കോഴിക്കോട്: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോള്‍ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികള്‍ എന്ത് ചെയ്താലും ഈ രാജ്യത്തിന്റെ പേര് പറയുന്നു. അതല്ലെങ്കില്‍ ഉസാമ ബിന്‍ ലാദനെപ്പോലുള്ളവര്‍ക്ക് അവര്‍ അഭയം നല്‍കുന്നു. ഭീകരവാദത്തിന് മുന്നില്‍ ഭാരതം മുട്ടു മടക്കില്ല. ഉറി ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു കാര്യം അവരോര്‍ക്കണം. ഭാരതം ഇത് ഒരിക്കലും മറക്കില്ല. ഇതിന് അതിന്റേതായ രീതിയില്‍ മറുപടി പറയുമെന്നും മോദി വ്യക്തമാക്കി.
17 തവണകളിലായി അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ശ്രമിച്ചു. നമ്മുടെ സൈന്യം അതിനെ സമര്‍ത്ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇക്കാലയളവിനിടെ 110 ഓളം ഭീകരവാദികളെ വധിക്കാന്‍ ഇന്ത്യക്ക് ആയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം പരിശ്രമം നടത്തുകയാണ്. 125 കോടി ജനങ്ങള്‍ സൈന്യത്തിന്റെ പരിശ്രമത്തെ ഓര്‍ക്കുന്നു. ആയിരം വര്‍ഷം യുദ്ധം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ആ രാജ്യം പറയുമായിരുന്നു. അവരുടെ വീര്യം എവിടെപ്പോയി. അവിടെത്തെ നേതാവ് ഭീകരവാദികള്‍ എഴുതിക്കൊടുത്ത കത്ത് വായിക്കുകയാണ്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല. പാക് ഭീകരത തുറന്നു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.
http://www.madhyamam.com/kerala/2016/sep/24/223462