Image

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 10 November, 2016
ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)
അമേരിക്കയുടെ പൗരാണിക സ്വത്തായ 'ലിബര്‍ട്ടി ബെല്‍' (Libetry Bell ) മാനവിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 1776 ജൂലൈ എട്ടാം തിയതി ഫിലാഡല്‍ഫിയായിലെ സ്‌റ്റെറ്റുവക ഗോപുരവാതില്‍ക്കല്‍നിന്നും 'ലിബര്‍ട്ടിബെല്‍' പതിമൂന്നു തവണകള്‍ സ്വാതന്ത്ര്യത്തിന്റെ മണിനാദങ്ങള്‍ മുഴക്കിയിരുന്നു. അന്ന് കൊളോണിയല്‍ സാമ്രാജ്യത്തില്‍നിന്ന് പതിമൂന്നു കോളനികള്‍ വിമുക്തമായ ദിനവുമായിരുന്നു. ഇമ്പമേറിയ സ്വാതന്ത്ര്യത്തിന്റെ ആ മണിനാദം നഗരവാസികളുടെ കര്‍ണ്ണങ്ങളില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെ ഔദ്യോഗികമായി വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ദിനവും കൊണ്ടാടിയിരുന്നു. ആകാശം മുട്ടെ ശബ്ദതരംഗങ്ങള്‍ നിറഞ്ഞ മണിമുഴക്കത്തിനൊപ്പം കേണല്‍ ജോണ്‍ നിക്‌സണ്‍ അന്നേ ദിവസം തിങ്ങിക്കൂടിയ ജനത്തോടായി സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി പിറന്ന വാര്‍ത്തയും അറിയിച്ചു. ലിബര്‍ട്ടി ബെല്ലിലെ താളക്രമങ്ങളോടെയുള്ള മണിനാദം ഒരു ചരിത്ര മുഹൂര്‍ത്തവുമായി മാറി. നാനാ ദിക്കില്‍ നിന്നും  തടിച്ചുകൂടിയ ജനം കേണലിന്റെ ഈ വിളംബരം കാതോര്‍ത്തു കേള്‍ക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ ജനതയ്ക്ക് ലഭിച്ച 'ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്' (Decleration of Independence) എന്നറിയപ്പെടുന്ന ആദ്യത്തെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും അന്നായിരുന്നു.

'ലിബര്‍ട്ടി ബെല്‍' സ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മകമായി അമേരിക്ക മുഴുവനായും അറിയപ്പെടുന്നു. അടിമത്വം അവസാനിപ്പിച്ചതിന്റെ അടയാളവുമായി കണക്കാക്കുന്നു. പൗരാണിക കൊത്തുപണികളാല്‍ തീര്‍ത്ത ലിബര്‍ട്ടി ബെല്‍ കാലങ്ങളെയും അതിജീവിച്ച് സ്വാതന്ത്ര്യ ദാഹികളില്‍ അര്‍ത്ഥസൂചകമാം വിധം എന്നുമെന്നും ആവേശവും കൊള്ളിച്ചുകൊണ്ടിരിക്കുന്നു. 'സ്‌റ്റേറ്റ് ഹൌസ് ടൗവറി'ല്‍ (State House Tower) അക്കാലങ്ങളില്‍ ബെല്‍ തൂക്കിയിട്ടിരുന്നെങ്കിലും ചരിത്രകാര്‍ ആരും തന്നെ അത് രേഖപ്പെടുത്തിയിട്ടില്ല. പെന്‍സില്‍വേനിയായിലെ കോണ്‍ഗ്രസിലും അങ്ങനെയൊരു സംഭവത്തെ സൂചിപ്പിച്ചിട്ടുമില്ല. സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്ത പൊതുജനങ്ങളില്‍ എത്തിയതെങ്ങനെയെന്നും ചരിത്രകാര്‍ക്ക് അറിഞ്ഞു കൂടാ. കോണ്‍ഗ്രസിന്റെ ജേര്‍ണല്‍ അനുസരിച്ചു അമേരിക്കയുടെ സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ രണ്ടാം തിയതിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ നാലാം തിയതിയെന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിന്റെ ഡോക്കുമെന്റുകള്‍ ഒപ്പിട്ടത് വളരെ ദിവസങ്ങള്‍ കഴിഞ്ഞാണ്. സ്‌റ്റേറ്റ് ഹൌസ് കോര്‍ട്ടുയാര്‍ഡില്‍ ആ വിളംബരം പൊതുജനങ്ങളുടെ അറിവിനായി ജൂലൈ എട്ടാം തിയതിക്ക് മുമ്പ് വായിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം ലിബര്‍ട്ടി ബെല്‍ നിരവധി ഐതിഹാസികമായ കഥകള്‍കൊണ്ട് ആവരണം ചെയ്തിരിക്കുകയായിരുന്നു. 1753ല്‍ ഇന്‍ഡിപെന്‍ഡന്റ് ഹാള്‍ (Independence Hall) എന്നറിയപ്പെടുന്ന പെന്‍സില്‍വേനിയായുടെ ടൗവ്വര്‍ ഹൌസിനു മുകളില്‍ 'ലിബര്‍ട്ടി ബെല്‍' നാടിന്റെ നാനാഭാഗത്തും ശബ്ദം കേള്‍ക്കത്തക്കവിധം പ്രതിഷ്ഠിച്ചിരുന്നു. 1852ല്‍ ഈ 'ബെല്‍' ടവ്വര്‍ഹൌസില്‍നിന്നും വീണ്ടും താഴെയിറക്കി. അതിനുശേഷം ബെല്ലില്‍ നിന്നും ഒരിക്കലും മണിനാദം മുഴങ്ങിയിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് 'ലിബര്‍ട്ടി ബെല്‍' രൂപകല്‍പ്പന ചെയ്തതെന്നാണ് വിശ്വാസം. പെന്‍സില്‍വേനിയാ അസംബ്ലിയുടെ നിര്‍ദ്ദേശമനുസരിച്ച് 1752ലാണ് ലോഹമുരുക്കി ഈ ബെല്ല് വാര്‍ത്തെടുത്തത്. ഫിലാഡെല്‍ഫിയായിലുള്ള ജനങ്ങളെ വിശേഷകാര്യങ്ങള്‍ അറിയിക്കാനും ആഘോഷങ്ങളില്‍ പൗരന്മാരെ പങ്കെടുപ്പിക്കാനും പേരും പെരുമയുമുള്ളവരുടെ മരിച്ച വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാനും ലിബര്‍ട്ടി ബെല്ലിലെ മണിയടികള്‍ ഉപകരിച്ചിരുന്നു.

1701ല്‍ 'വില്യം പെന്‍' പെന്‍സില്‍വേനിയായ്!ക്ക് തനതായ ഒരു ഭരണഘടനയുണ്ടാക്കി. സാംസ്‌ക്കാരിക സാമൂഹിക പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പെന്‍സില്‍വേനിയായുടെ ഭരണ കര്‍ത്താക്കളില്‍ ഒരാളായിരുന്നു. അന്നുണ്ടാക്കിയ നിയമ നിര്‍മ്മാണങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ അതിന്റെ അമ്പതാം വാര്‍ഷികത്തില്‍, 1751ല്‍ പെന്‍സില്‍വേനിയാ അസംബ്ലി യോഗം ചേര്‍ന്ന് ചരിത്ര പ്രതീകമായ 'ലിബര്‍ട്ടി ബെല്‍' ഓര്‍ഡര്‍ ചെയ്തു. മനുഷ്യ സ്‌നേഹിയായ 'വില്യം പെന്‍' എഴുതിയുണ്ടാക്കിയ ഭരണഘടന കറുത്തവരുടെയും സ്വദേശികളായ റെഡ് ഇന്ത്യന്‍ ജനതയുടെയും സാസ്‌കാരിക പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടും മനുഷ്യാവകാശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതുമായിരുന്നു. ലോകം മുഴുവന്‍ ഉത്‌ഘോഷിക്കുന്ന സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മഹനീയ തത്വങ്ങളും ആ മഹാന്റെ ആശയ സംഹിതകളില്‍ നിറഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങളുടെ സവിശേഷതകള്‍ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹമുണ്ടാക്കിയ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉയര്‍ത്തിയും കാണിച്ചിട്ടുണ്ട്. റെഡ് ഇന്ത്യന്‍സിനോടുള്ള മൃദുലമായ സമീപനവും ആ മനുഷ്യ സ്‌നേഹിയില്‍ പ്രകടമായി കാണാമായിരുന്നു. പൗരാവകാശ നിയമങ്ങള്‍ ആദ്യമായി അമേരിക്കയില്‍ വിഭാവന ചെയ്തതും അദ്ദേഹംതന്നെ.

പഴയ നിയമത്തിലെ ഉദ്ധൃതഭാഗങ്ങളും വില്യം പെന്റെ നിയമ സംഹിതകളിലുണ്ടായിരുന്നു. അന്ന് മുഴങ്ങിയ മണിനാദത്തോടൊപ്പം ലേവ്യായുടെ  ഇരുപത്തിയഞ്ചാം അദ്ധ്യായം പത്താം വാക്യവും സുവര്‍ണ്ണ ജൂബിലിയില്‍  വായിച്ചിരുന്നു. 'അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേല്‍സംവത്സരമായിരിക്കേണം: നിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തന്‍ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. (tehym 25:10) അങ്ങനെ അമേരിക്കയുടെ നൂറ്റാണ്ടുകളുടെ  ചരിത്രം ആ നാദ സുന്ദരിക്ക് പറയാനുണ്ട്.

ഫിലാഡല്‍ഫിയായിലുള്ള സ്‌റ്റേറ്റ് ഹൌസിനു വേണ്ടി വാങ്ങിയ ബെല്ലിനെ അന്ന് 'പെന്‍സില്‍വേനിയാ അസംബ്ലി ബെല്ലെ'ന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിബര്‍ട്ടി ബെല്ലില്‍ കൊത്തിവെച്ചിരിക്കുന്ന ഉദ്ധരണിയില്‍ ഇന്നുള്ള പെന്‍സില്‍വേനിയായുടെ സ്‌പെല്ലിങ്ങുമായി വ്യത്യസ്തമായി കാണുന്നു.  പെന്‍സില്‍വേനിയായുടെ (Pesnylvania) സ്‌പെല്ലിംഗ് അക്കാലത്ത് ആഗോളതലങ്ങളില്‍  അംഗീകരിക്കപ്പെട്ടിരുന്നില്ല. ഫിലാഡല്‍ഫിയായിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹാള്‍ (Independence Hall)സന്ദര്‍ശിക്കുന്നവര്‍ അവിടെയുള്ള മാപ്പില്‍ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയാല്‍ പെന്‍സില്‍വേനിയായുടെ അന്നത്തെ സ്‌പെല്ലിംഗ് (Pesnylvania) ഇന്നു നിലവിലുള്ള സ്‌പെല്ലിങ്ങുമായി (pensnylvania) വ്യത്യസ്തമായിരുന്നുവെന്നും കാണാം. ബെല്ലിന്റെ മദ്ധ്യഭാഗത്ത് പാസ് ആന്‍ഡ് സ്‌റ്റോ ഫിലഡ എം ഡി സി സി എല്‍ 111 ('Pass and Stow / Philada / MDCCLIII.' ) എന്നും ഇംഗ്ലീഷ് അക്ഷരത്തില്‍ കൊത്തി വെച്ചിട്ടുണ്ട്. ലിബര്‍ട്ടി ബെല്‍ എന്നറിയപ്പെടുന്ന ഈ മണി കപ്പലില്‍ ഒളിച്ചു കടത്തിയതെന്നുള്ള അര്‍ത്ഥമാവാമെന്നും അതില്‍ കൊത്തിവെച്ച വാക്കുകളില്‍ ധ്വാനിക്കുന്നുണ്ട്.

പെന്‍സില്‍വേനിയായിലെ കൊളോണിയല്‍ ഏജന്റ്, സ്‌റ്റേറ്റ് ഹൌസിനുവേണ്ടി ഔദ്യോഗികമായ ഒരു 'ബെല്‍' മേടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു ലണ്ടനിലെ റോബര്‍ട്ട് ചാള്‍സിന് 1751 നവംബര്‍ ഒന്നാംതീയതി ഒരു കത്തയച്ചിരുന്നു. ഐസക്ക് നോറിസ്, തോമസ് ലീച്, എഡ്വേര്‍ഡ് വാര്‍ണര്‍ എന്നിവര്‍ അന്ന് ആ കത്തില്‍ ഒപ്പിട്ടിരുന്നു.  വൈറ്റ് ചാപ്പല്‍ ഫൗണ്ടറിയില്‍ നിന്നായിരുന്നു ബെല്‍ ഓര്‍ഡര്‍ ചെയ്തത്. 1752 സെപ്റ്റംബര്‍ ഒന്നാം തിയതി ബ്രിട്ടനില്‍ നിന്നും കടല്‍താണ്ടി ഭീമാകാരമായ ആ 'ബെല്‍' ഫിലാഡല്‍ഫിയായിലെത്തി. 1753 മാര്‍ച്ചു പത്താം തിയതിവരെ അത് ഒരു സ്ഥലത്തും തൂക്കിയിട്ടിരുന്നില്ല. 'മണിനാദം കേള്‍ക്കുന്ന സമയങ്ങളിലെല്ലാം ഒരു പൊട്ടിയ മണിയുടെ അനുഭൂതിയാണ് തനിക്കുണ്ടാകുന്നതെന്നു' ഐസക്ക് നോറീസ് കോണ്‍ഗ്രസിനെഴുതിയ ഒരു കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മണിയുടെ നിര്‍മ്മാണത്തില്‍ സംഭവിച്ച പാകപ്പിഴകള്‍ കാരണം പൊട്ടിയ ശബ്ദം മണിയില്‍നിന്നും പുറപ്പെടുന്നുവെന്നു അന്നുള്ളവര്‍ ചിന്തിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍കൊണ്ട് മണിയുടെ വിചിത്രമായ ശബ്ദം പരിഹരിക്കാമെന്നും കണക്കാക്കിയിരുന്നു. മൂശാരിപ്പണി ചെയ്തിരുന്ന 'ജോണ്‍ പാസ്', 'ജോണ്‍ സ്‌റ്റോ' എന്ന രണ്ടു ഫിലാഡല്‍ഫിയാക്കാര്‍ ആ മണിയുടെ പൊട്ടിയ ഭാഗങ്ങള്‍ ഉരുക്കി നന്നാക്കിയിരുന്നു. അവര്‍ ഏതാനും ഔണ്‍സ് ചെമ്പുകളും ചേര്‍ത്ത് വിള്ളലേറ്റ ഭാഗം കൂട്ടിയോജിപ്പിച്ചു. മണി നന്നാക്കാനായി അന്നത്തെ തൊഴില്‍ക്കൂലി മുപ്പത്തിയാറു പൗണ്ടായിരുന്നു.

1753 മാര്‍ച്ചു ഇരുപത്തിയൊമ്പതാം തിയതി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷം ഈ 'ബെല്‍' ബെല്‍ഫ്രിഡില്‍ സ്ഥാപിച്ചു. ആവശ്യത്തിലധികം ചെമ്പു (copper) കേടുപാടുകള്‍ നികത്താനായി മണിയില്‍ ചേര്‍ത്തതുമൂലം മണിയടിയിലെ ശബ്ദവ്യത്യാസങ്ങള്‍ക്കു കോട്ടം തട്ടാന്‍ കാരണമായി. പട്ടണം മുഴുവന്‍ അതൊരു സംസാരവിഷയവും ജനങ്ങളുടെ പരിഹാസവുമായി മാറിയിരുന്നു. റോബര്‍ട്ട് ചാള്‍സിന്റെ ഏജന്റ് ഐസക് നോറിസിനെ ജനം മണിയടിയില്‍നിന്നും വരുന്ന ശബ്ദത്തിന്റെ പോരായ്മകളില്‍ കുറ്റപ്പെടുത്തുകയുമുണ്ടായി. ബെല്ലില്‍നിന്നും പുറപ്പെടുവിച്ചിരുന്ന മണിനാദത്തില്‍ ആരും സന്തുഷ്ടരായിരുന്നില്ല. പിന്നീട് ബെല്ല് വലിച്ചുകൊണ്ടു പോയി വീണ്ടും നന്നാക്കാന്‍ ശ്രമിച്ചു. കേടായ ഭാഗങ്ങള്‍ പൊട്ടിച്ച് ഉടച്ചു വാര്‍ത്തു.1753 ജൂണ്‍ പതിനൊന്നാം തിയതി നന്നാക്കിയ പുതിയ ബെല്ല് 2080 പൗണ്ടുള്ളതായി 'ന്യൂയോര്‍ക്ക് മെര്‍ക്കുറി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് സ്‌റ്റേറ്റ് ഹൌസിന്റെ മുകളില്‍ ഉയര്‍ത്തി പ്രതിഷ്ഠിക്കുകയും ചെയ്തു.

പെന്‍സില്‍വേനിയായുടെ അസംബ്ലി കൂടുന്ന സമയങ്ങളിലും ഭരണസംവിധാനങ്ങളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ജനങ്ങളെ ബോധവാന്മാരാക്കുവാനും അറിയിക്കാനും കൂട്ടമണിയടി അക്കാലങ്ങളിലെ പതിവായിരുന്നു.  കൊളോണിയല്‍ ഭരണകാലങ്ങളിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ബെഞ്ചമിന്‍ ഫ്രാങ്കലിനെ ഇംഗ്ലണ്ടില്‍ അയച്ചപ്പോഴും മണിയടിച്ചു. 1761ല്‍ ജോര്‍ജ് മൂന്നാമന്‍ രാജാവ് കിരീടം ധരിച്ചപ്പോഴും ലിബര്‍ട്ടി ബെല്ലില്‍ നിന്ന് കൂട്ട മണി മുഴങ്ങിയിരുന്നു. 1764ല്‍ ഷുഗര്‍ ആക്റ്റും 1765 സ്റ്റാമ്പ് ആക്റ്റും പാസാക്കിയ   പ്രാവര്‍ത്തികമായ സമയങ്ങളിലും ബെല്ലില്‍നിന്നു മണിനാദങ്ങള്‍ മുഴങ്ങിയിരുന്നു. 1776ജൂലൈ നാലാം തിയതിയിലെ കൊളോണിയല്‍ സാമ്രാജ്യത്തില്‍നിന്നുള്ള സ്വാതന്ത്ര്യ വിളംബരം ഈ ബെല്ലില്‍ നിന്നും പുറപ്പെട്ട മണിയടിയോടെയായിരുന്നുവെന്നതും ചരിത്രമാണ്. അന്നുമുതലാണ് ഈ ബെല്ലിനു 'ലിബര്‍ട്ടി ബെല്‍' എന്ന പേര് ലഭിച്ചത്.

ലിബര്‍ട്ടി ബെല്ലില്‍ നിന്നുള്ള തുടര്‍ച്ചയായുള്ള മണിമുഴക്കങ്ങള്‍ സമീപ വാസികള്‍ക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നു കാണിച്ച് ഒരു കൂട്ട ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജനങ്ങളുടെ പരാതികളെ അധികൃതര്‍ പരിഗണിച്ചിരുന്നില്ല. 1775ലെ ലെക്‌സിങ്ങ്ടണ്‍, കോണ്‍കോര്‍ഡ് (വേല ആമേേഹല ീള ഘലഃശിഴീേി മിറ ഇീിരീൃറ ശി 1775) യുദ്ധങ്ങള്‍വരെ മണിയടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഗോപുരം അക്കാലങ്ങളില്‍ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നതിനാലും അറ്റകുറ്റപ്പണികള്‍ ഉണ്ടായിരുന്നതുകൊണ്ടും ഈ കഥകളൊക്കെ സത്യങ്ങളായിരുന്നുവോയെന്നും നിശ്ചയമില്ല. ചരിത്രകാരുടെയിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്.    

1777ഒക്ടോബറില്‍ ബ്രിട്ടീഷുകാര്‍ ഫിലാഡല്‍ഫിയ ആക്രമിച്ചു കയ്യടക്കി. അതിനു ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 'ലിബര്‍ട്ടി ബെല്‍' ഉള്‍പ്പടെ പട്ടണത്തിലുള്ള ബെല്ലുകള്‍ മുഴുവനും നീക്കം ചെയ്തിരുന്നു. പട്ടണത്തില്‍ ആ ബെല്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ അത് തകര്‍ക്കുമായിരുന്നുവെന്നും മനസിലാക്കിയിരുന്നു. ബെല്ലിലുള്ള 'മെറ്റല്‍' പട്ടാളധികൃതര്‍ പീരങ്കിയ്ക്ക് ഉപയോഗിക്കുമായിരുന്നുവെന്നും അറിയാമായിരുന്നു. പെന്‍സില്‍വേനിയായിലുള്ള അലന്‍ടൗണില്‍ സയോണ്‍ റീഫോംഡ് ചര്‍ച്ചിന്റെ (ദശീി ഞലളീൃാലറ ഇവൗൃരവ  ഘശയലൃ്യേ ആലഹഹ ടവൃശില) അടിഭാഗത്തായി ഈ ബെല്ല് ഒളിച്ചുവെച്ചിരുന്നു. അവിടെയും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി സന്ദര്‍ശകര്‍ നിത്യം എത്താറുണ്ട്.

1790 മുതല്‍ 1800 വരെ സുപ്രധാന തീരുമാങ്ങളുണ്ടാകുന്ന വേളകളിലും പുതിയ സംഭവവികാസങ്ങളിലും ബെല്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. അന്ന് ഫിലാഡെല്‍ഫിയായായിരുന്നു ക്യാപിറ്റല്‍. ഓരോ നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ സ്‌റ്റേറ്റ് ഹൌസിലേക്ക് വോട്ടു ചെയ്യുമ്പോഴും ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജന്മ ദിവസവും ജൂലൈ നാലാം തിയതിയും ബെല്ലിലെ മണിനാദം മുഴങ്ങിക്കൊണ്ടിരുന്നുവെന്നും ചരിത്രത്തിന്റെ അനുമാനങ്ങളിലുണ്ട്. 
1839ല്‍ അടിമത്വ വിരുദ്ധ പോരാളികള്‍ ലിബര്‍ട്ടി ബെല്ലിനു ചുറ്റും സമ്മേളിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി വിപ്ലവങ്ങള്‍ സംഘടിപ്പിച്ചവരും പ്രവര്‍ത്തിച്ചവരും അക്കാലങ്ങളില്‍ ബെല്ലിന്റെ പടങ്ങള്‍ വഹിച്ചിരുന്നു. അടിമകളെ സ്വതന്ത്രമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് അതേ ബെല്‍ തന്നെ നാനാവിധമായ സ്വാതന്ത്ര്യ മോഹങ്ങള്‍ക്കായും നിലകൊണ്ടിരുന്നു. 1835 ജൂലൈ എട്ടാം തിയതി ജോണ്‍ മാര്‍ഷല്‍ എന്ന ജഡ്ജി മരിച്ച വിവരം മണിയടിച്ചറിയിച്ചപ്പോഴായിരുന്നു മണി പിളര്‍ന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ പൊട്ടിയത് മണിയുടെ ഉള്ളില്‍ നിന്നായിരുന്നതിനാല്‍ ആര്‍ക്കും വിള്ളല്‍ ഭാഗം കാണാന്‍ സാധിച്ചിരുന്നില്ല. അകത്തുണ്ടായ വിടവ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ വലുതായി തീര്‍ന്നിരുന്നു. ഒടുവില്‍ ശബ്ദം തന്നെ ഇല്ലാതെയായി. റിപ്പയര്‍ ചെയ്ത ശേഷം ബെല്‍ 1846 വരെ ഉപയോഗിക്കുന്നുണ്ടായിരുന്നു. 

ലിബര്‍ട്ടി ബെല്ലിനു ആദ്യമായി വിള്ളലുണ്ടായ കൃത്യമായ ഒരു ദിനം എന്നെന്നുള്ളത് വ്യക്തമല്ല. അതില്‍ ചരിത്രകാരുടെയിടയില്‍ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ബെല്ലിലുള്ള നേരിയ പിളര്‍പ്പ് കൂടുതല്‍ വിടരാതിരിക്കാന്‍ അതാത് കാലങ്ങളില്‍ നന്നാക്കിയതായും രേഖകളിലുണ്ട്. 1846ല്‍ ജോര്‍ജ് വാഷിംഗ്ടന്റെ ജന്മദിനത്തില്‍ ബെല്ലിന്മേല്‍ പിളര്‍പ്പുണ്ടായതിനുശേഷം പിന്നീടൊരിക്കലും മണിയടിക്കാതെയുമായി. 1846ഫെബ്രുവരി 26ല്‍ ഫിലാഡല്‍ഫിയയില്‍ നിന്നും പ്രസിദ്ധീകരിച്ച ഒരു ജേര്‍ണലില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്.

ഐതിഹാസിക കഥകള്‍ ലിബര്‍ട്ടി ബെല്ലുമായി ബന്ധിച്ചുള്ളതിനാല്‍ ശരിയായ ഒരു കാഴ്ചപ്പാടില്‍ അതിന്റെ ചരിത്രം കുറിക്കാനും പ്രയാസമാണ്. 1847ല്‍ 'ജോര്‍ജ് ലിപ്പാഡ്' ഈ ബെല്ലിനെ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു നോവലെഴുതിയിട്ടുണ്ട്. ഒരിയ്ക്കല്‍ കുതിരയെ തീറ്റിപ്പോറ്റിയും പരിപാലിച്ചുകൊണ്ടുമിരുന്ന ഒരാള്‍ സ്‌റ്റേറ്റ് ഹൌസിലെ ബെല്ലടിയ്ക്കാന്‍ ചുമതലപ്പെട്ട അവിടെ കാത്തിരുന്ന വൃദ്ധനായ ഒരു മനുഷ്യനോട് 'കൊളോണിയല്‍ സാമ്രാജ്യത്തിന്റെ കിരാത ഭരണത്തില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചുവെന്ന്' ഉച്ചത്തില്‍ പ്രഖ്യാപിക്കാന്‍ പറഞ്ഞു. അങ്ങനെ പറയാന്‍ അയാള്‍ക്കു മനസ്സുവന്നില്ല. കുതിരക്കാരന്റെ വാക്കു കേട്ട് കേള്‍ക്കാത്ത മട്ടില്‍ അയാള്‍ നിശബ്ദനായി മടിച്ചു നിന്നു. പെട്ടെന്ന് മണിനാദം മുഴക്കിക്കൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ കൊച്ചുപുത്രന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുകയും 'എന്റെ വല്യപ്പച്ചാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞുകൊണ്ട് ഉച്ചത്തില്‍ വിളിച്ചുപറയൂ, ഒപ്പം കൂട്ടമണിയുമടിക്കൂ! ലോകം ഉണര്‍ന്ന് അതുകേട്ടു ശ്രവിക്കട്ടെയെന്നും' അവന്‍ പറഞ്ഞു. കൊച്ചുമകന്റെ വാക്കുകള്‍ കേട്ട് വൃദ്ധന്‍ മണിയടിച്ചു. ദേശം മുഴുവനും സ്വാതന്ത്ര്യത്തിന്റെ ആ മോഹന സ്വപ്നങ്ങളില്‍ ലയിച്ചു. പിന്നീട് സംഭവിക്കാത്ത ആ കഥ ചുറ്റുമുള്ള ജനത്തിന്റെ ഭാവനയിലാവുകയും ചെയ്തു. ലിബര്‍ട്ടി ബെല്‍ അന്നുമുതല്‍ 'ഡിക്ലറേഷന്‍ ഓഫ് ഇന്ഡിപെന്‌ഡെന്‌സിന്റെ' (Declaration of Independence) ചിഹ്നവിജ്ഞാന നിഘണ്ടുവിലെഴുതി ചേര്‍ക്കുകയുമുണ്ടായി. 1847ല്‍ നോവലില്‍ എഴുതപ്പെട്ട വൃദ്ധന്റെ ഈ കഥ ഭാവനയില്‍ കുരുത്തതെന്നും സത്യമല്ലെന്നും ചരിത്രകാര്‍ വിശ്വസിക്കുന്നു. എന്താണെങ്കിലും ഡിക്ലറേഷന്‍ ഓഫ് ഇന്ഡിപെന്‌ഡെന്‍സിനെ (Declaration of Independence) സംബന്ധിച്ചുള്ള ഈ ഐതിഹാസിക കഥ വളരെയധികം പ്രസിദ്ധമാണ്.

1856ല്‍ ലിബര്‍ട്ടി ബെല്‍ അമേരിക്കയുടെ അടിമത്വം അവസാനിപ്പിച്ച സുദിനത്തിന്റെ പ്രതീകമായി അംഗീകരിച്ചു. അതിനുമുമ്പ് ആ ബെല്ലില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ 'ലിബര്‍ട്ടിബെല്‍' അറിയപ്പെട്ടിരുന്നത് സ്‌റ്റേറ്റ് ഹൌസ് ബെല്ല'ന്നായിരുന്നു. ലിബര്‍ട്ടി ബെല്ലിലുള്ള ആ വലിയ വിള്ളല്‍ കറുത്തവരായ ഒരു ജനതയുടെ ഉണങ്ങാത്ത മുറിവുകളാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. ആ വിടവുകളെ സ്വാതന്ത്ര്യത്തിന്റെ സ്‌പോടനമായും കറുത്ത ജനത കണക്കാക്കുന്നു.     

ഓരോ അമ്പത് വര്‍ഷം കഴിയുമ്പോഴും അടിമകളെയും ജയിലില്‍ കഴിയുന്നവരെയും മോചിപ്പിക്കണമെന്നുള്ള ബൈബിളിലെ വചനം അടിമത്വം അവസാനിപ്പിക്കുന്നവര്‍ മനസിലാക്കിയിരുന്നു. വില്യം ല്യൂയിഡ് ഗാരിസന്റെ (William Lloyd Garrison's) 'ബെല്‍' എന്ന കവിതയില്‍ 'ലിബര്‍ട്ടി ബെല്‍' സ്വാതന്ത്ര്യത്തിന്റെ ഒരു നിയോഗംപോലെ പ്രതിഫലിക്കുന്നത് കാണാം. 'ഇത് നിന്നെ സംബന്ധിച്ച് ഒരു സുവര്‍ണ്ണ ജയന്തിയാണ്. സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ഓരോ മനുഷ്യരിലും ആ ജയന്തിയുടെ സുവര്‍ണ്ണ രേഖ കുടികൊള്ളും. അവരുടെ കുടുംബങ്ങളും സ്വാതന്ത്ര്യത്തിന്റെ രുചിയനുഭവിക്കും.' ഒരു പക്ഷെ ഒരു കവിയുടെ ഹൃദയത്തില്‍ നിന്നും ലിബര്‍ട്ടി ബെല്ലിനെപ്പറ്റി, അതിന്റെ ആന്തരാര്‍ത്ഥത്തെപ്പറ്റി ഒഴുകി വന്ന ആദ്യത്തെ രൂപകല്‍പ്പനയുമാകാം.
അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യമൊന്നാകെ ഐക്യമത്യത്തിന്റെ പ്രതീകമായി ഒരു ചിഹ്നം തെരയുന്നുണ്ടായിരുന്നു. 'അമേരിക്കന്‍ പതാക ഒരു അടയാളമായിരുന്നു. 'ലിബര്‍ട്ടി ബെല്‍' മറ്റൊന്നും. യുദ്ധത്തിന്റെ മുറിവുകളുണങ്ങാനും സഹായിക്കാനും അന്നുള്ള ജനത 'ലിബര്‍ട്ടി ബെല്‍' രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1880 മുതല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ലിബര്‍ട്ടി ബെല്ലുമായി സ്വാതന്ത്ര്യ പ്രവര്‍ത്തകരായ ജനത രാജ്യത്താകമാനം സഞ്ചരിക്കുകയുമുണ്ടായി. അനേകായിരങ്ങള്‍ അതുമൂലം ദേശാഭിമാനഭരിതരായി ഒരു നവയുഗത്തിനായി പ്രവര്‍ത്തിക്കാനും തുടങ്ങി.

1915ല്‍ സ്ത്രീകളുടെ സംഘടനയായ സഫറാഗ് മുന്നേറ്റത്തിനായി ലിബര്‍ട്ടി ബെല്ലിന്റെ ഒരു മാതൃകയുണ്ടാക്കിയിരുന്നു. തങ്ങളുടെ വോട്ടവകാശത്തിനായി സ്ത്രീകള്‍ അതുമായി രാജ്യം മുഴുവന്‍ സഞ്ചരിച്ചു. 1920 സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തിയതി അത് ഇന്‍ഡിപെന്‍ഡന്‍സ് ഹാളില്‍ (Independence Hall) കൊണ്ടുവരുകയും പൗരസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. പിന്നീട് സ്ത്രീകള്‍ക്കും തുല്യാവകാശമായി പൗരനിയമങ്ങള്‍ മാറ്റുകയുണ്ടായി. അതിന്റെ ആഘോഷങ്ങള്‍ നാടാകെ കൊണ്ടാടിയതു ലിബര്‍ട്ടി ബെല്ലിനെ പ്രതീകാത്മകമായി കണക്കാക്കിക്കൊണ്ടായിരുന്നു. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങള്‍ നാളിതുവരെയുള്ള കാലങ്ങളിലെല്ലാം ലിബര്‍ട്ടി ബെല്ലിന്റെ മുമ്പില്‍ വന്നു ശബ്ദം മുഴക്കിയിട്ടുണ്ട്.  

2003ഒക്ടോബറില്‍ 'ലിബര്‍ട്ടി ബെല്‍ സെന്റര്‍' (Libetry bell center) തുറന്നു. 24 മണിക്കൂറും ഏതു സമയത്തും സന്ദര്‍ശകര്‍ക്ക് 'ബെല്‍' കാണുവാന്‍ സാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ ജൂലൈ നാലാം തിയതി ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ഒപ്പിട്ടവരുടെ പിന്തലമുറക്കാര്‍ പതിമൂന്നു തവണകള്‍ ബെല്ലിനെ സ്പര്‍ശിച്ചു ആദരിക്കാറുണ്ട്. ആ സമയം പതിമൂന്നു കോളനികളെ ഓര്‍മ്മിക്കാന്‍ ഒപ്പം മറ്റു ബെല്ലുകള്‍ പതിമൂന്നു തവണകള്‍ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും അടിച്ചുകൊണ്ടിരിക്കും. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ഓര്‍മ്മ ദിവസവും ബെല്ലില്‍ സ്പര്‍ശിച്ചുകൊണ്ട് ആദരവ് പ്രകടിപ്പിക്കാറുണ്ട്. 1986ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഭാര്യ കൊറേട്ടാ സ്‌കോട്ട് കിംഗിന്റെ (Coretta Scott King) അഭ്യര്‍ത്ഥന പ്രകാരമാണ് അങ്ങനെയൊരു ആചാരം കറുത്തവരായ സ്വാതന്ത്ര്യ ദാഹികളില്‍ ആരംഭിച്ചത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് വിദേശികളും അമേരിക്കക്കാരും 'ലിബര്‍ട്ടി ബെല്‍' കാണാനായി ദിനംപ്രതി സന്ദര്‍ശിക്കാറുണ്ട്. ഈ സ്മാരക ചിഹ്നം ലക്ഷോപലക്ഷം ജനങ്ങളുടെ മനസിനെ തലമുറകളായി താലോലിച്ചുകൊണ്ടിരിക്കുന്നു. ലോകമാകമാനമുള്ള സ്വാതന്ത്ര്യ ദാഹികളുടെ പ്രതീകമായി, മനുഷ്യ മനസുകളില്‍ വികാര രൂപങ്ങളായി, തലമുറകള്‍ക്കു സാക്ഷിയായി ഈ ചിഹ്നരൂപം ഇന്നും നിലകൊള്ളുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ സ്വപ്നവും തുടങ്ങുന്നത് ഇവിടെനിന്നാണ്. സ്വാതന്ത്ര്യത്തിന്റെ ആ നാദം ഫിലാഡെല്‍ഫിയാ മുതല്‍ ന്യൂഹാംപ്‌ഷെയര്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയാ, ജോര്‍ജ്ജിയാ, ടെന്നസി, മിസിസിപ്പി എന്നിവിടങ്ങളിലെ കുന്നിന്‍മുകളിലും മഞ്ഞുമലകളിലും പാറമേടകളിലും നാടിന്റെ നാനാഭാഗങ്ങളിലും കൊളോറാഡോയിലെ റോക്കി പര്‍വതനിരകളിലും ഒരുപോലെ മുഴങ്ങിക്കേട്ടിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ മണിനാദം മുഴങ്ങുമ്പോള്‍ സ്വപ്നഭൂമിയായ അമേരിക്കയുടെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള കറുത്തവരും വെളുത്തവരുമായ ദൈവത്തിന്റെ എല്ലാ മക്കളും യഹൂദരും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ കൈകോര്‍ത്തുകൊണ്ടു നീഗ്രോയുടെ പഴങ്കാല സ്തുതിഗീതങ്ങള്‍ 'ഒടുക്കമിതാ നാം സ്വതന്ത്രരായി, ദൈവത്തെ സ്തുതിക്കൂ'വെന്നു ആലപിക്കാന്‍ പറഞ്ഞതും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു.


ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)
ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

Legendary civil rights leader Dorothy Height

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

President Truman

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

William Penn

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

Independence Hall

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

Coretta Scott King

ലിബര്‍ട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക