സഹോദരന്‍ അയ്യപ്പന്‍ ദളിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിവര്‍ത്തന വാദിയും രാഷ്ട്രീയ ചിന്തകനും കൊച്ചി രാജ്യത്തിലെ സാമാജികനും തിരുക്കൊച്ചിയിലെ ആദ്യം രൂപീകരിച്ച മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. ശ്രീ നാരായണഗുരുവിന്റെ ആരാധകനുമായിരുന്നു. ഒരു പത്രപ്രവര്‍ത്തകനും ചിന്തകനുമെന്ന നിലയില്‍ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യാഥാസ്ഥിതിക ലോകത്തിനെതിരെ ശക്തിയേറിയ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെ (എസ് എന്‍ ഡി പി) പ്രവര്‍ത്തകനും വക്താവുമായിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവായും അദ്ദേഹത്തെ കരുതുന്നു. തികഞ്ഞ ഒരു യുക്തി വാദിയും ദൈവ വിശ്വാസമില്ലാത്ത ഒരാളുമായിരുന്നു. ഒരു മതത്തിലും ഒരു ജാതിയിലും ഒരു വര്‍ഗത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഒരു വ്യാഴവട്ട കാലത്തോളം സാമൂഹിക രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് ഒരു യുക്തി ചിന്തകനെപ്പോലെ മതങ്ങളുടെ അസ്ഥിത്വത്തെപ്പറ്റി ഗവേഷണങ്ങള്‍ നടത്തുകയായിരുന്നു.
പാരമ്പര്യമായി പ്രസിദ്ധിയേറിയിരുന്ന ഒരു ഈഴവ കുടുംബത്തില്‍ 1889 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയതി സഹോദരന്‍ അയ്യപ്പന്‍ ജനിച്ചു. കുമ്പളത്ത് പറമ്പില്‍ കൊച്ചാവൂ വൈദ്യര്‍ അദ്ദേഹത്തിന്റെ പിതാവും ഉണ്ണൂലി മാതാവുമായിരുന്നു. ഒമ്പതു മക്കളില്‍ അയ്യപ്പന്‍ ഏറ്റവും ഇളയ മകനായിരുന്നു. എറണാകുളത്തുള്ള വൈപ്പിന്‍ കരയിലെ ചേറായിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അപ്പന്‍ ചെറു പ്രായത്തിലെ മരിച്ചു പോയതുകൊണ്ട് സഹോദരന്‍ അച്യുത വാരിയരാണ് അദ്ദേഹത്തെ വളര്‍ത്തിയത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം സ്ഥലത്തെ െ്രെപമറി സ്‌ക്കൂളില്‍ പഠനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം അയ്യപ്പന്റെ ജീവിതത്തില്‍ എന്നും വഴികാട്ടിയായി മുമ്പില്‍ നിന്നിരുന്നത് അച്ചുതന്‍ വൈദ്യരായിരുന്നു. വീട്ടിലും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാതൃകാപരമായിട്ടായിരുന്നു അയ്യപ്പന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. ചേറായിലുള്ള കണ്ണൂ ആശാന്റെ കളരിയില്‍ നിന്നും പ്രാരംഭ വിദ്യാഭാസം നടത്തി. അതിനുശേഷം ചേറായില്‍ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിലും പഠിച്ചു. പറവൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്ന് ചരിത്രവും സംസ്‌കൃതവും ഐച്ഛിക വിഷയങ്ങളായി പഠിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ ഉയര്‍ന്ന ജാതികളില്‍ പ്രകടമായിരുന്ന ജാതി ചിന്തകള്‍ അയ്യപ്പനെ വേദനിപ്പിച്ചിരുന്നു. ജാതിയില്‍ കൂടിയവരായ നായന്മാര്‍ നടക്കുന്ന വഴികളില്‍ക്കൂടി നടന്നാല്‍ ഈഴവര്‍ തൊട്ടു താഴോട്ടുള്ള ജാതികള്‍ വഴി മാറിക്കൊള്ളണമെന്നുള്ള വ്യവസ്ഥാപിത നിയമത്തില്‍ അയ്യപ്പന്‍ അസ്വസ്ഥനായിരുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അയ്യപ്പന്റെ മനസ് മതചിന്തകള്‍ക്കും അതീതമായിരുന്നു. പല വിധ ദൈവങ്ങളെ അവതരിപ്പിച്ച് മനുഷ്യനും മനുഷ്യനും തമ്മില്‍ വിടവുകള്‍ സൃഷ്ടിക്കുന്ന മത പുരോഹിതരെ അയ്യപ്പന്‍ വെറുത്തിരുന്നു. സനാതനമായ സത്യത്തെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു ആ ബാലന്റെ മനസ്സില്‍ നിറഞ്ഞിരുന്നത്. ജാതി വ്യവസ്തകള്‍ക്കും മതത്തിനും വേദ തത്ത്വങ്ങള്‍ക്കുമുപരി മാനവികതയും സഹജീവി സ്‌നേഹവും അദ്ദേഹത്തില്‍ നിറഞ്ഞിരുന്നു. സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പുരോഹിത പ്രമാണങ്ങളെയും അദ്ദേഹം തിരസ്‌ക്കിരിച്ചിരുന്നു. ഒരു സത്യാന്വേഷണ യാത്രയായിരുന്നു അയ്യപ്പന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നത്. വാസ്തവികമായ സത്യത്തിന്റെ പ്രകാശം മതങ്ങള്‍ക്കുപരിയെന്നും അദ്ദേഹം മനസിലാക്കി. തികച്ചും ദൈവത്തില്‍ വിശ്വസിക്കാത്ത സുദൃഢമായ ഒരു യുക്തിവാദിയായി അദ്ദേഹം മാറി. അദ്ദേഹം കണ്ടെത്തിയ സത്യങ്ങളെ ലോകത്തോട് വെളിപ്പെടുത്താന്‍ 1928ല്‍ യുക്തി വാദി എന്ന പേരില്‍ ഒരു മാസികയും തുടങ്ങി. നാസ്തിക ചിന്താഗതിക്കാരനായിരുന്നെങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനു ശ്രീ നാരായണ ഗുരുവിനോട് അഗാധമായ സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു.
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം കോഴിക്കോടുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാഭ്യാസം നടത്തി. കോഴിക്കോട്, കോളേജില്‍ പഠിക്കുന്ന കാലങ്ങള്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ നീതി ലഭിക്കാത്ത അധകൃത ജാതികള്‍ക്കു വേണ്ടി പോരുതാനും പ്രവര്‍ത്തിക്കാനുമാരംഭിച്ചിരുന്നു. പ്രാസംഗീക പ്ലാറ്റ് ഫോറങ്ങളില്‍ നിന്ന് അക്കാലത്ത് പൊതുജനങ്ങളോട് അധകൃതരുടെ ദാരുണ സ്ഥിതികളെപ്പറ്റി വികാരപരമായ പ്രസംഗങ്ങളും ചെയ്യുമായിരുന്നു. അക്കാലഘട്ടങ്ങളിലാണ് അദ്ദേഹം ശ്രീ നാരായണ ഗുരുവിനെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹവുമായി നാടിന്റെ ശോചനീയമായ ഐത്യാചാരങ്ങളെ സംബന്ധിച്ച് മനസുകള്‍ പങ്കു വെച്ചിരുന്നു. 1916ല്‍ പ്രസിദ്ധ മഹാകവിയായ കുമാരനാശാനെയും അദ്ദേഹം കണ്ടുമുട്ടി. മഹാന്മാരായ ഈ സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കണ്ടു മുട്ടിയതിനുശേഷം അദ്ദേഹത്തിലെ പാകതയാര്‍ന്ന വിപ്ലവ ചൈതന്യം കേരളമൊട്ടാകെ വ്യാപിക്കാന്‍ തുടങ്ങി.അയ്യപ്പന്‍ പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. എന്നാല്‍ രോഗബാധിതനായതിനാല്‍ കോളേജു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. നാരായണ ഗുരുവിന്റെ ഉപദേശ പ്രകാരം അദ്ദേഹം വീണ്ടും എറണാകുളം മഹാരാജാസ് കോളേജില്‍ ബി എ യ്ക്ക് ചേര്‍ന്നു പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം തിരുവനന്ത പുരം ലോ കോളേജില്‍ നിന്നും നിയമ ബിരുദവും ലഭിച്ചു.
തിരുവനന്തപുരത്തു പഠിക്കുമ്പോഴും സാമുദായിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കിയിരുന്നു. എസ് എന്‍ ഡി പി യിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു. കവിതകള്‍ രചിക്കാന്‍ കുമാരനാശാന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. 'അയ്യപ്പന്‍ ബി എ' എന്ന പേരില്‍ അച്ചടിച്ചു വരുന്ന വിപ്ലവ കവിതകള്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിഴുതെറിയാനുള്ള ആഹ്വാനങ്ങള്‍ അദ്ദേഹത്തിന്റെ സാഹിത്യ കൃതികളില്‍ പ്രതിഫലിച്ചിരുന്നു. സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ജാതി വിവേചനത്തെ തടയാന്‍ എന്ത് ചെയ്യണമെന്ന് ഒരിക്കല്‍ അദ്ദേഹം ശ്രീ നാരായണ ഗുരുവിനോട് ചോദിച്ചു. ഗുരു പറഞ്ഞു,'ജാതിക്കെതിരായി വാചാലമായി പറഞ്ഞതുകൊണ്ട് കാര്യമില്ല. ജാതിയില്ലാത്ത ഒരു ലോകം നമ്മുടെ അനുയായികളുടെ മനസ്സില്‍ സൃഷ്ടിക്കണം. അതിനായി പ്രവര്‍ത്തിക്കണം.' ഗുരുവിന്റെ വചനങ്ങള്‍ അയ്യപ്പന്റെ മനസിനെ അഗാധമായി സ്പര്‍ശിച്ചു.
അയ്യപ്പന്‍ കവിയും പ്രസിദ്ധനായ സാഹിത്യകാരനുമായി അറിയപ്പെടാന്‍ തുടങ്ങി. ലോക സംഭവങ്ങള്‍ ആകാംഷപൂര്‍വം പഠിച്ച് അദ്ദേഹത്തിന്റെ പത്രത്തില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. തന്റെ സമൂഹം ദുരാചാരങ്ങള്‍ നിറഞ്ഞതെന്നും അതിനെ ആകമാനം മാറ്റം വരുത്തണമെന്നുമുള്ള ചിന്തകളായിരുന്നു അയ്യപ്പനുണ്ടായിരുന്നത്. ലെനിനായിരുന്നു അയ്യപ്പന്റെ വീര പുരുഷന്‍. ലെനിന്റെ മഹത്വങ്ങളും റഷ്യന്‍ ചരിത്രവും അദ്ദേഹം വാചാലനായി പ്രസംഗങ്ങളില്‍ പറയുമായിരുന്നു. റക്ഷ്യന്‍ ചരിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു കവിതകളും രചിക്കുമായിരുന്നു. കേരള കൌമുദിയില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കവിതകളും സാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിരുന്നു. കാവ്യ രൂപേണയുള്ള 'ഉജ്ജീവനം', 'പരിവര്‍ത്തനം', 'റാണിസന്ദേശം', 'അഹല്യ' എന്നീ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനാത്മകമായ അനേക ലേഖനങ്ങള്‍ പത്രങ്ങളിലും പത്ര മാസികകളിലും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആവേശഭരിതമായ ലേഖനങ്ങള്‍ സമുദായ പരിഷ്‌ക്കാരങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനങ്ങളായിരുന്നു. മതങ്ങളുടെ തീവ്ര ചിന്തകളെയും ദൈവത്തിന്റെ അസ്ഥിത്വത്തെയും വിമര്‍ശിച്ചുകൊണ്ടുള്ള കവിതകളും സാഹിത്യകൃതികളും മലയാള ഭാഷയ്ക്കു തന്നെ ഒരു മുതല്‍കൂട്ടാണ്. യുക്തിവാദത്തിന്റെ മുഴക്കം കവിതകളില്‍ സ്പഷ്ടമായി പ്രകടിപ്പിച്ചിരുന്നു. 'സഹോദരന്റെ പദ്യകൃതികള്‍' എന്ന സമാഹാരത്തിലും കാവ്യങ്ങളിലും ഒരു താത്ത്വികന്റെ ദര്‍ശനങ്ങളാണ് നിഴലിച്ചിരിക്കുന്നത്.
സാമൂഹികപരമായ മാറ്റങ്ങള്‍ക്കായി അയ്യപ്പന്‍ വിപ്ലളവങ്ങള്‍ നയിക്കവേ വികാരതീവ്രമായ വലിയൊരു ജനവിഭാഗം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അധകൃത ജനതയില്‍ അടിഞ്ഞിരുന്ന അടിമ മനസ്ഥിതിയില്‍ മാറ്റങ്ങളും പ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. അവരുടെ ഉന്നമനത്തിനായി വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ക്കായുള്ള പ്രയത്‌നങ്ങളും ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് 'സഹോദര'നെന്ന പേരില് ഒരു പത്രവും ആരംഭിച്ചു. 1956 വരെ ആ മാസിക കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. യുക്തിവാദിയെന്ന നിലയില്‍ 'ജാതി വേണ്ട, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന് ' എന്നത് അദ്ദേഹത്തിന്റെ ആദര്‍ശസൂക്തിയില്‍ മെനഞ്ഞെടുത്ത മുദ്രാവാക്യമായിരുന്നു. അദ്ദേഹത്തിന്റെ ദളിതര്‍ക്കുവേണ്ടിയുള്ള കര്‍ക്കശമായ സാമൂഹിക പരിഷ്‌ക്കാരങ്ങളില്‍കൂടി രാഷ്ട്രീയത്തിലും ചുവടുകള്‍ വെച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അഴിമതിരഹിതമായി നിസ്വാര്‍ത്വമായ സേവനങ്ങളില്‍ക്കൂടി അദ്ദേഹം നാടിന്റെ പ്രിയ പുത്രനായി തീര്‍ന്നു. കൂടാതെ അനുയായികളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള അസാധാരാണമായ വ്യക്തിപ്രഭാവവുമുണ്ടായിരുന്ന നേതാവായിരുന്നു. ഇരുപത്തിയൊന്നു വര്‍ഷങ്ങളോളം കൊച്ചി രാജ്യത്തിന്റെ നിയമസാമാജികനായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ അധകൃതരായവരുടെ നന്മയ്ക്കുതകുന്ന അനേക നിയമങ്ങള്‍ നടപ്പിലാക്കി. ജാതികള്‍ തമ്മിലുള്ള മിശ്രവിവാഹവും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും അദ്ദേഹം പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് 1946ല്‍ അദ്ദേഹത്തെ കൊച്ചി രാജ്യത്തിന്റെ മന്ത്രിയായി നിയമിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ടീ. കെ. നായര്‍ തൊഴിലാളികളുടെ മേല്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതില്‍ പ്രതിക്ഷേധിച്ച് അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. 1949ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലം പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. അന്നത്തെ പ്രസിദ്ധ രാഷ്ട്രീയ നേതാക്കന്മാരായ പനമ്പള്ളി ഗോവിന്ദമേനോന്റെയും സി.ഏ ഔസേപ്പിന്റെയും സഹായത്തോടെ അദ്ദേഹം ഒരു മന്ത്രിസഭയ്ക്ക് രൂപം നല്കി. അയ്യപ്പന്‍, തിരുകൊച്ചി രൂപം പ്രാപിച്ച കാലത്തും അവിടുത്തെ സാമാജികനായി പ്രവര്‍ത്തിച്ചു. തിരുകൊച്ചിയിലെ പറവൂര്‍ ടീ.കെ.മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
1917ല്‍ ശ്രീ അയ്യപ്പന്‍ സഹോദര സംഘം സ്ഥാപിച്ചു. അതിന്റെ ശാഖകള്‍ നാടിന്റെ നാനാഭാഗത്തും വ്യാപിച്ചിരുന്നു. മിശ്ര വിവാഹവും മിശ്രഭോജനവും വഴി മനുഷ്യരുടെ മനസ്സില്‍ നിന്നും ജാതീയ ചിന്തകള്‍ ഇല്ലാതാക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. എതിര്‍പ്പുകളും ദേഹോപദ്രവങ്ങളും നാനാ ഭാഗത്തുള്ള യാഥാസ്ഥിതികരായവരില്‍ നിന്നും സഹിക്കേണ്ടി വന്നു. അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്താനായി നാടിന്റെ നാനാഭാഗങ്ങളില്‍ ജാതി വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമായിരുന്നു. അപ്പോഴെല്ലാം ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാന്‍ തടിച്ചു കൂടുമായിരുന്നു.
1917 മെയ് ഇരുപത്തിയൊമ്പതാം തിയതി പുലയ പറയ കുറവരുള്‍പ്പടെ എല്ലാ ജാതികളിലുമുള്ള ഇരുനൂറില്‍പ്പരം ജനങ്ങള്‍ക്കായി ഒരു മിശ്രഭോജനം നടത്തി. കേരളചരിത്രത്തില്‍ എഴുതപ്പെട്ട ആ മഹാസദ്യയില്‍ ദളിതരില്‍പ്പെട്ട പറയരും പുലയരും കുറവരും പങ്കെടുത്തിരുന്നു. വള്ളോന്‍, ചാത്തന്‍ എന്നീ അധകൃതരായ പുലയ പറയന്മാരും ഭക്ഷണം കഴിക്കാന്‍ ഒപ്പം പന്തലില്‍ ഉണ്ടായിരന്നു. അയ്യപ്പനും സുഹൃത്തുക്കളും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. മഹത്തായ ഈ സംരഭത്തിനെതിരെ ഈഴവ ഭൂവുടമകളും, വ്യവസായിക പ്രഭുക്കളൂള്‍പ്പടെയുള്ളവര്‍ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിനെതിരായി യാഥാസ്ഥിതികരുടെ ലോകം ഒരു ശത്രു വലയം തന്നെ സൃഷ്ടിച്ചിരുന്നു. ഉയര്‍ന്ന സമൂഹങ്ങള്‍ പുലയന്‍ അയ്യപ്പനെന്നും വിളിച്ചു. അഭിമാനത്തോടെ ആ പേര് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. അയ്യപ്പന്‍ പൊതു ജനങ്ങളുടെ നാവില്‍ നിന്നും വരുന്ന വാക്കുകളെ കൂസാക്കാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം 'സഹോദരന്‍ അയ്യപ്പ'നെന്നും അറിയപ്പെടാന്‍ തുടങ്ങി. അധകൃതരുമായി മിശ്രഭോജനം നടത്തിയത് കേരളത്തെ സംബന്ധിച്ച് വര്‍ണ്ണരായവരുടെ വികാരങ്ങള്‍ വ്രുണപ്പെടുത്തിയ ഒരു ചരിത്ര സംഭവമായിരുന്നു. യാഥാസ്ഥിതിക ലോകം ഒന്നടങ്കം അയ്യപ്പനെതിരായി പ്രതിക്ഷേധ ശബ്ദങ്ങള്‍ ഉയര്‍ത്തി. പത്ര വാര്‍ത്തകളും അയ്യപ്പന്റെ പേരുകള്‍ കൊണ്ട് നിറഞ്ഞു. ചേറായിലെ ഈഴവരുടെ സംഘടനയായ വിജ്ഞാന വര്‍ദ്ധിനി മിശ്ര ഭോജനത്തില്‍ പങ്കെടുത്ത അയ്യപ്പന്‍ ഉള്‍പ്പടെയുള്ള ഈഴവരെ സഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് ഐത്യം കല്‍പ്പിച്ചുകൊണ്ടു സ്ഥലത്തെ പ്രമാണികളായ കുടുംബങ്ങള്‍ അയ്യപ്പനെയും സുഹൃത്തുക്കളെയും വീടുകളില്‍ കയറ്റില്ലായിരുന്നു.അയ്യപ്പനെ നാടു കടത്തണമെന്ന ആവശ്യവുമായി ചിലര്‍ രാജാവിനെയും സന്ദര്‍ശിച്ചിരുന്നു. രാജാവ് അവരുടെ ആവശ്യങ്ങള്‍ തിരസ്‌ക്കരിച്ചതു കൂടാതെ അയ്യപ്പന്‍ നടത്തുന്ന സാമൂഹിക സേവനങ്ങളെ വിലമതിക്കുകയാണുണ്ടായത്. ജനങ്ങളുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ ശ്രീ നാരായണഗുരുവും അയ്യപ്പന്റെ സത്പ്രവര്‍ത്തികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നു. 'മനുഷ്യരുടെ വേഷവും ഭാഷയും മതവും എന്തായിരുന്നാലും മനുഷ്യകുലത്തില്‍ ഒരു ജാതി, ഒരു മതം ഒരു ദൈവം മാത്രമേയുള്ളൂവെന്ന' ശ്രീ നാരായണ ഗുരു സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശത്തിന്റെ കോപ്പികള്‍ അച്ചടിച്ച് ആ പ്രദേശങ്ങളില്‍ വിതരണം ചെയ്തു. 'അന്യോന്യം വിവാഹവും ഒരേ തീന്‍ മേശയില്‍ മിശ്ര ജാതികളുടെ ഭോജനവും തെറ്റില്ലെന്നും' ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിലുണ്ടായിരുന്നു. ഗുരുവിന്റെ ഇടപെടല്‍ കാരണം യാഥാസ്ഥിതികരുടെ എതിര്‍പ്പിനു ശമനം വരുകയുമുണ്ടായി.
അയ്യപ്പന്‍ അക്കാലത്തെ ജഡ്ജിയായിരുന്ന അയ്യാങ്കുട്ടിയുടെ മകള്‍ പാര്‍വതിയെ 1930ല്‍ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ഐഷയും സുഗതനും എന്ന രണ്ടു മക്കള്‍. അശരണരും ആരുമാരുമില്ലാത്തവരെയും സംരക്ഷിക്കാനായി ശ്രീ നാരായണ സേവികാ സമാജം എന്നൊരു സംഘടന ശ്രീ അയ്യപ്പന്‍ 1965ല്‍ സ്ഥാപിച്ചു. ആ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായ പാര്‍വതിയായിരുന്നു. ആലുവാ അടുത്തുള്ള തോട്ടുമുഖമാണ് അതിന്റെ ആസ്ഥാനം. അനാഥ കുട്ടികള്‍ക്കും അംഗ ഭംഗം സംഭവിച്ചവര്‍ക്കും ആരുമാരുമില്ലാത്ത സ്ത്രീ ജനങ്ങള്‍ക്കും ഇവിടെ ആശ്രയം നല്കി വരുന്നു.
അയ്യപ്പന്‍ ഒരു യുക്തി വാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമായതുകൊണ്ട് ഗാന്ധിസത്തിനെതിരായിരുന്നു. ഗാന്ധിജിയുടെ ചിന്താഗതികള്‍ സവര്‍ണ്ണ ജാതികളുടെ മേല്‌ക്കോയ്മ അംഗീകരിക്കുന്നതു കാരണം സഹോദരന്‍ അയ്യപ്പന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ഗാന്ധിജിയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഗാന്ധിജിയേയും ഗാന്ധിസത്തെയും രണ്ടായി അദ്ദേഹം കണ്ടിരുന്നു. ഗാന്ധിസ തത്ത്വങ്ങള്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഗാന്ധിജിയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു. നാസ്തികനായ അയ്യപ്പന്‍ ശ്രീ നാരായണ ഗുരു പഠിപ്പിക്കുന്ന ദൈവിക തത്വങ്ങളെ ഗൗനിക്കാതെ അദ്ദേഹത്തിന്റെയും ആരാധകനായിരുന്നു.
കേരള ജനത റഷ്യന്‍ വിപ്ലവത്തെപ്പറ്റിയും കമ്യൂണിസത്തെ പ്പറ്റിയും ആദ്യമായി അറിയുന്നത് അയ്യപ്പന്റെ പത്രത്തില്‍ കൂടിയായിരുന്നു. പ്രസംഗങ്ങള്‍ സ്ഥായിയായി മനുഷ്യ മനസില്‍ നിലനില്ക്കില്ലെന്നും മനുഷ്യനില്‍ ഉറച്ച മാറ്റങ്ങള്‍ ഉണ്ടാവണമെങ്കില്‍ അത് പത്ര പ്രവര്‍ത്തനത്തില്‍ ക്കൂടി മാത്രമേ സാധിക്കുള്ളൂവെന്നും അയ്യപ്പന്‍ മനസിലാക്കിയിരുന്നു. അദ്ദേഹം മാര്‍ക്‌സിന്റെയും ലെനിന്റെയും തത്ത്വ ചിന്തകള്‍ സ്വന്തം പത്രം വഴി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ആദ്യമായി അടിത്തറയിട്ടതും അദ്ദേഹമായിരുന്നു. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും അവരുടെ പത്രത്തിന്റെ ആദ്യത്തെ പത്രാധിപരുമായിരുന്നു.
അദ്ദേഹം നിയമസഭാംഗമായിരുന്ന കാലയളവില്‍ ഈഴവരുടെ നന്മക്കായി മൂന്നു ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. മരുമക്കാത്തായ തീയ്യ ബില്‍, മക്കത്തായ തിയ്യ ബില്‍, സിവില്‍ വിവാഹ ബില്‍ എന്നിവകളായിരുന്നു അവതരിപ്പിച്ചിരുന്ന ബില്ലുകള്‍. അക്കാലങ്ങളില്‍ കൊച്ചിയിലും തിരുവിതാംകൂറിലും മരുമക്കാത്തായം നില നിന്നിരുന്നു. അതു മാറ്റി കുടുംബ സ്വത്ത് സ്ത്രീകള്ക്കും പുരുഷന്മാര്‍ക്കും തുല്യമായി സ്വത്തുക്കള്‍ വീതിക്കത്തക്ക ബില്ലുകളാണ് അവതരിപ്പിച്ചത്. അത് നിയമമാവുകയും ചെയ്തു.അയ്യപ്പന്റെ സേവനങ്ങളെ മാനിച്ച് കൊച്ചി രാജാവ് അദ്ദേഹത്തെ വീര ശ്രുംഖല നല്കി ബഹുമാനിക്കുകയും ചെയ്തു.
അവസാന കാലം പതിനഞ്ചു വര്‍ഷത്തോളം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നിന്ന് എഴുത്തിനും വായനയ്ക്കുമായി സമയം ചെലവഴിച്ചു. 1968 മാര്‍ച്ച് ആറാം തിയതി അദ്ദേഹം ഹൃദ്രു രോഗ ബാധിതനായി മരണമടഞ്ഞു. സഹോദരന്‍ അയ്യപ്പനോടുള്ള ആദരസൂചകമായി ഏറണാകുളം വൈറ്റില ജഗ്ഷന്‍ റോഡു മുതല്‍ എം ജി റോഡു വരെ 'സഹോദരന്‍ അയ്യപ്പന്‍ റോഡ്' എന്ന പേരാണ് നല്കിയിരിക്കുന്നത്.(തുടരും)