സ്നേഹത്തിന്റെ സ്വാദ് എന്താണ് ? അത് നമുക്കു തരുവാൻ ആർക്കു കഴിയും ? അമ്മക്കു മാത്രമേ ആ വിശിഷ്ടമായ സ്വാദ് നമ്മളിലേക്ക് എത്തിക്കുവാൻ കഴിയുകയുള്ളൂ. ഗർഭം ധരിക്കുകയും, പ്രസവിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല നമ്മൾ അമ്മയെ സ്നേഹിക്കുന്നത്, അമ്മ തരുന്ന സ്നേഹം, ആശ്വാസം, എങ്ങിനെ മറക്കാനാകും? അമ്മ എന്ന രണ്ടക്ഷരം സ്നേഹ പ്രവാഹമല്ലേ.. എന്നിട്ടും പലരും അമ്മമാരേ ഒരുപാടു വേദനിപ്പിക്കുന്നു. വാക്കുകൾകൊണ്ടും, പ്രവർത്തികൊണ്ടും. അമ്മമാരേ വേദനിപ്പിക്കുന്ന പല വാർത്തകളും പത്രങ്ങളിൽ വായിക്കുമ്പോൾ എന്റെ മനസ്സ് നോവാറുണ്ട്. പെറ്റമ്മയുടെ കണ്ണ് നനയുന്ന ഒന്നും മക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. സ്വകാര്യ ദുഖങ്ങളുടെ ഘോഷയാത്രയിൽ നമ്മൾ നീറിപ്പിടയുമ്പോൾ അമ്മ തരുന്ന ആ സ്നേഹം പോസിറ്റീവ് എനർജിയായി നമ്മളിലേക്ക് നിറയുന്നു. പണവും പ്രതാപവും വരുമ്പോൾ അഹങ്കാരികളായ മക്കൾ പെറ്റമ്മയെ മറക്കുന്നു, അല്ല മറന്നെന്നു നടിക്കുന്നു. അവസാന നാളുകളിൽ അമ്മമാർ ഇഷ്ടപെടുന്നത് അഹങ്കാരികളായ മക്കളുടെ പട്ടുമെത്തയിലെ സുഖത്തെക്കാൾ ദരിദ്രനാണെങ്കിലും, സ്നേഹം പകരുന്ന വിനീതരായ മക്കളുടെ കൂടെ കഴിയാനായിരിക്കും. അമ്മയുടെ കണ്ണുനീർ മക്കൾ കാരണം ഈ ഭൂമിയിൽ വീണാൽ നിങ്ങൾ ഭസ്മമാവും. ഒരിക്കലും നിങ്ങൾക്ക് സമാധാനം കിട്ടില്ല. നന്മയുടേയും, വെണ്മയുടേയും, സ്നേഹത്തിന്റെയും നിലാവൊളി പടർത്താൻ നമുക്ക് നമ്മുടെ മനസ്സിന് കഴിയട്ടെ ...
അമ്മയ്ക്കായി
----------------
അമ്മതൻ മാറിൽ പറ്റിക്കിടക്കുവാൻ
ഒരു പിഞ്ചു പൈതലായ് മുട്ടിയുരുമ്മുവാൻ
അമ്മതൻ ഈറൻ വിരൽ തുമ്പിൻ സ്പർശനം
മാറോടടക്കി പിടിക്കുവാൻ
ഒരു മാത്ര വീണ്ടും കൊതിപ്പൂ ഞാനിന്നും
ഒരു കൊച്ചു ബാലികയായി തീരുവാൻ......
കഴിഞ്ഞ കാലത്തിലേക്ക് ഒരെത്തിനോട്ടം
ബാല്യകാലത്ത് സ്ക്കൂൾ വിട്ട് തറവാട്ടിലെത്തുമ്പോൾ ആദ്യം ഞാൻ നോക്കുക എന്റെ അമ്മ എവിടെയെന്നാണ്. അമ്മ സാരിയുടുത്ത് തലമുടി വിടർത്തി തുമ്പു കെട്ടി ഭസ്മ കുറിയൊക്കെ ഇട്ട് സന്തോഷത്തോടെ നിൽക്കുന്നതു കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അമ്മക്ക് അസുഖം വന്ന് കിടന്നാൽ പിന്നീട് എനിക്ക് രാത്രി പോലും ഉറക്കം വരാറില്ല.. 19 വയസ്സിൽ എന്റെ അച്ഛൻ ഞങ്ങളെ വിട്ടു സ്വർഗ്ഗത്തിലേക്ക് പോയതിനു ശേഷം അമ്മയെ ഞാൻ അടക്കി പിടിച്ചിരുന്നു. എന്റെ വിവാഹശേഷവും അമ്മ ഞങ്ങൾക്കൊപ്പം മുംബൈയിൽ താമസമാക്കി. എന്റെ മക്കൾക്കും അവരുടെ അച്ഛനും അമ്മയെ ജീവനായിരുന്നു. മുംബൈയിലെ കോവിഡിന്റെ ഭീതി അമ്മക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അതുകൊണ്ടു തന്നെ ബാംഗ്ലൂരിലെ സഹോദരന്റെ വീട്ടിലേക്ക് അമ്മയെ മറ്റേണ്ടിവന്നു. അവിടെ വെച്ച് അമ്മക്ക് അസുഖം വന്നു. അമ്മയെ ശ്രൂഷിച്ചത് സഹോദരനും എന്റെ മോളും സഹോദര ഭാര്യയുമായിരുന്നു.
ഞാൻ ശയിച്ച ഗർഭപാത്രം
ചുമന്ന "അമ്മ"യെ,
സ്നേഹമെന്ന രണ്ടക്ഷരത്തിന്റെ
ആധിയും വ്യാധിയും രോഗവും
എന്നെ നിരാശയുടെ
ഗർത്തങ്ങളിലേക്ക് തള്ളിയിട്ടപ്പോഴും,
ആശുപത്രിവാസവും മരുന്നുമായി
കഴിയുന്ന അമ്മയ്ക്ക് തണലേകാൻ
കഴിയാതെ തോറ്റുപോയ മകളായി
മനസ്സാക്ഷി ചിത്രീകരിക്കുമ്പോൾ,
എന്റെ ഗർഭപാത്രത്തിൽ
വികൃതിയടിച്ചും കുത്തിമറിഞ്ഞും
എന്നെ പരിപാവനമായ മാതൃത്വത്തിലേക്ക് നയിച്ച എന്റെ 24 വയസ്സായ മകൾ അമ്മമ്മക്ക് തണലേകാൻ കൂടെയുണ്ടായിരുന്നു. അങ്ങന്നെ ഞാനും പുണ്യം ചെയ്ത അമ്മയായി.❤️പിഞ്ചിളം ചുണ്ടുകൾ കൊണ്ട്
അമ്മേ എന്നു വിളിച്ച്,
"അമ്മമ്മക്കൊപ്പം ഞാനുണ്ടല്ലോ
എന്ന മകളുടെ വാക്കുകൾക്കു മുന്നിൽ
ഞാൻ തോൽക്കുന്നു.
എന്റെ ഗർഭപാത്രത്തിന്റെ
പുണ്യമാണു മകളെ നീ...
ഈ കവിത ഈ മാതൃദിനത്തിൽ അമ്മയ്ക്കായി സമർപ്പിക്കന്നു.❤️
അമ്മ
അമ്മയെന്ന് വിളിക്കും രണ്ട-
ക്ഷരം ദൈവത്തിൻ നാമമല്ലേ
ഹൃദയത്തിൻ കോവിലിൽ തീർത്ത
സ്നേഹത്തിൻ മന്ത്രമല്ലേ ...
പത്തുമാസങ്ങൾ ചുമന്നു നൊന്തു
പെറ്റപൊൻ മകളെയമ്മ
മാമവും ഊട്ടിയും, തേനൂറും വാക്കുകൾ ചൊല്ലി വാത്സല്യം കോരിച്ചൊരിഞ്ഞു
ചിറകിന്നടിയിൽ കാത്തുസൂക്ഷിച്ചും,
പ്രാരാബ്ധങ്ങൾപേറിയും,
ജീവിതം ഹോമിച്ചും,
അന്യവീട്ടിലേക്കവൾ
വലതുകാൽ വെച്ചു കയറുമ്പോഴും
തൻ കുഞ്ഞിനെയോർത്തു
നീറി പുകയുന്ന അമ്മതൻ
നൊമ്പരം ആരുമറിഞ്ഞില്ല.
ആദ്യവിശേഷങ്ങൾ കേൾക്കുമ്പോളമ്മ
കവിളിലെ കുങ്കുമ ചെപ്പ് തുറന്ന്
ആനന്ദത്തോടെ വാരിപ്പുണർന്നു
അമ്മയും കുഞ്ഞുമായുള്ള
പൊക്കിൾക്കൊടി ബന്ധം.
അമ്മമ്മ തൻ പൊന്നോമനയായി
അമ്മതൻ താരാട്ടു കേട്ടുകേട്ടു
പോന്നോമനയിന്ന് തരുണിമണിയായ് ,
വലതുകാൽ വെച്ച് കയറി ഭർത്ത് ഗൃഹത്തിൽ മരുമകളായ്...
എട്ടാം മാസത്തിലെത്തിയ പൊന്നിനെ ഗർഭശ്രൂഷയും നൽകി മാതൃത്വം.
അവളിന്റെ ഉദരത്തിൽ നിന്നും ഭൂമിയിലെത്തി മാലാഖ കുഞ്ഞ്
മാറോടണച്ചു പൊന്നമ്മ പിന്നെ
കിന്നാരം ചൊല്ലി മുത്തശ്ശി .
മാതൃത്വം സ്നേഹമായൊഴുകി
തലമുറ തലമുറയായി ..
അമ്മയെന്ന് വിളക്കിയൊരക്ഷരം
നാടിനും വീടിൻ വിളക്കാണ്.
മാനവർ വാഴുന്ന കോവിലിലമ്മ
വാഴും മഹാദേവിയാണമ്മ...❤️❤️❤️
ഗിരിജ ഉദയൻ