Image

മാവോയിസവും വേട്ടകളും ഏറ്റുമുട്ടലുകളും (ജോസഫ് പടന്നമാക്കല്‍)

Published on 10 November, 2019
മാവോയിസവും വേട്ടകളും ഏറ്റുമുട്ടലുകളും (ജോസഫ്  പടന്നമാക്കല്‍)
ജനകീയ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍നിന്നും  സായുധ വിപ്ലവത്തില്‍ക്കൂടി ഭരണാധികാരം  പിടിച്ചെടുക്കുകയെന്നതാണ് മാവോ സിദ്ധാന്തത്തിന്റെ അത്യന്തികമായ ലക്ഷ്യം. ജനാധിപത്യത്തിന്റെ ഭാഷ ഇവര്‍ക്ക് സ്വീകാര്യമല്ല. തീവ്രചിന്തകള്‍  അവരെ പിന്തുണയ്ക്കുന്നവരിലും അണികളിലും സ്വാധീനം ചെലുത്തുന്നു. ലക്ഷ്യം നേടാന്‍ അക്രമ മാര്‍ഗങ്ങളും കൈക്കൊള്ളാറുണ്ട്. കമ്മ്യുണിസത്തിന്റെ ഉപജ്ഞാതാവ് മാവോ സേതുങ്ങിനെയാണ് മാതൃകയാക്കുന്നതെങ്കിലും മാവോ പോലും സങ്കല്പിക്കാത്ത പ്രവര്‍ത്തനമേഖലകളാണ്  ഇവര്‍  അനുവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ശക്തിമത്തായ മാവോഗ്രുപ്പിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ്' എന്ന് വിളിക്കുന്നു. 1967ല്‍ പാസാക്കിയ നിയമം അനുസരിച്ച് ഈ സംഘടന നിയമാനുസൃതമല്ലാത്ത ഭീകര സംഘടനയായി കരുതുന്നു. 2004മുതല്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള മാവോയിസ്റ്റുകള്‍  കേന്ദ്രീകൃതമായ അവരുടെ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാര്‍ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. ഓരോ വിപ്ലവകാരിയും കലാപമുന്നണികളില്‍ പോരാടാന്‍ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡല്‍ യുദ്ധത്തില്‍ അവര്‍ക്ക് സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള സാമൂഹിക, ഭരണ വ്യവസ്ഥിതികളെയും സമൂലമായി എതിര്‍ത്തുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകളില്‍ ധാരാളം സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ കാലങ്ങളില്‍ മാവോയിസ്റ്റുകള്‍ ആഭ്യന്തര സുരക്ഷിതത്വത്തിന് ഒരു ഭീക്ഷണിയായിരുന്നില്ല. എന്നാല്‍ കാലക്രമേണ ഏതാനും സ്റ്റേറ്റുകളില്‍ ആദിവാസികളുടെയിടയില്‍ മാവോ സിദ്ധാന്തങ്ങള്‍ ശക്തി പ്രാപിച്ചു വന്നു. സാധാരണ ഗതിയില്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല. അതുമൂലം സ്റ്റേറ്റിന്റെ സ്ഥാപനങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്തുകൊണ്ടിരുന്നു. ഇത് അവസരമാണെന്നു കണ്ട മാവോയിസ്റ്റുകള്‍ സര്‍ക്കാരിനു ബദലായുള്ള ഭരണ സംവിധാനങ്ങള്‍ രൂപീകരിക്കുകയും ആദിവാസികളുടെയിടയില്‍ ഭീക്ഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അധികാരമുറപ്പിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നിലവിലുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളില്‍നിന്നും മാറി സാമ്രാജ്യത്വ ശക്തികള്‍ക്കൊപ്പമെന്ന് മാവോയിസ്റ്റുകള്‍ ചിന്തിക്കുന്നു. മാവോയിസ്റ്റുകളുടെ മറ്റൊരു പേരാണ് നക്‌സലിസം. അവര്‍ ലോകത്തെയും സമൂഹത്തെയും വീക്ഷിക്കുന്നത് മാര്‍ക്‌സിയന്‍ ചിന്താഗതികളില്‍ക്കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം മുഴുവന്‍ അരക്ഷിതാവസ്ഥയിലായിരുന്നു. തൊഴിലില്ലായ്മയും രൂക്ഷമായ സാമ്പത്തിക ഞെരുക്കങ്ങളുമുള്ള കാലത്ത് മാര്‍ക്‌സിയന്‍ ചിന്തകള്‍ ലോകത്ത് നവോദ്ധാനം സൃഷ്ഠിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഇന്നും മാവോകള്‍ ചിന്തിക്കുന്നത് ലോകം മുഴുവന്‍ വലിയ വിപ്ലവത്തിന്റെ വക്കിലെന്നാണ്. ദക്ഷിണേഷ്യയില്‍ ആകെ അരാജകത്വം നിറഞ്ഞ വിപ്ലവം മുന്നേറുന്നുവെന്നും ചിന്തിക്കുന്നു. സാമ്രാജ്യത്വം അവസാനിച്ച് കൊടികുത്തി വാഴാമെന്നാണ് അവര്‍ കരുതുന്നത്. സാമ്രാജ്യ ശക്തിയായ അമേരിക്കയെ തകര്‍ക്കുമെന്നാണ്, മാവോകള്‍ വീമ്പടിക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും ശ്രീലങ്കയും ഇന്ന് അമേരിക്കയുടെ സൗഹാര്‍ദ രാജ്യങ്ങളാണ്. പാകിസ്ഥാന് അമേരിക്കയുടെ സഹായമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കില്ല. ഒരു സായുധ വിപ്ലവത്തില്‍ കൂടി ഈ രാജ്യങ്ങള്‍ കീഴടക്കി അമേരിക്കന്‍ സാമ്രാജ്യത്വം ഇല്ലാതാക്കാമെന്ന ഭൂതിയാണ് മാവോ വാദികള്‍ക്കുള്ളത്. സാമ്രാജിത്വവും നാറ്റോയും ഇന്ന് ലോകത്തിലുള്ള ഏതു ഭീക്ഷണികളും നേരിടാന്‍ ത്രാണിയുള്ളവരാണ്. മാവോയിസ്റ്റുകള്‍ സാമ്രാജ്യത്തെ തൂത്തെറിയാന്‍ പോവുന്നതു എവിടെയെന്നും വ്യക്തമല്ല.

സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ  ശക്തമായ ബുര്‍ഷാ സമ്പ്രദായമുള്ള രാജ്യമായിട്ടായിരുന്നു വളര്‍ന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ അടിത്തറ ഇന്ത്യയില്‍ നന്നായി വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികസനത്തെ മാവോയിസ്റ്റുകള്‍ നിഷേധിക്കുന്നു. മുതലാളിത്വ കാര്‍ഷിക നയങ്ങളെ തകര്‍ക്കുകയെന്നതും മാവോയിസ്റ്റ് ചിന്താഗതിയിലുള്ളതാണ്. ലഷ്ക്കറുപോലെ ഭീകര സംഘടനയായിട്ടാണ് മാവോയിസ്റ്റുകളെ കരുതിയിരിക്കുന്നത്. ലഷ്ക്കറും ഹുജിയും നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രത്യേകമായ ഒരു പ്രത്യേയശാസ്ത്രമില്ല. എന്നാല്‍ മാവോയിസ്റ്റുകളുടെ കാര്യം വ്യത്യസ്തമാണ്. അവര്‍ക്ക് രാജ്യഭരണം കൈക്കലാക്കണമെന്ന ലക്ഷ്യമാണുള്ളത്. മാവോയുടെ പ്രത്യേയശാസ്ത്രവും പിന്തുടരുന്നുവെന്നു അവര്‍ അവകാശപ്പെടുന്നു

മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ അനുദിനമെന്നോണം ശക്തി പ്രാപിക്കുന്ന വാര്‍ത്തകളാണ് നാം  മാദ്ധ്യമങ്ങളില്‍ക്കൂടി അറിയുന്നത്. ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും 1960 കളില്‍ മാവോയിസ്റ്റുകള്‍ രൂപം പ്രാപിച്ചു. ഇന്ത്യയിലെ യഥാര്‍ത്ഥമായ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ തങ്ങളുടേതു മാത്രമെന്ന് അവര്‍ അവകാശപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കുകയെന്നാണ് ലക്ഷ്യം. ഒപ്പം സാമ്രാജിത്വവും ഫ്യൂഡലിസവും നശിക്കുകയും വേണം. അതിനായി  ജനങ്ങളെ അണിനിരത്തിക്കൊണ്ട് വിപ്ലവപ്രസ്ഥാനങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തിനായി അനുപേക്ഷണീയങ്ങളായ സാധനസാമഗ്രികളും ആയുധങ്ങളും കൈക്കലാക്കി അധികാരം പിടിച്ചെടുക്കാന്‍ മാവോകള്‍ തന്ത്രപൂര്‍വം ജനങ്ങളെയും ഇളക്കിക്കൊണ്ടിരിക്കുന്നു. ലഖുലേഖകള്‍ വഴി മാവോയിസം പ്രചരിപ്പിക്കുകയും സമത്വ സുന്ദരമായ 'ഒരു നാളെ' വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. രക്തപങ്കിലമായ ഒരു വിപ്ലവത്തിന് നേതൃത്വവും നല്‍കുന്നു. രാജ്യത്തിന്റെ അധികാര ധ്രുവീകരണത്തിനായി കലാപവും ഹിംസയും അക്രമവും മാര്‍ഗങ്ങളായി സ്വീകരിക്കുന്നു. ഓരോ വിപ്ലവകാരിയും പോരാടാന്‍ ആയുധങ്ങളും ധരിക്കും. ഗറില്ലാ മോഡല്‍ യുദ്ധത്തില്‍ അവര്‍ക്ക് സായുധ പരിശീലനം ലഭിച്ചുകൊണ്ടിരിക്കും. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെയും ഭരണ സംവിധാനങ്ങളെയും സമൂലമായി എതിര്‍ത്തുകൊണ്ടുമിരിക്കുന്നു. പട്ടാള അട്ടിമറിയിലൂടെ, സായുധ മിലിട്ടറി സന്നാഹങ്ങളോടെ അധികാരം കൈക്കലാക്കണമെന്ന് ജനങ്ങളെ ബോധ്യമാക്കിക്കൊണ്ടുമിരിക്കുന്നു.

പാര്‍ട്ടിയുടെ ആന്തരീക ചട്ടക്കൂട് ഇന്ന് വളരെ ശക്തമാണ്. വിദേശശക്തികളായ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങള്‍ ഇന്ത്യയില്‍ മാവോയിസം പ്രചരിപ്പിക്കുന്നതിന് വഴിയുമൊരുക്കുന്നു.  മാവോ സംഘടനകള്‍ ശക്തി പ്രാപിച്ച് ഏകദേശം ഇരുപത് സ്റ്റേറ്റുകളിലോളം പ്രവര്‍ത്തിക്കുന്നുണ്ട്. ജാര്‍ഖണ്ഡ്, ഒറീസ, ബിഹാര്‍ എന്നീ സ്റ്റേറ്റുകളില്‍ ബലവത്തായ മാവോ സംഘടനകളുണ്ട്. വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, എന്നിവടങ്ങളില്‍ മാവോയിസം ഭാഗികമായി നിലനില്‍ക്കുന്നു.   യുപിയിലും എംപിയിലും നുഴഞ്ഞു കയറാന്‍ തുടങ്ങിയിരിക്കുന്നു. ആന്ധ്രപ്രദേശില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളില്‍ ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.  മാവോ വാദികള്‍ കേരളവും, കര്‍ണാടകയും തമിഴ് നാടും പടിഞ്ഞാറും കിഴക്കുമുള്ള സ്‌റ്റേറ്റുകളുമായി ബന്ധങ്ങള്‍ പുലര്‍ത്തുന്നു. ആസ്സാം, അരുണാചലപ്രദേശങ്ങളില്‍! പ്രതീക്ഷിക്കാതെയുള്ള ആക്രമണങ്ങളും കടന്നാക്രമണങ്ങളും സാധാരണമാണ്.

ഇന്ത്യയില്‍ ഇങ്ങനെ ഒരു പ്രസ്ഥാനം എന്തുകൊണ്ടു, എങ്ങനെ  വളര്‍ന്നുവെന്നതും ചിന്തിക്കേണ്ടതുണ്ട്. കമ്മ്യുണിസം വളര്‍ന്ന നാടുകളിലെല്ലാം അരാജകത്വവും വിഭാഗിതയും ആദ്യകാലങ്ങളില്‍ സംഭവിക്കാറുണ്ടായിരുന്നു.  റഷ്യയില്‍ ലെനിന്‍ ഭരിക്കുന്ന നാളുകളില്‍ രാജ്യത്ത് താറുമാറായ ജനജീവിതമായിരുന്നുണ്ടായിരുന്നത്. അത്, ബുര്‍ഷാകളുടെ കൈകളില്‍ നിന്നും അധികാരമേറ്റശേഷം ജനങ്ങളില്‍ ബുര്‍ഷ ചിന്താഗതികള്‍ അടിഞ്ഞു കൂടിയിരിക്കുന്നതായിരുന്നു കാരണം. അതിന്റെ ഫലമായി ലെനിനിസ്റ്റ് മാര്‍ക്‌സിസത്തിന്റെ ബുര്‍ഷാ  ചിന്താഗതികളില്‍ നിന്നും മോചനം നേടി ചൈനയില്‍ മാവോ സിദ്ധാന്ധം രൂപമെടുത്തു. ഇന്ത്യയില്‍ 1960 മുതല്‍ തീവ്ര മാര്‍ക്‌സിയന്‍ മാവോ സിദ്ധാന്തങ്ങള്‍ വേരൂന്നാന്‍ തുടങ്ങി. അടുത്ത കാലത്തായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ചിന്തിക്കുമ്പോള്‍ ഈ സംഘടനയെയും ഭീകരരായി കരുതാവുന്നതാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഇവര്‍ അക്രമാസക്തരായി ഭീകരാക്രമണങ്ങള്‍ നടത്തുന്നു. എന്നിരുന്നാലും മാവോയിസ്റ്റുകളെ അടിസ്ഥാനപരമായി ഭീകരരായി കണക്കാക്കാനും സാധിക്കില്ല. അവരുടെ ചരിതം ഇടതു പക്ഷത്തിന്റെ പ്രത്യേയ ശാസ്ത്രം തന്നെയാണ്.

1980കളില്‍ ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും മാവോയിസ്റ്റുകള്‍ക്കു ലഭിച്ചുകൊണ്ടിരുന്നത് ശ്രീ ലങ്കന്‍ എല്‍.റ്റി.റ്റിയില്‍ നിന്നായിരുന്നു. മാവോയിസ്റ്റുകള്‍ എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞെന്നും  സാംസ്ക്കാരിക വിപ്ലവം ഇന്ത്യയാകെ മുഴങ്ങുന്നുവെന്നും മാവോയിസത്തിന്റെ വസന്തം വന്നെത്തിയെന്നും, അധികാരത്തില്‍ വരാന്‍പോവുന്നുവെന്നുമൊക്കെയുള്ള പൊള്ളയായ വാദങ്ങളും ഇവര്‍ മുഴക്കാറുണ്ട്. അത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും യാഥാര്‍ഥ്യമാവുകയുമില്ല.

മാവോയിസ്‌റ് പാര്‍ട്ടിക്ക് ഒരു സെന്‍ട്രല്‍ കമ്മിറ്റി, കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കേന്ദ്ര നിര്‍വാക സമിതി, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ എന്നീ ഘടകങ്ങളുണ്ട്. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ കീഴിലാണ് നരഹത്യകളും ഒളിക്കൊലകളും നടത്തുന്നത്. ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാന്‍ പ്രത്യേക പ്രസിദ്ധീകരണ ശാലകളുമുണ്ട്. ഗറില്ലാ പട്ടാളത്തെ നിയന്ത്രിക്കാനും  ഡിപ്പാര്‍ട്ടമെന്റ് ഉണ്ട്. സ്റ്റേറ്റ്' ലവലിലും മിലിറ്ററി കമ്മിഷന്‍ ഉണ്ട്. ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംഘടന ശക്തിയായി പ്രവര്‍ത്തിക്കുന്നു. വിപ്ലവകാരികളെ തെരഞ്ഞെടുക്കാനും ഓഫിസുകളുണ്ട്. ആത്മരക്ഷയും അതുപോലെ സ്വയം പ്രതിരോധത്തിനായുമുള്ള പ്രായോഗിക പരിശീലനവും മാവോയിസ്റ്റുകള്‍' തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നു.

ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റുകളെ പിടികൂടിയാല്‍ അവര്‍ക്ക് ശക്തമായ നിയമ പരിരക്ഷ നല്‍കാനുള്ള ഭരണ വിഭാഗങ്ങളുമുണ്ട്. രഹസ്യാന്വഷണ മേഖലയിലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കും പ്രൊഫഷണലായവരെ റിക്രൂട്ട് ചെയ്യുന്നു. ഫണ്ട് ശേഖരിക്കലിനു സമൂഹത്തില്‍ സ്വാധീനമായുള്ളവര്‍ മുന്‍കൈയെടുക്കുന്നു. വിപ്ലവകാരികള്‍ക്ക് നിയമ സഹായം, സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങള്‍ മുതലായവകള്‍ തയ്യാറാക്കി കൊടുക്കുന്നു.

മാവോയിസ്റ്റുകള്‍ 2004 മുതല്‍ ഇന്നുവരെ പതിനായിരത്തില്‍പ്പരം സിവിലിയന്‍സിനെ കൊന്നൊടുക്കിയിട്ടുണ്ട്. അവരുടെ പരമമായ ലക്ഷ്യം രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുകയാണെങ്കിലും സാധാരണക്കാരായ പൗരന്മാരെ വധിക്കുന്ന വാര്‍ത്തകളും ദിനംപ്രതി കേള്‍ക്കുന്നു. തങ്ങളര്‍പ്പിക്കുന്ന ആദര്‍ശങ്ങളെ പിന്തുടരാത്തവരെയാണ്, അവര്‍ ലക്ഷ്യമിടുന്നത്.  അവരുടെ  രഹസ്യ പദ്ധതികളെ  മനസിലാക്കി വിവരങ്ങള്‍ പൊലീസിനു നല്‍കിക്കൊണ്ട് അവരെ ഒറ്റികൊടുക്കുന്നവരെയും ഇല്ലാതാക്കാന്‍ ശ്രമിക്കും.  കൊല ചെയ്യുന്നതും പോലീസുകാര്‍, ബുര്‍ഷാകള്‍, രാഷ്ട്രീയ ശത്രുക്കള്‍ മുതല്‍പേരുള്ള വര്‍ഗ ശത്രുക്കളെയായിരിക്കും. തൊഴിലാളികളോട് നീചമായി പെരുമാറുന്നവരുടെയും വിവരങ്ങള്‍  ശേഖരിച്ചിരിക്കും. ഇങ്ങനെ നിഷ്കളങ്കരായവരെയും അവരുമായി ഒത്തു പ്രവര്‍ത്തിക്കുന്നവരെയും കൊല്ലുകയെന്നതും അവരുടെ അജണ്ടയാണ്. ഒടുവില്‍ അധികാരം പിടിച്ചെടുക്കാന്‍ രാഷ്ട്രീയത്തിലെ പ്രമുഖരെയും അധികാരത്തിലിരിക്കുന്നവരെയും വധിക്കാനുള്ള ലിസ്റ്റും തയ്യാറാക്കും.

മാവോയിസ്റ്റുകള്‍ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കുന്നതു സാധാരണമാണ്. സ്കൂളുകളിലെ പഠനംമൂലം കുട്ടികളെ മാവോ ചിന്താഗതികള്‍ക്കെതിരാക്കുമെന്നുള്ള ആശങ്ക അവരെ  അലട്ടുന്നുമുണ്ട്. നിലനില്‍പ്പിനും, ആശയങ്ങള്‍ കാലഹരണപ്പെട്ടു പോകാതിരിക്കാനുമാണ് സ്കൂളുകളെ അക്രമിക്കാനുള്ള മനോഭാവം മാവോകള്‍ പുലര്‍ത്തുന്നത്.  മാവോയിസ്‌റുകളില്‍ പ്രവര്‍ത്തിക്കുന്നവരിലധികവും, തൊഴിലില്ലാത്തവരുടെ സമൂഹങ്ങളില്‍നിന്നുള്ളവരാണ്.  തൊഴിലവസരങ്ങള്‍ കൂടുംതോറും പ്രസ്ഥാനങ്ങള്‍ക്ക് കോട്ടം വരുമെന്നും ഭയപ്പെടുന്നു. രാജ്യത്തിനുള്ളിലെ ആന്തരികഘടകങ്ങളെ, വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും ശ്രമിക്കുന്നു. രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നതും മാവോയിസ്റ്റുകള്‍ ഇഷ്ടപ്പെടില്ല. പാലങ്ങളും കെട്ടിടങ്ങളും തകര്‍ക്കലും റോഡുകള്‍ നാശമാക്കലും നിത്യസംഭവങ്ങളാണ്. ജനങ്ങളെ ജീവിത സൗകര്യങ്ങളില്‍നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും മാവോയിസ്റ്റുകളുടെ അജണ്ടകളിലുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്നതിനും പരസ്പ്പരം ഒറ്റപ്പെടുത്തുന്നതിനുമായി ടെലിഫോണും മറ്റു നെറ്റ് വര്‍ക്കുകളും നശിപ്പിക്കുന്ന പ്രവണതകള്‍ മാവോയിസ്റ്റുകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് പ്രത്യേകമായ പ്രത്യേയ ശാസ്ത്രമോ ലക്ഷ്യങ്ങളോ കാണുമെന്നു തോന്നുന്നില്ല. തൊഴിലാളികള്‍ക്കും കര്‍ഷകരുടെ സേവനത്തിനുമായി ഇവര്‍ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നു. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും സംഘടനകള്‍ രൂപീകരിച്ചതായോ, സമരങ്ങള്‍ നടത്തിയതായോ ചരിത്രമില്ല. കര്‍ഷക ജനതയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്നു മാവോയിസ്റ്റുകള്‍ വാതോരാതെ പറയാറുണ്ട്. എന്നാല്‍ അവര്‍ ശക്തി പ്രാപിച്ചിരിക്കുന്നത് ആദിവാസികളും ഗിരിവര്‍ഗക്കാരും കൂടുതലായുള്ള ബീഹാര്‍, ഒറീസാ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവടങ്ങളിലുള്ള വനം പ്രദേശങ്ങളില്‍ മാത്രമാണ്. യാതൊരു വികസനവുമില്ലാത്ത മേഖലകള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നു. വിപ്ലവ പ്രസ്ഥാനം കര്‍ഷക ജനതയ്ക്കും തൊഴിലാളികള്‍ക്കും വേണ്ടിയെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടെങ്കിലും അവര്‍ക്കുവേണ്ടി കാര്യമായതൊന്നും നടപ്പാക്കിയിട്ടില്ല. അവര്‍ വര്‍ഗശത്രുക്കളായി പോലീസുകാരെയും ഭരിക്കുന്ന ഗവണ്മെന്റുകളെയും കാണുന്നു. പൊലീസുകാരെയും നിഷ്കളങ്കരായ ഗ്രാമീണരെയും കൊല്ലുക എന്നതും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു.

സായുധ ആക്രമങ്ങളില്‍ക്കൂടി ജനജീവിതത്തെ സ്തംബിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ആന്ധ്രാപ്രദേശില്‍ പോലീസിനെയും അവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന ഏജന്റുമാരെയും കൊന്നും ഗ്രാമീണരെയും കൊന്നും മുന്നേറിയ അവരുടെ പ്രസ്ഥാനം അവിടെ പരാജയപ്പെടുകയാണുണ്ടായത്. അതിനുശേഷമായിരുന്നു അവര്‍ ചത്തീസ്ഗഢ്ഢിലേല്‍ക്കും പശ്ചിമ ബംഗാളിന്റെ അതിര്‍ത്തിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നീങ്ങിയത്.

അക്രമം അഴിച്ചുവിടുമ്പോള്‍ അത് ഏറ്റവും ബാധിക്കുന്നത് ഗിരി വര്‍ഗക്കാരെയാണ്. അവിടെയാണ് മാവോയിസ്റ്റുകള്‍ കൂടുതല്‍ താവളം അടിച്ചിരിക്കുന്നതും. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തശേഷം ഉള്‍വനങ്ങളില്‍ ഒളിക്കാറാണ് പതിവ്. അതിനെതിരെ ഭരണകൂടം തിരിച്ചടിക്കുമ്പോള്‍ സ്വത്തും ജീവഹാനിയും വീടുകളും നഷ്ടപ്പെടുന്നത് പാവപ്പെട്ട ഗിരിവര്‍ക്കാര്‍ക്കാണ്. അവര്‍ക്ക് പിന്നീട് വളരെക്കാലത്തേക്ക് അവകാശങ്ങള്‍ക്കായി സമരം ചെയ്യാനും സാധിക്കില്ല. അനുദിനമെന്നോണം അവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. മാവോയിസ്റ്റുകള്‍ ആക്രമം കഴിഞ്ഞശേഷം ഉള്‍വനത്തിലേക്ക് ഓടുകയാണ് പതിവ്. അതുകൊണ്ട് അവരെ നേരിടുക എളുപ്പമല്ല. പട്ടാളം വന്നാല്‍ അവര്‍ക്ക് സുപരിചിതമല്ലാത്ത പ്രദേശങ്ങള്‍ ആയതുകൊണ്ട് കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെക്കുകയാണ് പതിവ്. പട്ടാള നടപടികള്‍ നേരിടേണ്ടി വരുന്നത് അവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളായിരിക്കും. പുറത്തുനിന്ന് വരുന്ന പട്ടാളത്തിന് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാനും സാധിക്കില്ല. അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെച്ച് വീഴ്ത്തുകയും ചെയ്യും.

ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും കുട്ടികളെ മാവോയിസ്റ്റുകള്‍  സായുധ  പരിശീലനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങളില്‍, നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നതുമൂലം കുട്ടികളെ സായുധരാക്കാന്‍ മാവോയിസ്റ്റുകള്‍ താല്പര്യപ്പെടുന്നു.  കൂടാതെ, കുഞ്ഞായിരിക്കുമ്പോഴേ ആശയങ്ങള്‍ കുഞ്ഞുമനസുകളില്‍ നിറച്ചാല്‍ മാവോ പ്രസ്ഥാനം വളരുമെന്നും കണക്കുകൂട്ടുന്നു. ആദിവാസികളെ ഭീക്ഷണിപ്പെടുത്തി അവരുടെ കുട്ടികളെ പ്രസ്ഥാനത്തില്‍ ചേര്‍ക്കുകയും ചെയ്യും. ആദിവാസികളില്‍ നിരവധി പേര്‍ തങ്ങളുടെ പെണ്‍കുട്ടികളെ അക്രമ പരിശീലനത്തിനായി മാവോയിസ്റ്റുകളെ ഏല്‍പ്പിക്കാറുണ്ട്. മാവോയിസ്റ്റുകളോടുള്ള ഭയംമൂലവും ഭീഷണിമൂലവും മാതാപിതാക്കള്‍ പെണ്‍കുട്ടികളെ അവരുടെയടുത്തു വിടുന്നു. ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങള്‍ മാവോ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുകയുമില്ല. എങ്കിലും പട്ടിണിയും ദാരിദ്ര്യവുമൂലം കുട്ടികളെ മാവോയിസ്റ്റുകളുടെ ക്യാമ്പിലയക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അപകടം പിടിച്ച കലാപങ്ങളില്‍ കുട്ടികളെ ശത്രുനിരകളുടെ മുമ്പില്‍ നിര്‍ത്തുകയും ചെയ്യും.

ഗിരി വര്‍ഗക്കാരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ല. വികസനവും അടിസ്ഥാന സൗകര്യങ്ങളും ഗിരി വര്‍ഗ്ഗക്കാരുടെയിടയില്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. മാവോയിസത്തിന്റെ വളര്‍ച്ചക്കും അത് കാരണമായി തീര്‍ന്നു. ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വിദേശികളും സ്വദേശികളും ശക്തമായി ഖനന വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നു. വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നു. തന്മൂലം നിരവധി ആദിവാസികളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ഒറീസയിലും ചത്തീസ്ഗഢിലും അതാണ് സംഭവിക്കുന്നത്. അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങളും പരമ്പരാഗത വനവാസസ്ഥലങ്ങളും നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായി അവര്‍ മാവോയിസത്തില്‍ തല്പരരാകും. ഗോത്രസമൂഹമെന്ന അവരുടെ അസ്തിത്വം തന്നെ വ്യവസായവല്‍ക്കരണത്തില്‍ക്കൂടി  നഷ്ടമാകുന്നു.

 സര്‍ക്കാര്‍ ഈ പ്രദേശങ്ങളില്‍ സാമൂഹിക സാമ്പത്തിക പരിപാടികള്‍ വികസിപ്പിക്കേണ്ടതായുണ്ട്.  ഗിരിവര്‍ഗ്ഗക്കാരുടെ പ്രാഥമികാവകാശങ്ങള്‍ നേടിക്കൊടുക്കുകയും വേണം. അവരെ സംബന്ധിച്ചുള്ള വികസനമെന്നാല്‍ തങ്ങളുടെ പൂര്‍വിക തലമുറകള്‍ മുതല്‍ വസിച്ചിരുന്ന സ്ഥലങ്ങള്‍ വീണ്ടെടുക്കുകയെന്നതാണ്.   പണിയെടുത്തു ജീവിക്കാന്‍ അനുകൂലമായ സാഹചര്യങ്ങളും സൃഷ്ടിക്കണം. റോഡുകളും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എല്ലാ പൗരന്മാര്‍ക്കും ഉള്ളതുപോലെ അവര്‍ക്കും ആവശ്യമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാവോയിസ്റ്റുകളുടെ വളര്‍ച്ച ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നമായിരുന്നു. ഇത് ദേശീയ പുരോഗതിക്ക് തടസമായി വന്നു. അതുമൂലം സുരക്ഷിതത്വത്തിനായി നിരവധി പ്രതിരോധ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.  ഇന്ത്യയുടെ മര്‍മ്മപ്രധാനങ്ങളായ സ്ഥലങ്ങളുടെ സുരക്ഷിതത്തിനായി തീവ്രമായ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. പ്രശ്‌ന സങ്കീര്‍ണ്ണത നിറഞ്ഞ പ്രദേശങ്ങളില്‍ സ്റ്റേറ്റുവക പോലീസുകാരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാവോകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍,  റോഡുകളും പൊതുഗതാഗതങ്ങളും വര്‍ദ്ധിപ്പിക്കുന്നതുമൂലം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടസവുമാകുന്നു. പട്ടാളവും സ്റ്റേറ്റ് അധികാരികളും വനം പ്രദേശങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. വനവിഭവങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള ആന്തരീക വികസനപ്രവര്‍ത്തനങ്ങള്‍ മാവോയിസത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. തന്മൂലം പുതിയ സ്ഥലങ്ങളിലേക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തടസവുമായി. മാവോയിസ്റ്റുകളുടെ ആധിപത്യം ചുരുങ്ങുകയുമുണ്ടായി.

മാവോയിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നിരവധി സംഘടനകളും വിദേശ ഭീകര പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. ജമ്മു കാശ്മീരിലെ ഭീകരരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നു. മണിപ്പുര്‍ മേഖലകളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമാണ്. ഫിലിപ്പീന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളുമായും ഇവര്‍ സഹകരിക്കുന്നു. ഇന്ത്യയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെ സഹായിക്കുന്നത്. നേപ്പാളിന്റെ അതിരിലും ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തികളിലും മാവോ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. ബംഗ്‌ളാ ദേശില്‍നിന്ന് ഇവര്‍ക്ക് അനുകൂലമായവരെ കുടിയേറാനും സഹായിക്കുന്നു. അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടാകുമ്പോള്‍ മാവോയിസ്റ്റുകള്‍ ശത്രുപക്ഷങ്ങളെ സഹായിക്കുകയും അവരോടൊപ്പം സായുധ സൈന്യമെന്നപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കമ്മ്യുണിസ്റ്റ്പാര്‍ട്ടിയുടെ ഇടതുപക്ഷ ചിന്താഗതിയായിരുന്ന കാലത്തുള്ള ആശയങ്ങള്‍ മുഴുവനായി മാവോയിസ്റ്റുകള്‍ കടം എടുത്തിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ക്ക് ഗിരി വര്‍ഗക്കാര്‍ കൂടാതെ പട്ടണങ്ങളിലുള്ള ചില ബുദ്ധിജീവികളെയും അനുയായികളായി ലഭിക്കാറുണ്ട്. അവരോട് അനുഭാവം പുലര്‍ത്തുന്ന നിരവധിപ്പേര്‍ പട്ടണപ്രദേശങ്ങളിലുമുണ്ട്. പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി പോരാടുന്നുവെന്ന് ന്യായികരിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങളെന്നു പറഞ്ഞു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുമുണ്ട്. അവരോടുള്ള സ്‌നേഹപ്രകടനങ്ങള്‍ മാധ്യമങ്ങളിലൂടെ സജീവവുമായിരിക്കും. രാഷ്ട്രീയമായും പ്രത്യേയ ശാസ്ത്രമായും മാവോയിസത്തിനെ അനുകൂലിക്കുകയും ചെയ്യുന്നു.

മാവോയിസ്റ്റുകളുടെ വളര്‍ച്ച തടയാന്‍ രാജ്യത്തിലെ ഓരോ പൗരനും കടമയുണ്ട്. മാവോ വിപ്ലവകാരികളുടെ ക്രൂരതകളില്‍ പ്രതിക്ഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്യണം. സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മാവോയിസത്തിന്റെ ഏകാധിപത്യ ചിന്തകളെ പരിപൂര്‍ണ്ണമായി എതിര്‍ക്കുകയും വേണം. അതാണ് ദേശസ്‌നേഹമുള്ള ഓരോ ഇന്ത്യക്കാരനും പാലിക്കേണ്ട കടമയും!

മാവോയിസവും വേട്ടകളും ഏറ്റുമുട്ടലുകളും (ജോസഫ്  പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക