MediaAppUSA

വഴിപോക്കരായ ദൈവങ്ങൾ (പി.ടി. പൗലോസ്)

Published on 25 September, 2020
വഴിപോക്കരായ ദൈവങ്ങൾ (പി.ടി. പൗലോസ്)
1984 നവംബർ 1 വെളുപ്പിന് 6.15 . രണ്ടു രാവും ഒരു പകലും പിന്നിട്ട് ഹൗറയിൽ നിന്നുള്ള ഡൂണ്‍ എക്സ്പ്രസ്സ് ഹരിദ്വാർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനില്‍ കിതച്ചു നിന്നു .  ട്രെയിൻ അല്പം ലേറ്റ് ആയതുകൊണ്ടാകണം സഹയാത്രികർ ഇറങ്ങാൻ ധൃതി കൂട്ടി. അവരിൽ ഒരാളായി ഞാനും ഹരിദ്വാറിന്റെ തണുപ്പുള്ള പ്രഭാതത്തിലേക്ക് ഇറങ്ങി. ഹരിദ്വാറിൽ എത്തിയാൽ മിക്കവാറും തങ്ങുന്ന ഗുരുനിവാസ് ഹോട്ടലിലേക്ക് പോകുവാൻ നിർദ്ദേശം നൽകികൊണ്ട് ലൈനിൽ കണ്ട ആദ്യത്തെ സൈക്കിൾ റിക്ഷയിൽ കയറി. പോകുന്ന വഴിയിൽ ഞാൻ ശ്രദ്ധിച്ചു. വഴിയോരത്തുകണ്ട പലരുടെയും മുഖത്ത് ദുഖവും പേടിയും കാണാൻ കഴിഞ്ഞു. പലരും കൂട്ടമായും ഒറ്റക്കും നിന്ന് ട്രാൻസിസ്റ്റർ റേഡിയോകളിലൂടെ ന്യൂസ് കേൾക്കുന്നു. ഞാൻ റിക്ഷാക്കാരനോട് കാരണം തിരക്കി. അവൻ പറഞ്ഞു ഇന്ദിരാ ഗാന്ധി മരിച്ചു പോയി. അത്രമാത്രം. കൊലചെയ്യപ്പെട്ടെന്നോ മറ്റു വിവരങ്ങളോ ഒന്നും അവൻ പറഞ്ഞില്ല. ഒരുപക്ഷെ അവന്‌ അറിയാത്തതുകൊണ്ടാകാം.

ഞാൻ ഹോട്ടലിൽ എത്തി. ചെക്കിൻ ചെയ്തു. എന്നും തിരക്കുള്ള  ഹോട്ടലിൽ അന്ന് നിശബ്ദത തളംകെട്ടി നിന്നിരുന്നു. റിസപ്ഷനിൽ ഒരാൾ മാത്രം. മറ്റാരെയും ലോബിയിൽ കണ്ടില്ല. ഏതാണ്ട് പന്ത്രണ്ടു വയസ്സോളം പ്രായം തോന്നിക്കുന്ന കാക്കി ഹാഫ് നിക്കറും ബനിയനും ധരിച്ച ഒരു തെലുങ്കൻ പയ്യൻ എന്റെ പെട്ടി ഒന്നാം നിലയിലെ പതിനൊന്നാം നമ്പർ മുറിയിൽ കൊണ്ടുവച്ചു നിമിഷങ്ങൾക്കകം സ്ഥലം വിട്ടു. റൂം ബോയ് ആയിരിക്കാം. അന്നു വൈകുന്നേരം തന്നെ എനിക്ക് റാണിപൂരിൽ എത്തേണ്ടതുള്ളതുകൊണ്ട് കുളിച്ചു ഫ്രഷ് ആകുവാൻ കുളിമുറിയിൽ കയറി കതകടച്ചു. ഉടനെ മുറിയിലെ മെയിൻ ഡോറിൽ ആരോ ശക്തിയായി ഇടിക്കുന്നു. കുളിക്കാതെ തന്നെ ഞാൻ കുളിമുറിയിൽ നിന്നിറങ്ങി മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് ആ തെലുങ്കൻ പയ്യൻ നിന്ന് കിതക്കുന്നതാണ്. അവൻ കഷ്ട്ടിച്ചു പറഞ്ഞൊപ്പിച്ചു. ''സര്‍, വേഗം രക്ഷപെട്ടോ. ഹോട്ടലിന്‌ ആരോ തീ വച്ചു ''.  ഞാൻ കൊറിഡോറിൽ നിന്നും താഴോട്ടു നോക്കിയപ്പോൾ തീ ഹാൻഡ്റയിലിലൂടെ മുകളിലേക്ക് പടർന്നു കയറുകയാണ്. കൊറിഡോറിലൂടെ ലോബിയിലേക്ക്‌ നേരെ ഇറങ്ങിയാൽ തീയിൽപെടും ഉറപ്പ് .  പയ്യൻ പറഞ്ഞു. ''കൊറിഡോറിന്റെ എതിർദിശയിലേക് ഓടിക്കോ. അങ്ങേയറ്റം ഒരു ഫയർ എസ്‌കേപ്പ് ഗോവണിയുണ്ട്. അത് ഗ്രൗണ്ട് ഫ്ലോറിന്റെ പകുതിയിൽ വന്നുനിൽക്കും. അവിടെനിന്നും എടുത്തു ചാടിയാൽ മതി''. ഞാൻ അവൻ പറഞ്ഞതുപോലെ ഓടി ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെ ഫ്ലോറിന്റെ പകുതിയിറങ്ങി താഴോട്ടു ചാടി. പെട്ടിയും ബ്രീഫ് കേസും പയ്യൻ താഴോട്ട് എറിഞ്ഞുതന്നു. അതും എടുത്തുകൊണ്ട്‌ മെയിൻ റോഡിലൂടെ ഓടുന്ന എന്നെ കണ്ടപ്പോൾ യു പി പോലീസിന്റെ വാഹനം നിറുത്തി. ഞാൻ അവരോട് നടന്ന സംഭവം പറഞ്ഞു. ഞാൻ അന്ന് താടി വളർത്തിയിരുന്നതുകൊണ്ട് പഞ്ചാബി ആണോ എന്ന് ആദ്യം സംശയിച്ചെങ്കിലും സൗഹൃദത്തോടെ ഇടപെട്ട്‌ എന്നെ അവരുടെ വണ്ടിയിൽ കയറ്റി. അവരിൽ നിന്നാണ് ഞാൻ അറിഞ്ഞത് ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നത് സിക്കുകാരൻ ആയിരുന്നു എന്ന്. അവർ അന്നത്തെ പത്രം വായിക്കുവാനും തന്നു. അപ്പോഴാണ്  ഓർത്തത് ഞാൻ ഇത്തിരിമുൻപ് ഉണ്ടായിരുന്ന ഗുരുനിവാസ് ഹോട്ടലും പഞ്ചാബിയുടേത് ആണല്ലോ എന്ന്. എന്നെ ഹരിദ്വാറിലെ ഗംഗയുടെ തീരത്തുള്ള ഒരു ധർമ്മശാലയിൽ സുരക്ഷിതമാക്കിയ ശേഷം പോലീസുകാർ പോയി.

രണ്ടു ദിവസം കഴിഞ് ഞാൻ ഹരിദ്വാറിൽ നിന്ന് റാണിപ്പൂരിലേക്ക് ടാക്സിയിൽ പോകുമ്പോൾ തീ വച്ചും ബോംബിട്ടും തകർത്ത ഗുരുനിവാസ്
ഹോട്ടലിന്റെ അവശേഷിച്ച ഭിത്തികൾ കരിപുരണ്ട്‌ ആകാശത്ത് ഉയർന്നു നിൽക്കുന്നത് കണ്ടു. ഹാഫ് നിക്കറിട്ട ആ തെലുങ്കൻ പയ്യൻ ഇല്ലായിരുന്നു എങ്കിൽ എന്റെ അസ്ഥിപോലും ഗുരുനിവാസ് ഹോട്ടലിന്റെ കുളിമുറിയിൽ നിന്നും കിട്ടില്ലായിരുന്നു. എതിർ വശത്തേക്ക് ഓടിയാൽ രക്ഷപെടും എന്നും എനിക്കറിയില്ലായിരുന്നു. ആരാണ് ആ പയ്യൻ ?  ഒരു പക്ഷെ അവനും ആ തീയിൽ......?. ഇല്ല. ഒന്നും എനിക്കറിയില്ല. പിന്നീടുള്ള എന്റെ യാത്രകളിൽ ഞാനവനെ തിരയാറുണ്ട്. കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മറ്റൊരുനാൾ മദ്രാസ് (ചെന്നൈ) സെൻട്രൽ സ്റ്റേഷന് മുൻപിൽ എനിക്ക് അപകടം ഉണ്ടായി. മണിക്കൂറുകളോളം ബോധമറ്റ് രക്തം വാർന്നുകിടന്നു. പലരും കണ്ടില്ലെന്നു നടിച്ചു കടന്നുപോയി. തിരക്കുള്ള ബസ്സിൽനിന്നും ഒരു കറുത്ത മെലിഞ്ഞ തമിഴൻ പയ്യൻ ചാടിയിറങ്ങി എന്നെ എടുത്തു തൊട്ടടുത്ത മദ്രാസ് ജനറൽ  ആശുപത്രിയിൽ ആക്കി എനിക്ക് ബോധം വരുന്നത് വരെ കാത്തിരുന്ന് , ബോധം വന്നപ്പോൾ അവൻ ഒന്നുംമിണ്ടാതെ ഇറങ്ങിപ്പോയി എന്ന് എന്നെ ശിശ്രൂഷിച്ച മലയാളി നേഴ്സ് പറഞ്ഞു. അന്നത്തെ മദ്രാസിലൂടെയും ഇന്നത്തെ ചെന്നൈലൂടെയും പിന്നീട് ഞാൻ യാത്ര ചെയ്തപ്പോൾ എന്റെ കണ്ണുകൾ പരതാറുണ്ടായിരുന്നു ആ കറുത്ത മെലിഞ്ഞ പയ്യനെ.

ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. കാക്കി ഹാഫ് നിക്കറിട്ട തെലുങ്കൻ പയ്യനെയും കറുത്ത് മെലിഞ്ഞ തമിഴൻ പയ്യനെയും നമുക്ക് വീണ്ടും കാണാൻ പറ്റും ,  നമ്മൾ നമ്മളിലേക്ക് നോക്കിയാൽ. ആ ദൈവങ്ങൾ നമ്മളിൽ തന്നെ ഇല്ലേ ?  ഈ ഭൂമിയിൽ സ്വര്‍ഗ്ഗരാജ്യം പണിതെടുക്കേണ്ടതും നമ്മൾ തന്നെ
അല്ലേ ?
Jose Cheripuram 2020-09-25 12:04:26
What an awful experience,there are still some good people in this wicked world.
amerikkan mollakka 2020-09-26 18:19:24
പടച്ചോൻ പല ബേഷത്തിലും ബരും . ചിലപ്പോൾ അമേരിക്കൻ മലയാളി എയ്തതുകാരനായും ബരും. ഇങ്ങള് ശൗലിനെപോലെ ഡാമസ്ക്കസ്സിൽ പോയെങ്കിൽ ശരിക്കും ഈസ മിശിഹയെയും കാണുമായിരുന്നു. അപ്പോ അസ്സലാമു അലൈക്കും പൗലോസ് സാഹിബ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക