തമ്പിച്ചായന്‍ മരിച്ചു.
സെന്‍ട്രല്‍ എയര്‍ കണ്ടീഷണര്‍ നല്‍കിയ സുഖമുള്ള തണുപ്പില്‍ രസകരമായൊരു കിനാവ് കണ്ടങ്ങിനെ ആസ്വദിച്ചുറങ്ങുമ്പോഴാണ്, വെളുപ്പാന്‍ കാലത്തെപ്പോഴോ, കൂട്ടുകാരുടെ പ്രിയങ്കരനായ തമ്പിച്ചായനെ മരണം മാടിവിളിച്ചത്. ആളനക്കങ്ങളൊന്നുമില്ലാതെ, "സൈലന്റ് ഡെത്ത്' എന്ന് മെഡിക്കല്‍ സയന്‍സ് നാമകരണം ചെയ്തിരിക്കുന്ന അന്തസ്സായ മരണം!
"പ്രകൃതിയുടെ വിളി'കേട്ട് പുലര്‍ച്ചെ റീത്താമ്മ മെത്തയില്‍ നിന്നും മെല്ലെ എഴുന്നേല്‍ക്കുമ്പോഴും തൊട്ടടുത്ത് കിടന്ന തമ്പിച്ചായന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്ന് അവര്‍ക്ക് തോന്നി. റിട്ടയര്‍ ചെയ്തിട്ട് വേണം എന്നും രാവിലെ പത്തുമണിവരെ കിടന്നുറങ്ങാനെന്ന് കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി റീത്താമ്മ ആഗ്രഹിക്കുന്നതാണ്. മഞ്ഞും മഴയും വകവയ്ക്കാതെ എത്രയോ കൊല്ലങ്ങളായി ജോലിക്കു പോകുന്നു, വരുന്നു...... ഡബിള്‍ ഡ്യൂട്ടിയും ഓവര്‍ടൈമും ചെയ്ത് ധനം ഒരുപാട് സമ്പാദിച്ചു കൂട്ടിയെങ്കിലും മന:സമാധാനമെന്നത് ഇന്നും ഒരു മരീചികയായി അവശേഷിക്കുന്നു. പിന്നെങ്ങനെ ഉറങ്ങാന്‍? കിടന്ന് ഒന്നുരണ്ടു മണിക്കൂറെങ്കിലും കഴിയുമ്പോഴാണ് ഒന്നുറക്കം പിടിക്കുന്നത്. പക്ഷേ നിദ്രയുടെ നീര്‍ക്കയങ്ങളിലേക്കങ്ങനെ സാവധാനം ഊളിയിടുമ്പോഴേക്കും അടിവയറ്റില്‍ നിന്നും ഞരക്കവും മൂളലും കേട്ടു തുടങ്ങും. പിന്നെ ചെയ്യുന്നത് ബ്ലാഡര്‍ നിറഞ്ഞുകവിയുന്നതിന് മുമ്പേ ബാത്‌റൂമിലേക്കൊരു ഓട്ടമാണ്. അതു കഴിഞ്ഞ് വന്ന് കിടന്നാല്‍ എത്ര ശ്രമിച്ചാലും ഉറക്കം തിരികെ കിട്ടില്ല. നേരം വെളുക്കുന്നതുവരെ ഓരോന്നാലോചിച്ച് കിടക്കുകമാത്രമാണ് പിന്നത്തെ പരിപാടി. റീത്താമ്മയെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറ്റവും സങ്കടകരമായ കാര്യം തന്റെ ഈ ബുദ്ധിമുട്ടുകളൊന്നുമറിയാതെ തൊട്ടടുത്ത് കിടന്ന് സുഖമായി കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിനെ കാണുന്നതാണ്. തെല്ലസൂയയോടെ തന്നെയായിരുന്നു പലപ്പോഴും അവര്‍ പിറുപിറുത്തിരുന്നത്:
""എന്തൊരു ഉറക്കമാണിത് തമ്പുരാനേ......വെടിപൊട്ടിയാലും ഈ മനുഷ്യന്‍ അറിയില്ല. രാത്രി രണ്ട് വട്ടം ഞാനെഴുന്നേറ്റ് ബാത്‌റൂമില്‍ പോയി വരുന്നത് ഇങ്ങേര് അറിയുന്നതുപോലുമില്ലല്ലോ. ഇക്കണക്കിന് ഞാനില്ലാത്തപ്പോള്‍ വല്ല കള്ളന്മാരും ഇവിടെ കേറിയാല്‍ ആരറിയാന്‍? ഇങ്ങനെയൊക്കെ മനുഷ്യര്‍ക്ക് ഉറങ്ങാന്‍ പറ്റുമോ? ഭാഗ്യവാന്‍!!''
""അതേടീ, അതിനും വേണം ഒരു ഭാഗ്യം. മനസ്സ് ശുദ്ധമാണെങ്കില്‍ കിടന്നാലുടന്‍ ഉറക്കം പിടിക്കും. നിന്നെപ്പോലെ തലനിറയെ പേനും പരദൂഷണവുമായി കിടന്നാല്‍ എങ്ങനെ ഉറങ്ങാനാണ്? പോരാത്തതിന് യാതൊരു നിയന്ത്രണവുമില്ലാതെ, വലിച്ചുവാരിയുള്ള നിന്റെ തീറ്റയും മണിക്കൂറുകള്‍ നീണ്ട ടി.വി. കാണലും. വെറുതെയല്ല ഷുഗറും പ്രഷറും ഇന്‍കോണ്ടിനന്‍സും നിന്നെ വിടാതെ പിടികൂടിയിരിക്കുന്നത്. നീ എന്നെ കണ്ട് പഠിക്ക്: മിതഭക്ഷണം, സ്ഥിരമായ വ്യായാമം.... ആകപ്പാടെയുള്ള ഒരു ദു:ശ്ശീലം ഡെയ്‌ലി രണ്ടു ഡ്രിങ്ക്‌സെടുക്കുന്നതാണ്. അതും റിട്ടയര്‍മെന്റിനുശേഷം. അതൊരു ദു:ശ്ശീലമാണെന്ന് നീ മാത്രമേ പറയുകയുള്ളൂ കെട്ടോ. ആണുങ്ങളാണേല്‍ രണ്ടെണ്ണമടിച്ചിരിക്കുമെടീ!''
കെട്ടിയവന്റെ സുഖസുഷുപ്തിയെപ്പറ്റി കൊതിയോടെ അങ്ങേരോട് പറയുമ്പോഴൊക്കെ റീത്താമ്മയ്ക്ക് കിട്ടിയിരുന്ന സ്ഥിര മറുപടി അതായിരുന്നു. തമ്പിച്ചായന്‍ പറയുന്നതിലും കാര്യമുണ്ട്, അങ്ങേര് നടപ്പിലും എടുപ്പിലും എന്നും ഫിറ്റാണ്; അഥവാ അങ്ങനെ തോന്നിപ്പിക്കുന്നു. കൂട്ടൂകാരോടൊത്തുള്ള ചീട്ടുകളിയും ദിവസവുമുള്ള വെള്ളമടിയുമാണ് കക്ഷിയുടെ ഏക വിനോദം. അതൊരു മന:സമാധാനത്തിനാണെന്നാണ് ഭാര്യയോട് പറയുന്ന ന്യായീകരണം. കള്ളു കുടിച്ചാല്‍ മനസിന് സമാധാനം കിട്ടുമെന്നത് ആണുങ്ങളുടെ ഒരു മുടന്തന്‍ ന്യായമാണെന്ന് റീത്താമ്മയ്ക്കറിയാം. പക്ഷേ എത്ര ഉപദേശിച്ചാലും തമ്പിച്ചായന്‍ അതു വിട്ടൊരു കളിയില്ല. വല്ലതും കാണിക്കട്ടെ, ഈ വയസ്സാംകാലത്ത് ഇനിയെന്ത് മാനസാന്തരം വരുത്താനാണെന്നവര്‍ സ്വയം സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ബാത്‌റൂമില്‍പോയി തിരികെ വന്ന റീത്താമ്മ നോക്കുമ്പോഴും തമ്പിച്ചായന്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി കിടക്കുന്നതാണ് കാണുന്നത്. മുഖത്ത് ഗാഢനിദ്രയുടെ സര്‍വ്വലക്ഷണങ്ങളുമുണ്ട്. പക്ഷേ, കൂര്‍ക്കം വലി നിര്‍ത്തിയിരിക്കുന്നു. അതിലവര്‍ മനസുകൊണ്ട് സന്തോഷിച്ചു. എന്തായാലും പാണ്ടിലോറി ഗിയര്‍ മാറ്റുന്നതുപോലുള്ള ആ ശബ്ദം കേള്‍ക്കാതെ കുറച്ചുനേരമെങ്കിലും ഇനി ഉറങ്ങാമല്ലോയെന്നവര്‍ തെല്ലുറക്കെത്തന്നെ പറഞ്ഞു. ഒന്‍പതു മണിയാവാതെ താന്‍ എഴുന്നേല്‍ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കംഫര്‍ട്ടറിനുള്ളിലേക്ക് റീത്താമ്മ സ്വയം വലിഞ്ഞുകയറി. നേരത്തേ എണീറ്റിട്ടും വലിയ കാര്യമൊന്നുമില്ല. ടി.വി തുറന്നാല്‍ മുഴുവനും കൊറോണ വാര്‍ത്തകളാണ്. ചാനല്‍ മാറ്റിയാലും ഒന്നുകില്‍ വളിച്ച സീരിയലുകള്‍, അല്ലെങ്കില്‍ കണ്ട് മടുത്ത സിനിമകള്‍! പിന്നെന്തിന് നേരത്തേ എണീക്കണം? അവര്‍ സ്വയം ന്യായീകരിച്ചു.
മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ ദേഹത്തുനിന്നും അനക്കമൊന്നും കേള്‍ക്കാത്തപ്പോള്‍ റീത്താമ്മ സംശയംതോന്നി അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചുനോക്കി, പിന്നാലെ മൂക്കിലും വായിലും തൊട്ടുനോക്കി. പള്‍സും മറ്റു ലക്ഷണങ്ങളും നോക്കിയപ്പോഴേക്കും അവര്‍ക്ക് കാര്യം പിടികിട്ടി. ഉറക്കെയൊന്ന് കരയാന്‍ തുടങ്ങുമ്പോഴാണ് പെട്ടെന്ന് തന്റെ മുഖത്തെ മീശരോമങ്ങളെക്കുറിച്ചവര്‍ ഓര്‍ത്തത്. മൂക്കിനു ചുറ്റും, താഴെയും പൊട്ടിമുളച്ച് അസാധാരണമായി വളരുന്ന ആ രോമങ്ങള്‍ ഒരു തീരാശാപം പോലെ, നെഞ്ചിലെ തീയായി റീത്താമ്മയോടൊപ്പം ചെറുപ്പം മുതലേ കൂടിയതാണ്. ആഴ്ചയിലൊരിക്കല്‍ മുടങ്ങാതെ ബ്യൂട്ടീഷനെ കണ്ട് വാക്‌സിംഗും ഫേഷ്യലും നടത്തി അവരുടെ കരവിരുതില്‍ അവയെല്ലാം യഥാസമയം നീക്കം ചെയ്ത് കൊല്ലങ്ങളായി ജോലിക്കും, ഞായറാഴ്ചക്കുര്‍ബാനയ്ക്ക് പള്ളിയിലും പൊയ്‌ക്കൊണ്ടിരുന്ന റീത്താമ്മയെ സംബന്ധിച്ചിടത്തോളം അത് പുറംലോകം കാണുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. റിട്ടയര്‍മെന്റിനുശേഷം ബ്യൂട്ടീഷന്റെ അടുത്തേക്കുള്ള പോക്കിന്റെ എണ്ണം കുറച്ചിരുന്നെങ്കിലും കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ അതിന് തീരെ സാധിക്കാതായി.
""നിന്നെ കണ്ടാലിപ്പോളൊരു മാര്‍ജ്ജാര രാജ്ഞിയാണെന്ന് തോന്നും... എന്തായാലും ഇത് ഷേവുചെയ്തു കളയാനൊന്നും നോക്കേണ്ട. ആള്‍ക്കൂട്ടത്തിലങ്ങാനും നിന്നെ കാണാതെ പോയാല്‍ ആള് മാറാതെ നിന്നെ കണ്ടുപിടിക്കാന്‍ പറ്റും!'' തമ്പിച്ചായന്‍ തലേ ദിവസം കിടക്കുന്നതിനുമുമ്പ് അവസാനം പറഞ്ഞ വാചകം അതായിരുന്നു. അതും പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് അദ്ദേഹം തിരിഞ്ഞുകിടന്നത്. ഭര്‍ത്താവിന്റെ ആ തമാശ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പലവട്ടം അദ്ദേഹത്തില്‍നിന്നും അങ്ങനെയൊക്കെ കേട്ട് ശീലമായതുകൊണ്ട് റീത്താമ്മ അത് അവഗണിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെക്കുറിച്ച് ചിന്തിച്ചപ്പോളവര്‍ക്ക് കക്കൂസില്‍ പോകണമെന്ന് തോന്നി.
ആംബുലന്‍സുമായി പാരാമെഡിക്കല്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ റീത്താമ്മ മാസ്കിന് മുകളില്‍ ചെറിയൊരു ടവ്വല്‍ കൂടി പുതപ്പിച്ചാണ് മൂക്കും വായും മറച്ചത്. കണ്ണാടിയില്‍ നോക്കി അത് ശരിക്കൊന്നുറപ്പിക്കുവാന്‍ അവര്‍ വല്ലാതെ ബുദ്ധിമുട്ടി. ആംബുലന്‍സിന്റെ അലമുറയും പോലീസ് വാഹനത്തിന്റെ മഴവില്‍പ്രഭയും വീടിനടുത്തേയ്‌ക്കെത്തിയപ്പോഴേക്കും റീത്താമ്മ ഒരുവട്ടം കൂടി ബാത്‌റൂമില്‍ പോയിരുന്നു.
ആശുപത്രിയില്‍നിന്നും ഭര്‍ത്താവിന്റെ ഭൗതികശരീരം ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ റീത്താമ്മ മക്കളെ ഓരോന്നായി വിളിച്ച് അപ്പന്റെ വിയോഗമറിയിച്ചു. ആറ്റുനോറ്റുണ്ടായ മൂന്നു സന്തതികളില്‍ ഒരാള്‍ക്കും വിവരമറിഞ്ഞിട്ട് തെല്ലൊരു തേങ്ങല്‍ പോലുമുണ്ടായില്ല. കാര്യങ്ങളെല്ലാം അമ്മതന്നെ തീരുമാനിച്ചിട്ട് തങ്ങളെ വിളിച്ചറിയിച്ചാല്‍ മതി, സമയമാകുമ്പോഴേയ്ക്കും എത്തിക്കൊള്ളാമെന്ന് അവര്‍ നിര്‍വികാരരായി പ്രതികരിച്ചു. ഒരാളൊഴികെ ബാക്കി രണ്ടുപേരും കുടുംബസമേതം അന്യസംസ്ഥാനങ്ങളിലാണ്. അപ്പനോ അമ്മയോ ജീവിച്ചിരിപ്പുണ്ടോയെന്നറിയാന്‍ പോലും അവര്‍ വിളിക്കാറില്ല. പണ്ടൊക്കെ തമ്പിച്ചായന്‍ വിശേഷദിവസങ്ങളിലെല്ലാം അവരെ വിളിച്ച് ആശംസകളറിയിക്കുമായിരുന്നു. ഒടുവില്‍ അവരുടെ തണുത്ത പ്രതികരണം മനസിനെ മടുപ്പിച്ചപ്പോള്‍ അദ്ദേഹം ആ ചുമതലകള്‍ ഭാര്യയെ ഏല്‍പ്പിച്ചു. അമ്മയ്ക്കങ്ങനെ തീരെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.....റീത്താമ്മ മാസത്തിലൊരുതവണയെങ്കിലും എല്ലാ മക്കളെയും മാറിമാറി വിളിക്കും; അതുപോലും മക്കള്‍ക്ക് അരോചകമാണെന്നറിഞ്ഞിട്ടും! എന്തുമാത്രം കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് നന്ദികെട്ട ഈ പരട്ടകളെ.... അവര്‍ തന്റെ ഉദരത്തില്‍ പിറന്നവരെ മനസുകൊണ്ട് ശപിച്ചു.
മൂത്തമകന്‍ തന്റെ ആണ്‍സുഹൃത്തിനെ വിവാഹം ചെയ്ത് ന്യൂയോര്‍ക്കിലേക്ക് താമസം മാറിയതിനുശേഷമാണ് തമ്പിച്ചായന്‍ മദ്യപാനത്തില്‍ ആശ്വാസം കണ്ടെത്തിയത്. മലയാളികളുടെയിടയിലെ തലയെടുപ്പുള്ള നേതാവും ജനകീയനായ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന തമ്പിച്ചായന്റെ തല കുത്തനെ കുനിഞ്ഞുപോയത് ആ സംഭവത്തോടെയായിരുന്നു. രണ്ടാമത്തെ മകന്‍ മയക്കുമരുന്നിനും മദ്യാസക്തിക്കും അടിമപ്പെട്ട് ഇടയ്ക്കിടെ ജയിലും അഭിസാരികളുമായി കുത്തഴിഞ്ഞ ജീവിതം ആഘോഷമാക്കിയപ്പോള്‍ ബാക്കിയുള്ള ഒരുത്തനെങ്കിലും കുടുംബത്തിന് സല്‍പ്പേരുണ്ടാക്കുമെന്നയാള്‍ വ്യാമോഹിച്ചു. എന്നാല്‍ ഏതോ ജന്മശാപം പോലെ, മലയാളികളുടെയിടയിലെ ഏറ്റവും കുപ്രസിദ്ധമായ കുടുംബമെന്ന പദവി തങ്ങളാലാവും വിധം വീട്ടുകാര്‍ക്ക് ചാര്‍ത്തിക്കൊടുത്ത് അവശ്വസനീയമായ വിധം അധമപ്രവര്‍ത്തനങ്ങളിലയാള്‍ ഏര്‍പ്പെട്ടതോടെ തമ്പിച്ചായന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു. എന്നിട്ടും, സ്വതവേയുള്ള നര്‍മ്മബോധവും ചീട്ടുകളിയിലെ താല്‍പര്യവും മദ്യം നല്‍കിയ താല്‍കാലിക ആശ്വാസവും അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് നയിച്ചു.
തമ്പിച്ചായന്റെ ഏറ്റവും അടുത്ത സുഹൃത്തും നാട്ടുകാരനുമായ ജെയിംസുകുട്ടിയെയാണ് ഫ്യൂണറല്‍ ക്രമീകരണങ്ങള്‍ക്കായി റീത്താമ്മ സഹായത്തിന് വിളിച്ചത്. ജെയിംസും തമ്പിയും അതിരമ്പുഴ സ്കൂളില്‍ ഒന്നിച്ച് സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കി, ഒരേ കാലം പട്ടാളത്തില്‍ ജോലിചെയ്ത്, ഒരേ വര്‍ഷം കല്യാണവും കഴിച്ചവരായിരുന്നു; അമേരിക്കയില്‍ എത്തിയതും ഒരേ കൊല്ലം! മക്കളില്ലാതെ വിഷമിച്ചിരുന്ന ജെയിംസിനോട് ആദ്യകാലങ്ങളില്‍ തമ്പിക്കും സഹാനുഭൂതിയുണ്ടായിരുന്നു. സ്വന്തം മക്കളുടെ കുസൃതികളും കളിതമാശകളും ഞങ്ങള്‍ സ്‌നേഹിതനോട് പറയുമ്പോഴൊക്കെ ജെയിംസ്കുട്ടി ആത്മാര്‍ത്ഥമായിത്തന്നെ പറയും:
""താന്‍ ഒരു ഭാഗ്യവാനാടോ തമ്പിച്ചാ... സന്താനസുഖമാണല്ലോ ഏറ്റവും വലിയ സന്തോഷം. മുജ്ജന്മശാപമായിരിക്കും, എനിക്കത് വിധിച്ചിട്ടില്ല. സാരമില്ല. ഞാനെന്റെ ആലീസിനെ കൊഞ്ചിച്ചുകൊണ്ട് കാലം കഴിച്ചുകൊള്ളാം.''
ദശാബ്ദങ്ങള്‍ക്കപ്പുറം സ്വന്തം മക്കളെല്ലാം "തലതിരിഞ്ഞ്' പോയപ്പോള്‍ തമ്പി ആ "ഭാഗ്യവാന്‍' പദവി സൃഹൃത്തിന് തിരിച്ചുനല്‍കി:
""ജെയിംസുകുട്ടീ, താനാടോ യഥാര്‍ത്ഥ ഭാഗ്യവാന്‍! മക്കളെക്കണ്ടും മാമ്പൂകണ്ടും കിനാവ് കാണരുതെന്ന് പണ്ടുളളവര്‍ പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്... ഇങ്ങനെയുള്ള സന്താനങ്ങള്‍ ജനിക്കാതിരുന്നെങ്കിലെന്ന് ഞാനെത്രയോ തവണ ആശിച്ചിരിക്കുന്നു. മക്കളില്ലെങ്കില്‍ ആ ഒറ്റദു:ഖം മാത്രമേയുള്ളൂ, ഇപ്പോളെത്രമാത്രം ദു:ഖമാണ് ഞങ്ങളനുഭവിക്കുന്നത്. ഒരു ഭാഗ്യം ഏതായാലുമുണ്ട് കെട്ടോ. പെന്‍ഷന്‍ പണമുള്ളതുകൊണ്ട് ഞങ്ങളുടെ കാര്യത്തിന് അവരെയാരേയും ആശ്രയിക്കേണ്ടിവരുന്നില്ല. ഇങ്ങനെയങ്ങ് ജീവിതം തള്ളിനീക്കി ഒരു ദിവസം ഒന്നുമറിയാതങ്ങ് കടന്നുപോകാന്‍ പറ്റിയാല്‍ അതാവും ഏറ്റവും വലിയ ഭാഗ്യം. അതുവരെ വിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി, കളിച്ചും ചിരിച്ചും, കള്ളുകുടിച്ചുമിങ്ങനെ കാലം കഴിക്കാം, അല്ലേ?''
തമ്പിച്ചന്റെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യമൊന്ന് സങ്കടപ്പെട്ടെങ്കിലും കൂടെക്കൂടെ തന്റെ ആത്മസ്‌നേഹിതന്‍ പങ്കുവച്ചിരുന്ന നൊമ്പരങ്ങളായിരുന്നു ജെയിംസുകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയത്. ഒരു തരത്തില്‍ ഇത് കൂട്ടുകാരനൊരു മോചനമാണെന്നയാള്‍ വിചാരിച്ചു, ചങ്ക് പറിക്കുന്ന വേദനകളില്‍ നിന്നുമുള്ള വിമോചനം. റീത്താമ്മയോട് പറഞ്ഞില്ലെങ്കിലും ജെയിംസ്കുട്ടി അത് തന്റെ ഭാര്യയോട് പറഞ്ഞു. ആലീസിനും അതിനോട് യോജിക്കാനേ കഴിഞ്ഞുള്ളൂ.
പള്ളിയിലെ മണിക്കൂറുകള്‍ നീണ്ട ശുശ്രൂഷകള്‍ക്കും ഒരുപാടു പേരുടെ ആത്മാര്‍ത്ഥതയില്ലാത്ത അനുസ്മരണ പ്രസംഗങ്ങള്‍ക്കും ശേഷം, തമ്പിച്ചായന്റെ മൃതദേഹം സെമിത്തേരിയിലേക്കെടുത്തപ്പോഴും റീത്താമ്മ തന്റെ മുഖം നന്നായി മറയ്ക്കാന്‍ ഏറെ പണിപ്പെട്ടിരുന്നു. സ്വയം ഷേവ്‌ചെയ്ത് "മീശ' മുഴുവനും ഒഴിവാക്കിയെങ്കിലും, മരിച്ചവന്റെ അടുത്ത ബന്ധുക്കള്‍ കരയുന്നതിന്റെ ക്ലോസപ്പെടുക്കുവാന്‍ വെമ്പുന്ന വീഡിയോഗ്രാഫറുടെ വിരുതെങ്ങാന്‍ തന്റെ അപൂര്‍ണ്ണമായി ക്ഷൗരം ചെയ്ത മുഖത്ത് പതിഞ്ഞാലോയെന്ന ആശങ്കയായിരുന്നു അവരുടെ മനസ്സുനിറയെ. ചടങ്ങില്‍ പങ്കെടുക്കാന്‍ ആള്‍ക്കൂട്ടമധികമില്ലാതിരുന്നത് പ്രത്യക്ഷത്തിലൊരു ഭാഗ്യമായി തോന്നാമെങ്കിലും, വീടുകളിലെ സോഫയിലമര്‍ന്നിരുന്ന് ചായയും മൊത്തിക്കുടിച്ചുകൊണ്ട് ശവസംസ്കാരശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം കാണുന്ന "അസൂയക്കാരുടെ' കണ്ണുകള്‍ തന്റെ മൂക്കിന് ചുറ്റുമെങ്ങാനും പതിഞ്ഞാലോയെന്നോര്‍ത്തപ്പോള്‍ റീത്താമ്മ മാസ്ക്ക് കുറേക്കൂടി ഉയര്‍ത്തി മുഖം മിക്കവാറും മറച്ചു.
സെമിത്തേരിയില്‍ മക്കളുടെയും മറ്റ് പ്രിയപ്പെട്ടവരുടെയും അന്ത്യചുംബനങ്ങള്‍ ഏറ്റുവാങ്ങി തമ്പിച്ചായന്‍ തനിക്കായി പതിച്ചുകിട്ടിയ ആറടിമണ്ണിന്റെ ആഴങ്ങളിലേയ്ക്കിറങ്ങുമ്പോള്‍ റീത്താമ്മ ഇരുകൈകളുംകൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അവസാനമായി ചുംബിക്കുമ്പോള്‍, ""റീത്താമ്മേ, മീശ മാറ്റേണ്ടായിരുന്നു, അതുള്ളതാണ് നിനക്കു ഭംഗി''യെന്ന് തന്നെ കളിയാക്കിക്കൊണ്ട് ഭര്‍ത്താവ് മെല്ലെ മന്ത്രിക്കുന്നതുപോലെ അവര്‍ക്ക് തോന്നിയിരുന്നു.
ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന സ്യൂട്ടും പോളിഷ് ചെയ്ത ഷൂസുമണിഞ്ഞ് നിര്‍വ്വികാരരായി അപ്പന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന തമ്പിച്ചായന്റെ മക്കളെക്കണ്ടപ്പോള്‍ ജെയിംസുകുട്ടി ആത്മസ്‌നേഹിതനെയോര്‍ത്ത് പിന്നെയും സങ്കടപ്പെട്ടു. എങ്കിലും, അറുപതിന്റെ നിറവില്‍ പ്രിയസുഹൃത്തിന് ലഭിച്ച മരണമെന്ന അമൂല്യാനുഗ്രഹത്തെപ്പറ്റിയോര്‍ത്തപ്പോള്‍ അയാള്‍ ഒരു നെടുവീര്‍പ്പോടെ മനസ്സില്‍ പറഞ്ഞു, ""ഭാഗ്യവാന്‍''!