകാമെന്നതുകൊണ്ട്‌ അതില്‍ നിന്നു വെളിപ്പെട്ട ലാഭശതമാനം ഇവിടെ വെളിപ്പെടുത്തുന്നില്ല. താത്‌പര്യമുള്ളവര്‍ സ്വയം കണക്കുകൂട്ടലുകള്‍ നടത്തിനോക്കുന്നതായിരിയ്‌ക്കും ഏറ്റവും നല്ലത്‌.

20052008 കാലത്തു മിക്ക രാജ്യങ്ങളിലേയും ഓഹരിക്കമ്പോളങ്ങള്‍ അസാധാരണമായ വളര്‍ച്ച നേടിയിരുന്നു. തുടര്‍ന്നുള്ള മൂന്നു നാലു വര്‍ഷത്തിനിടയില്‍ അവയെല്ലാം അസാധാരണമായ തകര്‍ച്ചയും നേരിട്ടു. റിലയന്‍സ്‌ ക്യാപ്പിറ്റലിനും ആ വളര്‍ച്ചയും തകര്‍ച്ചയുമുണ്ടായി. മറ്റനേകം സ്‌ക്രിപ്പുകള്‍ക്കുമുണ്ടായി, ഈ വളര്‍ച്ചയും തകര്‍ച്ചയും. ഈ ലേഖനത്തില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടരീതിയ്‌ക്ക്‌ ഓഹരിവിലകളിലെ ഇത്തരം അസാധാരണമായ വളര്‍ച്ചയും തകര്‍ച്ചയും അനുകൂലമാണെന്നു കാണുന്നു. 130.05ല്‍ നിന്ന്‌ 2897.80ലേയ്‌ക്കുണ്ടായ വിലക്കയറ്റത്തിന്റെ ഗുണം വലുതായനുഭവിപ്പിയ്‌ക്കുകയും, 2897.80ല്‍ നിന്ന്‌ 226.05ലേയ്‌ക്കുണ്ടായ തകര്‍ച്ചയുടെ ദൂഷ്യം വലുതായനുഭവിപ്പിയ്‌ക്കാതിരിയ്‌ക്കുകയും ചെയ്യുന്നൊരു കച്ചവടരീതി ഭാവിയിലും അനുകരണീയമായിരിയ്‌ക്കുമെന്നാണെന്റെ വിശ്വാസം. എന്നാല്‍, ഭൂതകാലചലനം ഭാവിയിലും ആവര്‍ത്തിയ്‌ക്കപ്പെടുമെന്നു യാതൊരുറപ്പുമില്ല.

വെല്ലുവിളികളെപ്പറ്റി പറഞ്ഞു തീര്‍ന്നില്ല. ഓഹരിക്കമ്പോളത്തിനു ദിശാബോധം നഷ്ടപ്പെട്ട അവസ്ഥ ഇടയ്‌ക്കിടെയുണ്ടാകാറുണ്ട്‌. അപ്പോഴൊക്കെ ഓഹരിവിലകള്‍ കുതിച്ചുയരുകയോ തകര്‍ന്നടിയുകയോ ചെയ്യാതെ, വശങ്ങളിലേയ്‌ക്ക്‌ (`സൈഡ്‌ വേയ്‌സ്‌`) സഞ്ചരിച്ചെന്നു വരാം. ഉദാഹരണം: അഞ്ചു ശതമാനം ഉയര്‍ന്നാലുടന്‍ അഞ്ചു ശതമാനം താഴുന്നു. ഇത്തരമൊരവസ്ഥ മുകളില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടരീതിയ്‌ക്ക്‌ അനുകൂലമല്ല; അത്തരമവസ്ഥയില്‍ നഷ്ടമുണ്ടാകാനിടയുണ്ട്‌. അതുകൊണ്ട്‌ നഷ്ടസാദ്ധ്യതയ്‌ക്കു പരിധി നിശ്ചയിയ്‌ക്കേണ്ടത്‌ അത്യാവശ്യം തന്നെ.

ആഴ്‌ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ ആകര്‍ഷകമായ ലാഭവും വളര്‍ച്ചയും മുകളില്‍ വിവരിച്ചിരിയ്‌ക്കുന്ന കച്ചവടരീതികൊണ്ടുണ്ടാകുമെന്നാശിയ്‌ക്കാതിരിയ്‌ക്കുകയാകും നല്ലത്‌. പത്തുവര്‍ഷത്തില്‍ക്കുറയാത്ത കാലയളവെങ്കിലും വേണം, ഈ രീതിയുടെ ഗുണദോഷങ്ങളറിയാന്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ വിലചലനം പരിശോധിച്ച്‌, ഈ രീതിയുടെ ഗുണദോഷങ്ങള്‍ താത്വികമായെങ്കിലും അറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്നു മുകളില്‍ നല്‍കിക്കഴിഞ്ഞിരിയ്‌ക്കുന്ന നിര്‍ദ്ദേശം അതിപ്രധാനമായതുകൊണ്ട്‌ അതിവിടെ ആവര്‍ത്തിയ്‌ക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ ദിവസേനയുള്ള ക്ലോസിംഗ്‌വിലകളെ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണയിച്ച, താത്വികമായുള്ള ലാഭനഷ്ടങ്ങളില്‍ നിന്നു വിഭിന്നമായിരിയ്‌ക്കാം ആ കാലയളവില്‍ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തി, യഥാര്‍ത്ഥ കച്ചവടം നടത്തിയിരുന്നെങ്കിലുണ്ടാകുമായിരുന്ന ലാഭനഷ്ടങ്ങള്‍; ആ കാലഘട്ടത്തിലെ യഥാര്‍ത്ഥഫലം താത്വികഫലത്തേക്കാള്‍ കുറവാകുമായിരുന്നോ കൂടുതലാകുമായിരുന്നോ എന്നു കണ്ടെത്താനൊരു മാര്‍ഗ്ഗവുമില്ല.

വിലചലനത്തിനനുസൃതമായി ഓര്‍ഡറുകളില്‍ മാറ്റം വരുത്തിക്കൊണ്ടിരിയ്‌ക്കേണ്ടതുള്ളതിനാല്‍, കച്ചവടസമയം മുഴുവന്‍ കമ്പോളം നിരീക്ഷിച്ചുകൊണ്ടിരുന്നേ മതിയാവൂ. വേഗക്കൂടുതലുള്ള കമ്പ്യൂട്ടറും (ലാപ്‌ടോപ്പ്‌ അല്ലെങ്കില്‍ സ്‌മാര്‍ട്ട്‌ ഫോണ്‍) ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ കച്ചവടമാണ്‌ ഇതിനനുയോജ്യം. വിലചലനങ്ങള്‍ക്കനുസരിച്ച്‌, വാങ്ങല്‍വില്‍ക്കല്‍ നടത്താനുള്ള സ്‌റ്റോപ്പ്‌ ലോസ്സ്‌ ഓര്‍ഡറുകളില്‍ അപ്പപ്പോള്‍ മാറ്റം വരുത്താനുള്ളതുകൊണ്ട്‌, മൈക്രോസോഫ്‌റ്റിന്റെ എക്‌സല്‍, ഓപ്പന്‍ ഓഫീസിലെ കാല്‍ക്ക്‌ എന്നിവയിലേതെങ്കിലും ഉപയോഗിയ്‌ക്കുകയും വേണം. തിങ്കള്‍ മുതല്‍ വെള്ളി വരെ, രാവിലെ ഒമ്പതേകാല്‍ മുതല്‍ ഉച്ചയ്‌ക്കു ശേഷം മൂന്നര വരെ, ആറേകാല്‍ മണിക്കൂറാണു ഓഹരിക്കച്ചവടം നടക്കുന്നത്‌. ഇതിനിടയില്‍ വൈദ്യുതിവിതരണവും ഇന്റര്‍നെറ്റും തടസ്സപ്പെട്ടാല്‍ കച്ചവടം മുടങ്ങാതിരിയ്‌ക്കാനുള്ള സംവിധാനവും ഒരുക്കണം. മറ്റു വഴികളില്ലെങ്കില്‍ ഡീലറുടെ ഓഫീസില്‍ച്ചെന്നിരിയ്‌ക്കുക തന്നെ. ഡീലറുടെ ഫ്രാഞ്ചൈസികളെ ഒഴിവാക്കണം. ഇടപാടുകാരെ ആകര്‍ഷിയ്‌ക്കാന്‍ വേണ്ടി ഫ്രാഞ്ചൈസികള്‍ പല ഇളവുകളും തരാന്‍ തയ്യാറായെന്നു വരാം. അവയാല്‍ ആകര്‍ഷിതരാകാതിരിയ്‌ക്കുകയാണു നന്ന്‌. ഡീലറുടെ വീഴ്‌ച മൂലം അപ്രതീക്ഷിതമായ സാമ്പത്തികനഷ്ടമുണ്ടാകുന്നതൊഴിവാക്കാന്‍ വേണ്ടി, പ്രശസ്‌തരായ ഏതെങ്കിലുമൊരു ഡീലറുമായി നേരിട്ടിടപെടുകയാണു വേണ്ടത്‌.

ഇപ്പോള്‍ ഓഹരിക്കച്ചവടത്തില്‍ നിന്നു ആകര്‍ഷകമായ ലാഭം നേടിക്കൊക്കൊണ്ടിരിയ്‌ക്കുന്നവര്‍ തങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിയ്‌ക്കുന്ന കച്ചവടരീതിതന്നെ തുടരുന്നതാകും നല്ലത്‌.

നിഫ്‌റ്റിയില്‍ ഏറ്റവുമധികം ടേണോവറുള്ള ഓഹരികള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു മുകളില്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌. ഏറ്റവുമധികം മൂലധനമൂല്യം ? മാര്‍ക്കറ്റ്‌ ക്യാപ്പിറ്റലൈസേഷന്‍ ഉള്ള ഓഹരികളാണവ. അവയുടെ ഓഹരികള്‍ ഏറ്റവുമധികം നിക്ഷേപകരുടെ പക്കലുള്ളതുകൊണ്ട്‌, ഏതെങ്കിലുമൊരു നിക്ഷേപകനോ ഒരു കൂട്ടം നിക്ഷേപകര്‍ക്കോ അവയുടെ വില കൃത്രിമമായി ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യാനുള്ള സാദ്ധ്യത താരതമ്യേന കുറവാണ്‌.

'സീലിംഗ്‌ െ്രെപസ്‌', 'ഫ്‌ലോര്‍ െ്രെപസ്‌' എന്നിവയെപ്പറ്റിയും പറയാം. ഒരോഹരി വാങ്ങാനോ വില്‍ക്കാനോ വേണ്ടി നാമിന്നിടുന്ന ഓര്‍ഡറുകളെല്ലാം ഇന്നലത്തെ ക്ലോസിംഗ്‌ വിലയുടെ 90 ശതമാനത്തിനും 110 ശതമാനത്തിനുമപ്പുറത്തുള്ളതാകാന്‍ പാടില്ല. ഭൂരിഭാഗം സ്‌ക്രിപ്പുകള്‍ക്കും പത്തുശതമാനമെന്ന ഈ വ്യവസ്ഥ ബാധകമാണ്‌. ഉദാഹരണം പറയാം. ഇന്നലെ 100 രൂപയ്‌ക്കു ക്ലോസ്‌ ചെയ്‌ത ഒരോഹരിയ്‌ക്ക്‌ 110 രൂപയേക്കാളുയര്‍ന്നതും 90 രൂപയേക്കാള്‍ താഴ്‌ന്നതുമായ ഓര്‍ഡറുകള്‍ ഇടാനാവില്ല. ഇവയില്‍ ഉയര്‍ന്ന നിരക്കിനു സീലിംഗ്‌ െ്രെപസ്‌ എന്നും, താഴ്‌ന്ന നിരക്കിനു ഫ്‌ലോര്‍ െ്രെപസ്‌ എന്നുമാണു പറയുക. 'അപ്പര്‍ ലിമിറ്റ്‌', 'ലോവര്‍ ലിമിറ്റ്‌' എന്നും ഇവയറിയപ്പെടാറുണ്ട്‌. സീലിംഗ്‌ െ്രെപസിനു മുകളിലുള്ള ഓര്‍ഡറുകളും ഫ്‌ലോര്‍ െ്രെപസിനു താഴെയുള്ള ഓര്‍ഡറുകളും ഇടാനാവില്ല. എന്നാല്‍, നിലവിലുള്ള വില സീലിംഗ്‌ െ്രെപസിലോ ഫ്‌ലോര്‍ െ്രെപസിലോ എത്തിക്കഴിയുമ്പോള്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ അതില്‍ പത്തു ശതമാനം ഇളവനുവദിയ്‌ക്കാറുണ്ട്‌. നിഫ്‌റ്റിയിലുള്‍പ്പെട്ട മിക്ക സ്‌ക്രിപ്പുകള്‍ക്കും പല തവണ ഇത്തരം ഇളവനുവദിച്ചെന്നു വരാം. നിഫ്‌റ്റിയിലുള്‍പ്പെടാത്ത ചില സ്‌ക്രിപ്പുകളുടെ സീലിംഗും ഫ്‌ലോറും, എക്‌സ്‌ചേഞ്ചിന്റെ അന്നാന്നത്തെ തീരുമാനമനുസരിച്ച്‌, 2%, 5%, 10%, 20% എന്നിവയിലേതെങ്കിലുമായി നിശ്ചയിച്ചിട്ടുണ്ടാകാം. നിഫ്‌റ്റിയിലുള്‍പ്പെടാത്ത സ്‌ക്രിപ്പുകള്‍ കൈകാര്യം ചെയ്യാതിരിയ്‌ക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്‌ ഇതു തന്നെയാണ്‌.

ബോംബേ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനു 140 വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും, 23 വര്‍ഷം മുമ്പു മാത്രം തുടങ്ങിയ നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനോടാണ്‌ എനിയ്‌ക്കാഭിമുഖ്യം. ചില പ്രശസ്‌ത ഡീലര്‍മാര്‍ രണ്ട്‌ എക്‌സ്‌ചേഞ്ചുകളിലും, നമ്മുടെ ഇഷ്ടാനുസരണം, ഇടപാടുകള്‍ നടത്താനുള്ള സൌകര്യം ചെയ്‌തു തരാറുണ്ടെങ്കിലും ഇടപാടുകള്‍ മുഴുവനും ഏതെങ്കിലുമൊരു എക്‌സ്‌ചേഞ്ചില്‍ മാത്രം ചെയ്യുന്നതായിരിയ്‌ക്കും നല്ലത്‌. കഴിഞ്ഞ ദിവസം രണ്ട്‌ എക്‌സ്‌ചേഞ്ചുകളിലും നടന്ന ചില സ്‌ക്രിപ്പുകളുടെ കച്ചവടങ്ങള്‍ നമുക്കു പരിശോധിയ്‌ക്കാം:

ടാറ്റാ മോട്ടോഴ്‌സ്‌.......... NSE 300.01 കോടി രൂപ BSE 61.49 കോടി രൂപ
ഐസിഐസിബാങ്ക്‌.....NSE 360.71 കോടി രൂപ  BSE 45.09 കോടി രൂപ
സ്‌റ്റേറ്റ്‌ ബാങ്ക്‌................NSE 315.05 കോടി രൂപ  BSE 33.55 കോടി രൂപ
ടാറ്റാസ്റ്റീല്‍.....................NSE 139.76 കോടി രൂപ  BSE 27.62 കോടി

വായനക്കാരൻ 2015-09-14 14:14:45
എഴുത്ത്-വായന എന്ന ക്രയവിക്രയത്തിൽ കമന്റ് ആണോ ലാഭ സൂചിക? അമേരിക്കൻ മലയാളി വായനക്കാർക്കുവേണ്ടി എഴുതുമ്പോൾ അവർക്ക് താല്പര്യമുള്ള വിഷയങ്ങൾ സംക്ഷിപ്തമായി എഴുതുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക