Image

സീത: ഇപ്പോൾ നിങ്ങൾക്ക് എന്നെ അറിയാം: സിനി പണിക്കരുടെ ഇംഗ്ലീഷ് നോവൽ,  രാമായണത്തിലേക്കു  തുറക്കുന്ന വാതായനം

Published on 12 March, 2021
സീത: ഇപ്പോൾ നിങ്ങൾക്ക് എന്നെ അറിയാം: സിനി പണിക്കരുടെ ഇംഗ്ലീഷ് നോവൽ,  രാമായണത്തിലേക്കു  തുറക്കുന്ന വാതായനം

ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരി  സിനി പണിക്കറുടെ ആദ്യ നോവൽ സീത: നൗ യു നോ മി ഈ മാസം ആദ്യം രൂപ പബ്ലിക്കേഷൻസ് ഇന്ത്യ പ്രസിദ്ധീകരിച്ചു. 

വാൽമീകി  രാമായണത്തിൽ നിന്നുള്ള സീതയുടെ യാത്രയാണ് ഈ ഇംഗ്ലീഷ് നോവലിന്റെ ഇതിവൃത്തം. സീതയെക്കുറിച്ചുള്ള വാൽമികിയുടെ വലിയ നിശബ്ദത ഇതിഹാസത്തിന്റെ തുടക്കം  മുതൽ എണ്ണമറ്റ എഴുത്തുകാർക്ക്  പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാൻ പ്രചോദനമായി.

സീത: ഇപ്പോൾ നിങ്ങൾക്ക് എന്നെ അറിയാം എന്ന നോവലും ഇതേ  പാത പിന്തുടരുന്നുവെങ്കിലും  സീതയെ ഏറ്റവും മാനുഷികവും ഹൃദ്യവുമായ നൂതന രീതിയിലാണ്  അവതരിപ്പിക്കുന്നത് 

ശാസ്ത്രരംഗത്ത്  പ്രവർത്തിക്കുന്ന  സിനി പണിക്കർ  യുഎസ് ഗവൺമെന്റിന്റെ   ഹെറോയിൻ വിദഗ്ദയായി   ജോലി ചെയ്യുന്നു.

കൊച്ചിയിൽ ജനിച്ച് വളർന്ന സിനി പണിക്കർ കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാഷിംഗ്ടൺ ഡിസിയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മറ്റൊരു  മാസ്റ്റേഴ്‌സും നേടി. നോർത്തേൺ വിർജീനിയയിൽ കുടുംബസമേതം താമസിക്കുന്നു.

ഇ-മലയാളിയുടെ ചോദ്യങ്ങൾക്ക് സിനി പണിക്കർ മറുപടി നൽകുന്നു.

1) ഇത് ആദ്യ രചനയാണോ? എഴുതാനുണ്ടായ പ്രചോദനം?

ഞാൻ പൂർത്തീകരിച്ചതും  പ്രസിദ്ധീകരിക്കപ്പെട്ടതും  ആയ  ആദ്യ രചന ആണ്  സീതയെക്കുറിച്ചുള്ള ഈ പുസ്തകം. കുറേ വർഷങ്ങൾക്കു മുൻപ് ഞാൻ മലയാളത്തിൽ ഒരു നോവലിന്റെ ഏതാനും അദ്ധ്യായങ്ങൾ എഴുതി നോക്കി (സീതയെപ്പറ്റി അല്ല, മറ്റൊരു വിഷയം). പക്ഷേ, അന്നത് മുഴുമിപ്പിക്കാതെ അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

റിസർച്ച് ചെയ്തും പഠിച്ചും, കാര്യമായി, അതീവ ശ്രദ്ധയോടെ  ഞാൻ  എഴുതിത്തുടങ്ങിയ ആദ്യ നോവലാണ് സീത. 2018-ൽ. 

പ്രചോദനം ആയത്  ആ വർഷങ്ങളിൽ വളരെ പ്രസിദ്ധി ആർജ്ജിച്ചിരുന്ന “മീ റ്റൂ”  എന്ന വനിതാ പ്രസ്ഥാനം തന്നെ. ഇക്കാലത്തെ സ്ത്രീകളുടെ ശക്തിയും ഊർജ്ജവും കലർന്ന സ്വരങ്ങൾ, രണ്ടായിരമോ മൂവ്വായിരമോ, അതോ അതിൽക്കൂടുതലോ പഴക്കമുള്ള സീതയുടെ സ്വരത്തിന് ഒരു സമകാലീനശക്തിയും ഊർജ്ജവും നൽകാൻ എനിക്ക് പ്രചോദനമായി!

2) ഇംഗ്ലീഷ്-ൽ എഴുതാനുണ്ടായ കാരണം എന്താണ് . മലയാളം ആയിരുന്നെങ്കിൽ കേരളത്തിൽ കൂടുതൽ അംഗീകരിക്കപ്പെടുമായിരുന്നില്ലേ?

വളരെ നല്ല ചോദ്യം! ഇംഗ്ളീഷിൽ എഴുതാനുള്ള ആദ്യ കാരണം ആ ഭാഷയാണല്ലോ നമ്മൾ ഇവിടെ കൂടുതൽ ഉപയോഗിക്കുന്നതും അതുകൊണ്ട് എളുപ്പമുള്ളതും എന്ന വസ്തുത തന്നെയാണ്. ഇന്ത്യൻ മിത്തോളജിയുടെ സ്വാധീനമോ, അവയെ ആസ്പദമാക്കിയുള്ള നോവലുകളോ കഥകളോ  അമേരിക്കയിൽ അത്രയധികം ഇല്ല എന്നതും എനിക്ക് കാരണമായി. കുറച്ചുമാത്രം  പുസ്തകങ്ങൾ  ഉള്ള ആ മേഖലയിൽ  എന്റെ  പുസ്തകം കൂടി  ഉണ്ടാകട്ടെ  എന്ന ആഗ്രഹം!

പക്ഷേ, ഇത് ഇഗ്ളീഷിൽ എഴുതി കഴിഞ്ഞതിനുശേഷം ഞാൻ മലയാളത്തിൽ എഴുതിയിട്ടുണ്ട്.  “യാനം സീതായനം” എന്ന പേരിൽ. അത് കോഴിക്കോട്ടുള്ള  പൂർണ്ണ പബ്ലിക്കേഷൻസ് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഒരുപാട് കാലമായി അമേരിക്കയിൽ ജീവിക്കുന്നുവെങ്കിലും മലയാളം ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് . മലയാള ഭാഷ എന്നെ ഇപ്പോഴും വിട്ടുപിരിയാതെ, ഞാൻ അതിന് ഒട്ടും സമ്മതിക്കാതെ, ഞാൻ അതിനെ അത്യധികം സ്നേഹിച്ചും ഗൃഹാതുരത്വത്തോടെ ഓർമ്മിച്ചും കൂടെ കൂട്ടുന്നു! 

പ്രസിദ്ധനോവലിസ്റ് ആയ സി രാധാകൃഷ്ണൻ സർ എന്റെ മലയാളം  നോവലിന്റെ ആദ്യ കോപ്പി വായിച്ചു തിരുത്തി തരികയും, മലയാളസാഹിത്യരംഗത്തെ ഗുരുഭൂതനായ എം കെ സാനു മാഷ് എനിക്ക് അവതാരിക എഴുതിത്തരികയും ചെയ്തു. ഇത്രയും അനുഗ്രഹങ്ങൾ യാനം സീതായനത്തിന് ഇപ്പോൾത്തന്നെ ഉണ്ടായിരിക്കുന്നു എന്നു കൂടി പറയാൻ സന്തോഷമുണ്ട്.

3) കഥാഘടനയും ഇതിവൃത്തവും. ഇത് എത്ര മാത്രം നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മറ്റൊരു നല്ല ചോദ്യം! നിത്യജീവിതം - പ്രത്യേകിച്ചും നമ്മുടേതും, നമുക്ക് പരിചയമുള്ളവരുടെയും നിത്യജീവിതം- ഒരു അന്തർധാരയായി ഒഴുകാതെ ഒരു നോവലോ കഥയോ കവിതയോ എഴുതാൻ സാധിക്കില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ഞാൻ എഴുത്തിൽ ഒരു തുടക്കക്കാരി മാത്രം.  അങ്ങനെയുള്ള  എന്റെ കാര്യത്തിൽ
രാമായണത്തെക്കുറിച്ചുള്ള പഠനവും, സീതയെ എപ്പോഴും നടുക്കു തന്നെ നിർത്തിയുള്ള രചനയും, എന്റെയും ഞാൻ അറിഞ്ഞിട്ടുള്ള മറ്റു ജീവിതങ്ങളുടെയും പിൻബലത്തിൽ ഊന്നി നിന്നുകൊണ്ടാണ് നടത്തിയത്.

പക്ഷേ, ഒരു ഇതിഹാസകഥ ഇന്നത്തെ കാലത്തിനനുസരിച്ച്  എഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നേ പറയാൻ സാധിക്കൂ.

കഥാഘടനയും അങ്ങനെ തന്നെ. ഇന്നത്തെ കാലത്തെ ഒരു  ജീവിതം ഓർത്തുനോക്കുന്നതു പോലെ തന്നെയാണ്, സീത തന്റെ സംഭവബഹുലമായ ജീവിതത്തെ ഓർത്തും രേഖപ്പെടുത്തിയും ഈ നോവലിൽ ജീവിക്കുന്നത്. ഞാൻ അതിന് മഹാകവി കുമാരൻ ആശാനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. മഹാകവിയുടെ “ചിന്താവിഷ്ടയായ സീത” എപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ, എനിക്കേറെ പ്രിയപ്പെട്ട  സുഗതകുമാരിയുടെ “പാദപ്രതിഷ്ഠ” എന്ന കവിത. അതും എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഈ രണ്ടു കവികളും, പിന്നെ മറ്റൊരുപാട് എഴുത്തുകാരും എന്റെ രചനയിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അവർ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

4) പ്രസിദ്ധീകരിക്കാൻ വിഷമത നേരിട്ടോ?

ഭാഗ്യവശാൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. 

ഞാൻ Sita: Now You Know Me-യുടെ മൂന്ന് അദ്ധ്യായങ്ങൾ ഇന്ത്യയിൽ നാലു പബ്ലിഷിംഗ് കമ്പനികൾക്ക് അയച്ചുകൊടുത്തു. ഇമെയിൽ വഴി. എനിക്ക് അവരിൽ ആരുമായും പരിചയം ഒന്നും ഇല്ല. രണ്ടു പേർ ഉടനെ തന്നെ താല്പര്യപൂർവം മറുപടി തന്നു. രൂപ  പബ്ലിക്കേഷൻസ് ആയിരുന്നു  ഏറ്റവും താല്പര്യത്തോടെ എന്നെ സമീപിച്ചത്. ബുക്ക്  കഴിഞ്ഞ കൊല്ലം ഇറങ്ങേണ്ടതായിരുന്നു. കോവിഡ് കാരണം പ്രസിദ്ധീകരണം വൈകി.

5) പേരിൽ വളരെ പുതുമയുണ്ടല്ലോ. എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്?

പുതുമയുള്ളതും  എന്നാൽ അർത്ഥപൂർണവും ആയ ഒരു പേര് ഇരിക്കട്ടെ എന്നു കരുതി. പുസ്തകം വായിച്ചുകഴിയുമ്പോൾ സീത വായനക്കാരോട് പറയുകയാണ് - ഇതാ ഇപ്പോൾ നിങ്ങൾ എന്നെ ശരിക്കും അറിയുന്നു എന്ന്! Now You Know Me! 

കാരണം നാം എല്ലാം വിചാരിക്കുന്നത് നമുക്ക് സീതയെ അറിയാം എന്നാണ്.  അതത്ര വാസ്തവം അല്ല. സീതയെക്കുറിച്ച് അധികമൊന്നും  വാല്മീകി മഹർഷി പറഞ്ഞിട്ടില്ല.  ഈ ബുക്ക് വായിക്കുമ്പോൾ ഈ സീതയെ ഓരോ വായനക്കാരനും വായനക്കാരിയും അടുത്തറിയുന്നു. അതാണ് പേരു കൊണ്ട് ഉദ്ദേശിക്കുന്നത്.

6) വായനക്കാരായി  ആരെയാണ് ലക്ഷ്യമിടുന്നത്?

സത്യം പറയാമല്ലോ - വായനക്കാർ ആരാണ് എന്ന് അധികം ചിന്തിക്കാതെ, എങ്ങിനെയോ എഴുതിത്തുടങ്ങിയ, എഴുതിപ്പോയ, ഒരു നോവലാണ് ഇത്. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് ഇത് ആർക്കും വായിക്കാം എന്നാണ്. ഈ ലോകത്തുള്ള ഏതൊരാൾക്കും വായിക്കാം. ഇന്ത്യയെക്കുറിച്ചോ രാമായണത്തെക്കുറിച്ചോ ഒന്നും അറിയേണ്ടതില്ല.

7)  അടുത്ത  രചനയെപ്പറ്റി അല്പം 

ഒന്നും തീരുമാനിച്ചിട്ടില്ല.....!

8) സാഹിത്യരംഗത് ആരോടാണ് കൂടുതൽ കടപ്പാട്?

ഒരുപാട് പേരോട് - മലയാളത്തിലും ഇംഗ്ളീഷിലും ഉള്ള എത്രയോ  എഴുത്തുകാരോട്, സിനിമാഗാനങ്ങൾ എഴുതിയവരോടുംവരെ - ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു! എന്നെ എഴുതാൻ പ്രേരിപ്പിച്ചവർ, മോഹിപ്പിച്ചവർ ആണ് അവർ എല്ലാം!

പ്രേമഭിക്ഷുകി എന്ന എനിക്കേറെ പ്രിയപ്പെട്ട  ഗാനത്തിലെ വരികൾ ഓർമ്മിച്ചാൽ....ചിരിച്ചും കരഞ്ഞും തലമുറകൾ വന്നു പോയ വീഥികൾ തന്നെയാണ് ഈ എഴുത്തുകാർ എനിക്കും നിങ്ങൾക്കും നൽകിയിട്ടുള്ളത്. എത്രയെത്ര  തലമുറകളുടെ… മനുഷ്യജന്മങ്ങളുടെ കഥകൾ...കവിതകൾ...നോവലുകൾ...നമ്മുടെ കൊച്ചുകേരളത്തിൽനിന്നു മാത്രം നമുക്കു  ലഭിച്ചിരിക്കുന്നു! പിന്നെ ഈ ലോകം എമ്പാടും നിന്നും!  അവരുടെ വരികളും വാചകങ്ങളും നിറഞ്ഞ  ആ വീഥികളിലൂടെ, ആ എഴുത്തുകാരുടെയെല്ലാം കാലടിപ്പാടുകൾ കണ്ടെത്തിയും അറിഞ്ഞും  അവരെ   നമിച്ചും….അങ്ങനെയേ എനിക്കും നടക്കാൻ ആവൂ. അതു  തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക