MediaAppUSA

അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം) Published on 11 December, 2019
അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം:  ഷാജന്‍ ആനിത്തോട്ടം)
വര്‍ഷം 1988. പാലാ സെന്റ് തോമസ് കോളേജില്‍ എം.എ.യ്ക്ക് പഠിയ്ക്കുന്ന കാലം. ഡിഗ്രി പഠനകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കൊക്കെ അവധി കൊടുത്ത് പഠനത്തിലും ലേശം 'ബുജി' ചിന്തകളിലും വ്യാപരിയ്ക്കുമ്പോഴാണ്, ഡോ. സുകുമാര്‍ അഴീക്കോട് സ്ഥാപിച്ച്, അദ്ദേഹവും ഡി.സി. കിഴക്കേമുറിയും നേതൃത്വം നല്‍കിയ 'നവഭാരതവേദി' എന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയിലേക്ക് ആകര്‍ഷിയ്ക്കപ്പെട്ടതും അതില്‍ സജീവമായി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതും.

അക്കാലത്ത് നാട്ടില്‍ നടന്നൊരു ചടങ്ങില്‍ നവഭാരതവേദി അദ്ധ്യക്ഷന്‍ പ്രസംഗിയ്ക്കുന്നു. സ്വാഗത പ്രസംഗത്തിന് നിയുക്തനായ ലേഖകന്‍ അദ്ദേഹത്തെ സമ്മേളനത്തിലേയ്ക്ക് 'ഹാര്‍ദ്ദവമായി' സ്വാഗതം ചെയ്തു. ചടങ്ങ് കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്നേഹപൂര്‍വ്വം തിരുത്തിത്തന്നു: 'അനിയാ', 'ഹാര്‍ദവമല്ല', 'ഹാര്‍ദ്ദമാണ് ശരി'. മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ആ കരുതലും തിരുത്തലും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ഇപ്പോള്‍ അതോര്‍ക്കാന്‍ കാരണം ഏറ്റവും ഒടുവില്‍ വായിച്ച 'നമ്മുടെ നല്ല ഭാഷ' എന്ന മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പുസ്തകമാണ്. അടുത്തിടെ നാട്ടില്‍ പോയപ്പോള്‍ ചിരകാല സ്നേഹിതനും ദൂരദര്‍ശന്‍ മുന്‍ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറലുമായ കെ. കുഞ്ഞികൃഷ്ണന്‍ സമ്മാനിച്ച ഈ കൈപ്പുസ്തകം, ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്നവര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കുപോലും ഏറെ പ്രയോജനകരമായൊരു റഫറന്‍സ് ഗ്രന്ഥമാണെന്ന് പറയേണ്ടിയിരിക്കുന്നു.

നിത്യജീവിതത്തില്‍ വാമൊഴിയായും വരമൊഴിയായും സാധാരണക്കാര്‍ മുതല്‍ ഭാഷാപണ്ഡിതര്‍ എന്ന് നാം കരുതുന്നവര്‍ വരെ വരുത്തുന്ന ഒരുപാട് തെറ്റായ പ്രയോഗങ്ങളെക്കുറിച്ചും അവയുടെ ശരിയായ രൂപങ്ങളെക്കുറിച്ചും ഗ്രന്ഥകാരന്‍ പരാമര്‍ശിയ്ക്കുമ്പോള്‍ നാം ശരിയാംവണ്ണം തിരുത്തപ്പെടുകയാണ്. അദ്ദേഹം നിരീക്ഷിയ്ക്കുന്നതുപോലെ, കൈഫോണും (മൊബൈല്‍ ഫോണ്‍) മുഞ്ഞിപ്പുസ്തകവും (ഫെയ്സ്ബുക്ക്) വന്നതോടെ ആര്‍ക്കും എന്തും എങ്ങനെയും എഴുതുകയോ ഉച്ചരിയ്ക്കുകയോ ചെയ്യാമെന്നായിരിയ്ക്കുന്നു. അതാണ് പുതുമ എന്ന തോന്നലും ശക്തമാണ്. ആ സ്വാതന്ത്ര്യങ്ങള്‍ വിനിയോഗിയ്ക്കുമ്പോഴും ശരിരൂപങ്ങള്‍ നാം അറിയേണ്ടതുണ്ട്.

പ്രസാധകന്റെ വാക്കുകളില്‍ പറഞ്ഞാല്‍, പാഠപുസ്തകങ്ങളും വര്‍ത്തമാന പത്രങ്ങളും ദൃശ്യ മാദ്ധ്യമങ്ങളും സാഹിത്യ രചനകളും കത്തുകളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, ഇതില്‍ നല്ല ഭാഷയുടെ സ്‌കാനറിലൂടെ കടന്നുപോകുന്നു. ശരിയേക്കാള്‍ വലിയ ശരിയായി ഉറച്ചുപോയ തെറ്റുകള്‍ പലതും ഇവിടെ ഗ്രന്ഥകാരന്‍ കണ്ടെത്തുകയും തിരുത്ത് നിര്‍ദ്ദേശിയ്ക്കുകയും ചെയ്യുന്നു.

പ്രയോഗസാധുതയാല്‍ അംഗീകരിയ്ക്കാമെന്ന മുടന്തന്‍ ന്യായത്തിനുമേല്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിയ്ക്കുന്ന അപപാഠങ്ങളും, ഇംഗ്ലീഷിന്റെ അന്ധമായ അനുകരണത്താല്‍ ഭാഷയില്‍ ഉടലെടുക്കുന്ന വികലപാഠങ്ങളും ഇവിടെ വിചാരണ നേരിടുന്നു. നിരൂപകനെന്നതിനേക്കാള്‍ ഒരു ഭാഷാസ്നേഹിയെന്ന നിലയില്‍, സഹ എഴുത്തുകാര്‍ക്കും സഹജീവികള്‍ക്കും അക്ഷരവഴികളിലെ ഇത്തിരിപ്പോന്നൊരു കൈത്തിരിയാവട്ടെയെന്ന ഉദ്ദേശ്യത്തോടെയാണ് ലേഖകന്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

ഉദ്ദേശമല്ല, ഉദ്ദേശ്യം

ഉദ്ദേശ്യത്തെപ്പറ്റിത്തന്നെയാവട്ടെ ആദ്യം. അടുത്ത പരീക്ഷയില്‍ ജയിക്കുക എന്നതാണ് എന്റെ 'ഉദ്ദേശം' എന്നെഴുതിയാല്‍ തെറ്റാണ്. കാരണം ആ വാക്കിന്റെ അര്‍ത്ഥം ഏകദ്ദേശം, അഥവാ സുമാര്‍ എന്നാണ്‍്. ഉദ്ദേശം നാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍പള്ളിക്കുന്നില്‍ എത്താം' എന്ന് പറഞ്ഞാല്‍ അത് ശരിയാണ്. പക്ഷേ റാങ്ക് വാങ്ങുക എന്നതാണ് ലക്ഷ്യമെങ്കില്‍ നാം എഴുതേണ്ടത് 'ഉദ്ദശ്യം' എന്ന് തന്നെയാവണമെന്ന് പുസ്തകം ശരിയായി നമ്മളെ പഠിപ്പിക്കുന്നു.

ആദ്യമേ സൂചിപ്പിച്ചതും ഏറ്റവും സാധാരണയായി വികലപ്രയോഗം നടത്തപ്പെടുന്നതുമായ വാക്കാണ് 'ഹാര്‍ദ്ദവം'. ഹാര്‍ദ്ദമായ സ്വാഗതം' എന്നാല്‍ ഹൃദയത്തില്‍ നിന്നുള്ള സ്വാഗതം. ഗ്രന്ഥകാരന്‍ പറയുന്നു: 'ബഹുമാന്യനായ നമ്മുടെ അതിഥിയെ ഞാന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോള്‍ അതിഥി അപമാനിതനാകും. ഭാഷയെ അപമാനിക്കുന്നവരുടെ ക്ഷണം സ്വീകരിച്ചാണല്ലോ താന്‍ എത്തിയതെന്ന് അതിഥി ദുഃഖിയ്ക്കും'.

ബഹുഭൂരിപക്ഷം യോഗങ്ങളിലും സ്വാഗതപ്രസംഗകര്‍ വരുത്തുന്ന ഈ തെറ്റ് പലപ്പോഴും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു. ഇനിയെങ്കിലും നമുക്ക് അതിഥികളെ ഹൃദ്യമായി സ്വാഗതം ചെയ്യാം!

ടെലിവിഷനും ഭാഷാവധവും

ദൃശ്യമാദ്ധ്യമങ്ങളുടെ, പ്രത്യേകിച്ചും പുത്തന്‍ ചാനലുകളുടെ വരവോടെയാണ് നമ്മുടെ ഭാഷയിലെ പല വാക്കുകളും വികലമായി പ്രയോഗിയ്ക്കപ്പെട്ടു തുടങ്ങിയത് എന്നതില്‍ തര്‍ക്കമില്ല. റിയാലിറ്റി ഷോകളിലെ വിധികര്‍ത്താക്കളുള്‍പ്പെടെ 'പരിപാടി ആസ്വാദ്യകരം,' 'സിനിമ ആസ്വാദ്യകരം' എന്നൊക്കെ പറയുമ്പോള്‍ അത് ശരിയായ പ്രയോഗമാണെന്ന് നാം തെറ്റിദ്ധരിയ്ക്കുന്നു.

യഥാര്‍ത്ഥത്തില്‍ പറയേണ്ടത് 'ആസ്വാദ്യം' എന്നാണ്. 'ആസ്വാദനീയമായി' എന്നു പറഞ്ഞാലും ശരിയാണ്. സംശയ നിവൃത്തി വരുത്തുവാന്‍ പുസ്തകം വായിയ്ക്കുക (സംശയനിവര്‍ത്തിയല്ല). 'പ്രവൃത്തി സമയം' (പ്രവര്‍ത്തി സമയമല്ല) മാത്രമല്ല, അവധി ദിവസവും ആകാം!

ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ഇപ്പോള്‍ ധാരാളം അവതാരകരുണ്ട്. ആള്‍ പുരുഷനെങ്കില്‍ നാം അദ്ദേഹത്തെ 'അവതാരകന്‍' എന്നും സ്ത്രീ ആണെങ്കില്‍ 'അവതാരക' എന്നും വിളിയ്ക്കുന്നു. പക്ഷേ ഇപ്പോള്‍ പലപ്പോഴും അവതാരകനും അവതാരികയും എന്ന രീതിയില്‍ അവര്‍ അവതരിപ്പിയ്ക്കപ്പെടുമ്പോള്‍ നമ്മള്‍ മാത്രമല്ല, പുസ്തകങ്ങള്‍ക്ക് 'അവതാരിക' എഴുതുന്നവരും ആശ്ചര്യപ്പെട്ടുപോകും.

ചാനലുകളില്‍ ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു തെറ്റായ പ്രയോഗമാണ് സുസ്വാഗതം. സ്വാഗതം എന്നാല്‍ 'സു ആഗതം' (മംഗളമായ ആഗമനം), നല്‍വരവ് (ണലഹരീാല) എന്നൊക്കെ അര്‍ത്ഥമുള്ളപ്പോള്‍ 'സുസ്വാഗതം' എന്നത് തികച്ചും തെറ്റാണ്.

'സാംസ്‌കാരികപരം'എന്നതാണ് മറ്റൊരു 'വധം'. ശരീരത്തെ സംബന്ധിച്ചതിനെ 'ശാരീരികം' എന്നും സമൂഹത്തെസംബന്ധിച്ചതിനെ 'സാമൂഹികം' എന്നും പറയുന്നതുപോലെ സംസ്‌കാരത്തെ സംബന്ധിച്ചതിനെ 'സാംസ്‌കാരികം' എന്നേ പറയാവൂ.

ആരും അന്യരല്ല

നിത്യജീവിതത്തില്‍ നാം സാധാരണ വരുത്തുന്ന ഒരു പിഴവാണ് 'അന്യ സംസ്ഥാനക്കാര്‍', 'അന്യ ഭാഷ' എന്നൊക്കെയുള്ള പ്രയോഗം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉദ്ദേശിയ്ക്കുന്നത് മറ്റ് സംസ്ഥാനക്കാര്‍, മറ്റ് ഭാഷകള്‍ എന്നിങ്ങനെയാണല്ലോ. അപ്പോള്‍ പറയേണ്ടതും അങ്ങനെ തന്നെയാണെന്ന് മണമ്പൂര്‍ രാജന്‍ബാബു തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിയ്ക്കുന്നു.

'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍

എന്നാണ് മഹാകവി വള്ളത്തോള്‍ പാടിയത്. മാതൃഭാഷയായ പെറ്റമ്മയോളം വരില്ലെങ്കിലും പോറ്റമ്മമാരാണ് മറ്റ് ഭാഷകള്‍ എന്നാണ് കവി ഉദ്ദേശിച്ചത്. ആയതിനാല്‍ 'അന്യ ഭാഷകള്‍,' 'അന്യ സംസ്ഥാന തൊഴിലാളികള്‍' എന്നൊക്കെ വിളിച്ച്നമുക്കവരെ അന്യവത്കരിക്കാതിരിയ്ക്കാം. അങ്ങനെ ചെയ്യുന്നത് നിഷ്ഠുരമാണ് (നിഷ്ഠൂരം എന്നെഴുതുന്നത് ഭാഷാവധവും).

നല്ല വാക്കുകള്‍ പറഞ്ഞും എഴുതിയും നമുക്ക് 'അനുഗ്രഹീത'രാവാം. 'അനുഗ്രുഹീതന്‍' എന്ന് തെറ്റായി ഉച്ചരിച്ച് ശീലിച്ചാല്‍ അത് തെറ്റായ എഴുത്തിലേയ്ക്കും നയിക്കും.

വാമൊഴിയിലും വരമൊഴിയിലും തെറ്റായി പ്രയോഗിക്കുന്ന മറ്റ് രണ്ടു പദങ്ങളാണ് 'പ്രഗല്ഭന്‍' 'വല്‍മീകം' എന്നിവ. ഇവയുടെ ശരിയായ രൂപത്തിന് പകരം 'പ്രഗല്‍ഭന്‍', 'വാല്‍മീകം'എന്നിങ്ങനെ തെറ്റായി പറയുകയും എഴുതുകയും ചെയ്യുന്നവരുണ്ട്. വല്‍മീകത്തു (പുറ്റ്) നിന്നും വന്നെന്ന അര്‍ത്ഥത്തില്‍ ആദികവിയെ വാല്മീകി എന്ന് വിളിയ്ക്കുന്നതിനാല്‍ 'വാത്മീകം', 'വാല്‍മീകം' എന്നിവ ശരിയെന്ന് പലരും ധരിയ്ക്കുന്നു. വാല്‍മീകിയാണ് ശരി, വാല്‍മീകമല്ല.

സീസറുടെ ഭാര്യ സംശയാതീതയായിരിയ്ക്കണം.

ഷെയ്ക്സ്പിയറുടെ പ്രശസ്തമായ 'ജൂലിയസ് സീസര്‍' എന്ന കൃതിയിലെ ശ്രദ്ധേയമായ ഒരു പ്രയോഗമാണല്ലോ 'സീസറുടെ ഭാര്യസംശയാതീതയായിരിയ്ക്കണം' എന്നത്. സമീപ കാലത്ത്, അന്തരിച്ച കെ.. എം. മാണിയുടെ ബാര്‍ കോഴ അഴിമതിക്കേസിന്റെ വിചാരണക്കിടയില്‍ ജസ്റ്റീസ് കെമാല്‍ ഭാഷ ഈ പ്രയോഗം നടത്തിയപ്പോള്‍ അതിന് മലയാളികളുടെയിടയില്‍കൂടുതല്‍ പ്രചാരം ലഭിയ്ക്കുകയുണ്ടായി. പക്ഷേ പല പത്രങ്ങളിലും അച്ചടിച്ചു വന്നപ്പോള്‍ അത് 'സീസറുടെ ഭാര്യ സംശയാതീതമായിരിക്കണം' എന്നായി. സീസറുടെ ഭാര്യ ആകയാല്‍ 'സംശയാതീത' എന്നു തന്നെയാവണം എഴുതേണ്ടതും പറയേണ്ടതും. 'സംശയാതീതമായ തെളിവുകള്‍' എന്നു പറഞ്ഞാല്‍ തെറ്റില്ല.

സമാനമായ ഒരു സന്ദര്‍ഭത്തില്‍, പത്രഭാഷയെ വിമര്‍ശിച്ച് ഇ.എം.എസ്. എഴുതിയത് ഗ്രന്ഥകാരന്‍ അനുസ്മരിയ്ക്കുന്നു: പത്രത്തില്‍ വന്ന 'പ്രധാനമന്ത്രി സന്നദ്ധം' എന്ന തലക്കെട്ടിനെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. പ്രധാനമന്തി സന്നദ്ധന്‍എന്നെഴുതാവുന്ന പ്രധാനമന്ത്രി (പുരുഷന്‍) നമുക്കുണ്ടായിട്ടുണ്ട്. 'പ്രധാനമന്ത്രി സന്നദ്ധ' (സ്ത്രീ) എന്നെഴുതാവുന്ന പ്രധാനമന്ത്രിയും നമുക്കുണ്ടായിട്ടുണ്ട്.

'പ്രധാനമന്ത്രി സന്നദ്ധം' എന്ന് പറയേണ്ടിവരുന്ന ഒരു നപുംസക പ്രധാനമന്ത്രിയുടെ രാജ്യത്ത് ജീവിയ്ക്കാന്‍ ഇടവരാതിരിയ്ക്കട്ടെ എന്നാണ് ഭാഷാശുദ്ധിയോടെ എഴുതാന്‍ശ്രദ്ധിച്ചിരുന്ന ഇ.എം.എസ്. പണ്ടെഴുതിയത്.

ബാലന്‍ കെ.നായരും ജോസ് കെ.മാണിയും

നിത്യജീവിതത്തില്‍ നാം സ്ഥിരം കാണുന്ന ഒരു തെറ്റാണ്ചുരുക്കെഴുത്തിലെ വിരാമചിഹ്നം അഥവാ കുത്ത് (.). ടെലിവിഷവന്‍ സ്‌ക്രീനിലും പത്രത്താളുകളിലും പലപ്പോഴും നാമിത് കാണുന്നു. ഒരു അക്ഷരം കഴിഞ്ഞ് കുത്ത് (പൂര്‍ണവിരാമം) ഇടണമെങ്കില്‍ ആ അക്ഷരം പൂര്‍ണ്ണരൂപത്തിന്റെ ചുരുക്കെഴുത്തായിരിയ്ക്കണം.

ഉദാഹരണത്തിന് ബാലന്‍ കെ.നായര്‍ എന്നതിന് പകരം ബാലന്‍. കെ. നായര്‍ എന്നെഴുതിയാല്‍ തെറ്റാണ്. ജോസ് കെ.മാണി എന്നത് ജോസ് കരിങ്ങോഴയ്ക്കല്‍ മാണി എന്നതിന്റെ ചുരുക്കരൂപമാണെന്ന് നമുക്കറിയാം. മാസങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി ഓഫീസിലെ ചെയര്‍മാന്റെ മുറിയ്ക്ക് പുറത്ത് ജോസ്.കെ.മാണി, പാര്‍ട്ടി ചെയര്‍മാന്‍ എന്ന് ബോര്‍ഡ് തൂക്കിയത് നാമെല്ലാം ടെലിവിഷനില്‍ കണ്ടതാണല്ലോ.

ആയിടയ്ക്ക് കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അങ്ങനെ എഴുതുന്നത് ഭാഷാപരമായി തെറ്റാണ് എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇത്തരുണത്തില്‍ സ്മരിയ്ക്കുന്നു. ജോര്‍ജ് ഡബ്ലിയൂ. ബുഷ് എന്നോ ജോര്‍ജ് വാക്കര്‍ ബുഷ് എന്നോ എഴുതാം. പക്ഷേ ജോര്‍ജ്. ഡബ്ലൂ.ബുഷ് എന്നെഴുതിയാല്‍ തെറ്റാണ്.

പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് എന്ന് നാം വായിയ്ക്കുമ്പോള്‍ നടുവിലത്തെ അക്ഷരം ഒരു വാക്കിന്റെ അഥവാ പേരിന്റെ ചുരുക്കെഴുത്താണെന്ന് നാം മനസ്സിലാക്കുക. അങ്ങിനെയേ എഴുതാവൂ.

ആരെയും 'ഭയങ്കര'മായി സ്നേഹിയ്ക്കരുത്

ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ യഥേഷ്ടം ഉപയോഗിയ്ക്കുന്ന ഒരു പദപ്രയോഗമാണ് 'ഭയങ്കര സ്നേഹം' എന്നത്. 'ഞങ്ങള്‍ തമ്മില്‍ ഭയങ്കര പ്രണയത്തിലാണ്,' അവര്‍ തമ്മില്‍ ഭയങ്കര സ്നേഹമാണ് എന്നൊക്കെ നാം സ്ഥിരമായി കേള്‍ക്കുന്നു.

'ഭയം ജനിപ്പിയ്ക്കുന്ന' ഈ സ്്നേഹവും പ്രണയവും പക്ഷേ, ഉപേക്ഷിയ്ക്കേണ്ടതല്ലേ?  'അപാര പ്രണയം, ' അപാര സ്നേഹം എന്നൊക്കെയോ അല്ലെങ്കില്‍ 'നല്ല സന്തോഷം', 'നല്ല സ്നേഹം' എന്നൊക്കെയോ ആണ് പറയേണ്ടതും എഴുതേണ്ടതും. നിര്‍ഭാഗ്യവശാല്‍ പ്രശസ്തരായ സിനിമാതാരങ്ങളും ചില എഴുത്തുകാരും ഇങ്ങനെ തെറ്റായി പ്രയോഗിച്ച് ജനത്തിന് ദുര്‍മാതൃക നല്‍കുന്നു.

സ്ഥിരമായി ഉപയോഗിച്ച് 'കുള'മാക്കിയ മറ്റൊരു വാക്കാണ് 'സായൂജ്യം'. കണ്ണിന് സായൂജ്യം 'നിന്‍രൂപം' എന്ന് ഒരു പ്രശസ്തമായ സിനിമാ ഗാനം പോലുമുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ എഴുതേണ്ടതും പറയേണ്ടതും 'സായുജ്യം' എന്നാണ്. ദീര്‍ഘം വേണ്ട എന്നര്‍ത്ഥം (ശബ്ദതാരാവലിയും അത് ശരിവയ്ക്കുന്നു.).

കഷ്ടമെന്നേ പറയേണ്ടൂ, ആരെങ്കിലും 'സായുജ്യം' എന്നെഴുതിയാല്‍ അച്ചടിത്തെറ്റാണെന്ന് കരുതി നാമതിനെ സായൂജ്യമാക്കും.

ഭാഗ്യദോഷമുള്ള മറ്റൊരു വാക്കാണ് 'ആധുനികീകരണം.' പുതുക്കല്‍, പുതിയ രീതിയിലാക്കല്‍ എന്നൊക്കെ അര്‍ത്ഥം കിട്ടുന്ന മോഡേണൈസേഷന്‍എന്ന ഇംഗ്ലീഷ് പദത്തിന് ഇപ്പോള്‍ നാം സാധാരണയായി ഉപയോഗിയ്ക്കുന്നത് ആധുനീകരണം, ആധുനികവല്‍ക്കരണം എന്നൊക്കെയാണ്. 'ആധുനികീകരണം' എന്ന് ശരിയായി എഴുതിക്കൊടുത്താലും തനിയ്ക്ക് തെറ്റ് പറ്റിയതാണെന്ന് കരുതി 'ആധുനീകരണം' എന്ന് അച്ചടിച്ച് വരുമെന്ന് പ്രൊഫ. എം.ലീലാവതി പരിഭവിച്ച കാര്യം രാജന്‍ബാബു ഉദാഹരിയ്ക്കുന്നു.

സമാനമായ മറ്റൊരു തെറ്റായ പ്രയോഗമാണ് 'തലനാരിഴയ്ക്ക്' അല്ലെങ്കില്‍ 'മുടിനാരിഴയ്ക്ക്' രക്ഷപ്പെട്ടു എന്നൊക്കെ പറയുന്നത്. അച്ചടി-ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളില്‍ മാത്രമല്ല, വാമൊഴിയായും ഈ തെറ്റ് സര്‍വ്വ സാധാരണമായി ആവര്‍ത്തിയ്ക്കപ്പെടുന്നു, ശരിയായ പ്രയോഗം 'തലനാരിഴയിടയ്ക്ക്' എന്നാണ്. ആവര്‍ത്തനം കൊണ്ട് ശരിയെന്ന തോന്നലുണ്ടാക്കിയ ഈ തെറ്റായ പ്രയോഗം ഇനിയെങ്കിലും നമുക്ക് േേഒര സ്വരത്തില്‍, അവാ ഐകകണ്ഠേന (ഐക്യകണ്ഠേനയല്ല!) തിരുത്താം. അങ്ങനെ, നമ്മുടെ അമ്മ മലയാളത്തെ 'തലനാരിഴയിടയ്ക്കെങ്കിലും' രക്ഷപ്പെടുത്താം!

എന്റെ 25-ാം വിവാഹവാര്‍ഷികം

വിവാഹത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പലരും പത്രമാദ്ധ്യമങ്ങളില്‍ ഇങ്ങനെയൊരു തലക്കെട്ട് ഫോട്ടൊ സഹിതം നല്‍കാറുണ്ട്. പലപ്പോഴും അച്ചടിച്ചു വരുമ്പോള്‍ അത് 25-ാം വിവാഹ വാര്‍ഷികം എന്നാവും. അച്ചുനിരത്തിയവരുടെ കുറ്റമാണെങ്കിലും അത് വായിയ്ക്കുന്നവര്‍ക്ക് 25-ാമത് വിവാഹത്തിന്റെ വാര്‍ഷികമാണ് എന്ന് തെറ്റായ അര്‍ത്ഥം നല്‍കും.

ഇതിനു മുമ്പ് 24 വിവാഹം കഴിച്ചിട്ടുണ്ടെന്ന ദുഃസൂചനയാണ് അത് നല്‍കുന്നത്. വിവാഹത്തിന്റെ 25-ാമത് വാര്‍ഷികമാണിതെന്ന് അര്‍ത്ഥം കിട്ടണമെങ്കില്‍ '25-ാം വിവാഹവാര്‍ഷികം' എന്ന് തന്നെ ശീര്‍ഷകം നല്‍കണം. വിവാഹം, വാര്‍ഷികം എന്നിങ്ങനെയുള്ള രണ്ട് വാക്കുകള്‍ക്കിടയിലുള്ള ആ ഇടം (ടുമരല) എത്ര അപകടകാരിയാണെന്ന് മനസ്സിലാക്കുക!

ഇടം (ടുമരല) അപകടകരമായ അര്‍ത്ഥം നല്‍കുന്ന അനേകം വാക്കുകളുണ്ട്. അസ്തമസൂര്യന്‍ അറബിക്കടലില്‍ ചാടി' എന്ന് സാഹിത്യപരമായി എഴുതുന്നതിന് പകരം അസ്തമയസൂര്യന്‍ അറബി കടലില്‍ ചാടി എന്ന് തെറ്റായി അച്ചടിച്ച് വന്നാല്‍ അറബിക്കടലില്‍ ചാടിയത് അസ്തമയസൂര്യനോ അറബിയോ എന്ന് സന്ദേഹിയ്ക്കേണ്ടി വന്നേക്കാം. അതുപോലെ ആരോഗ്യ വകുപ്പ് മന്ത്രി എന്നെഴുതിയത് തെറ്റാണ്. ആരോഗ്യവകുപ്പ് മന്ത്രി എന്നതാണ് ശരിയായ പ്രയോഗം. മന്ത്രിയ്ക്കും വകുപ്പിനുമിടയില്‍ ഇടം ഉണ്ടാവരുത് (ഇടപാടുകളൊക്കെ നടത്തിക്കോട്ടെ, നിലപാടുകളും ആവാം).

മാദ്ധ്യമങ്ങള്‍ സ്ഥിരമായി വരുത്തുന്ന മറ്റൊരു തെറ്റാണ് 'വിമാനാപകടത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു' ബസ്സ് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു' എന്നുള്ള പ്രയോഗം. യാത്രക്കാരെ അപായപ്പെടുത്തുവാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി അപകടമുണ്ടാക്കുകയും അവര്‍ മരണപ്പെടുകയും ചെയ്താല്‍ ആ പ്രയോഗം ശരിയാണ്. പക്ഷം അപകടം യാദൃശ്ചികമായി സംഭവിച്ചതാണെങ്കില്‍ 'വിമാനാപകടത്തില്‍ 100 പേര്‍ മരിച്ചു', ബസ്സപകടത്തില്‍ 10 പേര്‍ മരിച്ചു എന്നൊക്കെയാണ് എഴുതേണ്ടത്.

നന്ദി ചൊല്ലിക്കോളൂ, കൃതജ്ഞത രേഖപ്പെടുത്തേണ്ട

പൊതുയോഗങ്ങളില്‍ സ്വാഗത പ്രസംഗകന്‍ അതിഥികളെ 'ഹാര്‍ദ്ദവമായി' സ്വാഗതം ചെയ്ത് അപമാനിയ്ക്കുന്നതുപോലെ കൃതജ്ഞതാപ്രാസംഗികന്‍ നന്ദി രേഖപ്പെടുത്തിയും ചടങ്ങിന്റെ ശോഭ കെടുത്തും. നന്ദി ചൊല്ലലാണ് ഉദ്ദേശ്യമെങ്കില്‍ കൃതജ്ഞത അറിയിച്ചാല്‍ മതി, അഥവാ പറഞ്ഞാല്‍ മതി. എഴുതുമ്പോള്‍ രേഖപ്പെടുത്തലാവാം, വാമൊഴിയില്‍ നന്ദി അറിയിക്കുന്നതാണ് ഉത്തമമായ രീതി.

പ്രസംഗവേദിയില്‍ ആവേശം മൂക്കുമ്പോള്‍ പലരും പറയുന്ന മറ്റൊരു തെറ്റാണ് 'ഞാന്‍ അടിവരയിട്ട് പറയുന്നു' എന്നത്. ഞാന്‍ ഉറപ്പിച്ചു പറയുന്നു, അല്ലെങ്കില്‍ ശക്തിയായി അഭിപ്രായപ്പെടുന്നു എന്നൊക്കെ പറയേണ്ടതിന് പകരമാണ് ഈ 'അടിവരയിടല്‍.' എഴുതുമ്പോള്‍ അഥവാ വരമൊഴിയില്‍ അടിവരയിട്ട് എന്തിന്റെയെങ്കിലും പ്രാധാന്യം വായനക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാം. പറയുമ്പോള്‍ അടിവരയിടേണ്ട എന്ന് സാരം.

രാജന്‍ബാബുവിന്റെ പുസ്തകം ഇത്തരം ഒരുപാട് തെറ്റായ പ്രയോഗങ്ങളെയും അവയുടെ ശരിയായ രൂപങ്ങളെയും നമുക്ക് മനസ്സിലാക്കിത്തരുന്നു. അനുദിന ജീവിതത്തില്‍ ആവര്‍ത്തന ഉപയോഗം കൊണ്ട് മനസ്സില്‍ തറച്ചുപോയ പല തെറ്റുകളും ഈ പുസ്തകം നമ്മെ കാണിച്ചു തരുന്നു. 'തിമിംഗലം' എന്നെഴുതുന്നത് തെറ്റാണെന്നും ശരിയായ പദം 'തിമിംഗിലം' എന്നാണെന്നും ആശ്ചര്യത്തോടു കൂടിയേ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

വൈകുന്നേരം അഞ്ചുമണി എന്ന് സൂചിപ്പിക്കുവാന്‍ 5PM എന്ന് നാം എത്രയോ കാലമായി എഴുതിവരുന്നു? പക്ഷേ PM എന്നത് Prime Minister എന്നതിന്റെ ചുരുക്കെഴുത്താണെന്നും ഉച്ചയ്ക്കുശേഷം എന്നര്‍ത്ഥമുള്ള post meridium എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ 5 p.m. എന്നാണെഴുതേണ്ടതെന്നും ഈ പുസ്തകം വായിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന് പറയുന്നതില്‍ ലേഖകന് ഒരു മടിയുമില്ല.

കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷങ്ങളായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന 'ഇന്ന്' എന്ന ഇന്‍ലന്റ് മാസികയുടെ പത്രാധിപരാണ് മണമ്പൂര്‍ രാജന്‍ബാബു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ച 'ഇന്ന് ' എന്ന പ്രസിദ്ധീകരണത്തെപ്പറ്റി ഈ വര്‍ഷത്തെ കലാകൗമുദി ഓണപ്പതിപ്പില്‍ പി.സി. ഹരീഷ് ഒരു ലേഖനമെഴുതിയിട്ടുണ്ട്. മികച്ച ഒരു കവി കൂടിയായ രാജന്‍ ബാബു, കവിതയ്ക്ക് പ്രശസ്തമായ അനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ ഭരണവിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം കൈരളി ടി.വി.യിലെ ജനപ്രിയ റിയാലിറ്റി ഷോ 'മാമ്പഴ'ത്തിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു.

ആവശ്യത്തിന് മാത്രമല്ല, അനവസരത്തിലും ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിയ്ക്കലായിരുന്നു പണ്ടൊക്കെ ഭാഷയ്ക്ക് വെല്ലുവിളിയായുണ്ടായിരുന്നത്. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ സൂചിപ്പിയ്ക്കുന്നതു പോലെ, ഇംഗ്ലീഷിന്റെ 'ഗമ' യെപ്പറ്റിയുള്ള തെറ്റിദ്ധാരണയാവാമതിന് കാരണം.

'പുറത്തുപോകൂ' എന്ന് ക്ലാസ്സില്‍ അദ്ധ്യാപകന്‍ പറഞ്ഞാല്‍ കൂടി പുറത്തുപോകില്ലെന്നും 'ഗെറ്റൗട്ട്' (get out) എന്ന് പറഞ്ഞാല്‍ ആ നിമിഷം കൂടി പുറത്തുപോകുകതന്നെ ചെയ്യുമെന്നും പറഞ്ഞവര്‍ക്ക് യശശ്ശരീരനായ പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ നല്‍കിയ ഒരു മറുപടിയുണ്ട് : കരുതുക മലയാളം ആ രീതിയില്‍ പ്രയോഗിച്ചാല്‍ കുട്ടി മാത്രമല്ല, ഇരിപ്പിടം കൂടെ പുറത്തുപോകും. അതിതാണ്: 'കടക്കൂ പുറത്ത് '! (മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൊഫസറുടെ ആരാധകനായിരുന്നിരിയ്ക്കണം. പണ്ട് പത്രക്കാരോടും അദ്ദേഹം അങ്ങിനെയാണല്ലോ കല്പിച്ചത്!)

വെല്ലുവിളികള്‍ ഒട്ടേറെയുണ്ടെങ്കിലും നമ്മുടെ ഭാഷ വളരുകയാണ്. പക്ഷേ പ്രയോഗസാധുതയാല്‍ അംഗീകരിയ്ക്കാം എന്ന് പറഞ്ഞുകൊണ്ട് തെറ്റായ പദപ്രയോഗങ്ങളെ ന്യായീകരിച്ച് ഭാഷയെ വികൃതമാക്കാന്‍ നമ്മളനുവദിയ്ക്കരുത്. അങ്ങിനെ ചെയ്താല്‍ അമ്മമലയാളമെന്ന അമൃതിനെ വിഷമാക്കുകയാവും നാം ചെയ്യുന്നത്. വിഷത്തെ അമൃതാക്കുന്ന കലയാണ് കവിതയെന്ന് മഹാകവി കുമാരനാശാന്‍ എഴുതിയിട്ടുള്ളത് മണമ്പൂര്‍ ഉദ്ധരിയ്ക്കുന്നു

'ഏകാന്തം വിഷമമൃതാക്കിയും, വെറും പാ-
ഴാകാശങ്ങളിലലര്‍വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ, നിന്‍
ശ്രീകാല്‍ത്താരിണയടിയങ്ങള്‍ കുമ്പിടുന്നു.'
(കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം-കുമാരനാശാന്‍)

അതിനാല്‍ വിഷത്തെ നമുക്ക് അമൃതാക്കാം, അമ്മമലയാളത്തെ അമൃതിനെ വിഷമാക്കാന്‍ നമ്മളനുവദിയ്ക്കരുത്! 

അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം:  ഷാജന്‍ ആനിത്തോട്ടം) അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം:  ഷാജന്‍ ആനിത്തോട്ടം)
ഭാഷാ സ്‌നേഹി 2019-12-12 18:58:42
എത്ര മനോഹര ലേഖനം. നല്ല മലയാളം എഴുതാൻ ഇത് വായിക്കണം 

Jaimohan 2021-10-12 11:16:09
'അങ്ങിനെ'യെഴുതിയാൽ ശരിയാകില്ല;'അങ്ങനെ'യെന്നെഴുതിപ്പഠിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക