Image

ദ്, ത്, ല്‍ (ചില വ്യാകരണചിന്തകള്‍ ഭാഗം 3 :ലേഖനം­- രചന: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 04 April, 2016
ദ്, ത്, ല്‍ (ചില വ്യാകരണചിന്തകള്‍ ഭാഗം 3 :ലേഖനം­- രചന: സുനില്‍ എം എസ്, മൂത്തകുന്നം)
"...ഉല്‍ഘാടനം ചെയ്യാന്‍ ബഹുമാനപ്പെട്ട മന്ത്രിയെ വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.'

ഇത്തരം ക്ഷണങ്ങള്‍ക്കു നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ക്ഷണം സ്വീകരിച്ചുകൊണ്ട് "...ഉല്‍ഘാടനം ചെയ്തതായി' മന്ത്രി പ്രഖ്യാപിയ്ക്കുന്നതും നാം പല തവണ കേട്ടിരിയ്ക്കുന്നു. ദിവസേനയെന്നോണം കേരളത്തില്‍ നടക്കുന്നതാണീ ക്ഷണവും പ്രഖ്യാപനവുമെങ്കിലും, അവ കേട്ട്, സംസ്കൃതത്തില്‍ നിന്നു പകര്‍ത്തിയ വ്യാകരണത്തിന് അമിതപ്രാധാന്യം നല്‍കുന്ന ചിലരുടേയെങ്കിലും നെറ്റി ചുളിഞ്ഞിട്ടുണ്ടാകും. "ഉദ്­ഘാടനം' എന്ന വാക്ക് "ഉല്‍ഘാടനം' എന്നുച്ചരിച്ചുകേട്ടതുകൊണ്ടാകാം, അവരുടെ നെറ്റി ചുളിഞ്ഞത്. ഈ "വൈയാകരണരുടെ' നെറ്റി ചുളിഞ്ഞ നേരത്തു തന്നെ, ഭൂരിപക്ഷം പ്രേക്ഷകരും എഴുന്നേറ്റു നിന്ന്, "ഉല്‍ഘാടനം' ചെയ്തതായി പ്രഖ്യാപിച്ച മന്ത്രിയോടുള്ള കൃതജ്ഞത കൈയടിച്ചു രേഖപ്പെടുത്തിയിട്ടുണ്ടാകും. അവരുടെ കരഘോഷത്തില്‍ വൈയാകരണരും, ഒടുവില്‍, ഗത്യന്തരമില്ലാതെ, പങ്കുചേര്‍ന്നിട്ടുണ്ടാകും.

"ഉല്‍ഘാടനം' എന്ന വാക്കിലെന്താ തെറ്റ് എന്ന ചോദ്യമുയര്‍ന്നേയ്ക്കാം. തികച്ചും ന്യായമായ ചോദ്യം. കാരണം, പ്രാസംഗികരുള്‍പ്പെടെ, ഭൂരിപക്ഷം മലയാളികളും ഉച്ചരിയ്ക്കുന്നത് "ഉല്‍ഘാടനം' എന്നു തന്നെയാണ്. ആ വാക്കെഴുതേണ്ടി വരുമ്പോള്‍ ചിലരെങ്കിലും "കാലു മാറും'! "ഉല്‍ഘാടനം' എന്നുച്ചരിയ്ക്കുന്നവര്‍ പോലും എഴുത്തില്‍ "ഉദ്ഘാടന'ത്തിലേയ്ക്കു ചേരി മാറുന്നുണ്ടാകും. അതിനുള്ള തെളിവിതാണ്: "ഉദ്ഘാടനം' എന്ന വാക്കുപയോഗിച്ചു ഗൂഗിള്‍ സെര്‍ച്ചു നടത്തിയപ്പോള്‍ 348000 യൂ ആര്‍ എല്ലുകള്‍ പൊന്തിവന്നു; അതിന് അത്രത്തോളം വോട്ടു കിട്ടി എന്നും പറയാം. "ഉല്‍ഘാടന'ത്തിനു കിട്ടിയതാകെ 104000 വോട്ടു മാത്രം. എഴുത്തില്‍ "ഉദ്ഘാടനം' എന്ന രൂപമാണു കൂടുതല്‍പ്പേര്‍ ഉപയോഗിയ്ക്കുന്നതെന്നു മുമ്പു പറഞ്ഞത് ഇക്കാരണത്താലാണ്.

ഇതിലെ വൈചിത്ര്യം നോക്കണേ: ഉച്ചരിയ്ക്കുന്നതൊന്ന്, എഴുതുന്നതു മറ്റൊന്ന്! ഇരട്ടത്താപ്പു നയമാണിത്. ഈ ഇരട്ടത്താപ്പ് ഇംഗ്ലീഷ് ഭാഷയില്‍ പതിവാണ്; ഇംഗ്ലീഷില്‍ എഴുതുന്നതല്ല ഉച്ചരിയ്ക്കുന്നത്, ഉച്ചരിയ്ക്കുന്നതല്ല എഴുതുന്നത്. എന്നാല്‍, മലയാളത്തിലെ രീതി ലളിതം: ഉച്ചരിയ്ക്കുന്നതു തന്നെ മിക്കപ്പോഴും എഴുതുന്നു. എഴുതുന്നതു തന്നെ കഴിവതും ഉച്ചരിയ്ക്കുന്നു. എങ്കിലും ആ രീതിയ്ക്കപവാദമായി ചില വാക്കുകളുണ്ടു മലയാളത്തില്‍. "ഉദ്ഘാടനം' അവയിലൊന്നാണ്.

തമിഴില്‍ നിന്നു പല വാക്കുകളും മലയാളത്തിലേയ്ക്കു വന്നിട്ടുണ്ട്. കുറേയേറെ വാക്കുകള്‍ സംസ്കൃതത്തില്‍ നിന്നും വന്നിട്ടുണ്ട്. ഇങ്ങനെ അന്യഭാഷകളില്‍ നിന്നു വന്നിരിയ്ക്കുന്ന വാക്കുകള്‍ കാലക്രമേണ മലയാളവാക്കുകളായിത്തീര്‍ന്നെങ്കിലും, വ്യാകരണനിയമങ്ങളിലേറെയും സംസ്കൃതത്തില്‍ നിന്നുള്ള പകര്‍ത്തലുകളാണെന്നു പറയാതെ വയ്യ. മലയാളത്തിലെ ഏതൊരു വ്യാകരണപുസ്തകമെടുത്തു നോക്കിയാലും, അതിലെ ഭൂരിഭാഗം വൃത്തങ്ങളും അലങ്കാരങ്ങളും സംസ്കൃതത്തില്‍ നിന്നുള്ളവയാണെന്നു കാണാം. ഹിന്ദിയില്‍ ഉദ്ഘാടന്‍ എന്നൊരു വാക്കുണ്ട്. അര്‍ത്ഥം അതു തന്നെ. ആ വാക്കില്‍ "ദ്' ആണുള്ളത്, "ല്‍' ഇല്ല. സംസ്കൃതത്തിലുമുണ്ടായിരിയ്ക്കണം, "ഉദ്ഘാടനം' എന്ന പദം. അതിനെ അതേപടി മലയാളത്തിലേയ്ക്കും പകര്‍ത്തി!

പക്ഷേ, ആ പദത്തിന്റെ ഉച്ചാരണത്തില്‍ സംസ്കൃതരീതിയെ പിന്തുടരേണ്ടെന്നു കേരളത്തിലെ സാമാന്യജനം തീരുമാനിച്ചു. സാമാന്യജനത്തിന്റെ ഉച്ചാരണം "ഉല്‍ഘാടനം' ആയിരിയ്ക്കുന്നതു തന്നെ തെളിവ്. ഈ വ്യതിരിക്തത സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മലയാളത്തിന് സ്വന്തമായ വ്യാകരണമുണ്ടാകണം: സംസ്കൃതത്തില്‍ നിന്നു പകര്‍ത്തിയതല്ലാത്ത വ്യാകരണം. അനായാസമായ "ഉല്‍ഘാടന'മല്ല, "ഉദ്ഘാടന'മാണു ശരിയെന്നു പറയുന്നവര്‍ അതിന്നുപോല്‍ബലകമായി ഉദ്ധരിയ്ക്കാന്‍ പോകുന്നതു സംസ്കൃതത്തില്‍ നിന്നു പകര്‍ത്തിയ വ്യാകരണനിയമമായിരിയ്ക്കും. പകര്‍ത്തപ്പെട്ട ഇത്തരം നിയമങ്ങളാണ് ഇരട്ടത്താപ്പു നയം സ്വീകരിയ്ക്കാന്‍ നമ്മെ നിര്‍ബദ്ധരാക്കുന്നത്. "ഉല്‍ഘാടന'ത്തിന്റെ കാര്യത്തില്‍ നമുക്ക് ഇരട്ടത്താപ്പുപേക്ഷിച്ച്, ഉച്ചരിയ്ക്കുന്നതുപോലെ, "ഉല്‍ഘാടനം' എന്നു തന്നെ എഴുതുകയും ചെയ്യാനുള്ള തുടക്കമിടേണ്ടതുണ്ട്. അതിപ്പോള്‍ത്തന്നെയാകട്ടേ.

"ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി' എന്നു നാം പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടാകും. "അത്ഭുതം' എന്ന വാക്കിന്റെ കാര്യത്തിലും ഇരട്ടത്താപ്പുണ്ട്. "അല്‍ഭുതം' എന്നാണു നാമുച്ചരിയ്ക്കാറ്. എഴുത്തിലാകട്ടേ, അതായത് അച്ചടിയില്‍, "അത്ഭുതം' എന്നു മാത്രമല്ല, "അദ്ഭുതം' എന്നും കാണാറുണ്ട്. "അത്ഭുതം' എന്നെഴുതിയാലും "അദ്ഭുതം' എന്നെഴുതിയാലും നാമുച്ചരിയ്ക്കുന്നത് "അല്‍ഭുതം' എന്നു തന്നെ. ഇതു തന്നെ മറ്റൊരു തരത്തിലും പറയാം: "അല്‍ഭുതം' എന്നുച്ചരിയ്ക്കുമ്പോഴും, എഴുതേണ്ടി വരുമ്പോള്‍ "അത്ഭുതം' എന്നോ "അദ്ഭുതം' എന്നോ ആണു നാമെഴുതാറ്. ഗൂഗിള്‍സെര്‍ച്ചില്‍ അത്ഭുതം, അദ്ഭുതം, അല്‍ഭുതം എന്നിവയ്ക്ക് എത്രത്തോളം പിന്തുണ കിട്ടുന്നുണ്ടെന്നു നോക്കാം:

അത്ഭുതം – 220000
അദ്ഭുതം – 20300
അല്‍ഭുതം – 7790

പൊതുജനപിന്തുണ "അത്ഭുത'ത്തിനു തന്നെ. "അത്ഭുത'ത്തിലെ "ത്ഭു' എന്ന അക്ഷരത്തിന്റെ ഘടന നമുക്കൊന്നു പരിശോധിയ്ക്കുക. അതിന്റെ അന്ത്യത്തിലെ ഉകാരം തത്കാലം നീക്കാം. ശേഷിയ്ക്കുന്നത് "ത്ഭ'. ഇത് ഏതെല്ലാം അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതായിരിയ്ക്കാം? ത്, ഭ എന്നിവ ചേര്‍ന്നുണ്ടായതാകാം; അല്ലെങ്കില്‍ ല്‍, ഭ എന്നിവ ചേര്‍ന്നുണ്ടായതുമാകാം. ഇവയിലേതായിരിയ്ക്കാം ശരിയെന്നു തീരുമാനിയ്ക്കുന്നതിനു മുമ്പ് "ഉത്സവം' എന്നൊരു വാക്കിനെക്കൂടി നമുക്കു പരിശോധിയ്ക്കാം. "ഉല്‍സവം' എന്നാണ് ഉത്സവത്തെ നാമുച്ചരിയ്ക്കാറ്. നാമെഴുതുമ്പോള്‍ ഉത്സവം എന്നെഴുതുകയും ഉച്ചരിയ്ക്കുമ്പോള്‍ ഉല്‍സവം എന്നുച്ചരിയ്ക്കുകയും ചെയ്യുന്നു. "ത്സ'യുടെ ഘടകങ്ങള്‍ ത്, സ എന്നിവയാണ്; ത്+സ = ത്സ. ഉത്+സവം = ഉത്സവം.

ഇതുവരെ നാം പരിശോധിച്ച മൂന്നു വാക്കുകളിവയാണ്: ഉദ്ഘാടനം, അത്ഭുതം, ഉത്സവം. ഈ മൂന്നു വാക്കുകളെഴുതുമ്പോള്‍ അവയില്‍ "ല്‍' എന്ന ലകാരച്ചില്ല് കാണുകയില്ല. എന്നാലവയുച്ചരിയ്ക്കുമ്പോള്‍ "ല്‍' കടന്നു വരുന്നു. ഉദ്ഘാടനം ഉല്‍ഘാടനമായി, അത്ഭുതം അല്‍ഭുതമായി, ഉത്സവം ഉല്‍സവമായി. ഉദ്ഘാടനം എന്നെഴുതുമ്പോള്‍ നാമുപയോഗിച്ച "ദ്' എന്ന വര്‍ണത്തെ ഉച്ചാരണത്തിനിടയില്‍ നാം "ല്‍' എന്നാക്കി മാറ്റി. അത്ഭുതത്തിലെ "ത്' എന്ന വര്‍ണത്തേയും നാം ഉച്ചാരണത്തില്‍ "ല്‍' എന്നാക്കിമാറ്റി. ഉത്സവത്തിലെ "ത്' എന്ന വര്‍ണത്തേയും നാം "ല്‍' എന്നുച്ചരിച്ചു.

ചുരുക്കിപ്പറഞ്ഞാല്‍, മുകളില്‍പ്പറഞ്ഞ വാക്കുകളെഴുതിയപ്പോളുണ്ടായിരുന്ന "ത്', "ദ്' എന്നീ വര്‍ണങ്ങളെ മാറ്റി, നാം തത്­സ്ഥാനത്ത് "ല്‍' എന്ന ലകാരച്ചില്ലിനെ പ്രതിഷ്ഠിച്ചുകൊണ്ട് ഉച്ചരിച്ചു. "ത്' അല്ലെങ്കില്‍ "ദ്' എന്നീ വര്‍ണങ്ങളെ മാറ്റി, പകരം "ല്‍' എന്ന ചില്ലിനെ ചേര്‍ത്തുച്ചരിയ്ക്കുന്ന വാക്കുകള്‍ ഇനിയുമുണ്ട്. തത്­സ്ഥാനം, താത്പര്യം, താത്കാലികം, പ്രോത്സാഹനം, മത്സരം, മത്സ്യം, ഉത്പാദനം, ഉദാരവത്കരണം, സാക്ഷാത്കാരം, ഉദ്‌ഘോഷണം, ഉദ്‌ബോധനം, ഉദ്ഭവം, ഉത്കണ്ഠ...ഇത്തരം വാക്കുകള്‍ ഇനിയുമുണ്ടാകാം. ഇവയെല്ലാമുച്ചരിയ്ക്കുമ്പോള്‍ അവയിലെ "ത്' അല്ലെങ്കില്‍ "ദ്' എന്ന വര്‍ണങ്ങളുടെ സ്ഥാനത്ത് "ല്‍' കടന്നുവരുന്നു. തല്‍സ്ഥാനം, താല്‍പര്യം, താല്‍ക്കാലികം, പ്രോല്‍സാഹനം, മല്‍സരം, മല്‍സ്യം, ഉല്പാദനം, ഉദാരവല്‍ക്കരണം, സാക്ഷാല്‍ക്കാരം, ഉല്‍ഘോഷണം, ഉല്‍ബോധനം, ഉല്‍ഭവം, ഉല്‍ക്കണ്ഠ എന്നെല്ലാം നാമുച്ചരിച്ചുപോകുന്നു.

മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന വാക്കുകളിലെ "ത്', "ദ്' എന്നീ വര്‍ണങ്ങള്‍ക്കു പകരം, ഉച്ചാരണത്തില്‍, ലകാരച്ചില്ലായ "ല്‍' വരുത്തുന്നതില്‍ യാതൊരപാകവുമില്ല. മലയാളരീതിയനുസരിച്ച് അതു തികച്ചും ശരി തന്നെയാണ്. ഈ വാക്കുകളൊക്കെ സംസ്കൃതത്തില്‍ നിന്നു വന്നവയായിരിയ്ക്കണം. സംസ്കൃതത്തില്‍ "ത്', "ദ്' എന്നുപയോഗിച്ചെങ്കിലും, മലയാളത്തിലവ, സമാനപദങ്ങളില്‍, "ല്‍' എന്നുച്ചരിയ്ക്കപ്പെടുന്നു. മലയാളത്തിലേയ്ക്കു കടന്നുവന്നിരിയ്ക്കുന്ന സംസ്കൃതപദങ്ങളിലെ "ദ്', "ത്' എന്നീ വര്‍ണങ്ങള്‍ക്കു പകരം "ല്‍' എന്ന ലകാരച്ചില്ലുപയോഗിയ്ക്കണം എന്ന നിയമം മലയാളവ്യാകരണത്തിലുണ്ടോ എന്നു ചോദിച്ചാല്‍, ആരുമത് നിയമമായി എഴുതിവച്ചിട്ടില്ലെങ്കിലും, ഒരലിഖിതനിയമമായി നാമത് അനുസരിച്ചുപോരുന്നു എന്നാണുത്തരം. തൊണ്ണൂറ്റൊമ്പതു ശതമാനം മലയാളികളും മുകളില്‍ സൂചിപ്പിച്ചതു പോലെ, "ത്', "ദ്' എന്നിവയ്ക്കു പകരം "ല്‍' ചേര്‍ത്തായിരിയ്ക്കും ഉച്ചരിയ്ക്കുന്നത്, തീര്‍ച്ച. ഉച്ചാരണത്തിനിടയില്‍ മലയാളികള്‍ സ്വാഭാവികമായി വരുത്തിപ്പോകുന്നൊരു മാറ്റമാണിത്.

"ത്', "ദ്' എന്നിവയ്ക്കു പകരം നാമെന്തുകൊണ്ട് "ല്‍' ചേര്‍ത്തുച്ചരിയ്ക്കുന്നു? ഉച്ചാരണത്തിലുള്ള എളുപ്പം തന്നെ. ഉദ്ഘാടനത്തില്‍ "ദ്' എന്ന വര്‍ണത്തിനു ശേഷം "ഘ' എന്ന, ഉച്ചരിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള അക്ഷരം വരുന്നു. "ദ്' എന്ന വര്‍ണത്തിനു പകരം "ല്‍' എന്ന ചില്ലു വരുമ്പോള്‍, ഉച്ചാരണം അല്പം എളുപ്പമായി. വര്‍ണത്തേക്കാള്‍ എളുപ്പം ഉച്ചരിയ്ക്കാവുന്ന ഒന്നാണു ചില്ല്. "ദ്+ഘ'യേക്കാള്‍ എളുപ്പമാണ് "ല്‍ഘ '. അത്ഭുതത്തിലെ ത്+ഭയേക്കാള്‍ എളുപ്പം ഉച്ചരിയ്ക്കാവുന്നതാണ് ല്‍+ഭ. ഉത്സവത്തിലെ ത്+സയേക്കാളെളുപ്പമാണ് ല്‍+സ. സംസ്കൃതത്തിന്റെ ഉച്ചാരണം പൊതുവില്‍ മലയാളത്തിന്റേതിനേക്കാള്‍ കടുത്തതാണ്. സംസ്കൃതത്തില്‍ ഘോഷങ്ങളും ഊഷ്മാക്കളും അനുസ്വാരവും വിസര്‍ഗവും ധാരാളമുപയോഗിയ്ക്കുന്നതുകൊണ്ട് സംസ്കൃതം പറയാന്‍ വലുതായ ശ്രദ്ധ വേണം. മലയാളം താരതമ്യേന അനായാസവും. മലയാളോച്ചാരണത്തിന്റെ അനായാസതയുടെ ഭാഗമായായിരിയ്ക്കണം സാമാന്യജനം മുകളില്‍ സൂചിപ്പിച്ച വാക്കുകളില്‍ ത്, ദ് എന്നീ വര്‍ണങ്ങള്‍ക്കു പകരം ലകാരച്ചില്ലുപയോഗിയ്ക്കാനിടയായത്.

സംസ്കൃതത്തില്‍ നിന്നു വന്ന വാക്കുകളിലെ "ത്', "ദ്' എന്നീ വര്‍ണങ്ങള്‍ക്കു പകരം ഉച്ചാരണത്തില്‍ "ല്‍' എന്ന ലകാരച്ചില്ലുപയോഗിയ്ക്കുന്ന പതിവ് ഒരു നിയമരൂപം കൈക്കൊണ്ടിട്ടില്ലെങ്കിലും, അതിനെ വ്യാകരണപുസ്തകം ഉള്‍ക്കൊണ്ടിട്ടുണ്ട്. അക്കാര്യം വ്യാകരണപുസ്തകത്തിലുണ്ട് എന്നര്‍ത്ഥം. പ്രൊഫസ്സര്‍ ഗോപിക്കുട്ടന്റെ മലയാളവ്യാകരണമെന്ന, സമകാലികപ്രചാരം നേടിയ പുസ്തകത്തിലിക്കാര്യം വ്യക്തമായി പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, മുകളില്‍പ്പറഞ്ഞിരിയ്ക്കുന്ന വാക്കുകളിലെ "ത്', "ദ്' എന്നീ വര്‍ണങ്ങള്‍ക്കു പകരം "ല്‍' ധൈര്യമായുപയോഗിയ്ക്കാം. അവിടന്നൊരുപടി കൂടി മുന്നോട്ടു പോകണമെന്നു പറയാന്‍ വേണ്ടിയാണീ ലേഖനമെഴുതുന്നത്. ഈ ലേഖനത്തിന്റെ ലക്ഷ്യമിതാണ്: ഉച്ചാരണവും എഴുത്തും ഒന്നായിരിയ്ക്കണമെന്ന സന്ദേശം കൈമാറുക. ഇരട്ടത്താപ്പ് മലയാളത്തില്‍ ഒഴിവാക്കുക.

ഇതെങ്ങനെ സാധിയ്ക്കാം? മുകളില്‍പ്പറഞ്ഞിരിയ്ക്കുന്ന പദങ്ങളുച്ചരിയ്ക്കുമ്പോള്‍ അവയിലെ "ത്', "ദ്' എന്നീ വര്‍ണങ്ങള്‍ക്കു പകരം "ല്‍'കടന്നുവരുന്ന നിലയ്ക്ക്, എഴുത്തിലും അതങ്ങനെ തന്നെ കടന്നുവരണം. അതായത്, ഉല്‍ഘാടനം, അല്‍ഭുതം, ഉല്‍സവം, താല്‍പര്യം, താല്‍ക്കാലികം, പ്രോല്‍സാഹനം, മല്‍സരം, മല്‍സ്യം, ഉല്പാദനം, ഉദാരവല്‍ക്കരണം, സാക്ഷാല്‍ക്കാരം, ഉല്‍ഘോഷണം, ഉല്‍ബോധനം, ഉല്‍ഭവം...എന്നെല്ലാം ഉച്ചരിയ്ക്കുന്നതില്‍ അപാകമില്ലെന്നിരിയ്‌ക്കെ, അങ്ങനെ തന്നെയവ എഴുതുകയും വേണം എന്നര്‍ത്ഥം. ഈ വാക്കുകളുടെ ഉച്ചാരണത്തില്‍ സംസ്കൃതത്തോടുള്ള വിധേയത്വം ഉപേക്ഷിച്ചിരിയ്ക്കുന്നു, അവയെ മലയാളവല്‍ക്കരിച്ചു കഴിഞ്ഞിരിയ്ക്കുന്നു; എഴുത്തിലും അവ മലയാളവല്‍ക്കരിയ്ക്കണം. ഉച്ചാരണവും എഴുത്തും ഒന്നാകണം. ഈ മലയാളവല്‍ക്കരണമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

സുനില്‍ എം എസ്, മൂത്തകുന്നം
sunilmssunilms@rediffmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക