MediaAppUSA

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 31 July, 2021
നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)
അച്യുതന്‍കുട്ടി ആ പരസ്യത്തിലേക്ക് ഒരിക്കല്‍കൂടി നോക്കി. ആകെ രണ്ട് തവണയാണ് അയാള്‍ ആ ബോക്‌സ് പരസ്യം മുഴുവനായി വായിച്ചത്. പക്ഷേ അതിലേക്ക് മാത്രം കണ്ണോടിച്ചുകൊണ്ട് ഡോ. മാധവി വാരസ്യാര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു. അന്‍പത് തവണയെങ്കിലും തന്റെ ഭാര്യ അത് വായിച്ചിട്ടുണ്ടാവുമെന്ന് അച്യുതന്‍കുട്ടി ഊഹിച്ചു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്നിട്ട് ഒന്ന് കുളിക്കുകപോലും ചെയ്യാതെയാണ് കമ്പ്യൂട്ടറിന്റെ മുമ്പില്‍ അവള്‍ ചടഞ്ഞിരിക്കുന്നത്. സാധാരണഗതിയില്‍ ഡ്യൂട്ടി കഴിഞ്ഞു വന്നാലുടനെ വിസ്തരിച്ചൊരു കുളിയും വലിയൊരു കിണ്ണം നിറയെ സീരിയലും കഴിച്ച് നേരെ കിടക്കയിലേക്ക് ചെരിയുന്നതാണ് ആളുടെ പതിവ്. പിന്നെ നാലഞ്ച് മണിക്കൂര്‍ കൂര്‍ക്കം വലിച്ചുള്ള ശവാസനം. ഉച്ചയ്ക്ക് എണീറ്റാലായി, ഇല്ലെങ്കിലായി. എണീറ്റാല്‍ത്തന്നെ ഫ്രിഡ്ജില്‍ നിന്നും എന്തെങ്കിലുമെടുത്ത് കഴിച്ച് വീണ്ടും കിടക്കമുറിയിലേക്ക് മടങ്ങും. വൈകുന്നേരം എണീറ്റ് ഇത്തിരിനേരം ടെലിവിഷന്‍ കാണല്‍, പിന്നെ എന്തെങ്കിലും കഴിച്ചെന്നുവരുത്തി തിടുക്കത്തില്‍ ബാഗും കാറിന്റെ താക്കോലുമെടുത്ത് നേരെ ഹോസ്പിറ്റലിലേക്ക്. . .

""അച്ചുവിനെന്താ ഇത് കണ്ടിട്ട് ഒരു താല്പര്യവും തോന്നാന്നത്? ഏടത്തി എത്ര ആവേശത്തോടെയാണ് ഇതിനെപ്പറ്റി സംസാരിച്ചതെന്ന് ഞാന്‍ പറഞ്ഞല്ലോ. പരസ്യത്തിന്റെ കട്ടിംഗെടുത്ത് ഈമെയില്‍ ചെയ്തിട്ടുണ്ടെന്നു പറയാന്‍ എന്നെ രാവിലെ വിളിക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. "കാര്‍ നീ സൈഡിലേക്കൊന്ന് പുള്ളോവര്‍ ചെയ്യൂ, എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്' എന്ന് ഏടത്തി പറയുമ്പോള്‍ ആ സ്വരത്തില്‍ മുഴങ്ങിയ ആവേശവും സന്തോഷവും ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. നിങ്ങളോട് പറഞ്ഞാല്‍ അതവഗണിക്കുകയേയുള്ളൂവെന്ന് ഏടത്തിക്കറിയാമല്ലോ.'' മകന് ഇണങ്ങിയൊരു മംഗല്യപരസ്യം കണ്ടിട്ടും ഭര്‍ത്താവിന്റെ തണുപ്പന്‍ പ്രതികരണം കണ്ടപ്പോള്‍ മാധവിക്ക് തെല്ലൊന്നുമല്ല നീരസം തോന്നിയത്.

""ശരിയാണ്. ഞാന്‍ അവഗണിക്കുമായിരുന്നു. ഓപ്പുവിനത് ഇപ്പോഴെങ്കിലും മനസ്സിലായത് നന്നായി. ഒരിക്കല്‍ എന്റെ ഓപ്പോള്‍ പറഞ്ഞതു കേട്ടതിന്റെ ഫലമാണല്ലോ ഞാനീ ജീവിതം മുഴുവനുമനുഭവിക്കുന്നത്!'' ശബ്ദമടക്കിയാണ് അച്യുതന്‍കുട്ടി അത് പറഞ്ഞതെങ്കിലും അയാളുടെ വാക്കുകളിലെ പരിഹാസം അവര്‍ക്ക് പെട്ടെന്ന് പിടികിട്ടി. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും തല വെട്ടിച്ച് ഈര്‍ഷ്യയോടെ മാധവി പ്രതികരിച്ചു:

""എന്തനുഭവിക്കുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്? എന്നെ മംഗലം കഴിച്ചതിനെപ്പറ്റിയായിരിക്കും ഉദ്ദേശിച്ചത്, അല്ലേ? ഏടത്തി മുന്‍കൈയെടുത്താണ് അത് നടത്തിയെന്നത് നേര്. എന്നിട്ട് നിങ്ങള്‍ക്ക് എന്ത് ദോഷമാണുണ്ടായത്? നിങ്ങള്‍ എഞ്ചിനീയറാണെങ്കില്‍ ഞാന്‍ ഡോക്ടര്‍. ഒരേ സമുദായം. പോരെങ്കില്‍ നിങ്ങളേക്കാള്‍ പേരുകേട്ട തറവാട്ടുകാര്‍. ഏറനാട്ട് ഞങ്ങളുടേതിനേക്കാള്‍ മുന്തിയൊരു വാര്യര്‍ കുടുംബത്തെ കാണാന്‍ കിട്ടുമോ, ഇപ്പോഴും?''

മാധവിയുടെ മുഖമാകെ ദേഷ്യംകൊണ്ട് ചുവന്നു. നെറ്റിമേല്‍ വിയര്‍പ്പുമണികള്‍ ഉരുണ്ടുകൂടി. കോഴിപ്പപ്പ് പോലെയുള്ള അവരുടെ മുടിക്കെട്ട് ഇളകിയാടുന്നത് കണ്ട് അച്യുതന്‍കുട്ടിക്ക് ചിരിക്കാനാണ് തോന്നിയത്. പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മാധവിയെ ആദ്യമായി കണ്ടപ്പോഴും ആ കേശദാരിദ്ര്യമായിരുന്നല്ലോ പെട്ടെന്ന് ശ്രദ്ധിച്ചത്. കുട്ടിയെ തനിക്ക് തീരെ പിടിക്കുന്നില്ലെന്ന് ഓപ്പോളോട് അന്നുതന്നെ പറഞ്ഞതാണ്. പക്ഷേ അവരതിനെ ലളിതവല്‍ക്കരിക്കുകയായിരുന്നു:

""എന്റെ കുട്ടാ, ഈ മുടിയിലൊന്നും വലിയ കാര്യമില്ലെടാ. അമേരിക്കയില്‍ ആരെങ്കിലും മുടി നീട്ടി വളര്‍ത്തുമോ? ആളൊരു ഡോക്ടറാണെന്നോര്‍ക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളൊന്നിച്ചാണ് ജോലി ചെയ്യുന്നത്, ഒരു സ്വഭാവദ്യൂഷ്യോമില്ല; കാണാന്‍ ആവശ്യത്തിന് ചന്തോമുണ്ട്. നീയിവിടെ വന്നിട്ട് ഇത്ര കാലല്ലേ ആയുള്ളൂ? ന്റെ കുട്ടാ, നാട്ടില്‍ പോയി മുന്‍പരിചയം ഇല്ലാത്തൊരു കുട്ടിയെ കണ്ട് മംഗലം കഴിക്കുന്നതിലും ഭേദമല്ലേ നമുക്കറിയാവുന്ന ഒരു വാര്യര്‍കുട്ടിയെ ഇവിടെ നിന്നും കിട്ടുന്നത്? മാതൂന്റെ അമ്മയേം അച്ഛനേം ഒക്കെ ഞങ്ങള്‍ക്കറിയാം. അവരിവിടെ സെറ്റില്‍ ചെയ്തിട്ട് കാലം കുറെയായി. എല്ലാവരും നല്ല തറവാടികള്‍. നിനക്ക് ദോഷം വരുന്ന എന്തെങ്കിലും നിന്റെ ഈ ഓപ്പു പറയുമോ?''

""ഇനി അഥവാ നാട്ടില്‍ പോയി നമുക്ക് പറ്റിയ ഒരു കുട്ടിയെ കണ്ടെത്തി മംഗലം കഴിച്ചാല്‍ത്തന്നെ അവളെ ഫയല്‍ ചെയ്ത് ഇങ്ങോട്ട് കൊണ്ടുവരണമെങ്കില്‍ പിന്നേം രണ്ട് മൂന്ന് കൊല്ലം കാത്തിരിക്കണം. ഈ കുട്ടിയാവുമ്പോള്‍ അങ്ങനത്തെ ഒരു പ്രശ്‌നോമില്ല. വിരഹദുഃഖം എന്നത് അനുഭവിച്ചവര്‍ക്കേ അറിയൂ. തനിക്കത് മനസ്സിലാവില്ല. തന്റെ ഓപ്പോളെ മംഗലം കഴിച്ച് കൊല്ലം രണ്ട് കഴിഞ്ഞാണ് ഞാനിവിടെയെത്തിയത്. തനിക്കാ ഗതി വരാതിരിക്കട്ടെടോ''

ഭാര്യയെ പിന്തുണച്ചുകൊണ്ട് മച്ചുനന്‍ വാസുദേവ വാര്യര്‍ ഒരു ചെറുപുഞ്ചിരിയോടെ അന്നത് പറഞ്ഞത് അച്യുതന്‍കുട്ടി ഓര്‍ത്തു. വാസ്വേട്ടന്‍ സ്വതവേ ഒരു രസികനാണ്. സദാ പുഞ്ചിരിക്കുന്ന മുഖം. ഓപ്പോളെ പെണ്ണുകാണാന്‍ വാര്യത്ത് ആദ്യമായി വന്നപ്പോഴും ശ്രദ്ധിച്ചത് ആ പ്രത്യേകതയായിരുന്നു. നന്നായി ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ നേരിയ പച്ചപ്പ് വന്ന് കവിളുകളും തിളങ്ങുന്ന പച്ചക്കടുക്കനും മുഖത്തിനാകെ ഒരു ചന്തം നല്‍കിയിരുന്നത് വാര്യത്തെ കുട്ടികളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാസ്വേട്ടന്റെ മുഖം വാടിക്കണ്ടത് വര്‍ഷങ്ങള്‍ക്കു മുമ്പ് മൂത്ത കുട്ടി മരിച്ചതിനു ശേഷം നാട്ടില്‍ വന്നപ്പോള്‍ മാത്രമാണ്. അകാല മരണമെന്നോ ദുര്‍മരണമെന്നോ എന്തു പേരിട്ട് വിളിച്ചാലും ശരി, അതൊരു ദുരന്തം തന്നെയായിരുന്നല്ലോ. ഒരു വാരാന്ത്യം വീട്ടില്‍ വിരുന്ന് വന്ന കുട്ടികളോടൊപ്പം "ഒളിച്ചേ കണ്ടേ' കളിച്ചുനടന്ന ആ മൂന്നു വയസ്സുകാരി എങ്ങനെയോ ഫ്രിഡ്ജിനകത്ത് കയറി ഒളിക്കാന്‍ ശ്രമിച്ചതും ഏറേ നേരത്തെ തിരച്ചിലിനൊടുവില്‍ ശ്വാസം മുട്ടി മരിച്ചൊരു ജഡമായി മാത്രം കണ്ടെത്തപ്പെട്ടതും ഓര്‍ക്കുമ്പോള്‍ത്തന്നെ ഞെട്ടലുണ്ടാവുന്നു. പൊന്നുമോളുടെ നഷ്ടവും പോലീസ് കേസും കോടതിവ്യവഹാരങ്ങളും ചേര്‍ന്ന് വാസ്വേട്ടനെ വല്ലാതെ തകര്‍ന്നൊരു മനുഷ്യനാക്കി മാറ്റിയ അക്കാലം മാത്രമാണ് ആ മുഖത്തെ പ്രസാദം മാഞ്ഞുനിന്നത്.

രാവിലെ ഭാര്യയുമായൊരു തര്‍ക്കത്തിന് മുതിരുന്നത് ബുദ്ധിശൂന്യവും തന്റെ സമയം നഷ്ടപ്പെടുത്തുന്ന പണിയുമാണെന്നറിയാവുന്നതുകൊണ്ട് അച്യുതന്‍കുട്ടി വാര്യര്‍ മറുപടിയൊന്നും പറയാതെ ബേസ്‌മെന്റിലെ  ഓഫീസ് മുറിയിലേക്ക് മടങ്ങാനൊരുങ്ങി. ഇന്‍ബോക്‌സിലിപ്പോള്‍ പുതിയതായി നാലഞ്ച് കത്തുകളെങ്കിലും വന്ന് കിടപ്പുണ്ടാവും. "വര്‍ക്ക് ഫ്രം ഹോമി'ന്റെ സൗകര്യമൊക്കെയുണ്ടെങ്കിലും അസൈന്‍മെന്റുകള്‍ക്കൊരു കുറവുമില്ല. പൈജാമ മാത്രം ധരിച്ച്, ഷേവിംഗോ കുളിയോ പോലും വേണ്ടെന്നു വച്ച് അടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന ഭാര്യയുടെ കൂര്‍ക്കം വലിയുടെ പശ്ചാത്തലത്തില്‍ ലാപ്‌ടോപ്പിന്റെ മുമ്പില്‍ ദിവസം മുഴുവനുമിരിക്കുമ്പോള്‍ പക്ഷേ, പലപ്പോഴും ഓഫീസും ലോംഗ് ഡ്രൈവും മിസ് ചെയ്യാറുണ്ട്; വിവിധ ദേശക്കാരും സുന്ദരികളുമായ സഹപ്രവര്‍ത്തകരെയും.

""അച്ചു പോകാന്‍ വരട്ടെ. ഇതിന്റെ കാര്യത്തിലൊരു തീരുമാനം പറയൂ. എനിക്ക് തോന്നുന്നത് ഇത് നമ്മുടെ മോന് പറ്റിയൊരു പ്രപ്പോസലാണെന്നാണ്. അവരിത്തിരി മേല്‍ജാതിയാണെങ്കിലും അമേരിക്കന്‍ പയ്യന്‍ എന്നൊരു മേല്‍ക്കോയ്മ നമുക്കുണ്ടല്ലോ'' ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചു നിര്‍ത്തി മാധവി വലിയൊരു കണ്ടുപിടുത്തം നടത്തുന്നതുപോലെ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

""നീ ആ പരസ്യം മുഴുവനും വായിച്ചിട്ടും ഇതു തന്നെയാണോ പറയുന്നത്? "ബാധ്യതകളില്ലാത്ത വിവാഹമോചിത' എന്ന് പ്രത്യേകം പറയുന്നുണ്ടല്ലോ അതില്‍. . . "പുനര്‍വിവാഹിതരെയും പരിഗണിക്കും' എന്നൊരു സൗജന്യവുമുണ്ട്. നല്ല ബെസ്റ്റ് ആലോചന തന്നെ. ഏക മകന് ഇതിലും നല്ലൊരു വധുവിനെ തേടിപ്പിടിക്കാനില്ലല്ലോ. നീയും കൊള്ളാം, ഓപ്പോളും കൊള്ളാം. ശുദ്ധ ജാതകവും ഇരുപത്തിയഞ്ച് വയസ്സുമുള്ള നമ്പീശയുവതി എന്ന് കണ്ടമാത്രയില്‍ത്തന്നെ രണ്ടുപേരുമങ്ങ് എടുത്തുചാടിയിരിക്കുന്നു! "പെണ്‍ബുദ്ധി പിന്‍ബുദ്ധി' എന്ന് പറയുന്നതു വെറുതെയല്ല.'' അച്യുതന്‍കുട്ടി അപ്പോഴേയ്ക്കും ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു.

മാധവി വാരസ്യാര്‍ പക്ഷേ, വിടാനുള്ള ഭാവമല്ലായിരുന്നു. ശാഠ്യം വെടിഞ്ഞ് ശാന്തയായി, തികഞ്ഞ ക്ഷമയോടെ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചു:

""മുകുന്ദന്റെ കുറവുകള്‍ക്കു മുമ്പില്‍ ആ കുട്ടിയുടെ പോരായ്മ ഒന്നുമല്ലല്ലോ അച്ചൂ. ഇവിടെ അവനെ അറിയുന്നവരാരെങ്കിലും ഒരു സംബന്ധത്തിന് വരുമോ? കള്ളുകുടീം പെണ്ണുപിടീം മാത്രമല്ലല്ലോ, ഗാബ്ലിംഗിലും തല്ലുകൂടലിലും വരെ അവന്‍ തലയിടുകയല്ലേ. . . വയസ്സ് മുപ്പതാകാറായി. അവന്റെ കാര്യമോര്‍ത്ത് എന്റെ മനഃസമാധാനം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. . . ഈ കുട്ടിയാവുമ്പോള്‍ രണ്ടുപേരുടെയും കുറവുകള്‍ മറന്ന് നമുക്ക് ഒരു ബന്ധം സ്ഥാപിക്കാന്‍ പറ്റും. നമ്മുടെ മോനെ മാറ്റിയെടുക്കുവാന്‍ ആ കുട്ടിക്ക് സാധിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. ഏടത്തിയും അതുതന്നെയാണ് പറഞ്ഞത്.''

അച്യുതന്‍കുട്ടിക്ക് ആ പരീക്ഷണത്തോട് തീരെ യോജിപ്പ് തോന്നിയില്ല. മകന്റെ "സാഹസപ്രവൃത്തികള്‍' കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. . . ലാളിച്ച് വഷളാക്കിയതാണെന്ന് ചിലപ്പോഴൊക്കെ കുറ്റബോധത്തോടെ ഓര്‍ക്കാറുണ്ട്. പക്ഷേ "വഷളത്തരം' വല്ലാതങ്ങ് വളരുകയാണെന്നറിയുവാന്‍ വൈകിപ്പോയി. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ അവന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ഗര്‍ഭനിരോധന ഉറ ആദ്യത്തെ "അപായ സൂചന'യായിരുന്നു. തുണികള്‍ ലോന്‍ഡ്രിയില്‍ തരംതിരിക്കുന്നതിനിടയില്‍ മകന്റെ പാന്റ്‌സിന്റെ കീശയില്‍ കണ്ടെത്തിയ "സാധന'ത്തെപ്പറ്റി മാധവി ഒരു ഞെട്ടലോടെ വന്ന് പറഞ്ഞപ്പോള്‍ അറിഞ്ഞില്ലെന്ന് നടിച്ച് അവഗണിക്കുവാനാണ് അവളെ ഉപദേശിച്ചത്. പിന്നെയുമൊരിക്കല്‍കൂടി അത് കണ്ടപ്പോള്‍ മകനോട് ചോദിക്കുവാനുള്ള അച്ഛന്റെ കര്‍ത്തവ്യത്തെപ്പറ്റി അവള്‍ ഉദ്‌ബോധിപ്പിച്ചു. ചോദ്യം ചെയ്ത തന്നോട് അന്നവന്‍ പറഞ്ഞത് എങ്ങനെ മറക്കാനാണ്?

""ഡോണ്ട് യൂ നോ വീ ഗെറ്റ് ഫ്രീ കോണ്ടംസ് ഇന്‍ ദ സ്കൂള്‍? ദേര്‍സ് എ ബിഗ് കാമ്പെയിന്‍ എഗൈന്‍സ്റ്റ് ടീനേജ് പ്രഗ്നന്‍സി. . . യൂ ക്യാന്‍ കീപ്പിറ്റ് ഈഫ് യൂ വാണ്ട്.''

മുഖമടച്ചൊരു അടിയാണ് മകന്‍ തന്നിരുന്നതെങ്കില്‍ അതിലും ഭേദമായിരുന്നു എന്ന് തോന്നി. പറഞ്ഞ വാക്കുകളുടെ അര്‍ത്ഥമറിഞ്ഞിട്ടാണോ അവനിങ്ങനെ പറയുന്നതെന്നോര്‍ത്ത് പരിതപിക്കുവാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. വല്ലതും കൂടുതല്‍ പറയുകയോ തല്ലുകയോ ചെയ്താല്‍ പോലീസ് വന്ന് വിലങ്ങുവയ്ക്കുന്നത് തന്റെ കൈകളിലായിരിക്കുമെന്നറിയാവുന്നതുകൊണ്ട് നിരുപാധികം ക്ഷമിച്ചു. പിന്നീടൊരിക്കലും അവന്റെ കാര്യത്തിലിടപ്പെട്ടിട്ടില്ല. പിടിച്ചാല്‍ കിട്ടാത്തത്ര നിലയില്‍ അവനങ്ങ് "വളര്‍ന്ന്' വലുതാവുകയും ചെയ്തു.

എന്ത് കാരണത്താലാണെങ്കിലും, ആരുടെ കുറ്റം കൊണ്ടാണെങ്കിലും വിവാഹമോചിതയായ ഒരു പെണ്‍കുട്ടിയെ വീണ്ടുമൊരു "ബന്ധന'ത്തിലേക്ക് തള്ളിവിടാന്‍ ഒരുക്കമല്ലെന്നു പറഞ്ഞിട്ടും അച്യുതന്‍കുട്ടിയെ മെരുക്കിയെടുത്തേ പറ്റൂവെന്ന വാശിയിലായിരുന്നു ഡോ. മാധവി. പതിവില്ലാത്തവിധം അന്നവര്‍ ഭര്‍ത്താവിനെ സ്‌നേഹവചസ്സുകള്‍ കൊണ്ട് മൂടി. ഭര്‍ത്താവിന്റെ നെഞ്ചിലെ രോമക്കാടുകളിലൂടെ വിരലുകളോടിച്ചുകൊണ്ട് അവര്‍ ഓരോന്നും പറഞ്ഞ് പ്രചോദിപ്പിച്ചപ്പോള്‍ വര്‍ഷങ്ങളായുള്ള ഭാര്യയുടെ നൈറ്റ് ഷിഫ്റ്റുകള്‍ മൂലം മുരടിച്ചുപോയ തന്റെ യൗവ്വനത്തിന്റെ വിശപ്പും ദാഹവുമോര്‍ത്ത് അച്യുതന്‍കുട്ടി ഒരു നിമിഷം വിഷാദവാനായി. ഒടുവില്‍, "അച്ചു നാട്ടിലൊന്നു പോയി ആ കുട്ടിയെ കണ്ടുവരൂ, ഏറെക്കുറെ ശരിയാവുമെങ്കില്‍ നമുക്ക് മോനെ ആ വഴിക്കെങ്കിലും രക്ഷപ്പെടുത്താം' എന്നുള്ള ഭാര്യയുടെ അസാധാരണമായ യാചനകള്‍ക്കു മുമ്പില്‍ അയാള്‍ കീഴടങ്ങുകയായിരുന്നു.സ്വരാജ് റൗണ്ടില്‍ മാട്രിമോണിയല്‍ ഏജന്‍സിയുടെ ഓഫീസിരിക്കുന്ന പഴയ ഇരുനില കെട്ടിടത്തിന്റെ പടികളിറങ്ങുമ്പോള്‍ ഒപ്പം വന്ന ഏജന്‍സി "ഫീല്‍ഡ് ഓഫീസര്‍ കം ഓണര്‍' ഡേവീസ് അച്യുതന്‍കുട്ടിയെ ഓര്‍മ്മിപ്പിച്ചു:

""വടക്കുന്നാഥനെ ഒന്ന് തൊഴുതിട്ട് പോയാല്‍ മതി, ഒരു നല്ല കാര്യത്തിന് പോകുകയല്ലേ?''

നസ്രാണിയാണെങ്കിലും ഇയാള്‍ കാര്യവിവരമുള്ളവനാണല്ലോയെന്ന് അച്യുതന്‍കുട്ടി വിചാരിച്ചു. ആളൊരു സരസനാണെന്ന് ഫോണില്‍ സംസാരിച്ചപ്പോഴേ തോന്നിയതാണ്; നേരില്‍ കണ്ടപ്പോള്‍ അതുറപ്പിക്കുകയും ചെയ്തു.

""കഴിഞ്ഞ മൂന്നു മാസമായി അച്ചടിപ്പിശക് വന്ന ഒരെണ്ണമുള്‍പ്പെടെ എല്ലാ ഞായറാഴ്ചയും ഞങ്ങളവരുടെ പരസ്യമിടുന്നുണ്ട്. കൊണ്ടുപോയി കാണിക്കുന്ന ഒരുത്തരെയും പക്ഷേ, അവര്‍ക്കിഷ്ടപ്പെടുന്നില്ല. സാറിനെ എന്തായാലും അവര്‍ക്ക് ഇഷ്ടമാവാനാണ് വഴി. എന്തോ, സാറിനെ കണ്ടപ്പോള്‍ത്തന്നെ എന്റെ മനസ്സ് പറയുന്നത് ഇത് നടക്കുമെന്നാണ്'' ടാക്‌സിയില്‍ കയറുമ്പോള്‍ ഡേവീസ് പതിവുപോലെ ഭംഗിവാക്കുകള്‍ ഉരുവിട്ടു. തന്നെ ഇഷ്ടപ്പെട്ടിട്ടു കാര്യമില്ലല്ലോ, മകനെയല്ലേ കുട്ടിക്ക് ബോധിക്കേണ്ടത് എന്ന് മനസ്സില്‍ തികട്ടിവന്നത് അവിടെത്തന്നെ സൂക്ഷിച്ചുവച്ച് അച്യുതന്‍കുട്ടി സ്വരാജ് റൗണ്ടിലെ കാഴ്ചകള്‍ കൗതുകപൂര്‍വ്വം വീക്ഷിച്ചുകൊണ്ട് കാറിലിരുന്നു.

വടക്കുന്നാഥനെ തൊഴുത്, "പൂങ്കുന്നം ഗാര്‍ഡന്‍സി'ലെ നാലാം നിലയിലുള്ള ഫ്‌ളാറ്റിലെത്തുമ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. കോളിംഗ് ബെല്ലില്‍ ഡേവീസ് വിരലമര്‍ത്തിയപ്പോള്‍ ദൂരെയെവിടെ നിന്നോ ഒരു പള്ളിമണി മുഴങ്ങുന്നതുപോലെയാണ് അച്യുതന്‍കുട്ടിക്ക് തോന്നിയത്. കാല്‍പ്പാദങ്ങള്‍ അടുത്തേയ്ക്ക് വരുന്നതും പിന്നെ നിമിഷങ്ങളോളം നിശ്ചലമായി നില്‍ക്കുന്നതും അയാളറിഞ്ഞു. രണ്ടാം തവണ ഡേവീസ് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്താനൊരുങ്ങുമ്പോഴേക്കും വാതില്‍ തുറന്ന് മദ്ധ്യവയസ്കയായൊരു സ്ത്രീ പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്ത് അകത്തേയ്ക്കു ക്ഷണിച്ചു. തന്നെ ഉറ്റുനോക്കിക്കൊണ്ടു നില്‍ക്കുന്ന അവരെ ആപാദചൂഡം നോക്കിനില്‍ക്കേ അച്യുതന്‍കുട്ടിയുടെ ചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു:

""മാലതി. . .?''

""അച്ചുവേട്ടന്‍. . . ഇവിടെ?'' ഒരു ചോദ്യമായിരുന്നു മാലതിയുടെ ഉത്തരം.

ഒന്നും മനസ്സിലാകാതെ ഡേവീസ് ഇരുവരെയും മാറിമാറി നോക്കി.

മേഴത്തൂര്‍ -- തൃത്താല റൂട്ടിലോടുന്ന ഗോമതി ബസ്സിന്റെ മുന്‍ഭാഗത്ത് മുല്ലപ്പൂ ചൂടി നിന്ന്, പുസ്തകക്കെട്ടുകള്‍ മാറത്തു ചേര്‍ത്തുവെച്ച്, ഇടയ്‌ക്കൊക്കെ തലവെട്ടിച്ച് പിന്‍നിരയിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് കോളജിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന മാലതി നമ്പീശന്റെ മുഖം അച്യുതന്‍കുട്ടിയുടെ മനസ്സിലേക്ക് ഓടിയെത്തി. വീടുകള്‍ തമ്മില്‍ രണ്ട് ഫര്‍ലോംഗ് ദൂരത്തിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും അടുത്ത് പരിചയപ്പെടുന്നതും തുറന്ന് സംസാരിക്കുന്നതും കോളജിലേക്ക് ഒരേ സ്റ്റോപ്പില്‍ നിന്നും ഒരുമിച്ച് യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്. മാലതി പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിന് ചേരുമ്പോള്‍ അച്യുതന്‍കുട്ടി ബി.എസ്.സി. രണ്ടാം വര്‍ഷത്തിലെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥിയോടുള്ള ബഹുമാനമോ നാട്ടുകാരനോടുള്ള സ്‌നേഹമോ എന്താണെങ്കിലും മാലതിക്ക് "അച്ചുവേട്ട'നെ ഏറെ ഇഷ്ടമായി. ആദ്യദിവസം തന്നെയുള്ള "അച്ചുവേട്ടാ' എന്നുള്ള സ്‌നേഹത്തില്‍ ചാലിച്ചുള്ള വിളിയോ, സദാ പുഞ്ചിരി വിളയുന്ന മുഖമോ, മുല്ലപ്പൂവിന്റെ സുഗന്ധമോ ഏതാണ് തന്നെ ഏറ്റവുമാകര്‍ഷിച്ചതെന്ന് അച്യുതന്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായില്ല. പക്ഷേ, നിത്യവും മുല്ലപ്പൂകൊണ്ടലങ്കരിച്ചിരുന്ന, ഞെരിയാണി വരെ നീണ്ടുകിടന്ന മാലതിയുടെ ആ കേശസമൃദ്ധി താനൊരിക്കലും മറക്കുകയില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. ഉവ്വ്, ആ സമൃദ്ധി ഇപ്പോഴുമുണ്ട്, മുല്ലപ്പൂവില്ലെന്നേയുള്ളൂ, അച്യുതന്‍കുട്ടി കൗതുകപൂര്‍വ്വം നിരീക്ഷിച്ചു.

മാലതിയുടെ പുഞ്ചിരിക്കുന്ന, ആശ്ചര്യം നിറഞ്ഞ മുഖത്തേയ്ക്ക് നോക്കുന്തോറും അച്യുതന്‍കുട്ടിയുടെ മനസ്സിലേക്ക് പഴയ കാമ്പസ് കാലവും ഒരുമിച്ചുള്ള ബസ്സ് യാത്രകളും തികട്ടിവന്നുകൊണ്ടിരുന്നു. കോളജ് ലൈബ്രറിയിലെ പുസ്തകശേഖരങ്ങളില്‍ സ്വപ്നകാമുകിയെ കൊതിയോടെ പരതിനടന്ന വായനയുടെ സുവര്‍ണ്ണകാലത്താണ് മാലതി അവിടെ പഠിക്കാന്‍ വരുന്നത്. ഭാരതപ്പുഴയുടെ കാറ്റേറ്റ് വളര്‍ന്നതുകൊണ്ടാവണം, എം.ടിയുടെ നായികമാരെത്തന്നെ സങ്കല്പസഖികളാക്കി ആ കൗമാരവര്‍ഷങ്ങളില്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചിരുന്നു. അങ്ങനെ മാളുവും തങ്കമണിയും സുമിത്രയും രാജമ്മുവും നന്ദിനിയുമൊക്കെ നെഞ്ചില്‍ കയറിക്കൂടി ആരെ വരിക്കണം, ആരെ ത്യജിക്കണമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോള്‍ മാലതി തങ്കമണിയായി മനസ്സിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ നടന്നു കയറി; മറ്റെല്ലാവരും ഒഴിഞ്ഞുമാറി.

""ഞാന്‍. . . പേപ്പറില്‍. . . മോള്‍ക്കുവേണ്ടിയായിരുന്നോ പരസ്യം?'' സ്ഥലകാലബോധം വന്നപ്പോള്‍ അച്യുതന്‍കുട്ടി മെല്ലെ ചോദിച്ചു.

""ആഹാ, ഇത് നല്ല കഥ! സാറേ, ഇതാണ് നമ്മുടെ കക്ഷി. ഈ മാഡത്തിനു വേണ്ടിയാണ് നമ്മള്‍ പരസ്യം ചെയ്തത്. ഓഫീസില്‍ വന്ന് സാറ് ഫീസടച്ചപ്പോഴും ഞാന്‍ അപ്പോയിന്റ്‌മെന്റെടുത്ത് ആളെ കാണിക്കാന്‍ കൊണ്ടുപോരുമ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ. ഒരു തവണ പ്രിന്റിംഗ് മിസ്റ്റേക്ക് വന്ന് പ്രായം അന്‍പത്തിരണ്ട് എന്നത് ഇരുപത്തഞ്ചായിപ്പോയത് ഇത്രയ്ക്കങ്ങട് കുരിശാകുമെന്ന് കരുതിയില്ലല്ലോ എന്റെ പുണ്യാളച്ചാ. അല്ല, പ്രിന്റിംഗ് മിസ്റ്റേക്കിന്റെ കാര്യം ഞാന്‍ സാറിനോട് പറഞ്ഞില്ലായിരുന്നോ?'' ഡേവീസ് അവിശ്വസനീയതോടെ അച്യുതന്‍കുട്ടിയെ നോക്കി.

""വയസ്സ് ഇരുപത്തിയഞ്ച് എന്ന് പരസ്യത്തില്‍ കണ്ട് എന്റെ മോനു വേണ്ടിയായിരുന്നു ഞാന്‍ ഫീസടച്ചത്. ഫോട്ടോ കാണിക്കാന്‍ ക്ലയന്റ് താല്പര്യപ്പെടുന്നില്ലെന്ന് നിങ്ങള്‍ പറഞ്ഞതോര്‍ക്കുന്നു. ആളെ കാണാനുള്ള ആകാംക്ഷയില്‍  മറ്റൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. വിശദവിവരങ്ങള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കാമല്ലോ എന്ന് കരുതി'' അച്യുതന്‍കുട്ടി ജാള്യതയോടെ അത് പറയുമ്പോള്‍ മാലതി ചിരിയടക്കാന്‍ ശ്രമിക്കുകയായിരുന്നു.

""എന്നാല്‍പ്പിന്നെ ഞാനിറങ്ങട്ടെ. നിങ്ങള്‍ പഴയ പരിചയക്കാരാണെന്ന് തോന്നുന്നു. ശരി മാഡം, ഇനി എല്ലാം പറഞ്ഞിട്ടേ വേറെയാരേം ഞാന്‍ കൊണ്ടുവരികയുള്ളൂ. എന്റെ ലൂര്‍ദ്ദ് മാതാവേ, എനിക്ക് പറ്റുന്ന ഓരോ അമളിയേ. . .'' ഡയറി കക്ഷത്തിലമര്‍ത്തിവെച്ച് ഡേവീസ് ലിഫ്റ്റിനടുത്തേയ്ക്ക് വേഗം നടന്നകന്നു.

പതിനെട്ടിന്റെ പടി കടന്നയുടനെ പെട്ടെന്ന് നടന്ന വിവാഹത്തിന്റെയും പൊരുത്തക്കേടിന്റെ നീണ്ട കുറേ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പിരിയലിന്റെ കഥകളുടെയും കെട്ടുകളഴിച്ച് കഴിഞ്ഞപ്പോള്‍ മാലതി ചോദിച്ചു:

""അച്ചുവേട്ടന്‍ പണ്ട് എനിക്ക് ഒരു കത്ത് തരുന്നതിനെപ്പറ്റി പറഞ്ഞതോര്‍ക്കുന്നുണ്ടോ, സെക്കന്റ് പ്രീഡിഗ്രി പരീക്ഷയെല്ലാം കഴിഞ്ഞ് എന്റെ കോഴ്‌സ് തീരുന്നതിന്റെ തൊട്ടുമുന്നൊരു ദിവസം?

""അതെങ്ങനെ മറക്കാനാണ് മാലതീ? ഞങ്ങളുടെ ആന്വവല്‍ എക്‌സാംസ് നടക്കുന്ന സമയം ഒരു ദിവസം കോളജില്‍ വച്ച്. . . അന്ന് ആ കത്ത് എഴുതി പൂര്‍ത്തിയായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ അതിലെഴുതിയിരുന്നു. എത്ര എഴുതിയിട്ടും പൂര്‍ത്തിയാവാതെ. . . പിന്നെയും ഏതാണ്ടെല്ലാമോ കുറിക്കണമെന്ന് തോന്നി. അതാണ് മേഴത്തൂര്‍ ശിവക്ഷേത്ര ഉത്സവത്തിന് വരുമ്പോള്‍ തരാമെന്ന് പറഞ്ഞ് പിരിഞ്ഞത്. പക്ഷേ അന്നത്തെ പിരിയല്‍ ആയുഷ്കാലത്തേയ്ക്കാവുമെന്ന് ആര് നിനച്ചു?. . . വര്‍ഷങ്ങള്‍ക്കു ശേഷം തറവാട് ഭാഗം വെച്ച് പിരിഞ്ഞ് പട്ടാമ്പിയിലേക്ക് ഞങ്ങള്‍ മാറുന്ന കാലത്ത് ആ കത്തും അത് സൂക്ഷിച്ചുവച്ചിരുന്ന ചെറിയൊരു അലമാരയും ഞാന്‍ കൊണ്ടുപോയിരുന്നു- ഒരു ഓര്‍മ്മപ്പെടുത്തലെന്നപോലെ.''

അച്യുതന്‍കുട്ടി അത് പറയുമ്പോള്‍ അയാളുടെ മാത്രമല്ല, മാലതിയുടെയും കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നു. കത്ത് എഴുതി പൂര്‍ത്തിയാക്കിയ ദിവസം രാത്രി ഉറക്കത്തില്‍ താന്‍ കണ്ട സ്വപ്നത്തെപ്പറ്റി പക്ഷേ, അച്യുതന്‍കുട്ടി മാലതിയോട് പറഞ്ഞില്ല. പാല്‍നിലാവും പുലരിമഞ്ഞും ഇണചേര്‍ന്ന ആ വെളുപ്പാന്‍ കാലത്തെപ്പോഴോ കിനാവില്‍ വന്ന് തന്റെ മുഖത്ത് ഉമ്മ വെച്ചിട്ട് ഓടിപ്പോയ "തങ്കമണി'യെപ്പറ്റി ഇപ്പോള്‍ പറയുന്നതിന്റെ അനൗചിത്യത്തെപ്പറ്റി അച്യുതന്‍കുട്ടി തീര്‍ത്തും ബോധവാനായിരുന്നു. നഷ്ടബോധത്തിന്റെ നീറുന്ന പോറലുകള്‍ക്കിടയിലും വര്‍ഷങ്ങളോളം സുഖമുള്ളൊരു ഓര്‍മ്മയായി മനസ്സില്‍ തളിരിട്ട് നിന്ന മധുരമുള്ള ആ ഉമ്മ എന്നുമങ്ങനെ കിടന്നോട്ടെ എന്നയാള്‍ ചിന്തിച്ചു.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അച്യുതന്‍കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാലതി ചോദിച്ചു:

""ആ കത്തിപ്പോഴും പട്ടാമ്പിയിലെ വീട്ടിലുണ്ടാവുമോ? വായിക്കാന്‍ ഒരു മോഹം. . . വെറുതെ. . .''

അച്യുതന്‍കുട്ടി മറുപടിയൊന്നും പറയാതെ മാലതിയെ ഒരു നിമിഷം നോക്കിനിന്നു. പിന്നെ. മെല്ലെ നടന്നു നീങ്ങി.

"പൂങ്കുന്നം ഗാര്‍ഡന്‍സി'ന്റെ കോമ്പൗണ്ട് ഗേറ്റ് കടന്ന് കാറില്‍ കയറുമ്പോള്‍ മുല്ലപ്പൂവിന്റെ സുഗന്ധം അയാളെ പിന്തുടരുന്നുണ്ടായിരുന്നു. സ്വരാജ് റൗണ്ടിലേക്ക് കാര്‍ കടന്നപ്പോള്‍ ഇമകള്‍ പൂട്ടി അച്യുതന്‍കുട്ടി ആ പരിമളം ഇടതടവില്ലാതെ ആസ്വദിച്ചു. 

jose cheripuram 2021-08-01 00:58:32
As always at the end, there is surprising element in your story . this can happen in life . Well written, keep writing we are here to read and comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക