MediaAppUSA

പൂമ (കഥ: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 29 December, 2020
 പൂമ (കഥ:  ഷാജന്‍ ആനിത്തോട്ടം)
പൂമ മരിച്ചു.
കെന്നഡി എക്‌സ്പ്രസ്സ്‌വേയുടെ തിരക്കേറിയ ഒന്നാം ലെയിനിലൂടെ കാറോടിച്ച് രാവിലെ ജോലിക്ക് പോകുമ്പോഴാണ് അമ്മ മരിച്ച വിവരമറിയിച്ചുകൊണ്ട് നാട്ടില്‍ നിന്നുമുള്ള വിളി ഫിലിപ്പിന്റെ സെല്‍ഫോണിലെത്തിയത്. നാഷണല്‍ പബ്ലിക്ക് റേഡിയോയുടെ പ്രഭാതവാര്‍ത്തകള്‍ക്ക് സാകൂതം ചെവി കൊടുക്കുന്നതിനോടൊപ്പം തൊട്ടുമുമ്പിലൂടെ ചീറിപ്പായുന്ന കാറുകളിലേക്കും ശ്രദ്ധവച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് കുതിക്കുമ്പോള്‍, അപ്രതീക്ഷിതമായി മുഴങ്ങിയ ഫോണ്‍ ബെല്‍ അരസികനായൊരു അതിഥിയായി അയാള്‍ക്ക് തോന്നി. മറുതലയ്ക്കല്‍ നിന്നുമുതിര്‍ന്നുവീണ അനിയത്തിയുടെ വിറങ്ങലിച്ച വാക്കുകള്‍ ഫിലിപ്പിനെ ഒരു നിമിഷം പിടിച്ചുലച്ചു:
''കുഞ്ഞാഞ്ഞേ, പൂമ പോയി...''

സമചിത്തത വീണ്ടെടുക്കാന്‍ ഏറെ നിമിഷങ്ങള്‍ വേണ്ടിവന്നു അയാള്‍ക്ക്. എമര്‍ജന്‍സി ലെയിനിലേക്ക് മെല്ലെ കാറൊതുക്കി നിര്‍ത്തി ഫിലിപ്പ് ഏറെനേരം അവിടെയിരുന്നു. ക്രിസ്മസിന് ഇനിയും മൂന്നാഴ്ച കൂടിയുണ്ട്; ഇത്തവണത്തെ ക്രിസ്മസിന് എന്തായാലും താനെത്തിയിരിക്കുമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നതാണ്. പെട്ടി നിറയെ ചട്ടത്തുണികളും അമ്മയ്ക്ക് ഇഷ്ടപ്പെട്ട ചോക്ക്‌ലേറ്റുകളുമായി...
'പൂമ' എന്ന റോസമ്മ മക്കള്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്ക് മുഴുവനും പ്രിയപ്പെട്ടവളായിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹരമായ കുട്ടനാടന്‍ പാടശേഖരങ്ങളുടെ മദ്ധ്യത്തില്‍ നിന്നുമാണ് മീനച്ചില്‍ താലൂക്കിലെ റബ്ബര്‍ക്കാടുകളുടെ ഭീകരതയിലേക്ക് വിവാഹത്തോടെ അവര്‍ പറിച്ചുനടപ്പെട്ടത്. അപ്പര്‍ കുട്ടനാട്ടിലെ ചെറിയൊരു കായല്‍ രാജാവായിരുന്ന അലോഷ്യസ് മുതലാളിയുടെ ഏഴാമത്തെ സന്തതിയും ഏകമകളുമായ റോസമ്മയെ പുന്നാരിച്ച് വഷളാക്കിയിട്ടാണ് തന്റെ 'തലയില്‍ കെട്ടിവച്ച'തെന്നത് റോസമ്മയുടെ ഭര്‍ത്താവ് മാളിയേക്കല്‍ മാത്തുക്കുട്ടിയുടെ സ്ഥിരം പരാതിയായിരുന്നു. അയാള്‍ പറയുന്നതില്‍ കാര്യമില്ലാതില്ല. പണ്ട് എടത്വായില്‍ പെണ്ണ് കാണാന്‍ മാത്തുക്കുട്ടി ചെന്നപ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ അപ്പന്റെ മടിയില്‍ കൊഞ്ചിക്കുഴഞ്ഞിരിക്കുകയായിരുന്നത്രെ റോസമ്മയെന്ന 'തലയും മുലയും വളര്‍ന്ന' ആ 'ചട്ടക്കാരി'. വീട്ടില്‍ ആറ് ആങ്ങളമാര്‍ക്കും അമ്മയ്ക്കുമില്ലാതിരുന്ന സ്വാതന്ത്ര്യവും പ്രാമുഖ്യവും ആവോളം അനുഭവിച്ചുകൊണ്ടാണ്, പതിനാറാം വയസ്സില്‍ മാത്തുക്കുട്ടിയുടെ സഹധര്‍മ്മിണിയായി മലനാട്ടിലേക്ക് യാത്രയാകുന്നതുവരെ അവള്‍ വളര്‍ന്നത്. റോസമ്മയെന്നാല്‍ അലോഷ്യസ് മുതലാളിക്ക് ജീവനായിരുന്നു. അവളുടെ ചിരിക്കും ചിത്താന്തത്തിനും മുമ്പില്‍ ആ കുട്ടനാടന്‍ മുതലാളിയുടെ എല്ലാ ഗൗരവവും ആകുലതകളും ഒലിച്ചുപോകുമായിരുന്നു.

കല്യാണം കഴിഞ്ഞ് എടത്വായിലെ വീടിന്റെ പടിയിറങ്ങിയപ്പോഴാണ് ജീവിതത്തിലാദ്യമായി റോസമ്മ ഹൃദയം നുറുങ്ങി കരഞ്ഞത്. ബോട്ട് ജെട്ടി വരെ അപ്പന്റെ തോളില്‍ ചാരി ഏങ്ങലടിച്ച് നടന്ന അവളെ മാത്തുക്കുട്ടി തെല്ല് ഈര്‍ഷ്യയോടെ ബോട്ടിലേക്ക് കൈപിടിച്ച് കയറ്റുമ്പോള്‍ അവള്‍ വാവിട്ട് നിലവിളിച്ചു. അകന്നുനീങ്ങിത്തുടങ്ങിയ ബോട്ടിലിരിക്കുന്ന മകളെ നോക്കി അലോഷ്യസ് മുതലാളി നിറകണ്ണുകളോടെ ഉറക്കെ പറഞ്ഞു:
''പോയി വാ പൂമേ...''

റോസമ്മയ്ക്ക് 'പൂമ'യെന്ന ചെല്ലപ്പേര് നല്‍കിയതും അപ്പന്‍ അലോഷ്യസായിരുന്നു. 'അപ്പന്റെ പുന്നാര മോളേ'യെന്ന് കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ മകളെ വിളിച്ചിരുന്ന മുതലാളി ഒരുനാള്‍ 'പൂമേ'യെന്ന് വാത്സല്യത്തോടെ ചുരുക്കിവിളിച്ചത് മെല്ലെയങ്ങ് സ്ഥിരമാവുകയായിരുന്നു. അപ്പനങ്ങനെ വിളിച്ചത് കേട്ട് അമ്മയും വിളിച്ചു; അമ്മ വിളിക്കുന്നത് കേട്ട് ആങ്ങളമാര്‍ വിളിച്ചു; വീട്ടുകാര്‍ വിളിക്കുന്നത് വിധേയത്വത്തോടെ വാല്യക്കാരും അനുകരിച്ചു. അങ്ങനെയങ്ങനെ എടത്വായിലും റോസമ്മയുടെ അമ്മവീടിരിക്കുന്ന രാമങ്കരിയിലുമുള്ള നാട്ടുകാരും വിളിച്ചു. എന്തിനധികം പറയുന്നു, എടത്വാപ്പള്ളിയിലെ സ്ഥിരം പെരുന്നാള്‍ പ്രസുദേന്തിയായ അലോഷ്യസ് മുതലാളിയെ സന്തോഷിപ്പിക്കാനെന്നോണം മാറിമാറി വന്ന വികാരിയച്ചന്മാര്‍ പോലും കുര്‍ബ്ബാനമദ്ധ്യേയുള്ള അറിയിപ്പുകള്‍ക്കിടയില്‍ 'നമ്മുടെ തിരുന്നാള്‍ പ്രസുദേന്തി ചിറയ്ക്കല്‍ അലോഷ്യസ് മുതലാളിയുടെ മകള്‍ പൂമമോള്‍ക്ക് പ്രത്യേകം നന്ദി'യെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത് പതിവായിരുന്നു. അങ്ങനെ പൂമ എന്നത് വാത്സല്യത്തിന്റെ മൂര്‍ത്തരൂപമായി അവിടെങ്ങും അടയാളപ്പെടുത്തപ്പെട്ടു.
മാത്തുക്കുട്ടിയുടെ പെണ്ണായി മാളിയേക്കല്‍ തറവാട്ടിലേക്ക് വലതുകാല്‍ വച്ച് കയറിവന്ന റോസമ്മയെ അവിടെയും എല്ലാവരും 'പൂമ' എന്നുതന്നെ വിളിച്ചപ്പോള്‍ അവളേക്കാള്‍ സന്തോഷിച്ചത് അലോഷ്യസ് മുതലാളിയായിരുന്നു. ഭര്‍തൃഗൃഹത്തിലും തന്റെ മകള്‍ ഏറെ വാത്സല്യമനുഭവിക്കുന്നുണ്ടാവുമെന്ന് അയാള്‍ സമാധാനിച്ചു. മാത്തുക്കുട്ടിയും മാതാപിതാക്കളും അയല്‍വാസികളും അങ്ങനെ തന്നെ അവളെ വിളിച്ചു; മക്കള്‍ പിറന്നപ്പോള്‍ അമ്മേ എന്ന് വിളിക്കുന്നതിന് പകരം എല്ലാവരും വിളിക്കുന്നത് കേട്ടിട്ടാവണം പൂമയെന്ന് തന്നെ റോസമ്മയെ അഭിസംബോധന ചെയ്തു വളര്‍ന്നു. അതവള്‍ക്ക് സന്തോഷവുമായിരുന്നു എന്നതാണ് സത്യം. മരിക്കുന്നതുവരെ ആ പേരക്കുട്ടികളേക്കാള്‍ അലോഷ്യസ് മുതലാളി ഓമനിച്ചിരുന്നതും സ്‌നേഹിച്ചിരുന്നതും അവരുടെ അമ്മയായ സ്വന്തം 'പൂമ'യെ ആയിരുന്നു.

കാലം മാറി, വേമ്പനാട്ട് കായലിലൂടെയും മീനച്ചിലാറിലൂടെയും ഒരുപാട് വെള്ളമൊഴുകിപ്പോയതോടെ മാളിയേക്കല്‍ വീട്ടിലും മാറ്റങ്ങള്‍ കടന്നുവന്നു. ധനാഢ്യനായ മാത്തുക്കുട്ടി പതുക്കെപ്പതുക്കെ കരപ്രമാണിയും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായപ്പോഴേയ്ക്കും വീടിന്റെയും വീട്ടുകാരുടെയും കാര്യം തീരെ ശ്രദ്ധിക്കാതായി. പൊതുപ്രവര്‍ത്തനത്തോടൊപ്പം പരസ്ത്രീവിഷയത്തിലും താല്പര്യം കാട്ടിത്തുടങ്ങിയതോടെ പൂമ മെല്ലെ അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ വാക്കിന് വിലയില്ലാതായി. ചെറിയ വാക്കുതര്‍ക്കങ്ങള്‍ പോലും വലിയ വഴക്കിലവസാനിക്കാന്‍ തുടങ്ങിയപ്പോള്‍ 'പൂമേ' എന്നതിന് പകരം 'പൂ മോളേ' എന്ന് കൂടെക്കൂടെ മാത്തുക്കുട്ടി വിളിക്കാന്‍ തുടങ്ങിയതോടെ റോസമ്മയുടെ മനസ്സ് തകര്‍ന്നു. ആദ്യമായി ഭര്‍ത്താവ് ആ തെറി വിളിച്ച ദിവസം മുതല്‍ 'പൂമ' എന്ന വാക്ക് അവള്‍ വെറുക്കാന്‍ തുടങ്ങി. മക്കളോട് തന്നെ 'അമ്മേ' എന്ന് മാറ്റിവിളിക്കാന്‍ പറഞ്ഞെങ്കിലും വര്‍ഷങ്ങളുടെ ശീലപ്പഴക്കം കൊണ്ട് അവര്‍ പിന്നെയും പൂമേയെന്ന് തന്നെ വിളിച്ചു; അമ്മയുടെ വാത്സല്യം ഏറെ അനുഭവിച്ച് വളര്‍ന്ന മൂത്ത മകന്‍ ഫിലിപ്പ് പക്ഷെ, അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. പകരം സ്വന്തം അപ്പനില്‍ നിന്നും തനിക്ക് ലഭിച്ച എല്ലാ വാത്സല്യങ്ങളും മൂത്ത മകനിലേക്ക് പകര്‍ന്ന് ആ അമ്മ സമാധാനപ്പെടുകയായിരുന്നു.

വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകവേ മാത്തുക്കുട്ടിയുടെ മുമ്പില്‍ പൂമയ്ക്ക് യാതൊരു വിലയുമില്ലാതെയായി. വീട്ടില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തന്റെ ഭാര്യ പ്രത്യക്ഷപ്പെടുന്നതില്‍ പോലും അയാള്‍ അസഹിഷ്ണുത കാട്ടിയതോടെ അവരാകെ തകര്‍ന്നു. വീട്ടുകാരിയെന്നതിനേക്കാള്‍ വെറുമൊരു വിളമ്പുകാരിയായി അവര്‍ക്ക് സ്ഥാനമാറ്റം ലഭിച്ചത് തിരിച്ചറിഞ്ഞ മൂത്ത മകന്‍ ഫിലിപ്പാണ് ഏറ്റവുമധികം സങ്കടപ്പെട്ടത്. അപ്പന്റെ ക്രൂരമായ പെരുമാറ്റം ചോദ്യം ചെയ്തതോടെ അവനും അയാളുടെ മുമ്പില്‍ വെറുക്കപ്പെട്ടവനായി.

''നിന്റെ തള്ളയ്ക്ക് അടുക്കളക്കാര്യം നോക്കി അകത്തെങ്ങാനും അടങ്ങിയിരുന്നാല്‍ പോരേ? എന്നെ കാണാനും രാഷ്ട്രീയം പറയാനും പല ആള്‍ക്കാരും ഇവിടെ വരും. അവരുടെയൊക്കെ മുമ്പില്‍ എഴുന്നള്ളി നിന്ന് അഭിപ്രായം പറയാന്‍ ഇവളാരാ? ചെറുപ്പം മുതല്‍ തന്ത കൊഞ്ചിച്ച് വഷളാക്കി ഈ 'പൂ മോളേ' എന്റെ തലയില്‍ കെട്ടിവയ്ക്കുകയല്ലായിരുന്നോ... ഒരു പുന്നാര മകള്‍ വന്നിരിക്കുന്നു. പ്ഭൂ!''
അവജ്ഞയോടെ മാത്തുക്കുട്ടി ആട്ടിത്തുപ്പിയപ്പോള്‍ ഫിലിപ്പിന്റെ വായില്‍ നിന്നും ഉടനെ ചുട്ട മറുപടി വന്നു:

''അമ്മയെ തലയില്‍ കെട്ടിവച്ചപ്പോള്‍ കൂടെ ഇട്ടുമൂടാന്‍ മാത്രം സ്വത്തും പണവും കൂടി അപ്പന് തന്നില്ലായിരുന്നോ? അതെല്ലാം അനുഭവിച്ച് തീര്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു ഉളുപ്പുമില്ലായിരുന്നല്ലോ ഇതുവരെ? ഇപ്പോള്‍ വേറെ സെറ്റപ്പും ഏറാന്‍മൂളികളുമായപ്പോള്‍ എന്റെ അമ്മയെ കാണാന്‍ വയ്യാതായി അല്ലേ? ഞാനിവിടെയുള്ളിടത്തോളം കാലം ഇത് സമ്മതിച്ചുതരുമെന്ന് വിചാരിക്കേണ്ട.''

''എന്നാല്‍പ്പിന്നെ തള്ളേനേം കൂട്ടി നീ എങ്ങോട്ടെങ്കിലും പോടാ കഴുവറടെ മോനേ. നിന്നെ കോളജില്‍ വിട്ട് പഠിപ്പിച്ചതാണ് എന്റെ കുഴപ്പം. നിന്റെ അനിയത്തിമാര്‍ക്കാര്‍ക്കും പരാതിയൊന്നുമില്ലല്ലോ. പഠിത്തം കൂടിയതിന്റെ അഹങ്കാരമാണ് നിനക്ക്. കൂടുതല്‍ നെഗളിച്ചാല്‍ തള്ളേനേം മകനേം ഇരുചെവിയറിയാതെ തല്ലിക്കൊല്ലും ഞാന്‍. അല്ലെങ്കില്‍ കുട്ടനാട്ടില്‍ കൊണ്ടുപോയി അവടപ്പന്റെ കല്ലറയ്ക്കടുത്തുള്ള ഏതെങ്കിലും കായലില്‍ നിങ്ങളെ മുക്കിത്താഴ്ത്തും.''

ആ ഭീഷണിക്ക് മുമ്പില്‍ നിസ്സഹായനായി ഫിലിപ്പ് തളര്‍ന്നുപോയി. എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്തി ആ നരകത്തില്‍ നിന്നും രക്ഷപ്പെടാനാണ് റോസമ്മ മകനെ ഉപദേശിച്ചത്. 'അമ്മയുടെ കാര്യമോര്‍ത്ത് വിഷമിക്കേണ്ട മോനേ. പണ്ടത്തെ സന്തോഷങ്ങളോര്‍ത്ത് അമ്മ ഇനിയുള്ള കാലം ജീവിച്ചോളാം' എന്നു പറഞ്ഞ് അവര്‍ കൂടെക്കൂടെ മകനെ ആശ്വസിപ്പിക്കുന്ന കാലത്താണ് അമേരിക്കന്‍ നഴ്‌സിന്റെ പ്രൊപ്പോസല്‍ വന്നപ്പോള്‍ കൂടുതലൊന്നുമാലോചിക്കാതെ ആ കച്ചിത്തുരുമ്പില്‍ പിടിച്ച് ഏഴാം കടലിനിക്കരയിലേക്ക് അയാള്‍ പോന്നത്. ആ 'രക്ഷപ്പെടലി'ല്‍ ഏറ്റവുമധികം സന്തോഷിച്ചതും ഫിലിപ്പിന്റെ അമ്മയായിരുന്നു.

കൊല്ലങ്ങളൊരുപാട് കടന്നുപോയി, പൂമയൊരു അമ്മൂമ്മയായപ്പോഴും എന്തുകൊണ്ടോ അവരുടെ മനസ്സില്‍ പ്രിയപ്പെട്ട മകന്‍ മാത്രം നിറഞ്ഞു നിന്നു. പെണ്‍മക്കള്‍ നാലുപേരെയും കെട്ടിച്ചയച്ച് അവരുടെ കുഞ്ഞുങ്ങളും പൂമയുടെ വാത്സല്യമനുഭവിക്കാന്‍ തുടങ്ങിയെങ്കിലും അവരുടെയൊക്കെ 'പൂമ' എന്ന വിളിയേക്കാള്‍ ആ വൃദ്ധമനസ്സിന് കുളിര്‍മ്മ നല്‍കിയിരുന്നത് സ്വന്തം മകന്റെ 'അമ്മേ' എന്നുള്ള വിളിയായിരുന്നു. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഭാര്യയും മക്കളുമൊരുമിച്ച് ഒരു മാസത്തേയ്ക്ക് നാട്ടില്‍ വന്നുപോകുന്ന ഫിലിപ്പിന്റെ സാന്നിദ്ധ്യം അവര്‍ക്ക് നല്‍കിയ ഊര്‍ജ്ജം അനിര്‍വചനീയമായിരുന്നു. ഓരോ തവണ മടങ്ങുമ്പോഴും 'അടുത്ത ക്രിസ്മസിന് വീണ്ടും വരാ'മെന്ന് പറയുമ്പോള്‍ ആ കണ്ണുകളിലൂടെ നിറഞ്ഞുകവിയുന്ന അശ്രുക്കള്‍ തുടച്ചുമാറ്റുവാന്‍ ഫിലിപ്പ് ഏറെ പണിപ്പെട്ടു. ആഗ്രഹങ്ങള്‍ക്കതീതമായി വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം വീണ്ടും വന്ന് മടങ്ങുമ്പോള്‍ അതേ രംഗം ആവര്‍ത്തിക്കും. അങ്ങനെ കടന്നുപോയത് രണ്ടര പതിറ്റാണ്ടുകളായിരുന്നു.

ഏറ്റവുമൊടുവില്‍ മൂത്ത മകന്‍ മടങ്ങിപ്പോയതിന് ശേഷമാണ് പൂമയെ ചെറിയ തോതില്‍ മറവിരോഗം ബാധിക്കുവാന്‍ തുടങ്ങിയത്. പ്രതാപമൊക്കെ മങ്ങി, അധികാരവും ആള്‍ക്കൂട്ടവുമില്ലാതെ മാത്തുക്കുട്ടി സ്വന്തം വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന ആ കാലത്ത്, വല്ലപ്പോഴും വന്നുപോകുന്ന പെണ്‍മക്കളുടെ കരുണയില്‍ രണ്ടുപേരും ഇടയ്‌ക്കൊക്കെ മാത്രം പുറംലോകം ദര്‍ശിക്കുവാന്‍ വിധിക്കപ്പെട്ടു. ഡിമെന്‍ഷ്യയുടെ ഫലമായി പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുകയും പലരേയും തിരിച്ചറിയാന്‍ വയ്യാതെയും അമ്മ പെരുമാറാന്‍ തുടങ്ങിയതോടെ 'പൂമയ്ക്ക് വട്ടായി' എന്ന വിലയിരുത്തലില്‍ പെണ്‍മക്കളും ഭര്‍ത്താക്കന്മാരുമെത്തിയത് സ്വാഭാവികം. 'പൊന്നുമോനെ കാണാതെ തള്ളയ്ക്ക് വട്ട് പിടിച്ചതാ' എന്ന മാത്തുക്കുട്ടിയുടെ പ്രഖ്യാപനം കൂടിയായപ്പോള്‍ മരുമക്കളിലൊരാള്‍ ടൗണിലെ മാനസികരോഗാശുപത്രിയിലെ ഡോക്ടറെ രഹസ്യമായി ചെന്ന് കണ്ട് അയാള്‍ കുറിച്ചുകൊടുത്ത ഏതോ മരുന്ന് വാങ്ങി നല്‍കിയതോടെ പൂമ മിക്കവാറും ഒരു മാനസികരോഗിയായിത്തീര്‍ന്നു എന്നു പറയാം. ഇടയ്‌ക്കെപ്പോഴെങ്കിലും സമനില തിരിച്ചുകിട്ടുമ്പോള്‍ ഫലിപ്പിനെ കാണണമെന്നും സംസാരിക്കണമെന്നും അവര്‍ പറയും. അപ്പോഴൊക്കെയും മുമ്പെങ്ങും ആവശ്യപ്പെടാത്ത കാര്യങ്ങളാണ് മൂത്ത മകനോടവര്‍ പറഞ്ഞുകൊണ്ടിരുന്നത്. 'പെട്ടി നിറയെ ചട്ടത്തുണികളും ചോക്കലേറ്റ് ബോക്‌സുകളും' അങ്ങനെ പൂമയുടെ പുതിയ ഭ്രമങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. കുറെ നാളായി എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്‍ വിളിച്ചുകൊണ്ടിരുന്ന ഫിലിപ്പിനോട് സുബോധമുള്ളപ്പോഴൊക്കെ ആവേശത്തോടെയാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച മുമ്പ് ഒടുവില്‍ സംസാരിച്ചപ്പോഴും അവര്‍ ചട്ടത്തുണിയുടെയും ചോക്ക്‌ലേറ്റിന്റെയും കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. 'ക്രിസ്മസിന് ഞാനെത്തുമ്പോള്‍ അമ്മയ്ക്ക് തരാന്‍ എന്റെ പെട്ടിയില്‍ നിറയെ ചോക്ക്‌ലേറ്റുകളും ചട്ടത്തുണികളുമുണ്ടാവും' എന്ന് ഫിലിപ്പ് പറഞ്ഞത് ആത്മാര്‍ത്ഥതയോടെ തന്നെയായിരുന്നു. അത് കേട്ട് അവര്‍ ഒരുപാട് നേരം ചിരിച്ചതും 'തമ്പുരാന്‍ നിന്നെ അനുഗ്രഹിക്കും മോനേ' എന്ന് പറഞ്ഞതും ചുറ്റുമുണ്ടായിരുന്നവര്‍ കേട്ടതാണ്. അന്നുതന്നെ ട്രാവല്‍ ഏജന്റിനെ വിളിച്ച് ഫിലിപ്പ് ടിക്കറ്റുറപ്പിക്കുകയും ചെയ്തിരുന്നു.

നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ച് ഫിലിപ്പ് വണ്ടി മുന്നോട്ടെടുത്തു. ഓഫീസില്‍ ചെന്ന് ലീവപേക്ഷ കൊടുത്ത് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ കുറ്റബോധം തികട്ടിമറിഞ്ഞു. ഒരുപക്ഷേ ഉള്ള് തുറന്ന് സ്‌നേഹിക്കുന്ന ആരും ചുറ്റുമില്ലാതെ തന്റെ അമ്മ നീറിനീറി മരിക്കുകയായിരുന്നിരിക്കണം. വാര്‍ദ്ധക്യകാലത്ത് സംരക്ഷകനാകേണ്ടിയിരുന്ന പ്രിയപ്പെട്ട മകന്റെ അസാന്നിദ്ധ്യം അമ്മയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവുമെന്നോര്‍ത്തപ്പോള്‍ അയാളുടെ ഹൃദയം വല്ലാതെ നുറുങ്ങി. തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളില്‍ നിന്നും അങ്ങനെ യാതൊരുതരത്തിലുള്ള പരിഗണനയോ ശ്രദ്ധയോ കിട്ടില്ലെന്ന് എന്തായാലും ഉറപ്പാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അവര്‍ ഇപ്പോള്‍ത്തന്നെ അവരുടെ 'പേഴ്‌സണല്‍ കാര്യങ്ങളി'ലുള്ളതന്റെ ഇടപെടലുകള്‍ അനാവശ്യവും അഹിതവുമാണെന്ന് പലവട്ടം പറഞ്ഞുകഴിഞ്ഞു. ഒപ്പം നില്‍ക്കേണ്ട ഭാര്യ എപ്പോഴും അവരുടെ പക്ഷത്ത് നില്‍ക്കുകകൂടി ചെയ്യുന്നതായിരുന്നു അയാളെ ഏറ്റവും വേദനിപ്പിച്ചിരുന്നത്. ആത്മാര്‍ത്ഥതയില്ലാത്തവരുടെ കൂടെ അന്യനാട്ടില്‍ വെറുതെ പണമുണ്ടാക്കുന്ന യന്ത്രമായി കഴിഞ്ഞിരുന്നതിന് പകരം അമ്മയുടെ കൂടെ കുറേക്കാലമെങ്കിലും ചിലവഴിച്ചിരുന്നെങ്കിലെന്ന് നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു.
വീട്ടിലെത്തി വൈകുന്നേരത്തെ ഫ്‌ളൈറ്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഫിലിപ്പ് ഭാര്യയോടും മക്കളോടും പറഞ്ഞു:

''ഞാനുടനെ മടങ്ങുന്നില്ല. അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് അവസാനകാലത്ത് കുറച്ചു കാലം പോലും നില്‍ക്കാന്‍ എനിക്ക് സാധിച്ചില്ല. ഇനിയതേപ്പറ്റിയോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ലെന്നറിയാം. എന്നാലും അമ്മയുടെ മണവും ഓര്‍മ്മകളും നിറഞ്ഞുനില്‍ക്കുന്ന ആ വീട്ടില്‍ എനിക്കിനി കുറേക്കാലം ജീവിക്കണം. മരിച്ചുപോയ അമ്മയുടെ ആത്മാവതറിഞ്ഞാലുമില്ലെങ്കിലും എന്റെ മരവിച്ചുപോയ മനസ്സിനത് കുറച്ചെങ്കിലും ആശ്വാസം നല്‍കും.''

എയര്‍പ്പോര്‍ട്ടില്‍ ചെക്കിന്‍ ചെയ്ത് ലഗേജുകള്‍ കയറ്റിവിടുമ്പോള്‍ ഫിലിപ്പിന്റെ മനസ്സിലേക്ക് പൂമയുടെ ചിരിക്കുന്ന മുഖവും ആശ്വസിപ്പിക്കുന്ന വാക്കുകളും ഓടിയെത്തി. ബാഗേജ് റാമ്പിലൂടെ കുണുങ്ങിയകന്നുപോകുന്ന വലിയ ബാഗുകളില്‍ നിറച്ചുവച്ചിരിക്കുന്ന ചോക്ക്‌ലേറ്റ് പെട്ടികളെപ്പറ്റിയോര്‍ത്തപ്പോള്‍ അയാളുടെ ഹൃദയം നൊമ്പരത്തില്‍ പൊതിഞ്ഞ മധുരം കൊണ്ടു നിറഞ്ഞു. അതിലൊരു പെട്ടിയെങ്കിലും ഒപ്പം വച്ച് വേണം അമ്മയെ യാത്രയാക്കുവാനെന്നുറപ്പിച്ചപ്പോള്‍ ഫിലിപ്പിന്റെ കണ്ണുകളില്‍ വീണ്ടും വെള്ളം നിറഞ്ഞൊഴുകി. ആ വെള്ളപ്പൊക്കത്തില്‍ നിറഞ്ഞുകവിഞ്ഞ കുട്ടനാടന്‍ കായലിലൂടെ അലോഷ്യസ് മുതലാളിയുടെ മടിയിലിരുന്ന് തോണി തുഴഞ്ഞകന്ന് പോകുന്ന 'ചട്ടക്കാരി' പൂമയെ അയാള്‍ ഒരു നെടുവീര്‍പ്പോടെ നോക്കിനിന്നു.

 പൂമ (കഥ:  ഷാജന്‍ ആനിത്തോട്ടം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക