Image

ചിക്കാ ചിക്കാ ബൂം ബൂം! (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 31 March, 2020
ചിക്കാ ചിക്കാ ബൂം ബൂം! (കഥ: ഷാജന്‍ ആനിത്തോട്ടം)
വിശാലമായ  ലിവിംഗ് റൂമിലെ  വലിയ സോഫായില്‍ ഉണ്ണൂണ്ണിച്ചായന്‍ വീണ്ടും അമര്‍ന്നിരുന്നു.  കരിപൂശി, ട്രിം ചെയ്ത കട്ടിമീശയും കൂട്ടുപ്പുരികവും, ക്ഷൗരം ചെയ്ത് മിനുക്കിയ മുഖത്തിന് പതിവില്ലാത്ത ഗൗരവം നല്‍കുന്നുണ്ട്. സൈഡ് ടേബിളില്‍ ലിസമ്മ കൊണ്ടുവച്ച ചായക്കപ്പിലേക്ക് ചെറുതായൊന്ന് കണ്ണോടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

""അലക്‌സേ, ഞാനെത്രാമത്തെ തവണയാണ് ഇതിനുവേണ്ടി ഇവിടെ വരുന്നതെന്ന് തനിക്കറിയാമല്ലോ. ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്ത് എന്നെ കണ്ടുകൊണ്ടെങ്കിലും ഞാന്‍ പറയുന്നത് തനിക്ക് കേട്ടുകൂടേ.''

""ഉണ്ണൂണ്ണിച്ചായനെ കണ്ടാല്‍ അലക്‌സിന്റെ അനിയനാണെന്നല്ലേ ആരും പറയുകയുള്ളൂ? ഡൈയുടെ ബലത്തിലാണെങ്കിലും അച്ചായനിപ്പോഴും ചെറുപ്പക്കാരെപ്പോലെ ചെത്തിനടക്കുകയല്ലേ? അലക്‌സ് ഡൈ ചെയ്യുന്നത് പോയിട്ട്, ഒന്ന് ഷേവ് ചെയ്യുന്നതുപോലും ഞായറാഴ്ച പള്ളിയില്‍ പോകാന്‍ നേരത്താണ്. സത്യം പറയാമല്ലോ അച്ചായാ, റിട്ടയര്‍മെന്റിനുശേഷം പുള്ളിക്കാരന്‍ കുളിക്കുന്നതുപോലും  രണ്ടുമൂന്ന് ദിവസം കൂടുമ്പോഴാണ്''- ലിസമ്മ ഭര്‍ത്താവിന്റെ  നേരെ ഒളിക്കണ്ണെറിഞ്ഞ് ഒരു തമാശപൊട്ടിച്ചതുപോലെ ഉറക്കെ ചിരിച്ചു.

""എന്റെ കൊച്ചേ, തമാശ പറയാനുള്ള നേരമല്ല ഇത്. നീയെങ്കിലും ഇവനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്ക്. മാര്‍ക്കറ്റ് പൊതുവേ ഡള്ളാണ്. വാങ്ങിക്കാനുള്ളവരുടെ നാലിരട്ടി എണ്ണമാണ് വില്‍ക്കാനിട്ടിരിക്കുന്ന വീടുകള്‍. കമ്മീഷന്‍ ഓര്‍ത്തിട്ടല്ല, നമ്മളൊരു പള്ളിക്കാരും ചാര്‍ച്ചക്കാരുമാണെന്നോര്‍ത്തിട്ടാ ഞാനിങ്ങനെ നിങ്ങളുടെ തിണ്ണ നിരങ്ങുന്നത്. വീട് വില്‍ക്കാനിട്ടാല്‍ വാങ്ങിക്കുവാന്‍ വരുന്നവരുടെ സൈക്കോളജിയറിഞ്ഞ് എല്ലാം ക്രമീകരിച്ച് വയ്ക്കണം. ഇവനിതൊന്നും പറഞ്ഞാല്‍ മനസ്സിലാവുകേലെങ്കില്‍ എന്നെയിനി ഇങ്ങോട്ട് വരുത്തിയേക്കരുത്.'' ഉണ്ണൂണ്ണിച്ചായന്‍ ദേഷ്യവും നിരാശയും മറച്ചുവെയ്ക്കാതെ നയം വ്യക്തമായി.

""അച്ചായനിങ്ങനെ ചൂടാകാന്‍ മാത്രം എന്നാ പറ്റീന്നാ ഈ പറേണത്? വീട് നല്ല വൃത്തീലും മെനക്കുമല്ലേ കിടക്കുന്നത്? ദേ നോക്കൂ, ലിവിംഗ് റൂമിന്റെ ഫ്‌ളോറൊക്കെ വെട്ടിത്തിളങ്ങുന്നു! ബാത്ത് റൂമുകളെല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍  വെടിപ്പിലും വൃത്തിയിലുമാണ് കിടക്കുന്നത്. ബെഡ് റൂമുകളും ഭംഗിയായിത്തന്നെ കിടക്കുന്നു. പിന്നെ എന്നാ കുഴപ്പമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല'' - അലക്‌സ് തന്റെ നിസ്സഹായത വ്യക്തമാക്കി.

""എടാ ഡാഷ്‌മോനേ നീ എന്നെ വൃത്തിയും വെടിപ്പുമൊന്നും പഠിപ്പിക്കേണ്ട. കൊട്ടാരം പോലൊരു വീട് വാങ്ങി അതില്‍ ഗോഡൗണ്‍ പോലെ നിറയെ സാധനങ്ങളും അലമാരികളും കുത്തിനിറച്ച് വച്ചിട്ട് പെട്ടെന്ന് വിറ്റുതരണമെന്ന് പറഞ്ഞാല്‍ ഞാനെന്നാ ചെയ്യാനാണ്? നിന്നോട് എത്ര തവണയാണ് പറഞ്ഞത് ആവശ്യമില്ലാത്ത ഫര്‍ണീച്ചറും ബോക്‌സുകളും പെട്ടിസാമാനങ്ങളുമെല്ലാം എടുത്തുമാറ്റാന്‍? വീട് നോക്കാന്‍ വരുന്നവര്‍ക്ക് മുറികളുടെ വലിപ്പമല്ല കാണേണ്ടത്. ഉള്ള സ്ഥലത്ത് എത്ര നന്നായിട്ടും വൃത്തിയായിട്ടും സാധനങ്ങള്‍ ക്രമീകരിച്ച് അവരെ ആകര്‍ഷിക്കുന്ന രീതിയില്‍ വയ്ക്കുന്നോ അത്രയ്ക്കും അവരെ ഇംപ്രസ് ചെയ്യാന്‍ പറ്റും. ഈ വീട്ടിലെ ഏതെങ്കിലും മുറിയില്‍ മര്യാദയ്ക്ക് നടക്കാനെങ്കിലുമുള്ള സ്ഥലം ബാക്കിയുണ്ടോ? എവിടെയും ബോക്‌സുകളും പെട്ടിസാമാനങ്ങളും! ആവശ്യമില്ലാത്തത് ഗാര്‍ബേജില്‍ കൊണ്ടുകളയുകയോ, വല്ല ഗരാജ്‌സെയിലും നടത്തി വില്‍ക്കുകയോ, അതുമല്ലെങ്കില്‍ ക്രോള്‍ സ്‌പെയിസില്‍  തള്ളിയിടുകയോ ചെയ്തുകൂടേ തനിക്ക്''? - ഉണ്ണൂണ്ണിച്ചായന്‍ പൊട്ടിത്തെറിച്ചു.

""എന്റെ ഉണ്ണൂണ്ണിച്ചായാ, ക്രോള്‍ സ്‌പെയിസിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അവിടെയും നിറയെ പിള്ളാരുടെ പഴയ ടോയിബോക്‌സുകളും കളിസാധനങ്ങളുമാണ്. വീരപ്പനെങ്ങാനും അതിനകത്ത് ഒളിച്ചിരുന്നാല്‍ ഒരു മനുഷ്യനും അറിയുകേല...'' ലിസമ്മ പിന്നെയും നര്‍മ്മവഴിയിലേക്ക് തിരിഞ്ഞു.

""വീരപ്പന്‍ ചത്ത് മണ്ണടിഞ്ഞിട്ട് കൊല്ലങ്ങളായ കാര്യമൊന്നും ഈ കൂപമണ്ഡൂകം അറിഞ്ഞിട്ടില്ല അച്ചായാ. അതെങ്ങിനെയാ ടിവി തുറന്നാല്‍ ഇവള്‍ കാണുന്നത് മുഴുവന്‍ അവിഹിത ഗര്‍ഭത്തിന്റെയും പരസ്ത്രീ ബന്ധത്തിന്റെയും കഥകള്‍ മാത്രം പറയുന്ന തല്ലിപ്പൊളി സീരിയലുകളല്ലേ. വീടിന്റെ അകത്തൂടെ തേരാ പാരാ നടക്കുന്ന സാദാ അമ്മായിയമ്മേം മരുമകളും വരെ അണിഞ്ഞിരിക്കുന്ന പട്ടുസാരീടേം സ്വര്‍ണ്ണപ്പണ്ടങ്ങളുടെയും ഫാഷന്‍ നോക്കുന്നതല്ലാതെ ഒരു ദിവസമെങ്കിലും ഒരു വാര്‍ത്ത വച്ച് കാണാന്‍ ഇവള്‍ക്ക് തോന്നീട്ടുണ്ടോ? റിട്ടയര്‍മെന്റിനുശേഷം ഇന്നേവരെ ഇവളൊരു പത്രം വായിക്കുന്നതുപോലും ഞാന്‍ കണ്ടിട്ടില്ല''  - ലിസമ്മക്കിട്ടൊരു പണികൊടുക്കാന്‍  കിട്ടിയ അവസരം അലക്‌സും ഉപയോഗിച്ചു.

""ദേ എനിക്കാകേ ചൊറിഞ്ഞുകേറുന്നുണ്ട്  കേട്ടോ. നിങ്ങള്‍ കെട്ടിയോനും കെട്ടിയോളും കൂടി എന്റെ മുമ്പില്‍ ചുമ്മാ വാണിയാനും വാണിയാത്തീം കളിയ്ക്കല്ലേ.... ഗൗരവമുള്ള ഒരു കാര്യം പറയുമ്പഴാ അവരുടെ ഒരു ....ദേ പിന്നെ, അടുത്ത ഞായറാഴ്ച ഞാന്‍ വീണ്ടും വരും. അപ്പോഴേയ്ക്കും ഞാന്‍ പറഞ്ഞതുപോലെ വീട് അറേഞ്ച് ചെയ്തില്ലെങ്കില്‍, വില്‍ക്കാന്‍ നിങ്ങള് വേറെ ആളെ നോക്കിക്കോണം'' - അത് പറഞ്ഞിട്ട്, ലിസമ്മ എടുത്തുകൊടുത്ത ചായ പോലും കുടിക്കാതെ ഉണ്ണൂണ്ണിച്ചായന്‍ പുറത്തേയ്ക്കിറങ്ങി തന്റെ ലാന്‍ഡ് ക്രൂയിസര്‍ ഓടിച്ചുപോയി. 

ലിസമ്മയുടെ വലിയമ്മായിയുടെ മൂത്ത മകനാണ് ഉണ്ണൂണ്ണിച്ചായന്‍. സ്ഥലത്തെ മാര്‍ത്തോമ്മാപ്പള്ളിയിലെ  മുഖ്യകാര്യദര്‍ശിയും, മലയാളി സമാജത്തിന്റെ പ്രസിഡന്റും, അനവധി പ്രവാസി സംഘടനകളുടെ അനിഷേധ്യനായ നേതാവുമാണ്; സര്‍വ്വോപരി തിരക്കുപിടിച്ചൊരു റിയല്‍ എസ്റ്റേറ്റ് ഏജന്റും. കച്ചവടത്തിന്റെ സകല മര്‍മ്മങ്ങളും അറിയാവുന്നതുകൊണ്ടും സത്യസന്ധമായും മാന്യമായും എല്ലാവരോടും പെരുമാറുന്നതുകൊണ്ടും സമൂഹത്തില്‍ നല്ല നിലയും വിലയും കൈമുതലായുള്ള അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വീട് വില്‍ക്കാനോ വാങ്ങാനോ ഏല്പിച്ചുകഴിഞ്ഞാല്‍, പിന്നെയെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുകൊള്ളുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സ്വന്തക്കാരി ലിസമ്മയുടെ കാര്യത്തില്‍മാത്രം സംഭവിക്കുന്ന ഈ മെല്ലെപ്പോക്കാണ് അദ്ദേഹത്തെ പതിവില്ലാതെ  ക്ഷോഭിപ്പിക്കുന്നത്.

അലക്‌സ് ചുറ്റും നോക്കി. ഉണ്ണൂണ്ണിച്ചായന്‍ പറയുന്നത് ശരിയാണ്. ലിവിംഗ് റൂമില്‍ മാത്രമേ മനുഷ്യസഞ്ചാരത്തിനുള്ള ഇടമുള്ളൂവെന്ന് വേണമെങ്കില്‍ പറയാം. മുറികളിലും ബേസ്‌മെന്റിലും നിറയെ സാധനങ്ങളാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വീട് വാങ്ങിക്കുമ്പോള്‍ എത്രമാത്രം സ്ഥലസൗകര്യങ്ങളുണ്ടായിരുന്നു? അന്ന്, കുട്ടികളൊക്കെ വളര്‍ന്നുതുടങ്ങി കുടുംബം "ഔട്ട്‌ഗ്രോ' ചെയ്തുവെന്ന് തോന്നിയപ്പോഴാണ് ടൗണ്‍ഹൗസ് വിറ്റ് ഈ വലിയ വീട് വാങ്ങിയത്. വീടുകള്‍ക്ക് ദിവസംപ്രതി വില കയറിക്കൊണ്ടിരുന്ന കാലം. ഒന്നരയടിയോളം മഞ്ഞ് പെയ്ത് വഴി മുഴുവനും "ബംമ്പര്‍ ടു ബംമ്പര്‍' ട്രാഫിക് ആയ ഒരു വൈകുന്നേരം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി മെയിന്‍ റോഡിലെ തിരക്ക് കണ്ട് അത്ര പരിചിതമല്ലാത്തൊരു ഇടവഴിയിലൂടെ ഡ്രൈവ് ചെയ്തപ്പോഴാണ് ലിങ്കണ്‍ അവന്യൂവിലുള്ള  ഈ വീടിന് മുമ്പിലെ "ഫോര്‍ സെയില്‍ ബൈ ഓണര്‍' ബോര്‍ഡ് കണ്ടത്. ഒരു കൗതുകത്തിന് അതില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു. പിറ്റേന്ന് ഓഫീസില്‍ ലഞ്ച് ബ്രേക്കിനിടയില്‍ അവരെ വിളിക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ കാലം കാത്തുവച്ചത് തങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് തെളിയിക്കുവാന്‍ അധിക ദിവസങ്ങളെടുത്തില്ല. പലരോടും വന്‍ തുക ഡിമാന്റ് ചെയ്ത് ഒടുവില്‍ ഒരു ഡീലും നടക്കാതെപോയ അത്യാഗ്രഹിക്കാരായ ആ റഷ്യന്‍ കുടുംബത്തിന് പല ദിവസങ്ങളിലായുള്ള നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ താന്‍ കൊടുത്ത ഓഫര്‍ സ്വീകാര്യമായി.

വീട് കാണാന്‍ ലിസമ്മയെയും കുട്ടികളെയും കൊണ്ട് ആദ്യമായി പോയദിവസം അലക്‌സ് ഓര്‍മ്മിച്ചെടുത്തു. മഞ്ഞുവീഴ്ച ഒട്ടൊന്ന് ശമിച്ച തൊട്ടടുത്ത ഞായറാഴ്ച, കുര്‍ബാന കഴിഞ്ഞ് വീടിനുമുമ്പില്‍ വണ്ടിയൊതുക്കിയപ്പോള്‍ത്തന്നെ ഇളയ മകള്‍ ജെന്നിഫര്‍ അമ്പരപ്പ് മറച്ചുവെയ്ക്കാതെ പറഞ്ഞു: ""വൗ ഡാഡ്....  ദിസ് ലുക്‌സ് ലൈക്ക് എ ചേര്‍ച്ച്!'' ""യാ ഡാഡീ, ദിസീസ് എ മാന്‍ഷന്‍!'' - മൂത്തമകന്‍ ജെറിയും അവളോട് യോജിച്ചു. ജെയ്ക്കിനും ജിമ്മിനും അത്ഭുതം കലര്‍ന്ന ആദരവായിരുന്നു വീട് കണ്ടപ്പോള്‍ത്തന്നെ തോന്നിയത്. വീടിനകത്തുകയറിയതും മുറികളിലൊക്കെ ഓടി നടന്ന് അവര്‍ തങ്ങളുടെ ആവേശം വെളിപ്പെടുത്തി. ""ദിസീസ് ഗോയിംഗ് ടു ബീ മൈ റൂം'' എന്ന് ഒരാള്‍ പറയുമ്പോള്‍, ""നോ, ഐ ഓള്‍റെഡി ടുക്ക് ദാറ്റ്; യു ടേക്ക് ദി അദര്‍ വണ്‍'' എന്നൊക്കെ പറഞ്ഞ് കുട്ടികള്‍ വഴക്കുണ്ടാകുന്നത് കൗതുകത്തോടെയാണ് എല്ലാവരും കണ്ടുനിന്നത്. മക്കളുടെ ആവേശമായിരുന്നു വിലയിത്തിരി കൂടുതല്‍ കൊടുക്കേണ്ടി വന്നെങ്കിലും ഈ വീട് തങ്ങളുടേതാകാന്‍ കാരണമായതും.

അടുക്കളയിലെയും ബാക്ക്‌യാര്‍ഡിലെയും സൗകര്യങ്ങളും വീടിന്റെ ആഡംബരങ്ങളും കണ്ടപ്പോള്‍ ലിസമ്മയ്ക്കും വലിയ സന്തോഷമായിരുന്നു. എങ്കിലും ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയുടെ ചുമതലയെന്ന നിലയില്‍ അവളുപദേശിച്ചു: ""അലക്‌സ്, വീടൊക്കെ ഗംഭീരമായിട്ടുണ്ട്, പക്ഷേ മോര്‍ഗേജും പ്രോപ്പര്‍ട്ടി ടാക്‌സുമോര്‍ക്കുമ്പോള്‍..''  ""അതൊക്കെ നമ്മളെങ്ങിനെയെങ്കിലും മാനേജ് ചെയ്യും. നീ നമ്മുടെ മക്കളുടെ എക്‌സൈറ്റ്‌മെന്റ് കാണുന്നില്ലേ? നമ്മുടെ ഇപ്പോഴത്തെ ടൗണ്‍ഹൗസില്‍ കിടന്ന് അവരിപ്പോള്‍ ഞെരുങ്ങുകയാണ്. അവരിനി ഓടിക്കളിക്കേണ്ടത് ഇവിടെയാണ് മോളേ'' - ഇത്തിരി റൊമാന്‍സും ഒത്തിരി സ്വപ്നങ്ങളുമായി അന്നവളെ ധൈര്യപ്പെടുത്തിയത് ഇന്നലെയെന്നതുപോലെ ഓര്‍ക്കുന്നു.

വീടിന്റെ പാലുകാച്ചലും പാര്‍ട്ടിയും ആഘോഷമായിത്തന്നെ നടത്തി. ആയിടെ നാട്ടില്‍നിന്നും സന്ദര്‍ശനത്തിനുവന്ന തിരുമേനിയെക്കൊണ്ടാണ് വീട് ആശീര്‍വദിപ്പിച്ചത്. അഞ്ഞൂറ് ഡോളര്‍ തിരുമേനിയുടെ അസിസ്റ്റന്റിനെ ഏല്പിക്കുകയും ചെയ്തു. കൂട്ടുകാരും ബന്ധുക്കളുമൊക്കെ മടങ്ങി, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജെന്നിഫര്‍ കൂടെ കിടക്കാന്‍ വന്നു. പതിവുപോലെ അന്നും അവളെ കഥകള്‍ പറഞ്ഞുറക്കി. പണ്ട് ടൗണ്‍ഹൗസിലെ രണ്ടുമുറികളിലൊന്ന് കുട്ടികളും, മെയിന്‍ ബെഡ്‌റൂം തങ്ങളുമാണുപയോഗിച്ചിരുന്നതെങ്കിലും മിക്കപ്പോഴും കഥകള്‍ കേട്ടുറങ്ങാന്‍ രാത്രി കുട്ടികള്‍ തന്റെ കൂടെ വന്നാണ് കിടക്കാറുണ്ടായിരുന്നത്. പുതിയ വീട്ടിലെ ആദ്യദിവസമെന്തായാലും ബാക്കി മൂന്നുപേരും അവരുടെ പേരില്‍ കിട്ടിയ മുറികളുപയോഗിക്കുവാന്‍ ആവേശം കാണിച്ചു.

ആദ്യ ദിവസങ്ങളുടെ ആവേശമൊക്കെ കഴിഞ്ഞപ്പോള്‍ രാത്രി കഥകള്‍ കേട്ടുറങ്ങാന്‍ മക്കള്‍ വീണ്ടും ഡാഡിയുടെ അടുത്തേക്ക് വരാന്‍ തുടങ്ങി. അവരെയൊക്കെ ഓടിച്ചുവിടാന്‍ ലിസമ്മ ഒരുപാട് ശ്രമിച്ചിട്ടും പത്ത് വയസ്സ് കഴിഞ്ഞ ജെറിപോലും ചെറുത്തുനിന്നു. ജെന്നിമോള്‍ പതിവുപോലെ ദേഹത്തേക്ക് കയറിക്കിടക്കുകകൂടി ചെയ്തതോടെ എല്ലാം പിന്നെ പഴയപടിയായി. കുഞ്ഞുന്നാളില്‍ അവര്‍ക്ക് പറഞ്ഞുകൊടുത്ത ആല്‍ഫബറ്റ് സ്റ്റോറികള്‍ മുതല്‍ "അഡ്‌വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍' വരെ എത്രയെത്ര കഥകളാണ് ഈ വീടിന്റെ അകത്തളങ്ങളെ സര്‍ഗ്ഗസമ്പന്നമാക്കിയതെന്നോര്‍ത്തപ്പോള്‍ അലക്‌സിന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പല കഥകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടിട്ടും അവര്‍ക്കാര്‍ക്കും മടുപ്പ് തോന്നിയതുമില്ല. എത്രയെത്ര കഥ പുസ്തകങ്ങളാണ് അവര്‍ക്കായി വാങ്ങിക്കൂട്ടിയത്?  പബ്ലിക് ലൈബ്രറിയില്‍നിന്നും ഫ്രീയായി വായിക്കാന്‍ കിട്ടുമായിരുന്നിട്ടും പല പുസ്തകങ്ങളും സ്വന്തമായി വാങ്ങി അവരോടൊപ്പം വായിച്ച്, കഥകള്‍ പിന്നെയും പിന്നെയും വര്‍ണ്ണിച്ച്, വ്യാഖ്യാനിച്ച് കൊടുക്കുമ്പോള്‍ താനും സ്വപ്നലോകത്തിലെ രാജകുമാരനാകുകയായിരുന്നല്ലോ.

ജെറിയെ പ്രീ സ്കൂളില്‍ ചേര്‍ത്ത കാലത്താണ് "ബാണ്‍സ് ആന്റ് നോബിളി'ല്‍ നിന്നും  "ചിക്കാ ചിക്കാ ബൂം ബൂം' എന്ന പുസ്തകം വാങ്ങിയത്. കുട്ടികള്‍ക്കായുള്ള ആല്‍ഫബറ്റ് ബുക്കുകള്‍ തിരയുന്നതിനിടയില്‍ ആ പുസ്തകം തെരഞ്ഞെടുത്തുതന്ന പൂച്ചക്കണ്ണുള്ള സുന്ദരിയായ സെയില്‍സ്‌ഗേളിന്റെ മുഖം ഇപ്പോഴുമോര്‍ക്കുന്നു. ""പുതിയതായി ഇറങ്ങിയതാണ്. താങ്കളുടെ മോന് ഇഷ്ടപ്പെടും'' എന്ന് പറഞ്ഞവള്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഒരു മടിയും കൂടാതെ വര്‍ണ്ണചിത്രങ്ങളടങ്ങിയ ആ പുസ്തകം വാങ്ങി. വൈകിട്ട് അവനെ ഒപ്പം കിടത്തി ബെഡ് ടൈം സ്റ്റോറിയായി അക്ഷരകഥാപാത്രങ്ങള്‍ കോക്കനട്ട് ട്രീയില്‍ കയറുന്ന കഥ, പുസ്തകത്തിലെ ചിത്രങ്ങള്‍ കാണിച്ച് പറഞ്ഞുകൊടുത്തപ്പോള്‍ ജെറിയുടെ കണ്ണുകളില്‍ കണ്ട തിളക്കം എങ്ങനെ മറക്കാനാണ്? വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജെയ്ക്കും ജിമ്മും ഒടുവില്‍ ജെന്നിയും ആ കഥകള്‍ കേട്ട് ആവേശംകൊണ്ടു. കാലമെത്ര കഴിഞ്ഞിട്ടും ""ചിക്കാ ചിക്കാ ബൂം ബൂം'' എന്നൊരാള്‍ പറയുമ്പോള്‍ ""വില്‍ ദേര്‍ ബീ ഇനഫ് റൂം''? എന്ന് കോറസായി ബാക്കിയുള്ളവര്‍ ഏറ്റ് പറയുന്നത് ഈ വീടിന്റെ ഭിത്തികളെപ്പോലും ഒരുപാട് ത്രസിപ്പിച്ചിട്ടുണ്ടാവണം. "ബ്ലാക്ക് ഐഡ് പി'യും "ലൂസ് ടൂത്ത് റ്റി'യും  ഈ വീട്ടിലെ അംഗങ്ങളായി ഒരുപാട് കാലം ജീവിച്ചിട്ടുണ്ട്.

കുട്ടികള്‍ വളര്‍ന്നുതുടങ്ങിയതോടെ അവര്‍ക്കായി വാങ്ങിയ പുസ്തകങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും എണ്ണവും കൂടിക്കൊണ്ടിരുന്നു. എത്ര തവണ കേട്ടിട്ടും ഒരു കഥയും അവരെ മുഷിപ്പിച്ചില്ല. പല രാത്രികളിലും അവരെ എന്തെങ്കിലും പറഞ്ഞ് ഉറക്കിയിട്ട് വേണം തനിക്കൊന്ന് നീണ്ടുനിവര്‍ന്ന് കിടക്കാനെന്ന് വിചാരിക്കുമ്പോഴാവും ഓരോരുത്തരും പുതിയ കഥകള്‍ ആവശ്യപ്പെടുന്നത്. നാടകീയമായി ഓരോന്നും അഭിനയിച്ചും വര്‍ണ്ണിച്ചും ഒരു കഥ തീര്‍ക്കുമ്പോള്‍, ആരെങ്കിലും പറയും ""എഗൈന്‍''! അപ്പോഴേയ്ക്കും ഉറങ്ങിത്തുടങ്ങിയ മറ്റുള്ളവരും ചാടിയെഴുന്നേറ്റ് കോറസായി ""എഗൈന്‍ ഡാഡീ''യെന്ന് കൊഞ്ചി പറയുമ്പോള്‍ അന്നത്തെ ഉറക്കവും മക്കളുടെ സന്തോഷത്തിനുവേണ്ടി ഇത്തിരി നീട്ടിവെയ്ക്കും. മിക്കപ്പോഴും നൈറ്റ്ഡ്യൂട്ടിയിലായിരിക്കുന്ന ലിസമ്മയുണ്ടോ ഇതുവല്ലതുമറിയുന്നു?

അറബിക്കഥകള്‍ മുതല്‍ "ആയിരത്തൊന്ന് രാത്രികള്‍' വരെ, പഞ്ചതന്ത്രം കഥകള്‍ മുതല്‍ ഐതീഹ്യമാല വരെ എത്രയോ കഥകളാണ് അവര്‍ക്കായി പങ്കുവച്ചത്? മക്കളെ രസിപ്പിക്കുവാന്‍ വേണ്ടി സമയം കിട്ടുമ്പോഴൊക്കെ മലയാളത്തിലെയും ഇംഗ്ലീഷിലെയും പല ക്ലാസിക്കുകളും വായിച്ചുകൂട്ടിയത് തനിക്കും വലിയ അനുഭൂതി നല്‍കിയിരുന്നുവെന്ന് അലക്‌സ് ഓര്‍ത്തു. കഥകളുടെ രാജധാനിയെന്ന് വിശേഷിപ്പിക്കാവുന്ന "ആയിരത്തൊന്ന് രാത്രി'കളിലെ സമര്‍ത്ഥയും  സുന്ദരിയുമായ ഷഹറാസാദെന്ന മന്ത്രിപുത്രിയെ എങ്ങനെ മറക്കാനാണ്? വിശ്വസ്തയായ തന്റെ ഭാര്യയെ വധിച്ച ഷഹരിയാര്‍ എന്ന രാജാവ് പിന്നീട് ദിനംപ്രതി ഓരോ കന്യകയെ വിവാഹം ചെയ്യുകയും ആദ്യരാത്രിയുടെ അന്ത്യത്തില്‍ അവരെ കൊന്നുകളയുകയും ചെയ്തപ്പോള്‍, നാട്ടിലെ പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രാജപത്‌നിയായി അന്തപ്പുരത്തിലെത്തി, ഓരോ രാത്രിയും പൂര്‍ത്തിയാക്കാത്ത ഓരോ കഥയും പറഞ്ഞ് രാജാവിന്റെ ജിജ്ഞാസ നിലനിര്‍ത്തി ഒടുവില്‍ ആയിരത്തൊന്ന് രാത്രികള്‍ കഴിഞ്ഞതോടെ രാജാവിന്റെ മനം കവര്‍ന്ന ഷഹറാസാദിനെ താനും ഒരുപാടിഷ്ടപ്പെട്ടുപോയിരുന്നല്ലോ. അവള്‍ രാജാവിനോട് പറഞ്ഞ ആലിബാബയുടെയും നാല്‍പ്പത് കള്ളന്മാരുടെയും, മുക്കുവനെ സ്‌നേഹിച്ച ഭൂതത്തിന്റെയുമൊക്കെ കഥകള്‍ തന്റെ മക്കളുടെ ഭാവനയെയും ഒരുപാട് വളര്‍ത്തി വികസിപ്പിച്ചതാണ്. ഓരോ തവണ നാട്ടില്‍ പോയിവരുമ്പോഴും കെട്ടുകണക്കിന് കഥപ്പുസ്തകങ്ങളും, കുട്ടികളുടെ ജിജ്ഞാസയും വിജ്ഞാനവും വളര്‍ത്തുന്ന അനവധി കളിപ്പാട്ടങ്ങളുമാണ് പെട്ടികള്‍ നിറയെ വാങ്ങിക്കൊണ്ടുവന്നിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വീട് മുഴുവനും മക്കളുടെ കളിപ്പാട്ടങ്ങളും കഥപ്പുസ്തകങ്ങളും ഡ്രോയിംഗ് സാധനങ്ങളുമായി.

ഇന്നിപ്പോള്‍ മക്കളെല്ലാം കൂടുവിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയിരിക്കുന്നു. കാലിഫോര്‍ണിയയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ജെറി കുടുംബസമേതം അവിടെ സെറ്റില്‍ ചെയ്തിരിക്കുകയാണ്. ജെയ്ക്ക് കല്യാണമേ വേണ്ടെന്ന് പറഞ്ഞ് ന്യൂയോര്‍ക്കില്‍, ജോലിയുടെയും ഫ്രീലാന്‍സ് ജീവിതത്തിന്റെയും ആനന്ദം ഒറ്റയ്ക്കനുഭവിച്ചുതീര്‍ക്കുന്നു. മന്‍ഹാട്ടനിലെ അവന്റെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റില്‍ ഒരിക്കല്‍ ചെന്നപ്പോള്‍, ഭിത്തിയില്‍ പണ്ട് ഡാഡിയുമൊന്നിച്ച് പാര്‍ക്കില്‍ വെച്ചെടുത്ത ഒരു ചിത്രം ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ജിമ്മി ഫ്‌ളോറിഡയില്‍ അവന്റെ ഐറിഷ് കാമുകിയുമൊത്ത് സുഖജീവിതം നയിക്കുകയാണ്. വീക്കെന്‍ഡില്‍ മുടങ്ങാതെ വീട്ടിലേക്ക് വരുന്ന അവന്റെ ഫോണ്‍വിളി മാത്രമാണൊരാശ്വാസം. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള ജെന്നിഫറും എത്രയോ മുമ്പേ കിളിക്കൂട് വിട്ട് പറന്നകന്നു? ഡാളസില്‍ മാസ്റ്റേഴ്‌സ് പഠനം നടത്തുന്ന അവള്‍ക്കും വീട്ടില്‍ വരാന്‍ സമയം കിട്ടാറില്ല. കഴിഞ്ഞ താങ്ക്‌സ്ഗിവിംഗിന് വന്നപ്പോള്‍ ""ജീ... ദിസ് ഹൗസ് ഈസ് എ മെസ്സ്'' എന്നവള്‍ പിറുപിറുത്തത് കുറച്ചൊന്നുമല്ല മനസ്സിനെ വിഷമിപ്പിച്ചത്. പണ്ടൊക്കെ അവള്‍ പറഞ്ഞിരുന്നത് ഇവിടുത്തെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊന്നും കളയരുതെന്നും തനിക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ അവര്‍ക്ക് അതെല്ലാം കൊടുക്കണമെന്നുമായിരുന്നു. ""ഐ വില്‍ സെന്റ് മൈ കിഡ്‌സ് എവരി നൈറ്റ് ടു യുവര്‍ റൂം ഡാഡ്!  യൂ ഷുഡ് ടെല്‍ ദെം ദോസ് വണ്ടര്‍ഫുള്‍ സ്റ്റോറീസ് എഗൈന്‍'' - ജെന്നിയുടെ പണ്ടത്തെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ കിടന്ന് വിങ്ങുന്നു!

കാലം മാറുമ്പോള്‍ കാഴ്ചപ്പാടുകളും മാറും; മക്കളുടെ പോലും. അത് മനസ്സിലാക്കാത്തതായിരിക്കാം തന്റെ പോരായ്മ- അലക്‌സ് സ്വയം തിരുത്താന്‍ ശ്രമിച്ചു. വേണ്ട, ഇനിയിതൊന്നും സൂക്ഷിച്ചുവയ്‌ക്കേണ്ട. എല്ലാം എറിഞ്ഞുകളഞ്ഞേക്കാം, അല്ലെങ്കില്‍ സാല്‍വേഷന്‍ ആര്‍മിക്കോ മറ്റേതെങ്കിലും സോഷ്യല്‍ സര്‍വ്വീസ് ഏജന്‍സികള്‍ക്കോ സംഭാവന ചെയ്‌തേക്കാം; അയാളുറപ്പിച്ചു. പേരക്കുട്ടികള്‍ക്ക് ഓടിക്കളിക്കുവാന്‍വേണ്ടി ഇനിയീ വീട്  എന്തായാലും കാത്തുസൂക്ഷിയ്‌ക്കേണ്ടതില്ല; അവര്‍ക്ക് കളിക്കാനായി പഴയ കളിപ്പാട്ടങ്ങളുമൊരുക്കേണ്ട; അവര്‍ക്കാര്‍ക്കും തന്റെ പുസ്തകശേഖരങ്ങള്‍ വേണ്ടി വരികയുമില്ല. എത്രയും പെട്ടെന്ന് വീട് വില്‍ക്കാനിടണം. കിട്ടുന്ന തുകകൊണ്ടൊരു കൊച്ചു കണ്ടോമിനിയം വാങ്ങണം. ബാക്കി ബാങ്കിലിടാം. ഇപ്പോള്‍ത്തന്നെ മുട്ടുവേദനയും നടുവേദനയുമൊക്കെയുള്ള ലിസമ്മയ്ക്കും തനിക്കും ശിഷ്ടകാലം ജീവിക്കാന്‍ ഒരു ഒറ്റമുറി അപ്പാര്‍ട്ടുമെന്റ് ധാരാളം മതിയാകും.

അലക്‌സും ലിസമ്മയും കൂടി അന്ന് പകലും രാത്രിയുമായി ഒരുമാതിരിപ്പെട്ട സാധനങ്ങളെല്ലാം അനവധി ഗാര്‍ബേജ് ബാഗുകളിലാക്കി വെളിയില്‍ കൊണ്ടുപോയിവച്ചു. ഓരോ ബോക്‌സുകളും കാലിയാക്കുമ്പോള്‍ അയാള്‍ ഓര്‍മ്മകളിലേക്ക് വീണ്ടും മടങ്ങിപ്പൊയ്‌ക്കൊണ്ടിരുന്നു; ഓരോ കളിപ്പാട്ടങ്ങള്‍ക്കും പറയാനുണ്ടായിരുന്നു ഒരുപാട് കഥകള്‍, ഓര്‍മ്മകള്‍... പുസ്തകങ്ങള്‍ പിന്നെയും മറിച്ചും തിരിച്ചും നോക്കുന്നത് കണ്ടപ്പോള്‍ ലിസമ്മയ്ക്ക് ചില്ലറ ദേഷ്യമല്ല വന്നത്. ""എന്റെ അലക്‌സേ, അതൊന്നും ഇനി നോക്കി ഓര്‍മ്മകള്‍ അയവിറക്കേണ്ട. നമ്മുടെ മക്കളെ നമ്മള്‍ നന്നായി വളര്‍ത്തി. അവര്‍ക്ക് മക്കളുണ്ടാവുമ്പോള്‍ അവരെ നോക്കേണ്ടത് അവരുടെ കടമയാണ്. അലക്‌സിന്റെ ഈ ആയിരത്തൊന്ന് രാത്രികളും ഐതീഹ്യമാലയുമൊന്നും അന്നവര്‍ക്ക് വേണ്ടിവരില്ല. അവര്‍ക്ക് അന്ന് നല്ല ന്യൂജന്‍ സ്റ്റോറികള്‍ കേള്‍ക്കാനുണ്ടാവും.... വേഗമിതൊക്കെ പെറുക്കിക്കൂട്ടി  വേസ്റ്റിലിടാന്‍ നോക്ക്. ഇതൊന്ന് തീര്‍ന്നിട്ടുവേണം നമുക്ക് ഉണ്ണൂണ്ണിച്ചായനെ വിളിച്ച് സംഗതി സ്പീഡപ്പാക്കാന്‍ പറയാന്‍.''

ക്ലീനിംഗ് യജ്ഞം പിന്നെയും ദിവസങ്ങളോളം നീണ്ടു. ശനിയാഴ്ച ഉച്ചയ്ക്ക് അവസാന റൗണ്ട് പണി നടന്നത് ബേസ്‌മെന്റിലായിരുന്നു. നാലുമക്കളും ഒരുപാട് തവണ ഓടിക്കളിക്കുകയും തന്റെ പുറത്ത് ആനകളിക്കുകയും ചെയ്ത സ്ഥലം! എത്രയോ രാത്രികളില്‍ ഇവിടുത്തെ കാര്‍പ്പറ്റില്‍ മക്കളോടൊപ്പം ചാഞ്ഞും ചരിഞ്ഞും കിടന്ന് അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്? പല വീക്കെന്‍ഡ് രാത്രികളിലും ഇവിടെത്തന്നെയാണ് കഥകളുടെ പരമ്പരകള്‍ക്ക് ശേഷം അവരെ ചേര്‍ത്ത് പിടിച്ച് ഉറങ്ങിക്കിടന്നിട്ടുള്ളത്.  തന്റെ കൊച്ചുമക്കളും വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെത്തന്നെ തന്നോടൊപ്പം കിടന്ന് കഥകള്‍ കേള്‍ക്കുമെന്ന് അന്നൊക്കെ വ്യാമോഹിച്ചിരുന്നു. വട്ടം കൂടിയിരുന്ന് മക്കളോടൊപ്പം പാമ്പും കോണിയും ക്യാരംസും ചെസ്സും കളിച്ചിരുന്ന മുക്കും മൂലയുമൊക്കെ  വീണ്ടും തൊട്ടുനോക്കി അലക്‌സ് നെടുവീര്‍പ്പിട്ടു.

ബേസ്‌മെന്റിന്റെ മൂലയിലെ പഴയൊരു സൈഡ് ടേബിളിന്റെ വലിപ്പ് തുറന്നപ്പോള്‍ പൊടിപിടിച്ചൊരു പുസ്തകം താഴെവീണു: "ചിക്കാ ചിക്കാ ബൂം ബൂം'. അലക്‌സ് സ്‌നേഹപൂര്‍വ്വം അത് കയ്യിലെടുത്തു. തന്റെ നാലുമക്കളുടെയും ഏറ്റവും പ്രിയപ്പെട്ട ആ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍, നിറമൊക്കെ മങ്ങിത്തുടങ്ങിയെങ്കിലും തന്നെ നോക്കി അതിലെ അക്ഷരക്കഥാപാത്രങ്ങള്‍ പുഞ്ചിരിക്കുന്നതുപോലെ അലക്‌സിന് തോന്നി. പശ്ചാത്തലത്തില്‍ കുട്ടികളുടെ കോറസ് : ""വില്‍ ദേര്‍ ബീ ഇനഫ് റൂം?''കാര്‍പ്പറ്റില്‍ കുട്ടിയുടുപ്പുകളുമിട്ട് തന്നെ നോക്കി കൈവീശിക്കൊണ്ട് അവര്‍ ചോദിക്കുകയാണ്. അവരുടെ ചുറ്റും കുറേയേറെ കുട്ടികളുമുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ലിസമ്മയുടെയും തന്റെയും മുഖഛായ! നിമിഷങ്ങള്‍കൊണ്ട് കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു. എല്ലാവരുടെയും കയ്യില്‍ താന്‍ പണ്ട് മക്കള്‍ക്ക് വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങളും കഥപ്പുസ്തകങ്ങളും. ചിരിയും കളിയുമായി അവര്‍ മാറിമാറി വീണ്ടും വീണ്ടും പറയുന്നു : ""ചിക്കാ ചിക്കാ ബൂം ബൂം.... വില്‍ ദേര്‍ ബീ ഇനഫ് റൂം?'' അലക്‌സ് ആവേശത്തോടെ മറുപടി പറഞ്ഞു: ""യെസ്, ദേര്‍ വില്‍ ബീ... യെസ്, പ്ലെന്റി ഓഫ് റൂം.... പ്ലെന്റി  ഓഫ് റൂം ഫോര്‍ യൂ''.

അലക്‌സിന് പിന്നെ ആലോചിക്കാനൊന്നുമില്ലായിരുന്നു. ലിസമ്മയോട് പറയുകപോലും ചെയ്യാതെ അയാള്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് ഉണ്ണൂണ്ണിച്ചായനെ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ നിന്നും കേട്ട പരുഷവാക്കുകള്‍ അലക്‌സിനെ വിഷമിപ്പിച്ചതേയില്ല. ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ പരിഭ്രമത്തോടെ പടിയിറങ്ങിവരുന്ന ലിസമ്മയെ കണ്ടു. ""ചിക്കാ ചിക്കാ ബൂം ബൂം'' ഒരു കുസൃതിച്ചിരിയോടെയാള്‍ പറഞ്ഞു. ""വില്‍ ദേര്‍ ബീ ഇനഫ് റൂം''? ~ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കിയ ലിസമ്മയോട് സ്‌നേഹത്തോടെ, ഉറച്ച ശബ്ദത്തോടെ അലക്‌സ് പറഞ്ഞു: ""യേസ്, ദേര്‍  വില്‍ ബീ...  ഇത് മുഴുവനും, എന്നന്നേയ്ക്കും....!!''


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക