Image

ക്‌നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)

Published on 11 March, 2018
ക്‌നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)
ക്‌നായി  തൊമ്മന്‍ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ, കേരളത്തില്‍ വന്നുവെന്നോ, അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. പരിശുരാമന്‍ കേരളക്കര സൃഷ്ടിച്ചതുപോലെ, സെന്റ് തോമസ് കേരളത്തില്‍ ഏഴര കുരിശ് സ്ഥാപിച്ചപോലെ, ക്‌നാനായ കഥകളും ചരിത്രമായി ക്‌നാനായ ജനത കൊണ്ടാടുന്നു. അദ്ദേഹം ഏതു രാജ്യത്തു നിന്ന് വന്നുവെന്നുള്ള ചരിത്രത്തെപ്പറ്റിയും പൊതുവായ ഒരു ധാരണയില്ല. ഒരു ബിഷപ്പായിരുന്നുവെന്ന് ചരിത്രമുണ്ട്. അതല്ല ഒരു കച്ചവടക്കാരനായിരുന്നുവെന്നും വിശ്വസിക്കുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ പാക്കപ്പലില്‍ കേരളത്തില്‍ വന്നു താമസമാക്കിയെന്നു പറയുന്നു. എന്നാല്‍ ഭൂരിഭാഗം പേരും നാലാം നൂറ്റാണ്ടില്‍ വന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രത്തെക്കാളുപരി അനുമാനങ്ങളെ അടിസ്ഥാനമാക്കി ക്‌നായി തൊമ്മന്റെ കഥകള്‍ ഐതിഹ്യമാലകളാല്‍ കോര്‍ത്തിണക്കിയിരിക്കുന്നതും സ്പഷ്ടമാണ്.

1980 മുതലാണ് തെക്കുംഭാഗരെ ക്‌നാനായക്കാരെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് തെക്കുംഭാഗരെന്നതിനേക്കാള്‍ കൂടുതലായും ഈ സമൂഹത്തെ അറിയപ്പെടുന്നത് ക്‌നാനായക്കാരെന്നാണ്. 1939-ല്‍ തിരുകൊച്ചി നിയമസഭാ സാമാജികനായിരുന്ന ശ്രീ ജോസഫ് ചാഴികാടന്‍ ക്‌നാനായക്കാരുടെ ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കി 'തെക്കുംഭാഗം സമുദായ ചരിത്രം' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് തര്‍ജിമയുമുണ്ട്. അതില്‍ ചരിത്രത്തോടൊപ്പം അവരുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിവരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനുമുമ്പ് തെക്കുംഭാഗരെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നതായ രേഖകളൊന്നും ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ല. ഒരു പക്ഷെ തെക്കുംഭാഗര്‍ എന്നതിന് പകരം മറ്റേതെങ്കിലും നാമത്തില്‍ അവരെ അറിയപ്പെട്ടിരിക്കാം.

പൊതുവെ ക്‌നാനായക്കാര്‍ സല്‍ക്കാര പ്രിയരാണ്. യഹൂദര്‍ക്ക് നിഷിദ്ധമായ കള്ളും പന്നിയിറച്ചിയും അവരുടെ പ്രിയമുള്ള പാനീയവും ആഹാരവുമാണ്. കാഴ്ചയില്‍ 'തെക്കും ഭാഗര്‍' തനി കേരളീയരെപ്പോലെ തന്നെ. ഒരു യഹൂദനെപ്പോലെയോ മിഡിലീസ്റ്റ് രാജ്യക്കാരെപ്പോലെയോ ശരീരഘടന ആര്‍ക്കും തന്നെയില്ല. യഹൂദ ജനം കുടിയേറുന്ന പ്രദേശങ്ങളില്‍ അവരുടെ ഭാഷയായ ഹീബ്രുവും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഹീബ്രു അറിയാവുന്ന ക്‌നാനായക്കാര്‍ ആരും തന്നെയില്ല. ചിലര്‍ പൈതൃകം തേടി അടുത്ത കാലത്ത് ഹീബ്രു പഠനം ആരംഭിച്ചിട്ടുമുണ്ട്.

ക്‌നാനായക്കാരെ സ്വവംശ വര്‍ഗ്ഗമെന്നും അറിയപ്പെടുന്നു. ഇന്ത്യയിലും വിവിധ ഭാഗങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷം ക്‌നാനായക്കാരുണ്ടെന്നു കണക്കാക്കുന്നു. തെക്കുംഭാഗരെന്നും വടക്കും ഭാഗരെന്നും രണ്ടുതരം ക്രിസ്ത്യാനികള്‍ ഉണ്ടായെതെങ്ങനെയെന്ന് അറിയില്ല! ക്‌നാനായ ചരിത്രം ആറായിരം വര്‍ഷങ്ങള്‍ക്കപ്പുറമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ യഹൂദ ജനങ്ങളുടെ ചരിത്രംവരെ എത്തിക്കുന്നുണ്ട്. ഇത്തരം പൊള്ളയായ വാദങ്ങള്‍ ഭൂരിഭാഗം ക്‌നാനായ ജനതയും വിശ്വസിക്കുന്നു. മിക്ക പുരോഹിതരുടെയും പ്രഭാഷണങ്ങളില്‍ ക്‌നാനായ മൂലചരിത്രം ആരംഭിക്കുന്നത് ദാവീദിന്റെ വംശാവലിയില്‍ നിന്ന് കേള്‍ക്കാം!

യൂറോപ്യന്മാര്‍ ഇന്ത്യയില്‍ കോളനികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയ കാലങ്ങള്‍ മുതലാണ്, ക്‌നാനായക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഇവര്‍ കേരള സമൂഹത്തില്‍ ഒരു പ്രധാന വിഭാഗമായി അറിയപ്പെടാന്‍ തുടങ്ങി. ക്‌നാനായക്കാരില്‍ അനേകമാളുകള്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അമേരിക്കയിലും കുടിയേറിയിരിക്കുന്നു. അവിടെയെല്ലാം അവരുടെ പള്ളികളും സമൂഹവും ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഷിക്കാഗോയിലാണ് കൂടുതലായും അവരുടെ ജനം കുടിയേറിയിരിക്കുന്നത്.

ക്‌നാനായക്കാരെ ചാരം കെട്ടികളെന്നു വിളിക്കുന്ന പതിവുണ്ട്. അത് ക്‌നാനായക്കാരെ മാത്രമല്ല, ജൂതന്മാരെയും 
ചാരം കെട്ടികളെന്ന് വിളിക്കാറുണ്ട്. എ.ഡി. എഴുപതില്‍ ജെറുസേലം ദേവാലയം തകര്‍ക്കപ്പെട്ടു. അന്ന് അവിടെനിന്നും ജൂതന്‍മാര്‍ പലായനം ചെയ്തപ്പോള്‍ അന്നത്തെ കത്തിയ ദേവാലയത്തിന്റെ ചാരം കിഴിയായി കെട്ടിക്കൊണ്ടായിരുന്നു അവര്‍ പോയത്. പില്‍ക്കാലത്ത് ഓരോ യഹൂദനും മരിക്കുമ്പോള്‍ ശവമഞ്ചത്തിനുമേലെ ഈ ചാരത്തിന്റെ അവശിഷ്ടം നിക്ഷേപിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യഹൂദ പാരമ്പര്യത്തില്‍ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നതുകൊണ്ട് യഹൂദരെയും ചാരം കെട്ടികളെന്നു വിളിച്ചിരുന്നതായും ക്‌നാനായ ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പോര്‍ട്ടുഗീസുകാര്‍ വന്നപ്പോള്‍ കൊച്ചിയിലെ പല ജൂതപ്പള്ളികളും അവര്‍ കത്തിച്ചു കളഞ്ഞു. ആ കത്തിച്ചു കളഞ്ഞ ചാരവുമായിട്ടായിരുന്നു തെക്കുംഭാഗര്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറി താമസിക്കാന്‍ തുടങ്ങിയത്. അങ്ങനെ ക്‌നാനായക്കാര്‍ക്കും ആ പേര് വന്നുചേരുകയും ചെയ്തു. ക്‌നാനായക്കാര്‍ എഡേസായില്‍നിന്നു പുറപ്പെട്ടപ്പോള്‍ അവരുടെ ഭവനങ്ങളും കത്തിച്ച ശേഷം ചാരക്കിഴിയുമായി വന്നുവെന്നും ചരിത്രമുണ്ട്.

നാലാം നൂറ്റാണ്ടില്‍ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും കൊടുങ്ങല്ലൂരിന്റെ തെക്കേ ഭാഗത്ത് താമസിച്ചിരുന്നു. ഇന്നും മലബാറി ജൂതന്മാരെ തെക്കുംഭാഗരെന്നും എറണാകുളത്തുള്ള ജൂതപ്പള്ളികളെ തെക്കുഭാഗം പള്ളികളെന്നും അറിയപ്പെടുന്നു. മണിഗ്രാമം എന്ന സ്ഥലം ചേരമാന്‍ പെരുമാള്‍ ക്‌നായി  തൊമ്മനും അനുയായികള്‍ക്കും നല്‍കിയിരുന്നതായും പറയപ്പെടുന്നു. കൂടാതെ 72 രാജ പദവികളും നല്‍കിയിരുന്നു. ക്‌നാനായക്കാരുടെ വിവാഹം സംബന്ധിച്ച ചടങ്ങുകളും രാജപദവികളില്‍ വിവരിച്ചിട്ടുണ്ട്. അവരുടെ താലിക്കുപോലും പ്രത്യേകതയുണ്ട്. കുമ്പളത്താലിയാണ് ഉപയോഗിക്കുന്നത്. ഇരുപത്തൊന്നു സുവര്‍ണ്ണ വരകളുള്ള ഈ താലി വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലെത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. താലിയുമായി വരുമ്പോള്‍ വരന്റെ വീട്ടുകാര്‍ വധുവിന് എന്തൊക്കെ കൊടുക്കണമെന്ന വിവരങ്ങള്‍ രാജപദവികളില്‍ പറഞ്ഞിട്ടുണ്ട്. പതിനേഴു ജാതികളുടെ മേലെയുള്ള അധികാരവും ചേരമാന്‍ പെരുമാള്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. നടവിളി, ചന്ദം ചാര്‍ത്തല്‍ അനുഷ്ഠിക്കല്‍, ഇതെല്ലാം 72 പദവികളില്‍പ്പെട്ട ജൂത പാരമ്പര്യങ്ങളായി കണക്കാക്കുന്നു. തരിസാപ്പള്ളി ചെപ്പേട്, മണിഗ്രാമം ചെപ്പേട് എന്നിവകളില്‍ പദവികള്‍ കൊടുത്തതായി പറഞ്ഞിട്ടുണ്ട്. കാലാ കാലങ്ങളില്‍ വന്ന ചേരമാന്‍ പെരുമാള്‍മാര്‍ ക്‌നാനായക്കാര്‍ക്ക് കൊടുത്ത ഈ പദവികള്‍ പുതുക്കി കൊടുത്തതായും അവരുടെ ചരിത്രത്തിലുണ്ട്.

ക്‌നാനായക്കാര്‍ മഹത്തായ രാജകീയ പിന്തുടര്‍ച്ചക്കാരെന്നുള്ളതാണ് മറ്റൊരു ചരിത്രം. ഉദയംപേരൂര്‍ കേന്ദ്രമായി വല്ല്യാര്‍ വട്ടം എന്ന സ്ഥലത്ത് ക്രിസ്ത്യാനികളായ തോമ്മാ രാജാക്കന്മാര്‍ ഭരിച്ചിരുന്നുവെന്നും ക്‌നാനായക്കാര്‍ വിശ്വസിക്കുന്നു. ക്‌നാനായ ജനത ഭാരതത്തിലെ ആദ്യത്തെ െ്രെകസ്തവ രാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരായും 'യൂട്യൂബില്‍' വരുന്ന ചില പ്രഭാഷണങ്ങളില്‍ ശ്രവിക്കാം. പോര്‍ട്ടുഗീസുകാര്‍ കേട്ടിരുന്നത് കേരളത്തിലെ അക്കാലത്തെ ജനതകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളെന്നായിരുന്നു. ക്‌നായി തൊമ്മന്റെ പിന്തുടര്‍ച്ചക്കാര്‍ തോമ്മാ രാജാക്കന്മാരുടെ അനുയായികളെന്നായിരുന്നു കേട്ടിരുന്നത്. ക്ഷേത്രങ്ങള്‍ മാതാവിന്റെ നാമത്തിലുള്ള പള്ളികളെന്നു വാസ്‌കോഡിഗാമ തെറ്റി ധരിച്ചു. റോമ്മാ പോപ്പ് പലതവണ തോമ്മാ രാജാക്കന്മാര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അങ്ങനെ രാജാക്കന്മാരുടെ പാരമ്പര്യം, ആറായിരം വര്‍ഷം പഴക്കമുള്ള യഹൂദ പാരമ്പര്യം, ദാവീദ് രാജാവിന്റെയും തോമ്മാ രാജാക്കന്മാരുടെയും പിന്തുടര്‍ച്ച, രാജകീയ അവകാശങ്ങള്‍, ചേരമാന്‍ പെരുമാളിന്റെ വാത്സല്യം എന്നിവകള്‍ ഭൂതകാലത്തിന്റെ സ്മരണകളായി ക്‌നാനായ സമുദായം കൊണ്ടാടുന്നു. ആത്മീയതക്കുപരിയായി പാരമ്പര്യത്തിനും പൈതൃകത്തിനും പ്രാധാന്യം അവര്‍ കല്‍പ്പിക്കുന്നു.

സാംസ്കാരികമായി ക്‌നാനായ്ക്കാര്‍ക്ക് തനതായ നാടോടി പാട്ടുകളുണ്ട്. കലാ സാംസ്ക്കാരിക മൂല്യങ്ങളുമുണ്ട്. കല്യാണാഘോഷങ്ങളിലും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളിലും മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നും ക്‌നാനായക്കാര്‍ വ്യത്യസ്തത പുലര്‍ത്തുന്നതും കാണാം. നൂറ്റാണ്ടുകളായി അവര്‍ തനതായ ആചാരങ്ങള്‍ കൊണ്ടാടുന്നു. ക്‌നാനായക്കാരുടെയിടയിലുള്ള പാട്ടുകള്‍ കൊച്ചിയിലെ യഹൂദ പാട്ടുകളുമായി സാമ്യമുണ്ടെന്ന് അവരുടെ എഴുതപ്പെട്ട കൃതികളില്‍ കാണുന്നു. മാര്‍ഗം കളി ഡാന്‍സ്, പെസഹാ, എന്നീ ആചാരങ്ങള്‍ പടിഞ്ഞാറും കിഴക്കുമുള്ള സുറിയാനി പാരമ്പര്യത്തില്‍ നിന്നുമുള്ളതാണ്. അത് തെക്കന്‍ ക്രിസ്ത്യാനികളും വടക്കന്‍ ക്രിസ്ത്യാനികളും ഒരുപോലെ ആഘോഷിക്കുന്നു.

കോട്ടയം അടുത്തുളള ചിങ്ങവനത്തില്‍ 1910-ല്‍ യാക്കോബായ ക്‌നാനായ രൂപത സ്ഥാപിച്ചു. ക്‌നാനായ സമുദായത്തിന് തനതായ കോട്ടയം വികാരിയത്തു നേടിയെടുക്കാന്‍ മാര്‍ മാത്യു മാക്കിലും മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലുമൊന്നിച്ച് 1911 മെയ് ഇരുപത്തിയഞ്ചാം തിയതി റോമില്‍ പത്താം പിയൂസ് മാര്‍പ്പാപ്പായെ നേരില്‍ കാണുകയുണ്ടായി. ഇവരുടെ ശ്രമഫലമായി 1911 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി തെക്കുംഭാഗര്‍ക്ക് തനതായ വികാരിയത്തു സ്ഥാപിച്ചുകൊണ്ടുള്ള കല്‍പ്പന റോമില്‍നിന്നും ലഭിച്ചു. മാര്‍ മാക്കില്‍, രൂപതയുടെ ആദ്യത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മരണശേഷം അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ കോട്ടയം രൂപതയുടെ മെത്രാനായി.  കോട്ടയം കേന്ദ്രമായി 1923-ല്‍ ക്‌നാനായ രൂപതയും സ്ഥാപിതമായി. 2005-ല്‍ അത് അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ മാത്രമേ വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള വേറിട്ട രണ്ടായ ക്രിസ്തീയ ചരിത്രം അറിവിലുള്ളൂ. പോര്‍ട്ടുഗീസ് ചരിത്രങ്ങളില്‍ ക്‌നായി 
തൊമ്മന്‍   വരുന്നതിനു മുമ്പ് കേരളത്തില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നുവെന്ന് മാത്രമേ കുറിച്ചിട്ടുള്ളൂ. പോര്‍ട്ടുഗീസുകാര്‍ വന്നതില്‍ പിന്നീടാണ് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടായി തിരിയാന്‍ കാരണമായത്. കാലക്രമേണ വ്യത്യസ്ത പള്ളികള്‍ ഇരുകൂട്ടരും പണിയാനും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കുംഭാഗരും വടക്കും ഭാഗരുമായി സാമൂഹികാചാരങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ 1910ല്‍ യാക്കോബാ
  മലങ്കര ഓര്‍ത്തോഡോക്‌സ് സമുദായത്തില്‍ ക്‌നാനായ സമുദായത്തിനു മാത്രമായി രൂപത വന്നപ്പോള്‍ യഹൂദ ആചാരങ്ങളില്‍ പലതും അവര്‍ പകര്‍ത്താനാരംഭിച്ചു. തെക്കുംഭാഗരും വടക്കുംഭാഗരും രണ്ടായി തിരിയാനുള്ള ചരിത്രത്തിന്റെ വഴിത്തിരിവിനും അത് കാരണമായി. 1911ല്‍ സുറിയാനി കത്തോലിക്കരുടെയിടയില്‍ കോട്ടയം രൂപതയുടെ സ്ഥാപകനായ മാക്കില്‍ മെത്രാന്റെ നേതൃത്വത്തില്‍ ആ ചേരി തിരിവ് ശക്തമാക്കി.

തെക്കും ഭാഗ ജനതയുടെ ആരംഭം യഹൂദ ക്രിസ്ത്യാനികളെന്നു ചരിത്ര രേഖകളില്ല. അതേ സമയം പതിനാറാം നൂറ്റാണ്ടിലെ പോര്‍ട്ടുഗീസ് ഡോക്യൂമെന്റുകളില്‍ ബിഷപ്പ് തോമസോ അല്ലെങ്കില്‍ കച്ചവടക്കാരന്‍ തോമസോ അനേകരെ ക്രിസ്ത്യാനികളായി മലബാറില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചരിത്രമനുസരിച്ച് ചേരമാന്‍ പെരുമാളിന്റെ ചരിത്രം തുടങ്ങുന്നത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ്. നാലാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാളിന്റെ ചരിത്രവും ക്‌നായി തൊമ്മന്റെ ചരിത്രവുമായി യോജിപ്പിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. കോപ്പര്‍ പ്ലേറ്റുകളില്‍ ഓരോ കാലത്ത് പല വിധ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നുള്ളതും ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്.

വടക്കന്‍ ക്രിസ്ത്യാനികള്‍ തോമ്മാ ശ്ലീഹായുടെ കാലത്ത് മത പരിവര്‍ത്തനം ചെയ്തവരെന്നു വിശ്വസിക്കുന്നു. തെക്കന്‍ ക്രിസ്ത്യാനികള്‍ ഒരു മിഷ്യനറിയും കച്ചവടക്കാരനുമായ ക്‌നാനായ തൊമ്മന്റെ ഒപ്പം വന്ന കുടിയേറ്റക്കാരുടെ അനുയായികളെന്നും കരുതുന്നു. നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ക്‌നാനായ തൊമ്മന്‍ എഴുപത്തി രണ്ടു കുടുംബങ്ങളുമായി വന്നുവെന്നാണ് ക്‌നാനായക്കാരുടെ നാടന്‍ പാട്ടുകളില്‍ വ്യക്തമാക്കുന്നത്. ക്‌നാനായ തൊമ്മനെപ്പറ്റി നിരവധി കഥകള്‍ നെയ്‌തെടുത്തിട്ടുണ്ട്. സത്യമാണോ സത്യമല്ലെന്നോ അറിഞ്ഞുകൂടാ. പലതും നാടോടി പാട്ടുകളില്‍ക്കൂടി ഐതിഹ്യങ്ങളായി നെയ്‌തെടുത്തതാണ്. ക്‌നാനായ നാടോടി കഥ ആദ്യം എഴുതിയുണ്ടാക്കിയത് 1700ല്‍ സിറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ്പായിരുന്ന മാര്‍ ഗാവ്രില്‍ എന്ന് കരുതപ്പെടുന്നു.

1518-ലെ ഒരു പോര്‍ട്ടുഗീസ് ഡയറിയില്‍ ക്‌നാനായ തോമ്മായെപ്പറ്റി പെണ്‍ടീടോ എന്നയാള്‍ ഏതാനും വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള തോമസ് ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നു. ക്രിസ്തു ശിക്ഷ്യനായ തോമ്മാശ്ലീഹാ വന്നതിനു ശേഷം വൃദ്ധനായ ഒരു അര്‍മേനിയന്‍ കച്ചവടക്കാരന്‍ വന്നുവെന്നും തിരിച്ചു പോകാന്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ ആദായമുള്ള ഒരു പുരയിടം സ്ഥലത്തെ രാജാവില്‍ നിന്നും മേടിച്ചുവെന്നും എഴുതിയിരിക്കുന്നു. ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. വസ്തുവിലുള്ള ആദായം മൂത്ത മകന് കൊടുത്തുകൊണ്ട് അദ്ദേഹത്തിന്‍റെ വസ്തുക്കള്‍ പള്ളിക്ക് എഴുതിക്കൊടുത്തു. ഈ കച്ചവടക്കാരന് അടിമകളുമുണ്ടായിരുന്നു. അവരെയെല്ലാം ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്തിരുന്നു. അടിമകളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതും ന്യായാധിപനെപ്പോലെ തീര്‍പ്പു കല്പിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകനായിരുന്നു. ഇതിനിടെ മക്കള്‍ തമ്മില്‍ വഴക്കുണ്ടായി. മതം മാറിയ അടിമകള്‍ രണ്ടാമത്തെ മകനൊപ്പം മൂത്തയാളിനോട് വഴക്കുണ്ടാക്കി. മൂത്ത മകന്‍ യഹൂദരുടെ സഹായം ആവശ്യപ്പെട്ടു. അവര്‍ വന്നു രണ്ടാമത്തെ മകനെയും മതം മാറിയ ക്രിസ്ത്യാനികളെയും അവിടെനിന്നു ഓടിച്ചു. ആ വസ്തുക്കളുടെ ഉടമസ്ഥാവകാശം യഹൂദര്‍ക്ക് ലഭിച്ചു. അവര്‍ കൊച്ചി രാജാവിന് സേവനം ചെയ്തുകൊണ്ട് കൃഷികാര്യങ്ങളും രാജസേവനവും ചെയ്തു ജീവിച്ചുവെന്നാണ് ഒരു കഥ. അവരുടെ അനന്തര തലമുറകളാണ് ക്‌നാനായക്കാരെന്നും പറയുന്നു.

കല്‍ദായ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് ആബൂന 1533ല്‍ ഒരു കച്ചവടക്കാരനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. കാനന്‍ ദേശത്തുനിന്ന് ഒരു കച്ചവടക്കാരന്‍ തീര്‍ത്ഥാടനത്തിനായി മൈലാപ്പൂര്‍ വന്നുവെന്നും അവിടെ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങള്‍ കണ്ടതുകൊണ്ടു അദ്ദേഹം കൊടുങ്ങല്ലൂര്‍ക്കു പോയിയെന്നും ഐതിഹ്യം പറയുന്നു. കൊടുങ്ങല്ലൂര്‍ സ്ഥലം മേടിക്കുകയും പള്ളി പണിയുകയും ചെയ്തു. ഈ കച്ചവടക്കാരന്‍ മരിച്ചപ്പോള്‍ പള്ളിക്കു സമീപം കുഴിച്ചിടുകയും ചെയ്തു. 1564ലെ കോറീയ എഴുതിയ കുറിപ്പിലും ആബൂനായുടെ കാഴ്ചപ്പാടാണുള്ളത്. അര്‍മേനിയന്‍ കച്ചവടക്കാരനായ ഒരാള്‍ അപ്പോസ്‌തോലന്‍ തോമസിന്റെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയെന്നും എഴുതിയിരിക്കുന്നു. കച്ചവടക്കാരന്‍ തന്റെ വസ്തു മേടിക്കുന്നതിനുമുമ്പ് അയാളോടുകൂടി താമസിച്ചിരുന്നുവെന്നും കുറിച്ചുവെച്ചിട്ടുണ്ട്.

1578ല്‍ ഡിയോണിസിയോ എന്നയാള്‍ ക്‌നായി തൊമ്മനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വന്നത് മാര്‍ ശബരിശോയും മാര്‍ പിറുസിനു ശേഷമെന്നും പ്രാമാണികരിച്ചിരിക്കുന്നു. ബാബിലോണിയന്‍ ദേശക്കാരനായ കച്ചവടക്കാരനായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ വന്നു കച്ചവടം തുടങ്ങി. പണവും സ്വാധീനവുമായപ്പോള്‍ സ്ഥലത്തെ രാജാവുമായി കൂട്ടായി. തോമ്മാശ്ലീഹായുടെ നാമത്തില്‍ പള്ളി വെക്കുവാന്‍ രാജാവ് 500 അടി സ്ഥലം കൊടുത്തു. അന്നുള്ള ക്രിസ്ത്യന്‍ ജനതയെ ഒന്നാകെ യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനേകരെ ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനവും ചെയ്തു. പള്ളി പണിയാനുളള ഭീമമായ തുകയും രാജാവ് കൊടുത്തു. അദ്ദേഹത്തിന്‍റെ കാലത്ത് ക്രിസ്തുമതം അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങി. തോമ്മാ, നാട്ടുകാരത്തി ഒരു സ്ത്രീയെ വിവാഹം ചെയ്തു. നായര്‍ സ്ത്രീയെ വിവാഹം ചെയ്‌തെന്നു പറയുന്നു. ക്രിസ്ത്യാനികളെ നായന്മാര്‍ക്ക് തുല്യമായി തുല്യ ആദരവോടെ അക്കാലങ്ങളില്‍ ഗൗനിച്ചിരുന്നു.

മോണ്‍സെറാറ്റെ 1579ല്‍ എഴുതിയിരിക്കുന്നു, 'ക്‌നാനായ തൊമ്മന്‍ വന്നപ്പോള്‍ കൊല്ലത്തും കൊടുങ്ങല്ലൂരും ക്രിസ്ത്യാനികളെ കണ്ടു. അവര്‍ തോമ്മാശ്ലീഹായുടെ പിന്‍ഗാമികളായിരുന്നു. ക്രിസ്ത്യാനികള്‍ നായന്മാരെ വിവാഹം ചെയ്തിരുന്നു. അവര്‍ ക്രിസ്ത്യന്‍ പേരിലറിയപ്പെട്ടിരുന്നു. കഴുത്തില്‍ കുരിശുകളും ഉണ്ടായിരുന്നു. ക്‌നാനായ തൊമ്മന്‍ അവരെ യോജിപ്പിക്കുകയും ജാതിയില്‍ കൂടിയ സമൂഹമായി ഉയര്‍ത്തുകയുമുണ്ടായി.

ക്‌നാനായ തൊമ്മനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ കോപ്പര്‍ പ്‌ളേറ്റിനെപ്പറ്റി 'ഫ്രാന്‍സിസ് റോസ്' (1603)വിവരിച്ചിട്ടുണ്ട്. അവസാന ചേരമാന്‍ പെരുമാളിന്റെ കാലത്ത് ബാബിലോണിയായില്‍നിന്ന് ക്‌നാനായ തൊമ്മന്‍ വന്നു. രാജാവിന് വലിയ ഒരു തുക പണം കൊടുത്തു. അവിടെ സെന്റ് തോമസ് പള്ളി പണിതു.' എന്നിരുന്നാലും തൊമ്മന്‍ വരുന്നതിനു മുമ്പ് ആ പ്രദേശമാകെ ക്രിസ്ത്യാനികളുണ്ടായിരുന്നു. മറ്റൊരു ചെപ്പേടില്‍ പറയുന്നു, ക്‌നാനായ തൊമ്മന്‍ കൊടുങ്ങല്ലൂര്‍ വന്നെത്തിയപ്പോള്‍ ചേരമാന്‍ പെരുമാള്‍ നേരിട്ട് വന്നു അദ്ദേഹത്തെ സ്വീകരിച്ചു. അത് ഒരു ഫെബ്രുവരി ഏഴാംതീയതി നിലാവുള്ള രാത്രിയായിരുന്നു. മഹോദരം പട്ടണം ക്‌നാനായ തൊമ്മനായി രാജാവ് നല്‍കി. അവിടെ തൊമ്മന്‍ മതപരമായ ആവശ്യത്തിനായി പള്ളിയും താമസിക്കാന്‍ വീടും പണിതു. പൂന്തോട്ടങ്ങള്‍ സഹിതം രാജാവിന്റെ സഹായത്താല്‍ 62 വീടുകള്‍ പണി കഴിപ്പിച്ചു. വഴികളും ഉണ്ടാക്കി. ഇപ്പറഞ്ഞ തൊമ്മന് ഒരു ഭാര്യയും ഒപ്പം താമസിക്കാന്‍ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ രണ്ടുപേരും മാര്‍ഗം കൂടിയ മലബാറിയന്‍ ക്രിസ്ത്യാനികളായിരുന്നു. ക്‌നാനായ തൊമ്മന്റെ വംശാവലിയില്‍ ഒരു ക്രിസ്ത്യന്‍ സമൂഹം തന്നെയുണ്ടായി.

അടുത്ത കാലത്ത് ക്‌നാനായക്കാര്‍ അന്യമതക്കാരെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തില്‍ കാനഡയിലെ ബിഷപ്പ് 'മൈക്കല്‍ മുല്‍ഹാലിന്റെ' നേതൃത്വത്തിലുള്ള കമ്മീഷന്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ക്‌നാനായക്കാര്‍ പുറത്തുള്ള മറ്റു കത്തോലിക്കരെ വിവാഹം ചെയ്താല്‍ സമുദായത്തില്‍നിന്നും പുറത്താക്കുന്നത് നീതീകരിക്കാന്‍ സാധിക്കുന്നില്ലെന്നും അത് ക്രിസ്തീയതയല്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അമേരിക്കയില്‍ രൂപതകളും പള്ളികളും സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ക്‌നാനായ സമുദായത്തിലുള്ള ആള്‍ സീറോ മലബാര്‍ രൂപതയില്‍പ്പെട്ടവരെ വിവാഹം കഴിച്ചാലും സമുദായ ഭ്രഷ്ട്ട് കല്‍പ്പിക്കുന്ന നടപടിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്‌നാനായുടെ അസ്തിത്വത്തെ തകരാറാക്കുന്ന വിധമാണ് ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. കേരളത്തിലും അമേരിക്കയിലും സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷമാണ് കാനേഡിയന്‍ ബിഷപ്പ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വളരെയധികം ആശങ്കകളോടെയാണ് സമുദായം ഈ റിപ്പോര്‍ട്ടിനെ കാണുന്നത്. നൂറ്റാണ്ടുകളായി പവിത്രമായി കരുതുന്ന സ്വവംശ വിവാഹമെന്ന പാരമ്പര്യത്തിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്വവംശ വിവാഹത്തെ സംബന്ധിച്ച് വത്തിക്കാന്‍ പുറത്തുവിട്ട വിവാദ ഉത്തരവില്‍ ക്‌നാനായ സമുദായം അസന്തുഷ്ടരാണ്. റോമിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങള്‍ക്കും കാരണമായേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവനും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം ഒരുലക്ഷം ക്‌നാനായക്കാര്‍ സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവര്‍ക്ക് സ്വന്തം സഹോദരങ്ങളോടൊപ്പം മാതാപിതാക്കളോടൊപ്പം ആചാരങ്ങളില്‍ പങ്കു ചേരാന്‍ സാധിക്കാതെ ക്‌നാനായ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ക്‌നാനായ സമുദായത്തില്‍നിന്നുമല്ലാത്തവരെ വിവാഹം ചെയ്തുവെന്ന കാരണത്താല്‍ അവര്‍ സഭയ്ക്ക് പുറത്തു പോവുന്നതും ക്രിസ്തീയ പാരമ്പര്യത്തിനെതിരാണ്. അത്തരം വൈകൃതങ്ങളായ പാരമ്പര്യങ്ങളെ ശ്രദ്ധിക്കാതെ വത്തിക്കാന് കൈകെട്ടി നില്‍ക്കാനും സാധിക്കില്ല. വത്തിക്കാന്‍ നിയമിച്ച കമ്മീഷന്റെ നിലപാടും അതുതന്നെയായിരുന്നു.

വത്തിക്കാന്‍ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് ക്‌നാനായ സമുദായം എങ്ങനെ മുമ്പോട്ട് പോകും? ഒന്നുകില്‍ ഇവര്‍ക്ക് സ്വതന്ത്രമായ സഭയുണ്ടാക്കാം. അല്ലെങ്കില്‍ ക്‌നാനായ യാക്കോബാ
 സമുദായത്തോട് ചേരുവാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ ക്‌നാനായ സഭയുടെ സ്വത്തുക്കളില്‍ തീരുമാനത്തിനായി കോടതികളെ ആശ്രയിക്കേണ്ടി വരും. യാക്കോബായും ഓര്‍ത്തോഡോക്‌സും തമ്മിലുള്ളതുപോലെ ഒരു പൊരിഞ്ഞ യുദ്ധത്തിനും കാരണമാകാം. ക്‌നാനായിലെ വലിയൊരു വിഭാഗം റോമിന്റെ ഭരണത്തിന്‍ കീഴില്‍ തുടരാന്‍ താല്പര്യപ്പെടുന്നതിനാല്‍ സമുദായത്തിനുള്ളില്‍ അത് പിളര്‍പ്പിലേക്കും വഴിതെളിയിക്കും. യുവ ജനങ്ങളില്‍ അനേകര്‍ ക്‌നാനായ സമുദായത്തില്‍ നിന്ന് വിട്ട് പുറത്തുള്ള സഭകളുമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരും കാണാം. ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുമെന്നതിലും സംശയമില്ല.

അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ ബിഷപ്പ് അങ്ങാടിയത്തും ബിഷപ്പ് മൂലെക്കാട്ടിലും മുത്തേലത്തച്ചനുമൊത്ത് ക്‌നാനായക്കാരെ ചതിച്ചുവെന്നുള്ള വിവാദങ്ങളുമുണ്ട്. സഭ മാറി കെട്ടിയ ക്‌നാനായക്കാര്‍ക്കും അവരുടെ കുടുംബത്തിനും ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുക്കുന്നതും ക്‌നാനായ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഭാവിയില്‍ ഈ ഫോര്‍മുല കേരളത്തിലും കൊണ്ടുവരുമെന്നും ഭയപ്പെടുന്നു. ക്‌നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണിതെന്നു സമുദായത്തിലുള്ളവര്‍ ആശങ്കപ്പെടുന്നു. അമേരിക്കന്‍ ക്‌നാനായ സഭകളുടെമേല്‍ തനിക്ക് അധികാരമില്ലെന്നു ബിഷപ്പ് മൂലേക്കാടന്‍ പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു.
ക്‌നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
നാരദന്‍ 2018-03-12 13:39:12

നോഹിന്‍ മകന്‍ കനാനില്‍ നിന്നാണ് പിതിര്തം എങ്കില്‍ ‘കനാന്‍’ ശപിക്കപെട്ടന്‍ എന്ന് പ. നിയമത്തില്‍ ഉണ്ട്.

പന്നിയെ തിന്നാത്ത യുദന്‍ എങ്ങിനെ ക്ന്നായ ആയി

ഇറച്ചി തിന്നാത്ത ബ്രാമണന്‍ എങ്ങിനെ ക്ന്നായ ആയി

truth and justice 2018-03-13 06:09:10
Is it anything Bible based? Bible is historical and God centered and Christ centered.  High intellectuals and theologians perused the Bible and the Bible is true.

Indian history do mention anything about this.
kana faithful 2018-03-13 06:33:43
7 of our friends had a DNA test to find our Heritage.
All are 95% Indian ?
Ninan Mathullah 2018-03-14 06:53:55

Thanks Joseph for refreshing our memory about Knanaya group. Practicing endogamy has no validity in Christianity. So Catholic Church can not support that idea. All are one in Christ. Race or superiority traditions have no place in it.  But we have to admit that it is because they practiced endogamy that we know about this group and they are still here. If not they would have melted in to the majority culture long ago. Just as milestones are there in our journey God left milestones for us to remember our past. What we believe as history is not that eyewitness recorded it. Herodotus wrote everything he heard in his history book. Arrian wrote Alexander’s history hundreds of years later. Moses wrote the first five books of Bible from his revelations from God, and traditions available. In it Jews are not allowed to mix openly with other groups of people. If this prohibitions against freely mixing with other people groups was not there there would not be a people group today called Jews. So the Knanaya group is left here as milestones to remind us of our past.What we believe personally about our traditions or family history is not based on written evidence. We can find milestones in these traditions. Writing, education and the tools for it became common in a much later period.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക