Image

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

ഗിരിജ ഉദയൻ മുന്നൂർക്കോട് Published on 24 July, 2021
പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)
കന്യാകുമാരിയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം; മലയാളികളടക്കം 7 പേര്‍ പിടിയില്‍. ഇതില്‍ നാലുപേര്‍ സ്ത്രീകള്‍. 'പീഢനം' എന്ന വാക്കില്‍ സ്ത്രീകള്‍ക്കും നല്ല പങ്കുണ്ട്. 

പതിനേഴ് വയസ്സുവരെ പ്രായമുള്ള പെണ്‍കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. മൂന്നുവയസ്സുതൊട്ട് കുഞ്ഞുങ്ങളെ പീഢിപ്പിക്കുന്ന ഈ കെട്ട കാലത്ത് കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ചുമതല അമ്മമാര്‍ക്കു തന്നെ. മാനസിക രോഗികളായ ചില പുരുഷന്മാരുടെ പേക്കൂത്തിന് എല്ലാ പുരുഷന്മാരേയും നമ്മള്‍ പഴിക്കേണ്ട ആവശ്യമില്ല : അത്തരം നീചന്മാരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം. അത്തരം അനീതികള്‍ക്കെതിരെയാണ് നമ്മള്‍ സ്ത്രീകള്‍ പടപൊരുതേണ്ടത്. പ്രായ പൂര്‍ത്തിയായ ഒരു സ്ത്രീ സ്വന്തം സമ്മതത്തോടെ പരപുരുഷനുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങിനെ പീഢനമാവും? രണ്ടു പേരും ഒരേ തരത്തില്‍ കുറ്റക്കാരാണ്.

*പോരാട്ടം ആണുങ്ങള്‍ക്കെതിരെയല്ല; അനീതിക്കെതിരെയാകണം*

കേരളത്തില്‍ കാലങ്ങളായി കണ്ടു വരുന്നൊരു പ്രവണതയുണ്ട്. ഒരു സ്ത്രീക്കെതിരെ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന ചില പോരാട്ട ശബ്ദങ്ങള്‍. പുരുഷന്മാരെ അടച്ചാക്ഷേപിച്ചു കൊണ്ടായിരിക്കും ഇവരുടെയെല്ലാം പ്രഹസന മുദ്രാവാക്യങ്ങള്‍. ഇത് കേട്ടാല്‍ തോന്നും കേരളത്തിലെ പുരുഷന്മാരെല്ലാം കാപാലികന്മാരാണെന്നും സ്ത്രീപീഡനത്തിന്റെ മൂര്‍ത്തിഭാവങ്ങളാണെന്നും. എന്നാല്‍ ഇവരെല്ലാം  കേരളത്തില്‍ നടക്കുന്ന മറ്റു കുറ്റകൃത്യങ്ങള്‍ക്കെതിരെ അവസരോചിതമായി  കണ്ണടക്കുകയാണ് .   പല കുറ്റകൃത്യങ്ങളും  പരിശോധിച്ചാല്‍ ഇതിന്റെ പുറകില്‍  സ്ത്രീകളുടെയും പങ്കുണ്ടെന്നത് അപ്രിയ സത്യമാണ്.  അപ്പോള്‍ പുരുഷന്മാരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള മുറവിളികള്‍ അപഹാസ്യമായി തോന്നുന്നു.  അടുത്തിടെ നടന്ന ഉത്രയുടേയും, വിസ്മയയുടെയും അതുപോലെ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടവരുടെ മരണത്തിന് പോലും ഉത്തരവാദികളായി പത്ര വാര്‍ത്തകളില്‍ നിറയുന്നതില്‍  അമ്മായി അമ്മമാരുടെ പങ്കും സ്പഷ്ടമാണ്.  തൊട്ടു പുറകെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി  ഭര്‍ത്താവിനെ വഞ്ചിച്ച ഒരു സ്ത്രീ, അവളെ ചതിച്ചതാകട്ടെ  തന്റെ ഭര്‍ത്താവിന്റെ സഹോദര ഭാര്യയും വേറൊരു ബന്ധുവായുള്ള പെണ്‍കുട്ടിയും . ഇവരെകുറിച്ചൊന്നും ആര്‍ക്കും പരാതിയില്ല. അതെന്തേ കുറ്റകൃത്യമല്ലേ... കാമുകനു വേണ്ടി മക്കളെ കൊലപ്പെടുത്തിയ അമ്മമാര്‍ പത്രവാര്‍ത്തകളില്‍ നിറഞ്ഞ നാട്ടിലാണു നാം ജീവിക്കുന്നതെന്നും മറക്കരുത്.

സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ ഒപ്പമുള്ളവരെയും, സ്‌നേഹിക്കപ്പെടാന്‍ അര്‍ഹതയുള്ള മനുഷ്യരെയും  തള്ളിക്കളഞ്ഞും  പ്രതിക്കൂട്ടിലാക്കിയും നേടാനുള്ള എന്തോ വിശിഷ്ട ഭോജ്യമാണെന്ന തോന്നല്‍ എന്തു വകതിരിവില്ലായ്മയാണ്. ലിംഗ സമത്വത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നവര്‍ ഉയര്‍ത്തുന്നത് എന്തു ന്യായീകരണമാണ്, എന്തു വിലയാണ് ഇവര്‍ക്കെല്ലാം കാലം കാത്ത് വച്ചിരിക്കുന്നത്  ?.

നമ്മള്‍ പോരാടേണ്ടത് കുറ്റകൃത്യങ്ങള്‍ക്കെതിരെയാകണം. ഇതില്‍ ലിംഗ വിവേചനം പാടില്ല. ഭര്‍ത്താവിനേയും, ജനിപ്പിച്ച മക്കളേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടെയിരിക്കുന്നു. ഇതില്‍ ആരാണ് കുറ്റക്കാര്‍. ഭാര്‍ത്താവില്‍ നിന്നും പീഢനമുണ്ടെങ്കില്‍ അതിനെ തിരെ പ്രതികരിക്കണം. പാവം ജനിപ്പിച്ച കുഞ്ഞുങ്ങളെ അനാധരാക്കുന്നതും സ്വന്തം സുഖം തേടി പോകുന്നതും തെറ്റല്ലേ. പുരുഷന്മാരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കി നടത്തുന്ന  പോരാട്ടങ്ങള്‍  അപഹാസ്യമാണ്. ഇവരെല്ലാം  അപമാനിക്കുന്നത്   സ്വന്തം വീട്ടിലെ ഭര്‍ത്താവിനെയും, അച്ഛനെയും സഹോദരനെയുമാണെന്നത്  ഓര്‍ക്കുന്നില്ല. ഇനി ഇതിനായി ഇറങ്ങി തിരിക്കുന്ന സ്ത്രീകള്‍ സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതികരിക്കുന്നതെങ്കിലും പോരാടേണ്ടത് അനീതിക്കെതിരെയാകണം. പുരുഷനെ വേര്‍തിരിച്ചു കാണുന്ന ഒരു സമൂഹത്തെ കുറിച്ച് ചിന്തിക്കാനാവില്ല. അച്ഛന്റെ കൈപിടിച്ച് ലാളനയില്‍ വളര്‍ന്നവര്‍ക്കും സഹോദരന്മാരുടെ കരുതലിന്റെ ഊഷ്മളത അനുഭവിച്ചവര്‍ക്കും ഭര്‍ത്താവിന്റെ സ്‌നേഹവും ബഹുമാനവും ലഭിക്കുന്നവര്‍ക്കും മറിച്ചു ചിന്തിക്കാനാവില്ല
Join WhatsApp News
moidunny abdutty 2021-07-25 02:52:00
That is very true. Most of the men are decent. if there are some isolated incidence occurred, cannot stereotyped everyone. Good to hear different voice.
Jyothylakshmy Nambiar 2021-07-25 04:21:29
ബന്ധങ്ങളുടെയും, സൗഹൃദങ്ങളുടേയും യഥാർത്ഥ മൂല്യം മനസ്സിലാക്കാൻ കഴിയാത്തവരാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ മുതിരുന്നതെന്ന് തീർച്ചയാണ്.
Sudhir Panikkaveetil 2021-07-25 12:19:34
ശീർഷകത്തിൽ തന്നെ ഒരു മഹാലേഖനം ഉൾക്കൊണ്ടിരിക്കുന്നു. നല്ല എഴുത്തു മാഡം. എഴുത്തുകാരുടെ തൂലികക്ക് സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. അഭിനന്ദനങ്ങൾ.
Girija Menon 2021-07-25 14:53:54
വായിച്ചതിൽ സന്തോഷം . സുധീർ, ജ്യോതി, മൊയ്തുണ്ണി അബ്ദുട്ടി നന്ദി ഒരുപാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക