Image

സ്‌റ്റെപ്പപ്പും മുല്ലപ്പെരിയാറും (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 24 March, 2016
സ്‌റ്റെപ്പപ്പും മുല്ലപ്പെരിയാറും (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
(രണ്ടായിരത്തിലേറെ പദങ്ങളുള്ള രചന; സമയമുള്ളപ്പോള്‍ മാത്രം വായിയ്ക്കുക.)

ഓളത്തില്‍പ്പെട്ട വഞ്ചിയെപ്പോലെ ആടിയുലഞ്ഞ്, കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സ് ജെട്ടി സ്റ്റാന്റിലേയ്ക്കിറങ്ങിച്ചെന്നു നിന്നു. ആളുകള്‍ തിരക്കിട്ടിറങ്ങി. അവരിറങ്ങിയ ശേഷം ബിഗ്‌ഷോപ്പറുമായി ഞാനെഴുന്നേറ്റു. ബിഗ്‌ഷോപ്പറിന്റെ ഭാരം ചെറുതൊന്നുമല്ല. പതിനെട്ടു കിലോയില്‍ക്കുറയില്ല. ഇരുപതു കിലോയുമാകാം. ഞാന്‍ സീറ്റുകളുടെ ഇടയിലൂടെ, മെല്ലെ, മുന്‍ വശത്തെ വാതിലിലേയ്ക്കു നടന്നു. തുറന്നുകിടന്നിരുന്ന വാതിലിലൂടെ സൂക്ഷിച്ചിറങ്ങി. പിന്നാലെ സുമയും.

ഇറങ്ങിയയുടന്‍ സുമയുടെ വാഗ്ദാനം വന്നു, "ഞാനുങ്കൂടിപ്പിടിയ്ക്കാം.'

പതിനെട്ടു കിലോ ഒന്നോ രണ്ടോ തവണയെടുത്തു പൊക്കാന്‍ എനിയ്ക്കു ബുദ്ധിമുട്ടില്ല. അതിനേക്കാള്‍ ഭാരക്കൂടുതലുള്ള ബാറും വെയ്­റ്റുകളും അനായാസം എടുത്തുയര്‍ത്തിയിട്ടുള്ളതാണ്. പക്ഷേ, ബിഗ്‌ഷോപ്പറിലുള്ള പതിനെട്ടു കിലോ ഒരു കൈകൊണ്ടു തൂക്കിപ്പിടിച്ച് തിരക്കുള്ള റോഡിലൂടെ അരക്കിലോമീറ്റര്‍ നടക്കുന്നതു സന്തോഷം തരുന്ന കാര്യമല്ല. അതുകൊണ്ട് അവളെക്കൊണ്ടുകൂടി ബിഗ്‌ഷോപ്പറിന്റെ ഒരറ്റത്തു പിടിപ്പിയ്ക്കണമെന്നായിരുന്നു, എന്റേയും ആഗ്രഹം. ഒത്തുപിടിച്ചാല്‍ മലയും പോരും!

പക്ഷേ, ഒരു കുഴപ്പം. ബിഗ്‌ഷോപ്പറിന്റെ പിടിയ്ക്കു വീതി കുറവ്. ഒരാള്‍ക്കു മാത്രം പിടിയ്ക്കാനുള്ള വീതിയേ അതിനുള്ളൂ. പിടിയുടെ അഗ്രങ്ങള്‍ തുണിയ്ക്കുള്ളിലായതു മൂലം, അവിടെയൊന്നും പിടിയ്ക്കാനാവില്ല.

ബസ്റ്റാന്റില്‍ നിന്നു മെയിന്‍ റോഡിലേയ്ക്കുള്ള കയറ്റത്തില്‍ മുഴച്ചു നില്‍ക്കുന്ന പാറക്കല്ലുകളില്‍ത്തട്ടി മൂക്കു കുത്തിവീഴാതിരിയ്ക്കാന്‍ ശ്രദ്ധിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ ഞാനവളുടെ വാഗ്ദാനം കേട്ടതായിപ്പോലും ഭാവിച്ചില്ല. എന്റെ പരിഭവം അവള്‍ മനസ്സിലാക്കട്ടെ.

റോഡു ക്രോസു ചെയ്യണം. വാഹനങ്ങളുടെ തിരക്കു തന്നെ. പല ലെയ്‌­നുകളായി വരുന്ന വാഹനങ്ങളുടെ ഒഴുക്കല്പം കുറയാനായി കാത്തുനിന്നു. കൈയിലീ ഭാരിച്ച വസ്തുവില്ലായിരുന്നെങ്കില്‍, ഇതിനകം വാഹനങ്ങളുടെ ഇടയിലൂടെ ഊളിയിട്ട് അപ്പുറത്തെത്തുമായിരുന്നു.

ഇവിടെയൊരു സീബ്രാ ക്രോസിംഗു വേണം. പക്ഷേ, സീബ്രാക്രോസിംഗു വകവയ്ക്കാതെ ഇരച്ചുപോകുന്ന വാഹനങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ കുറവില്ല. സീബ്രാക്രോസിംഗിലൂടെ നടക്കുന്നവരെ ശകാരിച്ചുകൊണ്ടു പോകുന്ന െ്രെഡവര്‍മാരുമുണ്ടിവിടെ.

ഞാനും സുമയും കൂടി റോഡു ക്രോസു ചെയ്യാനുള്ള അവസരം കാത്തുനില്‍ക്കെ, എവിടുന്നോ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ പ്രത്യക്ഷപ്പെട്ടു. പത്തു കല്പനകളെന്ന ഇംഗ്ലീഷ് സിനിമയില്‍ ചാള്‍ട്ടന്‍ ഹെസ്റ്റണിന്റെ മോസസ് ചെങ്കടല്‍ പിളര്‍ന്നു വഴിയൊരുക്കിയ രംഗത്തെ ഓര്‍മ്മിപ്പിയ്ക്കുമാറ്, ഭീഷണമാം വിധം ഇരച്ചുവന്ന വാഹനങ്ങളെ കോണ്‍സ്റ്റബിള്‍ തടുത്തു നിറുത്തി. ഞങ്ങള്‍ തിടുക്കപ്പെട്ടു റോഡിന്റെ പകുതി കടന്നു. വീണ്ടും കോണ്‍സ്റ്റബിള്‍ വന്ന് മറുപകുതിയിലെ ഗതാഗതവും ഞങ്ങള്‍ക്കായി തടഞ്ഞുനിറുത്തിത്തന്നു.

ഫുട്പാത്തിലേയ്ക്കു കയറി, ബിഗ്‌ഷോപ്പര്‍ നിലത്തുവച്ചു കാത്തു നിന്നു. ഒരോട്ടോ കിട്ടിയാല്‍ സൗകര്യമായി. ഓടിപ്പോകുന്ന ഓട്ടോകള്‍ക്കു നേരേ ആശയോടെ നോക്കി.

ആദ്യം വന്ന ഓട്ടോകളില്‍ യാത്രക്കാരുണ്ടായിരുന്നു. അധികം താമസിയാതെ ഒഴിഞ്ഞ ഒരോട്ടോയെത്തി. ഞാന്‍ കൈ കാണിച്ചപ്പോള്‍ അതു നില്‍ക്കുകയും ചെയ്തു. പക്ഷേ, പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍ ഒന്നു മിണ്ടുക പോലും ചെയ്യാതെ ഓട്ടോക്കാരന്‍ വണ്ടി വിട്ടുപൊയ്ക്കളഞ്ഞു.

"അതു പൊയ്ക്കളഞ്ഞതെന്താ?' സുമ ചോദിച്ചു.

"ഓട്ടോയ്ക്കു പോകാനുള്ള ദൂരമില്ല. മിനിമം ചാര്‍ജിനോടാന്‍ താല്പര്യമുണ്ടാവില്ല.'

"എവിടേണീ ആശുപത്രി?'

"ദാ, അവിടം മുതല്‍ ആശുപത്രിവളപ്പാണ്.' അല്പമകലെ തുടങ്ങുന്ന ആശുപത്രിമതില്‍ ചൂണ്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു. "എന്‍ട്രി അപ്പുറത്തെ റോഡില്‍ നിന്നാ. ഈ സാധനമില്ലായിരുന്നെങ്കില്‍, മൂന്നു മിനിറ്റു കൊണ്ടു നടന്നെത്താനുള്ള ദൂരമേയുള്ളൂ. ഇത്രേം ദൂരത്തേയ്ക്കു മാത്രായി ഇവിടത്തെ ഒറ്റ ഓട്ടോക്കാരനും വരില്ല.'

എന്റെ ശബ്ദത്തില്‍ അല്പം പാരുഷ്യം കലര്‍ന്നിരുന്നു. അതവള്‍ മനസ്സിലാക്കിയിട്ടുമുണ്ടാകും. അവള്‍ മുന്നോട്ടാഞ്ഞ്, ബിഗ്‌ഷോപ്പര്‍ തൂക്കിയെടുത്തു നടക്കാന്‍ തുടങ്ങി. ഏതാനും ചുവടു വച്ചപ്പോഴേയ്ക്ക് കൈ കഴച്ചുകാണണം. അവള്‍ ബിഗ്‌ഷോപ്പര്‍ നിലത്തു വച്ചു.

"നിന്നെക്കൊണ്ടത് എടുക്കാന്‍ പറ്റില്ല.'

ദേഷ്യം മാത്രമല്ല, പരിഹാസവും എന്റെ ശബ്ദത്തില്‍ കലര്‍ന്നിരുന്നു. കുറേ നാള്‍ മുമ്പു നോക്കിയപ്പോള്‍ അവളുടെ തൂക്കം അമ്പതു കിലോയേക്കാള്‍ അല്പം മാത്രം കൂടുതലായിരുന്നു. എന്റെ മൂഡു നന്നായിരിയ്ക്കുമ്പോള്‍ ഞാനവളെ അനായാസേന കൈകളിലെടുത്തുയര്‍ത്താറുണ്ട്. ആകെ അമ്പതു കിലോ മാത്രം തൂക്കമുള്ള അവള്‍ക്കെങ്ങനെ പതിനെട്ടു കിലോ ഭാരം ഉയര്‍ത്താനാകും!

ഞാന്‍ വീണ്ടും ബിഗ്‌ഷോപ്പറെടുത്തു നടക്കാന്‍ തുടങ്ങി. ബിഗ്‌ഷോപ്പറിനുള്ളിലെ പൊതിയലുകളും ചരടുകളുമെല്ലാം ചേര്‍ന്ന് അതിനു പതിനെട്ടല്ല, ഇരുപതു കിലോ തികച്ചുമുണ്ടാകാം. അതിനകത്തെ മുഖ്യവസ്തുവായ സ്‌റ്റെപ്പപ് ട്രാന്‍സ്‌­ഫോര്‍മറിനുള്ളിലെ ചെമ്പുകമ്പിയ്ക്കു മാത്രമുണ്ട്, പതിനെട്ടു കിലോ.

നടക്കുന്നതിനിടെ അതിന്റെ ചരിത്രമല്പം പറയാം. ഈ സ്‌റ്റെപ്പപ്പ് ട്രാന്‍സ്‌­ഫോര്‍മര്‍ ഒരു പുരാവസ്തുവാണെന്നു വേണം പറയാന്‍. പണ്ട്, ഞാനാദ്യമായി ടീവി വാങ്ങിയ കാലത്ത് അയല്പക്കങ്ങളിലെവിടേയും ടീവിയുണ്ടായിരുന്നില്ല. നീളമുള്ള സ്റ്റീല്‍ പൈപ്പിന്റെ മുകളില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന വലിയ ആന്റെന പുരപ്പുറത്തു നാട്ടി, അതിനെ പല ദിശകളിലുള്ള സ്‌റ്റേ വയറുകള്‍ വഴി ഉറപ്പിച്ചു നിറുത്തി, ആകെയുണ്ടായിരുന്ന ദൂരദര്‍ശന്‍ ചാനല്‍ ട്യൂണ്‍ ചെയ്തു തന്ന ശേഷം ടീവിക്കടയില്‍ നിന്നു വന്നിരുന്ന ഇലക്ട്രീഷ്യന്‍ തിരികെപ്പോയി.

അധികം താമസിയാതെ സന്ധ്യയായി. ലൈറ്റുകളിടാന്‍ തുടങ്ങിയപ്പോള്‍ ടീവി ഓഫായി. വോള്‍ട്ടേജ് സ്‌റ്റെബിലൈസറിലെ പച്ച വെളിച്ചത്തിനു പകരം ചുവന്നതു തെളിഞ്ഞു. ടീവി പ്രവര്‍ത്തിയ്ക്കാന്‍ മതിയായ വോള്‍ട്ടേജില്ല!

ശരിയാണ്; അക്കാലത്തു നേരമേറെച്ചെന്നു മാത്രമേ ട്യൂബ്‌­ലൈറ്റു തെളിഞ്ഞിരുന്നുള്ളൂ; മിക്ക ദിവസങ്ങളിലും ഒമ്പതു മണിയാകും.

കണ്ണുതുറക്കാതിരിയ്ക്കുന്ന പുത്തന്‍ ടീവിയുടെ മുന്നില്‍ ആകാംക്ഷയോടെ, ആര്‍ത്തിയോടെ, അക്ഷമയോടെ ഞങ്ങളിരുന്നു. അക്കൂട്ടത്തില്‍ അയല്‍ക്കാരുമുണ്ടായിരുന്നു.

വോള്‍ട്ടേജുയര്‍ന്ന്, ടീവി തെളിഞ്ഞപ്പോഴേയ്ക്ക് ഒമ്പതു മണി കഴിഞ്ഞിരുന്നു.

പിറ്റേന്നും തഥൈവ! സന്ധ്യയ്ക്കു ശേഷമുള്ള ഏകദേശം മൂന്നു മണിക്കൂര്‍ ടീവി സുഷുപ്തിയിലായിരിയ്ക്കും.

ഇങ്ങനെ പോയാല്‍പ്പറ്റില്ല. പരിപാടികള്‍ മുഴുവനും കാണാനായില്ലെങ്കില്‍ ടീവിയുണ്ടായിട്ടു കാര്യമില്ല.

ടീവിക്കടയില്‍ പരാതി ബോധിപ്പിച്ചു. ഒരു സായാഹ്നത്തില്‍ ഇലക്ട്രീഷ്യന്‍ വന്നു വോള്‍ട്ടേജളന്നു നോക്കി. മതിയായ വോള്‍ട്ടേജില്ല. ടീവിയുടെ ഭാഗത്തു കുറ്റമില്ല. കുറ്റം ഇലക്ട്രിസിറ്റി ബോര്‍ഡിന്റേതാണ്.

അവരൊരു പോംവഴി പറഞ്ഞു തന്നു: ഒരു സ്‌റ്റെപ്പപ്പു വാങ്ങുക.

സ്‌റ്റെപ്പപ്പോ!

അതെ, സ്‌റ്റെപ്പപ്പ് ട്രാന്‍സ്‌­ഫോര്‍മര്‍. വോള്‍ട്ടേജുള്ളപ്പോള്‍ സ്‌റ്റെപ്പപ്പിന്റെ സഹായമില്ലാതെ തന്നെ ടീവി പ്രവര്‍ത്തിച്ചോളും. വോള്‍ട്ടേജിന്റെ കുറവു കാരണം ടീവി കണ്ണടയ്ക്കുമ്പോള്‍ സ്‌റ്റെപ്പപ്പുപയോഗിച്ചു വോള്‍ട്ടേജു കൂട്ടിക്കൊടുക്കുക. അപ്പോള്‍ ടീവി പ്രവര്‍ത്തിച്ചോളും. ഒരു കാര്യം മാത്രം ശ്രദ്ധിയ്ക്കണം: ലൈനില്‍ വോള്‍ട്ടേജുയരുമ്പോള്‍ ട്രാന്‍സ്‌­ഫോര്‍മര്‍ ന്യൂട്ടറിലിടണം.

ശരി. ഈ സാധനം എവിടെക്കിട്ടും?

അതുണ്ടാക്കിക്കേണ്ടി വരും.

വിദഗ്ദ്ധനായ ഒരിലക്ട്രീഷ്യനെ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ ഉപദേശമിതായിരുന്നു: കൂടുതല്‍ പണം മുടക്കിയാല്‍, കൂടുതല്‍ ചെമ്പു കമ്പി ഉപയോഗിയ്ക്കാം. കൂടുതല്‍ ചെമ്പു കമ്പി ഉപയോഗിച്ചിട്ടുള്ള സ്‌റ്റെപ്പപ്പ് ട്രാന്‍സ്‌­ഫോര്‍മര്‍ കൂടുതല്‍ കാര്യക്ഷമമായിരിയ്ക്കും. കുറേക്കാലം നിലനില്‍ക്കും. ടീവിയ്ക്കും നന്ന്.

ആകെ എന്താവും? ശങ്കയോടെ ചോദിച്ചു.

തുക കേട്ടു നടുങ്ങി.

എന്റെ നടുക്കം കണ്ട് ഇലക്ട്രീഷ്യന്‍ വിശദീകരിച്ചു: ഇതൊരു നിക്ഷേപമായി കണക്കാക്കിയാല്‍ മതി. ചെമ്പു കമ്പിയുടെ വില കൂടിക്കൊണ്ടിരിയ്ക്കും. എന്നെങ്കിലും വില്‍ക്കുന്നെങ്കില്‍ അന്ന് ഇന്നത്തേതിന്റെ പല മടങ്ങു വില കിട്ടും. മാത്രമല്ല, വോള്‍ട്ടേജു കുറഞ്ഞ സമയങ്ങളില്‍ ഒരു ടീവിയോടൊപ്പം അത്യാവശ്യമുള്ള മറ്റു പല ഉപകരണങ്ങള്‍ കൂടി ഇതുപയോഗിച്ചു പ്രവര്‍ത്തിപ്പിയ്ക്കാന്‍ പറ്റും.

എന്തെങ്കിലുമാകട്ടെ, ടീവിപ്പരിപാടികള്‍ കണ്ടേ തീരൂ. ടീവി കനിയുന്നതും കാത്ത് അതിന്റെ മുന്നില്‍ അയല്‍ക്കാരോടൊപ്പം കുത്തിയിരിയ്‌ക്കേണ്ടി വരുന്നതു നാണക്കേടുമാണ്.

വിദഗ്ദ്ധനായ ഇലക്ട്രീഷ്യന്റെ ഉപദേശം സ്വീകരിച്ചു. അങ്ങനെ, കൂടുതല്‍ പണം മുടക്കി, അദ്ദേഹത്തെക്കൊണ്ടുണ്ടാക്കിച്ചതാണ് ഈ ബിഗ്‌ഷോപ്പറിനകത്തുള്ള സ്‌റ്റെപ്പപ്പ്.

പതിനെട്ടു കിലോ ചെമ്പു കമ്പി ഇതിലുപയോഗിച്ചിട്ടുണ്ടെന്ന സാക്ഷ്യപ്പെടുത്തലോടെയാണ് ഇലക്ട്രീഷ്യന്‍ സ്‌റ്റെപ്പപ്പ് എനിയ്ക്കു കൈമാറിയത്. വോള്‍ട്ടേജു കുറഞ്ഞ്, ടീവി കണ്ണടച്ചപ്പോളെല്ലാം, സ്‌റ്റെപ്പപ്പു ചാര്‍ജെടുത്തു. പിന്നീടൊരു കാലത്തും ടീവി കണ്ണടച്ചിട്ടില്ല.

ഒരു പതിറ്റാണ്ടിലേറെക്കാലം സ്‌റ്റെപ്പപ്പു വിശ്വസ്തസേവനം നല്‍കി. അതിനിടയില്‍, കെഎസ്ഈബിക്കാര്‍ എന്റെ വീടിനടുത്ത്, മെയിന്‍ റോഡില്‍, ഒരു പുതിയ ട്രാന്‍സ്‌­ഫോര്‍മര്‍ സ്ഥാപിച്ചു. അതോടെ, ട്യൂബ്‌­ലൈറ്റിന് സമയഭേദമെന്യേ തെളിയാനായി. സ്‌റ്റെപ്പപ്പു ന്യൂട്ടറില്‍ക്കിടന്നപ്പോഴും ടീവി കണ്ണുചിമ്മാതെ പ്രവര്‍ത്തിച്ചു. വോള്‍ട്ടേജുകുറവെന്ന പ്രശ്‌നത്തിനു സ്ഥിരപരിഹാരമായി.

സ്‌റ്റെപ്പപ്പിന്റെ ആവശ്യം ഇനിയില്ലെന്നു മനസ്സിലായപ്പോള്‍, അതൂരിയെടുത്ത്, ഒരു മൂലയില്‍ വച്ചു. കുറേക്കാലം കഴിഞ്ഞ്, മുറിയ്ക്കകത്തു തിരക്കു കൂടിയപ്പോള്‍, കക്ഷിയെ വിറകുപുരയിലേയ്ക്കു തള്ളി. എങ്കിലും അതിനെ ഭദ്രമായി സൂക്ഷിച്ചുവച്ചു. വിലപ്പെട്ട നിക്ഷേപം: പതിനെട്ടു കിലോ ചെമ്പുകമ്പി. സ്‌റ്റെപ്പപ്പുണ്ടാക്കിത്തന്ന ഇലക്ട്രീഷ്യന്റെ പ്രവചനം ശരിയായിരുന്നു. ചെമ്പുവില കൂടിക്കൊണ്ടിരുന്നു.

വലിയൊരു പീറച്ചാക്കു തോളത്തിട്ടുകൊണ്ട് ഒരുദിവസമൊരു തമിഴത്തി വന്നു കയറി. കറുത്തു മെലിഞ്ഞൊരു പെണ്ണ്. അവളുടെ ശോഷിച്ച രൂപത്തേക്കാള്‍ വലിയ സ്വരം. ഉച്ചത്തില്‍ സംസാരിയ്ക്കുന്നവരെ എനിയ്ക്കു പൊതുവിലിഷ്ടമല്ല. തന്നെയുമല്ല, തരം കിട്ടിയാല്‍ ഇക്കൂട്ടര്‍ എന്തെങ്കിലുമൊക്കെ കടത്തിക്കൊണ്ടു പൊയ്ക്കളയും. മൂന്നും നാലും പേരടങ്ങിയൊരു കൂട്ടം അപ്പുറത്തുകൂടിയും ഇപ്പുറത്തുകൂടിയും കടക്കും. കാണുന്നതെല്ലാം തരം കിട്ടിയാല്‍ ചാക്കിലാക്കുകയും ചെയ്യും. അവര്‍ പൊയ്ക്കഴിഞ്ഞ ശേഷമായിരിയ്ക്കും "അയ്യോ, അതു കാണാനില്ല, ഇതു കാണാനില്ല' എന്നുള്ള വിലാപമുയരാറ്.

ഈ തമിഴത്തി വന്നതു കൂട്ടത്തോടെയല്ല, തനിച്ചായിരുന്നു. എങ്കിലും, അവളെ ഭയന്ന്, പുറകിലെ അരമതിലില്‍ സുമ തേച്ചുമിനുക്കി വച്ചിരുന്ന ഓട്ടുകിണ്ടിയെടുത്ത് അകത്തുവയ്ക്കാന്‍ ഞാന്‍ പറഞ്ഞു. സുമയതു ശ്രദ്ധിച്ചതേയില്ല. തമിഴത്തിയുടെ വരവു പതിവായപ്പോള്‍ ഞാന്‍ തന്നെ ഓട്ടുകിണ്ടിയെടുത്ത് അകത്തു വച്ചു. പക്ഷേ, അടുത്ത നിമിഷമത് അരമതിലിന്മേല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അരമതിലിന്മേല്‍ ഓട്ടുകിണ്ടിയിരിയ്ക്കുന്നത് ‘ഐശ്വര്യ’മാണത്രേ! പിതാക്കളുടെ സ്പര്‍ശമുള്ള ഓട്ടുകിണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും.

എന്തായാലും, ഇതുവരെ ഓട്ടുകിണ്ടി തമിഴത്തിയുടെ പീറച്ചാക്കിനകത്തു കയറിയൊളിച്ചിട്ടില്ല. അതെങ്ങാന്‍ കാണാതായാല്‍ നിന്നെ ഞാന്‍ സൂപ്പാക്കും, തീര്‍ച്ച, എന്നു ഞാനവളെ, സുമയെ, പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ പല ഭീഷണികളേയും പോലെ ഇതും അവള്‍ കണക്കിലെടുത്തിട്ടില്ല.

പഴയതെന്തും വാങ്ങാന്‍ ഈ തമിഴത്തി തയ്യാര്‍. പ്ലാസ്റ്റിക്കിന്റെ എല്ലാ സാധനങ്ങളും അവളെടുത്തോളും: കുപ്പികള്‍, കിറ്റ്, പാല്‍പ്പാക്കറ്റുകള്‍ പോലും!

പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം മൂലം സഹികെട്ടിരുന്ന സുമയ്ക്കു സന്തോഷമായി. പ്ലാസ്റ്റിക്കു കത്തിച്ചു കളയാന്‍ പറ്റില്ല; പുക അസഹനീയം. മണ്ണില്‍ കുഴിച്ചിടാനും പറ്റില്ല. പ്ലാസ്റ്റിക്കാകട്ടെ, ദിവസേന വിവിധ ആകൃതികളില്‍ വന്നു കയറിക്കൊണ്ടുമിരിയ്ക്കുന്നു. ഇങ്ങനെപോയാലിതെന്തു ചെയ്യും! അതായിരുന്നു, പുരയേയും പുരയിടത്തേയും മാലിന്യമുക്തമാക്കി സൂക്ഷിയ്ക്കാന്‍ തത്രപ്പെട്ടിരുന്ന സുമയുടെ വേവലാതി. അവളങ്ങനെ വേവലാതി പൂണ്ടിരിയ്‌ക്കെയാണ് ഈ തമിഴത്തിയുടെ വരവ്. തേടിയ വള്ളി തന്നെ കാലില്‍ച്ചുറ്റി!

ഗായത്രി – അതായിരുന്നു, തമിഴത്തിയുടെ പേര്. പല തവണകളായി പ്ലാസ്റ്റിക്ക് ശേഖരം മുഴുവന്‍ അവള്‍ കൊണ്ടുപോയിത്തീര്‍ത്തു. വിറകുപുരയില്‍ ഒരു കാലത്തുണ്ടായിരുന്ന മാലിന്യക്കൂമ്പാരമകന്ന്, സ്വീകരണമുറി പോലെ വൃത്തിയുള്ളതായി. പ്ലാസ്റ്റിക്ക്മാലിന്യത്തെ അകറ്റാനായപ്പോള്‍ സുമയ്ക്ക് ആശ്വാസമായി. ഈരണ്ടു മാസം കൂടുമ്പോ വരിക, സുമ നിര്‍ദ്ദേശം കൊടുത്തു.

പ്ലാസ്റ്റിക്കു മാത്രമല്ല, സ്റ്റീലും ഇരുമ്പും പിച്ചളയും അലൂമിനിയവുമെല്ലാം ഗായത്രി എടുത്തോളും. പത്രക്കടലാസും പഴയ നോട്ടുബുക്കുകളുമെല്ലാം. അവളുടെ കൈയിലൊരു ത്രാസ്സുണ്ട്. തൂക്കിപ്പിടിയ്ക്കുന്നൊരു സ്പ്രിംഗ് ത്രാസ്സ്. അതു കള്ളത്രാസ്സാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഒരു ഷീറ്റു പത്രക്കടലാസ്സിന്റെ തൂക്കം പത്തു ഗ്രാമാണ്. നൂറു ഷീറ്റു കൂടിയാല്‍ ഒരു കിലോ തൂക്കമുണ്ടാകണം. നൂറു ഷീറ്റെടുത്തുകൊടുത്ത്, അതു തൂക്കിക്കാണിയ്ക്കാന്‍ ഞാനാവശ്യപ്പെട്ടു. തമിഴത്തിയുടെ ത്രാസ്സു കാണിച്ചതു മുന്നൂറു ഗ്രാം മാത്രം! കൃത്യം മൂന്നിലൊന്ന്! തമിഴത്തിയുടെ ത്രാസ്സു തനി തട്ടിപ്പു തന്നെ!

പക്ഷേ, സുമയ്ക്ക് എന്റെ കണക്കിലുള്ളതിനേക്കാളേറെ വിശ്വാസം തമിഴത്തിയുടെ കള്ളത്രാസ്സിലായിരുന്നു. കള്ളത്രാസ്സുപയോഗിച്ചു തമിഴത്തി സുമയെ പതിവായി പറ്റിച്ചു. ഞാനതു സുമയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഒരിയ്ക്കല്‍ ഞാന്‍ തമിഴത്തിയെ ശകാരിയ്ക്കുക പോലും ചെയ്തു: ഈ തട്ടിപ്പുമായി മേലിലിങ്ങോട്ടു വന്നേയ്ക്കരുത്!

എന്റെ താക്കീതിനു സുമ പുല്ലുവില കല്പിച്ചില്ല. "ഓ, പിന്നേ! ഈ പത്രക്കടലാസു വിറ്റ കാശും കൊണ്ടല്ലേ, നമ്മളു ജീവിയ്ക്കാന്‍ പോണത്. അതിറ്റേള് എങ്ങനേങ്കിലും ജീവിച്ചോട്ടേ, ചേട്ടാ.'

തമിഴത്തിയുടെ എല്ലുന്തിയ ദേഹവും കുണ്ടിലിറങ്ങിയ കണ്ണുകളുമാണ് സുമയെ അലട്ടുന്നത്. എന്നോടു കടുത്ത നിലപാടെടുക്കാറുള്ള ആള്‍ പട്ടിണിയും പരിവട്ടവും കണ്ട് മഞ്ഞുരുകും പോലെ ഉരുകാന്‍ തുടങ്ങും. അതാണു സുമയുടെ കുഴപ്പം. ഞാനടുത്തില്ലെങ്കില്‍, എന്തൊക്കെയാണവള്‍ എടുത്തു കൊടുത്തുകളയുകയെന്നറിയില്ല! തമിഴരുടെ ദാരിദ്ര്യം നീക്കാന്‍ അതിസമ്പന്നയായ ജയലളിത­യ്ക്കു പോലുമായിട്ടില്ല. പിന്നെ കഷ്ടി ജീവിച്ചുപോകുന്ന നമുക്കതെങ്ങനെ സാധിയ്ക്കും? ഇതൊന്നും സുമയുടെ തലയില്‍ക്കയറില്ല.

എന്റെ ശകാരം ചേമ്പിലയില്‍ വീണ വെള്ളം പോലെ തമിഴത്തിയെ ‘ഏശി’യതേയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ഗായത്രി പിന്നേയും വന്നു. എന്റെ താക്കീതു വക വയ്ക്കാതെ സുമ പഴയ സാധനങ്ങള്‍ ഗായത്രിയ്ക്കു പെറുക്കിക്കൊടുക്കുന്ന പതിവു തുടരുകയും ചെയ്തു. തമിഴത്തിയുടെ കള്ളത്രാസ്സിനെ അവളതേപടി അംഗീകരിച്ചു. ഞാന്‍ തെളിയിച്ചുകൊടുത്ത ശാസ്ത്രസത്യങ്ങളെ അവളവഗണിച്ചു!

ഒരു ദിവസം തമിഴത്തി വന്നപ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. സുമ വന്നെന്നോടു ചോദിച്ചു, "ചേട്ടാ, ആ സാധനം കൊടുക്കുമോന്ന് അവളു ചോദിയ്ക്കണ് ണ്ടല്ലോ.'

വിറകുപുരയിലെ സ്ലാബിന്റെ മൂലയ്ക്കു ഭദ്രമായിരുന്നിരുന്ന സ്‌റ്റെപ്പപ്പ് ട്രാന്‍­സ്‌­ഫോര്‍മറിനെയാണു സുമ ‘ആ സാധന’മെന്നുദ്ദേശിച്ചത്. "നാലായിരം രൂപ,' ഞാന്‍ പറഞ്ഞു.

വിശ്വാസം വരാതെ സുമ എന്നെ നോക്കി.

വിലകേട്ടപ്പോള്‍ തമിഴത്തി മൂക്കത്തു വിരല്‍ വച്ചു; "എന്നാ സാര്‍! നാലായിരം രൂപായാ?'

ഞാന്‍ കണക്കുകൂട്ടിക്കാണിച്ചുകൊടുത്തു. ഒന്നാംതരം ചെമ്പു കമ്പി ഒന്നും രണ്ടും കിലോയല്ല, പതിനെട്ടു കിലോയാണ് അതിനകത്തുള്ളത്. അതൊന്നു പൊക്കിനോക്ക്. അപ്പഴറിയാം അതിന്റെ ഭാരം. ഒരു കിലോ ചെമ്പു കമ്പിയുടെ ഇപ്പോഴത്തെ കമ്പോളവില മുന്നൂറു രൂപ. പതിനെട്ട് ഗുണം മുന്നൂറ്: അയ്യായിരത്തിനാനൂറ്. ആയിരത്തിനാനൂറു രൂപ വേണ്ടെന്നു വയ്ക്കാം. ഇരുപത്തഞ്ചു ശതമാനം ഡിസ്കൗണ്ട്. നാലായിരമിങ്ങെടുത്തോ. സാധനം കൊണ്ടുപൊക്കോ.

തലയ്ക്കു കൈ കൊടുത്തുകൊണ്ടു തമിഴത്തി സ്ഥലം വിട്ടു. നാലായിരം പോയിട്ട്, നാനൂറു രൂപ പോലും അവളുടെ പക്കലുണ്ടായിരുന്നു കാണില്ല.

തമിഴത്തി പൊയ്ക്കഴിഞ്ഞപ്പോള്‍ സുമ പരിഹസിച്ചു: "ഒരു പത്തഞ്ഞൂറു രൂപേക്കൂടുതലൊന്നും അതിനു കിട്ടില്ല. നാലായിരം രൂപേയ്!'

"നിനക്കറിയാമ്പാടില്ലാഞ്ഞിട്ടാ.' ഞാന്‍ പത്രത്തില്‍ ചെമ്പിന്റെ വില കാണിച്ചുകൊടുത്തു. എന്റെ കണക്കു കിറുകൃത്യം. സുമ നിശ്ശബ്ദയായി.

ഗായത്രി പിന്നേയും പല തവണ വന്നു. ചെമ്പ് എത്രമാത്രം വിലപ്പെട്ടതെന്ന് അവള്‍ക്കും അവളെ അയച്ചവര്‍ക്കും മനസ്സിലായിക്കാണണം. ഞാനുള്ളപ്പോഴെല്ലാം അവള്‍ ചോദിച്ചു, "അതു കൊടുക്കുമാ, സാര്‍?' ഒരിയ്ക്കലവള്‍ ക്വൊട്ടേഷന്‍ നൂറു രൂപ കൂട്ടി: "അറുനൂറു രൂപാ തരലാം.'

മണിച്ചിത്രത്താഴ് സ്‌റ്റൈലില്‍ ഞാന്‍ പറയും: "തരമാട്ടേ. ഉനക്കു വേണമാ? നാലായിരം രൂപായ് കൊടുങ്കോ.'

"എന്ന സാര്‍, ഇപ്പടി?' തമിഴത്തി ദൈന്യത നടിയ്ക്കും. ആ ദൈന്യതയൊക്കെ കള്ളത്തരമായിരിയ്ക്കുമെന്നു ഞാന്‍ സുമയോടു പറയും. എന്നാലും സുമ തമിഴത്തിയെയാണു പിന്തുണയ്ക്കാറ്. തമിഴത്തികളെല്ലാം മോഷ്ടാക്കളാണെന്നു ഞാന്‍ പറഞ്ഞിരുന്നെങ്കിലും, ഈ തമിഴത്തി ഇക്കാലമത്രയും ഒരു സാധനം പോലും ചോദിയ്ക്കാതെ എടുത്തിട്ടില്ല; അതാണു സുമയുടെ വാദം.

ഗായത്രി മോഷണം നടത്തിയിട്ടില്ലെന്നതു ശരി തന്നെ. പക്ഷേ, തൂക്കത്തിലുള്ള വെട്ടിപ്പ് എങ്ങനെ വെട്ടിപ്പല്ലാതാകും? സുമ പൊതുവില്‍ ബുദ്ധിമോശങ്ങള്‍ കാണിയ്ക്കാറില്ലെങ്കിലും, ചില നേരത്ത് അവള്‍ക്കു സാമാന്യബുദ്ധിപോലുമില്ലെന്നു തോന്നിപ്പോകും.

സ്‌റ്റെപ്പപ്പിനു വേണ്ടി തമിഴത്തിയുടെ ആവര്‍ത്തിച്ചുള്ള യാചന മൂലം സഹികെട്ട് ഒരു ദിവസം ഞാന്‍ പറഞ്ഞു: "നിനക്കു ഞാനതു ഫ്രീയായി തന്നേയ്ക്കാം.' തമിഴത്തിയുടെ കുഴിയിലാണ്ട കണ്ണുകള്‍ വിടര്‍ന്നു. "ഒറ്റക്കണ്ടീഷന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയാനുള്ള സമ്മതപത്രം ജയലളിതാ അമ്മാവെക്കൊണ്ട് ഒപ്പിടീച്ചു തരണം. മുടിയുമാ?'

തമിഴത്തി കണ്ണു മിഴിച്ചു നിന്നു. സുമയും.

"എന്നാ സാര്‍...' തമിഴത്തി. ദൈന്യഭാവം.

ജയലളിതാമ്മയുടെ സമ്മതപത്രം കൊണ്ടുവരാന്‍ ഗായത്രിയ്ക്കായില്ല. സ്‌റ്റെപ്പപ്പിനുള്ള അവളുടെ ക്വൊട്ടേഷന്‍ അറുനൂറു രൂപയില്‍ നിന്നുയര്‍ന്നില്ല. എന്റേത് നാലായിരത്തില്‍ നിന്നു താഴ്­ന്നുമില്ല. സ്‌റ്റെപ്പപ്പു വിറകുപുരയുടെ മൂലയില്‍ത്തന്നെ സുഖവാസം തുടര്‍ന്നു.

ഒരു ദിവസം തമിഴത്തി പൊയ്ക്കഴിഞ്ഞ് സുമ രോഷത്തോടെ ചോദിച്ചു, "ഇപ്പറയുന്നതു വല്ലതും അതിനു കിട്ട്വോ?' എല്ലുപോലത്തെ തമിഴത്തിയോടുള്ള ആര്‍ദ്രതയൊന്നും എന്നോടു സംസാരിയ്ക്കുമ്പോള്‍ അവള്‍ക്കില്ല.

"മോട്ടോര്‍ റീവൈന്റിംഗ് കടക്കരറിഞ്ഞാലതു റാഞ്ചിക്കൊണ്ടുപോകും.'

"ഇത്രേം കാലത്തിനെടയ്ക്ക് ആരും റാഞ്ചാന്‍ വന്നു കണ്ടില്ലല്ലോ.' അവള്‍ പരിഹസിച്ചു.

"നാലായിരം രൂപേക്കുറച്ചു കൊടുക്കാന്‍ പറ്റില്ല.'

"പിന്നേ. ആ നാലായിരം കിട്ടീട്ടു വേണം നമ്മുടെ കൊട്ടാരംപണി തീര്‍ക്കാന്‍!' അവളുടെ മൂഡു മോശമായിരുന്നു. "തിന്നേമില്ല, തീറ്റിയ്‌ക്കേമില്ല. അങ്ങനേം ചെല മനുഷ്യര് ണ്ട്. ചേട്ടനങ്ങനാവണേലാ എനിയ്ക്കു സങ്കടം.'

"എടീ, അവളൊക്കെ പീറച്ചാക്കു കാണിച്ച്, നിന്നെപ്പോലുള്ളവരെ പറ്റിച്ച് ലക്ഷക്കണക്കിനു രൂപ ഓരോ കൊല്ലോം ഉണ്ടാക്കണ് ണ്ടാകും. ഇവരൊക്കെച്ചെലപ്പോ കോടിപതികളായിരിയ്ക്കും. നിനക്കറിയില്ല.'

"അതേയതേ! അവളെക്കണ്ടാത്തന്നെ അറിയാം, കോടിപതിയാണെന്ന്!' അവള്‍ ദേഷ്യത്തോടെ അപ്പുറത്തേയ്ക്കു പോയി.

ഞാനൊന്നും മിണ്ടിയില്ല. സുമ പറഞ്ഞതിലും കാര്യമുണ്ട്. ലക്ഷവും കോടിയുമൊന്നും തമിഴത്തിയുടെ ശരീരത്തില്‍ കാണാനില്ല.

എങ്കിലും, ഞാനൊരു ദൃഢനിശ്ചയമെടുത്തു. മോട്ടോര്‍ റീവൈന്റിംഗ് നടത്തുന്നവരെ തേടിക്കണ്ടുപിടിയ്ക്കണം. സ്‌റ്റെപ്പപ്പു നാലായിരം രൂപയ്ക്കു വിറ്റു കാണിച്ചിട്ടു ബാക്കി കാര്യം!

ഞാന്‍ ദൃഢനിശ്ചയമെടുത്തെങ്കിലും അതിന്റെ നടപ്പാക്കല്‍ ചില സര്‍ക്കാരുപദ്ധതികളെപ്പോലെ നീണ്ടുനീണ്ടുപോയി. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മോട്ടോര്‍ റീവൈന്റിംഗുകാരെ അന്വേഷിച്ചുനടക്കാന്‍ നേരമെവിടുന്ന്!

കാര്യങ്ങളങ്ങനെയിരിയ്‌ക്കെ, ഇതാ, ഇന്നലെ, വൈകുന്നേരമാകാറായപ്പോള്‍ പുറത്തുനിന്നൊരു വിളി: "ചേച്ചീ, പ്ലാസ്റ്റിക്ക്, ഇരുമ്പ്, പിച്ചള., അലൂമിനിയം...'

ഞായറാഴ്ചയായതുകൊണ്ടു ഞാന്‍ വീട്ടിലുണ്ടായിരുന്നു. പരിചയമില്ലാത്ത ശബ്ദം. ഞാന്‍ വാതില്‍ തുറന്നപ്പോഴേയ്ക്കു സുമയുമെത്തി.

ഗായത്രിയെപ്പോലെ കറുത്തു ശോഷിച്ച രണ്ടു സ്ത്രീകള്‍. കണ്ടാലറിയാം, തമിഴത്തികള്‍ തന്നെ. രണ്ടുപേരേയും ഇതിനു മുമ്പു കണ്ടിട്ടില്ല. ഇരുവരുടേയും തോളത്തു പീറച്ചാക്കുകളുണ്ട്. ഗായത്രി അവരോടൊപ്പമില്ല.

"ഗായത്രി എവിടെപ്പോയി,' സുമ ആരാഞ്ഞു.

തമിഴത്തികളിലൊരാള്‍ ആവേശത്തോടെ പറഞ്ഞു, "അവളുക്ക് ആക്‌സിഡന്റാച്ച്. കണ്ടെയിനറു മുട്ടി. തല പൊട്ടി. കൈയൊടിഞ്ച്.' മറ്റേ തമിഴത്തി കൂട്ടിച്ചേര്‍ത്തു, "ചോരേലു കുളിച്ച് കെടന്ന്.'

സുമ ഷോക്കേറ്റു നിന്നു.

"കഥ കഴിഞ്ഞോ ഇല്ലയോ? അതു പറയ്!' ഞാനിടയില്‍ക്കയറി ചോദിച്ചു.

സുമയെന്നെ രൂക്ഷമായി നോക്കി. പക്ഷേ, അറിയേണ്ട വിവരം അറിയണമെങ്കില്‍ ചോദിയ്‌ക്കേണ്ട ചോദ്യം തന്നെ ചോദിയ്ക്കണ്ടേ!

അവര്‍ക്കറിയാവുന്നത് ഇത്ര മാത്രം: ചോരയില്‍ക്കുളിച്ചുകിടന്ന ഗായത്രിയെ ആരൊക്കെയോ ചേര്‍ന്ന് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. തലയ്ക്കു പരിക്കുള്ളതുകൊണ്ട് ജില്ലാശുപത്രിയിലേയ്ക്കു കൊണ്ടുപൊയ്‌ക്കോളാന്‍ പറഞ്ഞു. ജില്ലാശുപത്രിയിലെത്തിച്ചയുടന്‍ ഓപ്പറേഷന്‍ നടന്നു.

"രക്ഷപ്പെടില്ലേ?' സുമ ഉദ്വേഗത്തോടെ ചോദിച്ചു.

തമിഴത്തികള്‍ മേല്‌പോട്ടു കൈയുയര്‍ത്തി: "കടവുള്‍ തുണൈ.' പിന്നീടുള്ള വിവരമൊന്നും അവര്‍ക്കു കിട്ടിയിട്ടില്ല എന്നര്‍ത്ഥം.

ഇവിടുത്തെ സാധനങ്ങള്‍ ഗായത്രിയ്ക്കാണു കൊടുക്കാറ് എന്നു പറഞ്ഞു സുമ തമിഴത്തികളെ മടക്കിയയച്ചു. അവര്‍ പോയ ഉടന്‍ അവളെന്നോടു കയര്‍ത്തു: "അതന്നു തന്നെയങ്ങ് കൊടുത്താ മതിയായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനത്തെ അത്യാര്‍ത്തി പാടില്ല!'

ഗായത്രി സ്‌റ്റെപ്പപ്പിനു വേണ്ടി പല തവണ യാചിച്ചിട്ടുള്ളതാണ്. അതവള്‍ക്കു കൊടുക്കേണ്ടതായിരുന്നു എന്നാണു സുമ അര്‍ത്ഥമാക്കിയത്. അറുനൂറു രൂപയ്‌ക്കെങ്ങനെയതു കൊടുക്കും! നടപ്പില്ല.

"നാളെ ഞാനതും കൊണ്ട് ആശുപത്രീപ്പോണു.' അവള്‍ പ്രഖ്യാപിച്ചു.

"സ്‌റ്റെപ്പപ്പും കൊണ്ടോ?' ഞാനാശ്ചര്യത്തോടെ ചോദിച്ചു.

"നാളെക്കാലത്തു തന്നെ ഞാനതു കൊണ്ടെക്കൊടുക്കും. അവള്‍ക്കെന്തെങ്കിലും സംഭവിയ്ക്കണേനു മുമ്പ് അതെത്തിച്ചു കൊടുക്കണം.'

ഇത്തവണ എനിയ്ക്കാണു ഷോക്കേറ്റത്.

സുമം എന്റെ കൂടെയല്ലാതെ പുറത്തിറങ്ങാറില്ല. ജില്ലാശുപത്രിയിലേയ്ക്ക് മുപ്പത്തഞ്ചു കിലോമീറ്ററിലേറെ ദൂരമുണ്ട്. രണ്ടു ബസ്സില്‍ മാറിക്കയറേണ്ടി വന്നേയ്ക്കാം. പ്രവൃത്തിദിനമായതുകൊണ്ട് ബസ്സുകളില്‍ ശ്വാസം മുട്ടിയ്ക്കുന്ന തിരക്കുമുണ്ടാകും. അതിനിടയില്‍ അവളെങ്ങനെ ഒറ്റയ്ക്കു പോകും! അതും, ഈ പതിനെട്ടുകിലോ ഭാരവും തൂക്കിപ്പിടിച്ച്.

"നീയെന്തു മണ്ടത്തരമാണിപ്പറയണത്! തമിഴത്തി രക്ഷപ്പെട്ടാല്‍ ഇവിടെ വരും. നിന്നെപ്പറ്റിച്ചാണല്ലോ അവളു ജീവിയ്ക്കണത്. അവളു വരാതിരിയ്ക്കില്ല.' ഞാന്‍ വൈമനസ്യത്തോടെ തുടര്‍ന്നു: "അവളു വരുമ്പൊ എടുത്തു കൊടുത്തോ. അല്ലാതെ പ്രായശ്ചിത്തം പോലെ അതും ചുമന്ന്, മുപ്പതു നാല്‍പ്പതു കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രീല് കൊണ്ടുപോയിക്കൊടുക്കേണ്ട കാര്യമെന്താള്ളത്?'

"നാളെക്കാലത്ത് ഒമ്പതു മണിയ്ക്കു ഞാനിറങ്ങും.' അവള്‍ തറപ്പിച്ചു പറഞ്ഞു. വിശദീകരണത്തിനൊന്നും അവള്‍ മിനക്കെടാറില്ല.

ഡിപ്പാര്‍ച്ചര്‍ ടൈം പോലും അനൗണ്‍സു ചെയ്തിരിയ്ക്കുന്ന നിലയ്ക്ക് അതു ഭീഷണി മാത്രമാവില്ലെന്നു തോന്നി. മാത്രവുമല്ല, അവള്‍ വിറകുപുരയില്‍പ്പോയി സ്‌റ്റെപ്പപ്പെടുത്ത്, പുറകിലെ വരാന്തയില്‍ കൊണ്ടു വന്നു വച്ച് തുടച്ചു വൃത്തിയാക്കാനും തുടങ്ങി.

വിറകുപുരയില്‍ നിന്നു വരാന്തയിലേയ്ക്കുള്ള ഹ്രസ്വദൂരം പോലും അവള്‍ ചുമന്നു കഷ്ടപ്പെട്ടാണു തരണം ചെയ്തത്. ഭാരക്കൂടുതല്‍ കാരണം സ്‌റ്റെപ്പപ്പ് ഇടയ്ക്ക് രണ്ടിടത്തു വയ്ക്കുകയും ചെയ്തു. അങ്ങനെയുള്ളയാള്‍ക്ക്, അതുംകൊണ്ടു മുപ്പത്തഞ്ചു കിലോമീറ്ററെങ്ങനെ തനിച്ചു പോകാനാകും?

നാളെ ഇവിടത്തെ ബസ്‌റ്റോപ്പു വരെ ഞാനെത്തിച്ചുകൊടുക്കുമെന്നു വയ്ക്കാം. പക്ഷേ, പിന്നീടുള്ള യാത്രയോ? അതും തിരക്കുള്ള ബസ്സില്‍? അതു കഴിഞ്ഞ്, ജെട്ടിയില്‍ നിന്ന് ആശുപത്രിയിലേയ്ക്കുള്ള നടപ്പോ?

തന്നെയുമല്ല, തമിഴത്തി ജീവനോടിരിപ്പുണ്ടെന്ന് എന്താണുറപ്പ്? സ്വതവേ എല്ലുപോലെ ശോഷിച്ച പെണ്ണ്. കണ്ടെയിനറിടിച്ച്, തല പൊളിയുകയും കൈയൊടിയുകയും ചെയ്തിരിയ്ക്കുന്ന നിലയ്ക്ക് അവളുടെ കഥ കഴിഞ്ഞുകാണാനാണു വഴി? അവള്‍ ചത്തുപോയിട്ടുണ്ടെങ്കില്‍ സ്‌റ്റെപ്പപ്പും കൊണ്ടുള്ള പോക്കു വൃഥാവിലാകും. അതു ചുമന്നുകൊണ്ടുതന്നെ തിരിച്ചും യാത്രചെയ്യേണ്ടി വരും.

ഇതും ഇതിലപ്പുറവും പറഞ്ഞു ഞാന്‍ സുമയെ പിന്തിരിപ്പിയ്ക്കാന്‍ നോക്കി. അവള്‍ മിക്കപ്പോഴും എന്റെ തീരുമാനങ്ങളാണനുസരിയ്ക്കാറ്. എന്നാല്‍, വിരളമായെങ്കിലും അവള്‍ സ്വന്തമായ തീരുമാനങ്ങളെടുക്കാറുണ്ട്. അവള്‍ തീരുമാനങ്ങളെടുത്തുപോയാല്‍ കടുകിട വ്യത്യാസമില്ലാതെ അവ നടപ്പാക്കിയിരിയ്ക്കും. അവളുടെ മേനി മൃദുലമാണെങ്കിലും അവളുടെ തീരുമാനങ്ങള്‍ പാറ പോലെ കടുത്തതാകാറുണ്ട്.

കല്യാണസൗഗന്ധികമന്വേഷിച്ചു നടന്ന ഭീമന്റെ വഴി മുടക്കിക്കിടന്നിരുന്ന വൃദ്ധവാനരന്റെ വാല് എടുത്തുമാറ്റാന്‍ അതിശക്തനായിട്ടും ഭീമനു കഴിഞ്ഞില്ല. അതുപോലെ, അവളുടെ തൂക്കം അമ്പതു കിലോ മാത്രമേയുള്ളെങ്കിലും, അവളുടെ ഈയൊരു തീരുമാനത്തെ ഇളക്കാന്‍, അവളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിശക്തനായ എനിയ്ക്കായില്ല.

എന്റെ നിരുത്സാഹപ്പെടുത്തലുകളെയെല്ലാം അവള്‍ തള്ളിക്കളഞ്ഞു. ഗായത്രി ജീവനോടിരിപ്പുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഇതവിടെ, ആശുപത്രിയിലെത്തിച്ചിട്ടു ബാക്കി കാര്യം! ദൃഢപ്രതിജ്ഞയായിരുന്നു, അവളുടേത്. ഞാന്‍ നിസ്സഹായനായി നോക്കിനിന്നു.

തുടച്ചു വൃത്തിയാക്കിയ സ്‌റ്റെപ്പപ്പ് അവള്‍ കടലാസ്സില്‍പ്പൊതിഞ്ഞു. ബിഗ്‌ഷോപ്പര്‍ കൊണ്ടുവന്ന് തുറന്നുപിടിച്ചുകൊണ്ട് പട്ടാളക്കമാന്‍ഡറെപ്പോലെ അവള്‍ ഉത്തരവിട്ടു, "അതെടുത്ത് ഇതിലിറക്കി വയ്ക്ക്.'

അവളുടെ ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ പ്രഖ്യാപനം അവള്‍ നടപ്പാക്കുക തന്നെ ചെയ്യും എന്നെനിയ്ക്കുറപ്പായി.

പാരാവാരം പോലുള്ള നഗരത്തിലേയ്ക്ക് അവളെ തനിച്ചു വിട്ടാലെങ്ങനെ ശരിയാകും? കുഴപ്പങ്ങള്‍ പലതുമുണ്ടാകാം. വഴി തെറ്റിപ്പോകാം. ബസ്സിലുരുണ്ടു വീഴാം. പേഴ്‌­സു മോഷണം പോകാം. വഴിയില്‍ക്കുടുങ്ങിയെന്നു വരാം.

ഇല്ല, അതു ശരിയാവില്ല.

ലീവെടുക്കുന്ന പതിവെനിയ്ക്കില്ല. ലീവെടുക്കുന്നത് പൊതുവിലെനിയ്ക്കിഷ്ടവുമല്ല. എങ്കിലും, ഞാന്‍ ഡീജീഎമ്മിനെ വിളിച്ച്, ഒരു ദിവസത്തെ ലീവു വേണമെന്നു പറഞ്ഞു.

"ഉം?' ഡീജീഎം ഒരു മൂളലിലൂടെ ചോദ്യമുയര്‍ത്തി.

"വൈഫിനേയും കൊണ്ട് ജില്ലാശുപത്രിയില്‍പ്പോകാനുണ്ട്.'

"എന്തുപറ്റി?'

"ഒരു പേഷ്യന്റിനെക്കാണാന്‍.'

"പേഷ്യന്റാരാ?"

ഒരു ബന്ധവുമില്ലാത്ത, ആക്രിക്കച്ചവടക്കാരിയായൊരു തമിഴത്തിയാണു പേഷ്യന്റെന്നു പറഞ്ഞിരുന്നെങ്കില്‍ ‘തന്റെ വൈഫിന് ആക്രിക്കച്ചവടക്കാരി തമിഴത്തിയുമായി എന്തു ബന്ധം’ എന്ന ചോദ്യം വന്നേനേ. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോടുള്ള അനുകമ്പയെന്നു പറഞ്ഞാല്‍, ഡീജീഎമ്മിനു മനസ്സിലാകാനിടയില്ല.

ഞാന്‍ പറഞ്ഞു, "ആന്‍ ഇന്റിമെറ്റ് ഫ്രെന്റ് ഓഫ് മൈ വൈഫ്.'

ഭാഗ്യത്തിനു ഡീജീഎം കൂടുതലൊന്നും ചോദിച്ചില്ല. ലീവനുവദിയ്ക്കുകയും ചെയ്തു.

അങ്ങനെ, ആക്രിക്കച്ചവടക്കാരിയായ തമിഴത്തിയ്ക്കു സംഭാവന ചെയ്യാന്‍ വേണ്ടി അയ്യായിരത്തിനാനൂറു രൂപ വിലവരുന്ന സ്‌റ്റെപ്പപ്പും ചുമന്നുകൊണ്ടു മുപ്പത്തഞ്ചു കിലോമീറ്റര്‍ ദൂരം താണ്ടിയ യാത്രയാണിത്. ‘വട്ടല്ലാതെന്താ’ എന്നേ ആരും ചോദിയ്ക്കൂ! ഭാര്യയ്ക്കു വട്ടായാല്‍ പാവം ഭര്‍ത്താവെന്തു ചെയ്യും!

എന്റെ ഈ ഫ്‌ലാഷ്ബാക്ക് ചിന്തകള്‍ക്കിടയില്‍, ഞങ്ങള്‍ ബിഗ്‌ഷോപ്പറും ചുമന്ന്, ഫുട്പാത്തിലൂടെ അടിവച്ചടിവച്ച്, ജില്ലാ ആശുപത്രിയുടെ കവാടത്തിലെത്തിക്കഴിഞ്ഞിരുന്നു. ഗേറ്റു മലര്‍ക്കെ തുറന്നിട്ടിരിയ്ക്കുന്നു. ആളുകള്‍ തിരക്കിട്ട് അകത്തേയ്ക്കും പുറത്തേയ്ക്കും പൊയ്‌ക്കൊണ്ടിരിയ്ക്കുന്നു.

ഒരു വരാന്തയില്‍ ആദ്യം കണ്ട ബെഞ്ചിനു മുമ്പില്‍ ബിഗ്‌ഷോപ്പര്‍ വച്ച് ഞാനതിലിരുന്നു. വിയര്‍പ്പിന്റെ അണപൊട്ടി. സുമ തൂവാലയെടുത്ത് എന്റെ മുഖവും കഴുത്തും തുടച്ചുതരാനൊരുങ്ങി. ഞാന്‍ മുഖം വീര്‍പ്പിച്ചിരുന്നു. ഇത്രയധികം പാടുപെടുത്തിയ ശേഷം അവളുടെയൊരു സ്‌നേഹപ്രകടനം!

കയറിയിരുന്ന ബസ്സില്‍ നല്ല തിരക്കായിരുന്നു. ഭാഗ്യത്തിന്, ഇടയ്ക്കു വച്ച് എനിയ്‌ക്കൊരു സീറ്റു കിട്ടിയിരുന്നു. സുമ ബസ്സിന്റെ മുന്‍ഭാഗത്തായിരുന്നു. അവള്‍ക്കു സീറ്റു കിട്ടിയിരുന്നേയില്ല. മുപ്പത്തഞ്ചു കിലോമീറ്ററും അവള്‍ നിന്നു യാത്ര ചെയ്താണു വന്നത്. ബസ്സുയാത്ര ദിവസേന ചെയ്യുന്നതായതുകൊണ്ട് ബസ്സിലെ തിരക്ക് എനിയ്ക്കു സുപരിചിതമായിരുന്നു. പക്ഷേ, യാത്രചെയ്തു ശീലമില്ലാത്ത അവള്‍ക്കൊരു തളര്‍ച്ചയുമില്ല. അവള്‍ പറഞ്ഞു, "എഴുന്നേല്‍ക്ക്. പോയി നോക്കാം.' ഗായത്രിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങാന്‍ അവള്‍ക്കു ധൃതിയായി.

അവളുടെ തളര്‍ച്ചക്കുറവിന്റെ കാരണവും ഞാന്‍ തന്നെ കണ്ടെത്തി. ബിഗ്‌ഷോപ്പര്‍ എന്റെ പിടലിയിലായിരുന്നല്ലോ ഇരുന്നിരുന്നത്. അതു സ്വയം ചുമന്നിരുന്നെങ്കില്‍ അവള്‍ വിവരമറിഞ്ഞേനേ!

മുന്നില്‍, നിലത്തിരിയ്ക്കുന്ന ബിഗ്‌ഷോപ്പറിനെ നോക്കിക്കൊണ്ടു ഞാനാലോചിച്ചു. ഗായത്രി ജീവനോടിരിപ്പുണ്ടെങ്കില്‍ അയ്യായിരത്തിനാനൂറു രൂപ നഷ്ടമായതു തന്നെ. അവള്‍ മരിച്ചുപോയിട്ടുണ്ടെങ്കില്‍ ആ നഷ്ടം ഒഴിവാകും.

എന്റെ ചിന്തയുടെ പോക്ക് ഏതു ദിശയിലേയ്‌ക്കെന്നു വായിച്ചെടുത്തതുകൊണ്ടായിരിയ്ക്കണം, സുമ തൂവാല കൊണ്ട് എന്നെ പ്രഹരിച്ചു. വീശിയതുമാകാം. "എഴുന്നേല്‍ക്ക്.'

ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ മുന്നില്‍ ആള്‍ക്കൂട്ടം. അതു മുഴുവനും രോഗികളായിരിയ്ക്കും. എല്ലാത്തരം രോഗങ്ങളും അവര്‍ക്കുണ്ടാകും. അവര്‍ക്കിടയില്‍പ്പെട്ടാല്‍, അവര്‍ക്കുള്ള രോഗങ്ങള്‍ നമ്മിലേയ്ക്കും പടരും. നാമും ആശുപത്രിയിലായതു തന്നെ. "ആ കൂട്ടത്തിനിടയിലേയ്ക്കു പോകണ്ട', ഞാന്‍ സുമയ്ക്കു മുന്നറിയിപ്പു നല്‍കി.

എന്റെ മുന്നറിയിപ്പു വകവയ്ക്കാതെ സുമ അവര്‍ക്കിടയിലേയ്ക്കു നുഴഞ്ഞുകയറി. ഗത്യന്തരമില്ലാതെ ഞാനും അവളുടെ പിന്നാലെ കൂടി.

‘അന്വേഷണം’ എന്ന കൗണ്ടര്‍ കണ്ടെത്തി. അതിന്റെ മുന്നിലും തിരക്കു തന്നെ. ആള്‍ക്കൂട്ടത്തില്‍ നിന്നു കഴിയുന്നത്രയകന്ന ഒരിടത്തു ഞാന്‍ സുമയെ നിറുത്തി. ബിഗ്‌ഷോപ്പര്‍ അവളുടെ തൊട്ടടുത്ത്, ചുമരിനോടു ചേര്‍ത്തു വച്ചു. തിരക്കിട്ടു നടക്കുന്നവര്‍ അതില്‍ തട്ടിത്തടഞ്ഞുവീണു പരിക്കു പറ്റരുതല്ലോ! അല്പസമയം വേണ്ടി വന്നു, ‘അന്വേഷണം’ എന്നെഴുതിവച്ചിരിയ്ക്കുന്ന ജനല്‍ക്കലെത്താന്‍.

"ഗായത്രിയോ?' കൗണ്ടറിലിരുന്ന ജീവനക്കാരി കമ്പ്യൂട്ടര്‍കീബോര്‍ഡില്‍ വിരലുകളോടിച്ചു. "ആ പേരില്‍ പലരുമുണ്ട്. പക്ഷേ, അവരിലാര്‍ക്കും തലയില്‍ സര്‍ജറി നടന്നിട്ടില്ല.'

"തമിഴ്‌­നാട്ടുകാരിയാണ്.'

"തമിഴ്‌­നാട്ടില്‍ നിന്നുള്ള ഗായത്രി ഇവിടില്ല.' അവര്‍ തീര്‍ത്തുപറഞ്ഞു.

"സര്‍ജറി നടത്തിയിട്ടുള്ളതുകൊണ്ട് ഐസിയുവിലുണ്ടായിരിയ്ക്കുമോ?'

ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലുള്ളവരുടെ വിവരങ്ങളും കമ്പ്യൂട്ടറിലുണ്ട്. ഇല്ല, ഐസിയുവിലും ഗായത്രിയില്ല. അവര്‍ പറഞ്ഞു.

അല്പം അധൈര്യത്തോടെ ഞാന്‍ ചോദിച്ചു, "ഗായത്രി എന്നൊരു സ്ത്രീ ഇന്നലെയോ മറ്റോ മരണമടഞ്ഞിട്ടില്ലല്ലോ?'

അവരുടെ സ്വരം കടുത്തു: "അടുത്ത ദിവസങ്ങളിലൊന്നും ഇവിടാരും മരിച്ചിട്ടില്ല.'

ഞാന്‍ സുമയോടു വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് അവള്‍ പറയുന്നത്, ഗായത്രിയുടെ ശരിയായ പേരിന് എന്തോ ചില വ്യത്യാസമുണ്ടെന്ന്.

പേരു കൃത്യമല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ക്കാണില്ല. തമിഴില്‍ ഗ എന്ന അക്ഷരമില്ല. ഗായത്രി തമിഴില്‍ കായത്രിയായിരിയ്ക്കാം. കായത്രിയോ കായിയോ കാത്രിയോ ഒക്കെയുമാകാം. ഇവരുടെയൊക്കെ കൃത്യമായ പേരുകളെന്തെല്ലാമെന്ന് ആര്‍ക്കറിയാം!

രോഗിണിയുടെ പേരറിയില്ല, വാര്‍ഡറിയില്ല. വാര്‍ഡുകളാണെങ്കില്‍ പാരാവാരം പോലെ നീണ്ടുപരന്നു കിടക്കുകയും ചെയ്യുന്നു. സകലയിടങ്ങളിലും ജനത്തിരക്കു തന്നെ. തമിഴത്തിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊടിപൊടിയ്ക്കുന്ന മട്ടുണ്ട്!

ഞങ്ങള്‍ ബിഗ്‌ഷോപ്പറുമെടുത്തുകൊണ്ട് വനിതാവാര്‍ഡുകളിലേയ്ക്കു ചെന്നു. വനിതാവാര്‍ഡുകളവിടെ കുറേയേറെയുണ്ട്. ഭാഗ്യത്തിന് വഴിമദ്ധ്യേ ആരും ഞങ്ങളെ തടഞ്ഞുനിറുത്തിയില്ല. ആര്‍ക്കും എപ്പോഴും എവിടേയും കയറിച്ചെല്ലാവുന്ന അവസ്ഥ. അതെന്തായാലും നന്നായി. പാസ്സും മറ്റും വേണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ക്കു പുറത്തു നില്‍ക്കേണ്ടി വരുമായിരുന്നു. ബന്ധുക്കളല്ലാത്തവര്‍ക്കെങ്ങനെ പാസ്സു കിട്ടും!

ആദ്യം കണ്ട വാര്‍ഡിലെ നഴ്‌­സിംഗ് കൗണ്ടറില്‍ ചോദിച്ചു. ഈ വാര്‍ഡിലൊരു ഗായത്രിയുണ്ടോ? തലയില്‍ സര്‍ജറിനടത്തിയ, കൈയൊടിഞ്ഞ ഗായത്രി? തമിഴ്‌­നാട്ടുകാരി?

പല വാര്‍ഡുകളിലും ചെന്ന് ചോദ്യങ്ങളാവര്‍ത്തിച്ചു. ചോദിച്ചതെല്ലാം അവളായിരുന്നു, സുമ. പക്ഷേ, അന്വേഷണങ്ങളെല്ലാം വിഫലമായി.

ഞങ്ങള്‍ ആദ്യമിരുന്നിരുന്ന ബെഞ്ചിനടുത്തേയ്ക്കു തിരികെച്ചെന്നു. സുമയുടെ മുഖത്തു നിരാശ. അയ്യായിരത്തിനാനൂറു രൂപയുടെ സ്‌റ്റെപ്പപ്പു സുരക്ഷിതമായി എന്റെ കൂടെത്തന്നെയുള്ളതുകൊണ്ട് എനിയ്ക്കു നിരാശ തീരെയുണ്ടായില്ല.

ബെഞ്ചില്‍ സീറ്റൊഴിവുണ്ടായിരുന്നില്ല. ബിഗ്‌ഷോപ്പര്‍ വരാന്തയില്‍ വച്ച്, വരാന്തയില്‍ച്ചാരി ഞങ്ങള്‍ മുറ്റത്തു നിന്നു.

അര മുക്കാല്‍ മണിക്കൂറോളം ഞങ്ങളങ്ങനെ നിന്നു കാണും. പെട്ടെന്ന്, ആരേയോ കണ്ട് സുമ മുന്നോട്ടോടി. അല്പമകലെ കാന്റീന്റെ മുന്നില്‍ നിന്നിരുന്നൊരു സ്ത്രീയെക്കണ്ടാണ് അവളോടിച്ചെന്നത്. ഒരു തമിഴത്തിയുടെ മട്ടുണ്ടായിരുന്നു, ആ സ്ത്രീയ്ക്ക്. കറുത്തു മെലിഞ്ഞ രൂപം. മുറുക്കുന്നുണ്ടെന്നു ദൂരെ നിന്നു കൊണ്ടുതന്നെയറിയാം.

അവരുമായി എന്തോ സംസാരിച്ച ശേഷം സുമ മടങ്ങിവന്നു. ഗായത്രിയെ അറിയുന്നവരാരെങ്കിലുമായിരിയ്ക്കുമെന്നു കരുതിയാണു സുമ ഓടിച്ചെന്നത്. രോഗിയായ ഭര്‍ത്താവിനു കഞ്ഞി വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ആ സ്ത്രീ. അവര്‍ക്കു ഗായത്രിയെ അറിയാമായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിട്ടുള്ള മറ്റു ചില തമിഴരെ അവര്‍ക്കറിയാം. ഭര്‍ത്താവിനു കഞ്ഞി കൊടുത്ത ശേഷം, ഒരന്വേഷണം നടത്തിയിട്ടു വരാമെന്നു പറഞ്ഞാണവര്‍ വാര്‍ഡുകളുടെ ഭാഗത്തേയ്ക്കു പോയത്.

കുറേ സമയം ഞങ്ങള്‍ കാത്തിരുന്നു. അതിനിടയില്‍ ‘വെറുതേ ഇവിടിങ്ങനെയിരുന്നിട്ടു കാര്യമില്ല. നമുക്കു മടങ്ങിപ്പോകാം’ എന്നു ഞാന്‍ സുമയോടു പല തവണ പറഞ്ഞു. ‘ആ തമിഴത്തി നമ്മുടെ കാര്യം മറന്നുപോയിട്ടുണ്ടാകും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി പരക്കം പാഞ്ഞു നടക്കുന്നതിനിടയില്‍ അന്യരുടെ കാര്യം ഓര്‍ക്കാന്‍ അവര്‍ക്കെവിടെ സമയം!’

അവര്‍ മടങ്ങിവന്നില്ലെങ്കില്‍ അത്രയും നല്ലത്. സ്‌റ്റെപ്പപ്പിനെ രക്ഷപ്പെടുത്തിക്കൊണ്ടു പോകാമല്ലോ. അതായിരുന്നു, വാസ്തവത്തിലെന്റെ ചിന്ത.

മടങ്ങിപ്പോകാന്‍ സുമ സമ്മതിച്ചില്ല. അവള്‍ അവിടെത്തന്നെ ഉറച്ചു നിന്നു. ‘ആരെങ്കിലും വരും. വരാതിരിയ്ക്കില്ല.’

അവളുടെ വിശ്വാസം ശരിയായി. ആ സ്ത്രീ തിരികെ വന്നു. "ആളെ പാത്താച്ച്' മുറുക്കിച്ചുവന്ന പല്ലുകള്‍ കാണിച്ചവര്‍ ചിരിച്ചു. സുമയുടെ ‘ആള്‍ക്കെങ്ങനെയുണ്ട്’ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ ഉത്തരം "പറവായില്ലെ' എന്നായിരുന്നു. സാരമില്ലെന്ന്! ആ ഉത്തരം കേട്ടു ഞാന്‍ തളര്‍ന്നു: നാലായിരം രൂപ വെള്ളത്തില്‍!

വഴി കാണിച്ചുകൊണ്ട് തമിഴത്തി മുന്നില്‍ നടന്നു. പിന്നില്‍, ഉത്സാഹത്തോടെ സുമയും, തളര്‍ച്ചയോടെ ഞാനും. ബിഗ്‌ഷോപ്പറിനു പെട്ടെന്നു ഭാരം കൂടിയതായിത്തോന്നി.

പല വാര്‍ഡുകളുടേയും മുന്നിലൂടെ ഞങ്ങള്‍ കുറേയേറെ നടന്ന് ഒരു വാര്‍ഡിലെത്തി. തലയില്‍ കെട്ടുള്ള വനിതകളായിരുന്നു ആ വാര്‍ഡില്‍ മുഴുവന്‍. നിരത്തിയിട്ടിരിയ്ക്കുന്ന കട്ടിലുകളില്‍ ഒന്നിന്റെയടുത്തേയ്ക്ക് വഴികാട്ടി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

രോഗിണി ഉറക്കത്തിലായിരുന്നു. തലയിലെ വലിയ കെട്ട് വലതു കണ്ണ് ഏകദേശം മറയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. വലതു കൈ പ്ലാസ്റ്ററില്‍.

എനിയ്ക്ക് ആളെത്തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതു ഗായത്രി തന്നെയോ?

എന്നാല്‍, ആളെ തിരിച്ചറിയാന്‍ സുമയ്ക്കു തീരെ ബുദ്ധിമുട്ടുണ്ടായില്ല. അവള്‍ കട്ടിലിനടുത്തേയ്ക്കു ചെന്ന്, രോഗിണിയുടെ ഇടതുകൈയില്‍ സ്പര്‍ശിച്ചുകൊണ്ടു മെല്ലെ വിളിച്ചു, "ഗായത്രീ'.

രോഗിണി കണ്ണു തുറന്നു.

സുമയെ രോഗിണി തിരിച്ചറിഞ്ഞു; തളര്‍ന്ന സ്വരത്തില്‍ വിളിച്ചു, "ചേച്ചീ'. വരണ്ട ചുണ്ടുകള്‍ അല്പമൊന്നു വിടര്‍ന്നു. "ചേച്ചി ഇങ്കെ...എതുക്ക്?'

"അവങ്ക ഉന്നൈ പാക്കറുതുക്കു താന്‍ വന്തിര്ക്ക്.' ഞങ്ങളുടെ വഴികാട്ടി ഗായത്രിയ്ക്കു വിശദീകരിച്ചുകൊടുത്തു.

"എങ്ങനേണ്ട്?' സുമ ഉത്കണ്ഠയോടെ ഗായത്രിയോടാരാഞ്ഞു.

"പറവായില്ലൈ, ചേച്ചീ.' അവള്‍ നിറുത്തിനിറുത്തിപ്പറഞ്ഞു. "പത്തു നാള്ക്കപ്പുറം പോലാം. ഡോക്ടര്‍ ശൊന്നാച്ച്.' തളര്‍ച്ചയോടെയാണെങ്കിലും, തമിഴത്തിയ്ക്കു പറയാനാകുന്നുണ്ട്.

"കണ്ണിനു കൊഴപ്പോന്നൂല്ലല്ലോ?'

"ഇല്ല, ചേച്ചീ. കണ്ണുക്ക് കൊളപ്പമില്ല.'

"വേദനേണ്ടോ?'

"പറവായില്ലൈ, ചേച്ചീ.'

സുമ എന്റെ നേരേ തിരിഞ്ഞ് ശിരസ്സു ചലിപ്പിച്ചു; ‘അതു കൊടുക്ക്’ എന്നായിരിയ്ക്കണം.

ഞാന്‍ ബിഗ്‌ഷോപ്പര്‍ തുറന്ന്, കെട്ടുകളഴിച്ച്, പത്രക്കടലാസുകൊണ്ടുള്ള പൊതികള്‍ നീക്കി, സ്‌റ്റെപ്പപ്പു പുറത്തെടുത്തു. ഹൊ, എന്തൊരു ഭാരം! ഞാന്‍ പ്രയാസപ്പെട്ട്, സ്‌റ്റെപ്പപ്പുയര്‍ത്തിക്കാണിച്ചു.

സ്‌റ്റെപ്പപ്പിലേയ്ക്കു ചൂണ്ടിക്കൊണ്ടു സുമ ഗായത്രിയോടു പറഞ്ഞു. "നിനക്കു സാറിന്റെ സമ്മാനം.'

എന്റെ കൈ പെട്ടെന്നു കഴച്ചു. ഞാന്‍ കുനിഞ്ഞ്, സ്‌റ്റെപ്പപ്പു കട്ടിലിനടിയിലേയ്ക്കു തള്ളി വച്ചു. അതു തട്ടി ഗായത്രിയോ മറ്റാരെങ്കിലുമോ വീഴാനിട വരരുത്.

ഞാന്‍ നിവര്‍ന്നപ്പോള്‍ തമിഴത്തിയുടെ കണ്ണു നിറഞ്ഞൊഴുകുന്നു. ഒടിയാത്ത കൈ നീട്ടി അവള്‍ സുമയുടെ കൈ പിടിച്ചു. കനത്ത ബാന്റേജു ചുറ്റിയിരിയ്ക്കുന്ന ശിരസ്സു പ്രയാസപ്പെട്ടുയര്‍ത്തി തമിഴത്തി ഗദ്ഗദത്തോടെ പറഞ്ഞു:

"നന്‍ട്രി ചേച്ചീ, നന്‍ട്രി സാര്‍, റൊമ്പ നന്‍ട്രി...'

സുമ സാരിത്തുമ്പുകൊണ്ടു ഗായത്രിയുടെ കണ്ണുനീരു തുടച്ചു മാറ്റി. "ഒക്കെ സുഖായി, വേഗം മടങ്ങി വരാറാകട്ടെ.'

അത്ഭുതം! വാര്‍ഡില്‍ നിന്നു മടങ്ങുമ്പോള്‍ അവിടെയുപേക്ഷിച്ച നാലായിരം രൂപയുടെ കാര്യം എന്നെ വലുതായി അലട്ടിയിരുന്നില്ല.

(ഇക്കഥ തികച്ചും സാങ്കല്പികമാണ്.)
sunilmssunilms@rediffmail.com
സ്‌റ്റെപ്പപ്പും മുല്ലപ്പെരിയാറും (കഥ: രചന: സുനില്‍ എം എസ്, മൂത്തകുന്നം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക