'ഓര്‍ത്തോഡോക്‌സ്', 'കത്തോലിക്ക' എന്ന രണ്ടു പ്രബല ക്രിസ്ത്യന്‍ സമൂഹങ്ങളിലുള്ള പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അടുത്ത കാലത്തായി ദൃശ്യ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയാകളിലും പ്രധാന വാര്‍ത്തകളായി സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മലങ്കര ഓര്‍ത്തോഡോക്‌സ് പുരോഹിതരുടെയിടെയിലാണ് പുതിയ സംഭവവികാസങ്ങളില്‍ ആദ്യത്തെ പീഡന കഥയാരംഭിച്ചത്. സാധാരണ ഇത്തരം കേസുകള്‍ കത്തോലിക്ക പുരോഹിതരുടെ ഇടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു ഓര്‍ത്തോഡോക്‌സ് പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങള്‍ പഴി ചാരുന്നത് കത്തോലിക്കാ സഭയെയാണ്. ഓര്‍ത്തോഡോക്‌സ് സഭയില്‍ അഞ്ചു പുരോഹിതര്‍ വിവാഹിതയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്. അവരില്‍ നാലു പുരോഹിതരുടെ പേരില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു.
കത്തോലിക്ക സഭയില്‍ ലൈംഗിക അപവാദത്തില്‍ പ്രതി ഒരു ബിഷപ്പായതുകൊണ്ടാണ് വാര്‍ത്തകള്‍ക്കു കോളിളക്കം സൃഷ്ടിക്കാന്‍ കാരണമായത്. ബിഷപ്പിനെതിരെ കുറ്റം ആരോപിച്ചത് ഒരു കന്യാസ്ത്രീയും. 2016 മുതല്‍ ജലന്ധറിലെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ കീഴിലുള്ള ഒരു കോണ്‍വെന്റിലെ കന്യാസ്ത്രിയെ പല കാലങ്ങളായി പതിമൂന്നു തവണകള്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷെ ഈ രണ്ടു കേസുകളിലെയും സഭാ നേതൃത്വങ്ങള്‍ കേസുകളെ മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട്ട് കന്യാസ്ത്രീകളുടെ മഠം വക അതിഥി മന്ദിരത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വെച്ച് കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്നാണ്, പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജലന്ധറില്‍ നിന്നും കൂടെ കൂടെ ബിഷപ്പ് അശ്‌ളീല സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും മഠത്തില്‍ വെച്ച് അവരെ പ്രകൃതി വിരുദ്ധത ഉള്‍പ്പടെ പതിമൂന്നു തവണകള്‍ പീഡിപ്പിച്ചുവെന്നും പീഡനം 2014 മുതല്‍ 2016 വരെയെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. 2014 മെയ് എട്ടാം തിയതി വൈദികരുടെ പട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് കാര്‍മ്മികനായിരുന്നു. അതിനുശേഷമാണ് കുറവിലങ്ങാട്ട് ബിഷപ്പ് താമസിക്കാന്‍ വന്നത്. തൊട്ടടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ കുടുംബത്തിലുള്ള ഒരു കുട്ടിയുടെ ആദ്യ കുര്‍ബാനയിലും ബിഷപ്പ് പങ്കുകൊണ്ടിരുന്നു. പീഡനം നടത്തിയ നാളുകളിലെല്ലാം ഫ്രാങ്കോ മഠത്തില്‍ താമസിച്ചിരുന്നതായുള്ള രേഖകള്‍ മഠം വക രജിസ്റ്ററില്‍നിന്നു പോലീസിനു ലഭിച്ചിട്ടുമുണ്ട്.
സ്ത്രീകള്‍ മാത്രം താമസിക്കാറുള്ള ഒരു മഠത്തിനുള്ളില്‍ ബിഷപ്പിന് താമസിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഫോണില്‍ക്കൂടി നിത്യം ബിഷപ്പിന്റെ ശല്യം സഹിക്ക വയ്യാതെ സന്യാസിനി ജീവിതം ഉപേക്ഷിക്കാനായും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായും പോലീസിനോടു ഇരയായ ഈ കന്യാസ്ത്രി പറഞ്ഞു. പള്ളി വികാരിയോട് പീഡന കഥകള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഈ വിവരം പാലാ ബിഷപ്പിനെ അറിയിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. പാലാ ബിഷപ്പ് കുറവിലങ്ങാട്ടുള്ള പള്ളി മേടയില്‍ വെച്ച് നേരിട്ട് കന്യാസ്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതിനുശേഷം താന്‍ അനുഭവിച്ചതായ പീഡന കഥകളെപ്പറ്റി കന്യാസ്ത്രി ആലഞ്ചേരിക്ക് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു. വിവരങ്ങള്‍ ഒന്നൊന്നായി സത്യാവസ്ഥകള്‍ സഹിതം പുറത്തു വന്നതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം നൂറ്റി അറുപത്തിനാലാം വകുപ്പനുസരിച്ചാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കന്യാസ്ത്രിയോട് മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ രഹസ്യ മൊഴി നല്‍കാനും പോലീസ് ആവശ്യപ്പെടുകയും അതനുസരിച്ച് അവര്‍ മൊഴി നല്‍കുകയും ചെയ്തു. കന്യാസ്ത്രീയുടെ കന്യകാത്വത്തെ അറിയാന്‍ വൈദ്യ പരിശോധന നടത്തിയതിലും പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡോക്ടറും സ്ഥിതീകരിച്ചു. പതിമൂന്നു തവണകള്‍ പീഡിപ്പിച്ച ദിനങ്ങളിലെല്ലാം ബിഷപ്പ് മഠത്തില്‍ വന്നതായി രജിസ്റ്റര്‍ ബുക്കില്‍ രേഖകളുമുണ്ട്. ഇക്കാലയളവില്‍ മഠത്തിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിന് അനുകൂലമായിരുന്നില്ല.
കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങള്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അറിയിച്ചിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ജലന്ധര്‍ രൂപതയിലെ ഒരു പുരോഹിതന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹം പറയുന്നു, 'കേരള കത്തോലിക്ക സഭകളുടെ തലവനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍നിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിച്ചു. അദ്ദേഹത്തിന് ഫോണ്‍ നമ്പറും ഇമെയിലും കൊടുത്തിരുന്നു. കന്യാസ്ത്രീയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുള്ള ഒരു മറുപടി പോലും ആലഞ്ചേരിയുടെ അരമനയില്‍ നിന്നും ലഭിച്ചില്ല. അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത് റോമില്‍ നിന്നാണ്. റോമ്മാ സഭയിലെ കര്‍ദ്ദിനാളെന്ന സ്ഥാനത്തിന്റെ പേരില്‍ ജലന്ധര്‍ ബിഷപ്പിനു മുകളില്‍ ആലഞ്ചേരിക്ക് തീര്‍ച്ചയായും ആദ്ധ്യാത്മിക അധികാരവും കാണേണ്ടതാണ്. എന്നാല്‍ അദ്ദേഹം സംസാരിക്കുന്നതെല്ലാം വസ്തുതകളെ മറച്ചുവെച്ചുകൊണ്ടായിരുന്നു. ചാനലുകാരുടെ മുമ്പില്‍ ഒന്നും അറിഞ്ഞില്ലാത്ത വിധം കാര്യ കാരണ വിരുദ്ധമായി സംസാരിക്കുകയും ചെയ്യുന്നു. റോമില്‍ നിന്ന് തുടങ്ങിയ സീറോ മലബാര്‍ സഭ നിരുത്തരവാദപരമായ ഒരു സമീപനമാണ് കന്യാസ്ത്രീയുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.'
ഒരു കന്യാസ്ത്രീയുടെ ജീവിതം തുടങ്ങുന്നത് കൂട്ടിനകത്ത് അടച്ചിട്ട കിളിയെപ്പോലെയാണ്. പല പുരോഹിതരും കന്യാസ്ത്രീകളെ വീക്ഷിക്കുന്നത് അവരുടെ ഭോഗ വസ്തുവായിട്ടും. സഭയെ വിശ്വസിച്ചേല്‍പ്പിച്ച പെണ്‍കുട്ടികളെ കന്യാസ്ത്രി മഠങ്ങളില്‍ ചിലര്‍ അധികാരത്തിന്റെ മറവില്‍ ചവുട്ടി മെതിക്കുകയാണ് ചെയ്യുന്നത്. വീടും സ്വന്തം മാതാപിതാക്കളെയും സഹോദരരേയും ഉപേക്ഷിച്ചുകൊണ്ടാണ് ഒരു പെണ്‍ക്കുട്ടി മഠത്തില്‍ ചേരുന്നത്. അങ്ങനെയുള്ള ഒരു കന്യാസ്ത്രീയുടെ ഹൃദയം തകര്‍ന്നുള്ള ശബ്ദമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പ്രതികരിച്ചത്.
ശബ്ദിക്കാന്‍ കഴിയാത്തവരെ അതിക്രമിച്ചു കീഴടക്കുകയെന്നതാണ്, അധികാരം കൈമുതലായുള്ള പുരോഹിതരുടെ നയം. സ്വന്തം കാമം പൂര്‍ത്തികരിക്കപ്പെട്ടശേഷം ഇവര്‍ പാവപ്പെട്ട കന്യാസ്ത്രീകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു മുതിര്‍ന്ന സിസ്റ്ററിനോട് ഇത്രമാത്രം അപകീര്‍ത്തികരമായ പ്രവര്‍ത്തികള്‍ ചെയ്ത ഈ ബിഷപ്പ് തീര്‍ച്ചയായും കൊച്ചു കന്യാസ്ത്രികളുടെയും കന്യകാത്വം അപഹരിച്ചു കാണും. സഭയ്ക്ക് അപകീര്‍ത്തികരമായ ലൈംഗിക കഥകള്‍ പുറത്തു വരുമെന്ന് ഭയപ്പെട്ട് 'ജലന്തര്‍ രൂപത', കന്യാസ്ത്രിയെയും കന്യാസ്ത്രീയുടെ കുടുംബത്തെയും ഭീക്ഷണിപ്പെടുത്തിയതായ വാര്‍ത്തകളും പുറത്തു വരുന്നു.
പണവും പ്രതാപവും അധികാരവുമില്ലാത്ത പാവപ്പെട്ട ഒരു സാധാരണ വ്യക്തി എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ യാതൊരു ദയാ ദാക്ഷണ്യവും ഇല്ലാതെ നിയമവും വ്യവസ്ഥിതികളും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യും. എന്നാല്‍ ഭാരതത്തില്‍ ബിഷപ്പിനും പുരോഹിതര്‍ക്കും മറ്റൊരു നിയമമാണ് നിലവിലുള്ളത്. പരാതി കൊടുത്ത കന്യാസ്ത്രിയെയും കുടുംബത്തെയും കേസില്‍ നിന്ന് പിന്‍വാങ്ങാനായി സമ്മര്‍ദ്ദവും കൊടുക്കുന്നുണ്ട്. കുറ്റക്കാരെ രക്ഷിക്കാന്‍ സഭ എത്ര പണം ചെലവാക്കിയും അധികാരികളെ പ്രീതിപ്പെടുത്തുകയും ചെയ്യും.
കന്യാസ്ത്രി മഠങ്ങളില്‍ പോയി കന്യാസ്ത്രീകളെ പീഡിപ്പിക്കുകയെന്നത് ജലന്ധര്‍ ബിഷപ്പിന്റെ വര്‍ഷങ്ങളായുള്ള പ്രവൃത്തികളായിരുന്നുവെന്ന് മറ്റു കന്യാസ്ത്രികളും ആരോപിക്കുന്നു. ഇന്ത്യയുടെ ശിക്ഷാ വിധിയനുസരിച്ച് ലൈംഗികാക്രമണ കേസുകളില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ അങ്ങനെയൊന്ന് നിയമവ്യവസ്ഥ പാലിക്കേണ്ടവരുടെ വശത്തുനിന്നും ഉണ്ടായില്ല. നിരപരാധികളെ സ്വന്തം വീട്ടില്‍നിന്നും പുറത്തിറക്കി ചവുട്ടി കൊല്ലാനുള്ള തന്റേടം പോലീസ് പ്രകടിപ്പിക്കാറുണ്ട്. കന്യാസ്ത്രിയുടെയും അവരുടെ സുഹൃത്തുക്കളായ കന്യാസ്ത്രികളുടെയും സ്വന്തം പിതാവിന്റെയും പരാതികള്‍ പോലീസിന്റെ കൈവശമുണ്ട്. പുരോഹിതര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ മതവും പൗരാഹിത്യവും അവരുടെ കുപ്പായങ്ങളും ദുരുപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ലെന്നുള്ള മട്ടില്‍ പെരുമാറുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും വിശ്വാസികള്‍ അഴിമതിക്കാരായ പുരോഹിതരോടും വിധേയത്വം പുലര്‍ത്തി അവരെ ദൈവതുല്യരായി കരുതുകയും ചെയ്യുന്നു. ചൂഷണവും പീഡനവും അനുഭവിക്കുകയെന്നത് അല്‌മെനികളുടെ മതപരമായ താല്പര്യത്തിനും ആവശ്യമാണ്. അതുകൊണ്ടു ബിഷപ്പിന് ഒരു നീതിയും സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയുമായിരിക്കും.
ഒരു പുരോഹിതന്‍ വ്യപിചാരക്കുറ്റത്തിനു പിടിക്കപ്പെട്ടാല്‍ സഭ കുറ്റം ചെയ്തവന്റെ പക്ഷത്തായിരിക്കും. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിക്ഷ്യരില്‍ ഒരാളായ യൂദാ പിഴച്ച കഥയും വിളമ്പും. കൂടാതെ അനേകം പുരോഹിതര്‍ നല്ലവരായി ജീവിക്കുന്ന മഹത്വവും മാതൃകയായി അവതരിപ്പിക്കും. പിഴച്ചു പോയ പുരോഹിതരല്ല ക്രിസ്തുവാണ് സഭയെന്നൊക്കെ പറഞ്ഞു വിശ്വാസികളുടെ കണ്ണില്‍ പൊടിയിടും. ഒരിക്കലും കുറ്റകൃത്യങ്ങള്‍ക്കു ബലിയാടാകുന്നവരുടെ പക്ഷം കൂടി സംസാരിക്കുന്ന ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. 2017 ഫെബ്രുവരിയില്‍ റോബിന്‍ വടക്കഞ്ചേരി എന്ന ലൈംഗിക കുറ്റവാളിയായ പുരോഹിതന്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ ഗര്‍ഭിണിയാക്കി. അയാള്‍ മാനേജരായിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു, ആ കുട്ടി. എന്നാല്‍ പോലീസ് കുറ്റവാളിയെപ്പറ്റി അന്വേഷണം നടത്തുന്ന വേളകളില്‍ അയാളുടെ കുറ്റകൃത്യങ്ങളെ മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടന്‍ മറച്ചു വെക്കാനാണ് ശ്രമിച്ചിരുന്നത്.
ഒരു പുരോഹിതനില്‍ നിന്നും അവിഹിത ബന്ധത്തില്‍ കുട്ടികളുണ്ടായാല്‍ അക്കാര്യം രഹസ്യമാക്കുവാന്‍ ഹോസ്പിറ്റലുകളും അനാഥാലയങ്ങളും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചാലും സഭാവക ഹോസ്പിറ്റലുകളോ അവിടുത്തെ ഡോക്ടര്‍മാരോ ഈ വിവരം അധികാരികളെ അറിയിക്കുകയുമില്ല. അവിഹിതമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കന്യാസ്ത്രികള്‍ എടുത്തുകൊണ്ടു പോയി സഭാവക അനാഥാലയങ്ങളില്‍ വളര്‍ത്തുകയും ചെയ്യും.
ക്രിസ്ത്യന്‍ സഭകളുടെ പ്രസിദ്ധീകരണമായ ശാലോം മാഗസിനില്‍ വന്ന വാര്‍ത്തയും വിചിത്രമായിരുന്നു. ലൈംഗിക കുറ്റാരോപണ വിധേയനായ ഫാദര്‍ റോബിനെ ന്യായികരിച്ചുകൊണ്ടുള്ള വാര്‍ത്തയായിരുന്നു അത്. ശാലോം മാസിക റോബിന്റെ കുഞ്ഞിനെ പ്രസവിച്ച കൗമാരക്കാരിയായ അമ്മയെ ഉപദേശിച്ചുകൊണ്ടു എഴുതി, 'മോളെ നിനക്ക് പതിനഞ്ചു വയസു കഴിഞ്ഞവളായിരുന്നു. എന്റെ മകളെപ്പോലെ നിന്നോട് ഞാന്‍ പറയട്ടെ, നീയും തെറ്റുകാരിയാണ്. ദൈവത്തിന്റെ മുമ്പില്‍ ആദ്യം ഉത്തരം പറയേണ്ടത് നീയായിരിക്കും. നീ ഫാദര്‍ റോബിനുമായി ലൈംഗിക ബന്ധം തുടര്‍ന്നപ്പോള്‍ അദ്ദേഹം ഒരു പുരോഹിതനായിരുന്ന കാര്യം നീ എന്തുകൊണ്ട് ചിന്തിച്ചില്ല? ദുര്‍ബല നിമിഷങ്ങളില്‍ ബലഹീനതകള്‍ ഏതു മനുഷ്യനും വന്നു ഭവിക്കാം. അദ്ദേഹം ഒരു പുരോഹിതനെന്ന കാര്യവും ഓര്‍ത്തുകാണില്ലായിരിക്കാം. പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുഞ്ഞേ നീ എന്തുകൊണ്ട് അദ്ദേഹത്തെ തടഞ്ഞില്ല! തെറ്റാണെന്ന് അദ്ദേഹത്തെ ബോധവല്‍ക്കരിച്ചുകൊണ്ടു തിരുത്തിയില്ല?'
2016 ഫെബ്രുവരിയില്‍ 'എഡ്വിന്‍ ഫിഗരേസ്' എന്ന പുരോഹിതന്‍! പതിന്നാലു വയസുള്ള ഒരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. 2015 ജനുവരിക്കും മാര്‍ച്ചിനും ഇടയ്ക്കായിരുന്നു അയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന് അയാള്‍ക്ക് ഇരട്ടി ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ഒമ്പതു വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 2014ല്‍ തൃശൂരുള്ള 'രാജു കൊക്ക'നെന്ന മറ്റൊരു പുരോഹിതനെയും അറസ്റ്റ് ചെയ്തിരുന്നു. ആദ്യകുര്‍ബാനയ്ക്കുള്ള ഡ്രസ്സിന്റെ അളവെടുക്കുന്ന വ്യാജേനയാണ് ഈ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. 2016ല്‍ കോയമ്പത്തൂരില്‍ ഫാദര്‍ ആരോഗ്യ രാജിനെ പ്രായപൂര്‍ത്തിയാകാത്ത പതിനേഴു വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നു കളഞ്ഞതിലും അറസ്റ്റു ചെയ്തു. നാളിതു വരെയായിട്ടും കേരള ഹൈക്കോടതി കേസിനു യാതൊരു തീരുമാനവും എടുത്തിട്ടില്ല. 2013ല്‍ ദുരൂഹ സാഹചര്യത്തില്‍ ഈ പെണ്‍കുട്ടി ഫാദര്‍ ആരോഗ്യ രാജിന്റെ മുറിയില്‍ മരിച്ചുകിടക്കുന്നതായിരുന്നു കണ്ടത്. ആദ്യം ഈ കേസ് ആത്മഹത്യയായി വരുത്തി വെച്ചു. എന്നാല്‍ കുട്ടിയുടെ അമ്മയുടെ തീവ്ര പരിശ്രമം മൂലം അതൊരു കൊലപാതകമെന്നും തെളിഞ്ഞു. പുരോഹിതന്‍ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നു സമ്മതിച്ച പ്രകാരം പൗരാഹിത്യത്തിന്റെ ചുമതലകളില്‍ നിന്നും അയാളെ മാറ്റുകയും ചെയ്തു.
മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റിലുണ്ടായിരുന്ന യുവ കന്യാസ്ത്രിയായ 'സിസ്റ്റര്‍ അനിതയുടെ' പരാതിയും വാര്‍ത്തകളില്‍ പ്രാധാന്യം നേടിയിരുന്നു. 2011ല്‍ അവര്‍ ഒരു ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്ന സമയം ഒരു പുരോഹിതന്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ നിന്നുകൊടുത്തില്ല. അതിന്റെ പേരില്‍ ആ പുരോഹിതന്‍ കന്യാസ്ത്രിയ്‌ക്കെതിരെ അധികാരം ഉപയോഗിച്ച് പലവിധ മാനസിക പീഡനങ്ങളും നല്കിപ്പോന്നു. കാമഭ്രാന്തു പിടിച്ച ആ പുരോഹിതന്റെ പീഡന വിവരം അധികാരികളെ അറിയിച്ചതിന് എല്ലാവിധ സഹനങ്ങളും ആ യുവ കന്യാസ്ത്രിക്ക് മഠത്തിലെ സഹ സിസ്‌റ്റേഴ്‌സില്‍നിന്നും സഹിക്കേണ്ടി വന്നു. അതിന്റെ പേരില്‍ ഇറ്റലിയിലേക്ക് അവര്‍ക്കു സ്ഥലം മാറ്റം കൊടുക്കുകയും ചെയ്തു. അവിടെയും ഇതിന്റെ പേരില്‍ കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പാതിരാത്രിക്ക് യുവതിയായ ഈ കന്യാസ്ത്രിയെ മഠത്തില്‍ നിന്നു ഇറക്കി വിടുകയുമുണ്ടായി. ചില മലയാളി സംഘടനകളുടെ സഹായത്തോടെ അവര്‍ ഇന്ത്യയില്‍ മടങ്ങി വന്നു. അവരുടെ ആലുവായിലുള്ള മഠം അവരെ അകത്തു കയറാന്‍ അനുവദിക്കാതെ വീണ്ടും പുറത്താക്കുകയും ചെയ്തു. കൊണ്ടുവന്ന പെട്ടിയും കിടക്കയും പുറത്തേക്ക് അവിടുത്തെ ക്രൂരരായ കന്യാസ്ത്രികള്‍ വലിച്ചെറിഞ്ഞു. സിസ്റ്റര്‍ അനിത കോണ്‍വെന്റിനു മുമ്പില്‍ നിരാഹാര സത്യാഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം രൂപത ഇതില്‍ ഇടപെടുകയുണ്ടായി. പന്ത്രണ്ടു ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീര്‍പ്പിലാക്കുകയും ചെയ്തു.
മാടത്തരുവി കേസും അഭയാ കേസും സഭയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദപരമായ രണ്ടു കേസുകളായിരുന്നു. മാടത്തരുവി കേസ്സില്‍ മറിയക്കുട്ടിയെന്ന വിധവയായ സ്ത്രീയെ ഫാദര്‍ ബെനഡിക്ക്റ്റ് കത്തികൊണ്ട് കുത്തി കൊന്നശേഷം മൃതദേഹം റാന്നിയ്ക്കടുത്തുള്ള മാടത്തരുവില്‍ ഉപേക്ഷിച്ചു. ഈ കേസില്‍ കീഴ്‌കോടതി അയാളെ തൂക്കാന്‍ വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ സുപ്രസിദ്ധനായ വക്കീല്‍ 'ചാരി'യുടെ വാദത്താല്‍ ബെനഡിക്റ്റ് മോചിതനാവുകയും ചെയ്തു. ബെനഡിക്റ്റ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയില്ലെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നിരുപാധികം മോചിപ്പിക്കുന്നുവെന്നായിരുന്നു വിധി.
1992ല്‍ സിസ്റ്റര്‍ അഭയ എന്ന ഇരുപതു വയസുകാരി കോട്ടയം പയസ് മൗണ്ടിലുള്ള കിണറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തെ പോലീസ് ഈ കേസ് ഒരു ആത്മഹത്യയാക്കി മാറ്റി കേസ് ഇല്ലാതാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം 1993ല്‍ കേസ് വീണ്ടും പുനാരാരംഭിച്ചു. സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഫാദര്‍ പുതൃക്കയിലും ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു. കുറ്റവാളികളെന്നു കരുതുന്ന ഇവര്‍ മൂവരെയും അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ബി.ഐ.യുടെ അന്വേഷണത്തില്‍ ഈ രണ്ടു പുരോഹിതരും ഒന്നിച്ച് സിസ്റ്റര്‍ സെഫിയുമായി പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നത് സിസ്റ്റര്‍ അഭയ കണ്ടുവെന്നായിരുന്നു. സിസ്റ്റര്‍ സെഫി കോടാലിയുടെ കൈകൊണ്ട് സിസ്റ്റര്‍ അഭയയുടെ തലക്കിട്ടു അടിച്ചുവെന്നും സി.ബി.ഐ. കരുതുന്നു. അതിനു ശേഷം പുരോഹിതരും കന്യാസ്ത്രിയുംകൂടി അഭയായെ കിണറ്റില്‍ തള്ളിയെന്നും അനുമാനിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീണ്ട ഒരു കുറ്റാന്വേഷണ ചരിത്രമാണിത്. ആ കേസ് ഇന്നും കോടതിയില്‍ തീരുമാനമാകാതെ കിടക്കുന്നു.
സഭയ്ക്കുള്ളിലെ പീഡനങ്ങള്‍മൂലം ബലിയാടാകുന്നവര്‍ മറ്റാരോടും പറയാതെ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന സിസ്റ്റര്‍ ജെസ്മി 'ആമേന്‍' എന്ന തന്റെ ആത്മകഥയില്‍ പുരോഹിതരുടെ ലൈംഗിക അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കോണ്‍വെന്റിലെ സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രികളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുരോഹിതരുമൊത്തുളള ലൈംഗികതയില്‍ ഏര്‍പ്പെടുന്ന കന്യാസ്ത്രികളും അവരുടെ മറ്റു ബന്ധങ്ങളും ജെസ്മിയുടെ പുസ്തകത്തിലുണ്ട്. 178 പേജുകളുള്ള ഈ പുസ്തകം സഭയ്ക്കുള്ളിലും പുറംലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിസ്റ്റര്‍ മേരി ചാണ്ടിയുടെ 'നന്മ നിറഞ്ഞവരേ സ്വസ്തി'യെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍നിറഞ്ഞ ജീവിതകഥയാണ്. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗിക വാര്‍ത്തകളുമായി ഗ്രന്ഥപ്പുരയില്‍ ഈ പുസ്തകം സ്ഥാനം പിടിച്ചു കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതില്‍ക്കെട്ടിനുള്ളില്‍, ജീവിതം ഹോമിച്ച് സന്യാസിനീജീവിതം ഉപേക്ഷിച്ച മേരി ചാണ്ടിയുടെ സ്വാനുഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങളെല്ലാം സാധാരണ പുറത്തു വരുന്നതിനുമുമ്പു ആ കഥതന്നെ നാമാവിശേഷമാകും. അരമനക്കു പണം ഉള്ളടത്തോളംകാലം കന്യാസ്ത്രീമതില്‍ക്കെട്ടിലുള്ളിലെ അരമനരഹസ്യങ്ങളും ക്രൂരതകളും തുടരുക തന്നെചെയ്യും. അസഹ്യമായ അപമാനത്തിന്റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെണ്‍കുട്ടികള്‍ ആശ്രമത്തില്‍!നിന്നും രക്ഷപ്പെട്ട് ഒളിച്ചോടുന്നു. മറ്റു ചിലര്‍ ആത്മഹത്യ ചെയ്യുന്നു. പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രീവളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ !കുറ്റവാളിയായ പുരോഹിതനൊപ്പമേ സഹകന്യാസ്ത്രീകളും നില്‍ക്കുകയുള്ളൂ.
മേരി ചാണ്ടിയുടെ ജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആറാംവയസ്സുമുതല്‍ യേശുവിനെമാത്രം ഹൃദയത്തിലെന്നും താലോലിച്ചുനടന്ന ഈ സഹോദരിയെ ഒരു പുരോഹിതന്‍ ബലാല്‍സംഗം ചെയ്യാനായി ശ്രമിച്ചതും സംഭവിക്കരുതാത്ത ഒരു അനുഭവം ആയിരുന്നു. !തന്റെ ചാരിത്രത്തിനു കളങ്കം വരുത്തുവാന്‍ ശ്രമിച്ച അയാളെ മേരി നല്ലവണ്ണം കൈകാര്യം ചെയ്തു. പുരോഹിതന്‍ എന്തു തെറ്റുചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമവും കന്യാസ്ത്രി മഠങ്ങളിലുണ്ടായിരുന്നു. അന്നു മേരിക്കു പ്രായം ഇരുപതുവയസ്സു മാത്രം. ചേവായൂര്‍മഠം ആശ്രമത്തിലാണു ബലാല്‍സംഗത്തിനു പുരോഹിതന്‍ തുനിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ കുര്‍!ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം. പുരോഹിതന്റെ കള്ളനോട്ടം കണ്ടപ്പോഴേ മേരി വിറക്കുവാന്‍ തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണം കൊടുക്കാതെ പിന്‍!വാങ്ങാന്‍ ശ്രമിച്ചു. പുരോഹിതന്‍, !കസേരയില്‍നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. 'മേരി നിനക്ക് ഇതൊക്കെ അറിയില്ലേ' എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടമര്‍!ത്തി. തന്റെ നിലവിളിച്ചുള്ള കരച്ചിലിന് ആരും ചെവികൊടുത്തില്ല. അയാളില്‍നിന്നും വിടുവിച്ച് ഓടിയ ഈ സഹോദരിയുടെ പിന്നാലെ പിടിക്കുവാന്‍ അയാള്‍ വീണ്ടും വന്നു. അപ്പോഴാണു കയ്യില്‍കിട്ടിയ സ്റ്റൂള്‍വെച്ച് നിര്‍ദ്ദയമായി പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെ നെറ്റിത്തടത്തില്‍നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. മേരിയെ മഠം അധികാരികള്‍ ദ്രോഹിയായും കുറ്റവാളിയായും ചിത്രീകരിച്ചു.
ജെസ്മിയുടെ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത് !'ഒരു സ്ത്രീയുടെ ചാരിത്രം കവര്‍!ന്നെടുത്താല്‍, ലൈംഗികമായി പീഡിപ്പിച്ചാല്‍! പ്രതികരിക്കുന്നവരില്ലേ? ആയിരത്തിലൊരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസ്സഹായരായ അവര്‍ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാല്‍, സന്യാസിനിജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു.'
ബിഷപ്പ് ഫ്രാങ്കോയുടെ ഇരയായ കന്യാസ്ത്രീ കരഞ്ഞു. ചാരിത്രവ്രതം നഷ്ടപ്പെട്ടതില്‍ ഒറ്റക്കും കരഞ്ഞു. ഒരു തീരുമാനത്തിനായി മുട്ടാവുന്ന വാതിലുകള്‍ എല്ലാം അവര്‍ മുട്ടി. സഭയുടെ മൗനം മാത്രമായിരുന്നു അവര്‍ക്കുള്ള മറുപടി. പൂര്‍വികരുടെ അദ്ധ്വാനഫലവും പിടിയരിയും കൊടുത്തു സമ്പാദിച്ച സ്വത്തുക്കള്‍ പുരോഹിതരുടെ ലൈംഗിക പീഡന കേസുകള്‍ക്കായി ചെലവഴിക്കുന്ന കാഴ്ചകളാണ് ഇന്ന് കേരള കത്തോലിക്ക സഭയില്‍ കാണുന്നത്. മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും അഭയാക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത അള്‍ത്താരപ്പണം കുറ്റവാളികളായ പുരോഹിതര്‍ക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു. പണവും പ്രതാപവും പിടിപാടും കാരണം ഈ രണ്ടു കേസുകളിലും ഉള്‍പ്പെട്ടിരുന്ന പുരോഹിതര്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയെ തന്നെ വിലയ്ക്കു വാങ്ങുകയും ചെയ്തു. ബെനഡിക്റ്റ് ഓണംകുളവും, സെഫിയും, കൊട്ടൂരും പുതൃക്കയുമെല്ലാം കുറ്റക്കാരെന്ന് യുക്തിപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് അറിയാമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതരുടെ നെയ്‌തെടുത്ത നുണകളേ വിശ്വസിക്കുള്ളൂ. അതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും വിശുദ്ധ നുണകള്‍കൊണ്ട് വിശ്വാസികളെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു.
പൂച്ചക്ക് മീന്‍ കുട്ട കാവല്‍ !!!!!!!!!!!!!!!!
വിശ്വാസി
പൂചാരിയെ അച്ചന്‍ എന്ന് വിളിച്ചു
കന്യ സ്ത്രിയെ അമ്മ എന്നു വിളിച്ചു
അനാഥ ആലയങ്ങളും ഉണ്ടാക്കി.
ആര്‍ ആരെ പഴി ചാരാന്‍ ?????
andrew
The cave dweller would have been a gloomy one!
but the thrust for the quest might have kept him alive.
The Quest might have enabled him to escape from what he is and roam in imagination through the valleys and hills and meadows of life experience. Then he felt his difference, the difference from other animals, then he turned his quest towards the sky. Then his awe-inspiring wonder woke up his superego. There it is; he created the sky god. But his ego shadowed the quest in all his wanderings and whispered to him 'why; why you cannot be the god'.
Hey why not, if you can create a god you can be one too. You are the mighty father god.
90 Lord, thou hast been our dwelling place in all generations.
2 Before the mountains were brought forth, or ever thou hadst formed the earth and the world, even from everlasting to everlasting, thou art God.
3 Thou turnest man to destruction; and sayest, Return, ye children of men.
4 For a thousand years in thy sight are but as yesterday when it is past, and as a watch in the night.
5 Thou carriest them away as with a flood; they are as a sleep: in the morning they are like grass which groweth up.
6 In the morning it flourisheth, and groweth up; in the evening it is cut down, and withereth.
7 For we are consumed by thine anger, and by thy wrath are we troubled.
8 Thou hast set our iniquities before thee, our secret sins in the light of thy countenance.
9 For all our days are passed away in thy wrath: we spend our years as a tale that is told.