Image

കുമാരസംഭവം (കഥ - ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 25 February, 2020
കുമാരസംഭവം  (കഥ - ഷാജന്‍ ആനിത്തോട്ടം)
കുമാരന്‍കുട്ടി എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞങ്ങളുടെ സൗഹൃദം. ഓര്‍മ്മവച്ച കാലം മുതലേ എന്റെ കളിക്കൂട്ടുകാരന്‍ ആയിരുന്നു കുമാരന്‍. എന്നുവച്ചാല്‍ ഏതാണ്ട് അര നൂറ്റാണ്ട് കാലത്തെ സുഹൃദ് ബന്ധം. പ്രൈമറി സ്‌കൂള്‍ ക്ലാസ്സുകള്‍ മുതല്‍ പോസ്റ്റ് ഗ്രാജുറ്റ് ഡിഗ്രിക്കാലം വരെ ഞങ്ങള്‍ സതീര്‍ത്ഥ്യരായിരുന്നു. പിന്നെ കാലചക്രത്തിനൊപ്പം ഞങ്ങളും വ്യത്യസ്ഥ സ്ഥലങ്ങളില്‍ കറങ്ങിതിരിഞ്ഞ് ഒടുവില്‍ അങ്കിള്‍ സാമിന്റെ നാട്ടില്‍ വീണ്ടും കണ്ടുമുട്ടി സൗഹൃദം തുടര്‍ന്നു പോരുന്നു.


കുമാരന്‍കുട്ടിയെപ്പറ്റിയുള്ള എന്റെ ഏറ്റവും പഴയ ഓര്‍മ്മയില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നത് അവന്റെ മനോഹരമായ തലമുടിയാണ്. നന്നായി ചുരുണ്ട, കറുകറുത്ത ഭംഗിയുള്ള മുടിയായിരുന്നു അവന്റെ ഏറ്റവും വലിയ ആകര്‍ഷണം. എവിടെനിന്നോ സംഘടിപ്പിച്ച ഹെയര്‍ ഓയില്‍ തലയില്‍ പുരട്ടി, ചുറ്റിലും പരിമളം പരത്തിക്കൊണ്ടായിരുന്നു അവന്റെ നടപ്പും വരവും. കൂട്ടുകാരായ ഞങ്ങള്‍ തലനിറയെ അമ്മമാര്‍ ലോഭമില്ലാതെ പൊത്തിയൊഴിക്കുന്ന വെളിച്ചെണ്ണയും പുരട്ടി ഏതെങ്കിലും ദിക്കിലേയ്ക്ക് മുടി ചീകിവച്ച് സ്‌കൂളില്‍ ചെല്ലുമ്പോള്‍, കുമാരന്‍കുട്ടി ഞങ്ങളെയൊക്കെ അസൂയപ്പെടുത്തുന്ന രീതിയില്‍ ഭംഗിയായി മുടി ചീകിയൊതുക്കി ക്ലാസ്സില്‍ വന്നുകൊണ്ടിരുന്നു. ഹെയര്‍ ഓയിലിന്റെ കൊതിപ്പിക്കുന്ന വാസന കൂടിയാകുമ്പോള്‍ ക്ലാസ്സിലെ അറിയപ്പെടുന്ന സുന്ദരിക്കോതകളൊക്കെ അവനെത്തന്നെ നോക്കിയിരിക്കുന്നത് ഞങ്ങളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. സ്വതവേ സുന്ദരനായ കുമാരന് ഇരട്ടിയഴകാണ് അവന്റെ കേശസമ്പത്ത് നല്‍കിയിരുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഹൈസ്‌കൂള്‍ ക്ലാസ്സിലെത്തിയപ്പോഴേക്കും കുമാരന്റെ സൗന്ദര്യവും മുടിയഴകും ഒരുപാടിരട്ടിച്ചു. അസൂയയോടെയാണെങ്കിലും ഞങ്ങളവനെ 'സിംപ്‌ളന്‍ കുമാരന്‍' എന്ന് വിളിക്കുവാന്‍ തുടങ്ങിയത് അവനും ആസ്വദിച്ചുവെന്ന് പറയാം. നിക്കറിന്റെ പോക്കറ്റില്‍ ഒരു ചീപ്പും ഒളിപ്പിച്ചുവച്ചായിരുന്നു അക്കാലങ്ങളില്‍ അവന്റെ വരവ്. മുണ്ടുടുക്കാന്‍ തുടങ്ങിയതോടെ ചീപ്പിന്റെ സ്ഥാനം എളിയിലായെങ്കിലും കൂടെക്കൂടെ അതെടുത്ത് പ്രയോഗിക്കുന്നതിന് അവന്‍ മടി കാണിച്ചില്ല. സ്‌ക്കൂളിലേക്ക് പോകുന്ന വഴിക്കും മടങ്ങി വീട്ടിലേയ്ക്ക് പോകുമ്പോഴും ഇടയ്ക്കിടെ ചീപ്പെടുത്ത് മുടി ചീകുന്നത് അവന്റെ സ്ഥിരം പതിവായിരുന്നു; ദൂരെ നിന്നെങ്ങാനും ഏതെങ്കിലും പെണ്‍കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ പലവട്ടം അതാവര്‍ത്തിയ്ക്കുകയും ചെയ്യുമായിരുന്നു.
കോളേജില്‍ ചേര്‍ന്നതോടുകൂടി 'സിംപഌ കുമാരന്‍' മറ്റൊരു ശീലം കൂടി തുടങ്ങി. കൂടെക്കൂടെയുള്ള സിഗരറ്റ് വലി. പുകവലിയ്ക്കുന്നത് പുരുഷലക്ഷണമാണെന്ന ചിന്ത എങ്ങിനെയോ അവന്റെ തലയില്‍ കയറിക്കൂടി. ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചാലുടനെ ഞങ്ങള്‍ കൂട്ടുകാരൊക്കെ കാന്റീനിലേക്ക് പായുമ്പോള്‍ കുമാരന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും 'വില്‍സ്' പാക്കറ്റെടുത്ത് ലൈറ്ററില്‍ നിന്നും സ്റ്റൈലില്‍ ഒരു സിഗരറ്റിന് തീ കൊളുത്തി പെണ്‍കുട്ടികള്‍ ഊണ് കഴിക്കാനിരിക്കുന്ന തണല്‍മരച്ചുവട്ടിലും പരിസരത്തുമായി കറങ്ങി നടക്കും. അവരില്‍ ചിലരുമായുള്ള കൊഞ്ചിക്കുഴയലുകള്‍ക്കും വാചകമടികള്‍ക്കും ശേഷം എപ്പോഴെങ്കിലും ചെന്ന് ഒരു വടയോ കാപ്പിയോ കഴിച്ചാലായി. പുകവലിക്കുന്നവരെ പെണ്‍കുട്ടികള്‍ വെറുക്കുമെന്ന ഞങ്ങളുടെ സാമാന്യചിന്തകളെ തിരുത്തുന്നതായിരുന്നു അവര്‍ക്കിടയില്‍ അവന് ലഭിച്ചിരുന്ന സ്വീകാര്യത. കോളേജിലെ പേരുകേട്ട സുന്ദരികള്‍ പോലും അവന്റെ 'ആണ്‍മണം' ആസ്വദിച്ചുകൊണ്ട് കൊഞ്ചിക്കുഴയുന്നതു കാണുമ്പോള്‍ അസൂയപ്പെട്ട് നോക്കിനില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കൊന്നുമാവില്ലായിരുന്നു.

കുമാരന്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു അനുപമയുമായുള്ള അവന്റെ വിവാഹം. ഞങ്ങളുടെ വീടുകളില്‍ നിന്നും ഏറെയകലെയല്ലാതെ തൊട്ടടുത്ത ഗ്രാമക്കാരിയായൊരു കൊച്ചുസുന്ദരിയായിരുന്നു അനുപമ. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന, കന്യാസ്ത്രീയമ്മമാര്‍ നടത്തുന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് അവളെ മുമ്പ് അത്ര പരിചയമില്ലായിരുന്നു. കോളേജില്‍ പഠിക്കാനവള്‍ പോയത് എറണാകുളത്തെ പ്രശസ്തമായ വനിതാ കോളേജിലും. പക്ഷെ കാലത്തിന്റെ തികവില്‍ കാണേണ്ടവര്‍ കണ്ടുമുട്ടുകതന്നെ ചെയ്തു. ഒരു വേനലവധിക്കാലത്ത് ഞങ്ങളുടെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് വന്ന അവളെ കുമാരന്‍ യാദൃശ്ചികമായി കണ്ടു. അമ്പലമുറ്റത്തെ സന്ധ്യാദീപപ്രഭയില്‍, തൊഴുതുമടങ്ങുന്ന അവളെ കണ്ട് കുമാരന്‍ വല്ലാതെ മോഹിച്ചുവെന്ന് പറയാം. പനങ്കുലപോലെ തഴച്ച്‌വളര്‍ന്ന് നിതംബം കവിഞ്ഞ് തൂങ്ങി  നില്‍ക്കുന്ന മുടിയില്‍ അവള്‍ ചൂടിയ തുളസിക്കതിരിന്റെ ഭംഗിയെപ്പറ്റി വരെ അവന്‍ ഞങ്ങളോട് പറയുമായിരുന്നു. അവളെക്കാണാനായി മാത്രം കുമാരന്‍ പതിവായി സന്ധ്യക്ക് എന്നും അമ്പലത്തില്‍ പോകാന്‍ തുടങ്ങി. അമ്മയോടൊത്ത് വന്ന് തൊഴുത് മടങ്ങുന്ന അവളെ തന്റെ സ്വതസിദ്ധമായ വാക്ചാതുരി കൊണ്ടും (ഒരു പക്ഷേ മുടിയഴകുകൊണ്ടും) പെരുമാറ്റത്തിലെ വശ്യതകൊണ്ടും അവന്‍ മെല്ലെ കീഴ്‌പ്പെടുത്തി.

പക്ഷെ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. അറിയപ്പെടുന്നൊരു നായര്‍ പ്രമാണിയായ അവളുടെ അച്ഛനെ സംബന്ധിച്ചിടത്തോളം കുമാരന്‍കുട്ടി വെറുമൊരു ഈഴവപ്പയ്യനായിരുന്നു. പോരെങ്കില്‍ പ്രത്യേകിച്ചും പണിയൊന്നുമില്ലാത്ത വെറുമൊരു പാരലല്‍ കോളേജദ്ധ്യാപകന്‍. അനുപമ താമസിയാതെ നഴ്‌സിംഗ് പഠിക്കാന്‍ ഡല്‍ഹിയ്ക്ക് പോവുകയും ചെയ്തു. എം.എ.യും കഴിഞ്ഞ് നല്ലൊരു പണി കിട്ടാതെ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപനവും നാട്ടിലെ വായനശാലനിരങ്ങലും നടത്തുന്ന കുമാരന്‍ പക്ഷേ, വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. കത്തുകളിലൂടെ അവര്‍ പ്രണയം കൈമാറി. അവധിക്ക് വരുമ്പോഴൊക്കെ അമ്പലപ്പറമ്പിലും അമ്മവീട്ടിലുമൊക്കെയായി അവര്‍ പരസ്പരം കാണുകയും ചെയ്തു.

പഠനം കഴിഞ്ഞ് മസ്‌ക്കറ്റില്‍ ജോലി കിട്ടി അനുപമ പോയതോടെ 'ചോവച്ചെറുക്കന്റെ' ശല്യം തീര്‍ന്നെന്ന് സമാധാനിച്ച ശങ്കരന്‍നായരുടെ മനസ്സില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ട് ഒരു നാള്‍ മകളുടെ കത്തു വന്നു. അടുത്ത അവധിക്ക് താന്‍ വരുമ്പോള്‍ കുമാരേട്ടനുമായുള്ള കല്യാണം നടത്തിത്തരണമെന്നും അല്ലെങ്കില്‍ അച്ഛന് പിന്നെ വേറൊരു കല്യാണം തനിക്കായി നടത്താന്‍ ഇടവരികയില്ലെന്നുമുള്ള ഭീഷണി ഫലം കണ്ടു. കൂടുതല്‍ പ്രതിഷേധിച്ച് പ്രശ്‌നം വഷളാക്കി നാട്ടുകാരുടെ മുമ്പില്‍ നാറണ്ടെന്നുള്ള ഭാര്യയുടെ ഉപദേശം കൂടിയായപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ മകളുടെ ആഗ്രഹത്തിന് വഴങ്ങി. കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് അനുപമ മസ്‌ക്കറ്റിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം കുമാരനുമുണ്ടായിരുന്നു. കുമാരന്‍ വെറും കുട്ടിയല്ല, ഒരു സംഭവമാണെന്ന് ഞങ്ങള്‍ കൂട്ടുകാരും നാട്ടുകാരും സംശയലേശമെന്യേ ഉറപ്പിച്ചു.

കാലത്തിന്റെ തികവില്‍ 'അങ്കിള്‍ സാമി' ന്റെ നാട്ടിലെത്തിയ എനിക്ക് കുറെക്കാലം കുമാരനുമായുള്ള സൗഹൃദം തുടരാനായില്ല. പക്ഷെ എങ്ങിനെയോ എന്റെ മേല്‍വിലാസം കണ്ടെത്തി മസ്‌ക്കറ്റില്‍ നിന്നും അവനയച്ച കത്തിലൂടെ ഞങ്ങളുടെ സ്‌നേഹ ബന്ധം വീണ്ടും പൂര്‍വ്വാധികം ശക്തമായി വളര്‍ന്നു. സലാലയിലെ മനോഹരമായ ബീച്ചിന്റെ പശ്ചാത്തലത്തില്‍ അനുപമയെ ചേര്‍ത്തുപിടിച്ചുനിര്‍ത്തിയെടുത്ത അവരുടെ പ്രണയനിമിഷങ്ങളുടെ ഫോട്ടോകളും കത്തിനൊടൊപ്പം കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. രണ്ടുപേരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്ക് കൂടുതല്‍ ചാരുത നല്‍കുന്നതായിരുന്നു ഇരുവരുടെയും കേശഭംഗി. 

സി.ജി.എഫ്.എന്‍.എസ്. പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി അനുപമ ഭര്‍ത്താവിനോടൊത്ത് അമേരിക്കയിലെത്തുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഞാനായിരുന്നു. മസ്‌ക്കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന കുമാരന്, വന്നയുടനെ തന്നെ ചിക്കാഗോ പബ്ലിക്ക് സ്‌കൂളില്‍ സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായി ജോലി വാങ്ങിച്ചുകൊടുക്കാനും അവര്‍ക്ക് അവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കാനും ഓടി നടക്കുമ്പോള്‍ ബാല്യകാലസുഹൃത്തുമൊത്തുള്ള പുനര്‍ജീവിതത്തിന്റെ ആവേശത്തിലായിരുന്നു ഞങ്ങള്‍. പോകെപ്പോകെ ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നുപോലെയായി, എന്റെ സുഹൃത്തുക്കള്‍ അവരുടേതുമായി. കുമാരന്റെയും അനുവിന്റെയും മുടിയഴകുപോലെ ഞങ്ങളുടെ ജീവിതവും അനുദിനം തിളങ്ങി വളര്‍ന്നുകൊണ്ടിരുന്നു. 

സ്‌കൂളില്‍ കുട്ടികളും സഹഅദ്ധ്യാപകരും മിസ്റ്റര്‍ 'കുമരന്‍ കുറ്റി' എന്ന് വിളിക്കുന്നതു മാത്രമായിരുന്നു കുമാരന്റെ വലിയൊരു ദുഃഖം. 'കുമാരേട്ടന്‍ അതൊന്നും കാര്യമാക്കേണ്ട. സായ്പ്പിനും കുഞ്ഞുങ്ങള്‍ക്കും നാവ് വഴങ്ങാ  അതിനും ഞങ്ങള്‍ പരിഹാരം കണ്ടെത്തി. സിറ്റിസണ്‍ഷിപ്പെടുത്തപ്പോള്‍ കിട്ടിയ അവസരമുപയോഗിച്ച് പി.കെ. കുമാരന്‍കുട്ടി എന്ന പേര് മാറ്റി 'കുമാര്‍ മോഹന്‍' എന്നാക്കി. 'സിംപ്‌ളന്‍ കുമാരന്‍' അങ്ങിനെ ഞങ്ങള്‍ക്ക് കുമാരമോഹനായി. ആയിടെ വാങ്ങിയ വീടിന് 'മോഹനം' എന്ന് പേരിടാനും കുമാരന്‍ മറന്നില്ല. വീടിനകത്ത് 'മോഹനം ഈ മനോഹരതീരം' എന്ന് കവിത തുളുമ്പുന്നൊരു പ്രഖ്യാപനവും വര്‍ണ്ണപ്പകിട്ടോടെ പലകയിലെഴുതി ലിവിംഗ് റൂമിലെ ഭിത്തിയില്‍ അവന്‍ തൂക്കിയിട്ടു.

മക്കളില്ലാത്തതിന്റെ വേദന കുമാരനും അനുവിനും കലശലായുണ്ടായിരുന്നെങ്കിലും അത് മറ്റാരെയും അറിയിക്കാതെ അവര്‍ നോക്കിയിരുന്നു. കുടുംബസദസ്സുകളിലും പാര്‍ട്ടികളിലും ഞങ്ങള്‍ കുട്ടികളുമായി ചെല്ലുകയും അവരുടെ സ്‌ക്കൂള്‍ വിശേഷങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍, ഭാര്യയെ ചേര്‍ത്തുപിടിച്ച്, 'ഈ അനുക്കുട്ടിയാണെന്റെ കുട്ടി' യെന്ന് കുമാരനും 'കുമാരേട്ടന്‍ എന്റെ കുട്ടന്‍'
എന്ന് അനുപമയും ചിരിച്ചുകൊണ്ട് പ്രഖ്യാപിക്കുമായിരുന്നു. അങ്ങനെ പറയുമ്പോഴും അവരുടെ മനസ്സിലെ നീറുന്ന വേദന എന്നെപ്പോലെ അടുത്ത സ്‌നേഹിതര്‍ മനസ്സിലാക്കി. മക്കള്‍ക്ക് കൂടി കൊടുക്കേണ്ട സ്‌നേഹം പരസ്പരം നല്‍കി അവര്‍ ആശ്വസിപ്പിച്ചുവെന്ന് പറയാം.

ദുഃഖങ്ങളൊക്കെയും പങ്കുവച്ചുകൊണ്ട് സമാധാനത്തോടെ മുന്നോട്ടുപോയ അവരുടെ കുടുംബത്തിലേക്ക് അസഹനീയമായൊരു ദുരന്തമായി അനുവിനെ ഈശ്വരന്‍ ഒരു രോഗിണിയാക്കി. നെഞ്ചിലെ ചെറിയ തോതിലുള്ള തടിപ്പും ഇടവിടാതെയുള്ള വേദനയും കൂടിവന്നപ്പോള്‍ ഡോക്ടറെ കണ്ട് അനു ദേഹപരിശോധന നടത്തി. ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ ബ്രെസ്റ്റ് കാന്‍സര്‍ എന്ന് ഉറപ്പിച്ചതോടെ അനുവും കുമാരനും കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 'അമേരിയ്ക്കയല്ലേ, ഇവിടുത്തെ ചികിത്സകൊണ്ട് അതൊക്കെ നിസ്സാരമായി മാറു' മെന്നൊക്കെ ഞങ്ങള്‍ അടുത്ത കൂട്ടുകാര്‍ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭയവും വേദനയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു; രോഗത്തിന്റെ തീവ്രതയും.
ചികിത്സയുടെ ഒരു ഘട്ടത്തില്‍ രോഗാതുരമായ ഇടതുമുല എടുത്തുമാറ്റുന്നതിന്റെ തലേന്ന് രാത്രി കുമാരന്റെ ചാരത്തുകിടന്ന് ഒരുപാട് നേരം അനുപമ തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്തോറും അനുവിന്റെ കരച്ചില്‍ വര്‍ദ്ധിച്ചതേയുള്ളൂ. 'ഇനിയെല്ലാവരുമെന്നെ ഒറ്റമുലച്ചിയെന്ന് വിളിക്കുമായിരിക്കും, അല്ലേ കുമാരേട്ടാ' യെന്നുള്ള പതം പറച്ചിലില്‍ കുമാരനും വല്ലാതെ ഖിന്നനായി. 'നിന്റെ ഒരവയവമങ്ങ് പോയാലും ഞാനില്ലേ നിന്റെ കൂടേ' യെന്നുള്ള സ്‌നേഹവചനം അവളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്.

കീമോതെറാപ്പിയുടെ അനന്തരഫലമായി മുടിസമ്പത്തുകൂടി നഷ്ടപ്പെട്ടതോടെ അനുപമ വല്ലാത്ത മാനസിക തകര്‍ച്ചയിലായി. ജോലിയില്‍ നിന്നും ദീര്‍ഘകാലാവധിയെടുത്ത് വീടും ആശുപത്രിയുമായി കഴിയുമ്പോള്‍ നഷ്ടപ്പെട്ട തന്റെ സുന്ദരമായ മുടിയഴകിനെപ്പറ്റിയും ശരീരലാവണ്യത്തെക്കുറിച്ചുമോര്‍ത്തവള്‍ ഏറെ വിലപിച്ചു. പബ്ലിക് സ്‌കൂളില്‍ അപ്പോഴേക്കും സ്ഥിരപ്പെടുത്തിക്കിട്ടിയ കുമാരന്റെ അദ്ധ്യാപനജോലി വലിയൊരാശ്വാസമായിരുന്നെങ്കിലും വീട്ടില്‍ ചെന്നു കഴിയുമ്പോള്‍ അനുവിന്റെ രൂപവും വിഷാദവും കാണുന്നതോടെ കുമാരന്റെ സങ്കടവും ഇരട്ടിക്കുകയായിരുന്നു. പൊഴിഞ്ഞുപോയ മുടിക്കുപകരം മെല്ലെ പൂര്‍വ്വാധികം ഭംഗിയോടെ കൂടുതല്‍ മുടിസമ്പത്തുണ്ടാവുമെന്നൊക്കെ കുമാരനെപ്പോലെ ഉറ്റ സ്‌നേഹിതരായ ഞങ്ങളും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അതൊന്നും അനുപമയ്ക്കാശ്വാസമായിരുന്നില്ലെന്ന് കുമാരനും തോന്നി. സ്വന്തം മുടിയഴകില്‍ അവര്‍ രണ്ടുപേരും എത്രമാത്രം അഭിമാനിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്കറിവുള്ളതാണല്ലോ.

പ്രിയതമയുടെ നഗ്നശിരസ്സ് കണ്ട് ജോലിക്ക് പോകാനൊരുങ്ങുന്ന കുമാരന് സ്വന്തം തലമുടി ചീകിയൊതുക്കാനുള്ള താല്‍പ്പര്യം പോലും മെല്ലെ കുറഞ്ഞുവന്നു. ഓരോ ദിവസവും മുടിയൊതുക്കിവയ്ക്കാനും പരിലാളിയ്ക്കാനുമായി ഒരുപാട് സമയം ചിലവഴിക്കുമായിരുന്ന കുമാരന്‍, പിന്നെപ്പിന്നെ അതിലൊക്കെ താല്‍പ്പര്യം നഷ്ടപ്പെട്ട് എന്തെങ്കിലും കാട്ടിക്കൂട്ടി ജോലിക്ക് പോകാനൊരുങ്ങുന്നത് ശീലമാക്കി. അതുകാണുമ്പോള്‍ അനുപമയനുഭവിച്ചിരുന്ന കുറ്റബോധം വലുതായിരുന്നു. അവളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വലിയ വില കൊടുക്കാതെ കുമാരന്‍ തന്റെ മുടിയെയും സൗന്ദര്യത്തെയും അവഗണിച്ചു.

ക്രിസ്തുമസ്സ് വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുമാരന്‍ പുതിയ രൂപത്തില്‍ അവതരിച്ചത്. അതുവരെ കറുകറുത്ത, ചുരുണ്ട മുടി മനോഹരമായി ചീകിയൊതുക്കി വന്നിരുന്ന 'മിസ്റ്റര്‍ കുമാര്‍ മോഹന്‍', അന്ന് സ്‌കൂളില്‍ ചെന്നത് തലയില്‍ ഒറ്റ മുടിയുമില്ലാതെ മൊട്ടയടിച്ച് തിളങ്ങുന്ന ശിരസ്സുമായാണ്. കുട്ടികള്‍ മാത്രമല്ല, സഹഅദ്ധ്യാപകരും ആ കാഴ്ചകണ്ട് അത്ഭുതപ്പെട്ടുപോയി. മുഖത്ത് ലജ്ജയോ അപൂര്‍വ്വതയോ പ്രകടിപ്പിയ്ക്കാതെ തികച്ചും നോര്‍മലായി സ്ഥായിയായ പുഞ്ചിരിയോടെ അന്ന് മുഴുവനും കുമാരന്‍ പെരുമാറി. മനസ്സില്‍ ഇരമ്പിയടിച്ചിരുന്ന മഹാസമുദ്രം മറ്റാരും കാണാതിരിയ്ക്കുവാന്‍ പക്ഷേ, അവനൊരുപാട് വിഷമിച്ചു.

ക്രിസ്തുമസ്സ് തലേന്ന് പ്രിയതമയോട് താനൊരു സര്‍പ്രൈസ് സമ്മാനമവള്‍ക്ക് നല്‍കുന്നുണ്ടെന്നവന്‍ പറഞ്ഞിരുന്നു. പണ്ട് പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ പഠിച്ച ഓ. ഹെന്റിയുടെ 'ദ ഗിഫ്റ്റ് ഓഫ് ദ മജൈ' (The Gift of the Mage) എന്ന കഥയായിരുന്നു അപ്പോഴവന്റെ മനസ്സില്‍. ക്രിസ്തുമസ്സിന് ജീവിത പങ്കാളിയ്ക്ക് ഏറ്റവും മനോഹരമായൊരു സമ്മാനം നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ വിലപിടിച്ച തങ്ങളുടെ വാച്ചും മുടിയും വിറ്റ് പരസ്പരം സമ്മാനം വാങ്ങി നല്‍കി നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായ നായികാ-നായക•ാരുടെ കഥ കുമാരനെ അന്നേ സ്വാധീനിച്ചിരുന്നു. സന്ധ്യക്ക് ബ്യൂട്ടി ബലൂണില്‍ ചെന്ന് മുടി മുഴുവനും മുറിച്ച് പുതിയ രൂപത്തില്‍ വീട്ടിലെത്തിയ കുമാരനെ അനുപമയ്ക്കാദ്യം മനസ്സിലായതുപോലുമില്ല. 'നിനക്കില്ലാത്തതെന്നും എനിക്കും വേണ്ട' ന്ന് പറഞ്ഞവന്‍ നിറപുഞ്ചിരിയോടെ അവള്‍ക്ക് 'മെറി ക്രിസ്തുമസ്സ്' ആശംസിച്ചു. പ്രിയതമന്റെ സ്‌നേഹത്തിന്റെ ആഴം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞപ്പോളവള്‍ നിറമിഴികളോടെ   വനെ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൊണ്ട് മൂടി.

കുമാരന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് വെറുമൊരു സുഹൃത്തല്ല. സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ ഉദാത്ത ഉദാഹരണമാണവന്‍; സ്‌നേഹം ചൊരിയുന്ന ന•മരം. പ്രണയവും വഴിപിരിയലും ഇപ്പോഴൊരു സംഭവമേയല്ലാതാവുമ്പോഴും ഞങ്ങള്‍ക്ക് കുമാരന്‍ എന്നുമൊരു സംഭവമാണ്; സൗഹൃദത്തിന്റെ വിസ്മയിപ്പിക്കുന്ന കുമാരസംഭവം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക