Image

രാഘവച്ചേട്ടന് അമ്പതുറുപ്പിക (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 01 February, 2016
രാഘവച്ചേട്ടന് അമ്പതുറുപ്പിക (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
(രണ്ടായിരത്തിലേറെ വാക്കുകളുള്ള രചന; സമയമുള്ളപ്പോള്‍ മാത്രം വായിയ്ക്കുക.)

മെയിന്‍ റോഡില്‍ നിന്നു വടക്കോട്ടുള്ള റോഡിലേയ്ക്കു തിരിഞ്ഞ്, കിഴക്കേ അരികു പറ്റി നടന്നു. പടിഞ്ഞാറേ അരികില്‍ വാഹനങ്ങള്‍ നിരയായി പാര്‍ക്കു ചെയ്തിരിയ്ക്കുന്നു. വിവിധ വലിപ്പങ്ങളിലുള്ളവ. അവയ്ക്കിടയില്‍ ആപ്പെ­ഏയ്‌സു മുതല്‍ വലിയ ലോറി വരെയുണ്ട്. ചിലതു പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മൂടിയിരിയ്ക്കുന്നു. മൂടാത്തവയിലുള്ളതെന്തെന്നു കാണാം: മണല്‍. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പിടിയ്ക്കപ്പെട്ട വാഹനങ്ങളായിരിയ്ക്കണം.

വാഹനങ്ങളുടെ നിര പോലീസ് സ്‌റ്റേഷന്റെ മുമ്പിലവസാനിച്ചു. സ്‌റ്റേഷന്റെ ഗേറ്റില്‍ നിന്നിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ പരിചയഭാവത്തില്‍ ചിരിച്ചു. "സാറെങ്ങോട്ടാ?"

"ഒന്നു കടവു വരെ. ഒരാളെക്കാണാനുണ്ട്."

ഔപചാരികമായി ജനസൗഹൃദ പോലീസ് സ്‌റ്റേഷനായി അവരോധിയ്ക്കപ്പെടുന്നതിനു മുമ്പും ഈ പോലീസ് സ്‌റ്റേഷന്‍ ജനസൗഹൃദമായിരുന്നു. സംശയിയ്ക്കപ്പെട്ടവരെക്കൊണ്ടുവന്ന്, നിഷ്ഠുരമായി പീഡിപ്പിച്ചു കുറ്റസമ്മതം നടത്തിച്ച ചരിത്രം ഈ പോലീസ് സ്‌റ്റേഷനില്ല. വഴക്കും വക്കാണവും കയ്യാങ്കളിയും വളരെക്കുറവുള്ളൊരു ദേശം. മദ്യം മിതമായ വിലയില്‍ ആവശ്യത്തിനു കിട്ടാതാകുമ്പോള്‍ ജനം അതു സ്വയം ഉത്പാദിപ്പിയ്ക്കുന്ന മേഖലകളുടെ സാമീപ്യമാണ് ഒരേയൊരു കുഴപ്പം. പോലീസിനു മാത്രമല്ല, എക്‌സൈസു വകുപ്പിനും തലവേദനയുണ്ടാക്കാന്‍ മറ്റു കാരണങ്ങള്‍ വേണ്ടല്ലോ.

പോലീസ് സ്‌റ്റേഷന്റെ വടക്കുപുറത്തു ചെറിയൊരു മൈതാനം. മുമ്പിവിടെ വോളീബോള്‍ കളി നടക്കാറുണ്ടായിരുന്നു. ചില വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റുമുണ്ടായിരുന്നു. ആ മൈതാനത്തിപ്പോള്‍ മണല്‍ക്കൂമ്പാരങ്ങള്‍. പിടിച്ചെടുത്ത മണലായിരിയ്ക്കണം. ഈ മണലെല്ലാം നാട്ടുകാര്‍ക്കു വിറ്റിരുന്നെങ്കില്‍ വലിയ സഹായമായേനേ. മണലിനു വേണ്ടി നെട്ടോട്ടമോടുകയാണു മനുഷ്യര്‍. സ്വര്‍ണത്തേക്കാള്‍ വിലയായിട്ടുണ്ടു മണലിന്. സ്വര്‍ണം എത്ര പവന്‍ വേണം? എത്ര വേണമെങ്കിലും കിട്ടും. പക്ഷേ, മണല്‍ കിട്ടാനില്ല. സ്വര്‍ണം ഉടന്‍ വാങ്ങിയില്ലെന്നു വച്ച് ഗുരുതരമായ കുഴപ്പങ്ങളൊന്നും സംഭവിയ്ക്കാനില്ല. മണലില്ലെങ്കിലോ! വീടെന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിയ്ക്കും.

ഇതെല്ലാം മുന്നില്‍ക്കണ്ടു കൊണ്ടായിരിയ്ക്കണം, ഓടിട്ട വീടിന്റെ കൂട് അമ്മ നേരത്തേ തന്നെ പൊളിച്ചു വാര്‍ത്തത്. ഇനിയങ്ങോട്ടു ചെല്ലുന്തോറും ചെലവു കൂടി വരികയേ ഉള്ളൂ, ഒരു ദിവസം മുമ്പേ ചെയ്തു തീര്‍ക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്: അമ്മയുടെ വാക്കുകള്‍. ഇന്നു മണലിനും മറ്റും വേണ്ടി ഓടിനടന്നു കഷ്ടപ്പെടേണ്ടി വരാത്തത് അന്ന് അമ്മ കാണിച്ച ദീര്‍ഘദൃഷ്ടി മൂലമാണ്. എനിയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ച ശേഷമാണ് അമ്മ യാത്രയായത്.

ഗ്രൗണ്ടിന്റെ അതിര്‍ത്തിയില്‍ ടാറിട്ട റോഡ് അവസാനിച്ചു. തുടര്‍ന്നങ്ങോട്ട് ഇടവഴിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇടവഴി റോഡാക്കാനുള്ള ശ്രമം തുടങ്ങിവച്ചിരുന്നു: കല്‍പ്പൊടിയും മെറ്റലും വിരിച്ചു. തുടര്‍ന്നുണ്ടായ കാലവര്‍ഷങ്ങളില്‍ കല്‍പ്പൊടി ഒഴുകിപ്പോയി. മെറ്റലുകള്‍ ഇളകി. പണ്ട് ഈ ഇടവഴിയിലുണ്ടായിരുന്ന മൃദുലമായ മണ്ണു പാദങ്ങള്‍ക്കു സുഖം പകര്‍ന്നിരുന്നു. ഇന്നു ശ്രദ്ധയോടെ നോക്കിനടന്നില്ലെങ്കില്‍ കരിങ്കല്‍ച്ചീളുകളില്‍ത്തട്ടി കാല്‍വിരലുകള്‍ക്കു പരിക്കേല്‍ക്കും. ചെരിപ്പുണ്ടായിട്ടും കാര്യമില്ല. എന്നാണാവോ ഇതു ടാറിട്ട റോഡായി വളരുക!

രാഘവച്ചേട്ടന്റെ വീട്ടിലേയ്ക്ക് കുറച്ചേറെ നടക്കാനുണ്ട്. വളരെക്കാലമായി പോയിട്ട്. എങ്കിലും, പല തവണ പോയിട്ടുള്ളതുകൊണ്ടു വഴിയറിയാം.

പുഴയരികിലാണു രാഘവച്ചേട്ടന്റെ വീട്. ഈ ഇടവഴി നേരേ പുഴയരികിലെത്തും. വിശാലമായ പെരിയാറില്‍ ഒരു ദ്വീപു പൊന്തിവന്നപ്പോളുണ്ടായ കൈവഴി. അതിന്റെ തീരത്തുകൂടി കുറേ നടക്കണം. വഴിയില്‍ കുറുകേ, അടുപ്പിച്ചടുപ്പിച്ചു തോടുകളുണ്ടായിരുന്നു. തോടുകള്‍ക്കു കുറുകേ തെങ്ങിന്‍തടിപ്പാലങ്ങളും. ഒരിയ്ക്കല്‍ സൈക്കിളിനാണു പോയത്. അന്നു ചില പാലങ്ങള്‍ ഒറ്റത്തടിപ്പാലങ്ങളായിരുന്നു. അവയുടെ മുകളിലൂടെ സൈക്കിളെടുത്തു കടത്തേണ്ടി വന്നു. സൈക്കിളോടൊപ്പം തോട്ടില്‍ വീഴാതെ നോക്കാന്‍ ശരിയ്ക്കും ബുദ്ധിമുട്ടി. വെള്ളം കുറവായിരുന്ന ഒന്നു രണ്ടു തോടുകളില്‍ ഇറങ്ങിക്കയറേണ്ടിയും വന്നു. സൈക്കിള്‍ സന്തതസഹചാരിയായിരുന്നെങ്കിലും, ഈവഴിയിനി സൈക്കിളിനില്ലെന്ന് അന്നു തീരുമാനമെടുത്തിരുന്നു.

കുറേക്കാലം കഴിഞ്ഞ് സൈക്കിളെടുക്കാതെ വന്നു. അപ്പോഴേയ്ക്ക്, ഒറ്റത്തെങ്ങിന്‍ തടിപ്പാലങ്ങളൊക്കെ സൈക്കിള്‍ ചവിട്ടിപ്പോകാവുന്നത്ര വീതിയുള്ള കോണ്‍ക്രീറ്റു പലകകളായിക്കഴിഞ്ഞിരുന്നു. കാലം ചെന്നപ്പോള്‍ അവ കലുങ്കുകളായി. ഇന്നു സൈക്കിളില്ല. ഹരിയുടെ ഓട്ടോറിക്ഷ വിളിയ്ക്കാമായിരുന്നു. ഹരിയുമായി അകന്ന ബന്ധമുണ്ട്. അതുകൊണ്ടവന്‍ മറ്റു ചില ഓട്ടോറിക്ഷക്കാരെപ്പോലെ "ഞെക്കിപ്പിഴി"യുകയില്ല. രാഘവച്ചേട്ടന്‍ വര്‍ത്തമാനപ്രിയനാണ്. രാഘവച്ചേട്ടന്റെ വര്‍ത്തമാനം കേട്ടിരുന്നുപോയാല്‍ കാത്തുനില്‍ക്കാനുള്ള സമയം ഹരിയ്ക്കുമുണ്ടാവുകയില്ല. അതുകൊണ്ടു നടന്നുപൊയ്ക്കളയാമെന്നു വച്ചു.

വെയിലാറിക്കഴിഞ്ഞു. ഈ സമയത്തു സ്വച്ഛന്ദമൊഴുകുന്ന പെരിയാറിന്റെ തീരത്തു കൂടി, ചെറു കാറ്റേറ്റു നടക്കുന്നതാണു സുഖം. ചെലവു കുറയും, ആരോഗ്യം കൂടും.

അമ്പതു രൂപ ചോദിച്ചുകൊണ്ട്, പതിവില്ലാതെ പത്താം തീയതി രാഘവച്ചേട്ടന്‍ വന്നപ്പോള്‍ കൊടുക്കാന്‍ പണമുണ്ടായിരുന്നില്ല. പണമില്ലാതിരുന്നതു ദാരിദ്ര്യം മൂലമല്ല. ആ സമയത്തുണ്ടായിരുന്നില്ലെന്നു മാത്രം. ചോദിച്ചു വന്നപ്പോള്‍ കൊടുക്കാനാകാഞ്ഞതു കൊണ്ട്, അടുത്ത തവണ അമ്പതു രൂപയ്ക്കു പകരം നൂറു രൂപ കൊടുക്കണമെന്ന് അന്നു തന്നെ വിചാരിച്ചിരുന്നു.

സാധാരണയായി എല്ലാ രണ്ടാം തീയതികളിലും രാഘവച്ചേട്ടന്‍ വന്ന് അമ്പതു രൂപ വാങ്ങാറുള്ളതാണ്. മിനിയാന്നു രണ്ടാം തീയതിയായിരുന്നു. അന്ന് ആളെക്കണ്ടില്ല. ഇന്നലെയും ഇന്നും കണ്ടില്ല. കഴിഞ്ഞ പത്താം തീയതി, പതിവില്ലാതെ ചോദിച്ച അമ്പതു രൂപ കൊടുക്കാഞ്ഞതില്‍ പരിഭവിച്ചായിരിയ്ക്കുമോ ഇത്തവണ വരാഞ്ഞത്?

രാഘവച്ചേട്ടന്‍ പരിഭവിച്ചിതു വരെ കണ്ടിട്ടില്ല.

എല്ലാ രണ്ടാം തീയതികളിലും വന്ന് അമ്പതു രൂപ ചോദിച്ചു വാങ്ങുന്ന പതിവു തുടങ്ങിയിട്ട് കുറേയേറെക്കാലമായി. വാസ്തവത്തില്‍, അമ്പതു രൂപ ഇക്കാലത്തൊന്നുമല്ല. കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പോലും ശമ്പളം ഈ കാലയളവില്‍ ഇരട്ടിയായിട്ടുണ്ടാകും. എങ്കിലും, രാഘവച്ചേട്ടന്‍ അമ്പതേ ചോദിയ്ക്കാറുള്ളൂ. അതു കൊടുക്കുന്നതില്‍ ഒരു മുടക്കും വരുത്തിയിട്ടില്ല. കഴിഞ്ഞ മാസം പത്താം തീയതി വീണ്ടും അമ്പതു രൂപ ചോദിച്ചതാണു കൊടുക്കാനാകാഞ്ഞത്.

സാധാരണയായി, രണ്ടാം തീയതി നേരം വെളുക്കുമ്പോഴേയ്ക്ക് ആളെത്തും. ഞാന്‍ ആപ്പീസില്‍പ്പോകാനിറങ്ങുന്നതിനു മുമ്പു തന്നെ എത്തണമെന്നു കരുതിയായിരിയ്ക്കണം അത്ര നേരത്തേ തന്നെ വരുന്നത്. വാര്‍ദ്ധക്യത്തിലേയ്ക്കു കാലൂന്നുന്നതിനു മുമ്പ്, രാഘവച്ചേട്ടനായിരുന്നു പുരയിടത്തിലെ പണികളെടുത്തിരുന്നത്. അക്കാലത്ത്, പലപ്പോഴും രാഘവച്ചേട്ടന്റെ കിളയ്ക്കല്‍ കേട്ടു ഞാനുണര്‍ന്നിട്ടുണ്ട്. നേരം പുലരും മുമ്പു തന്നെ പണികളിലേര്‍പ്പെടുന്ന പതിവിന്റെ തുടര്‍ച്ചയാകാം രണ്ടാം തീയതികളില്‍ രാവിലേ തന്നെ അമ്പതു രൂപയ്ക്കായി രാഘവച്ചേട്ടന്‍ എത്തുന്നത്.

വന്നയുടനെ രാഘവച്ചേട്ടന്‍ അധികാരത്തോടെ ചോദിയ്ക്കും, "മോനേ, രാഹച്ചേട്ടന് അമ്പതുറുപ്യ വേണം."

പണം വാങ്ങിയ ശേഷം ഒരനുസ്മരണപ്രസംഗം കൂടി നടത്തിയിട്ടേ രാഘവച്ചേട്ടന്‍ പോകൂ.

"ലെഷ്മിച്ചേച്ചി എന്തു തങ്കപ്പെട്ട മനുഷേത്ത്യാര്‍ന്നൂ," തെക്കുപുറത്തേയ്ക്കു നോക്കിക്കൊണ്ടു രാഘവച്ചേട്ടന്‍ അനുസ്മരണത്തിനു തുടക്കമിടും. അമ്മയുടെ ചിത തെക്കുപുറത്തായിരുന്നു. "ലെഷ്മിച്ചേച്ചി ഇല്ലാര്‍ന്നെങ്കി ഞങ്ങളിപ്പഴും കൂരയ്ക്കാത്തു തന്നെ കഴിയണ്ടി വന്നേനേ."

തുടര്‍ന്നു വരാന്‍ പോകുന്ന ഡയലോഗ് നന്നായറിയാം. എങ്കിലും, ആവര്‍ത്തനവിരസത ഒരിയ്ക്കല്‍പ്പോലും തോന്നിയിട്ടില്ല.

"ലെഷ്മിച്ചേച്ചി ആളെ വിട്ടു വിളിപ്പിച്ച്. എന്താണാവോന്നു വിചാരിച്ചാണ് വന്നത്." ഇനി അമ്മയുടെ വാക്കുകള്‍ അമ്മയുടെ ഭാവമഭിനയിച്ചുകൊണ്ടു തന്നെ രാഘവച്ചേട്ടന്‍ പറയും. "രാഹവാ, ഇവിടത്തെ കൂടു പൊളിച്ചു വാര്‍ക്കാമ്പോണ്. പഴേ കൂട് ണ്ടാകും, ഓട് ണ്ടാകും, കൊറച്ച് കല്ലൂണ്ടാകും. വേണങ്കി മൂന്നാലു ചാക്ക് സിമന്റും തരാം. ന്താ, നെനക്ക് നിന്റെ കൂര ഓടാക്കാന്‍ പറ്റ്വോ?"

അമ്മയുടെ സംഭാഷണത്തിനു ദൃക്‌­സാക്ഷിയായിരുന്നു ഞാന്‍. 'ആളെ വിട്ടു വിളിപ്പിച്ചു' എന്ന പരാമര്‍ശത്തിലെ 'ആള്‍' അന്നു സ്കൂള്‍വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ തന്നെ. എങ്കിലും രാഘവച്ചേട്ടന്‍ അതൊക്കെ വര്‍ണിച്ചു കേള്‍ക്കുമ്പോളുള്ള ആത്മസംതൃപ്തി ഒന്നു വേറെ തന്നെ.

"കണ്ണടച്ചു തൊറക്കണേനു മുമ്പ് എന്റെ കൂരപ്പെര ഓടായി!" ഒരു മിനിറ്റു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം കഥ തുടരും. "സത്യം പറഞ്ഞാ, അങ്ങനൊന്നും നിയ്ക്കു ചെയ്തു തരാന്‍ പാടില്ലാത്തതാ. ലെഷ്മിച്ചേച്ചിയെ പറ്റിയ്ക്കാന്‍ നോക്കീട്ട് ള്ളതാ ഞാന്‍!" രാഘവച്ചേട്ടന്‍ കണ്ണിറുക്കിച്ചിരിയ്ക്കും.

തുടര്‍ന്ന്, രാഘവച്ചേട്ടന്‍ അമ്മയെ "പറ്റിച്ച" കഥ വരും.

"വടക്കേലെ പട്ടാളക്കാരന്‍ ലീവിനു വന്നപ്പോ കൊറച്ച് റം തന്ന്. രാത്രി കൊറേക്കുടിച്ച്. ബാക്കീണ്ടാര്‍ന്നത് കാലത്തും കുടിച്ച്. അപ്പ ദേവകി പെണങ്ങി. വെള്ളടിച്ചോണ്ടാണാ ലെഷ്മിച്ചേച്ചീടവട പണിയ്ക്ക് പോണത് ന്ന് അവളു ചോദിച്ച്. അപ്പ കൊറേ നേരം കൂടിക്കെടന്ന്. പിന്നെ കെടക്കപ്പൊറുതീല്ലാണ്ടായി. വൈകിപ്പോയില്ലേ!"

ഇതിനകം ശാരി കഥ കേള്‍ക്കാനെത്തിയിട്ടുണ്ടാകും. അവള്‍ക്കും രാഘവച്ചേട്ടന്റെ കഥ ഇഷ്ടമാണ്.

അടുത്തതായി രാഘവച്ചേട്ടന്‍ പതുങ്ങി നടപ്പ് അഭിനയിച്ചുകാണിയ്ക്കും. "ലെഷ്മിച്ചേച്ചി കാണാതെ, പടിഞ്ഞാപ്രത്തൂടി പതുങ്ങിപ്പതുങ്ങിച്ചെന്ന് കെളയ്ക്കാന്‍ തൊടങ്ങി. വെയിലിന് നല്ല ചൂടല്ലേ. ഉള്ളിലെച്ചൂടും പൊറത്തെച്ചൂടും കൂടിയായപ്പോ മാവിന്റെ ചോട്ടില് കെടന്നൊറങ്ങിപ്പോയി."

അക്കാര്യമോര്‍ത്തു രാഘവച്ചേട്ടന്‍ ഊറിച്ചിരിയ്ക്കും. "അന്നിവ് ടെ വരാന്തേം അരമതിലുമാ. ദാ, അവ് ടെ വട്ടമേശ. അതിനപ്രത്ത് ചാരുകസേലേല് ലെഷ്മിച്ചേച്ചി ഇരിയ്ക്കും. കണ്ണടേം വെച്ച്."

ശരിയാണ്. പില്‍ക്കാലത്താണു വരാന്തയും അരമതിലും സ്വീകരണമുറിയ്ക്കായി വഴി മാറിയത്. കണ്ണട ധരിച്ചു ചാരുകസേരയിലിരുന്നു വായിയ്ക്കുന്ന അമ്മയുടെ ചിത്രം ഫ്രെയിം ചെയ്തതു പോലെ മങ്ങാതെ മനസ്സിലുണ്ട്. അതോര്‍ക്കുമ്പോള്‍ ചെറിയൊരു നൊമ്പരമനുഭവപ്പെടും. ഇഷ്ടപ്പെട്ട കാഴ്ചകള്‍ അനന്തകാലം തുടരണമെന്ന ആഗ്രഹം വൃഥാവിലാണെന്നറിയാഞ്ഞല്ല. എന്നാലും...

അമ്മയുടെ ചാരുകസേര കിടന്നിരുന്ന സ്ഥലത്തേയ്ക്കു ചൂണ്ടിക്കൊണ്ടു രാഘവച്ചേട്ടന്‍ പറയും, "ദേ, ഇവ് ടിരുന്നോണ്ട് പറമ്പില് നടക്കണതൊക്കെ ലെഷ്മിച്ചേച്ചി അറിയും." ഇനി വിനയാന്വിതനായി വാ പൊത്തിപ്പിടിച്ചാണു രാഘവച്ചേട്ടന്‍ പറയുക. "വൈന്നേരം കാശു വാങ്ങാന്‍ ലെഷ്മിച്ചേച്ചീടെ മുമ്പീച്ചെന്നു നിന്ന്. ലെഷ്മിച്ചേച്ചി കാശെടുത്ത് തന്ന്. ന്ന് ട്ട് പറയ്യാ, 'രാഹവാ, നീ നെഞ്ചത്ത് കൈ വെച്ച് പറ, നീയിന്ന് സത്യമായും പണിതട്ട് ണ്ട് ന്ന്.' ന്ന് ട്ട് കണ്ണടേക്കൂടെ ഒരു നോട്ടോം!"

ശിരസ്സല്പം ഉയര്‍ത്തിപ്പിടിച്ച്, കണ്ണടയുടെ അടിയിലെ ചില്ലിലൂടെയുള്ള അമ്മയുടെ നോട്ടം രാഘവച്ചേട്ടന്‍ "നോക്കി"ക്കാണിയ്ക്കും. അമ്മയുടെ ആ തുളച്ചുനോട്ടം പ്രസിദ്ധമായിരുന്നു.

"ലെഷ്മിച്ചേച്ചീടെ കാല്‍ക്കല് കാശു വെച്ച്, ന്നോടു പൊറുക്കണം ന്നും പറഞ്ഞ് ഞാനൊരോട്ടോടി." രാഘവച്ചേട്ടന്‍ കുലുങ്ങിച്ചിരിയ്ക്കും. ഞാനും ശാരിയും കൂടെച്ചിരിയ്ക്കും. ഞങ്ങള്‍ ചിരിയ്ക്കുന്നതു മറ്റൊരു കഥ കൂടിയോര്‍ത്താണ്. ആ കഥ ഞാന്‍ പറഞ്ഞ് ശാരിയും അറിഞ്ഞിട്ടുണ്ട്.

അന്നു ഞാന്‍ ഒമ്പതില്‍പ്പഠിയ്ക്കുന്നു. സ്കൂളിന്റെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ കടന്നു കൂടാന്‍ പറ്റി. മറ്റൊരു സ്കൂളുമായി കളിയ്ക്കാന്‍ പോകണം. ആ സ്കൂളുമായി നടന്ന ഒരു കളിയ്ക്കിടയില്‍ അതിഥിടീമംഗങ്ങള്‍ക്കു തല്ലുകൊണ്ടു പരിക്കേറ്റെന്ന് അമ്മയെങ്ങനെയോ കേള്‍ക്കാനിട വന്നിരുന്നു. ഫുട്‌ബോള്‍ കളിയ്ക്കിടെ എനിയ്ക്കു പറ്റാറുള്ള പരിക്കുകള്‍ അമ്മ പരിചരിയ്ക്കുമ്പോളുള്ള നിശ്ശബ്ദതയുടെ വാചാലത എനിയ്ക്കു നന്നായി മനസ്സിലാകാറുള്ളതുമാണ്. "അവിടെപ്പോയി കളിയ്ക്കണ്ട," അമ്മ തീര്‍ത്തുപറഞ്ഞു.

പോവില്ലെന്നു മനമില്ലാമനസ്സോടെ സമ്മതിച്ചു. പക്ഷേ, ഫുട്‌ബോളിനോടുള്ള ആസക്തി അടക്കാനായില്ല. പോകാന്‍ രഹസ്യമായി തയ്യാറെടുത്തു. സ്കൂള്‍ സമയത്താണു കളി. പതിവു സമയത്തു തന്നെ വീട്ടിലെത്തുകയും ചെയ്യാം. കളിയ്ക്കാന്‍ പോയ വിവരം അമ്മയറിയാന്‍ ഒരു വഴിയുമില്ല. കളി കഴിഞ്ഞു വന്ന ശേഷം അമ്മയുടെ മുന്നില്‍ കുമ്പസാരിയ്ക്കാം. അതായിരുന്നു, പദ്ധതി.

കളിയുടെ ദിവസം രാവിലെ അമ്മ പെട്ടെന്ന് എന്റെ നേരേ തിരിഞ്ഞുകൊണ്ടു പറഞ്ഞു, "കുട്ടാ, നീ അമ്മോട് നൊണ പറഞ്ഞിട്ടില്ലാന്ന് അമ്മേടെ നെറുകേല് കൈ വച്ചുകൊണ്ടു പറയ്."

ഇടയ്‌ക്കൊരു നുണയൊക്കെപ്പറയാം, സാരമില്ലെന്ന മട്ടില്‍ ഞാനെഴുന്നേറ്റു. പക്ഷേ അമ്മയുടെ ശിരസ്സില്‍ കൈവയ്ക്കാനുയര്‍ന്ന കൈയ്ക്കു പ്രകടമായ വിറയലുണ്ടായിരുന്നു. അമ്മയുടെ ശിരസ്സല്പം ഉയര്‍ത്തിപ്പിടിച്ചുള്ള, തുളച്ചു കയറുന്ന നോട്ടം നേരിടാനുള്ള ശക്തിയുണ്ടായില്ല. തൊണ്ടയടഞ്ഞു. വിക്കിവിക്കിപ്പറഞ്ഞു, "ഞാന്‍ അമ്മോട് നൊണ പറഞ്ഞു..." സ്കൂള്‍ ജൂനിയര്‍ ടീമിന്റെ ഫുള്‍ ബാക്ക് ആകേണ്ടിയിരുന്നയാള്‍ പെണ്‍കുട്ടിയെപ്പോലെ ചുണ്ടു പിളുത്തിക്കരഞ്ഞു!

"ന്നട്ട് കേള്‍ക്ക്" രാഘവച്ചേട്ടന്‍ ഉത്സാഹപൂര്‍വം കഥ തുടരുമ്പോള്‍ ഓര്‍മ്മകളുടെ ലോകത്തു നിന്നു ഞാന്‍ മടങ്ങിവരും. "പിറ്റേന്ന് വെളുപ്പിന് നാലു മണിയ്ക്ക് പറമ്പിലെ ഒച്ച കേട്ട് ലെഷ്മിച്ചേച്ചി ലൈറ്റിട്ട് നോക്കുമ്പോ ഞാന്‍ നിലാവെട്ടത്ത് നിന്ന് കെളയ്ക്കാ. നേരം വെളുത്തപ്പളയ്ക്കും ലെഷ്മിച്ചേച്ചി വിളിച്ച്. രാഹവാ, വന്ന് ചായ കുടിയ്ക്ക്. നോക്കുമ്പ, വട്ടമേശേമ്മല് പുട്ട്, കടല, പപ്പടം, ചായ. ആവി പറക്കണ്." പുട്ടിന്റേയും കടലയുടേയും രുചി വായില്‍ തങ്ങിനില്‍ക്കുന്നതു പോലെ രാഘവച്ചേട്ടന്‍ നുണയും. "ന്നട്ട് വൈകീട്ട് ഒന്നല്ല, രണ്ട് ദെവസത്തെക്കാശും തന്ന്."

തുടര്‍ന്ന് രാഘവച്ചേട്ടന്‍ നിശ്ശബ്ദനാകും. അനുസ്മരണത്തിലെ അവസാന വാചകവും എനിയ്ക്കറിയാം.

"ഒക്കെപ്പോയില്ലേ, മോനേ..."

തെക്കുവശത്ത് അമ്മയുടെ ചിതയ്ക്കുള്ള കുഴിയെടുക്കുമ്പോള്‍ രാഘവച്ചേട്ടന്‍ ഏങ്ങിക്കരഞ്ഞിരുന്നതു കണ്ണുനീരിന്റെ മൂടലിലൂടെ ഞാന്‍ കണ്ടിരുന്നു.

അതുകൊണ്ടൊക്കെയാകണം പതിവില്ലാതെ പത്താം തീയതി രാഘവച്ചേട്ടന്‍ വന്നു ചോദിച്ചപ്പോള്‍ അമ്പതു രൂപ കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം തോന്നിയത്.

അന്നു തലയും കുനിച്ചു മെല്ലെ നടന്നു പോകുന്ന രാഘവച്ചേട്ടനെ പുരയിടത്തിലെവിടെയോ നിന്നുകൊണ്ടു ശാരി കണ്ടിരുന്നു. അവള്‍ വന്നു വിവരം തിരക്കി.

ഞാന്‍ കാര്യം പറഞ്ഞു.

അത്യാവശ്യത്തിനുള്ള പണം മാത്രമേ ഇവിടിരിപ്പുള്ളൂ. ഗ്യാസിനും പത്രക്കാരന്‍ ശ്രീനിയ്ക്കും കൊടുക്കാനുള്ളതെടുത്ത് എങ്ങനെ രാഘവച്ചേട്ടനു കൊടുക്കും? ഗ്യാസു ബുക്കു ചെയ്തിട്ടു കുറച്ചു ദിവസമായി. ഏതു നിമിഷവും ഗ്യാസു വരാം. പണം തികയില്ലെന്നു പറഞ്ഞു ഗ്യാസുകാരനെ മടക്കിവിടുക വയ്യ. സാധാരണയായി അഞ്ചാം തീയതിയ്ക്കുള്ളില്‍ ശ്രീനി വരാറുള്ളതാണ്. പത്താം തീയതിയായ നിലയ്ക്കു ശ്രീനിയും ഏതു നിമിഷവും കയറി വരാം. കൊടുക്കാനുള്ളതു വൈകിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞായറാഴ്ച കൂടിയായതുകൊണ്ട് തിങ്കളാഴ്ച ആപ്പീസില്‍ നിന്നു മടങ്ങി വരുമ്പോള്‍ മാത്രമേ അക്കൗണ്ടില്‍ നിന്നു പണമെടുക്കാനാകൂ.

"ശ്രീനിയെ വിളിച്ച് ചൊവ്വാഴ്ച വന്നാ മതീന്നു പറയാരുന്നു. രാഘവച്ചേട്ടനെ വെറും കൈയോടെ വിടേണ്ടിയിരുന്നില്ല."

ശാരിയതു പറഞ്ഞപ്പോള്‍, അങ്ങനെ ചെയ്യാമായിരുന്നെന്ന് എനിയ്ക്കും തോന്നി. ഇതാണെന്റെ കുഴപ്പം: വേണ്ടതു വേണ്ട നേരത്തു തോന്നുകയില്ല. പോംവഴികള്‍ കൂടുതല്‍ തെളിഞ്ഞു കാണുന്നതവളാണ്, ശാരി.

ഞാനുടന്‍ ശ്രീനിയെ വിളിച്ചു ചൊവ്വാഴ്ചയ്ക്കു മുമ്പു വരല്ലേയെന്നു പറഞ്ഞു. പണവുമായി റോഡു വരെപ്പോയി നോക്കി. പക്ഷേ, രാഘവച്ചേട്ടനെ എവിടേയും കണ്ടില്ല. ഏതെങ്കിലും ബസ്സില്‍ പിടിച്ചുകയറി എവിടേയ്‌ക്കെങ്കിലും പോയിട്ടുണ്ടാകും. എന്തെങ്കിലും അത്യാവശ്യമുള്ളതുകൊണ്ടായിരിയ്ക്കും എന്റെയടുത്തേയ്‌ക്കോടി വന്നത്.

അമ്പതു രൂപയല്ലേ വേണ്ടിയിരുന്നുള്ളൂ. ഇന്നത്തെക്കാലത്ത് അതു വലിയ തുകയൊന്നുമല്ലല്ലോ. ആരെങ്കിലുമൊക്കെ രാഘവച്ചേട്ടന് അമ്പതു രൂപ കൊടുത്തു സഹായിച്ചിട്ടുണ്ടാകും. രാഘവച്ചേട്ടന്റെ ആവശ്യം നിറവേറിക്കാണും. ഞാന്‍ സ്വയം സമാധാനിയ്ക്കാന്‍ ശ്രമിച്ചു.

എങ്കിലും, രാഘവച്ചേട്ടനെ വെറും കൈയോടെ മടക്കിവിട്ടതില്‍ നേരിയൊരു നൊമ്പരം തോന്നി. അടുത്ത തവണ രാഘവച്ചേട്ടന്‍ വരുമ്പോള്‍ കൂടുതല്‍ തുക കൊടുക്കണമെന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. രണ്ടാം തീയതി രാഘവച്ചേട്ടന്‍ വന്നിരുന്നെങ്കില്‍ പതിവുള്ള അമ്പതിനു പകരം നൂറു തന്നെ കൊടുക്കുമായിരുന്നു.

പോക്കറ്റില്‍ നോക്കി. നൂറും ഇരുനൂറും അതിലേറെയുമുണ്ട്.

"കേശുച്ചേട്ടനിതെങ്ങോട്ടാ?"

മെറ്റലിളകിക്കിടക്കുന്ന നിലത്തു നോക്കി, ചിന്തയില്‍ മുഴുകി നടക്കുകയായിരുന്നു, ഞാന്‍. ചോദ്യം കേട്ടു തലയുയര്‍ത്തി നോക്കി. ലൂയീസ്. രാഘവച്ചേട്ടന്റെ വീട്ടില്‍ നിന്ന് അല്പമകലെ, പുഴയരികില്‍, ലൂയീസിന്റെ അപ്പച്ചന്‍ ആന്റണിച്ചേട്ടന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സ്ഥാപിച്ച തടിമില്ല് ഇപ്പോള്‍ നടത്തുന്നതു ലൂയീസാണ്. ചെറുപ്പക്കാരനായ വ്യവസായിയാണു ലൂയീസ്.

"ഞാന്‍ നമ്മടെ രാഘവച്ചേട്ടനെയൊന്നു കാണാമെന്നു വിചാരിച്ചിറങ്ങിയതാണ്. മില്ലൊക്കെ നന്നായി നടക്കുന്നുണ്ടല്ലോ, ഇല്ലേ?" ഞാന്‍ കുശലം ചോദിച്ചു.

"കേശുച്ചേട്ടന്‍ ആരെക്കാണാന്‍ പോവുകയാണെന്നാ പറഞ്ഞത്?"

ഞാന്‍ രാഘവച്ചേട്ടന്റെ പേര് ആവര്‍ത്തിച്ചു.

ലൂയീസ് നിശ്ശബ്ദനായി നിന്നു. പഴയ തലമുറയില്‍പ്പെട്ട രാഘവച്ചേട്ടനെ പുതിയ തലമുറയില്‍പ്പെട്ട ലൂയീസിനു മനസ്സിലായിട്ടുണ്ടാവില്ല. അതിലതിശയമില്ല, പഴയ തലമുറയെ പുതുതലമുറ അറിഞ്ഞില്ലെന്നു വരും.

"ഞാന്‍ നടക്കട്ടേ, ലൂയീസേ." ഏതു രാഘവച്ചേട്ടനെന്ന സന്ദിഗ്ദ്ധഭാവത്തില്‍ ലൂയീസ് നോക്കി നില്‍ക്കേ, ഞാന്‍ മുന്നോട്ടു നടന്നു.

അദ്ധ്വാനിയ്ക്കാനായ കാലം വരെ വീട്ടുപുരയിടത്തിലെ സ്ഥിരം പണിക്കാരനായിരുന്നു രാഘവച്ചേട്ടന്‍. അമ്മ പറയുമായിരുന്നു: 'രാഘവനെപ്പോലുള്ളവര് ഭൂമീല് ആത്മാര്‍ത്ഥതയോടെ അദ്ധ്വാനിയ്ക്കണതു കൊണ്ടാണ് ഭൂമി നമുക്കാവശ്യമുള്ളതൊക്കെ തരണത്; അവരോടൊക്കെ നമുക്ക് നന്ദീണ്ടാവണം.' ഇന്നും തെങ്ങുകയറ്റം കഴിഞ്ഞയുടനെ മുറ്റത്തു കൂട്ടാറുള്ള നാളികേരങ്ങള്‍ കാണുമ്പോളൊക്കെ അമ്മയുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങും.

അമ്മയുടെ വാക്കുകളായിരുന്നു ബാല്യം മുതല്‍ക്കേ ഞാന്‍ രാഘവച്ചേട്ടനെ ശ്രദ്ധിയ്ക്കാനിടയാക്കിയത്. ഒരുപക്ഷേ, അത്തരം പാഠങ്ങള്‍ ലൂയീസിന്റെ ബാല്യത്തില്‍ ആന്റണിച്ചേട്ടന്‍ പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. അതുകൊണ്ടായിരിയ്ക്കും രാഘവച്ചേട്ടന്റെ പേരു കേട്ടിട്ടും ആളെ തിരിച്ചറിയാനാകാതെ, ലൂയീസു സംശയിച്ചു നിന്നത്. മുന്‍ തലമുറയെ പുതു തലമുറ ഇങ്ങനെ വിസ്മരിച്ചുകളയാന്‍ പാടില്ല.

നടന്നു നടന്ന് പുഴയോരത്തെത്തിയതറിഞ്ഞില്ല. പുഴ നിശ്ചലമായിക്കിടക്കുന്നു. ഏറ്റമോ ഇറക്കമോ ഇല്ലാത്ത സമയമായിരിയ്ക്കണം.

വെയിലും നിഴലും ചിത്രം വരയ്ക്കാറുണ്ടായിരുന്ന പുഴയോരം ആകെ മാറിപ്പോയിരിയ്ക്കുന്നു. റോഡിന്റെ ഇരുവശത്തും മതിലുകളുയര്‍ന്നിരിയ്ക്കുന്നു. മതിലുകള്‍ക്കുള്ളില്‍ സൗധങ്ങളും.

വര്‍ഷം തോറുമുണ്ടാകാറുണ്ടായിരുന്ന വെള്ളപ്പൊക്കം ഇടുക്കി അണക്കെട്ടുണ്ടായതോടെ നിലച്ചു. വെള്ളപ്പൊക്കഭീഷണിയകന്നതോടെ കൂടുതല്‍പ്പേര്‍ പുഴക്കരയെ തങ്ങളുടെ വാസസ്ഥലമാക്കിയിരിയ്ക്കുന്നു. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ഇനിയുമായിട്ടില്ലാത്ത, ചൂടും തണുപ്പുമില്ലാത്ത, ശാന്തമായ സുഖവാസകേന്ദ്രം എന്നു പറയണം.

ഒരു കാലത്തു തോടുകളും തെങ്ങിന്‍ തടിപ്പാലങ്ങളുമായിരുന്നു, ഈ പ്രദേശത്തിന്റെ മുഖമുദ്ര. ഇപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിയ്ക്കുന്നു. ഗതാഗതം മുഴുവനും റോഡു വഴിയായതോടെ, വള്ളങ്ങള്‍ അടുപ്പിയ്‌ക്കേണ്ടയാവശ്യമില്ലാതായി. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം വീടിനകത്തേയ്ക്കു കടന്നുവരുന്നതുകൊണ്ട്, കുളി കുളിക്കടവില്‍ നിന്നു ടൈലുകള്‍ വിരിച്ച കുളിമുറിയില്‍, ഷവറിന്റെ ചുവട്ടിലേയ്ക്കു മാറി. ഇതൊക്കെക്കാരണം പണ്ടുണ്ടായിരുന്ന കടവുകള്‍ ഇല്ലാതായി.

ഒരു കാലഘട്ടം മുഴുവനും പോയിമറഞ്ഞതു പോലെ.

നടപ്പു കുറേ നടന്നെങ്കിലും ഒറ്റത്തടിപ്പാലങ്ങള്‍ റോഡിനു വഴിമാറിക്കൊടുത്തിരിയ്ക്കുന്നതു കൊണ്ടു ബഹുദൂരം അതിവേഗം അനായാസം നടക്കാനായെന്നു തോന്നി. റോഡു നന്നായാല്‍ യാത്രാസമയം ഇനിയും കുറയും.

ഒരു വളവു തിരിഞ്ഞപ്പോള്‍ രാഘവച്ചേട്ടന്റെ വീടിനു മുന്നിലെത്തി. വലിയ കുറേ വീടുകളുടെ ഇടയിലെ, ഓടിട്ട, ചെറിയ വീടു കണ്ടു പിടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ചുറ്റും കാണുന്ന ഈ സൗധങ്ങള്‍ മുമ്പുണ്ടായിരുന്നില്ല. അവയുടെ വലിപ്പം കാരണം രാഘവച്ചേട്ടന്റെ വീടു മുമ്പത്തേക്കാള്‍ ചുരുങ്ങി, ചെറുതായതു പോലെ തോന്നി. ശീമക്കൊന്ന കൊണ്ടു പേരിനു മാത്രമുള്ള വേലി. ചെറിയ മുറ്റം. മുറ്റമാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.

രാഘവച്ചേട്ടനെ പുറത്തെവിടേയും കണ്ടില്ല. വാതില്‍ തുറന്നു കിടക്കുന്നു.

"രാഘവച്ചേട്ടാ," ഞാന്‍ വിളിച്ചു.

കാണുമ്പോള്‍ രാഘവച്ചേട്ടനു സന്തോഷമാകും. പരിഭവമൊന്നുമില്ലെന്നു കരുതാം. കണ്ടയുടനെ നൂറു രൂപയെടുത്തു കൊടുത്തേയ്ക്കാം. അതിലേറെച്ചോദിയ്ക്കുകയാണെങ്കില്‍ നൂറു കൂടി കൊടുക്കാം. പോക്കറ്റില്‍ പണം ധാരാളം.

പ്രതികരണമൊന്നും കേള്‍ക്കാഞ്ഞതുകൊണ്ട് അല്പം കൂടി ഉറക്കെ വിളിച്ചു, " രാഘവച്ചേട്ടാ." അല്പം കഴിഞ്ഞു വിളി ആവര്‍ത്തിച്ചു.

മുറിയില്‍ നേരിയ അനക്കമുണ്ടായി. അകത്ത്, നിലത്തു വിരിച്ചിരുന്ന പായയില്‍ ആരോ പതുക്കെയെഴുന്നേറ്റിരിയ്ക്കുന്നതു വാതിലിലൂടെ കണ്ടു. ഒരു സ്ത്രീരൂപം. അവര്‍ മെല്ലെയെഴുന്നേറ്റ്, ചുവരില്‍പ്പിടിച്ചു വന്ന്, വാതില്‍പ്പടിയില്‍ ചാരി നിന്നു.

വാര്‍ദ്ധക്യം ബാധിച്ച, മെലിഞ്ഞുണങ്ങിയ ശരീരം. നരച്ച മുടി പാറിപ്പറക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍. അവര്‍ അവശതയോടെ വാതില്‍പ്പടിമേല്‍ തല ചായ്­ച്ചു തളര്‍ന്നു നിന്നു.

ഇതു ദേവകിച്ചേച്ചി തന്നെയാണോ! രാഘവച്ചേട്ടനെ ഓരോ മാസവും കാണാറുണ്ടായിരുന്നു. ദേവകിച്ചേച്ചിയെ കണ്ടിട്ടു കൊല്ലങ്ങളായി. പണ്ടു കണ്ട രൂപവുമായി യാതൊരു സാമ്യവുമില്ല. അതുകൊണ്ടു ചോദിച്ചു, "ദേവകിച്ചേച്ചിയല്ലേ?"

"കണ്ണു പിടിയ്ക്കണില്ല മോനേ. ആരാ?"

"ലക്ഷ്മിച്ചേച്ചീടെ മോനാ." ഞാന്‍ സ്വയം പരിചയപ്പെടുത്തി. "രാഘവച്ചേട്ടനില്ലേ?"

ദേവകിച്ചേച്ചി കരയാന്‍ തുടങ്ങി. "രാഘവച്ചേട്ടന്‍ പോയി, മോനേ..."

വല്ലായ്മയോടെ ചോദിച്ചു, "രാഘവച്ചേട്ടന്‍ എപ്പഴാ വരിക?"

"രാത്രി അത്താഴോം കഴിച്ച് കെടന്നതാ. കാലത്തെണീറ്റില്ല..." കരച്ചിലിന്റെ അണ പൊട്ടി. "മരണസങ്കക്കാരാ ഒക്കെ ചെയ്തത്..." ഏങ്ങിക്കരയുന്നതിനിടയില്‍ ദേവകിച്ചേച്ചി പറഞ്ഞു, "ആരേക്കെ അറീയ്ക്കണം ന്ന് അവര് ചോദിച്ച്... നിയ്‌ക്കൊരു ബോധോം ണ്ടായില്ല..." കരച്ചിലിന്റെ കുത്തൊഴുക്കില്‍ത്തളര്‍ന്ന് ദേവകിച്ചേച്ചി വരാന്തയിലെ ചുമരില്‍ച്ചാരി നിലത്തിരുന്നു.

ഞാന്‍ തരിച്ചു നിന്നു...

രാഘവച്ചേട്ടനെക്കാണാനെന്നു പറഞ്ഞപ്പോള്‍ ലൂയീസിന്റെ മുഖത്തുണ്ടായ ഭാവമാറ്റമോര്‍ത്തു...രാഘവച്ചേട്ടന്‍ വിടവാങ്ങിയെന്നു പറയാനൊരുങ്ങിയതായിരിയ്ക്കണം, ലൂയീസ്...ലൂയീസിനെ വെറുതേ തെറ്റിദ്ധരിച്ചു.

"ലെഷ്മിച്ചേച്ചീടെ കാര്യം ഇവടെപ്പറയ്വോയിര്ന്ന്...മോന്റേം കാര്യം എപ്പഴും പറയ്വേയിര്ന്ന്..."

ഇടര്‍ച്ചയോടെ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തുളച്ചു കയറി. രാഘവച്ചേട്ടന്‍ ചോദിച്ചത് അമ്പതു രൂപ മാത്രമായിരുന്നു. എന്നിട്ടുമതു കൊടുക്കാന്‍ തോന്നിയില്ലല്ലോ, ഈശ്വരാ...

"നിയ്ക്കാരൂല്ല മോനേ..." ദേവകിച്ചേച്ചിയുടെ നെഞ്ചിന്‍കൂട് ഉയര്‍ന്നു താണു. ചുളിവുകള്‍ വീണ മുഖം കണ്ണുനീരില്‍ കുതിര്‍ന്നു. "എന്നെയിട്ടിട്ട് പോയീ..."

അമ്മയുടെ മുഖം തെളിഞ്ഞു വന്നു...ശിരസ്സുയര്‍ത്തി കണ്ണടയിലൂടെ തുറിച്ചു നോക്കുന്ന മുഖം; കുറ്റപ്പെടുത്തുന്ന ഭാവം.

സഹിയ്ക്കാനായില്ല. ചെരിപ്പൂരി മുറ്റത്തിട്ടു വരാന്തയിലേയ്ക്കു കയറി, നിലത്തിരുന്ന് ദേവകിച്ചേച്ചിയെ മാറോടു ചേര്‍ത്തു. "ഞങ്ങള് ണ്ട്, ദേവകിച്ചേച്ചിയ്ക്ക്..." എണ്ണ പുരളാത്ത മുടിയിലും എല്ലുന്തിയ പുറത്തും ശുഷ്കിച്ച കൈകളിലും തലോടി.

മനസ്സില്‍ ചോദ്യങ്ങളുയര്‍ന്നു. രാഘവച്ചേട്ടന് ഒരു മകനുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. അയാളെവിടെപ്പോയി? ഒരു സഹായത്തിന് ഒരു ബന്ധു പോലുമില്ലേ?

അകത്തു നിന്ന് ആരും വന്നില്ല. അകത്താരുമുണ്ടെന്നു തോന്നിയില്ല. ഈ സ്ഥിതിയില്‍ ആരുടേയും സഹായമില്ലാതെ ദേവകിച്ചേച്ചിയ്ക്കു ജീവിയ്ക്കാനാവില്ലെന്നുറപ്പ്.

എന്തു ചെയ്യും? എങ്ങനെ സഹായിയ്ക്കാനാകും? ഞാന്‍ പകച്ചു.

അവളെ വിളിയ്ക്കാം, ശാരിയെ. അവളെന്തെങ്കിലുമൊരു വഴി കാണും. തേങ്ങുന്ന ദേവകിച്ചേച്ചിയെ മാറില്‍ നിന്നടര്‍ത്തി, മെല്ലെ ചുമരില്‍ ചാരിയിരുത്തി. മുറ്റത്തേയ്ക്കിറങ്ങി, പോക്കറ്റില്‍ നിന്നു സെല്‍ ഫോണെടുത്തു.

"അടുക്കളയില്‍ക്കയറി നോക്ക്," ശാരി ഫോണില്‍ക്കൂടി നിര്‍ദ്ദേശിച്ചു.

പാചകം നടന്നതിന്റെ ലക്ഷണമൊന്നും അടുക്കളയില്‍ കണ്ടില്ല.

"ഹരിയോടിങ്ങട് വരാന്‍ പറയ്."

ഞാന്‍ വിളിച്ചു പറഞ്ഞയുടന്‍ ഹരി ഓട്ടോയുമായി വീട്ടിലേയ്ക്കു ചെന്നു കാണണം. മിനിറ്റുകള്‍ക്കകം ശാരി ഓട്ടോയിലെത്തി.

അവളുടെ കൈയില്‍ സഞ്ചികളും ചോറ്റുപാത്രവുമുണ്ടായിരുന്നു. ചുമരും ചാരി തളര്‍ന്നു കണ്ണടച്ചിരുന്നിരുന്ന ദേവകിച്ചേച്ചിയുടെ തോളില്‍ സ്പര്‍ശിച്ചുകൊണ്ട് അവള്‍ വിളിച്ചു, "ദേവകിച്ചേച്ചീ".

ശാരി അകത്തുകയറിത്തിരഞ്ഞ് ഇട്ടിരിയ്ക്കാനുള്ളൊരു പലക കണ്ടെടുത്തു. മൊന്തയില്‍ വെള്ളം കൊണ്ടുവന്നു. അവളുടെ നിര്‍ബന്ധം മൂലം ദേവകിച്ചേച്ചി എഴുന്നേറ്റു. കൈകഴുകി. പലകയിലിരുന്നു. അവള്‍ വിളമ്പിയ ചോറും കറികളും കണ്ട് വീണ്ടും കരഞ്ഞു. എങ്കിലും, വിശക്കുന്നുണ്ടായിരിയ്ക്കണം. കണ്ണീര്‍ വാര്‍ത്തുകൊണ്ട് ആഹാരം കുറേശ്ശെ കഴിയ്ക്കാന്‍ തുടങ്ങി.

ചോറും കറികളും മാത്രമല്ല, അത്യാവശ്യത്തിന് അല്പം അരിയും മറ്റു ചില പലചരക്കിനങ്ങളും രണ്ടു മൂന്നു പച്ചക്കറികളും ശാരി കൊണ്ടുവന്നിരുന്നു. വീട്ടിലുണ്ടായിരുന്നവയുടെ ഒരു പങ്ക്. അവളവയെല്ലാം അടുക്കളയില്‍ അടുക്കി വച്ചു.

ചോറുണ്ണുന്ന ദേവകിച്ചേച്ചിയുടെ സമീപത്തു വീണ്ടും വന്നിരുന്നുകൊണ്ടു ശാരി പറഞ്ഞു, "രണ്ടു ദിവസത്തേയ്ക്കുള്ള സാധനങ്ങള്‍ അടുക്കളയില്‍ വച്ചിട്ടുണ്ട്. ദിവസം മൂന്നു നേരം ഭക്ഷണം ണ്ടാക്കിക്കഴിച്ചോളണം. കഴിച്ചോളൂല്ലേ?"

"എന്നെയിട്ടട്ട് പോയില്ലേ, മോളേ..." ദേവകിച്ചേച്ചി വീണ്ടും കരഞ്ഞു.

"ദേവകിച്ചേച്ചി ണ്ടാക്കിക്കഴിച്ചില്ലെങ്കില് ദിവസേന ഞാന്‍ ഭക്ഷണം കൊണ്ടുവരും." ശാരിയുടെ ഭീഷണി കേട്ടു ഞാന്‍ ചിരിച്ചുപോയി.

"ന്റെ മോളു ബുദ്ധിമുട്ടണ്ടാ...ഞാനിണ്ടാക്കിക്കഴിച്ചോളാം..."

"ഇടയ്ക്കിടെ ഞാന്‍ വന്നു നോക്കും. ആഹാരം ണ്ടാക്കിക്കഴിച്ചിട്ടില്ലാന്നു കണ്ടാല്‍, അപ്പത്തന്നെ വീടടച്ചു പൂട്ടി ഓട്ടോയില്‍ക്കയറ്റി ഞങ്ങളങ്ങോട്ടു കൊണ്ടുപോകും." ശാരി വര്‍ത്തമാനം വളരെക്കുറച്ചേ പറയാറുള്ളൂ. എങ്കിലും പറയേണ്ടതു പറയുക തന്നെ ചെയ്യും.

"അയ്യോ, ഇവിടന്ന് ഞാനെവിടയ്ക്കൂല്ല, മോളേ."

"എന്നാല്‍ ആഹാരം ണ്ടാക്കിക്കഴിച്ചോളണം."

"ണ്ടാക്കിക്കഴിച്ചോളാം." ദേവകിച്ചേച്ചി ഉറപ്പുകൊടുത്തു.

"ദേവകിച്ചേച്ചിയ്ക്ക് ആഹാരം ണ്ടാക്കാനൊക്കെ ഇപ്പഴാവ്വോ?" ഞാന്‍ സംശയം പ്രകടിപ്പിച്ചു.

"ആവും മോനേ."

"അപ്രത്തോ ഇപ്രത്തോ നമ്മടെ നമ്പറു കൊടുത്തേയ്ക്ക്. ആരെങ്കിലും ഇടയ്‌ക്കൊന്നു കേറി നോക്കട്ടെ. എന്തെങ്കിലും വിശേഷം ണ്ടെങ്കില്‍ നമ്മളെ വിളിയ്ക്കട്ടെ."

ശാരി പറഞ്ഞതു കേട്ടപ്പോള്‍ ഞാനോര്‍ത്തതു ലൂയീസിനെയാണ്. "ലൂയീസിനു നമ്പറു കൊടുക്കാം," ഞാന്‍ പറഞ്ഞു. "ലൂയീസ് എപ്പഴും ഇതിലേ പോണ് ണ്ടാകും. കേറി നോക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല."

"തോമസ്സേട്ടന്റെ കടേലിയ്ക്ക് ഒന്നു വിളിയ്ക്ക്." ശാരിയുടെ അടുത്ത നിര്‍ദ്ദേശം. തോമസ്സേട്ടന്റെ കടയില്‍ നിന്നാണു പലചരക്കിനങ്ങള്‍ വാങ്ങാറുള്ളത്. തോമസ്സേട്ടന്‍ ഫോണെടുത്തപാടെ, ശാരി പലചരക്കിനങ്ങളുടെ ചെറിയൊരു ലിസ്റ്റു പറഞ്ഞുകൊടുത്തു. അരമണിക്കൂറിനുള്ളില്‍ തോമസ്സേട്ടന്റെ സഹായിയായ പോളി സാധനങ്ങളുമായി സൈക്കിളില്‍ വരികയും ചെയ്തു.

"ദേവകിച്ചേച്ചിയ്ക്ക് ഒരു മാസത്തേയ്ക്കുള്ള സാധനങ്ങളെല്ലാമായി." ദേവകിച്ചേച്ചിയുടെ തോളെല്ലു തടവിക്കൊണ്ടു ശാരി പറഞ്ഞു, "ഒന്നുരണ്ടു മാസം കൊണ്ട് ഈ എല്ലു മുഴോന്‍ ഞങ്ങളു നെകത്തിയെടുക്കും."

ദേവകിച്ചേച്ചിയുടെ മുഖത്തൊരു പുഞ്ചിരി മെല്ലെ വിടര്‍ന്നു.

*****
ഈ കഥ തികച്ചും സാങ്കല്പികമാണ്.

sunilmssunilms@rediffmail.com
രാഘവച്ചേട്ടന് അമ്പതുറുപ്പിക (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക