Image

സീറോ മലബാര്‍ സഭയും കത്തോലിക്ക അസ്‌തിത്വവും പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 05 May, 2018
സീറോ മലബാര്‍ സഭയും കത്തോലിക്ക അസ്‌തിത്വവും പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
'കത്തോലിക്ക' എന്ന വാക്ക് ഉത്ഭവിച്ചത് ഗ്രീക്കു പദത്തില്‍ നിന്നാണ്. 'സാര്‍വത്രിക'മെന്നാണ് അതിന്റെ അര്‍ത്ഥം. റോമ്മുമായി കൂദാശകളില്‍ പങ്കുചേരുന്ന സഭകള്‍ക്കാണ് സാധാരണയായി ഈ വാക്ക് പ്രയോഗിക്കുന്നത്. ഇന്ത്യയിലാകമാനം ഏകദേശം ഇരുപതു മില്യണ്‍ കത്തോലിക്ക ജനസംഖ്യയുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. ക്രിസ്ത്യന്‍ സഭകളില്‍ എണ്ണംകൊണ്ട് കത്തോലിക്ക സഭയാണ് ഏറ്റവും വലിയ സഭ. സഭയില്‍ ഏകദേശം 174 രൂപതകള്‍ അതാത് മെത്രാന്മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 132 രൂപതകള്‍ ലാറ്റിന്‍ സമുദായത്തിന്റേതാണ്. 31 സീറോ മലബാര്‍ രൂപതയും പതിനൊന്നു സീറോ മലങ്കര രൂപതകളും സഭയ്ക്കുണ്ട്. ക്‌നാനായ രൂപതകള്‍ സീറോ മലബാര്‍ രൂപതകളില്‍ ഉള്‍പ്പെടും. ക്രിസ്ത്യാനികളെ നസ്രാണി ക്രിസ്ത്യാനികളെന്നും വിളിച്ചിരുന്നു. നസ്രാണിയെന്നുള്ളത് സുറിയാനി പദമാണ്. നസ്രായക്കാരനായ യേശുവിന്റെ പിന്‍ഗാമികളെന്നാണ് അര്‍ത്ഥം.

കേരളത്തെ ഇന്ത്യയിലെ കത്തോലിക്കരുടെ 'വത്തിക്കാന്‍' എന്ന് വിളിക്കുന്നതില്‍ അതിശയോക്തിയില്ല. ഇവിടെ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് സെന്റ് തോമസ് ഇന്ത്യയില്‍ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ്. രണ്ടാമത് പോര്‍ട്ടുഗീസ് മിഷ്യനറിമാര്‍ വന്നു ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതത്തെ പരിവര്‍ത്തനാത്മകമാക്കി ചരിത്രം തന്നെ മാറ്റിയെഴുതിയെന്നുള്ളതാണ്. മൂന്നാമത് ക്രിസ്ത്യാനികളുടെ പ്രധാന സംഭവങ്ങള്‍ മുഴുവന്‍ നടന്നത് കേരളത്തിലാണ്. 1599ലെ ഉദയം പേരൂര്‍ സൂനഹദോസ്, 1652ലെ മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍ കുരിശു സത്യം, 1874ലെ തൃശൂരിലുണ്ടായ കല്‍ദായ വാദികളുമായ വിഭജനം, എന്നിങ്ങനെയുള്ള സംഭവങ്ങള്‍ക്കെല്ലാം കേരളം ദൃക്‌സാക്ഷിയായിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തം കത്തോലിക്കരുടെ പകുതിയും കേരളത്തിലാണ് വസിക്കുന്നത്.

മലബാര്‍ ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ സിറോ മലബാര്‍ ക്രിസ്ത്യാനികള്‍ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേര്‍ഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങള്‍ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയില്‍ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികള്‍ ആത്മീയ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയന്‍ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാക്ഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങള്‍ അനുസരിച്ച് കുര്‍ബാന ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ചരിത്രകാരന്മാരുടെ കണക്കുകൂട്ടലില്‍ നാലാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

ക്രിസ്തുശിക്ഷ്യന്‍, അവിശ്വാസിയായ തോമസ് ഇന്ത്യയില്‍ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ് കേരള ക്രിസ്ത്യാനികളുടെയിടയിലെ പരക്കെയുള്ള വിശ്വാസം. സെന്റ് തോമസ് ഭാരതത്തില്‍ വന്നതിന്റെ തെളിവുകള്‍ ചോദിച്ചാല്‍ 'കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍' എന്ന ക്രിസ്തു വചനം മാത്രമേ ഉത്തരമുള്ളൂ. കാരണം, ക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തുവെന്ന വിശ്വാസം അവിശ്വാസിയായ തോമസ് വിശ്വസിച്ചില്ല. അതുപോലെ ഇന്നുള്ള ആധുനിക ചരിത്രകാരും തോമസിന്റെ ഇന്ത്യയിലെ പ്രേഷിത ദൗത്യത്തെ അംഗീകരിക്കുന്നില്ല. ഒരു സിറിയന്‍ കച്ചവടക്കാരനായ ക്‌നാനായ തോമസ് ഭാരതത്തില്‍ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നും ഇവിടെ കോളനികള്‍ സ്ഥാപിച്ചുവെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കേരളത്തിലെ ക്രിസ്തീയ വിശ്വാസം അടിസ്ഥാനമില്ലാത്ത രണ്ടു ദിവ്യന്മാരാല്‍ പടുത്തുയര്‍ത്തിയെന്നു വേണം ചിന്തിക്കാന്‍.

ആറാം നൂറ്റാണ്ടില്‍ ചെന്നൈയില്‍ മൈലാപ്പൂരെന്ന ഗ്രാമത്തില്‍ സെന്റ് തോമസിന്റെ കുഴിമാടം കണ്ടുപിടിച്ചത് അര്‍മേനിയന്‍ ക്രിസ്ത്യാനികളാണ്. അതേ സ്ഥാനത്ത് അവര്‍ അവിടെ ഒരു പള്ളിയും പണിതു. യാത്രികനായിരുന്ന മാര്‍ക്കോപോളോ ഈ പള്ളി സന്ദര്‍ശിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. 1523ല്‍ പോര്‍ട്ടുഗീസുകാര്‍ തോമസ് കുഴിമാടത്തില്‍ ഒരു പള്ളി പണിതു. ആ പള്ളിയെ 'സാന്‍ തോം' എന്ന് വിളിച്ചു. 1606ല്‍ പോര്‍ട്ടുഗല്‍ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ അപേക്ഷപ്രകാരം 'പോപ്പ് പോള്‍ അഞ്ചാമന്‍' സെന്റ് തോമസ് പള്ളിയെ ബസ്‌ലീക്കായായി ഉയര്‍ത്തി. 1898ല്‍ 'ഡോം ഹെന്‍റിക്‌സ് റീഡ് ഡീ സില്‍വാ' മൈലാപ്പൂരിലെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. അവിടെ ഗോതിക്ക് മാതൃകയിലുള്ള കത്തീഡ്രല്‍ പണിയുകയും ചെയ്തു.

പടിഞ്ഞാറേ മിഷനറിമാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ക്രിസ്ത്യാനികള്‍ നെസ്‌തോറിയന്‍ വിശ്വാസമായിരുന്നു പുലര്‍ത്തിയിരുന്നത്. അത്തരം വിശ്വാസം അവര്‍ക്ക് അസഹനീയമായിരുന്നു. എന്നാല്‍ ചില ചരിത്രകാരന്മാര്‍ എഴുതിയിരിക്കുന്നത്, 'യൂറോപ്യന്‍ മിഷ്യനറിമാര്‍ ഇന്ത്യയില്‍ വരുന്ന സമയം ആദ്യമ ക്രിസ്ത്യാനികളുടെ വിശ്വാസം നെസ്‌തോറിയനിസമായിരുന്നില്ല മറിച്ച് കിഴക്കേ സിറിയാ ആചരിച്ചുവന്നിരുന്ന കത്തോലിക്ക വിശ്വാസമായിരുന്നു'വെന്നാണ്. ഇവിടെ ചരിത്രകാരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍, വ്യക്തമായ ഒരു ഉത്തരം ലഭിക്കുക പ്രയാസമാണ്.

1247 മുതല്‍ 1328 വരെ ജീവിച്ചിരുന്ന 'ജോണ്‍ ജിയോവാന്നി മോണ്ടെ കാര്‍വിനോ ' എന്ന ഇറ്റാലിയന്‍ ഫ്രാന്‍സിസ്ക്കന്‍ പുരോഹിതന്‍ ഇന്ത്യയിലെ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാല മിഷിനറിയായി കരുതുന്നു. അദ്ദേഹം റോമന്‍ കത്തോലിക്ക മതം ഇന്ത്യയിലും ചൈനയിലും പ്രചരിപ്പിച്ചിരുന്നു. പീക്കിങ്ങിലെ ആര്‍ച്ച് ബിഷപ്പും പൗരസ്ത്യ ദേശങ്ങളിലെ ചുമതലകളും വഹിച്ചിരുന്നു. പതിമൂന്നു മാസം ചെന്നൈയില്‍ സെന്റ് തോമസ് മൗണ്ടിനു സമീപം മതം പ്രസംഗിച്ചു. എ.ഡി. 1291 അല്ലെങ്കില്‍ എ.ഡി. 1292ല്‍ നൂറു കണക്കിന് ജനത്തെ മാമ്മൂദീസ നല്‍കി കത്തോലിക്ക സഭയില്‍ ചേര്‍ത്തു. കേരളത്തിലെ ആദ്യത്തെ റോമ്മന്‍ കത്തോലിക്ക രൂപത 1329 ആഗസ്റ്റ് ഒമ്പതാം തിയതി കൊല്ലത്തു സ്ഥാപിച്ചു. പോപ്പ് ജോണ്‍ പന്ത്രണ്ടാമനായിരുന്നു രൂപത സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്. ഫ്രഞ്ച് ഡൊമിനിക്കനായ 'ജോര്‍ഡാനസ് കാറ്റാലനിഡീ സെവേരക്കിനെ' ആദ്യത്തെ ബിഷപ്പായും കൊല്ലത്തു വാഴിച്ചു.

1498ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡി ഗാമ കോഴിക്കോട് എത്തി. എന്നാല്‍ കോഴിക്കോട് സാമൂതിരി വാസ്‌ക്കോഡി ഗാമയ്ക്ക് സ്വാഗതം നല്‍കിയില്ല. അറബികളെ പ്രീതിപ്പെടുത്തുന്ന നയമായിരുന്നു സാമൂതിരിക്കുണ്ടായിരുന്നത്. അക്കാലത്ത് കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മില്‍ ശത്രുതയിലായിരുന്നു. പോര്‍ട്ടുഗീസുകാരെ ഹാര്‍ദ്ദമായി കൊച്ചി രാജാവ് സ്വീകരിച്ചു. സാമൂതിരിക്കെതിരെ പടയോട്ടം നയിക്കാന്‍ പോര്‍ട്ടുഗീസുകാരുടെ സഹായം ബലവത്താകുകയും ചെയ്തു. കൊച്ചിയില്‍ വാണിജ്യം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി രാജാവ് പോര്‍ട്ടുഗീസുകാര്‍ക്ക് നല്‍കി. കേരളത്തിന്റെ തീരത്ത് ശക്തമായ ഒരു വ്യവസായ സാമ്രാജ്യം സ്ഥാപിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അതൊരു അവസരമായിരുന്നു. കോലത്തിരി രാജാവും പോര്‍ട്ടുഗീസ് നാവികരെ സഹായിച്ചിരുന്നു. ഒന്നര നൂറ്റാണ്ടോളം വാണിജ്യ ബന്ധം തുടര്‍ന്നു. 1504ല്‍ പോര്‍ട്ടുഗീസുകാര്‍ സാമൂതിരിയില്‍നിന്നും കൊടുങ്ങല്ലൂരും തൃശൂരും പിടിച്ചെടുത്തു.

1510ല്‍ പോര്‍ട്ടുഗീസുകാര്‍ ഗോവാ പിടിച്ചെടുക്കുകയും ഗോവയെ പോര്‍ട്ടുഗലിന്റെ കിഴക്കിന്റെ തലസ്ഥാനമായി കരുതുകയും ചെയ്തു. സഭാ സംബന്ധമായ വിഷയങ്ങളുടെ കേന്ദ്രമായും ഗോവയെ കരുതിയിരുന്നു. 1534ല്‍ ഗോവയില്‍ ബിഷപ്പുണ്ടാവുകയും 1557ല്‍ അതിരൂപതയാവുകയും ചെയ്തു. കേരളം ഉള്‍പ്പെട്ട പ്രദേശങ്ങളുടെ ആത്മീയ നിയന്ത്രണവും ഗോവയിലെ ബിഷപ്പിനായിരുന്നു. 1541ല്‍ അവര്‍ കൊടുങ്ങല്ലൂരില്‍ ഒരു സെമിനാരി സ്ഥാപിക്കുകയുമുണ്ടായി. 1542ല്‍ ഈശോ സഭാ വൈദികരും 1548ല്‍ ഡോമിനക്കന്‍ പുരോഹിതരും മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. 1542ല്‍ ഈശോ സഭാ വൈദികനായിരുന്ന ഫ്രാന്‍സീസ് സേവിയര്‍ ഗോവായില്‍ വന്നെത്തുകയും ഗോവാ കേന്ദ്രമാക്കി മിഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. താഴ്ന്ന വിഭാഗങ്ങളിലുള്ള ഹിന്ദുക്കള്‍ ഉയര്‍ന്ന ജാതികളുടെ മനുഷ്യത്വ രഹിതമായ പീഡനം മൂലം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.

പോര്‍ട്ടുഗീസുകാരുടെ സമ്മര്‍ദ്ദത്തോടെ ക്രിസ്ത്യാനികളില്‍ നിരവധി സാമൂഹിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി. 1599 ജൂണ്‍ ഇരുപതാം തിയതി കൂടിയ ഉദയംപേരൂര്‍ സുന്നഹദോസില്‍ വന്നെത്തിയ പ്രമാണിമാര്‍ ഒറ്റമുണ്ടും ധരിച്ചുകൊണ്ടായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളുടെ തലയില്‍ പ്രാകൃതമായ രീതിയില്‍ ഒരു തരം വിചിത്രമായ കുടുമ്മ കെട്ടി വെക്കുമായിരുന്നു. മറ്റു ജാതികളില്‍നിന്നും വ്യത്യസ്തമായി കുടുമ്മയുടെ അറ്റത്ത് ഒരു കുരിശും കാണും. അവര്‍ ക്രിസ്ത്യാനികളെന്ന് തിരിച്ചറിഞ്ഞിരുന്നതും കുടുമ്മയില്‍ കുരിശു കാണുമ്പോഴായിരുന്നു. കാതില്‍ വലിയ കടുക്കനും ധരിച്ചിരുന്നു. മഴക്കാലത്തു ഓലക്കുട ചൂണ്ടുകയോ തൊപ്പിക്കുട ധരിക്കുകയോ ചെയ്തിരുന്നു. ഉടുത്തിരുന്ന തുണിക്കുപുറമെ അരയില്‍ ചുവന്ന കച്ചയും കെട്ടിയിരുന്നു. കച്ചയ്ക്കുള്ളില്‍ പണവും സൂക്ഷിച്ചിരുന്നു. മന്ത്രവാദം, കൂടോത്രം, ജാതകപൊരുത്തമെല്ലാം ക്രിസ്ത്യാനികളുടെ തൊഴിലായിരുന്നു. പോര്‍ട്ടുഗീസുകാരുടെ സാമൂഹിക പരിഷ്ക്കാരങ്ങളില്‍ക്കൂടിയാണ് അെ്രെകസ്തവമായ അത്തരം ദുരാചാരങ്ങള്‍ ഇല്ലാതായത്. തീണ്ടല്‍, തൊടീല്‍ എന്നിങ്ങനെയുള്ള ആചാരങ്ങള്‍ കൃസ്ത്യന്‍ സഭകളില്‍ പാടില്ലാന്നുള്ള കര്‍ശന നിയമങ്ങളും പോര്‍ട്ടുഗീസുകാര്‍ കൊണ്ടുവന്നിരുന്നു.

കേരള െ്രെകസ്തവരുടെ പിന്തുടര്‍ച്ച അവകാശത്തെപ്പറ്റിയും സുന്നഹദോസില്‍ ചര്‍ച്ച ചെയ്തിരുന്നു. ആണ്‍ക്കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ സൂനഹദോസ് പ്രമാണത്തില്‍ എഴുതി ചേര്‍ത്തു. അക്കാലത്ത് ക്രിസ്ത്യാനികളുടെയിടയില്‍ ബാല്യകാല വിവാഹം സാധാരണമായിരുന്നു. അത്, അനുവദിച്ചുകൂടായെന്നും സൂനഹദോസ് തീരുമാനിച്ചു. ആണിനും പെണ്ണിനും വിവാഹം കഴിക്കേണ്ട പ്രായവും തീരുമാനിച്ചു. അന്യായ പലിശ വാങ്ങുന്നതും ക്രിസ്തീയതയ്‌ക്കെതിരെന്നു സൂനഹദോസ് പാസാക്കി. ജാതക പൊരുത്തമില്ലാതെ ചീത്ത നക്ഷത്രത്തില്‍ പിറക്കുന്ന കുട്ടികളെ കൊല്ലുന്ന പതിവ് ഹൈന്ദവരെപ്പോലെ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. അത്തരം ക്രൂരപ്രവര്‍ത്തികള്‍ ഇല്ലാതാക്കിയുള്ള നിയമങ്ങളുമുണ്ടാക്കി. സൂനഹദോസില്‍ നിരവധി സാമൂഹിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയതുമൂലം യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ എതിര്‍പ്പുകള്‍ ശക്തമായി നേരിടേണ്ടി വന്നു. ഒടുവില്‍ അത് കൂനന്‍ കുരിശു സത്യത്തിലേക്ക് നയിക്കുകയായിരുന്നു.

പോര്‍ട്ടുഗല്‍ രാജാവ് കോളനികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ കത്തോലിക്ക മതം പ്രചരിപ്പിക്കുന്നതിനും അവിടെ സഭാപരമായ തീരുമാനങ്ങള്‍ എടുക്കാനും രാജാവിന് അധികാരമുണ്ടെന്നുള്ള വത്തിക്കാന്റെ ഒരു കല്‍പ്പന അക്കാലത്തുണ്ടായിരുന്നു. കോളനികളില്‍ ബിഷപ്പുമാരെ നിയമിക്കാനും പോര്‍ട്ടുഗല്‍ രാജാവിന് അധികാരം കൊടുത്തിരുന്നു. അങ്ങനെ കേരളത്തിലും ഫ്രാന്‍സീസ് അസീസ് എന്ന ഈശോ സഭാ പുരോഹിതനെ മെത്രാപ്പോലീത്തായായി നിയമിച്ചു. ആദ്യം അദ്ദേഹം അങ്കമാലിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ രൂപതയിലും സേവനം ചെയ്തു. 1624 മുതല്‍ 1641 വരെ 'സ്റ്റീഫന്‍ ബ്രിട്ടോ' അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായിരുന്നു. പിന്നീട് 1641ല്‍ ഫ്രാന്‍സിസ് ഗാര്‍സിയ ആര്‍ച്ചു ബിഷപ്പായി സഭയെ ഭരിച്ചു. പോര്‍ട്ടുഗീസു ബിഷപ്പുമാര്‍! സഭയെ ഭരിക്കുന്നത് ദേശീയ ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അസന്തുഷ്ടരായ ജനങ്ങള്‍ സ്വന്തം നാട്ടില്‍നിന്ന് മെത്രാന്മാരെ ലഭിക്കാത്ത പക്ഷം പേര്‍ഷ്യയില്‍ നിന്ന് ഒരു ബിഷപ്പിനെ വരുത്താന്‍ ആഗ്രഹിച്ചു. നാട്ടു മെത്രാനുവേണ്ടിയുള്ള അപേക്ഷകളും ഗോവന്‍ മെത്രാപ്പോലീത്തായ്ക്കു അയച്ചുകൊണ്ടിരുന്നു.

സുറിയാനി ക്രിസ്ത്യാനികള്‍ തോമ്മാ ശ്ലീഹായുടെ പിന്തുടര്‍ച്ചയില്‍ വിശ്വസിച്ചിരുന്നതുകൊണ്ടു സുറിയാനി ഭാഷയുടെ സ്ഥാനത്ത് ലത്തീന്‍ ഭാക്ഷ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ രണ്ടു ഗ്രുപ്പുകളും തമ്മില്‍ ശത്രുതയുമാരംഭിച്ചു. പോര്‍ട്ടുഗീസുകാര്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടു സുറിയാനി ക്രിസ്ത്യാനികളും പേര്‍ഷ്യന്‍ പാത്രിയാക്കീസുമാരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാനും അവര്‍ക്ക് സാധിച്ചു. എന്നിട്ട് ക്രിസ്ത്യാനികളെ അവരുടെ അധികാര പരിധിയില്‍ കൊണ്ടുവരുകയുമുണ്ടായി. പേര്‍ഷ്യന്‍ മെത്രാന്മാരെ കേരളത്തില്‍ എത്തിക്കാതിരിക്കാനുള്ള എല്ലാ അടവുകളും അവര്‍ പ്രയോഗിച്ചിരുന്നു. പേര്‍ഷ്യയില്‍നിന്നും മാര്‍ എബ്രാഹം കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന് വലിയ പ്രതിക്ഷേധങ്ങള്‍ നേരിടേണ്ടി വന്നു. പോര്‍ട്ടുഗീസ് അധികാരികള്‍ മടക്കി അയക്കുമെന്ന ഭീക്ഷണികളും മുഴക്കിയിരുന്നു. എങ്കിലും 1597 മരണം വരെ അദ്ദേഹം പ്രതിസന്ധികളില്‍ക്കൂടി ക്രിസ്ത്യാനികളെ നയിച്ചുകൊണ്ടിരുന്നു.

1652ല്‍ സുറിയാനി ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം ബാബിലോണിയന്‍ പാത്രിയര്‍ക്കീസ് സുറിയാനി സഭയുടെ ഭരണത്തിനായി 'ബിഷപ്പ് അഹത്തുള്ളാ'യെ കേരളത്തിലേക്ക് അയച്ചു. എന്നാല്‍ പോര്‍ട്ടുഗീസ് അധികാരികള്‍ അദ്ദേഹത്തെ കേരളത്തില്‍ കാലു കുത്താന്‍ അനുവദിച്ചില്ല. അവര്‍ അദ്ദേഹത്തെ ഗോവയിലേക്ക് നാട് കടത്തി. കൊച്ചിയില്‍ അഹത്തുള്ളായെ പോര്‍ട്ടുഗീസുകാര്‍ മുക്കിക്കൊന്നുവെന്ന ഒരു വ്യാജ വാര്‍ത്തയും പ്രചരിച്ചിരുന്നു. നിരാശരായ ജനം മട്ടാഞ്ചേരി കുരിശിനു ചുറ്റും കൂടി 'ഇനിമേല്‍ ഗോവാ ബിഷപ്പിന്റെ അധികാരത്തില്‍ തങ്ങളുടെ ആത്മീയ ആചാരങ്ങള്‍ നടത്തില്ലെന്ന്' പ്രതിജ്ഞ ചെയ്തു. അവിടെ കൂടിയ ഓരോ വിശ്വാസിയും കുരിശില്‍ തൊട്ടു സത്യം ചെയ്യണമായിരുന്നു. ജനക്കൂട്ടം കുരിശില്‍ വലിയ ഒരു കയര്‍ വലിച്ചുകെട്ടുകയും ഓരോരുത്തരും കയറില്‍ തൊട്ടു ഇനിമേല്‍ റോമ്മാ സഭയുമായി ബന്ധമില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ 'കൂനന്‍ കുരിശു' സത്യമെന്ന് അറിയപ്പെടുന്നു. അങ്ങനെ പ്രതിജ്ഞ ചെയ്തവരെല്ലാം ആലങ്ങാട് സമ്മേളനം കൂടി. പന്ത്രണ്ടു പുരോഹിതര്‍ ഒന്നിച്ചുകൂടി കൈവെയ്പ്പ് നടത്തി ആര്‍ച്ച് ഡീക്കനായിരുന്ന തോമസ് പറമ്പിലിനെ ബിഷപ്പായി വാഴിച്ചു. എന്നാല്‍ ഈ നടപടിയെ ബഹുഭൂരിപക്ഷം അംഗീകരിച്ചില്ല. അവിടെ വിഭജനമുണ്ടാവുകയും ചെയ്തു. തോമസ് പറമ്പിലുമായി യോജിച്ചു പോയവര്‍ അന്തിയോഖ്യ യാക്കോബായ സഭയുമായി പിന്നീട് ലയിച്ചു. മറ്റുള്ളവര്‍ ലത്തീന്‍ രൂപതകളുടെ കീഴില്‍ സുറിയാനി കത്തോലിക്കരായി ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നു. പിന്നീട് അവരെ സീറോ മലബാര്‍ കത്തോലിക്കരെന്നു അറിയപ്പെടാന്‍ തുടങ്ങി.

പോര്‍ട്ടുഗീസ് മിഷിണറിമാര്‍ നാട്ടു ക്രിസ്ത്യാനികളോടു കാണിച്ച ക്രൂരതകളെപ്പറ്റി റോമ്മായിലെ സഭയുടെ അധികാരികള്‍ക്ക് വിവരം കിട്ടി. 'അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പ' വിവരങ്ങള്‍ അന്വേഷിക്കാനും കേരളസഭയെപ്പറ്റി പഠിക്കാനും ഫാദര്‍ ജോസഫ് സെബാസ്റ്റ്യനെയും ഏതാനും കര്‍മ്മലീത്ത പുരോഹിതരെയും ഇന്ത്യയിലേക്ക് അയച്ചു. നാട്ടുകാരായ ഫാദര്‍ ചാണ്ടി പറമ്പിലിന്റെയും ഫാദര്‍ ചാണ്ടി കടവിലിന്റെയും സഹായത്താല്‍ വിഘടിച്ചുപോയ ആര്‍ച്ച് ഡീക്കന്‍ തോമസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല്‍പ്പതോളം പള്ളികളെയും സമുദായാംഗങ്ങളെയും ഫാദര്‍ സെബാസ്റ്റ്യന്‍ കത്തോലിക്ക സഭയിലേക്ക് മടക്കിക്കൊണ്ടുവന്നു. 1663ല്‍ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ മൊത്തം 84 പള്ളികള്‍ മടങ്ങി വന്നിരുന്നു.

1663ല്‍ ഡച്ചുകാര്‍ കൊച്ചി കീഴടക്കി. അവര്‍ യൂറോപ്പ്യന്മാരായ എല്ലാ പുരോഹിതരെയും കൊച്ചിയില്‍നിന്ന് പുറത്താക്കി. ഇറ്റലിക്കാരായ കര്‍മ്മലീത്താ പുരോഹിതര്‍ക്ക് രാജ്യം വിടേണ്ടി വന്നു. ബിഷപ്പ് സെബാസ്റ്റ്യന്‍ ഇറ്റലിയിലേക്ക് മടങ്ങി പോവുന്നതിനുമുമ്പ് ചാണ്ടി പറമ്പിലിന് മലബാര്‍ പ്രോവിന്‍സിന്റെ മുഴുവന്‍ അധികാരവും കൊടുത്തിരുന്നു. അദ്ദേഹത്തെ മലബാറിന്റെ അപ്പോസ്‌തോലിക വികാരിയായി നിയമിച്ചു. പോര്‍ട്ടുഗീസ് രാജാവിന്റെ കീഴിലുള്ള ഈശോ സഭ വൈദികരെ കൊടുങ്ങല്ലൂര്‍ രൂപതയുടെ ചുമതലയും ഏല്‍പ്പിച്ചിരുന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സീറോ മലബാര്‍ രണ്ടു രൂപതകളുടെ കീഴില്‍ രണ്ടായി പ്രവര്‍ത്തിച്ചിരുന്നു.

നാട്ടുകാരനില്‍ ഒരാള്‍ ബിഷപ്പായോ അല്ലെങ്കില്‍ പേര്‍ഷ്യയില്‍നിന്ന് ഒരു ബിഷപ്പിനെ ലഭിക്കാനോ വേണ്ടിയുള്ള ശ്രമങ്ങള്‍ സുറിയാനി കത്തോലിക്കര്‍ തുടര്‍ന്നുകൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലയളവില്‍ ഫാദര്‍ ജോസഫ് കാരിയാറ്റിലിനെയും ഫാദര്‍ തോമസ് പാറേമാക്കലിനെയും ആ ദൗത്യത്തിനായി നിയമിച്ചു. അവര്‍ ഇരുവരും കൂടി പോര്‍ട്ടുഗലിലേക്കും റോമിലേക്കും നിവേദനങ്ങളുമായി യാത്ര പുറപ്പെട്ടു. മിഷ്യനറിമാരുടെ ക്രൂരതയും അഹന്തയും അനീതിയും പ്രതിഫലിപ്പിക്കുന്ന അഭിപ്രായങ്ങള്‍ നിവേദനത്തിലുണ്ടായിരുന്നു. ജോസഫ് കരിയാറ്റില്‍ കൊടുങ്ങല്ലൂരിന്റെ ബിഷപ്പായി നിയമിതനായെങ്കിലും അദ്ദേഹത്തിന് സ്വന്തം ജനങ്ങളുടെ ഇടയനാകാന്‍ സാധിച്ചില്ല. 1786ല്‍ ദുരൂഹമായ ഏതൊ സാഹചര്യത്തില്‍ അദ്ദേഹം ഗോവയില്‍ വെച്ച് മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ്, പാറേമ്മാക്കല്‍ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂര്‍ രൂപതയുടെ ഭരണകര്‍ത്താവായി നിയമിച്ചിരുന്നു. പാറേമ്മാക്കല്‍, 1786 മുതല്‍ 1799 വരെ കൊടുങ്ങല്ലൂര്‍ രൂപതയെ നയിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യമായ 'വര്‍ത്തമാന പുസ്തകം' രചിച്ചത് പാറേമ്മാക്കലായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ഭരണം വീണ്ടും വിദേശികളുടെ നിയന്ത്രണത്തിലായി.

1861കാലഘട്ടങ്ങളിലും സുറിയാനി കത്തോലിക്കര്‍ സ്വന്തം നാട്ടു മെത്രാന്മാര്‍ക്കായി കലഹിച്ചുകൊണ്ടിരുന്നു. റോമിന്റെ കീഴിലുളള കല്‍ദായ പാത്രിയാക്കീസ് 'മാര്‍ ജോസഫി ഒഡോ' അയച്ച ബിഷപ്പ് 'മാര്‍ റോക്കോസ്', സഭാ ശുശ്രുഷകള്‍ക്കായി തൃശൂരിലെത്തി. റോമ്മിന്റെ അനുവാദം കൂടാതെ, കല്‍ദായ മെത്രാന്റെ അധികാര പരിധിക്കു വെളിയില്‍ നിന്നായിരുന്നു 'റോക്കോസ്' കേരള സുറിയാനി സഭയുടെ ഔദ്യോഗിക കാര്യങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. കല്‍ദായ പാത്രിയാക്കീസുമാര്‍ക്ക് മലബാറിലേക്ക് ബിഷപ്പുമാരെ അയക്കുവാനുള്ള അധികാരം റോം വിലക്കിയിട്ടുമുണ്ടായിരുന്നു. റോക്കോസ് പ്രശ്‌നത്തിന്റെ പേരില്‍ സഭയില്‍ വീണ്ടും വിഭജനമാരംഭിച്ചു. ഈ പ്രശ്‌ന കാലത്താണ് ഫാദര്‍ ചാവറ കുറിയാക്കൊസ് ഏലിയാസിനെ സീറോ മലബാറിന്റെ വികാരി ജനറാളായി നിയമിച്ചത്. അദ്ദേഹവും അനുയായികളും റോക്കോസിനെതിരെ പ്രതികരിക്കുകയും പ്രതിക്ഷേധിക്കുകയും ചെയ്തു. '1862ല്‍ റോക്കോസിനെ കല്‍ദായ പാത്രിയര്‍ക്കീസ് തിരികെ വിളിച്ചില്ലെങ്കില്‍ സഭയില്‍നിന്ന് മഹറോണ്‍ ചെല്ലുമെന്ന വത്തിക്കാനില്‍നിന്നും ഒരു കല്‍പ്പനയും വന്നെത്തി. ഭൂരിഭാഗം സുറിയാനി കത്തോലിക്കരും വിചാരിച്ചിരുന്നത് റോക്കോസ് സഭാ ശുശ്രുഷകള്‍ തുടങ്ങിയത് റോമ്മിന്റെ അനുവാദത്തോടെയെന്നായിരുന്നു. റോക്കോസിനെ പിന്തുണച്ച ചെറിയ ഒരു ന്യുന പക്ഷം മാത്രം റോമ്മാ സഭയില്‍നിന്നും അകന്നു നിന്നു.

1874ല്‍ സഭയില്‍ മറ്റൊരു വിഭജനം കൂടിയുണ്ടായി. റോമ്മിന്റെ കീഴിലുണ്ടായിരുന്ന സീറോ കല്‍ദായ പാത്രിയര്‍ക്കീസ്! തങ്ങളുടെ മെത്രാനായ 'മാര്‍ മേലുസിനെ കേരളസഭയുടെ ശുശ്രുഷ പരിപാലനത്തിനായി അയച്ചു. തൃശൂരിലെ ജനങ്ങളായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. റോമ്മിന്റെ അനുവാദത്തോടെയാണ് കല്‍ദായ ബിഷപ്പ് 'മേലൂസ്' വന്നതെന്നു കരുതി തൃശൂര്‍ ജനത അദ്ദേഹത്തിന് വലിയ സ്വീകരണങ്ങള്‍ നല്‍കി. റോമ്മിന്റെ അനുവാദമില്ലാതെ മെത്രാന്റെ ചുമതലകള്‍ വഹിച്ച മേലൂസിനെ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം 'ലിയോണാര്‍ഡ് മെത്രാപ്പോലീത്താ' സഭയില്‍ നിന്നും പുറത്താക്കി. ജനങ്ങള്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ചിന്താ കുഴപ്പത്തിലാവുകയുമുണ്ടായി. ഏതാനും കുടുംബങ്ങള്‍ വിഭജനക്കാരോടൊപ്പം സഭയില്‍ നിന്നു പോയതൊഴിച്ചാല്‍ ഭൂരിഭാഗവും മാതൃസഭയില്‍ തന്നെ ഉറച്ചു നിന്നു. 1882 മാര്‍ച്ച് മാസത്തില്‍ മേലൂസ് മടങ്ങിപ്പോവുകയും ചെയ്തു. മേലൂസിനൊപ്പം നിന്ന ഒരു ചെറിയ സമൂഹം മാത്രം തൃശൂരില്‍ അവശേഷിച്ചു. പിന്നീട് അവര്‍ കല്‍ദായ നെസ്‌തോറിയന്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ നെസ്‌തോറിയന്‍ സഭയില്‍ ചേര്‍ന്നു. റോമ്മന്‍ സഭയുമായി അകന്നു കഴിയുകയുമുണ്ടായി.

പേര്‍ഷ്യന്‍ സഭയുമായുള്ള കൂട്ടുകള്‍ സഭയില്‍ വിഭജനമുണ്ടാക്കാന്‍ മാത്രമേ സഹായിക്കുള്ളൂവെന്ന് മനസിലാക്കി സീറോ മലബാര്‍ കത്തോലിക്കര്‍ വിദേശികളില്‍ നിന്നും മോചിതരാകാനും സ്വന്തം വികാരിയാത്തു സ്ഥാപിക്കാനുമായി റോമിലേക്ക് പെറ്റിഷന്‍ അയക്കാന്‍ തുടങ്ങി. 1886ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തന്‍ അതിരൂപതയില്‍ നിന്നും സുറിയാനി സഭയെ വേര്‍പെടുത്തി. സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി പ്രത്യേകം വികാരിയത്തുകള്‍ ഏര്‍പ്പെടുത്തി. ഇംഗ്‌ളീഷുകാരനായ 'അഡോള്‍ഫ് മെഡിക്കോട്ട്' തൃശൂര്‍ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്‌സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതല വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരില്‍ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷന്‍ അയച്ചുകൊണ്ടിരുന്നു. അവസാനം 1896ല്‍ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാര്‍ക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാര്‍ ജോണ്‍ മേനാച്ചേരി തൃശൂരും, മാര്‍ അലോഷ്യസ് പഴേപറമ്പില്‍ എറണാകുളത്തും, മാര്‍ മാത്യു മാക്കില്‍ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911ല്‍ തെക്കുംഭാഗം കത്തോലിക്കര്‍ക്കായി കോട്ടയം രൂപതയുണ്ടായപ്പോള്‍ 'മാക്കില്‍ മെത്രാന്‍' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാര്‍ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി.

നാട്ടു മെത്രാന്മാര്‍ വന്നതോടു കൂടി സീറോ മലബാര്‍ സഭ എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കാന്‍ തുടങ്ങി. നാട്ടു മെത്രാന്മാരുടെ കഠിന പ്രയത്‌നം മൂലം സീറോ മലബാര്‍ രൂപതയില്‍ വന്ന അതിവേഗമുള്ള പുരോഗതിയെ റോം അഭിനന്ദിക്കുകയുണ്ടായി. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നിങ്ങനെ സഭയെ മൂന്നു റീത്തുകളായി വിഭജിക്കപ്പെട്ടു. ആരാധന സമ്പ്രദായത്തിന്റെ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് റീത്തുകളെ തരം തിരിച്ചിരിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭയും കത്തോലിക്ക അസ്‌തിത്വവും പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക