MediaAppUSA

മരണകിടക്കകൾ വിരിച്ച് നഴ്സിംഗ് ഹോമുകൾ (ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ Published on 27 April, 2020
മരണകിടക്കകൾ വിരിച്ച് നഴ്സിംഗ് ഹോമുകൾ (ഫ്രാൻസിസ് തടത്തിൽ )

 

ന്യൂജേഴ്‌സി: മരിക്കും മുൻപ്  അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ, അവസാന ശ്വാസം വലിക്കും മുമ്പ്  ഐ.സി. യു കളിലെ  നഴ്‌സുമാരുടെ ഫോണിൽ നിന്ന് വിഡിയോ വഴി ഉറ്റവരെയും ഉടയവരെയും ഏറെ ദൈന്യതയോടെ നോക്കുന്ന കാഴ്ച്ച കണ്ടാൽ നോക്കിനിക്കുന്നവർ പോലും അറിയാതെ വിതുമ്പി പോകും. ഒരു വശത്ത് വെന്റിലേറ്ററിൽ  നിന്ന് തള്ളുന്ന ഓക്സിജൻ  അകത്തേക്ക് വലിച്ചെടുക്കാൻ പോലലും ശേഷിയില്ലാതെ മൊബൈൽ കാമറലേക്ക്  തല ചെരിച്ചു നോക്കുന്ന അവരെ കണ്ട് അലമുറയിട്ടുകരയുന്ന ബന്ധുക്കൾ. ചിലപ്പോഴൊക്ക  ആ വിഡിയോക്കോൾ  അവസാനിക്കും മുൻപ് അവരുടെ അവസാനശ്വാസവും നിലച്ചിട്ടുണ്ടായിരിക്കും. ഇത്  അമേരിക്കയിൽ, പ്രത്യേകിച്ച് ന്യൂയോർക്ക് ട്രൈസ്റ്റേറ്റുകളിലെ ഹോസ്പിറ്റലുകളിലെയും നഴ്സിംഗ് ഹോമുകളിലെയും അവസ്ഥയാണ്.

അമേരിക്കയിൽ ആകെ മരണമടഞ്ഞ 56,000 പേരിൽ 60 ശതമാനത്തോളം പേർ നഴ്സിംഗ് ഹോം- ലോങ്ങ് ടൈം കെയർ ഹോമുകൾ  മേഖലയിൽ നിന്നുള്ളവരാണ്. ന്യൂയോർക്ക് സ്റ്റേറ്റിൽ  അകെ മരിച്ച 22,623  പേരിൽ 24 ശതമാനം പേരും ന്യൂജേഴ്‌സിയിൽ മരണമടഞ്ഞ 6,050 പേരിൽ ആറിൽ   ഒന്നുപേരും മരണമടഞ്ഞത് നഴ്സിംഗ് ഹോമിലെ വൃദ്ധരും ആലംബഹീനരുമായ രോഗികളാണ്.ന്യൂജേഴ്‌സിയിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 252 നഴ്സിംഗ് ഹോം  റെസിഡന്റുമാർ  മരണമടഞ്ഞിരുന്നു. ന്യൂ ജേഴ്സിയിലെ ആകെ മരണത്തിൽ 2,000 ലധികം പേര് ലോങ്ങ് ട്ടേം കയർ റെസിഡന്റുമാരാണ്. ന്യൂയോർക്കിലെ നഴ്സിംഗ് ഹോം അസിസ്റ്റഡ് ലിവിങ്ങ് ഫസിലിറ്റികളിലെ ഏതാണ്ട് 2,400 റെസിഡെന്റ്സ് ആണ് കോവിഡ്-19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 

ജീവിച്ചിരുന്നപ്പോൾ മാതാപിതാക്കളെ കൂടെ നിർത്തി സംരക്ഷിക്കാൻ  കഴിയാത്തതിന്റെ കുറ്റബോധത്തിലാണ് ഇന്ന് നാലൊരു  വിഭാഗം പേരും കഴിയുന്നത്. ഇതിൽ അമേരിക്കയെ ഈ നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും മഹത്തായ പ്രതാപത്തിൽ എത്തിച്ചവരാണ് കൊറോണക്കാലത്ത് ബന്ധുക്കളാൽ ശ്രദ്ധിക്കപ്പെടാതെ അവരുടെ ഏകാന്തതയിൽ നിന്ന് നിത്യതയിലേക്ക് യാത്രയായത്. ആയിരക്കണിക്കിന് മുതിർന്ന പൗരന്മാരാണ് വെറും ഒരു മാസത്തിനുള്ളിൽ ചരിതത്തിന്റെ ഭാഗമായി മാറിയത്. കുറഞ്ഞത് കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളെ വീടുകളിൽ താമസിപ്പിച്ചിരുന്നുവെങ്കിൽ അവർ ഒരു പക്ഷെ രക്ഷപ്പെടുമായിരുന്നുവെന്ന കുറ്റബോധത്തിലാണ്‌ അവരെ നഴ്സിംഗ് ഹോമുകളിലും ലോങ്ങ് ട്ടേം കെയറുകളിലും ആയ തെറ്റായ തീരുമാനത്തെ ഓർത്തു വിലപിക്കുന്നവർ.

അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെ, ഫ്യുണറൽ ഹോമുകളിലും വ്യൂവിങ്ങിനു വയ്ക്കാതെ, ലിമോസിനുകളുടെ അകമ്പടിയിൽ അർഹിക്കുന്ന അന്ത്യ യാത്ര പോലും നൽകാൻ കഴിയാതെ വന്നതിൽ ഇപ്പോൾ പലരും  നെടുവീർപ്പിടുകയാണ്. ഒരു പക്ഷെ ഒരു പണിയുമില്ലാതെ തങ്ങൾ ലോക്ക് ഡൗണിൽ വീട്ടിൽ കഴിഞ്ഞപ്പോൾ അവരെക്കൂടി കൊണ്ടുവന്നിരുന്നെങ്കിൽ അവരും നമ്മോടൊപ്പം ജീവനോടെ ഇരിക്കുമായിരുന്നുവെന്ന് ചിന്തിക്കരുത്. 

ചിലർ ജീവിതത്തിലെ തിരക്കുകൾ മൂലമാണ് ജന്മം നൽകി പോറ്റി വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ നഴ്സിംഗ് ഹോമുകളിൽ ആക്കുന്നത്. മറ്റു ചിലർ മക്കളുമായുള്ള ബന്ധം അവർ പ്രായപൂർത്തിയാകുന്ന മുറയ്ക്ക് നഷ്ട്ടപ്പെടുന്നു, ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ, വിവാഹമോചനം,പുനർ വിവാഹം, വിവാഹേതര ബന്ധങ്ങൾ തുടങ്ങിയവ മൂലം പലരും മക്കളിൽ നിന്ന് അകന്നു കഴിയാറുണ്ട്. ചില ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടവരായിരിക്കും. വിവാഹമുൾപ്പെടെയുള്ള കുടുംബബന്ധങ്ങളിൽ നിന്ന് വിട്ടുനിന്ന പലരും അവർക്കായി ഒരിറ്റു കണ്ണീർ പോലും പൊഴിക്കാനാളില്ലാതെ ഏകാന്തരായി മരണത്തിനു കീഴടങ്ങിയവരുമുണ്ട്.

12,000 പരം ആളുകളാണ് ന്യൂജേഴ്‌സിയിൽ മാത്രം രോഗബാധിതരായിട്ടുള്ളത്. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് നഴ്സിംഗ് ഹോം റെസിഡന്റുമാർ കഴിയുന്നത്. ഇവരിൽ ആർക്കൊക്കെ രോഗം ബാധിച്ചു എന്നിറിഞ്ഞിരിക്കാൻ  പോലും ബന്ധുക്കൾക്ക് കഴിയുന്നില്ല. മരണം ആസന്നമായിരിക്കുമ്പോൾ മാത്രമാണ് അവരുടെ വിവരങ്ങൾ പോലും പുറത്തു വിടുന്നത്.

നോർത്ത്ജേഴ്സിയിലെ പരാമസിൽ മെൻലോ പാർക്കിലുള്ള വെറ്ററൻ ഹോസ്പിറ്റലിൽ കുറഞ്ഞത് 25 പേരെങ്കിലും കോറോണബാധയെത്തുടർന്ന് മരണമടഞ്ഞു.. ഇവിടെ 60 പരം കൊറോണ രോഗ ബാധിതർ ഉണ്ട്. കൊറോണാ രോഗികളുടെ എണ്ണം വർധിച്ചതോടെ ന്യൂ ജേഴ്‌സി സ്റ്റേറ്റിലെ  രണ്ട് വെറ്ററൻ  ഹോസ്പിറ്റലുകളിൽ യു.എസ്. ആർമിയുടെ സഹായമഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച ഇവിടെ മരിച്ച 24 റസിഡന്റുമാരുടെ കോവിഡ്-19 സ്റ്റാറ്റസ് എന്താണെന്നു ഇതുവരെ നിർണയിക്കാൻ കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ പലയിടങ്ങളിലും അറിയപ്പെടാത്ത കൊറോണ മരണങ്ങൾ 
നടന്നിട്ടുണ്ടെന്നാണ് ഹോസ്പിറ്റൽ റെക്കോർഡുകൾ സൂചിപ്പിക്കുന്നത്. ഇവിടെ സാധാരണഗതിയിൽ സംഭവിക്കുന്ന ആഴ്ചയിൽ മൂന്ന് മരണമെന്നത് 24 ആയതിൽ കൊറോണ ആയിരിക്കുമെന്ന് സംശയിക്കുന്നുമുണ്ട്. ഇതുപോലെ തന്നെ ന്യൂയോർക്ക് ന്യൂജേഴ്‌സി ഹോസ്പിറ്റലുകളിൽ കൊറോണയാണെന്നു സ്ഥിരീകരിക്കാതെ തന്നെ മരണമടഞ്ഞ നിരവധിയാളുകളുണ്ട്.

ന്യൂജേഴ്സിയിലെ 450 ലോങ്ങ് കെയർ സെനറ്ററുകളിൽ 450 ലും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി സ്റ്റേറ്റ്‌ ഹെൽത്ത് കമ്മീഷണർ ജൂഡിത്ത് പെർഷേ പറഞ്ഞു. ഏകദേശം 61,000 വരുന്ന റെസിഡന്റ്റുമാരിൽ 15,100 പേർക്ക് കൊറോണ രോഗബാധയുണ്ടാകുകയും അതിൽ 1.701 പേർ മരിക്കുകയും ചെയ്‌തു . കൂടാതെ 1,098 മരങ്ങൾ കൊറോണ രോഗബാധ മൂലമാണെന്ന് സംശയിക്കുന്നുണ്ട്. ഈ മരണങ്ങൾ കൂടി കണക്കിലെടുത്താൽ ന്യൂജേഴ്‌സി സ്റ്റേറ്റിലെ 6,044 വരുന്ന മരണസംഖ്യയിൽ ഏതാണ്ട് 48 ശതമാനം മരണം ലോങ്ങ് റട്ടേം കെയറിൽ ആണ്.  കഴിഞ്ഞയാഴ്ച്ച ഡെലവേറിലെ മരിച്ച 32 പേരിൽ  21 പേരും ലോങ്ങ് ട്ടേം കെയർ ഫസിലിറ്റികളിലെ ജീവക്കാരും റസിഡന്റുമാരുമായിരുന്നു 100 ലധികം ആളുകൾക്ക് ഇവിടെ കൊറോണ വൈറസ് പോസിറ്റീവ് ആണ്.

കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ മരണപ്പെട്ടത് അമേരിക്കയിൽആണ്. അതിൽ തന്നെ  ഏറ്റവുംകൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ ന്യൂയോർക്ക്, ന്യൂജേഴ്‌സി സ്റ്റേറ്റുകളിൽ മാത്രം ആയിരങ്ങൾ സ്വന്തം മക്കളെയോ ഉറ്റവരെയോ പോലും കാണാതെയാണ് ഈ ലോകത്തുനിന്നും യാത്രയായത്. പാർക്കിൻസൺസ്, ഡിമെൻഷ്യ തുടങ്ങിയ വാർധക്യ സഹജമായ രോഗങ്ങളുമായി  നഴ്സിംഗ് ഹോമുകളിൽ  കഴിയുന്ന പല മാതാപിതാക്കൾക്കും ഒരുപക്ഷേ തങ്ങൾക്ക് എന്താണ് സംഭവിച്ചിരുന്നതെന്നുപോലും അറിഞ്ഞിട്ടുണ്ടാകില്ല. പ്രായത്തിന്റെ അവശതകൾ മാത്രമുള്ള, ഇനിയും അനേകവര്ഷം മക്കളെയും കൊച്ചുമക്കളെയും കാണുമെന്ന പ്രതീക്ഷയോടെ  നഴ്സിംഗ് ഹോമുകളിലെ നാലുചുവരുകൾക്കുള്ളിൽ കണ്ണും നട്ടിരുന്നവരുടെ കണ്ണിൽ ഇരുട്ട് കയറിയത് അവർ പോലും അറിയാതെയായിരിക്കും.

മലയാളികളിൽ  പലരും കൊറോണ രോഗത്തെത്തുടർന്ന് മരണമടഞ്ഞിട്ടുണ്ടെന്നത് ദുഖകരമായ കാര്യമാണ്.എന്നാൽഒരു പാട്  പ്രായമായ മാതാപിതാക്കളെ കൂടെ താമസിപ്പിച്ചിട്ടുള്ള പലർക്കും ഈ കൊറോണക്കാലത്ത് അവർക്കു പ്രത്യേക പരിചരണം നല്കാൻ കഴിഞ്ഞതുകൊണ്ടു അവർക്ക് ഒരു കുഴപ്പവുമുണ്ടാകാൻ ഇടവന്നിട്ടില്ല. അത് ഇന്ത്യക്കാരുടെ സംസ്ക്കാരം നൽകിയ മഹത്തായ സംഭാവനയാണ്. പ്രായമായവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നു ചിന്തിപ്പിക്കാൻ അമേരിക്കക്കാർക്കും ഒരവസരം ലഭിച്ചിരിക്കുകയാണ് ഈ കൊറോണക്കാലത്ത്.
ഇനി ഫാദേഴ്‌സ്‌ ഡിക്കും മദേഴ്ഴ്സ്‌ ഡെയ്ക്കും നഴ്സിംഗ് ഹോമുകളിലും പൂക്കൾ നൽകാൻ അവർക്കു പോകാൻ കഴിയില്ല. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ശവകുടീരത്തിലായിരിക്കും ആ പുക്കൾക്കിനി സ്ഥാനം. 

താങ്ക്സ് ഗിവിങ്ങിനു മുഖ്യതിഥികൾ ആവേണ്ട മുത്തച്ചനാമ്മാരുടെയും മുത്തശ്ശിമാരുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ഓർക്കും നാം സേഫ് ആയി വീട്ടിൽ അടച്ചിട്ടിരുന്നപ്പോൾ അവരെക്കൂടി കൂട്ടിനു കൂട്ടമായിരുന്നുവെന്ന്. ഒരിക്കലെങ്കിലും ഒആർക്കാതിരുന്ന എ പിഴച്ചുപോയ തീരുമാനം എത്ര പേരെ ജീവിതത്തിൽ വേട്ടയാടും. തങ്ങളുടെ വീടുകളേക്കാൾ സുരക്ഷിതമെന്നു കരുതിയ നുസിങ്‌ ഹോമുകൾ അവർക്കു മരണത്തിന്റെ മെത്തവിരിച്ചാണ് കാത്തിരുന്നതെന്നോർക്കുമ്പോൾ. ഇനിയെങ്കിലും തയാറാകുമോ നമ്മൾ ഇത്തരം അർത്ഥശൂന്യവും മനസാക്ഷിക്ക് നിരക്കാത്തതുമായ കാര്യങ്ങൾ. ഈയുള്ളവൻ മുതൽ നമ്മിളിലോരോരുത്തരുടേയും നാളത്തെ അവസ്ഥ ഒരു പക്ഷെ ഇത് തന്നെ ആയേക്കാം.എന്നീ തലമുറ കൊറോണയും മറ്റും മറന്നാലും പുതിയ അവതാരങ്ങൾ വരാതിരിക്കുമോ?
മരണകിടക്കകൾ വിരിച്ച് നഴ്സിംഗ് ഹോമുകൾ (ഫ്രാൻസിസ് തടത്തിൽ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക