കോവിഡ് മഹാമാരി രൂക്ഷമായപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
തൊഴിലാളികളുടെ നഗരമായ മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദിവസ കൂലിക്ക് പണി എടുക്കുന്നവര്‍, കച്ചവടക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍ ഇവരുടെ അതിജീവനത്തെയാണ് കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത്.
മഹാരാഷ്ടയില്‍ കോവിഡ് വ്യാപനം കുറയുന്ന ഈ സാഹചര്യത്തില്‍ അതിജീവനത്തിന്റെ , പ്രത്യാശയുടെ കാല്‍വെയ്പ്പുകളുമായി കച്ചവടക്കാര്‍ തെരുവോരങ്ങളിലേക്ക് വീണ്ടും ഇറങ്ങി. ലോക്ഡൗണില്‍ ആഗസ്റ്റ് 15 മുതല്‍ കൂടുതല്‍ ഇളവ് ഉണ്ടെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ അറിയിപ്പ് ഇവര്‍ക്ക് കൂടുതല്‍ പ്രത്യാശ നല്‍കുന്നു.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ മഹാനഗരവും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള പ്രത്യാശയിലാണ്. കഴിഞ്ഞ കുറെ കാലമായി അടച്ചിരിക്കുന്ന വലിയൊരു സാധാരണക്കാരായ ജന വിഭാഗത്തിനാണ് ഇതോടെ വീണ്ടും തൊഴിലിടങ്ങളിലെത്താന്‍ അവസരം കിട്ടുന്നത്.
മുംബൈ ലോക്കല്‍ ട്രെയിനുകള്‍ ഇന്നലെ മുതല്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കായി തുറന്നിടുകയാണ്. ഇതോടെ റെയില്‍വേ സ്‌റേഷനുകളിലെല്ലാം തിരക്കായി. പ്ലാറ്റുഫോമുകള്‍ ജനസാഗരമായി. പ്രധാന സ്‌റേഷനുകളിലെല്ലാം ടിക്കറ്റുകള്‍ക്കായി രാവിലെ മുതല്‍ നീണ്ട ക്യുവാണ് അനുഭവപ്പെടുന്നത്.
കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലും അതിജീവനത്തിന്റെ പാതയിലൂടെ നടന്ന ഒരു മുത്തശ്ശി. ഇവര്‍ അമ്പുബായി. മഹാരാഷ്ട്രക്കാരിയാണ്. അതിജീവനത്തിന്റെ വേറൊരു നേര്‍ക്കാഴ്ച.
ഞങ്ങളുടെ താക്കൂര്‍ളിക്കാരുടെ മീന്‍കാരി മൗസി. കൊറോണ എന്ന ചെറു വൈറസ്സ് തകൃതിയായി താണ്ഡവമാടുമ്പോഴും 88 വയസ്സു പ്രായമുള്ള മൗസി ഈ മരത്തണലില്‍ മത്സ്യ കച്ചവടത്തിന് ഇരിക്കുന്നുണ്ട്. താമസിക്കുന്നത് കുറച്ചധികം ദൂരെയാണ്. എങ്കിലും പത്തുമണി കഴിയുമ്പോഴേക്കും മച്ഛി മച്ഛി എന്ന ശബ്ദവും ഒരു കൊട്ട മീനുമായി ഇവരെത്തും. കൊറോണക്ക് മുന്‍പ് ഹൗസിങ്ങ് സൊസൈറ്റികളുടെ കവാടങ്ങള്‍ ഇവര്‍ക്കു മുന്നില്‍ തുറന്നിരുന്നു. ഒന്നര വര്‍ഷമായി കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ നോക്കി നെടുവീര്‍പ്പിടാതെ കൊറോണയെ ഭയക്കാതെ മാസ്‌ക്കും കെട്ടി റോഡിനോടു ചേര്‍ന്നുള്ള മരത്തണലില്‍ മീന്‍ വില്‍ക്കാനായി മൗസി ഇരിക്കും. എന്നും മാസ്‌ക്ക് കെട്ടി സുന്ദരിയായാണ് ഇരിക്കുന്നത്.. പക്ഷേ ആരും അധികം മേടിക്കുന്നില്ല. കൊറോണക്കു മുന്നേ മൗസിക്കു ചുറ്റും സ്ത്രീകള്‍ വട്ടമിട്ടുണ്ടായിരുന്നു. വിലപേശലുകള്‍ തകൃതിയായി നടക്കുമെങ്കിലും മൗസിക്ക് നഷ്ടം സംഭവിക്കരുത് എന്ന ചിന്ത എല്ലാവരിലും ഉണ്ടായിരുന്നു. ഇപ്പോള്‍ കച്ചവടം കുറവാണെങ്കിലും ആ മുഖത്ത് പുഞ്ചിരിയുണ്ട്.
' തോല്‍ക്കാന്‍ എനിക്കു മനസ്സില്ല' എന്ന ചിന്തയും 'കായ് കൊറോണ' എന്ന മുദ്രാവാക്യവുമായി അതിജീവനത്തിന്റെ നേര്‍പകര്‍പ്പായ അമ്പുബായി എന്ന ഈ മഹാരാഷ്ട്രീയന്‍ സ്ത്രീയെ ജീവിതത്തില്‍ നിന്നും ഒളിച്ചോടി ആത്മഹത്യയിലേക്ക് അഭയം പ്രാപിക്കുന്നവര്‍ കണ്ടു പഠിക്കേണ്ടതാണ്.