Image

പൗരത്വ ഭേദഗതിബില്‍, വിശദീകരണങ്ങളും ന്യൂനതകളും (ജോസഫ് പടന്നമാക്കല്‍)

Published on 17 December, 2019
 പൗരത്വ ഭേദഗതിബില്‍, വിശദീകരണങ്ങളും ന്യൂനതകളും (ജോസഫ് പടന്നമാക്കല്‍)
ജനാധിപത്യ റിപ്പബ്ലിക്കായ ഇന്‍ഡ്യ എന്നും ലോക രാഷ്ട്രങ്ങളുടെയിടയില്‍ തലയുയര്‍ത്തി നിന്ന രാഷ്ട്രമായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധമതം, സിഖുമതം  എന്നിങ്ങനെ നാനാ ജാതി  മതങ്ങളെയും ഒരുപോലെ  ബഹുമാനിച്ചുകൊണ്ടിരുന്ന,  പാലിച്ചുകൊണ്ടിരുന്ന ഒരു ഭരണഘടനയായിരുന്നു നമുക്കുണ്ടായിരുന്നത്! എന്നാല്‍ പുതിയ പൗരത്വ ബില്ലില്‍ മുസ്ലിമിനെ ഒഴിവാക്കി കൊണ്ടുള്ള നിയമം  ഇന്ത്യയുടെ അന്തസ്സിനു കോട്ടം തട്ടാന്‍ കാരണമായി തീര്‍ന്നിരിക്കുന്നു. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ രാജ്യങ്ങളില്‍നിന്ന് മതപീഢനമൂലം ഇന്ത്യയില്‍ വന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കുമെന്നു  പ്രധാനമന്ത്രി നരേന്ദമോദി തിരഞ്ഞെടുപ്പുകാലത്തു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. 2014ലെ ഒരു തിരഞ്ഞെടുപ്പു റാലിയില്‍ ഹിന്ദുക്കളായ ബംഗ്‌ളാദേശികള്‍ക്ക് പൗരത്വം കൊടുക്കുമെന്നും മോദി എടുത്തു പറഞ്ഞിരുന്നു. അന്നുമുതല്‍ മോദി സര്‍ക്കാര്‍ അതിനായി ശ്രമിക്കുമ്പോഴെല്ലാം മുസ്ലിം വിരുദ്ധത, ഭൂരിപക്ഷാധിപത്യം എന്നെല്ലാമുള്ള പ്രതിപക്ഷങ്ങളുടെ കുറ്റാരോപണങ്ങളുമുണ്ടായിരുന്നു.

1955ല്‍ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019ല്‍  പാര്‍ലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ അഭയാര്‍ത്ഥികളായ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങള്‍ക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം ലഭിക്കാന്‍ അവകാശമുണ്ടായിരിക്കും. 2019 ഡിസംബര്‍ നാലാംതീയതി ഇന്ത്യന്‍ പാര്‍ലമെന്റും 2019 ഡിസംബര്‍ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകള്‍ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തില്‍ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമില്‍ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സര്‍ക്കാര്‍ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങള്‍ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്ചകളാണ് കാശ്മീര്‍ മുതല്‍ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടത്തില്‍ ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.

2016ലാണ് ബിജെപി സര്‍ക്കാര്‍ ആസാമില്‍ ഭരണത്തില്‍ വന്നത്. ബംഗ്‌ളാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദുക്കളെ പൗരത്വം നല്‍കി സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു അധികാരത്തില്‍ എത്തിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആസ്സാമില്‍ 34.2 ശതമാനവും മുസ്ലിമുകളാണ്. അഞ്ചു വര്‍ഷം കൊണ്ട് നാലു ശതമാനം മുസ്ലിമുകള്‍ ആ പ്രദേശങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്തു. പൗരത്വനിയമം പാസായി നിയമം നടപ്പാക്കി കഴിഞ്ഞാല്‍, ഹിന്ദുക്കള്‍ കൂട്ടമായി പൗരത്വം എടുത്തുകഴിയുമ്പോള്‍ വോട്ടുബാങ്കിന് കാര്യമായ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയിലുള്ള രഹസ്യ കാര്യ പരിപാടിയായിരുന്നുവെന്നും കരുതുന്നു.

2019 നവംബറില്‍ സുപ്രീം കോര്‍ട്ട് ബാബ്‌റി മോസ്ക്കിന്റെ സ്ഥാനത്ത് ഹിന്ദു അമ്പലം പണിയാനുള്ള അനുവാദം കൊടുത്തു. 1992ലായിരുന്നു ഹിന്ദു തീവ്രവാദികള്‍ ബാബ്‌റി മസ്ജിദ് പൊളിച്ചു കളഞ്ഞത്. ഈ സംഭവ വികാസങ്ങളെല്ലാം ഹിന്ദു ദേശീയത കൂടുതല്‍ ബലവത്താകുന്നതിനു കാരണമായി. അതോടൊപ്പം ഇന്ത്യന്‍ മുസ്ലിമുകളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാവുകയുമുണ്ടായി. അവരുടെ ഭാവിയിലുള്ള സുരക്ഷ ബാധിക്കുന്ന പ്രശ്‌നവുമായി മാറി.

പൗരത്വ നിയമം ഭേദഗതിയോടെ പാസാക്കുമ്പോള്‍ ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ചാകണം. പതിനാലാം വകുപ്പ് ജാതിമത ഭേദമെന്യേ ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശം നല്കണമെന്നുള്ളതാണ്. എന്നാല്‍ 2019ലെ ഭരണഘടനാ ഭേദഗതിയില്‍ പൗരത്വം നല്‍കുന്നതു മുസ്ലിമുകള്‍ അല്ലാത്ത മറ്റു മതങ്ങള്‍ക്കു മാത്രമെന്നു പറയുന്നു. പാര്‍ലമെന്റ് പാസാക്കിയ ഈ ബില്ല് ഇന്ത്യയുടെ മൗലിക നിയമത്തിനു തന്നെ വെല്ലുവിളിയായിരിക്കുന്നു. മുസ്ലിമല്ലാത്തവര്‍ക്ക് പൗരാവകാശമെന്ന പാര്‍ലമെന്റ് തീരുമാനത്തില്‍ നിയമപരമായ സാധുത ലഭിക്കില്ല. സുപ്രീം കോടതി, ബില്ലിലെ പുതിയ വ്യവസ്ഥകളെ പരിഗണിച്ചശേഷം തള്ളിക്കളയാനാണ് സാധ്യത. ഒരുവന്റെ ജനനം കൊണ്ടും വംശപരമ്പരകൊണ്ടും രജിസ്റ്റര്‍ ചെയ്ത വിദേശിക്കും പൗരത്വം നേടാമെന്ന് 1955ലെ ഭരണഘടന 2,5,9  വകുപ്പുകള്‍ പ്രകാരം വ്യക്തമാക്കുന്നു. 1992, 2003, 2005, 2015 എന്നീ കാലഘട്ടങ്ങളിലായി അഞ്ചു പ്രാവിശ്യം കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും രണ്ടു പ്രാവിശ്യം ബിജെപി സര്‍ക്കാരും ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാല്‍ 2019ലെ പൗരത്വം സംബന്ധിച്ച  ഈ ബില്ലാണ് ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളില്‍ക്കൂടി വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നത്തെ നിലവിലുള്ള നിയമം അനുസരിച്ച് അനധികൃതമായി കുടിയേറിയവര്‍ക്ക് പൗരത്വം നേടാന്‍ അവകാശമില്ല. അവര്‍ക്ക് പൗരത്വത്തിനു അപേക്ഷിക്കാനും സാധിക്കില്ല. അങ്ങനെയുള്ളവരെ രാജ്യത്തിനു പുറത്താക്കുകയോ ജയിലില്‍ അടക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാല്‍ ആ നിയമത്തിനാണ് 2019ലെ പൗരത്വ അവകാശ ബില്ലില്‍ ഭേദഗതി വരുത്തുന്നത്. പുതിയ പൗരാവകാശ നിയമം അനുസരിച്ച് വിദേശ രാജ്യങ്ങളായ ബംഗ്‌ളാദേശിലും പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും നിയമാനുസൃതമല്ലാത്ത മുസ്ലിമുകളല്ലാത്തവര്‍ക്ക് പൗരത്വം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. ഈ നിയമ പ്രകാരം മുസ്ലിമുകളെ മാത്രമേ ജയിലില്‍ അടക്കാനോ രാജ്യത്തിനു പുറത്താക്കാനോ സാധിക്കുള്ളൂ. മുസ്ലിമല്ലാത്തവര്‍ക്ക് ഡോക്കുമെന്റുകളില്ലെങ്കിലും അനുവാദമില്ലാതെ വന്നാലും അവര്‍ പൗരത്വത്തിന് യോഗ്യരാണെന്നുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്. മാതൃരാജ്യത്തു നിന്നു മതപീഡനം കൊണ്ട് വന്നവരായിരിക്കണമെന്നും പാസ്സാക്കിയ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. മുമ്പ്, ഈ മൂന്നു രാജ്യങ്ങളില്‍നിന്നും വന്നവര്‍ക്കു പൗരത്വം അപേക്ഷിക്കണമെങ്കില്‍ പതിനാലു വര്‍ഷം ഇന്ത്യയില്‍ താമസിക്കണമായിരുന്നു. എന്നാല്‍ അത് പുതിയ നിയമത്തില്‍ ആറു വര്‍ഷമായി കുറച്ചിരിക്കുന്നു.

പൗരത്വ ഭേദഗതിബില്ലു പാസായതില്‍ പ്രതിപക്ഷം ഒന്നടങ്കവും മനുഷ്യാവകാശ പ്രവര്‍ത്തകരും എതിര്‍ക്കുന്നു. അത് വിവേചനമാണ്, ഭരണഘടന ആര്‍ട്ടിക്കിള്‍ പതിനാലിന് എതിരാണെന്ന് അവര്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ പതിനാല് എന്നുള്ളത് ഭരണഘടനയുടെ സുപ്രധാനമായ നിയമങ്ങളുടെ നാഴികക്കല്ലാണ്! ഇന്ത്യയുടെ പരമാധികാരത്തിനുള്ളില്‍ ഒരു വ്യക്തിക്ക് നിയമത്തില്‍ പക്ഷാപാതം പാടില്ലെന്നും സമത്വപൂര്‍ണ്ണമായ സംരക്ഷണം ഓരോ വ്യക്തിക്കും നല്കണമെന്നുള്ളതാണ് ആര്‍ട്ടിക്കിള്‍ പതിനാലില്‍ വ്യക്തമാക്കുന്നത്. നിയമത്തിന്റെ മുമ്പില്‍ തുല്യ സംരക്ഷണമെന്നു പറയുന്നത് രണ്ടു വ്യക്തികള്‍ക്കിടയില്‍ വിവേചനം കാണിച്ചുകൊണ്ടുള്ള നിയമം പാടില്ലെന്നുള്ളതാണ്. പതിനാലാം വകുപ്പനുസരിച്ച് ഓരോ പൗരന്റെ അവകാശങ്ങളും നിരുപാധികമായിരിക്കും.

2016ല്‍ പൗരത്വ നിയമങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ ബില്ല് പരാജയപ്പെട്ടിരുന്നു. അന്നത്തെ ഭേദഗതിയോടെ തയ്യാറാക്കിയ 2019ലെ ബില്ലിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ്, പാകിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലുള്ള ഹിന്ദു, ജൈന ജനങ്ങളെ കൊണ്ടുവന്നു വോട്ടു ബാങ്ക് വര്‍ദ്ധിപ്പിക്കുകയെന്നതായിരുന്നു. ഹിന്ദുക്കള്‍ കൂട്ടമായി രാജ്യത്ത് കുടിയേറി മതാടിസ്ഥാനത്തില്‍' വോട്ട് നേടുകയെന്നതും ബിജെപിയുടെ പദ്ധതികളിലുണ്ടായിരുന്നു. പാക്കിസ്ഥാനില്‍നിന്നും ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി അതിര്‍ത്തി സ്‌റ്റേറ്റുകളില്‍ കുടിയേറിയ ഏകദേശം രണ്ടുലക്ഷം ഹിന്ദുക്കളോളം ഉള്ളതായി അനുമാനിക്കുന്നു. അവര്‍ക്കുള്ള വോട്ടവകാശം ബിജെപി യ്ക്ക് അനുകൂലമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.

1947ല്‍ 'മുഹമ്മാദാലി ജിന്ന' ഇന്ത്യ വിഭജിക്കാന്‍ മുന്‍കൈ എടുത്തു. അതിനുമുമ്പ് മുഹമ്മദാലി ജിന്ന മുസ്ലിമുകള്‍ക്ക് ഒരു രാഷ്ട്രമെന്നും ഹിന്ദുക്കള്‍ക്ക് മറ്റൊരു രാഷ്ട്രമെന്ന വാദവുമായിരുന്നു ഉന്നയിച്ചിരുന്നത്. ഇന്ത്യയിലെ മുസ്ലിമുകള്‍ക്ക് പ്രത്യേകമായ രാഷ്ട്രമെന്ന നിലയിലാണ് വിഭജനം നടന്നത്. എന്നിരുന്നാലും അന്നുള്ള ഇന്ത്യന്‍ നേതാക്കന്മാര്‍ ഹിന്ദു രാഷ്ട്രത്തിനുപരി മതേതര രാഷ്ട്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടന തയ്യാറാക്കി. അതാണ് ആര്‍ട്ടിക്കിള്‍ പതിനാലില്‍ സമത്വം ഉള്‍പ്പെടുത്താന്‍ കാരണം. ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കും പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ രജിസ്റ്ററില്‍ 19 ലക്ഷം ബംഗ്‌ളാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ പൗരത്വത്തിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. സുപ്രീം കോര്‍ട്ടിന്റെ നിര്‍ദ്ദേശത്തോടെ നാഷനല്‍ രജിസ്റ്ററിലുള്ള ഹിന്ദുക്കള്‍ക്ക് പൗരാവകാശം കൊടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അനേക ലക്ഷങ്ങള്‍  ബംഗ്‌ളാദേശികളായ മുസ്ലിമുകള്‍ ആസ്സാമില്‍ നിയമപരമല്ലാതെ ജീവിക്കുന്നു. പത്തോമ്പതു ലക്ഷം  രജിസ്റ്റര്‍ ചെയ്ത ആസാമിലുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം കൊടുക്കണമെന്നുള്ളത് ബിജെപി താല്‍പ്പര്യമാണ്. ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്കും പൗരത്വം കൊടുക്കേണ്ടി വന്നാല്‍ വലിയ ഒരു കുടിയേറ്റ ജനതയെ  ഇന്ത്യ സ്വീകരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഹിന്ദുക്കളുടെ കാര്യത്തില്‍ പൗരത്വം കൊടുക്കുന്നതില്‍ അനശ്ചിതത്ത്വം ഉണ്ടാകും.

ഇസ്രായേല്‍, യഹൂദ ജനത്തിനെന്നപോലെ ഇന്ത്യ, ഹിന്ദുക്കള്‍ക്കുവേണ്ടിയെന്നുള്ള ചിന്തകള്‍ നടപ്പാക്കുകയെന്നതുമാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യവും. ഇത്, നാളിതുവരെ ഇന്ത്യ പുലര്‍ത്തിവന്നിരുന്ന മതേതരത്വത്തിനു തികച്ചും വിരുദ്ധമാണ്. അതുപോലെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ ഭരണഘടനയും ബഹു മതവിശ്വാസങ്ങള്‍ക്കുള്ള ഏകതാമനോഭാവവും കൈമുതലായ ഇന്ത്യയുടെ പ്രതിച്ഛായക്കും ഈ ബില്ല് മങ്ങലേല്‍പ്പിച്ചു. ബില്ല് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

ഈ ബില്ല് ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുള്ള ന്യുനപക്ഷ സമുദായങ്ങളെ രക്ഷിക്കാന്‍ വേണ്ടിയെന്നു സര്‍ക്കാര്‍ പറയുന്നു. പലരും മതനിന്ദയുടെ പേരില്‍ ഈ രാജ്യങ്ങളില്‍  ജയിലില്‍ കിടക്കേണ്ട അവസ്ഥകള്‍ വരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ബില്ല്  അവതരിപ്പിക്കുന്നതെന്നു തോന്നുമെങ്കിലും അത് ഹിന്ദുക്കളെയും സിക്കുകാരെയും ബുദ്ധിസ്റ്റുകളെയും ജൈനന്മാരെയും പാഴ്‌സികളെയും ക്രിസ്ത്യാനികളെയും മാത്രമേ സഹായിക്കുള്ളൂ. മറ്റുള്ള രാജ്യങ്ങളില്‍ മുസ്ലിമുകളും പീഢിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവരുടെ കാര്യത്തില്‍ ബില്ല് നിര്‍മ്മിച്ചവര്‍ നിശബ്ദരുമാണ്.

ഇന്ത്യയില്‍ എത്തിയിരിക്കുന്ന അഭയാര്‍ഥികളില്‍ ഭൂരിഭാഗം കടുത്ത ദാരിദ്ര്യത്തില്‍, വൃത്തിയും വെടിപ്പുമില്ലാതെ ജീവിക്കുന്നവരാണ്. മതപരമായി കാര്യങ്ങള്‍ അനുഷ്ഠിക്കുന്നവരോ ദാരിദ്ര്യം മൂലം മതം ചിന്തിക്കുന്നവരോ അല്ല. അവരുടെയിടയിലാണ് മനുഷ്യനെ വിഘടിപ്പിച്ച് മതത്തിന്റെ പേരില്‍ പൗരത്വം കൊടുക്കുന്നത്. ഈ പൗരത്വം മനുഷ്യവകാശങ്ങള്‍ക്കുപരി വെറും രാഷ്ട്രീയ അടവുകള്‍ മാത്രമാണ്. 2003ല്‍ 213 ബംഗ്‌ളാദേശ് പൗരന്മാര്‍ ഇന്ത്യയുടേയും ബംഗ്‌ളാദേശിന്റെയും അതിര്‍ത്തിയില്‍ രാജ്യമില്ലാതെ കുടുങ്ങിയിരുന്നു. ഇരുരാജ്യങ്ങളും അവരെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി മതപീഡനം കൊണ്ട് പാകിസ്ഥാനില്‍നിന്നും ബംഗ്‌ളാദേശില്‍ നിന്നും പുറത്താക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരു രാജ്യത്തിലേക്ക് വന്നുകയറുന്ന കുടിയേറ്റക്കാരുടെ മതം പരിഗണിക്കാതെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയെന്നതു പരിഷ്കൃത രാജ്യങ്ങളുടെ കടമയാണ്. ഭേദഗതി ചെയ്ത ഈ നിയമം ഇന്ത്യയുടെ അന്തസ്സായിരുന്ന ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ബില്ല്, പ്രാബല്യത്തിലായാല്‍ അനധികൃത മുസ്ലിമുകളെ കൂട്ടത്തോടെ ജയിലില്‍ അടയ്ക്കുകയും അവരെ  രാജ്യത്തില്‍ നിന്ന് പുറത്താക്കലും തുടരും. ഒരേ ലക്ഷ്യത്തോടെ ഇന്ത്യയില്‍ കുടിയേറിയ ജനവിഭാഗങ്ങളെ വേര്‍തിരിച്ച് മുസ്ലിമുകള്‍ക്കുമാത്രം പൗരത്വം നിഷേധിക്കുന്നത് വര്‍ഗീയത സൃഷ്ടിക്കാനും കാരണമാകും.  മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, രാജ്യത്തുള്ള ഏതൊരു സന്ദര്‍ശകര്‍ക്കും തുല്യമായിരിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഐക്യ രാഷ്ട്ര സംഘടനയും മുസ്ലിമുകളെ രാജ്യത്തിലെ മതേരത്വ നിയമങ്ങളില്‍നിന്നും പുറത്തുനിര്‍ത്തിയതില്‍ കുറ്റപ്പെടുത്തുന്നു.  ബില്ലിന്റെ മറ്റു സങ്കീര്‍ണ്ണതകളും അനന്തരഫലങ്ങളും നിയമജ്ഞര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് ഔദ്യോഗികമായി മുസ്ലിം പേര് മാറ്റുകയോ പേരില്‍ തന്നെ ക്രിത്രിമത്വം കാണിക്കുകയോ ചെയ്യാം. അങ്ങനെ മതം തന്നെ നിശ്ചയിക്കാന്‍ സാധിക്കാതെ വരുന്നു.

ഇന്നു നിലവിലുള്ള ഭരണഘടന രാജ്യത്തു ജനിച്ചു വളര്‍ന്നവര്‍ക്കു മാത്രമുള്ള ഒന്നല്ല. ഭരണഘടന വിഭാവന ചെയ്ത മൗലികാവകാശങ്ങള്‍ ഈ രാജ്യത്ത് വന്നു കൂടുന്നവര്‍ക്കും കൂടി ബാധകമാണ്.  പുതിയ നിയമത്തില്‍ ഈ രാജ്യത്തെ പൗരത്വം തേടി ഹിന്ദുക്കള്‍ക്ക് വരാം, കൃസ്ത്യാനികള്‍ക്ക് വരാം എന്നാല്‍ മുസ്ലിമുകള്‍ക്ക് വരാന്‍ പാടില്ലായെന്നുള്ള ഇവരുടെ അജണ്ട വെറും പ്രാകൃതമായിരിക്കുന്നു. മൃഗീയമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഒരു ഗവണ്‍മെന്റിന് അവരുടെ സ്വാര്‍ത്ഥത നിറഞ്ഞ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതും ബില്ലിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നു.   അതേസമയം ശ്രീ ലങ്കയില്‍ നിന്നും പീഡനങ്ങള്‍ മൂലം ഓടിവന്നു ഇന്ത്യയില്‍ താമസിക്കുന്ന തമിഴരും മുസ്ലിമുകളുമുണ്ട്. അവരുടെ കാര്യങ്ങള്‍ ഒന്നും തന്നെ ബില്ലില്‍ പരാമര്‍ശിച്ചിട്ടില്ല.

ബംഗ്‌ളാദേശ് ഒരു മുസ്ലിം രാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. അവിടെ ഒരു ജനാധിപത്യ സര്‍ക്കാരാണ് നിലകൊള്ളുന്നത്. ഇന്ത്യയുമായി ആത്മബന്ധം പുലര്‍ത്തുന്ന ഒരു രാജ്യമാണത്! അവിടെ ഹിന്ദുക്കളെ പീഡനം നടത്തുന്നുവെന്ന ചരിത്രവും ഇല്ല. ആ സ്ഥിതിക്ക് ബംഗ്ലാദേശവും ആയുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാന്‍ മാത്രമേ ഈ ബില്ലുകൊണ്ട് പ്രയോജനം ലഭിക്കുള്ളൂ.

കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യസര്‍ക്കാര്‍ കാശ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞു. കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി ചേര്‍ത്തതുകൊണ്ടുള്ള അതിരൂക്ഷമായ ജനകീയ പ്രതികരണങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു രാജ്യത്ത് കൂനിന്മേല്‍ കുരു എന്ന പറഞ്ഞതുപോലെയാണ് രാജ്യം ഇന്ന് പാസാക്കിയിരിക്കുന്ന ഈ പൗരത്വ ഭേദഗതി നിയമം.

'മുസ്ലിം രാജ്യങ്ങളിലുള്ള ന്യുനപക്ഷങ്ങള്‍ക്ക് മാനുഷിക പരിഗണ വെച്ചാണ് പൗരത്വം നല്‍കുന്നതെന്ന്' ഗവണ്മെന്റ് പറയുന്നു. 'അവര്‍ക്ക് അവരുടെ മതം അവിടെ ആചരിക്കാന്‍ സാധിക്കുന്നില്ല. പ്രാര്‍ത്ഥാനാലയങ്ങള്‍ മുസ്ലിം രാജ്യങ്ങള്‍ ഇടിച്ചു തകര്‍ക്കുന്നു. മുസ്ലിമുകള്‍ അല്ലാത്തവരുടെ സ്വത്തിന് യാതൊരു പരിരക്ഷയും ലഭിക്കുന്നില്ല.' അങ്ങനെ അമിത്ഷാ ബില്ലിനെ ന്യായികരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. 'ബംഗ്‌ളാദേശിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂരിപക്ഷ മുസ്ലിമുകള്‍ മതപീഡനം ഏല്‍ക്കുന്നില്ല. മുസ്ലിമുകള്‍ക്ക് സമാധാനമായി ആ രാജ്യങ്ങളില്‍ താമസിക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇന്ത്യയില്‍ അഭയം നല്‍കേണ്ട ആവശ്യമില്ലെന്നും' അമിത് ഷാ പറയുന്നു. ബില്ല് പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനാണെങ്കില്‍ മുസ്ലിമുകളെ ഉള്‍പ്പെടുത്താത്ത ഒരു നയം സ്വീകരിക്കരുതായിരുന്നു. മുസ്ലിം ന്യുനപക്ഷത്തെ പീഡിപ്പിക്കുന്ന രാജ്യങ്ങളില്‍ ചൈനയും മ്യാന്‍മറും ഉള്‍പ്പെടും! അക്കാര്യം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റോഹിന്‍ഗ്യ മുസ്ലിമുകള്‍ മ്യാന്മറിലും  ചൈനയിലും അഹമത്യ മുസ്ലിമുകള്‍ പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്നു. കൂടാതെ മ്യാന്‍മറിലുള്ള ഹിന്ദുക്കളുടെ പൗരത്വവകാശങ്ങളെപ്പറ്റി ബില്ലില്‍ പറയുന്നുമില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ കൂടാതെ ചൈനയിലെ ടിബറ്റില്‍ നിന്നും മുസ്ലിമുകളും  ശ്രീ ലങ്കയിലെ തമിഴരും ഇന്ത്യയില്‍ നിയമാനുസൃതമല്ലാതെ കുടിയേറിയവരുണ്ട്. അതുപോലെ ബര്‍മ്മയില്‍ നിന്ന് 'റോഹിഗ്യ മുസ്ലിമുകളും' പീഡനംമൂലം ഇന്ത്യയില്‍ അനധികൃതമായി കഴിയുന്നു. മതപരമായ പീഡനം സഹിക്കുന്നവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെങ്കില്‍ ഈ രാജ്യങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. പാകിസ്ഥാനിലെ 'അഹമത്യ' മുസ്ലിം സമൂഹവും മുസ്ലിം ഭൂരിപക്ഷത്തില്‍ നിന്ന് മതപീഡനം ഏറ്റുവാങ്ങുന്നു. ആസ്സാമിലെ പൗരന്മാര്‍ക്കുള്ള ദേശീയ രജിസ്റ്ററില്‍ (ചഞഇ) 1.9 മില്യണ്‍ ജനങ്ങള്‍ നിയമാനുസൃതമല്ലാതെ, രാജ്യമില്ലാതെ ജീവിക്കുന്നു.

ഇന്ത്യ, യുണൈറ്റഡ് നാഷനുമായി മറ്റുരാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കാമെന്നുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യമല്ലാത്തതുകൊണ്ടു ഇന്ത്യയിലേക്ക് പ്രവഹിക്കുന്ന അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്നുള്ള ഉത്തരവാദിത്വം ഇന്ത്യക്കില്ല. യുണൈറ്റഡ് നാഷനില്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിനുള്ള അംഗത്വം എടുക്കുന്ന കാര്യത്തില്‍ വിവാദങ്ങളും ഉണ്ടായിട്ടില്ല. ഇന്ത്യ അങ്ങനെ ഒരു ഉടമ്പടിയില്‍ ഒപ്പു വെച്ചാല്‍ മനുഷ്യത്വവകാശത്തെ മാനിക്കലുമാകാം. മതപീഡനം മൂലം രക്ഷപെടുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കലുമായിരിക്കും. എന്നാല്‍ ഇന്ത്യ പാസാക്കിയിരിക്കുന്ന ഈ നിയമത്തില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്കു മാത്രമായുള്ളത് മാനവികതയോടുള്ള ഒരു അവഹേളനമാണ്. ഹിന്ദുക്കള്‍ക്കും മറ്റുമതങ്ങള്‍ക്കും മുസ്ലിമുകളേക്കാള്‍ പരിഗണന നല്‍കുന്ന ഈ വ്യവസ്ഥ ഇന്ത്യയുടെ മതേതരത്വത്തെ തന്നെ തകര്‍ത്തിരിക്കുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മൗലികാവകാശത്തിനുമേല്‍ കൈകടത്തലുമാണ്. ഇന്ത്യയുടെ ഭരണഘടനക്കെതിരെയുള്ള ഒരു വെല്ലുവിളികൂടിയാണ്.

ആയിരക്കണക്കിന് ശാസ്ത്രജ്ഞരും നിയമജ്ഞരും പണ്ഡിതരും ബില്ലിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും ബില്ലിനെ എതിര്‍ത്തിരിക്കുന്നു. മതപരമായ ഈ വിവേചനത്തെ യുണൈറ്റഡ് നാഷനും എതിര്‍ത്തിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളില്‍നിന്നുള്ള എതിര്‍പ്പുകള്‍ ഇന്ത്യയുടെ മതേതരത്വത്തിനും പാരമ്പര്യത്തിനും കോട്ടം തട്ടിയിരിക്കുന്നു.

വംശീയ വിവേചനത്തിനെതിരെ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. പൗരത്വ നിയമത്തിനെതിരെ ഇന്ത്യ നിയമ ഭേദഗതികള്‍ വരുത്തിയതുമൂലം ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സമിതിയിലും തിരിച്ചടി ലഭിക്കാം. ഐക്യ രാഷ്ട്ര സമിതിയില്‍ സ്ഥിരഅംഗത്വം വേണമെന്നുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ഇതൊരു മങ്ങലേല്‍ക്കുകയുമാവാം.

ആഗോളതലത്തിലും ഭരണഘടനാ ഭേദഗതിയോടെ പാസാക്കിയ ബില്ലെനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നു. അമേരിക്കയുടെ പ്രതിനിധികള്‍ ക്യാപിറ്റോള്‍ ഹില്ലിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ വകുപ്പ് പൗരത്വത്തില്‍ മതത്തിന്റെ മാനദണ്ഡം കല്പിക്കുന്നതിനെപ്പറ്റിയും വിമര്‍ശിച്ചു. അമേരിക്കയുടെ ആഗോള മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന യൂസിഐആര്‍എഫ് (ഡടഇകഞഎ) എന്ന ഫെഡറല്‍ സംഘടന അമേരിക്കന്‍ സര്‍ക്കാരിനോട് അമിത്ഷായ്‌ക്കെതിരെ ബില്ല് അവതരിപ്പിക്കാതിരിക്കാന്‍ വിലക്കു കല്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുപോലെ അമേരിക്കയിലെ മറ്റു നേതാക്കന്മാരോടും മാനവികതയ്‌ക്കെതിരായ ഇന്ത്യയുടെ പൗരത്വ ഭരണഘടനാ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ,സ്വാതന്ത്ര്യം കിട്ടിയ നാളുകള്‍ മുതല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനപരമായ ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. 1950ല്‍ കോണ്‍ഗ്രസ്സ് ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രം നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ അതിനു തുല്യമായ ഒരു നിയമം മുസ്ലിമുകള്‍ക്കായി കൊണ്ടുവന്നില്ല. ബിജെപി, യൂണിഫോം സിവില്‍ കോഡിനെ പിന്തുണച്ചു. യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ അത്തരം ഒരു ബില്ല് വേണമെന്ന് ശഠിച്ചു. കോണ്‍ഗ്രസിന്റെ നീണ്ടകാല ഭരണത്തിനിടയില്‍ യാഥാസ്ഥിതിക മുസ്ലിമുകളെ പ്രീതിപ്പെടുത്താന്‍ താല്പര്യപ്പെട്ടിരുന്നു. താലാഖ് നിയമം ഒരിക്കലും നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബിജെപി താലാഖു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ യാഥാസ്ഥികരായ ഹിന്ദുക്കള്‍ സന്തുഷ്ടരായിരുന്നു. ഹിന്ദു നിയമങ്ങളിലും മുസ്ലിം നിയമങ്ങളിലും സമത്വം വേണമെന്ന് തീവ്രമതം പുലര്‍ത്തുന്ന ഹിന്ദുക്കള്‍ ആഗ്രഹിച്ചു.

യാഥാസ്ഥിതിക ഹിന്ദുക്കളെ തൃപ്തിപ്പെടുത്താന്‍ ബാബറി മസ്ജിദ് പൊളിക്കുന്ന മുതല്‍ അവിടെ അമ്പലം പണിയാനുള്ള പദ്ധതിവരെ തയ്യാറാക്കിയത് ബിജെപിയാണ്. എന്നാല്‍ കോണ്‍ഗ്രസിന് അതിന് ധൈര്യം ഉണ്ടായില്ല. കാരണം, യാഥാസ്ഥിതികരായ മുസ്ലിമുകളുടെയും ലിബറല്‍ ഹിന്ദുക്കളുടെയും അപ്രീതി സമ്പാദിച്ചുകൊണ്ട് കോണ്‍ഗ്രസിന് നിലനില്‍ക്കാന്‍ സാധിക്കില്ല.

പശു ഭക്തരോടും പശുവിനെ പരിപാലിക്കുന്നവരോടും ബിജെപി കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് കൂടുതലും പശുഭക്തിക്ക് പ്രാധാന്യം കൊടുക്കാറില്ല. ചരിത്ര ബുക്കില്‍ ക്രൂരരായ മുസ്ലിം ആക്രമകാരികളുടെ ചരിത്രം കോണ്‍ഗ്രസ് അധികാരത്തിലായിരുന്ന സമയം മറച്ചു വെക്കാന്‍ ശ്രമിച്ചു. അതേ സമയം യാഥാസ്ഥിതരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്താന്‍ സര്‍വേക്കറിനെ വാഴ്ത്തുകയും ചെയ്യുന്നു. ഇതില്‍നിന്നും മനസിലാക്കേണ്ടത് കോണ്‍ഗ്രസ്സും ബിജെപിയും 'വോട്ടുബാങ്ക് ' ലക്ഷ്യമിടുന്നതെന്നാണ്.

രാഷ്ട്രീയത്തില്‍ പ്രധാനമായും മൂന്നു വലിയ ഗ്രുപ്പാണുള്ളത്. പുരോഗന ഹിന്ദുക്കള്‍, യാഥാസ്ഥിതിക ഹിന്ദുക്കള്‍, യാഥാസ്ഥിതിക മുസ്ലിമുകള്‍ എന്നിങ്ങനെ തരം തിരിക്കാം. ഇവരില്‍ പുരോഗമന ആശയങ്ങളുള്ള ഹിന്ദുക്കളാണ് ഏറ്റവും വലിയ സമൂഹം. കോണ്‍ഗ്രസ്സ് വോട്ടു നേടുവാന്‍ നവീകരണ ചിന്താഗതിക്കാരായ ഹിന്ദുക്കളെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. പിന്തുണ തേടുന്നു. നയരൂപീകരണത്തില്‍ പുരോഗമന (ലിബറല്‍) ഹിന്ദുക്കളുടെ താല്‍പ്പര്യവും പരിഗണിക്കും. അതുപോലെ യാഥാസ്ഥിതിക മുസ്ലിമുകളെയും പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ബിജെപി ലിബറല്‍ ഹിന്ദുക്കളെ പിണക്കാതെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ താല്പര്യത്തിനൊത്താണ് പ്രവര്‍ത്തിക്കാറുള്ളത്.


 പൗരത്വ ഭേദഗതിബില്‍, വിശദീകരണങ്ങളും ന്യൂനതകളും (ജോസഫ് പടന്നമാക്കല്‍)
 പൗരത്വ ഭേദഗതിബില്‍, വിശദീകരണങ്ങളും ന്യൂനതകളും (ജോസഫ് പടന്നമാക്കല്‍)

 പൗരത്വ ഭേദഗതിബില്‍, വിശദീകരണങ്ങളും ന്യൂനതകളും (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
Joseph P 2019-12-19 11:08:52
പൗരത്വ നിയമങ്ങളെപ്പറ്റി തെറ്റായ വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും  പ്രചരിപ്പിക്കുന്നതിനാൽ സത്യമേത്, വ്യാജമേതെന്നുള്ള വസ്തുതകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഇതു സംബന്ധിച്ച് ഗവണ്മെന്റിന്റെ വിജ്ഞാപനത്തിൽനിന്നും നാം ആശങ്കപ്പെടേണ്ടതില്ലെന്നും മനസിലാക്കുന്നു. ഇന്ത്യൻ പൗരന്മാരോടു യാതൊരുതരത്തിലുമുള്ള വിവേചനമില്ലെന്നും ഈ ബില്ലിൽനിന്നു ഗ്രഹിക്കാൻ സാധിക്കും. എങ്കിലും ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേറ്റുവെന്നും ഇവിടെ കുറിക്കട്ടെ! ചില സംശയങ്ങൾക്കുള്ള ഉത്തരം അക്കമിട്ടു സൂചിപ്പിക്കുന്നു.  

1. 2019-ൽ പാസാക്കിയ പൗരത്വ ബില്ലുകൊണ്ട് ഇന്ത്യയിലെ ഒരു പൗരന്റെയും മൗലികാവകാശം നഷ്ടപ്പെടുന്നില്ല. ഇന്ത്യയിലെ മുസ്ലിം ഉൾപ്പടെ ഒരു പൗരനെയും ഈ ബില്ല് ബാധിക്കില്ല. 

2. ആർക്കാണ്, ഈ നിയമം ബാധകമാകുന്നത്? പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്ന് മതപീഡനം ഏൽക്കുന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ എന്നിവർക്ക് പൗരത്വം നൽകുന്നു. മുസ്ലിമുകൾക്ക് ഈ ഭേദഗതിയനുസരിച്ച്  പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കില്ല. മതം മൂലം മുസ്ലിമുകൾ അവരുടെ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നില്ല.  

3.പുതിയ നിയമമനുസരിച്ച് പൗരത്വത്തിനു യോഗ്യരാകുവാൻ 2014 ഡിസംബർ മുപ്പത്തിയൊന്നിനു  മുമ്പു ഇന്ത്യയിൽ എത്തിയവരായിരിക്കണം. 

4. മതപീഡനം മൂലം തിരികെ പോകാൻ സാധിക്കാത്ത ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ള  അമുസ്ലിമുകൾക്കാണ് പാസ്പോർട്ട് നൽകാനുള്ള തീരുമാനം. തിരികെ സ്വന്തം രാജ്യത്തിലേക്ക് പോയാൽ മതപീഡനം സഹിക്കേണ്ടി വരുന്നതിനാൽ മതിയായ യാത്രാ വിവരങ്ങൾ ഇല്ലെങ്കിലും ഇവർക്ക് പൗരത്വം ലഭിക്കും. പന്ത്രണ്ടു വർഷം താമസിക്കണമെന്നുള്ള നിയമത്തിൽനിന്ന് പൗരത്വം ലഭിക്കാൻ ഇന്ത്യയിൽ ആറുവർഷം താമസിച്ചാൽ മതിയാകും. 

5. പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നു വന്ന മുസ്ലിമുകൾക്ക് ഒരിക്കലും പൗരത്വം ലഭിക്കില്ലെന്ന് ഈ നിയമം കൊണ്ട് അർത്ഥമാകുന്നില്ല. 1955-ലെ പൗരത്വ നിയമപ്രകാരം, 5 ,6 വകുപ്പുകൾ അനുസരിച്ച് രജിസ്റ്റർ ചെയ്തു ഈ രാജ്യങ്ങളിലെ മുസ്ലിമുകൾക്ക് പൗരത്വത്തിനു അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഈ രാജ്യങ്ങളിലുള്ള നൂറുകണക്കിന് യോഗ്യരായ മുസ്ലിമുകൾക്ക് പൗരത്വം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയ നിയമത്തിൽ യാതൊരു മാറ്റവുമില്ല. 2014-ലെ ഇന്ത്യ- ബംഗ്ളാദേശ് കരാർ പ്രകാരം 15000 മുസ്ലിമുകൾക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്.       

6. ബില്ലുമൂലം അനധികൃതമായി കുടിയേറിയ മുസ്ലിമുകളെ പുറത്താക്കുമെന്നുള്ള പ്രചരണങ്ങളും നടക്കുന്നു. അക്കാര്യം ശരിയല്ല. അവരെ പുറത്താക്കുമെന്ന് യാതൊന്നും ബില്ലിൽ സൂചിപ്പിച്ചിട്ടില്ല. മതമോ ജാതിയോ നോക്കാതെ 1946 വിദേശ നിയമം അനുസരിച്ചാണ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത്. അത് കോടതി നടപടികളിൽക്കൂടിയേ നടപ്പാക്കാൻ സാധിക്കുള്ളൂ.  

7.പൗരത്വ ഭേദഗതി നിയമം മൂലം ഈ മൂന്നു രാജ്യങ്ങളൊഴികെ  മറ്റുള്ള രാജ്യങ്ങളിൽ നിന്ന് മതപീഡനം മൂലം വന്നവർക്ക് പൗരത്വം ലഭിക്കില്ല. അവർക്ക് 1955-ലെ പൗരത്വ നിയമം അനുസരിച്ച് അപേക്ഷിക്കണം. 

8. വംശം, ലിംഗം, ഭാഷ, രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം പീഡനം അനുഭവിച്ചു വന്നു താമസിക്കുന്ന ദേശികൾക്ക് പുതിയ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ യോഗ്യമല്ല. പാസ്പോർട്ട് ലഭിക്കാനുള്ള മാനദണ്ഡം, മതപീഡനം അനുഭവിച്ചു വന്ന കുടിയേറ്റക്കാർക്കു മാത്രമാണ്. മറ്റുള്ളവർക്ക് 1955-ലെ നിയമം അനുസരിച്ച് അപേക്ഷിക്കാം. 

9. പൗരത്വ നിയമം മൂലം ഇന്ത്യൻ മുസ്ലിമുകളെ പുറത്താക്കുമെന്നുള്ളതൊക്ക വ്യാജ പ്രസ്താവനകളാണ്. ഇന്ത്യയുടെ മണ്ണും വായും ആകാശവും എല്ലാ പൗരന്മാരുടെയും തുല്യ അവകാശത്തിൽപെട്ടതാണ്. അതാണ്‌ നമ്മുടെ ഭരണഘടന.   

10. മതപീഡനം മൂലം ശ്രീ ലങ്കയിൽ നിന്നോ, ബർമ്മയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തിൽനിന്നു  വന്നവർക്കോ ഭേദഗതി ചെയ്ത പൗരത്വ നിയമം ബാധകമല്ല. അവർക്ക് 1955 പൗരത്വം നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. (റഫ്: മാതൃഭൂമി) 
Indian 2019-12-19 12:34:49
കാടിനു  തീ വച്ചിട്ടു അത് നമ്മെ ബാധിക്കില്ല, മറ്റു ചിലരെയേ ബാധിക്കു എന്ന് പറയുന്നത് പോലെയാണ് ഇന്ത്യൻ പൗരന് ദോഷമൊന്നും വരില്ലെന്ന് പറയുന്നത്. 
ഈ നിയമത്തിന്റെ ആവശ്യം എന്തായിരുന്നു? 
മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കണമെന്ന് ആർ.എസ.എസ ആഗ്രഹിക്കുന്നു. ഉന്നത ജാതിക്കാരും നല്ല വിദ്യാഭ്യാസം ഉള്ളവരും മെച്ചപ്പെട്ട സാമ്പത്തിക നില ഉള്ളവരുമാണ് ഹിന്ദുത്വ നേതാക്കൾ. അവർക്ക് ജനത്തിന്റെ വിഷമത അറിയില്ല. പട്ടിണി എന്തെന്ന് അറിയില്ല. അവരാണ് മതത്തിന്റെ പേരിൽ ഇന്ത്യ ഭിന്നിപ്പിക്കുന്നത്. 
അതിനു കുട്ടു നിൽക്കണോ? അഫ്ഗാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മത പീഡനം നേടുന്നവർക്ക് പൗരത്വം നൽകുമെന്ന് പറഞ്ഞാൽ മതി. ഈ രാജ്യങ്ങളിൽ തസ്ലിമ നസ്രീനെ പോൽ ചുരുക്കം ചില മുസ്ലിംകളെ മത പീഡനത്തിന് ഇരയാവുന്നുള്ളു. ബാക്കിയുള്ളവരെ ഒഴിവാക്കാൻ ഒരു പ്രയാസവുമില്ല.
അതിനു രാജ്യമാകെ രേഖ പരിശോദിക്കണമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലേ?ഇതൊന്നും ശരിയല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക