സോഫോക്ലീസ് (ബി.സി.ഇ 496 - 406) ആയിരുന്നു നാടകരചനയിൽ സി. ജെ യുടെ മാതൃക. തീബന്‍ നാടകങ്ങളെന്ന സോഫോക്ലീസിന്റെ നാടകത്രയം (ഈഡിപ്പസ് രാജാവ്, കൊളോണസിലെ ഈഡിപ്പസ്, ആന്റിഗണി ) ഒരു മഹാമേരുവിന്റെ പതനത്തിന്റെ പുരാവൃത്തം ആവിഷ്ക്കരിക്കുന്നു . പ്രൗഢിയോടെ രാജസിംഹാസനത്തിലിരുന്ന് കുറ്റവിചാരണ ചെയ്യുന്ന ഈഡിപ്പസ് മഹാരാജാവിനെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. സ്വന്തം പിതാവിനെ കൊല്ലുകയും (അതൊരു പ്രവചനനിവർത്തിയാണ് - യവന ദുരന്തനാടകങ്ങളിലെ വിധിയുടെ പങ്ക് ) അമ്മയെ ഭാര്യയാക്കുകയും ചെയ്ത കൊടുംപാപിയാണ് താൻ എന്ന തിരിച്ചറിവോടെ തന്റെ പതനം തുടങ്ങുന്നു. സ്വയം കണ്ണുകൾ കുത്തിപ്പൊട്ടിച്ചു നിസ്സഹായനായി കൊട്ടാരം വിട്ടിറങ്ങുന്ന അദ്ദേഹത്തിന്റെ ദുരന്തത്തിന്റെ വഴി കാണിച്ചുകൊണ്ടാണ് ആദ്യഭാഗം അവസാനിക്കുന്നത്.
പുത്രി ആന്റിഗണിയോടൊപ്പം കൊളോണസിൽ ദുരിതത്തിന്റെ ആദ്യഭാഗം അനുഭവിച്ചു തീർക്കുന്നതാണ് രണ്ടാമത്തെ നാടകത്തിന്റെ കഥാവസ്തു . ഈ സമയത്ത് ഈഡിപ്പസിന്റെ രണ്ടു
പുത്രന്മാരും ഓരോ കൊല്ലം വീതം മാറി
മാറി രാജ്യം ഭരിക്കട്ടെ എന്ന ഈഡിപ്പസിന്റെ ആജ്ഞ അവരിലൊരാൾ ധിക്കരിക്കുമ്പോൾ മറ്റവൻ യുദ്ധത്തിന് ചെന്നു . രണ്ടുപേരും കൊല്ലപ്പെട്ടു. ഈഡിപ്പസിന്റെ സഹോദരൻ രാജാവായി. പിതാവിന്റെ മരണശേഷം കൊട്ടാരത്തിലേക്കു മടങ്ങിയ ആന്റിഗണി സഹോദരനെ സംസ്ക്കരിക്കുന്ന കാര്യത്തിൽ പുതിയ രാജാവ് ക്രയോണിന്റെ ആജ്ഞ ധിക്കരിക്കുന്നതും തുടർന്ന് ആന്റിഗണിയുടെ ആത്മഹത്യയോടെ ഉണ്ടാകുന്ന ദാരുണമായ അന്ത്യവുമാണ് 'ആന്റിഗണി' യിലെ പ്രതിപാദ്യം. ഇവ മൂന്നും ചേർന്നൊരുക്കുന്ന ദുരന്തം മാനവചരിത്രത്തിലെ മഹാദുരന്തങ്ങളിൽപ്പെടുന്നു.
സി. ജെ. ഭാഷാന്തരം ചെയ്ത നാടകങ്ങളിലെ കഥാപാത്രങ്ങൾക്ക് ദുരന്തത്തിന്റെ പരിവേഷമാണുള്ളത്. അറിയാതെ നടത്തിയ പിതൃഹത്യക്കുശേഷം ജനനിയെ പരിണയിച്ച് അതിന്റെ പശ്ചാത്താപത്താൽ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് അന്ധനായി തെരുവോരങ്ങളിൽ വീണടിഞ്ഞ ഈഡിപ്പസ്, സഹോദരന്റെ ജഡം സംസ്ക്കരിച്ചെന്ന കുറ്റത്തിന് മനുഷ്യശബ്ദം കേൾക്കാനില്ലാത്ത ഇരുണ്ട ഗർത്തങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ആന്റിഗണി, അവൾക്കുവേണ്ടി പിതാവ് ക്രയോണിനെ ധിക്കരിക്കുകയും സ്വജീവന്‍ ബലിയർപ്പിക്കുകയും ചെയ്യുന്ന ഹെയ്മണ്, ഹൃദയം തകർന്നു ജീവനൊടുക്കിയ ജക്കോസ്ററ (ഈഡിപ്പസിന്റെ ''അമ്മ / ഭാര്യ ) അധികാരസംരക്ഷണാർത്ഥം മനുഷ്യബന്ധങ്ങളോട് പ്രതിപത്തി കാണിക്കാൻ കഴിയാതെ നിസ്സഹായനായി വിതുമ്പുന്ന ക്രയോൺ, സ്ത്രീയായി ജനിച്ചുപോയതിനാൽ സാമൂഹികമായ അവഗണന ഏറ്റുവാങ്ങേണ്ടിവന്ന ലിസിസ്ട്രാറ്റ, പാരമ്പര്യത്തിന്റെ പാപപങ്കിലതയിൽ രോഗബാധിതനായി സൂര്യനു പിന്തിരിഞ്ഞുകൊണ്ട് 'എനിക്കെന്റെ സൂര്യനെ തരൂ' എന്നു വിലപിക്കുന്ന ഓസ്വാള്‍ഡ്, അവന്റെ അവസ്ഥയിൽ മനംനൊന്തു വിലപിക്കുന്ന മിസ്സിസ് ആല്വിങ്, അവർക്കൊപ്പം കീടജന്മം എന്ന രൂപകത്തിലൂടെ ഈയാംപാറ്റകള്‍ കണക്കെ ചിറകു കരിഞ്ഞു ചത്തടിയുന്ന അസംഖ്യം മനുഷ്യരെ പതിതഗണത്തിൽ ചേർത്തു വായിക്കുകയാണ് സി. ജെ. തന്റെ കഥാപാത്രങ്ങൾ ഭരിക്കുന്നവരോ ഭരണീയരോ ആയിക്കൊള്ളട്ടെ - കഥാന്ത്യത്തിൽ ദുരന്തത്തിന്റെ കയ്പുനീരത്രയും കുടിച്ചുതീർത്തവരാണ്. (അടുത്തതിൽ 'വിഷവൃക്ഷം')