ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ ഇറ്റാലിയന്‍ നോവലിസ്റ്റ് ആല്‍ബര്‍ട്ടോ മൊറേവിയ(Alberto Morevia) ഒരിക്കല്‍ പറഞ്ഞു, സാഹിത്യം തനിക്കൊരു ഹോബിയാണെന്ന്. 'കാഥികന്റെ പണിപ്പുര' എന്ന തന്റെ പുസ്തകത്തില്‍ മലയാള നോവല്‍ സാഹിത്യത്തിലെ രാജശില്പി എം.ടി. വാസുദേവന്‍ നായര്‍ അതിനെ ഖണ്ഡിച്ചുകൊണ്ടു പറഞ്ഞു: സാഹിത്യം എനിക്കൊരു ഹോബിയല്ല, എനിക്കയ്‌ക്കൊരു ഹോബിയായി കാണാന്‍ കഴിയില്ല. എന്നും എനിയ്‌ക്കൊരു വേദനയായിരുന്നു; ആത്മാവിന്റെ ദാഹമായിരുന്നു, സ്വപ്‌നമായിരുന്നു. എഴുതുന്നത് എനിക്ക് ആനന്ദാന്വേഷണത്തിലെ ഒരു കണ്ടെത്തലാണ്. എഴുത്ത് ഒരു ദിവ്യബലിയാണെന്നാണ് കേരള സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ പെരുമ്പടം ശ്രീധരന്‍ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിക്കാഗോയില്‍ വച്ച് നടന്ന ലാന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചത്. എഴുത്ത് രക്തം വിയര്‍പ്പാക്കുന്ന മഹനീയമായൊരു പ്രക്രിയയാണ്. അതു വഴി വായനക്കാര്‍ക്ക് ലഭിയ്ക്കുന്നതോ മഹത്തായൊരു സര്‍ഗ്ഗശില്പവും.
ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മലയാള നോവല്‍ സാഹിത്യശാഖയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പരിണാമ ഗുപ്തിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ അപ്പപ്പോള്‍ എഴുത്തുകാര്‍ അനുഭവിച്ചിരുന്ന തീവ്രമായ ഈ വേദനയുടെ, ആത്മദാഹത്തിന്റെ, അനവധി അടയാളപ്പെടുത്തലുകള്‍ നമുക്ക് കണ്ടെത്തുവാന്‍ കഴിയും. മലയാള ഭാഷയിലിറങ്ങിയ ആദ്യനോവലായ അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യും(1887), ലക്ഷണമൊത്ത പ്രഥമ നോവലെന്ന ഖ്യാതി നേടിയ ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ'യും മുതലിങ്ങോട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെട്ട 'ആടുജീവിതവും' (ബെന്യാമിന്‍) സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖ'വും വരെയുള്ള പരശതം നോവലുകളില്‍ വ്യത്യസ്ഥ തോതുകളില്‍ നാമതനുഭവിക്കുന്നു. നമ്മുടെ നോവല്‍ ശാഖയുടെ വൈവിദ്ധ്യപൂര്‍ണ്ണവും കൗതുകകരവുമായ അവസ്ഥാന്തരമാണ് അത്ഭുതാദരവുകളോടെ നമുക്കതിലൊക്കെ ദര്‍ശിക്കാനാവുന്നത്.
ആഖ്യാനശൈലിയില്‍ വന്ന മാറ്റമാണ് ഏറ്റവും ശ്രദ്ധേയമായ പരിവര്‍ത്തനം. പ്രതിഭയുടെ വെള്ളിവെളിച്ചം വെളിപ്പെടുത്തുന്ന ഓരോ കാലഘട്ടത്തിലെയും, വിവിധ നോവലുകളിലൂടെ കണ്ണോടിച്ചാല്‍ ശൈലീമാറ്റത്തിന്റെ കാലഭേദങ്ങള്‍ പെട്ടെന്ന് തന്നെ നമുക്ക് കാണുവാന്‍ സാധിയ്ക്കും. ഓരോ കാലഘട്ടത്തെയും ഭാഷാശൈലി, സംഭവങ്ങളോടും വ്യക്തികളോടുമുള്ള വീഷണവ്യതിയാനങ്ങള്‍, അങ്ങനെ ഒട്ടേറെ രൂപപരിണാമങ്ങള്‍. 'ഇന്ദുലേഖ' യിലെ ആഖ്യാനരീതിയല്ല ഉറൂബിന്റെ 'സുന്ദരികളും സുന്ദരിന്മാരില്‍' നാം കാണുന്നത്. തകഴിയുടെ 'ചെമ്മീന്‍' ആനന്ദിന്റെ ആള്‍ക്കൂട്ടവുമായി താരതമ്യം ചെയ്യാവുന്നതേയല്ല. ദളിത് ജീവിതാനുഭവങ്ങളെ തീവ്രമായി ചിത്രാകരിച്ച സാറാ തോമസിന്റെ 'ദൈവമക്കള്‍', നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ പരക്കംപാച്ചിലിന്റെ കഥ പറയുന്ന സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കളു'മായി ആഖ്യാന രീതിയില്‍ ഒട്ടേറെ വ്യത്യാസത്തിലാണ്.
ഇവിടെ പക്ഷേ, ശ്രദ്ധേയമായ ഒന്നാണ് കാലാതീതമായ ചിലരുടെ എഴുത്തുരീതികള്‍. ഉദാഹരണത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എത്ര ദശാബ്ദങ്ങള്‍ കഴിഞ്ഞാലും ഒരേ ശൈലിയില്‍ തന്നെയാണ് എഴുതുക. ഇത്രമാത്രം ജനകീയനും ജനപ്രിയനുമായൊരു എഴുത്തുകാരന്‍ നമുക്കു വേറെ ഉണ്ടായിട്ടില്ലായെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. അദ്ദേഹം സൃഷ്ടിച്ച പരശതം കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ഒരേ രീതിയും ഛായയുമാണ്. 'പാത്തുമ്മായുടെ ആടാ'യാലും 'മതിലുകളാ'യാലും 'സ്ഥലത്തെ പ്രധാന ദിവ്യന്മാരായാടലും തഥൈവ. 'ജീവിതം യൗവതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിയ്ക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു'? എന്ന് 'പ്രേമലേഖനം' എന്ന കൊച്ചുനോവലില്‍ കേശവന്‍ നായര്‍ സാറാമ്മയോട് ചോദിയ്ക്കുന്ന രീതി ബഷീറിന് മാത്രം അവകാശപ്പെട്ടതാണ്. ഇന്ന് ജീവിച്ചിരുന്നാലും ബഷീര്‍ അങ്ങിനെ തന്നെയേ എഴുതുകയുള്ളൂ; അതാണ് ബഷീറിനെ വ്യത്യസ്ഥനാക്കുന്നതും.
എം.ടി. വാസുദേവന്‍നായരെന്ന മലയാള സാഹിത്യത്തിന്റെ കുലപതിയും ഏറെക്കുറെ ഈ ഗണത്തില്‍പ്പെടുത്താവുന്ന വ്യക്തിത്വമാണ്. അരനൂറ്റാണ്ടിനപ്പുറം അദ്ദേഹമെഴുതിയ 'നാലുകെട്ട്' ഇന്നദ്ദേഹം പുനസൃഷ്ടി നടത്തിയാലും അപ്പുണ്ണിയുടെ ആവിഷ്‌ക്കാരത്തില്‍ വലിയ മാറ്റം വരുത്തില്ല; കാലഭേദങ്ങളിലൂടെ എത്രമാത്രം കടന്നാലും 'കാല'ത്തിലെ സേതു, സുമിത്രയെ സ്‌നേഹിച്ച്, തങ്കമണിയെ പ്രണയിച്ച്, മുതലാളി പത്‌നിയെ ഭോഗിച്ച്, ഒടുവില്‍ ഒരു ഭീരുവിനെപ്പോലെ തകര്‍ന്ന തറവാട്ടില്‍ തിരികെയെത്തുമ്പോള്‍ സുമിത്ര അതുതന്നെ പറയും: 'സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ, സേതുനോട് മാത്രം!' അതാണ് എം.ടി.യെന്ന നോവലിസ്റ്റ്; എം.ടി.യുടെ രചനാരീതി!
പക്ഷേ മാധവിക്കുട്ടിയോ മലയാറ്റൂരോ മുകുന്ദനോ സക്കറിയയോ ആ ഗണത്തില്‍ പെടുത്താവുന്നവരല്ല, കാലഭേദങ്ങള്‍ക്കനുസരിച്ച് അവരുടെ നോവലുകളില്‍, മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നു; ആഖ്യാനരീതിയില്‍ അവര്‍ അവസ്ഥാന്തരങ്ങള്‍ അനുഭവപ്പെടുത്തിയിരുന്നു. എം.മുകുന്ദന്റെയും സക്കറിയയുടെയും പണ്ടത്തെയും സമീപകാലത്തെയും കൃതികളില്‍ നമുക്കീ വ്യത്യസ്ഥത വ്യക്തമായി കാണുവാന്‍ സാധിക്കും. സി.രാധാകൃഷ്ണനും ഓ.വി.വിജയനും ഇതിന്റെ കൃത്യമായ മറ്റ് രണ്ട് ദൃഷ്ടാന്തങ്ങളാണ്. 'പിന്‍നിലാവ്' എഴുതിയ പേന കൊണ്ട് 'തീക്കടല്‍ കടന്ന് തിരുമധുര' ത്തിലെത്തുമ്പോള്‍ സി.രാധാകൃഷ്ണന്‍ രചനയിലെ തന്റെ പുതിയ ശൈലി അടയാളപ്പെടുത്തകയാണ്. അറുപതുകളില്‍ 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ നാം കണ്ട നോവലിസ്റ്റല്ല തന്റെ അവസാന നോവലായ 'തലമുറകളില്‍' നാം കാണുന്ന ഓ.വി.വിജയന്‍. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലയാളനോവല്‍ സാഹിത്യശാഖ എത്തിനില്‍ക്കുന്നത് പരിണാമഗുപ്തിയുടെ പുതിയൊരു ഘട്ടത്തിലാണ്; ഇവരുടെയെല്ലാം കയ്യൊപ്പുകള്‍ പതിഞ്ഞ രചനാമാറ്റത്തിലാണ്.
പ്രമേയത്തിന്റെ വൈവിദ്ധ്യവല്‍ക്കരണമാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സവിശേഷത. എം.ടി.യുടെ വാക്കുകള്‍ കടമെടുത്താല്‍, പണ്ട്, അക്കാലത്ത് പ്രചാരത്തിലിരുന്ന എല്ലാ സ്ത്രീനാമങ്ങളും പേരുകളായി വഹിച്ചുകൊണ്ട് ഒരുപാട് നോവലുകള്‍ പുറത്തിറങ്ങി. അടുക്കളത്തളത്തിലും വടക്കെ കെട്ടുകളിലും അലസമായി ദിവാസ്വപ്‌നങ്ങള്‍ കണ്ട് കഴിഞ്ഞിരുന്ന പെണ്‍കിടാങ്ങള്‍ക്ക് ഇഷ്ടകാമുകനെന്ന ഒരു മുഗ്ദ്ധസങ്കല്പം നല്‍കുവാന്‍ മാത്രമേ അവയക്ക് കഴിഞ്ഞിട്ടുള്ളൂ.' ഇന്ന്, ഈ നൂറ്റാണ്ടിന്റെ രണ്ടാംപാദം കഴിയുമ്പോഴേയ്ക്കും എത്രമാത്രം വൈവിദ്ധ്യവല്‍ക്കരണമാണ് നോവലുകളുടെ പ്രമേയത്തില്‍ വന്നിട്ടുള്ളതെന്ന് നോക്കുക. കേരളമെന്ന കൊച്ചു ഭൂപ്രദേശം വിട്ട് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തെ സംഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും വരെ പ്രമേയമാക്കി പുതിയ നോവലുകള്‍ സൃഷ്ടിക്കപ്പെടുന്നു; അവയ്‌ക്കൊക്കെ ധാരാളം വായനക്കാരുമുണ്ടാവുന്നു.
നായകനും നായികയും തമ്മിലുള്ള അനുരാഗവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ഇന്ന് നോവലുകളിലെ ചെറിയൊരു കഥാബീജം മാത്രമാവുന്നു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന കഥയും കഥാഗതിയും പരീക്ഷിയ്ക്കുവാന്‍ മിയ്ക്കവാറും എല്ലാ നോവലിസ്റ്റുകളും തയ്യാറാവുന്നുണ്ട്. ഏതാണ്ട് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരുപാട് നിഗൂഢതകളുടെ മൂടുപടമണിഞ്ഞ ദേവിയെന്ന ഗ്രാമീണനായികയുടെ കഥപറഞ്ഞ പാണ്ഡവപുരം' രചിച്ച സേതു, പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് 'അടയാളങ്ങള്‍' എന്ന നോവലിലെത്തിയപ്പോള്‍ പ്രിയംവദയെന്ന ശക്തയായ നായികയിലൂടെ കോര്‍പ്പറേറ്റ് ലോകത്തിന്റെ മുഖംമൂടികള്‍ അനാവരണം ചെയ്തു. എഴുപതുകളില്‍ ദാസന്റെയും ചന്ദ്രികയുടെയും പ്രണയവഴികളിലൂടെ വായനക്കാരെ കാല്‍പനികതയുടെ സുന്ദരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെയോ, ഏകാകിയും നിസ്സംഗനുമായ അല്‍ഫോണ്‍സച്ചന്റെ ദുഃഖകഥപറഞ്ഞ 'ദൈവത്തിന്റെ വികൃതികളിലെ'യോ കഥപറച്ചിലായിരുന്നില്ല രണ്ടായിരത്തിയെട്ടിലെത്തിയപ്പോള്‍ 'പ്രവാസ' മെന്ന നോവലിലൂടെ എം.മുകുന്ദന്‍ ചെയ്തത് എന്നതും എടുത്തു പറയേണ്ട മറ്റൊരു ഉദാഹരണമാണ്.
പുസ്തകങ്ങളുടെ വലിപ്പത്തില്‍ വന്ന വ്യതിയാനങ്ങളും ശ്രദ്ധേയമായ പ്രത്യേകതയാണെന്നതില്‍ തകര്‍ക്കമില്ല. നാലു വാള്യങ്ങളിലായി ഏതാണ്ട് നാലായിരം പേജുകളില്‍ പൂര്‍ത്തിയാക്കിയ വിലാസിനിയുടെ(എം.കെ.മേനോന്‍) 'അവകാശികള്‍' പോലൊരു നോവല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലയാളത്തിലെന്നല്ല ഒരു ഭാഷയിലും ഇറങ്ങില്ല, ഇറങ്ങിയാല്‍ തന്നെ വായിക്കുവാന്‍ ആളുണ്ടാവില്ല. ഇന്ന് ആശയസമ്പുഷ്ടവും കാച്ചിക്കുറുക്കിയതുമായ കൊച്ചുനോവലുകള്‍ക്കാണ് വായനക്കാര്‍ ഏറെയുള്ളതെന്ന് പ്രസാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുവെ ജീവിതത്തിന് വന്ന വേഗതയും ജീവിതരീതിയിലെ മാറ്റങ്ങളും വായനയുടെ ലോകത്തും ദൃശ്യമായിക്കഴിഞ്ഞു. ശരാശരി മുന്നൂറ് പേജിലൊതുങ്ങുന്ന ഇടത്തരം വലുപ്പത്തിലുള്ള നോവലുകളാണ് ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രിയം, ഒറ്റപ്പെട്ട ചില അപവാദങ്ങളുണ്ടെങ്കിലും. ജീവിത മൂല്യങ്ങളുടെ കൊട്ടിഘോഷിയ്ക്കലോ, മഹത്തായൊരു സന്ദേശം കൈമാറലോ ചെയ്യുന്നവയല്ല ഇന്നത്തെ നോവലുകളൊന്നും തന്നെ. മസ്തിഷ്‌കപ്രക്ഷാളനത്തേക്കാള്‍ മനഃസംതൃപ്തി നല്‍കുന്ന ഇഷ്ടപ്രസ്ഥാനങ്ങള്‍ മാത്രമായി വായനക്കാര്‍ അവയെ കാണുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിയ്ക്കണം നോവലുകളെന്നാണ് എം.ടി. അഭിപ്രായപ്പെടുന്നത്. മറ്റ് സാഹിത്യരൂപങ്ങളേക്കാള്‍ വളരെ വിസ്തൃതമായ ക്യാന്‍വാസിന്റെ ഉത്തരവാദിത്വം നോവലിസ്റ്റ് വഹിയ്ക്കുന്നു. ഇവിടെ പക്ഷേ, എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്. ഒരു ചെറിയ പ്രമേയത്തെ വിസ്തരിച്ച് പ്രതിപാദിയ്ക്കുന്ന ചെറുകഥ പലപ്പോഴും ഒരു നോവലിന്റെ വിശാലതയിലേയ്ക്ക് വളര്‍ന്നുപോകുന്നു. എം.ടി.യുടെ 'ഇരുളിന്റെ ആത്മാവും' 'കുട്ട്യേടത്തി' യും മികച്ച രണ്ടുദാഹരണങ്ങളാണ്. മലയാള ചെറുകഥയുടെ ചക്രവര്‍ത്തിയെന്ന് വിളിയ്ക്കാവുന്ന, കഥകള്‍ മാത്രമെഴുതുന്ന, ടി. പത്മനാഭന്റെ 'ഗൗരി' മറ്റൊരു ദൃഷ്ടാന്തമായി ചൂണ്ടിക്കാണിയ്ക്കാം. ഉണ്ണി. ആര്‍. എഴുതിയ 'ലീല' പുതിയ കാലഘട്ടത്തിലെ മറ്റൊരു ഉദാഹരണമാണ്. മേല്‍പ്പറഞ്ഞ മിയ്ക്ക കഥകളും സിനിമകള്‍ക്ക് പ്രമേയമാവുകയും ചെയ്തു.
അവസാനമായി, സങ്കേതകങ്ങളില്‍ വന്ന മാറ്റം സമീപകാലത്തെ സുപ്രധാനമായ സംഭവവികാസമാണ്. ഗൂഗോളോവല്‍ക്കരണത്തിന്റെ മേന്മകളും സാദ്ധ്യതകളും ഇന്നത്തെ എഴുത്തിന് ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. വിരല്‍ത്തുമ്പില്‍ വിജ്ഞാനത്തിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നുകിടക്കുമ്പോള്‍ ഭൗമാതിര്‍ത്തികള്‍ ഒരു പരിമിതിയേ അല്ലാതാവുന്നു. ഭാവനയുടെ ഉദ്ദീപനവും അനുഭവങ്ങളും അയവിറക്കലും സമം ചേര്‍ത്ത് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ, മിഠായിത്തെരുവിന്റെ കഥ പറയുന്ന ലാഘവത്തോടെ എസ്.കെ. പൊറ്റക്കാടിന് ഇന്ന് വേണമെങ്കില്‍ കാപ്പിരികളുടെ നാടിന്റെ കഥ പറയാന്‍ പറ്റും. 'ആരാച്ചാര്‍' പൂര്‍ത്തിയാക്കുവാന്‍ കെ.ആര്‍.മീരയ്ക്ക് കല്‍ക്കട്ടയില്‍ മാസങ്ങള്‍ ചിലവഴിയ്‌ക്കേണ്ടി വന്നുവെങ്കില്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു കുഞ്ഞന്‍ ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ മുഖ്യമായും നടക്കുന്ന സംഭവവികാസങ്ങള്‍ അതിന്റെ എല്ലാ നാടകീയതയോടും കൂടി ചിത്രീകരിയ്ക്കുവാന്‍ 'മഞ്ഞവെയില്‍ മരണങ്ങള്‍' എഴുതിയ ബെന്യാമിന് അവിടെ ഒരിയ്ക്കല്‍ പോലും പോവേണ്ടി വന്നിട്ടില്ല.
ഇന്ന് രചിയ്ക്കപ്പെടുന്ന പല ചരിത്രനോവലുകളും ഇത്തരം ആധുനിക സങ്കേതങ്ങളുടെ ഗുണമേന്മ പേറുന്നവയാണ്. ഇതിഹാസകൃതികളും അങ്ങിനെ തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ എഴുതപ്പെട്ട സി.വി.രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ്മ' എന്ന ചരിത്രനോവലിന് അത്തരം അനുകൂലഘടങ്ങളൊന്നുമില്ലായിരുന്നു. 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന ഇതിഹാസനോവലിലൂടെ കര്‍ണ്ണന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുവാന്‍ പി.കെ.ബാലകൃഷ്ണനും പുരാണ ഗ്രന്ഥങ്ങളെ ആശ്രയിയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. മലയാളത്തിലെ ഏക്കാലത്തെയും മികച്ച ഇതിഹാസനോവലായ 'രണ്ടാമൂഴം' രണ്ടാമതൊന്ന് പുനസൃഷ്ടിയ്ക്കുകയാണെങ്കില്‍ എം.ടി.യ്ക്ക് പക്ഷേ, ഇന്ന് ഒരുപാട് നൂതന സഹായികളുണ്ടാവും; എഴുത്തിന്റെ ശൈലി നിലനിര്‍ത്തിത്തന്നെ പുതിയ സങ്കേതങ്ങളുടെ പിന്‍ബലത്തില്‍ അദ്ദേഹത്തിനത് കൂടുതല്‍ ഉല്‍കൃഷ്ടമാക്കുവാനും സാധിയ്ക്കും. സൗന്ദര്യത്തിന് പരിധി എന്നൊന്നില്ലല്ലോ!
കാലം മാറുകയാണ്, എഴുത്തും. ശരിയ്ക്കും പറഞ്ഞാല്‍ എഴുത്തുകാരേക്കാള്‍ വേഗത്തില്‍ വായനക്കാരാണ് മാറുന്നത്, അവരുടെ അഭിരുചികളും. മാത്യു മറ്റത്തിന്റെയും മുട്ടത്തുവര്‍ക്കിയുടെയും വായനക്കാര്‍ ഇന്ന് കൂട്ടത്തോടെ ചാനലുകളിലെ നാലാംകിട സീരിയലുകളിലേയ്ക്ക് കൂടുമാറുമ്പോള്‍, ഗൗരവ വായന ഇഷ്ടപ്പെടുന്നവര്‍ ഇന്ന് പുതിയ കാലത്തില്‍ ലഭ്യമാവുന്ന വമ്പന്‍ സാഹിത്യവിഭവങ്ങളുടെ സാദ്ധ്യതകള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്നു. എങ്കിലും കാലത്തെ അതിജീവിയ്ക്കുന്ന എണ്ണം പറഞ്ഞ നോവലുകള്‍ ഇപ്പോള്‍ അപൂര്‍വ്വമായേ സൃഷ്ടിയ്ക്കപ്പെടുന്നുള്ളൂ എന്നു കൂടി പറയേണ്ടിയിരിയ്ക്കുന്നു. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാവാന്‍ ശ്രമിയ്ക്കുമ്പോള്‍ എഴുത്തിനെ ഗൗരവമായി കാണുന്നവരുടെ എണ്ണം കുറഞ്ഞുപോകുന്നതില്‍ തെല്ലും അല്‍ഭുതപ്പെടേണ്ടതില്ലല്ലോ.