MediaAppUSA

അരങ്ങുകളുണരുന്നതും കാത്ത് കളത്തൂര്‍ വിനയന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 23 August, 2021
അരങ്ങുകളുണരുന്നതും കാത്ത് കളത്തൂര്‍ വിനയന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
കോവിഡ് കാലജീവിതം പലരേയും മാനസികമായി തളര്‍ത്തിയെങ്കിലും, ഏതൊരു പ്രതിസന്ധിയേയും, ഇച്ഛാശക്തികൊണ്ട് അതിജീവിക്കാമെന്ന പ്രത്യാശയിലാണ് കലാലോകം.
അരങ്ങ് ഉണരാന്‍ ഇനി എത്ര കാലം? മഹാ നഗരത്തില്‍ കലാസാംസ്‌ക്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നടങ്കം ചിന്തിക്കുന്നതും ഉറ്റു നോക്കുന്നതും നിറഞ്ഞ സദസ്സിന്റെ ആരവങ്ങള്‍ക്കായാണ്. ജോലിയില്‍ നിന്നും വിരമിച്ച് ജീവിതം തന്നെ കലാപ്രവര്‍ത്തനത്തിന് ഉഴിഞ്ഞു വെച്ച കളത്തൂര്‍ വിനയന്‍ എന്ന കലാപ്രതിഭയെ ഈ മഹാമാരിക്കാലത്തെ അടച്ചിടല്‍ മാനസികമായി കുറച്ചൊന്നുമല്ല തളര്‍ത്തിയത്. മൂന്നു പതിറ്റാണ്ടായി മഹാ നഗരത്തില്‍ താമസിച്ചു വരുന്ന ഈ കലാകാരന് സൗഹൃദങ്ങളും കലയും ജീവതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.

*അല്‍പം വീട്ടുവിശേഷം*
തൃശൂര്‍ അടാട്ട് ഗ്രാമത്തിലെ കളത്തൂര്‍ തറവാട്ടിലാണ് വിനയന്‍ എന്ന കലാകാരന്റെ ജനനം. അച്ഛന്‍ പി. കെ. ശിവശങ്കരന്‍ നായര്‍ അറിയപ്പെടുന്ന കലാകാരനായിരുന്നു. ഗുരു ഗോപിനാഥ്, അന്നമനട ശേഖരന്‍ മാരാര്‍, ഏഴിക്കര ഗോപാല പണിക്കര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ ശഷ്യനായിരുന്ന, നൃത്തം, കഥകളി, ഓട്ടന്‍തുള്ളല്‍, തുടങ്ങിയ കലകളില്‍ പ്രവീണനായിരുന്നു. ഡോക്ടര്‍, രണ്ടിടങ്ങഴി, കളക്ടര്‍ മാലതി, മുടിയനായ പുത്രന്‍ തുടങ്ങി ഓട്ടേറെ ചലച്ചിത്രങ്ങളില്‍ നൃത്തരംഗങ്ങളിലഭിനയിച്ച കലാകാരന്‍. അമ്മ വിശാലാക്ഷി, ടീച്ചറായിരുന്നു. സംഗീതാധ്യാപികയായ ബാലാമണിയും, ജയന്തിയും സഹോദരിമാരാണ്.

*കലയും ജീവിതവും*
തന്റെ കലാസപര്യയുമായി അച്ഛന്റെ അതേ പാതയാണ് വിനയന്‍ പിന്‍തുടര്‍ന്നത്. നാടക പ്രവര്‍ത്തനങ്ങളിലും, തെരുവു നാടകങ്ങളിലും ചെറുപ്രായത്തിലെ വിനയന്‍ കഴിവുകള്‍ തെളിയിക്കാന്‍ തുടങ്ങിരുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ വെണ്മണി വിഷ്ണു നമ്പൂതിരിയുടെ നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഈ കലാകാരന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി. മൃദംഗം പഠിച്ച വിനയന്‍, നാട്യ വേദികളില്‍ മൃദംഗം വായിക്കുവാന്‍ തുടങ്ങി. ഇടതുപക്ഷ സഹയാത്രികനായ വിനയന്‍ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങൾക്കൊപ്പം തന്റെയുള്ളിലെ ഗായകനെ നാട്ടിലെ ഗാനമേളകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്നു.

*നഗരവാരിധി നടുവില്‍*
വിദ്യാഭ്യാസത്തിനു ശേഷം 1983 ല്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ ഉദരനിമിത്തം മുംബൈയിലേക്ക് വണ്ടികയറി. ഘാട്ട്കോപ്പറിലെത്തി, അവിടെ തന്റെ ബന്ധുവും മലയാളി സമാജം പ്രസിഡണ്ടുമായ ടി. മാധവന്‍ നായരെ കണ്ടു. അന്ന് സമാജത്തില്‍ നടകപ്രവര്‍ത്തനം നടത്തിയിരുന്ന ടി.കെ. ബാബുരാജ്, തിലകേട്ടന്‍, കൃഷ്ണന്‍ നായര്‍, സോമന്‍, വിശ്വന്‍ എന്നിവര്‍ക്കൊപ്പം നഗരത്തില്‍ തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചു. 1992 ലാണ് മുംബൈ മലയാളിയുടെ കലാ സാംസ്‌കാരികത്തിന്റെ കേന്ദ്രമായ ഡോംബിവിലിയിലേക്ക് പറിച്ചു നട്ടത്. പിന്നീട് നാടകവും, ഗാനമേളയും, സംവിധാനവും ദിനചര്യയായി മാറി. ആദ്യം ഒരു എക്‌സ്‌പ്പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. ഔദ്യോഗിക ജീവിതത്തിരിക്കിനിടയിലും വിനയന്‍ തന്റെ കലാജീവിതത്തെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. നിരവധി സംഘടനകള്‍ക്കുവേണ്ടി നാല്‍പ്പതോളം നാടകങ്ങള്‍, നൂറ്റി ഇരുപത്തഞ്ച് വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആറു നാടകങ്ങള്‍ക്ക് സംവിധാനവും നിര്‍വ്വഹിച്ച വിനയന്‍ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റു കൂടിയാണ്. ഹലോ ഇന്‍സ്‌പെക്റ്റര്‍, ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത സംവിധാന്‍ എന്നീ ടെലി സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 'ജയ് ഹനുമാന്‍', 'ഓം നമശ്ശിവായ' തുടങ്ങിയ സീരിയലുകള്‍ക്കു വേണ്ടി ശബ്ദവും നല്‍കി. നെരോലാക് പെയിന്റിന്റെ പരസ്യ ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാനും ഈ തൃശൂര്‍ക്കാരന് ഭാഗ്യം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കി. നാടന്‍പാട്ടുകളോടുള്ള പ്രണയം നല്ലൊരു നാടന്‍പാട്ടുകാരനെന്ന ഖ്യാദി നേടിക്കൊടുത്തു.

*അരങ്ങിന്റെ സ്വന്തം വിനയന്‍*
മുംബൈയിലെ നാടക വേദികളില്‍ സ്ഥിരം സാന്നിദ്ധ്യമായ വിനയന്‍ കളത്തൂര്‍ എന്ന നാടകപ്രേമിക്ക് നഗരത്തിലെ മണ്മറഞ്ഞതും ഇന്നു ജീവിച്ചിരിക്കുന്നവരുമായ നാടപ്രവര്‍ത്തകരോടൊപ്പം ഒരുപാട് വേഷങ്ങള്‍ വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുകുന്ദന്‍ മേനോന്‍, പി.സി ചെറിയാന്‍, ബാലാജി, സുരേന്ദ്ര ബാബു, വിജയകുമാര്‍, സി.കെ.കെ. പൊതുവാള്‍, പ്രേമരാജന്‍ നമ്പ്യാര്‍, പ്രേംകുമാര്‍, മധു നമ്പ്യാര്‍, സുധാ ചന്ദ്രന്‍, മേരിപോള്‍, ജഗത ചന്ദ്രന്‍, സുമാ മുകുന്ദന്‍, രമണി മേനോന്‍, രാജി നെടിയത്ത്, രജനി ചന്ദ്രന്‍ തുടങ്ങി ഒരുപാട് അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കേളി രാമചന്ദ്രന്റെ രചനയില്‍ വിനയന്‍ സംവിധാനം ചെയ്ത മങ്ങാട്ടച്ചന്‍ എന്ന നാടകത്തില്‍ സൂത്രധാരനും സഹമന്ത്രിയുമായി വേഷമിട്ട ഈ കാലാകാരനെ തേടി എത്തിയത് ഏറ്റവും നല്ല നാടകത്തിനും, നടനും സംവിധായകനുമുള്ള അവാര്‍ഡാണ്. കൃഷ്ണപക്ഷം എന്ന കേളി രാമചന്ദ്രന്‍ രചിച്ച മറ്റൊരു നാടകത്തിലെ നാരാണത്തു ഭ്രാന്തന്റെ വേഷത്തിനും, നാടകത്തിനും അംഗീകാരം ലഭിച്ചു.
ഘാട്ട്‌കോപ്പര്‍ സമാജത്തിനു വേണ്ടി ചരിത്ര ഗാഥയുടെ കൂടെ ദുര്‍ഗ്ഗം എന്ന നാടകം സംവിധാനം ചെയ്തഭിനയിച്ചിട്ടുണ്ട്. നരിപറ്റ രാജുവിന്റെ സംവിധാനത്തില്‍ കേളി രാമചന്ദ്രന്‍ എഴുതിയ മൃത്യുഞ്ജയം എന്ന നാടകത്തില്‍ സഹസംവിധായകനായും അശ്വത്ഥാമാവിന്റെ കഥാപാത്രത്തേയും വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ഒരു പാട് പഠിക്കാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ വിനയന്‍ പറയുന്നു. കെ.കെ.എസ്സി. നുവേണ്ടി സതീഷ് സംവിധാനം ചെയ്ത  പി. എന്‍. താജിന്റെ കുടുക്ക എന്ന നാടകത്തിനു വേണ്ടി കാലന്‍ ദൈവം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മുണ്ടൂര്‍ രാജന്റെ സംവിധാനത്തില്‍ പമ്മന്റെ അപസ്വരം എന്ന നാടകത്തില്‍ സുധാ ചന്ദ്രന്റെയും, രാജന്‍ കടന്നപ്പള്ളിയുടേയും കൂടെ അഭിനയിച്ചത് വേറിട്ടൊരനുഭവമായിരുന്നു എന്ന് വിനയന്‍ ഓര്‍ക്കുന്നു. ബോംബെ കേരളീയ സമാജത്തിനു വേണ്ടി കേരളത്തില്‍ നിന്നും വന്ന പവിത്രന്‍ സംവിധാനം ചെയ്ത സ്വപ്‌നയാത്ര എന്ന നാടകത്തിലെ പൊട്ടന്‍ തെയ്യത്തിനു ജീവന്‍ കൊടുത്തപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ച അഭിനന്ദനങ്ങള്‍ നാടക ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു. പി. സി. ചെറിയാന്റെ സംഘര്‍ഷം, എന്ന നാടകത്തിലും, മുംബൈയിലും പുറത്തും 29 വേദികളില്‍ അഭിനയിച്ച അമ്മിണി ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നാടകവും, സുരേന്ദ്ര ബാബുവിന്റെ കൂടെ അഭിനയിച്ച ലയവിന്യാസവും, പി.സി. ചെറിയാന്‍ സംവിധാനം ചെയ്ത അറിയില്ല ഞാന്‍ നല്ല കള്ളന്‍ എന്ന നാടകവും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളായി ഈ അഭിനേതാവ് മനസ്സില്‍ സൂക്ഷിക്കുന്നു. മുകുന്ദന്‍ മേനോന്‍ സംവിധാനം ചെയ്ത കണിയാപുരം രാമചന്ദ്രന്‍ എഴുതിയ സത്യമേവ ജയതേ കേരളത്തില്‍ നടന്ന കേരള സംഗീത നാടക അക്കാദമിയുടെ മത്സരത്തില്‍ ചാലക്കുടിയിലും തൃശൂരും അവതരിപ്പിച്ചിട്ടുണ്ട്. കലാഞ്ജലി തിയേറ്ററിനു വേണ്ടി വിജയകുമാര്‍ സംവിധാനം ചെയ്ത പ്രിയമാനസത്തില്‍ പ്രധാനപ്പെട്ട മുത്തച്ഛന്റെ കഥാപാത്രത്തേയും, ഗ്രാമായണം എന്ന നാടകത്തില്‍ ആദിവാസി മൂപ്പന്റെ വേഷത്തില്‍ പത്തോളം വരുന്ന യുവകലാകാരന്‍മാരുടെ കൂടെ അഭിനയിച്ചതും, കെ.കെ.എസ്സിന്റെ ബ്ലാക്ക് ഫ്രൈഡെയില്‍ പുതു തലമുറക്കൊപ്പം വേഷമിട്ടതും നാടക ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു ഈ കലാകാരന്. അനില്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സൃഷ്ടിക്കു വേണ്ടി രാവണപുത്രി എന്ന നാടകത്തില്‍ രാവണനായും, ബോംബെ കേരളീയ സമാജത്തിനു വേണ്ടി വി.വി. അച്ചുതന്റെ വീരശൃംഗലയിലെ വാറുണ്ണിയും, ഡോംബിവിലി കേരള സമാജത്തിനു വേണ്ടി രാമു കണ്ണൂര്‍ സംവധാനം ചെയ്ത പോയ ജനങ്ങളെ വന്നിട്ടു പോകുമോ, നിധി, ഒടിയന്‍, മധു വിളപ്പില്‍ സംവിധാനം ചെയ്ത പാഠം ഒന്ന് പ്രവാസി, കുട്ടന്‍ ചെന്ത്രാപ്പിന്നി സംവിധാനം ചെയ്ത ദി ജഡ്ജ്‌മെന്റ്, സുരേഷ് വര്‍മ്മ രചനയും, സംവിധാനവും ചെയ്ത മൂര്‍ദ്ധാറാം എന്നീ നാടകങ്ങളും ഈ നാടക പ്രേമിയുടെ അഭിനയ ജീവിതത്തിലെ പൊന്‍തൂവല്‍ തന്നെ.

*അതിജീവനത്തിന്റെ അഗ്നിപഥങ്ങള്‍*
കുട്ടികള്‍ക്കായി നാടക പരിശീലന കളരികള്‍ നടത്താനും, നാടന്‍പാട്ടിലൂടെയും കവിതയിലൂടെയും കുരുന്നുകളെ കലയോട് അടുപ്പിച്ചുനിര്‍ത്താന്‍ മുംബൈയിലെ സാംസ്‌കാരിക സംഘടനകള്‍ക്ക് വിനയനെ വേണം. വനിതകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിക്ക് രംഗാവിഷ്‌ക്കാരം നല്‍കാന്‍ വിനയനെ പ്രേരിപ്പിച്ചത്. ചണ്ഡാലഭിക്ഷുകിയുടെ സംഗീതവും, സംവിധാനവും നിര്‍വ്വഹിച്ചത് വിനയന്‍തന്നെയായിരുന്നു. രണ്ടു വേദികള്‍ പിന്നിട്ടപ്പോഴേക്കും മഹാപ്രളയവും, കോവിഡും തുടര്‍ വേദികള്‍ നഷ്ടമാക്കി.
ഭാര്യ ഊര്‍മ്മിളയും മകന്‍ അശ്വിനുമൊത്ത് സന്തോഷത്തോടെ ജീവിക്കുമ്പോഴും പഴയ തിരക്കുപിടിച്ച ജീവിതം ഓര്‍ക്കുകയാണ് ഈ കലാകാരന്‍. മകന്‍ അശ്വിന്‍ മാസ് മീഡിയ പഠിച്ച് ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നു. അശ്വിനും അച്ഛന്റെ പാതയിലൂടെ ഗായകനായും ഡബിങ്ങ് വോയ്‌സ് ആര്‍ട്ടിസ്റ്റായും തിരക്കിലാണ്. കാലം മാറിയപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നും, വേദിയില്ലെങ്കില്‍ ഒരു കലാകാരന്‍ ഓണ്‍ലൈന്‍ മീഡിയകളെ ആശ്രയിച്ച് തന്റെ കഴിവുകളെ തളിച്ചിടാതെ, പുതിയ വെല്ലുവിളികളെ ഏറ്റെടുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുവാനുള്ള അതിജീവനത്തിന്റെ പാതയിലാണെന്നും കളത്തുര്‍ വിനയന്‍ എന്ന ഈ കലാകാരന്‍ പറയുന്നു.

( മുംബൈ ജാലകത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)
അരങ്ങുകളുണരുന്നതും കാത്ത് കളത്തൂര്‍ വിനയന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
VIJAYAN kalalaya 2021-08-23 02:22:00
Super
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക