(അരികുവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ അമ്മമാര്‍ക്കുമായി ഈ മാതൃദിനകവിത സമര്‍പ്പിക്കുന്നു)
വിരിയട്ടെ പൂവുകള്‍, തെളിയട്ടെ പുലരികള്‍
അരികിലായെന്നുമേ വിളങ്ങട്ടെ ദീപങ്ങള്‍
നന്മനിറയും കര്‍മ്മകാണ്ഠങ്ങളാല്‍ നിങ്ങളീ
ജന്മപര്‍വ്വങ്ങള്‍ക്ക് പകരുന്നു നിത്യമാം സായുജ്യം
ചാമരമായി ചുറ്റും മന്ദമാരുതന്‍ വീശിയീ
കോമരങ്ങളെ പരിപാലിച്ചു കാലമിത്രയും
നന്ദിയെന്നത് വെറും മിഥ്യയാണെങ്കിലും
നിന്ദമാത്രം നേടുമ്പോള്‍ കേഴുന്നു നിങ്ങളെന്നുമേ
പെണ്‍കരുത്തിനെപ്പറ്റി എണ്ണിയെണ്ണിപ്പറയുവോര്‍
ഉണ്‍മയോടൊരു ചേര്‍ത്തുനില്‍പ്പിനവര്‍ മടിക്കുന്നു
വാക്കുകള്‍ കൊണ്ടുള്ളീ വാഴ്ത്തുപാട്ടുകള്‍ മാത്രം
നോക്കിനില്‍ക്കുമ്പോള്‍ പക്ഷെ, യവയും മറയുന്നു
മാറട്ടെ, മറയട്ടെയാ ദ്വന്ദ്വവ്യവസ്ഥിതി
ഈറന്‍ നിറയും മിഴികളല്ല, വേണ്ടത് നിങ്ങള്‍ക്കിനി
തുടിക്കും കരങ്ങള്‍, നിറയും ഹൃത്തടങ്ങള്‍
അടിവച്ചങ്ങനെ മുന്നേറട്ടെ അമ്മമലരുകള്‍!