Image

സ്ത്രീധനം നമ്മുടെ സമൂഹത്തിന് അനുയോജ്യമോ? (ഗിരിജ ഉദയൻ മൂന്നൂർക്കോട്)

Published on 02 August, 2021
സ്ത്രീധനം നമ്മുടെ സമൂഹത്തിന് അനുയോജ്യമോ? (ഗിരിജ ഉദയൻ മൂന്നൂർക്കോട്)
വിവാഹ കമ്പോളത്തിൽ  ഇന്നും നില നിൽക്കുന്ന സ്ത്രീധനം എന്ന വർദ്ധിച്ചു വരുന്ന വൈകൃതത്തെയാണ് ആദ്യം ഒഴിവാക്കേണ്ടത്.. ഈ അനാചാരത്തെ തുടച്ചു നീക്കേണ്ടത് നമ്മളിൽ  ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. വിവാഹം എന്ന് കേൾക്കുമ്പോൾ എന്താണ് പെണ്ണിന് കൊടുക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഉന്നത വിദ്യാഭ്യാസമുള്ള എന്റെ മകളെ തരാം എന്നുറക്കെ പറയണം. പെൺകുട്ടികൾ സ്വന്തമായി തൊഴിൽ കണ്ടെത്തിയിട്ടുവേണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ. സർക്കാർ നിയമമുണ്ടെങ്കിലും നഗരസഭകളുടേയും, യുവജനതയുടേയും നേതൃത്വത്തിൽ ഗ്രാമത്തിലെ ജനങ്ങളെ ബോധവത്കരിച്ച് സ്ത്രീധന വിമുക്തമാക്കണം.പെൺകുട്ടിയെ പഠിപ്പിച്ച് ഒരു ജോലിക്കാരിയാക്കുന്നതിനേക്കാൾ അവളെ ഒരുവന്റെ കൈയിൽ പിടിച്ചേൽപ്പിച്ച്  കടമ തീർക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ തന്നെയാണ് നമുക്കു ചുറ്റുമുളളവരിൽ ഭൂരിഭാഗം പേരും. മകളെ ചോദിക്കുന്നവർക്ക് സ്വർണ്ണം കൊടുത്ത്, അതിനേക്കാൾ ഒരൽപം കൂടുതൽ കൊടുത്ത് തന്നെ കെട്ടിച്ചയക്കണം. ഇതാണ് കേരളത്തിലെ സാധാരണ മലയാളി  കുടുംബത്തിന്റെ രീതി. സ്ത്രീകൾക്കെതിരായി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സ്ത്രീധനത്തിന്  വലിയ പങ്കുണ്ട്.
100 പവനിൽ കുറവ് നൽകിയാൽ കുറച്ചിലാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ പെണ്ണുകാണൽ  കഴിഞ്ഞതു മുതൽ ഇനി എങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് ചോദിക്കുന്ന ചെറുക്കൻ വീട്ടുകാർ. ഇനി സ്വർണ്ണംവാങ്ങാതെ വിവാഹം കഴിക്കാമെന്ന് കരുതിയാൽ സമൂഹം ചോദ്യം തുടങ്ങും ഇത്ര നല്ല ചെക്കന് ഒന്നുമില്ലാത്ത വീട്ടിൽ നിന്ന് മാത്രമെ പെണ്ണ് കിട്ടിയുള്ളൂ ഇത് കേൾക്കുമ്പോഴേക്കും അമ്മായിയമ്മ പോരു തുടങ്ങും. പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾപണവും ശരീരം മുഴുവൻ സ്വർണവും കാറും വീട്ടുപകരണങ്ങളും നൽകുന്ന രീതിയാണ് നമ്മുടെ നാട്ടിൽ. നിങ്ങൾക്ക് ഇഷ്ടമുള്ളത് നൽകിക്കോളൂ എന്ന ചെറുക്കന്റെ വീട്ടുകാരുടെ വാക്കുകൾതന്നെ  സ്ത്രീ വീട്ടുകാരെ  കുഴപ്പിക്കുന്ന കാര്യമാണ്. സ്ത്രീധനം അവർക്ക് വേണം എന്നതിന്റെ അർത്ഥം  മനസ്സിലാക്കാൻ ഈ വാക്കുകൾ മതി.   സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്. സ്ത്രീക്ക് വിലയിടുകയും പെണ്ണിനെ  പണം നൽകി വിൽക്കുകയും ചെയ്യുന്ന  സമ്പ്രദായത്തിനാണ് മാറ്റം വരേണ്ടത്.
വിവാഹ മോചനം, ആത്മഹത്യകൾ, വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള ഒഴിവാക്കൽ തുടങ്ങി സ്ത്രീധനത്തിനു വേണ്ടിയുള്ള പരാക്രമം തുടർന്നു കൊണ്ടിരിക്കുന്നു. പീഡനങ്ങളും സ്ത്രീധന മരണങ്ങളും നിത്യ സംഭവമായി മാറി കൊണ്ടിരിക്കുന്നു.

നമ്മുടെ ജീവിതം എങ്ങിനെയാവണമെന്ന് നമ്മൾ സ്വയം ചിന്തിക്കണം. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കരുത്. നമ്മുടെ  പെൺ മക്കളെ  കുരുതി കൊടുക്കരുത്.

എന്റെ കല്യാണത്തെ കുറിച്ചോർക്കുമ്പോൾ ഞാനും എന്റെ ഭർത്താവുമാണ് കേരളത്തിന്റെയും ബോംബെയുടേയും  അഭിമാനങ്ങൾ എന്നൊക്കെ തോന്നാറുണ്ട്. കല്ലെറിയരുത്. എനിക്കുമാത്രം തോന്നുന്ന കാര്യം😀

ബാങ്കിൽ ജോലി ചെയ്യുന്ന സമയം പിശുക്കി പിശുക്കി ഉള്ള കാശുകൊണ്ട്  ചെറിയ ജമുക്കി കമ്മലും മോതിരവും വാങ്ങി. മാട്ടുംഗയിൽ അച്ഛന്റെ കൂടെ പോയാണ് വാങ്ങിയത്. എന്റെ വിവാഹത്തെ കുറിച്ച് ശരാശരി പിതാവിനെപ്പോലെ അച്ഛനും സ്വപ്നം കണ്ടിരുന്നു. കല്യാണാലോചന വരുന്നു പോകുന്നു. അതിനിടയിൽ അച്ഛന്റെ മരണം. അനാഥയായ പോലെ തോന്നിയ നിമിഷം. സഹോദരൻ പഠിക്കുന്നു. കരയാൻ മാത്രമറിയാവുന്ന അമ്മ . ഇതിനിടയിൽ മനസ്സ് പാകപ്പെടുത്തി. അപ്പോഴാണ്  ഞങ്ങളുടെ  കുടുംബ സുഹൃത്ത് വിവാഹാലോചനയുമായി വന്നത്. വിവാഹം ഉറപ്പിക്കുന്നതിനു മുന്നെ ഒരു ദിവസം മാട്ടുംഗയിലെ കൊച്ചു ഗുരുവായൂർ അമ്പലത്തിലേക്ക് ഉദയേട്ടൻ വിളിപ്പിച്ചു. എന്നോട് പറഞ്ഞു " ഞാൻ ജോലി ചെയ്യുന്നത് പ്രൈവറ്റ് കമ്പനിയിൽ ഉള്ളതുകൊണ്ട് ജീവിക്കാൻ തയ്യാറാണോ?  
സമ്മതം, സമ്മതം സമ്മതം... ഈ ഞാൻ.

എന്റെ ഡിമാന്റ് " എന്റെ അമ്മയെ ജീവിതാവസാനം വരെ നോക്കണം.
പിന്നെ കല്യാണത്തിന് ആരെയും ആശ്രയിക്കാതെ ആഭരണങ്ങൾ വാങ്ങാൻ എന്റെ ബാങ്കിൽ നിന്നും വായ്പ എടുക്കും.  പിന്നീട് സ്വന്തമായി വീടെടുക്കാൻ സ്വർണ്ണം  വിൽക്കാം. 

സമ്മതം  നൂറു വട്ടം

കല്യാണം ഉറപ്പിച്ചു. മോതിരം മാറി. ഇനി രണ്ടു മാസം കല്യാണത്തിന്. സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ എനിക്കൊപ്പം എന്റെ പ്രിയ കുട്ടുകാരികൾ പാർവ്വതിയും സുശീലയും. ബാങ്കിൽ നിന്നും ലോൺ എടുത്ത്  നാട്ടിൽ പോയി അയ്യപ്പനെ സാക്ഷിയാക്കി കല്യാണവും കഴിച്ചു. അന്നുമുതൽ ഒരുപാടു കാലം അമ്മ ഞങ്ങൾക്കൊപ്പം തന്നെയായിരുന്നു.

രണ്ടു മക്കളുടേയും പ്രസവവും എല്ലാ ചിലവുകളും ഞങ്ങൾ ഒരുമിച്ചു നിന്ന് ഏറെറടുത്തു.  കഠിനാദ്ധ്വാനത്തിന്റെ ഫലം വീടായി. മക്കളുടെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയായി. മകൻ കന്നട പെൺകുട്ടിയെ ചൂണ്ടി കാട്ടി ഇതാണ് ഞാനിഷ്ടപ്പെടുന്ന പെൺകുട്ടി എന്നു പറഞ്ഞപ്പോൾ വിവാാഹം കഴിപ്പിച്ചു. അവളണിഞ്ഞ ആഭരണങ്ങൾ സ്വന്തം വീട്ടിൽ തന്നെ അഴിച്ചു വെച്ച്  മകൻ അവളുടെ കഴുത്തിൽ കെട്ടിയ താലിമാലയും മോതിരവും മാത്രമണിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നു. എന്റെ മകൾക്ക്  സ്വന്തമായി ജോലിയായി. സ്വയം സമ്പാദിച്ച് മതി വിവാഹം എന്ന് ഇടക്കിടെ പറയുമ്പോൾ ഞാൻ എന്നെ തന്നെ അവളിലൂടെ കാണുന്നു. പെൺകുട്ടി  ഞങ്ങൾക്ക് ഭാരമല്ല അഭിമാനമാണ്. വിവാഹ കമ്പോളത്തിലെ കച്ചവടമാക്കാൻ ഉദ്ദേശമില്ല. നമ്മൾ എഴുത്തിലൂടെ മാത്രം പ്രതികരിക്കാതെ സ്വന്തം ജീവിതം മാതൃകയായി കാണിക്കണം എന്നാണ് എന്റെ അഭിപ്രായം. വിവാഹത്തിലൂടെ  രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നു. മരുമകളെ മകളായും, മരുമകനെ മകനായും മാത്രം കാണുക. പെൺകുട്ടിക്ക് നിങ്ങൾ കൊടുക്കുന്ന സ്വർണ്ണം മാതാപിതാക്കൾ തന്നെ അവളുടെ പേരിൽ ബാങ്കിൽ ലോക്കറിൽ വെക്കാൻ ശ്രദ്ധിക്കണം. ഭർത്താവിനോ വീട്ടുകാർക്കോ എന്തെങ്കിലും സാമ്പത്തിക ആവശ്യം വന്നാൽ മാതാപിതാക്കളുടെ സമ്മതത്തോടെ അവരെ സഹായിക്കാം. ഭർത്താവിന്റെ വീട്ടിൽ സ്ത്രീധന
പീഢനമുണ്ടാവുകയാണെങ്കിൽ മാതാപിതാക്കളെ  അറിയിക്കുകയാണ് പെൺകുട്ടി ആദ്യം ചെയ്യേണ്ടത്. സ്വന്തം വീട്ടിൽ അവൾക്കായി ഒരു മുറി തുറന്നു വെക്കണം.ചെറിയ പ്രശ്നങ്ങൾ ഊതിവീർപ്പിക്കരുത്. മാതാപിതാക്കളും ശ്രദ്ധിക്കണം. ജീവിതത്തിൽ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടാകും ഏന്തു പ്രശ്നങ്ങൾ വന്നാലും ഞാൻ നേരിടും എന്ന ധൈര്യം ബാല്യകാലത്തു തന്നെ പഠിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക.  ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

പിന്നെ സമൂഹത്തെ പേടിക്കുന്നവരോട് .. സമൂഹം എന്നു പറയുമ്പോൾ നമ്മളും ഉൾപ്പെടുന്നതാണ്. "നാട്ടുകാര് എന്തു പറയും " എന്ന് ചിന്തിക്കുന്നവർക്ക് സന്തോഷമായി ജീവിക്കാൻ കഴിയില്ല. നമ്മുടെ മക്കളുടെ സന്തോഷമാണ് വലുത് അല്ലാതെ സമൂഹത്തിന്റെ വായ അടപ്പിക്കൽ അല്ല നമ്മുടെ ജോലി.
കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്നോട് ഒരാൾ ചോദിച്ചു " മകനും മരുമകളും എവിടെയാ? ഞാൻ പറഞ്ഞു കുറച്ചു മാസങ്ങളായി അവളുടെ വീട്ടിലാണ് രണ്ടു പേരും. ലോക് ഡൗൺ,  ജോലിക്ക് പോകാനുള്ള സൗകര്യം. അവിടെ താമസിക്കുമ്പോൾ മോന് ഒന്നര മണിക്കൂർ യാത്ര ചെയ്യേണ്ട . മരുമോൾ എങ്ങിനെയാ നല്ല കുട്ടിയാ? അതെ, കുറച്ചു മെലിഞ്ഞതാണ്. ഒന്നു കൂടി തടിപ്പിക്കണം. അവർ കേൾക്കാൻ ആഗ്രഹിക്കാത്ത മറുപടി പുഞ്ചിരിയോടെ കൊടുത്തു ഞാൻ യാത്ര പറഞ്ഞു. സത്യം പറഞ്ഞാൽ ഈ സ്ത്രീ ആരെന്ന് എനിക്കോർമ്മ പോലും വരുന്നില്ല . ഈ അടച്ചിടൽ എനിക്കും മറവി രോഗം വരുത്തിയോ ? കാലം മാറിയാലും കോലം മാറാത്തവരെ അവഗണിക്കുക. മറുള്ളവരുടെ കുടുംബ കലഹത്തിൽ സന്തോഷം കണ്ടെത്തുന്നവർ.

സമൂഹം എന്തു പറയും എന്നല്ല, ജീവിതത്തിൽ സന്തോഷം നിലനിൽക്കാൻ എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് ചിന്തിക്കേണ്ടത് -

Join WhatsApp News
Sudhir Panikkaveetil 2021-08-02 01:20:25
സ്ത്രീധനം ആവശ്യപ്പെടുന്ന ചെക്കന്മാരോട് പെൺകുട്ടികൾ ചോദിക്കണം ശരീരം വേണോ സ്വർണ്ണം വേണോ..രണ്ടും കൂടി തരാൻ പറ്റില്ലെന്ന്.. പറയണം. അങ്ങനെ പറയാൻ പെൺകുട്ടികൾക്ക് ധൈര്യമില്ല. പിന്നെ ഈ ശരീരം എന്ത് ചെയ്യുമെന്ന പേടിയായിരിക്കും. .ഹ.ഹാ.
Baburaj Menon 2021-08-02 04:28:24
വിവാഹം എന്ന് കേൾക്കുമ്പോൾ എന്താണ് പെണ്ണിന് കൊടുക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഉന്നത വിദ്യാഭ്യാസമുള്ള എന്റെ മകളെ "തരാം" എന്നുറക്കെ പറയണം....ഇത് തെറ്റാണ്, ഇവിടെയാണ് നമുക്ക് തെറ്റുന്നത്. പെണ്ണിനെ ആർക്കോ കൊടുക്കുന്നു എന്ന പ്രാകൃതമായ ചിന്തയല്ലേ ആദ്യം മാറ്റേണ്ടത്. ആണും പെണ്ണും ഒന്നിക്കുന്നു ഒരു പുതിയ ജീവിതം തുടങ്ങാൻ തീരുമാനിക്കുന്നു. അതാവണം ചിന്ത. പെണ്ണിനെ ആണിന് കൊടുക്കുന്നു എന്ന് ഇനിയും പറഞ്ഞാൽ, പെണ്ണ് ഇനിയും സ്വയം, ഞാനാരുടെയോ അടിമയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിന് സമമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക