Image

ഈ (നോ)നെട്ടോട്ടം എന്നു തീരും(ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 13 December, 2016
ഈ (നോ)നെട്ടോട്ടം എന്നു തീരും(ഷോളി കുമ്പിളുവേലി)
സംഭവം: എന്റെ അടുത്ത സുഹൃത്ത് കഴിഞ്ഞ ആഴ്ച നാട്ടിലെ ബന്ധുവിന്റെ ശവസംസ്‌കാരത്തിനായി 'വെസ്‌റ്റേണ്‍ യൂണിയനി'ലൂടെ കുറച്ച് പണം അയച്ചു. അദ്ദേഹം മുന്‍പും പല പ്രാവശ്യം ഇങ്ങനെ അയച്ചിട്ടുണ്ട്. ഇന്ന് അയച്ചാല്‍ നാളെ നാട്ടില്‍ പൈസാ കൈപ്പറ്റാം. പറഞ്ഞതുപോലെ തന്നെ പണം നാട്ടില്‍ വന്നു. പക്ഷേ കൊടുക്കാന്‍ ഓഫീസില്‍ നോട്ട് ഇല്ല! അവധി പലതും പറഞ്ഞു. അവസാനം അടിയന്തിരവും കഴിഞ്ഞാണ് പണം കിട്ടിയത്! നോട്ടു നിരോധനം കൊണ്ട് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാ ഇന്ന് വെറുതേ തള്ളുന്ന സംഘി അണ്ണന്മാരുടെ അറിവിലേക്ക് പറഞ്ഞെന്നു മാത്രം.

ഇന്‍ഡ്യന്‍ കറന്‍സിയുടെ 86 ശതമാനം വരുന്ന ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും ഇനിയും പകരം നോട്ടെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല. നോട്ടിനായുള്ള നെട്ടോട്ടം എന്നു തീരുമെന്ന് ഉറപ്പിച്ചു പറയുവാന്‍ പ്രധാനമന്ത്രിക്കുപോലും കഴിയുന്നുമില്ല.

സ്വന്തം അധ്വാനഫലം കൈപ്പറ്റുന്നതിനുവേണ്ടി, മഴയത്തും വെയിലത്തും ബാങ്കിന്റേയും എ.റ്റി.എം. ബൂത്തിന്റേയും മുന്നില്‍ ക്യൂ നിന്ന് നരകിക്കുന്നവരെ, അതിര്‍ത്തിയിലെ പട്ടാളക്കാരന്റെ രാജ്യസ്‌നേഹ കഥ പറഞ്ഞ് എത്രനാള്‍ പറ്റിക്കാം? മറ്റു ചിലര്‍ ബിവറേജിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നതിനോട് താരതമ്യം ചെയ്തതും നാം കണ്ടു. ബിവറേജസിന്റെ മുന്നില്‍ കുടിക്കുന്നവര്‍ ക്യൂ നിന്നാല്‍ മതി. പക്ഷേ വീട്ടില്‍ അടുപ്പില്‍ തീ പുകയണമെങ്കില്‍ കുടിക്കുന്നവരും കുടുക്കാത്തവരും, സ്ത്രീകളും, മുതിര്‍ന്നവരും എല്ലാം വന്ന് ക്യൂ നില്‍ക്കണം. ഇതിനോടകം തൊണ്ണൂറിലധികം ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ചു. അവര്‍ക്കാര്‍ക്കും പട്ടാളക്കാരുടെ ആചാര വെടിയോ, ആശ്രിത ജോലിയോ ഒന്നും നല്‍കിയില്ല! ഷുഗര്‍ കുറഞ്ഞതാണ് മരണ കാരണമെന്ന് കഴിഞ്ഞ ദിവസം കുമ്മനം ചേട്ടന്‍ 'ഏഷ്യാനെറ്റില്‍' പറയുന്നതു കേട്ടു! അതിരാവിലെ ബാങ്കിലേക്ക് ഓടുമ്പോള്‍, കൈയില്‍ ഒരു പൊതിചോറ് എന്തുകൊണ്ട് കരുതിയില്ലാ എന്നാണ് കുമ്മനം ഉദ്ദേശിച്ചത്.

ശ്രീമന്‍ നരേന്ദ്രമോദി പണത്തിനായി ക്യൂ നിന്നതായി കേട്ടില്ല! ഒരു മന്ത്രിമാര്‍ക്കും പണത്തിനായി കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല! അംബാനിയും, അദാനിയും, 'പതഞ്ചലി' സ്വാമി ബാബ രാംദേവ് ഉള്‍പ്പെടെ ഒരു മുതലാളിയും പണത്തിനായി നെട്ടോട്ടമോടുന്നില്ല! കൂലി വേലക്കാരും, സാധാരണക്കാരുമാണ് ക്യൂ നിന്ന് പോലീസിന്റെ തല്ലു വാങ്ങി 'കള്ളപ്പണ രഹിത',  'കള്ള നോട്ടു രഹിത' ഭാരതം കെട്ടിപ്പടുക്കാന്‍ അധ്വാനിക്കുന്നത്!

നോട്ടുനിരോധനം കൊണ്ട് കള്ളപ്പണക്കാരും, കള്ളനോട്ടുകാരും ഇല്ലാതാകും എന്ന് പറഞ്ഞ് നമ്മടെ ദേശസ്‌നേഹത്തെ ഇക്കിളി കൊള്ളിച്ച പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരുടെ കൈയില്‍ നിന്നുമാണ് കോടിക്കണക്കിന് രൂപയുടെ പുതിയ രണ്ടായിരം നോട്ടുകള്‍ പിടിച്ചത്. മറ്റു പലയിടത്തും സമാന രീതിയില്‍ പുതിയ നോട്ടുകളുടെ കുമ്പാരങ്ങള്‍ തന്നെ പിടിച്ചെടുത്തിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു? ഒരു സാധാരണക്കാരന്, ആഴ്ചയില്‍ ഏറ്റം കൂടുതല്‍ 24,000 രൂപ മാത്രമേ 'റേഷനാ'യി തരുകയുള്ളൂ(അതിന്റെ പകുതിയെ പലപ്പോഴും കിട്ടാറുള്ളൂ). അപ്പോള്‍ എങ്ങനെയാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് കോടികള്‍ ശേഖരിച്ചത്? അപ്പോള്‍ നോട്ടു നിരോധിച്ചതു കൊണ്ട് കള്ളപ്പണക്കാരെ ഇല്ലാതാക്കാന്‍ കഴിയില്ല! അതിന് നമ്മുടെ വ്യവസ്ഥിതി മാറണം. അഴിമതിക്കുള്ള ശിക്ഷ കൂട്ടണം, അത് കര്‍ശനമായി നടപ്പിലാക്കുകയും വേണം.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. രണ്ടു വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ നൂഡില്‍സ് നിരോധിച്ചത് ഓര്‍ക്കുമല്ലോ? പെട്ടെന്ന് ഒരു ദിവസം നൂഡില്‍സില്‍ മായം. പിറ്റേദിവസം നിരോധനവും. ഒരാഴ്ച കഴിഞ്ഞപ്പോള്‍, അതുവരെ യോഗയും നടത്തി നടന്ന ബാബ രാംദേവ് ആട്ടകൊണ്ടുള്ള 'പതഞ്ചലി' നൂഡില്‍സ് ഇറക്കി. ഇന്ന് 'പതഞ്ചലി' ക്ക് ഇല്ലാത്ത ഉല്‍പന്നങ്ങല്‍ ഇല്ല. ഇന്‍ഡ്യയിലെ തന്നെ വലിയ കമ്പനിയായി. രാംദേവും, പതഞ്ചലിയും, ബി.ജെ.പി.യും, സംഘപരിവാറും ഒക്കെയുള്ള ബന്ധങ്ങള്‍ കൂട്ടിവായിക്കുക!!

നോട്ടു നിരോധനത്തെ തുടര്‍ന്ന്, പ്രധാനമന്ത്രി പറയുന്നത്, ഇന്‍ഡ്യ കറന്‍സി രഹിത, അതായത് ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് മാറണമെന്നാണ്, അംബാനി ഉള്‍പ്പെടെ പല കമ്പനികളും ഇപ്പോള്‍ ഇതൊരു പുതിയ സംരംഭമാക്കി മാറ്റുകയാണ്. കോടകളാണ് ഇത്തരം കമ്പനികളിലേക്ക് നോട്ടു നിരോധനത്തിന് ശേഷം ഒഴുകുന്നത്. ഇതിന്റെ പിന്നിലും ഒരു നൂഡില്‍സിന്റെ മണമില്ലേ?
എല്ലാവര്‍ക്കും നിര്‍ബന്ധമായും വിദ്യാഭ്യാസവും രണ്ടുനേരമെങ്കിലും ഭക്ഷണവും, കേറിക്കിടക്കാന്‍ ഒരു വീടും, ഒക്കെ നല്‍കിയിട്ടുപോരെ ക്രെഡിറ്റ് കാര്‍ഡും, ഡിജിറ്റലും ഒക്കെ?

നരേന്ദ്രമോദിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രധാനമന്ത്രി പദം ഏറ്റെടുത്തതിനുശേഷം ഇന്‍ഡ്യയില്‍ ജീവിച്ചതിലും കൂടുതല്‍ നാള്‍ കഴിഞ്ഞത് വിദേശരാജ്യങ്ങളിലാണ്. അവിടെല്ലാം ആള്‍ക്കാര്‍ കാര്‍ഡ് ഉരക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ടാം. ആ വിദേശ സംസര്‍ഗ ഗുണം ഇന്‍ഡ്യയിലേക്ക് പകര്‍ത്തിയെന്നു മാത്രം. ഇതുപോലെ പുതിയ പുതിയ 'ആപ്പ്' കള്‍ അദ്ദേഹത്തില്‍ നിന്ന് ഇന്‍ഡ്യക്കാര്‍ക്ക് ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.

ഷോളി കുമ്പിളുവേലി

ഈ (നോ)നെട്ടോട്ടം എന്നു തീരും(ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക