Image

ഹിന്ദുവും, മേനോനും ആവുന്നതിനേക്കാൾ എനിക്കിഷ്ടം നന്മയുള്ള മനുഷ്യനാവാനാണ് (ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 08 August, 2021
ഹിന്ദുവും, മേനോനും ആവുന്നതിനേക്കാൾ എനിക്കിഷ്ടം നന്മയുള്ള മനുഷ്യനാവാനാണ് (ഗിരിജ ഉദയൻ മുന്നൂർക്കോട്)
റുക്കിയയും മുത്തുവും കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു. എന്റെ തറവാടിന്റെ എതിർ വശത്തായിരുന്നു റുക്കിയയുടെ വീട്. ആററാശ്ശേരി തോടിന്റെ അപ്പുറവും ഇപ്പുറവും. റുക്കിയയുടെ വാപ്പ മമ്മുട്ടി ചെറുകിട കച്ചവടക്കാരനായിരുന്നു.. ഇക്ക സെയ്തലവി ദുബായിൽ  ഇത്തയെ കെട്ടിച്ചയച്ചു. റുക്കിയയുടെ ഉമ്മക്ക് രണ്ടാടുകൾ ഉണ്ടായിരുന്നു. റുക്കിയയുടെ കുട്ടുകാരി എന്നവകാശത്തോടെ ഉമ്മ ഉണ്ടാക്കുന്ന പത്തിരിയും, മട്ടൻ സ്റ്റുവും, ആട്ടിൻ പാൽ ചേർത്ത ചായയും ഒരു പാടു കഴിച്ചിട്ടുണ്ട്. 

പണ്ടൊക്കെ കൊര (ചുമ) വന്നാൽ അമ്മ ആട്ടിൻ പാൽ വാങ്ങി കുടിക്കാൻ തരും. അതുപോലെ നാടൻ മുട്ടയിൽ കുരുമുളകും, ജീരകവും ചേർത്തും പകുതി വേവിച്ചു തരും. ചുമ വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു, ആട്ടിൻ പാൽ കുടിക്കാൻ . ഇതറിയാവുന്ന ഉമ്മ അവിടെ ചെല്ലുമ്പോഴെല്ലാം ആട്ടിൻ പാൽ തരും. എന്നിട്ടും ഞാൻ തടിയില്ലാതെ മെലിഞ്ഞു പെൻസിൽ മാർക്കായിരുന്നു.

ഉമ്മ പറയും" ന്റ റബേ എന്തു കയിച്ചും ഈ കുട്ടി എന്താ ബലുതാവാത്തെ" ഗ്രഹണിയായിരിക്കും എന്നും ഞാൻ കേൾക്കാതെ ഉമ്മ പറയും.

"ഒന്നു മിണ്ടാതിരിന്റുമ്മാ, ഓള് കേട്ടാൽ ഇങ്ങട്ട് ബരാതാവും " റുക്കിയ ബേജാറിൽ ഞാൻ കേൾക്കുന്നുണ്ടോ എന്ന് നോക്കും. അതു കേട്ടു വരണ മമ്മുട്ടിയുടെ ഒരു ഡയലോഗുണ്ട്.

"അതിന്റെ  ബികൃതിയില് പോണതാവും തിന്നണത്. ചെറ കെട്ടിയ തോട്ടിലെ ബെള്ളത്തിലേക്ക് അത്തി കൊമ്പില് കേറിയാ ചാടണത്"

തോടിന്റെ അടുത്തുള്ള അത്തിമരത്തിന്റെ ചെറിയ കൊമ്പിൽ കയറി ചിറകെട്ടിയ  വെള്ളത്തിലേക്ക് ഒരു ചാട്ടമുണ്ട്. അതാണ് മൂപ്പര് പറയണത്.

ഞങ്ങളുടെ തന്നെ പറമ്പായ കളരിക്കുന്നിലാണ് ഞാനും റുക്കിയയും മുത്തുവും കളിക്കാൻ പോവുക. അവിടെ ഒരു പാട് പറങ്കിമാവുണ്ട്. പറങ്കിമാങ്ങ (കശുമാങ്ങ) കടിച്ചു വലിച്ചു തിന്ന് പറങ്കിയണ്ടി ചുട്ടു തിന്നും. കൈയെല്ലാം പാവാടയിൽ തുടക്കും. മുത്തുവാണ് പറങ്കിയണ്ടി ചുടുന്നത്.

റുക്കിയ എന്നേക്കാൾ രണ്ടു വയസ്സിന്  വലുതാണ്. മുത്തു ആറ് വയസ്സിനും എന്നിട്ടും ഞങ്ങൾ നല്ല കൂട്ടുകാരികളായിരുന്നു.

മുത്തു വേലുവിന്റെയും കാർത്തിയായിനിയുടേയും മകൾ. വേലു ആലയിൽ ഉണ്ടാക്കുന്ന കത്തിയും, മടവാളും, കൈക്കോട്ടും, മഴുവുമാണ് ആ ഗ്രാമവാസികൾ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ കത്തികളെല്ലാം വേലു ഉണ്ടാക്കിയതാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ആലയിൽ ജോലി ചെയ്യും. വൈകന്നേരം കൃത്യം അഞ്ചു മണിക്ക് ആല പൂട്ടി വേലു മുന്നൂർക്കോട് റോഡിലേക്ക് പോവുന്ന മുക്കിലുള്ള കള്ളുഷാപ്പിലേക്ക്‌പോകും.

രാത്രി എട്ടു മണിക്ക് ഒരു ഒന്നൊന്നര വരവുണ്ടു്. വേലു ഉറക്കെ പാട്ടു പാടിയാണ് വരിക
" ഉന്തണ്ട വേലി, തടുക്കണ്ട വേലി, മാറട വേലി, വേലു വരുന്നുണ്ടു്." പിന്നെ ഭരണി പാട്ടാണ്. വീടിന്റെ പടിക്കലെത്തിയാൽ "കാർത്തിയാനിയേ" എടീ ഒരുമ്പട്ടോളെ കമ്പ്രാന്തല് കൊണ്ടു വാടി." പാവം കാർത്ത്യായനി വിളക്കും കത്തിച്ച് വേലുവിനെ അകത്തേക്ക് കൊണ്ടുപോകും. എന്നും മുതുകത്തിട്ട് രണ്ട് ഇടിയും കൊടുക്കും. പാവം മുത്തു അവൾ പിറ്റേ ദിവസം കാണുമ്പോൾ കരഞ്ഞു പറയും.  പക്ഷേ രാവിലെ നോക്കിയാൽ കാർത്ത്യായനിയും, വേലുവും ആലയിൽ ഒട്ടി ഇരുന്ന് പിച്ചാത്തി മൂർച്ച വെപ്പിക്കുന്നതു കാണാം. അതായിരുന്നു അവരുടെ  അന്നത്തെ കുടുംബ ജീവിതം.

അമ്പഴങ്ങയും, അരി നെല്ലിക്കയും, ഇരുമ്പൻ പുളിയും മുത്തു ഞങ്ങൾക്ക് കൊണ്ടുവന്നു തരുമായിരുന്നു. ഒരു ദിവസം മുത്തുവിനെ പെണ്ണുകാണാൻ ചെറുക്കൻ വന്നു. പെട്ടെന്നായിരുന്നു കല്യാണം. മദ്രാസിൽ നിന്നും മുത്തുവിന്റെ വലിയച്ഛനും കുടുംബവും എത്തി. കല്യാണതലേ ദിവസം  കുറികല്യാണം ഉണ്ടായിരുന്നു. വലിയ കോളാമ്പി മെെക്കിൽ പാട്ടു വെച്ചിരുന്നു. തമിഴിലുള്ള പാട്ടുകൾ ഞങ്ങളുടെ നാട്ടുകാർ ആവേശത്തോടെ കേട്ടു. പിറ്റേദിവസം കല്യാണം കഴിഞ്ഞ് ഒരു കുടകീഴിൽ ചെക്കന്റെ വീട്ടിലേക്ക് മുത്തു പോയി. അന്നു ഞങ്ങൾ കുറെ കരഞ്ഞു.  ഇപ്പോൾ മുത്തു എവിടെയായിരിക്കും? അറിയില്ല. റുക്കിയ ടീച്ചറാണ്. കുറെ വർഷമായി കണ്ടിട്ട്. ഇനി ഒരിക്കലെങ്കിലും കാണാൻ പറ്റുമോ? അറിയില്ല.

ഇതെഴുതുവാൻ കാരണം ഇന്നലെ ഒരാൾ ചോദിച്ചു, നിങ്ങൾ മേനോനല്ലേ , ഹിന്ദുവല്ലേ എന്നിട്ടും എന്താ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന്.
ഞാൻ മനുഷ്യനാണ്. കുട്ടിക്കാലം മുതൽ ഞാൻ അങ്ങിനെയാണ്. എനിക്ക് ജാതിയോ മതമോ ഇല്ല.  സ്നേഹത്തിനാണ് മുൻതൂക്കം. ❤️
see
Join WhatsApp News
Sudhir Panikkaveetil 2021-08-09 00:30:46
ശ്രീമതി ഗിരിജ മേനോന്റെ ഓ സോറി ഗിരിജ ഉദയന്റെ പുരോഗമനചിന്തകൾ നല്ലത് തന്നെ. പക്ഷെ അത് പ്രായോഗികമല്ല,. ഞാനൊരാളോട് ചോദിച്ചു ഗാന രചയിതാവ് പി ബി മേനോനെ അറിയുമോ? അയാൾ അന്തം വിട്ടു ആരാ അങ്ങനെ ഒരാൾ കേട്ടിട്ടേ ഇല്ലല്ലോ. ഞാൻ പറഞ്ഞു അയാൾ തൃസ്സൂരിൽ ജനിച്ചതുകൊണ്ട് പി. ഭാസ്കരൻ എന്നാണു അറിയപ്പെടുന്നതെന്നു. കേരളത്തിലെ ചില സ്ഥലങ്ങളിൽ ജാതി വയ്ക്കുന്നു ചിലർ വയ്ക്കുന്നില്ല. ജാതി വച്ചാലും വച്ചില്ലേലും മാഡം പറയുന്നപോലെ നല്ല മനുഷ്യരായാൽ മതി. ഇങ്ങനെയുള്ള ലേഖനങ്ങൾക്കു പുതുതലമുറക്കാരെ ചിന്തിപ്പിക്കാൻ കഴിയും.
RADHAKRISHNAN KANDATHODY 2021-08-09 03:09:38
യോജിക്കുന്നു. എന്റെ കുടുംബത്തിൽ ആരുടേയും പേരിന്റെ കൂടെ വാൽ വച്ചിട്ടില്ല. ഞങ്ങൾക്ക് അത് ഇഷ്ട്ടമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക