Image

മഹാലക്ഷ്മി ദേവിയും, പണിക്കരും പിന്നെ ഞാനും (ബാല്യകാല സ്മരണകൾ 7: ഗിരിജ ഉദയൻ)

Published on 05 July, 2021
മഹാലക്ഷ്മി ദേവിയും, പണിക്കരും പിന്നെ ഞാനും  (ബാല്യകാല സ്മരണകൾ 7: ഗിരിജ ഉദയൻ)
ഞാൻ മുംബൈയിലാണ് ജനിച്ചതെങ്കിലും,  അഞ്ചു വയസ്സിൽ നാട്ടിലെ തറവാട്ടു വീട്ടിലേക്ക് എത്തി. ദാദറിലെ ആദർശ് നഗറിലെ രണ്ടു മുറിയും അടുക്കളയും ഹാളും ഉള്ള ഫ്ളാറ്റിലെ 'ജീവിതത്തിൽ നിന്നും വലിയൊരു വീട്ടിലെത്തിയപ്പോൾ സന്തോഷമായിരുന്നു ഒരു പാട് . വലിയ മുറ്റവും, തൊടിയും മരങ്ങളും തൊഴുത്തും പശുക്കളും കൃഷിയും ഒക്കെ കൗതുകത്തോടെ നോക്കിയ നാളുകൾ. ഒരു പാട് തിരക്കുള്ള വലിയ നഗരത്തിൽ നിന്നും ശാന്തമായ വള്ളുവനാടൻ ഗ്രാമത്തിലേക്കുള്ള പറിച്ചു നടൽ.

മാസത്തിലൊരിക്കലെങ്കിലും മുന്നൂർക്കോട് താമസിക്കുന്ന ജാതകം നോക്കുന്ന പണിക്കർ വീട്ടിൽ വരും. രാവിലെ പത്തു  മണിക്കു വന്നാൽ ഉച്ചക്ക് ഭക്ഷണമെല്ലാം കഴിച്ച്  നാലു മണിക്കുള്ള ചായയും കുടിച്ചേ പണിക്കർ വീട്ടിൽ നിന്നും പോകാറുള്ളൂ. അതുവരെ മുതിർന്ന ചേച്ചിമാരുടേയും , ചേട്ടന്മാരുടേയും,  വയസ്സായവരുടേയും ഒക്കെ ജാതകം നോക്കും. പെൺകുട്ടികളുടെ വിവാഹ സമയം, ചേട്ടന്മാരുടെ ജോലി സംബന്ധിച്ചുള്ള കാര്യം,  വയസ്സായവരുടെ അസുഖത്തെ ക്കുറിച്ച് ഇതൊക്കെയാണ് നോക്കാറുളളത്. എന്റ ജാതകം ഈ പണിക്കരാണത്രെ ഓലയിൽ കുറിച്ചത്. എന്റെ ജാതകം നോക്കണം എന്നു പറഞ്ഞ് എഴുവയസ്സുള്ള ഞാൻ വാശി പിടിക്കാറുണ്ടായിരുന്നു. ഒരു ദിവസം പണിക്കർ വന്നപ്പോൾ എന്റെ ജാതകവും നോക്കാൻ കൊടുത്തു. ധനുമാസത്തിലെ ഉത്രം നക്ഷത്രം ബാലാരിഷ്ടതയുണ്ട്. ഇരുപത് വയസ്സിൽ സർക്കാരിന്റെ ജോലി കിട്ടും. മഹാലക്ഷ്മി ജാതകത്തിലുണ്ട്. എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ആരോടു ചോദിക്കും? ഞങ്ങളുടെ വീട്ടിൽ ജോലിക്കു നിന്നിരുന്ന കുഞ്ഞമ്മായിയോട് ചോദിച്ചു. കുഞ്ഞമ്മായിക്ക് ഇടക്കിടെ അരപിരി ഇളകും, ആറും, ഏഴും വയസ്സുള്ള പെൺ മക്കളെ കുഞ്ഞമ്മായിയുടെ ഭർത്താവ് ആ കാലത്ത് സർക്കസ്സുകാർക്ക് വിറ്റു. ഭർത്താവ് കുഞ്ഞയെ ഉപേക്ഷിച്ചു. അന്നുമുതൽ അവർ ഞങ്ങളുടെ കൂടെ തറവാട്ടിലായിരുന്നു. കുഞ്ഞമ്മായി പറഞ്ഞു തന്നു ബാലാരിഷ്ടത എന്നു പറഞ്ഞാൽ ഗിരിജ കുട്ടിക്ക് വളർച്ചയില്ല എന്ന് .  പറഞ്ഞത് ശരിയാണ് ഏഴുവയസ്സുകാരിയുടെ വലുപ്പമില്ല. അമ്മ ആട്ടിൻ പാലും, നാടൻ മുട്ടയും വാട്ടി തന്നിരുന്നു. വിരുന്നുകാർ ആരെങ്കിലും വന്നാൽ പിന്നെ അമ്മയോട് ചോദിക്കും എന്താ മുന്നാമത്തെ കുട്ടി മാത്രം ഇങ്ങനെയെന്ന് ? ചേച്ചിമാരും അനിയനും അമ്മയും അച്ഛനും വെളുത്തിട്ട്. ഞാൻ മാത്രം ഇരുനിറം. അതും മെലിഞ്ഞ് . കളിയാക്കലൊന്നും ഞാൻ വക വെക്കാറില്ല. ദേഹം കറുത്താലെന്താ എന്റെ മനസ്സ് വെളുത്തിട്ടാണ് ഉരുളക്കുപ്പേരി മറുപടി കൊടുക്കും.

അമ്മയുടെ ചേച്ചി ഭാനു വലിയമ്മയുടെ മക്കളെല്ലാം എന്റ നിറമാണ്. നാല് ആണും രണ്ടു പെണ്ണുമാണ് വലിയമ്മക്ക് . ഞാനും അവരുടെ അനിയത്തിയാണെന്ന് പറയും. കുട്ടിക്കാലം മുതൽ അമ്മിണി ചേച്ചിയും ലീല ചേച്ചിയും എൻറ സ്വന്തം ചേച്ചിമാരായി. ആദ്യമായി വാച്ചു വേണം എന്ന മോഹം മനസ്സിൽ അടക്കി. സ്വന്തം കയ്യിലെ വാച്ച് ഊരി എന്റെ കയ്യിൽ കെട്ടിത്തന്ന് അമ്മിണി ചേച്ചി എന്റെ സ്വന്തമായി. ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ജനിക്കേണ്ട  ആവശ്യമില്ല എന്ന് തെളിയിച്ചവരാണ് എന്റെ ഈ രണ്ടു ചേച്ചുസും.

അടുത്തത് മഹാലക്ഷ്മി എന്റെ ജാതകത്തിൽ എങ്ങിനെ വന്നു? അടുത്ത സംശയം കുഞ്ഞമ്മായി തീർത്ത് തന്നത് സ്വന്തം കയ്യിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിയഞ്ചുo, അമ്പതും പൈസയുടെ നാണയം കാണിച്ചാണ് . ഒരു തുട്ടു പൈസ കയ്യിൽ വന്നാൽ മഹാലക്ഷ്മി വന്നതാണത്രെ. എനിക്കാകെ സങ്കടമായി. കാരണം എന്റെ കയ്യിൽ തുട്ടു പൈസ ഇല്ല. ഏഴു വയസ്സുള്ള കുട്ടിക്ക് തുട്ടു കിട്ടണമെങ്കിൽ വിഷുവിന് കൈനീട്ടം കിട്ടണം. ബുദ്ധിയുടെ കാര്യത്തിൽ ഞാൻ സൂപ്പറാണ് കുറെ ആലോചിച്ചു നോക്കിയപ്പോൾ ഐഡിയ എന്നെ തേടി എത്തി. വാട്ട്കാൻ ഐഡിയ  സർജിയല്ല. ഒറിജിനൽ ഐഡിയ. പടിഞ്ഞാറ്റിൻ മുകളിലുള്ള ഇരുട്ടു നിറഞ്ഞ ഒരു മുറി. അതിലാണ് കുഞ്ഞമ്മായിയുടെ പെട്ടി: അതിനുള്ളിലാണ് തുട്ടു സൂക്ഷിക്കുന്നത്. ഒരു മഹാലക്ഷ്മിയെ എടുക്കാൻ ഞാൻ തീരുമാനിച്ചു. 25 പൈസയുടെ ഒരു മഹാലക്ഷ്മിയെ ഞാനെടുത്തു. കുഞ്ഞയുടെ കയ്യിൽ ആണെങ്കിൽ ഒരു പാട് മഹാലക്ഷ്മിമാർ . കുഞ്ഞു മനസ്സിൽ കളങ്കമില്ല. സ്ക്കൂളിൽ കൊണ്ടുപോകുന്ന ഇന്റാലിയൻ പെട്ടിയിൽ സൂക്ഷിച്ചുവെച്ചു. രാത്രി സുഖമായി ഉറങ്ങി. പിറ്റേന്ന്  രാവിലെ ഭയങ്കര ബഹളം കേട്ടാണ് മുകളിൽ നിന്നും താഴേക്കു വന്നത്. കുഞ്ഞമ്മായിയുടെ 25 പൈസ പോയ കാര്യo. മുത്തച്ഛന്റെ മുന്നിലും വിവരമെത്തി. എന്നോട് ചോദിച്ചു മുത്തച്ഛൻ. കയ്യിൽ വലിയ വടി. ഞാനെടുത്തതാണെന്ന് കരഞ്ഞു പറഞ്ഞു. എനിക്ക് പറയാനുള്ളത് കേൾക്കാൻ സന്മനസ്സ് കാണിക്കാതെ  മുത്തച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടി. അമ്മ തലക്കിട്ട് കിഴുക്കി. ശാന്ത വലിയമ്മ കയ്യിൽ നുള്ളി. അപ്പോൾ എന്റെ രക്ഷക്കെത്തിയത് കുട്ടമാമയാണ് (വലിയച്ഛൻ) ഞാൻ ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കത മനസ്സിലാക്കാൻ എന്റെ വലിയമ്മക്കും വലിയച്ഛനും മാത്രമാണ് കഴിഞ്ഞത്. അതിനു ശേഷം മഹാലക്ഷ്മി വേണമെന്ന് ഇന്നുവരെ സ്വപ്നം കണ്ടിട്ടില്ല. മഹാലക്ഷ്മിയല്ല മനസ്സമാധാനമാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്. ഒരു പാട് സമ്പത്തുണ്ടായിട്ടെന്തു കാര്യം? ഇന്നും സത്യത്തിൽ ഉറച്ചു നിൽക്കാറുണ്ട്. അതുകൊണ്ടു തന്നെ ഒരു പാട് ശത്രുക്കളെ സമ്പാദിക്കാൻ കഴിഞ്ഞു.

ഇന്ന് പണിക്കരും കുഞ്ഞയും മുത്തച്ഛനും കുട്ട മാമയും ജീവിച്ചിരിപ്പില്ല നാട്ടിലെത്തിയാൽ ആദ്യം ഞാൻ ഓടി എത്തുക ഭാനു വലിയമ്മയേയും, തങ്ക വലിയമ്മയേയും കാണാനാണ്. ഒരു പാട് മുത്തച്ഛന്റെ കയ്യിൽ നിന്നും കിട്ടുന്ന അടിയിൽ നിന്നും ഇവർ രക്ഷിച്ചിട്ടുണ്ട്. എന്നെ സ്നേഹിച്ചിട്ടുണ്ട്.
മനസ്സിലാക്കിയിട്ടുണ്ട്.....

ജാതകവശാൽ ഇരുപത് വയസ്സിൽ . സർക്കാർ ജോലിയല്ലെങ്കിലും ബാങ്കിൽ ജോലി കിട്ടി. അമ്മ ഇപ്പോഴും പറയും കുട്ടികൃഷ്ണ പണിക്കർ പറയുന്നത് അച്ചിട്ടതാ . പക്ഷേ മഹാലക്ഷ്മിയെ ഞാനിതുവരെ കണ്ടില്ല എന്ന് ഞാൻ അമ്മയോടും പറയും🥰
മഹാലക്ഷ്മി ദേവിയും, പണിക്കരും പിന്നെ ഞാനും  (ബാല്യകാല സ്മരണകൾ 7: ഗിരിജ ഉദയൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക